Translate

Sunday, October 7, 2012

ഭക്തിയുടെ മനശാസ്ത്രം, Part 3

സഭയുടെ സ്വേച്ഛാധിപത്യ പ്രവണതയും വിഷമയമായ ദൈവശാസ്ത്രവും പള്ളികളിലും സ്കൂളിലും വീടുകളിലും പ്രാബല്യത്തിലുള്ളത് ആ ര്‍ ടി എസ് (R.T.S)  രോഗ കാരണങ്ങളില്‍ ഒന്നായി ചൂണ്ടികാണിക്കുന്നു. തല്‍ഫലമായി  കുഞ്ഞുങ്ങളുടെ അവബോധ, സാമൂഹിക, വൈകാരിക , സന്മാര്‍ഗ നിലവാരങ്ങളിലുള്ള വളര്‍ച്ചക്കു തടസ്സമാകുന്നു. സ്വയം പരിപോഷിപ്പിക്കേണ്ട കഴിവുകളും ചിന്താശക്തിയും ഇല്ലാതാവുകയും ചെയ്യും. സ്വതന്ത്രമായി അന്വേ ഷണത്തില്‍ക്കൂടി ലഭിക്കേണ്ട അറിവുകളെ  അധികാര നേതൃത്വം നിയന്ത്രിക്കുന്നതുകൊണ്ട് പ്രായോഗികമല്ലാത്ത വിശ്വാസങ്ങളെ  ഉള്കൊള്ളുകയും പഠിക്കുകയും ചെയ്യേണ്ട ദുരവസ്ഥ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നു.  തന്നത്താന്‍ പോഷിപ്പിക്കേണ്ട ചിന്താഗതികള്‍ക്ക് ഇവിടെ സഭ തടസമാവുകയാണ്. ജനിച്ചു വളരുന്ന ചുറ്റുപാടില്‍ മറ്റുള്ളവരില്‍നിന്നും  ലഭിച്ച ബാഹ്യമായ  അറിവുകള്‍ വെളിപ്പെടുത്തുന്നുവെങ്കിലും യുക്തിപൂര്‍വ്വം ചിന്തിച്ചു തനതായ വിജ്ഞാനത്തെ പരിപോഷിപ്പിക്കുവാന് മതം അനുവദിക്കുകയില്ല. തീരുമാനങ്ങള്‍ എടുക്കുവാനും വിജ്ഞാനങ്ങളെ ചികയുവാനും യാഥാസ്ഥിതിക പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടില്‍നിന്നു മാത്രമേ സാധിക്കുകയുള്ളൂ. ലൈംഗിക വിജ്ഞാനകാര്യങ്ങള്‍ ആരോഗ്യപരമായി സ്കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നതും സഭ എതിര്‍ത്തിട്ടുണ്ട്. തന്മൂലം വിവാഹം കഴിഞ്ഞാലും ലൈംഗികത  പാപമെന്ന ചിന്ത പലരുടെയും ഉപബോധമനസ്സില്‍ ചെല്ലാറുണ്ട്‌. അച്ചടക്ക പരിപാലനത്തിനു നിസാര കാര്യങ്ങള്‍ക്കു പോലും കുട്ടികളെ മര്‍ദ്ദിക്കുന്നതും കഠിനശിക്ഷകള്‍ നല്‍കുന്നതും അവരുടെ മാനസിക വളര്‍ച്ചക്കു തടസ്സമാകും.

