Translate

Tuesday, August 28, 2012

ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കേണ്ട !


                                                                                         സാമുവല്‍ കൂടല്‍

     അല്‍മായശബ്ദം ബ്ലോഗില്‍ “ആത്മഹത്യയിലേക്ക് നീങ്ങുന്ന കത്തോലിക്കാസഭ” എന്ന സഖറിയാസ് നേടുങ്കനാലിന്റെ വിലാപം വായിച്ചപ്പോള്‍ എഴുതിപ്പോയതാണിത്.
 
     ശത്രുക്കളെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ മനസ്സില്‍ കത്തോലിക്കാ സഭ എന്നേ മരിച്ചു കഴിഞ്ഞു! പണ്ട് മതഭ്രാന്ത് ഇളകിയ ആ പോപ്പ് മനുഷ്യന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ കല്‍പ്പിച്ചനാള്‍, കത്തോലിക്കാ വിശ്വാസമില്ലാത്ത പ്രൊട്ടസ്റ്റന്റ്കാരന്റെ തല തറയില്‍വീണ ആനിമിഷം കത്തോലിക്കാസഭയും മരിച്ചുപോയി. കഷ്ടം! മരിച്ച സഭയുടെ ആ നാറുന്ന ജഢത്തിലിരുന്ന് ശവംതിന്നുന്ന കാലത്തെ, കാലത്തിന്റെ കോലങ്ങളായ പോപ്പ്, കര്‍ദ്ദിനാള്‍, കത്തനാരെ ശവംതിന്നി ഉറുമ്പുകളായേ ഉയരങ്ങളിലുള്ളവര്‍ കാണുകയുള്ളു നിശ്ചയം ! ക്രിസ്തീയത മറന്ന സകലസഭകളേയും മരിച്ചസഭകളായേ മാലാഖക്കുഞ്ഞുങ്ങള്‍ കാണുകയുള്ളു. പാസ്റ്ററും പാതിരിയും മാലാഖമാരുടെ കണ്ണുകളില്‍ വെറും ശവംതിന്നിക്കീടങ്ങള്‍ മാത്രം! മനുഷ്യസ്‌നേഹം ഇല്ലാതെയാക്കി, പരസ്പരും വിശ്വാസത്തിന്റെപേരില്‍ മല്ലടിക്കുവാന്‍, തിരുവചനങ്ങളെ വളച്ചൊടിച്ച പാതിരിക്കും പാസ്റ്റര്‍ക്കും ഹാ കഷ്ടം ! അവര്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? പരസ്പരം വെറുക്കുന്ന, ശപിക്കുന്ന സഭകളേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! “ഇടതുഭാഗത്തെ കള്ളന്‍ വരിച്ചൊരാ കുരിശ്ശിനെ അഭിമാനമോടെ നെഞ്ചില്‍ അണിയുവോരേ, അരുമനാഥന്റെ ത്യാഗക്കുരിശ്ശിന്‍ മറവിലല്ലോ മദിച്ചുവാഴുന്നു നിങ്ങള്‍? പൊറുക്കുകീശാ:” ്യൂഞാനും അറിയാതെ പാടിപ്പോയി.
  