ജന്മ പാപമെന്ന സഭയുടെ കാതലായ വിശ്വാസവും നിത്യനരകമെന്ന സങ്കല്‍പ്പവും കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരു സംഘട്ടനം തന്നെ ഉണ്ടാക്കും. തെറ്റുകാരനായി സ്വയം മനസ്സില്‍ പ്രതിഷ്ടിക്കും. നിത്യനരകമെന്ന വിധിയും നടപ്പിലാക്കും. കാണപ്പെടാത്ത രക്ഷയുടെ വഴി കണ്ടെത്തുവാന്‍ സ്വന്തം മനസുതന്നെ പാകപ്പെടുത്തി പരീക്ഷണ വിധേയമാക്കണം. മരിക്കുവോളം ഈ വിശ്വാസം കാത്തു സൂക്ഷിക്കുകയും വേണം. നിത്യവും ചലിക്കുന്ന ലോകത്തില്‍ തൊടുന്നതെല്ലാം പാപം, ഉടന്‍ പാപ പരിഹാരവും വേണം. കൂടെ കൂടെ കുമ്പസ്സാരിച്ചുകൊണ്ടിരിക്കണം. സ്വര്‍ഗത്തിലേക്ക് പോകുവാന്‍ എല്ലാ കൂദാശ കര്‍മ്മങ്ങളും ആവശ്യമാണ്. മനസങ്ങനെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമായി  ചലിപ്പിച്ചുകൊണ്ടിരിക്കണം. കര്‍മ്മങ്ങളെല്ലാം മുറതെറ്റാതെ അനുഷ്ടിച്ചു മരിക്കുന്നതുവരെ അപമാനിതനായി ദൈവത്തില്‍മാത്രം ആശ്വാസത്തെയും കണ്ടെത്തണം. സര്ക്കാര് ഉദ്യോഗസ്ഥന്‍ നികുതി കൊടുക്കാത്തവനോടുള്ള ചോദ്യാവലിപോലെ കുമ്പസ്സാരക്കൂട്ടില്‍ പുരോഹിതന്റെ ചികഞ്ഞുള്ള ചോദ്യങ്ങള്‍ക്കെല്ലാം പാപി ഉത്തരം പറഞ്ഞേ മതിയാവൂ. 'തിന്മ' സദാ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റബോധം കുമ്പസ്സാരിക്കുന്നവനില്‍ ഉണ്ടാകുന്നു. സ്വയം കുറ്റപ്പെടുത്തുന്നു. എന്തോ പോരായ്മ തനിക്കുണ്ടെന്നും അനുഭവപ്പെടും. പാപം ഉള്ളില്‍ ഉള്ള വിചിത്ര സ്വഭാവഗുണമുള്ള അവന്‍ അവനെ തന്നെ വെറുക്കും.

 കാലം മാറി. വിഷം നിറഞ്ഞ അന്ധമായ മത വിശ്വാസങ്ങള്‍ക്കെതിരെ ജനം ചോദ്യം ചെയ്യുവാന്‍ തുടങ്ങി. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നിവകളാണ് ഇന്നു ജനസമൂഹം ആഗ്രഹിക്കുന്നത്. അടിമത്വത്തിന്റെ യുഗം  വിലപ്പോവുകയില്ല. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ നിയമങ്ങളും അതിനടിസ്ഥാനമായി രചിച്ചിട്ടുണ്ട്. നിയമങ്ങള്‍ സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. പീഡനം കൊടുക്കുവാന്‍ അല്ല. മനസ്സില്ലാത്ത കുട്ടികളെ പള്ളിയില്‍ പോകുവാന്‍ നിര്‍ബന്ധിക്കുന്നത്‌ കുറ്റകൃത്യമാണ്. പ്രത്യേക മതവര്‍ഗങ്ങളായി ജീവിക്കുന്ന കള്‍ട്ടുകളും കരിഷ്മാറ്റിക്കുകളും കുട്ടികളെ പള്ളിയില്‍ പോകുവാന്‍ സമ്മര്‍ദം ചെലുത്താറുണ്ട്.

മതാചാരങ്ങളുടെ കടുംപിടുത്തത്തില്‍ ഇവിടെ കുട്ടികളെ മാനസ്സികമായി അടിമപ്പെടുത്തുകയാണ്.  പ്രകൃതിയെയും സൃഷ്ടി കര്മ്മങ്ങളെയും സ്വയം ചിന്തിച്ചു തീരുമാനം എടുക്കേണ്ട ബാല മനസ്സുകളെ ദൈവവക്താക്കള്‍
നൂലാമാലക്കുരുക്കുകള്‍ കൊണ്ട് ബന്ധിക്കുകയാണ്. മതനിയമങ്ങളുടെ അധികാര പരിധിക്കപ്പുറം മറുവാക്ക് ശബ്ദിദിക്കരുതെന്നും താക്കീതു കൊടുക്കും. ഒരിക്കല്‍ മനസു വളരാത്ത അവന്‍ ബന്ധനസ്ഥനായാല്‍ കെട്ടിയിരിക്കുന്ന കുരുക്കില്‍നിന്നു മോചനം നേടുവാനും ബുദ്ധിമുട്ടായിരിക്കും. മതത്തിന്റെ പ്രവര്‍ത്തനങ്ങളെയോ മതപ്രബോധനങ്ങളെയോ ആധികാരികങ്ങളായ ഗ്രന്ഥങ്ങളെയോ മതാധിപന്മാരെയോ ചോദ്യം ചെയ്യാന്‍ പാടില്ല. അടഞ്ഞ മനസ്സാണ് മതം കല്‍പ്പിക്കുന്നത്.  അത്തരം കാഴ്ചപ്പാടുകള്‍ മറ്റുള്ള ജനവിഭാഗങ്ങളെയും സ്വാധീനിക്കണം. വൈകാരികമായി പീഡിപ്പിച്ചു മനസിനെ ബാലഹീനമാക്കി, മതം മയക്കു മരുന്നായി ആര്‍. ടി. എസ് രോഗത്തിന് അടിമയായാല്‍ അനുസരണയുള്ള കുട്ടിയെപ്പോലെ ജീവിതകാലം മുഴുവന്‍ അവന്‍ ജീവിച്ചുകൊള്ളും.

 പാരമ്പര്യ മതത്തില്‍നിന്നു വിട്ടു പോകുന്നവര്‍ക്കും ഭയം മൂലം ആര്‍. ടി. എസ്‌. രോഗം പിടിപെടാറുണ്ട്. മാനസ്സിക ചീകത്സക്ക് ഡോക്റ്ററെ കാണുന്നത് പാപമാണെന്ന ഭയവും ചിലരുടെ മനസ്സില്‍ കുടികയറും.ചീകത്സക്ക് ഡോക്റ്ററെ കാണുന്നത് വിലക്കാനും വേദാന്തങ്ങളുമായി മത
മൌലികവാദികള്‍ രംഗത്തു വരാറുണ്ട്. ദൈവത്തിന്റെ മുമ്പില്‍ നീതികരിക്കണമെങ്കില്‍ ഒരു പാസ്റ്റരോടോ മത കൌണ്‍സിലറിനോടോ പ്രശ്നങ്ങള്‍ പറയുവാന്‍ പാടുള്ളൂ. ദൈവമാണ് മഹാവൈദ്യന്‍ എന്നു വിശ്വാസിയുടെ തലയില്‍ നിറയ്ക്കും. ഇത്തരം രോഗം ബാധിച്ചവര്‍ എന്തു ചെയ്യണമെന്നറിയാതെ മാനസ്സിക വിഭ്രാന്തിയില്‍ കഴിയുന്നുണ്ട്.

യേശുവിന്റെ  രണ്ടാം വരവിലെ പീഡനകാലം കുഞ്ഞുങ്ങളുടെ മനസ്സില്‍ ആഴമേറിയ മുറിവുകള്‍ സൃഷ്ടിക്കും. ചിലരില്‍ ജീവിതകാലം മുഴുവന്‍ പേടി സ്വപ്നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കത്തില്‍ ഞെട്ടി ഉണരും. ഉച്ചത്തില്‍ കാറും. തീയില്‍ അകപ്പെട്ടുപോയ മാതാപിതാക്കളെ തേടും. നരകത്തില്‍ മുഴുവനായി വെന്തുരുകുന്നതുപോലെ സ്വപ്നങ്ങള്‍ കാണും. വാ തുറന്നു കാറി കൊണ്ട് കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണരും. ദൈവം എന്നെ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ വിധിദിവസം മരിക്കുമെന്ന ചിന്താഗതി ഉപബോധ മനസ്സില്‍ വളര്‍ന്നു പ്രായമായാലും മനസ്സിനെ അലട്ടികൊണ്ടിരിക്കും.