      അല്‍മായശബ്ദമാകുന്ന സിംഹം ഗര്‍ജ്ജിച്ചതുകൊണ്ട് ഭൂമി കുലുങ്ങുകയില്ല.പകരം ഞാനും നിങ്ങളോടൊപ്പം ഈ ശവംതിന്നികളുടെ ആക്രാന്തിയും ആര്‍ത്തിയും കണ്ട് അരിശം കൊണ്ട് കുറേ കുത്തിക്കുറിക്കുന്നു, അത്രതന്നെ. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് നസ്രായന്‍ വിലിപിച്ചതുപോലെ നമ്മുടെ ആത്മരോഷം ആരിവിടെ കേള്‍ക്കാന്‍? മനനം ചെയ്യാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്നും അമ്മാവാ എന്നെ തല്ലണ്ട ഞാന്‍ നന്നാവുകില്ല എന്നു പറഞ്ഞ അനന്തരവന്റെ കൂട്ട് ശാഠ്യംപിടിച്ച സ്ഥിരം വിശ്വാസികളും പരീശരും ഈ വനരോദനം ചെവിക്കൊള്ളാതെ പോകും. വിശുദ്ധ മത്തായി ആറിന്റെ അഞ്ചു മുതല്‍ ക്രിസ്തു ഉദ്‌ബോധിപ്പിച്ച ഭാരതത്തിന്റെ വേദാന്തമതത്തിന്റ ആത്മസൂക്തം ഇതുവരെ ആരെങ്കിലും ഇവിടെ പഠിച്ചോ ? കത്തനാരെങ്കിലും ഇതു പഠിച്ചോ ? ഇല്ല ! അറിയാമെങ്കിലും പാതിരി ഇതു പഠിപ്പിക്കുകയില്ല. കാരണം ആടുകള്‍ക്ക് വിവരം വന്ന് ആത്മജ്ഞാനമുണര്‍ന്ന് ജ്ഞാനസ്‌നാനം ചെയ്തവരാകും. പിന്നെ അവര്‍ പള്ളിയില്‍ വരാതെയാകും. പള്ളി ശൂന്യമാകും! പിരിവും വരുമാനവും പാതിരിക്കു സീറോ. അയ്യോ! സീറോ മലബാറിനെന്തിന് വേറൊരു സീറോ?

     ഓരോ മനുഷ്യമനസ്സിനേയും ഉണര്‍ത്തി നിലനിര്‍ത്തി പിന്നെ തന്നില്‍ അലിയിപ്പിക്കുന്ന നിത്യചൈതന്യമായ ഈശ്വരന്‍ ഓരോ മനസ്സിന്റെയും ഉള്ളറയില്‍തന്നെയാണ് സ്ഥിരവാസമെന്നറിയാതെ, അറയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കര്‍ത്താവരുളിയെങ്കിലും, മനസ്സിന്ററകള്‍ക്കു പകരം പാതിരിയുടെ പള്ളിയറകളില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി കുടുങ്ങിപ്പോയ പാവം ജീവികളേ, സോറി ! എനിക്ക് സഹതാപമുണ്ട്. ഞാന്‍ നന്നാകില്ല എന്ന നിങ്ങളുടെ വാശിയോടല്ല വെറുപ്പ്, പകരം സ്വന്തം ചിന്താശക്തി മടികാരണം നശിപ്പിച്ചുകളഞ്ഞ നിങ്ങളുടെ മനസ്സുകളുടെ മുടിഞ്ഞ ഉറക്കത്തോടാണ്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാ നിബോധത....