വിശ്വസിക്കുന്നവന് എവിടെയും പാപങ്ങള്‍ മാത്രം. യേശുവിന്റെ വരവുവരെ അപകടം പിടിച്ച പിശാചു എവിടെയും ഉണ്ട്. കൊടും നാശം എന്നു പറഞ്ഞു മതം ലോകത്തെ തന്നെ വിധിക്കുകയാണ്. വിശ്വസിച്ചു നടക്കുന്നവന് സ്വര്‍ഗം. നിത്യ സൌഭാഗ്യത്തിലേക്ക് അവന്‍ കൂട്ടികൊണ്ടുപോവും. മറിച്ചാണെങ്കിലോ, അവനു മുമ്പില്‍ അട്ടയും തേളും പൊള്ളുന്ന തീയും നിറഞ്ഞ ഘോരമായ ഒരു ലോകത്തിന്റെ വാഗ്ദാനവും. ഇതു വിശ്വസിക്കുവാന്‍ ആര്‍. ടി. എസ്. രോഗത്തിന് അടിമപ്പെട്ടവരും ഉണ്ട്.
മതപ്രഭാഷകര്‍ പറയും നല്ലവരായവരില്‍ പരിശുദ്ധ ആത്മാവ് നാവുകളില്ക്കൂടി സംസാരിച്ചുകൊണ്ടിരിക്കും. മനശാസ്ത്ര ജ്ഞര്‍ ഇതു മത്തുപിടിച്ച മതംകൊണ്ടുണ്ടായ ഹിസ്റ്റീരിയായെന്നും  കണക്കാക്കും.

1 പീറ്റര്‍ 5-8 "നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു."
ഇങ്ങനെ വേദങ്ങള്‍ പഠിപ്പിച്ചാല്‍ ഏതു കുട്ടിയാണ് ഭയപ്പെടാത്തത്.? കുപിതനായ ദൈവത്തെ പ്രീതിപ്പെടുത്തുവാനും ചിലരുടെ ജീവിതം പരാജയപ്പെടും. നല്ലതു സംഭവിച്ചാല്‍ ദൈവത്തിന്റെ കൃപ,  ദോഷം സംഭവിച്ചാലോ നിന്റെ മാത്രം കുറ്റം. 

8 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. ഈ കഴിഞ ആഴ്ചയാണ്, ഒരു കൂട്ടുകാരിയുടെ കൂടെ നടക്കാന്‍ പോയി. മണിമലയാറിന്റെ തീരത്തുള്ള ഒരു വഴി. അവളുടെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ റബര്‍തൈകള്‍ക്ക് മരുന്നടിക്കുകയാണ്. പോക്കറ്റില്‍ കിടക്കുന്ന സെല്‍ഫോണ്‍ മൈക്കില്‍കൂടെ കൊരീന്ത്യര്‍ക്ക് പോള്‍ എഴുതിയ ലേഖനം കേള്പ്പിക്കുന്നുണ്ട്. ഇത് ശ്രവിച്ചുകൊണ്ടാണ് താന്‍ പണി ചെയ്യുന്നത് എന്ന് അഭിമാനപൂര്‍വം അയാള്‍ എന്റെ കൂട്ടുകാരിയോട് പറഞ്ഞു. സംഗതി ഒരു കുറവായി ഞാന്‍ കാണുന്നില്ല. എന്നാല്‍ ഇഷ്ടന് ജോസഫ്‌ മാത്യു പറയുന്ന കലശലായ ഭക്തി സിണ്ട്രോം ആണോ ആവൊ! ഒരു ധ്യാനം കഴിഞ്ഞു വന്നതേയുള്ളൂ എന്ന് പറയുകയും ചെയ്തു.

    ReplyDelete
    Replies
    1. തെരെസിയ- മണിമല ആറിനു തീരത്തുള്ള ഒരു സുന്ദരമായ ഗ്രാമത്തിലാണ് ഞാന്‍ ജെനിച്ചു വളര്‍ന്നത്‌.., ഈ ഭൂമിയിലെ ഏറ്റവും നല്ലവരായ നിഷ്കളങ്കരായ മനുഷ്യര്‍ ജീവിക്കുന്നത് അവിടെ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് തന്നെ ആയിരിക്കും അവരെ 'കോത്തായം' എന്ന് വിളിക്കുന്നതും. ചിലപ്പോള്‍ അതുകൊണ്ടായിരിക്കും തെരെസിയക്കും കൂട്ടുകാരിക്കും അവിടെ കണ്ട ആള്‍ക്ക് ഭക്തി സിണ്ട്രോം ഉണ്ടെന്നു തോന്നിയത്. ഇന്നുള്ള പരിഷ്കാരികള്‍ കേള്‍ക്കുന്ന പോലെ, തെറിയോന്നുമല്ലല്ലോ ഫോണിലൂടെ കേട്ടതും കേള്‍പ്പിച്ചതും എന്ന് ഓര്‍ത്തു സമാധാനിക്കുക. അത്ര തന്നെ! കാര്യം നിസാരം!

      Delete
    2. മൊബൈല്‍ ഫോണില്‍ ബൈബിള്‍ കേള്കുന്നത് ഒരു അസുകമായി കാണണ്ടാ ....ദൈവ വചനം കേട്ട് സ്വന്തം നിലയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ..

      Delete
  3. സക്കറിയാസ് നെടുങ്കനാല്‍ പോസ്റ്റുചെയ്ത കമന്റ് അബദ്ധവശാല്‍ ഡിലീറ്റു ചെയ്യപ്പെട്ടു. ക്ഷമാപണം. അതു വീണ്ടും പോസ്റ്റുചെയ്യുന്നു.
    അഡ്മിനിസ്‌ട്രേറ്റര്‍
    ഭക്തിയുടെ മനശാസ്ത്രത്തെപ്പറ്റി ഇതിനു മുമ്പും അല്മായശബ്ദത്തില്‍ കുറിപ്പുകള്‍ വന്നിട്ടുണ്ട്. ഇത്ര വിശദമായി ആദ്യമാണ് ഒരു ലേഖനപരമ്പര വായിക്കാന്‍ കിട്ടുന്നത്. ഇത് കാലോചിതമാണ്. കാരണം, ഭക്തിയുടെ പെരുവെള്ളപ്പാച്ചിലില്‍ കേരളത്തിലും കേരളക്കാര്‍ ജീവിക്കുന്ന അന്യനാടുകളിലും ആയിരങ്ങളാണ് ആത്മാഹൂതി ചെയ്യപ്പെടുന്നത്. അവരിലാരെങ്കിലും ഈ വിധത്തിലുള്ള എഴുത്തുകള്‍ വായിക്കാനിടയില്ല എന്നത് വേറൊരു വശം. സെന്ഷര്ഷിപ്‌ സഭയില്‍ അത്ര കഠിനമാണ്. മനസ്സില്‍ ഭയമുണ്ടാക്കുന്ന തന്ത്രങ്ങള്വലഴി മനസിനെ രോഗതുല്ല്യമാക്കി അനുയായികളറിയാതെ തന്നെ അവരെ ഒന്നിപ്പിക്കുന്ന കൗശലം ഇന്ന് ധാരാളം പ്രയോഗിക്കപ്പെടുന്നുണ്ട്. വേദപാഠക്ലാസ്സുകളിലും ധ്യാനങ്ങളിലും വചനോത്സവങ്ങളിലും നടക്കുന്നതില്‍ അധികവും ഇത്തരം ആത്മീയ ഹിപ്നോട്ടിസമാണ്. അതില്നിന്നൊക്കെ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ആണ് അമിതമായ പുരോഹിതഭക്തിയും അസ്സാദ്ധ്യ കാര്യങ്ങള്ക്കായുള്ള പ്രാര്ഥണനയും മറ്റും. സെപ്റ്റംബറിലെ സത്യജ്ജ്വാലയില്‍ കെ. കുര്യാക്കോസ് ഏലിയാസ് എഴുതിയ കഷായചികിത്സ വെറും നര്മ്മം ആയിരുന്നില്ല. അവിടെ കുറിച്ചിരുന്ന രോഗലക്ഷണങ്ങള്‍ ഇന്ന് കത്തോലിക്കര്‍ സര്വ്വ്സാധാരണമായി പ്രകടിപ്പിക്കുന്നുണ്ട്. ജോസെഫ് മാത്യുവും ഈ രോഗലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.