     വിഢ്ഢികളായ അജവൃന്ദം ചുറ്റിലുംനിന്ന് കത്തനാര്‍ക്ക് കീജേ വിളിക്കുമ്പോള്‍ ആനപ്പുറത്തിരിക്കുന്നവനോട് പട്ടി കുരച്ചാലെന്നപോലെയാകും എന്റെയും സക്കറിയ നെടുങ്കനാലിന്റെയും രോഷന്‍ ഫ്രാന്‍സിസിന്റെയും ജോസഫ് പടന്നാമാക്കന്റെയും തുടര്‍ന്നുള്ള ആവര്‍ത്തനവിരസത മറന്നുള്ള ഈ കുരകളെല്ലാം. വെറും സൗണ്ട് പൊലൂഷന്‍. പക്ഷേ പരിഹാരമുണ്ട്. ഒറ്റ ക്രിസ്ത്യാനിയും പള്ളിയില്‍ പോകാതിരിക്കുന്ന ഒരുദിവസം വരണം. അതിന് ഓരോരുത്തനും അവനവന്റെ അയല്‍ക്കാരനെ സ്‌നേഹിച്ച് ബോധവാന്മാരാക്കൂ. ക്രിസ്തുവിന്റെ തിരുവചനം മത്തായി ആറിന്റെ അഞ്ച് നെഞ്ചിലേറ്റണം ഓരോ ജന്മവും. ഭാരതത്തിന്റെ വേദാന്തമതം സ്ഥാപിതമാകണം. കത്തനാരുടെ പാസ്റ്ററുടെ സ്ഥാപിത ക്രിസ്തുമതം തുടങ്ങി ഒട്ടനവധി മതങ്ങളുള്ള ഈ ഭൂഗോളത്തില്‍ നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനും, ശത്രുവിനെ സ്‌നേഹിക്കനും, നല്ല ശമരിയാക്കാരനാകാനും, ഞാനും പിതാവും ഒന്നാകുന്നു എന്ന് ഓരോ മനസ്സും എപ്പോഴും ഓര്‍ത്തിരിക്കാനും(അഹം ബ്രഹ്മാസ്മി) ഭാരതത്തിന്റെ വേദാന്തമതം (ഹിന്ദുമതമല്ല) ഓരോ ഹൃദയങ്ങളും ഏറ്റുവാങ്ങാനുമുള്ള കാലംവരുന്നു, ഇതാ വന്നുമിരിക്കുന്നു! എങ്കിലേ ദയ്കിംഗ്ഡം വരികയുള്ളു. സ്വര്‍ഗ്ഗം ഭൂമിയിലാവുകയുള്ളു നിശ്ചയും
 
      ഇന്നു നാനാ സഭകളുടെയും നാറുന്ന ജഢങ്ങളിലിരുന്ന് സുഖിച്ചുമേവുന്ന ശവംതിന്നി ഉറുമ്പുകള്‍ അന്നില്ലാതെയാകും. സഭയാകുന്ന ജഢത്തിന്റെ ഭൗതികാര്‍ത്ഥങ്ങളില്‍ സുഖഭോഗം കണ്ടെത്തിയ കീടങ്ങളെല്ലാം അന്നില്ലാതെയാകും. അന്നു കത്തനാരുടെ സഭകളില്ല പാസ്റ്ററുടെ സംഘടനകളില്ല ക്രിസ്തുവിന്റെ സ്‌നേഹം മാത്രം മനസ്സുകളില്‍ നിറഞ്ഞൊഴുകും. തമ്മില്‍ത്തമ്മില്‍ വാരിപ്പുണരുന്ന സ്‌നേഹസമൂഹം ഓരോ ഗ്രാമത്തിലും നിറയും. ഒരുജാതിയും വേണ്ട ഒരു മതവും വേണ്ട ഒരു ദൈവമായാല്‍ മതി. സ്വയം ദൈവമെന്ന് നാമറിഞ്ഞാല്‍ മതി. സ്വസാദൃശത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് മണ്ണില്‍ നിന്ന് കടഞ്ഞെടുത്ത സ്വന്തം മക്കളാണ് നമ്മള്‍. ദൈവത്തിന്റെ അരുമസന്താനങ്ങള്‍, കുഞ്ഞു ദൈവമക്കള്‍, ദൈവങ്ങള്‍ ! മനുഷ്യരുടെ മക്കള്‍ മനുഷ്യരാകുന്നതുപോലെ ദൈവത്തിന്റെ മക്കള്‍ ദൈവങ്ങളുമാകുന്നു!