    ReplyDelete
  4. അഡ്മിനിസ്‌ട്രേറ്റര്‍ അബദ്ധവശാല്‍ തൂത്തുകളഞ്ഞിട്ട് വീണ്ടും ചേര്‍ത്ത എന്റെ കമെന്റില്‍ കുറെ ഭാഗം നഷ്ടപ്പെട്ടതിനാല്‍, അതേ കമെന്റ് പൂര്‍ണമായി ആവര്‍ത്തിക്കുന്നത് ക്ഷമിക്കുമല്ലോ.

    ഭക്തിയുടെ മനശാസ്ത്രത്തെപ്പറ്റി ഇതിനു മുമ്പും അല്മയശബ്ദത്തില്‍ കുറിപ്പുകള്‍ വന്നിട്ടുണ്ട്. ഇത്ര വിശദമായി ആദ്യമാണ് ഒരു ലേഖനപരമ്പര വായിക്കാന്‍ കിട്ടുന്നത്. ഇത് വളരെ കാലോചിതമാണ്. കാരണം, ഭക്തിയുടെ പെരുവെള്ളപ്പാച്ചിലില്‍ കേരളത്തിലും കേരളക്കാര്‍ ജീവിക്കുന്ന അന്യനാടുകളിലും ആയിരങ്ങളാണ് ആത്മാഹൂതി ചെയ്യപ്പെടുന്നത്. അവരിലാരെങ്കിലും ഈ വിധത്തിലുള്ള എഴുത്തുകള്‍ വായിക്കാനിടയില്ല എന്നത് വേറൊരു വശം. സെന്‍ഷര്‍ഷിപ്‌ സഭയില്‍ അത്ര കര്‍ക്കശമാണ്‌. മനസ്സില്‍ ഭയമുണ്ടാക്കുന്ന തന്ത്രങ്ങള്‍വഴി മനസിനെ രോഗതുല്ല്യമാക്കി അനുയായികളറിയാതെ തന്നെ അവരെ ഒന്നിപ്പിക്കുന്ന കൌശലം ഇന്ന് ധാരാളം പ്രയോഗിക്കപ്പെടുന്നുണ്ട്. വേദപാഠക്ലാസ്സുകളിലും ധ്യാനങ്ങളിലും വചനോത്സവങ്ങളിലും നടക്കുന്നതില്‍ അധികവും ഇത്തരം ആത്മീയ ഹിപ്നോട്ടിസമാണ്. അതില്‍നിന്നൊക്കെ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ആണ് അമിതമായ പുരോഹിതഭക്തിയും അസ്സാദ്ധ്യകാര്യങ്ങള്‍ക്കായുള്ള നിലവിളിയും പ്രാര്‍ഥനയും മറ്റും. സെപ്റ്റംബറിലെ സത്യജ്ജ്വാലയില്‍ കെ. കുര്യാക്കോസ് ഏലിയാസ് എഴുതിയ കഷായചികിത്സ വെറും നര്‍മ്മം ആയിരുന്നില്ല. അവിടെ കുറിച്ചിരുന്ന രോഗലക്ഷണങ്ങള്‍ ഇന്ന് കത്തോലിക്കര്‍ സര്‍വ്വസാധാരണമായി പ്രകടിപ്പിക്കുന്നുണ്ട്. ജോസെഫ് മാത്യു വും ഈ രോഗലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.