      ഡോ.സ്‌നേഹാനന്ദജ്യോതിയുടെ നമുക്കുവേണ്ടി പുതിയൊരു ലോകം എന്ന ലേഖനം പോലെ, ക്രിസ്തുവിന്റെ നന്മനിറഞ്ഞ ഭാവനയിലെ സ്‌നേഹത്തിന്റെ ലോകമുണ്ടാകണമെങ്കില്‍ ക്രിസ്തുപ്രചരിപ്പിച്ച ഭാരതത്തിന്റെ വേദാന്തമതം ഭൂലോകമാകെ നാം പ്രചരിപ്പിക്കണം. ക്രിസ്തുമതം ലോകമെല്ലാം പ്രചിരിപ്പിക്കാന്‍ കൊല്ലും കൊലയും കുതന്ത്രങ്ങളും നാനാസഭകളും കാലത്തിന്റെ കുരുക്ഷേത്രത്തില്‍ നിറച്ചുവെങ്കില്‍ ക്രിസ്തുവിന്റെ കരളിലെ വേദാന്തമതം പ്രചരിപ്പിക്കാന്‍ ഗീതയും ഉപനിഷത്തുകളുമാണ് ഇവിടെ ആയുധങ്ങളായി ആവശ്യം. പോരിനു പകരം പരസ്പരാലിംഗനമാണ് ഇവിടാവശ്യം. കണ്ണിനു പകരം കണ്ണ് , പല്ലിനു പകരം പല്ല് എന്ന പോര്‍വിളിയുടെ യഹൂദമതത്തിന്റെ പുത്രന്‍ മുപ്പതാം വയസ്സില്‍ ശത്രുവിനെ സ്‌നേഹിക്കാന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കാന്‍, നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത് ഭാരതത്തിന്റെ വേദാന്തമതത്തിന്റെ ആത്മലഹരിയിലായിരുന്നു എന്ന് നാം മനസ്സിലാക്കണം. അതാണ് സ്വര്‍ഗ്ഗീയമതം. വര്‍ഗ്ഗീയമതങ്ങളില്ലാതെയാകട്ടെ. സ്വര്‍ഗ്ഗീയ അദൈ്വതമതം ഉണരട്ടെ ഉയരട്ടെ. ലോകമെല്ലാം നിറയട്ടെ നന്മ! ശുഭം!

27-08-2012

2 comments:

  1. "ഭാരതത്തിന്റെ വേദാന്തമതം (ഹിന്ദുമതമല്ല) ഓരോ ഹൃദയങ്ങളും ഏറ്റുവാങ്ങാനുമുള്ള കാലംവരുന്നു, ഇതാ വന്നുമിരിക്കുന്നു! എങ്കിലേ ദയ്കിംഗ്ഡം വരികയുള്ളു. സ്വര്‍ഗ്ഗം ഭൂമിയിലാവുകയുള്ളു നിശ്ചയും"

    എന്നിട്ടെന്തേ 85 % ഹയിന്ദവ വേദാന്തികളും ഉള്ള ഈ ഭാരതവും ഹൈന്ദവ മതവും ലോകത്തിലെ ഏറ്റവും കുറ്റകൃത്യങ്ങളും ,ചൂഷണവും , കൊള്ളയും ,കൊലയും പിടിച്ചുപറിയും, മോഷണവും,വര്‍ഗീയലഹലയും,ചൂഷണവും ദാരിദ്ര്യവും,ശിശുമരണവും, സ്ത്രീ പീഡനവും ആത്മഹത്യയും , അഴിമതിയും അക്രമങ്ങളും കൊടികുത്തി വാഴുന്ന ഒരു നാടായി എന്ന് കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഈ പറയുന്ന വേദാന്ത മതം തന്നെ ആണ് ഹിന്ദു മതം. വേദന്തത്തിനു, ഹിന്ദു മതത്തിന് പുറത്തു ഒരു നില നില്പ്പില്ല.

    ReplyDelete
  2. സാമുവേല്‍ സാറിന്‍റെ കവിതകളും കുറിപ്പുകളും ഞാന്‍ വായിക്കാറുണ്ട്. എല്ലാത്തിനും ഒരു താളമുണ്ട്.... മിക്കതും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവ. അദ്ദേഹത്തോട് ഒരു കാര്യത്തില്‍ എനിക്ക് വിയോജിപ്പുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ ശ്രി. സക്കറിയാസിന്റെ ലേഖനം ഒരു വിലാപ കാവ്യമല്ല പകരം ഒരു രോഷ കാവ്യമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം കണ്ടെത്തികഴിഞ്ഞുവെന്നും വളരെ സന്തോഷത്തിലും സമാധാനത്തിലും കഴിയുന്നൂവെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. പിന്നെന്തിനു വിലപിക്കണം? എന്റെ അറിവില്‍ അല്മായാ ശബ്ദത്തില്‍ എഴുതുന്ന മിക്കവാറും എല്ലാവരും കത്തോലിക്കാ സഭയെ ഒരു രക്ഷാ മാര്‍ഗ്ഗമായി കരുതാത്തവരും രക്ഷയുടെ മാര്‍ഗ്ഗം സ്വയം കണ്ടെത്തി ജിവിക്കുന്നവരുമാണ്. അവരെല്ലാം ആരോഗ്യത്തോടെ ജീവിക്കുന്നു. അവര്‍ക്ക് ജിവിതത്തില്‍ പൊരുതി നേടാനോ നൊവേന നടത്തി സാധിക്കാനോ യാതൊന്നും ഇല്ലെന്നും മനസ്സിലാക്കുന്നു. കിട്ടിയ അനുഗ്രഹങ്ങളെ നന്ദിയോടെ കാണുവാനും പ്രപഞ്ചത്തിന്റെ സമൃദ്ധിയെ അതിന്റെ തനിമയില്‍ കാണാനും അവര്‍ക്ക് കഴിയുന്നു എന്ന് സ്പഷ്ടം. (ദൈവാനുഗ്രഹം കൂടുതല്‍ ആ ഭാഗത്താണോ ആവോ?)

    സാമുവേല്‍ സാര്‍ പറയുന്നതുപോലെ കാര്യങ്ങള്‍ ഒരിക്കലും ശരിയാവില്ലായെന്ന കാര്യത്തിലും എനിക്ക് വിയോജിപ്പുണ്ട്. ഇന്ന് ഏതു വിശ്വാസ പ്രമാണം കൊടുത്താലും പറഞ്ഞു തിരുന്നതിനു മുമ്പേ ഏറ്റു പാടുന്ന കത്തോലിക്കന്‍ ആ വിശ്വാസ പ്രമാണത്തിന് യാതൊരു വിലയും കൊടുത്തിട്ടില്ല. അവര്‍ക്കൊക്കെ കത്തോലിക്കാ സഭ എന്ന് പറഞ്ഞാല്‍ ഒരു കൂട്ട് ക്ലബ് എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. അതുകൊണ്ടാണല്ലോ പ്രാര്‍ഥനയും കൂത്തും ഒരുമിച്ചു നടത്താന്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തത്. അത്തരം സ്ഥിരമായ ഒരു കൂട്ട് ക്ലബ് മറ്റെവിടെങ്കിലും കിട്ടിയാല്‍ അവരെ ആ പള്ളിപ്രദേശത്തു പിന്നെ കാണില്ല, ഉറപ്പ്. അതാണ്‌ പടിഞ്ഞാറന്‍ നാടുകളില്‍,സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇവിടെ സംഭവിക്കാന്‍ പോവുന്നതും.... ആ പേടിയാണ് കൂടുതല്‍ കൂടുതല്‍ അല്മായനെ കുടുക്കിട്ടു മുറുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നതും. ഇന്ന് അമേരിക്കയില്‍ ഉള്ളവരുടെ പിന്‍ തലമുറക്കാര്‍ക്കൊന്നും നാടിനോടോ തോമ്മാ സ്ലിഹായോടോ താമര കുരിശിനോടോ യാതോരാഭിമുഖ്യവും കാണില്ല.... ഉണ്ടാവാനും പോണില്ല. അത് പിതാക്കന്മാര്‍ക്കു നന്നായി അറിയാം. അല്‍മായനു മുമ്പില്‍ കുനിഞ്ഞാല്‍ സംഗതി വെടി തിരുമെന്നു ആര്‍ക്കാണറിയാത്തത്.... കുനിയാതിരുന്നാലും അതു തന്നെ സംഭവിക്കും... സാമുവേല്‍ സാറേ. അങ്ങ് മരിക്കുന്നതിനു മുമ്പേ കാക്കനാട് ബോംബു പൊട്ടും ....

    ReplyDelete