    ഓരോ മതത്തിലും ഫിക്ഷന്‍ അല്ലാത്ത കാര്യങ്ങള്‍ എത്രമാത്രം ഉണ്ട് എന്നന്വേഷിച്ചാല്‍, അവയില്‍ ഓരോന്നിലും വെറും ഫിക്ഷന്റെ ശരിക്കുള്ള തോത് കണ്ടെത്തിയാല്‍, മനുഷ്യര്‍ ബോധംകെട്ടു വീഴും. അത്രയധികമാണവ. വ്യത്കള്‍ക്ക് കൈകാര്യം ചെയ്യാനാവാത്തത്ര സങ്കീര്‍ണമായ അവസ്ഥാന്തരങ്ങളില്‍ അവരെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്താനായി മറ്റൊരു വഴിയും കാണാതെ വരുമ്പോള്‍ ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യര്‍ കണ്ടെത്തുന്ന വിദ്യകളാണ് മതത്തിന്റെ അനുഷ്ഠാനങ്ങളില്‍ ഭൂരിഭാഗവും. ആദ്യമൊക്കെ ഇത്തരം സൂത്രങ്ങള്‍ പ്രകൃതിയോടുള്ള ഭയത്തില്‍ നിന്നുണ്ടായെങ്കില്‍ പിന്നീട്, മനുഷ്യന് അഹന്തയേറിയപ്പോള്‍, മനുഷ്യനു സ്വഭാവമായിത്തീര്‍ന്ന, പ്രകൃതിയെ മനസ്സിലാക്കാനുള്ള അവന്റെ വിമുഖതയില്‍ നിന്ന് ഉടലെടുത്തവയാണവ. ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ ചേഷ്ടകളും നീട്ടിവലിച്ചുള്ള വായ്ത്താരികളും ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടില്ലാത്തവര്‍ക്ക് ഏതോ ഒരു തരം മനോസുഖം തോന്നാല്‍ വേണ്ടി കണ്ടെത്തിയിട്ടുള്ള സൂത്രങ്ങളാണ്. ഇവയില്‍ ഏതെങ്കിലും അനുഷ്ഠാനം സത്യത്തില്‍ മനുഷ്യാത്മാവിനെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കും എന്ന് തോന്നുന്നത് ഒരു തരം മിഥ്യാബോധമാണ്. ക്യാന്‍സര്‍ ശരീരത്തെ എന്നപോലെ ഭക്തിഭ്രാന്ത് മനസ്സിനെ കാര്‍ന്നു തിന്നു നശിപ്പിക്കും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഭാവിയില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്നത് ഭക്തിഭ്രാന്തിന്റെ അഴിയാക്കുരുക്കുകളില്‍ നിന്ന് മോചനം തരുന്ന മാനസിക ചികിത്സയായിരിക്കും.

    ReplyDelete
  5. പാര്‍ശ്വ ഭലങ്ങള്‍ ഏറ്റം കുറഞ്ഞ ലോകത്തെ ഒരു ലഹരി തന്നെയാണ് ശരിയായ ഭക്തി . ഭക്തിയെന്നു പറഞ്ഞാല്‍ ഇന്നതും വിഷലിപ്തമായിരിക്കുന്നു എന്ന് തോന്നുന്നു . നമ്മളിലുള്ളവ നമ്മളെക്കാള്‍ ഉള്ളവരിലേക്ക് പോകുന്നതെന്തും ഭക്തിയുടെ പുറന്തോടില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കച്ചവടം തന്നെയാണ് . എന്നാല്‍ നമ്മുക്കുള്ളവ നമ്മളോളം ഇല്ലത്തവരിലേക്ക്, നേരിട്ട് നാം തന്നെ, ബഹ്യപ്രേരണ യില്ലാതെ കൊടുക്കുമ്പോള്‍ അത് ശരിയായ ഭക്തിയില്‍ നിന്നാകാം.

    ReplyDelete
  6. പ്രാര്‍ഥനകള്‍ ഗുണത്തെക്കാളും ഏറെ ദോഷങ്ങള്‍ നല്‍കുമോ?
    ഹാര്‍വാര്‍ഡു യൂണിവേഴ്സിറ്റിയിലെയും മറ്റു പഠനകേന്ദ്രങ്ങളിലെയും റിപ്പോര്‍ട്ടില്‍ പ്രാര്‍ഥന ഹൃദയരോഗികള്‍ക്ക് ദോഷകരമെന്നും കണ്ടെത്തിയിരിക്കുന്നു. 2006 ല്‍ 2.5 മില്ല്യന്‍ ഡോളര്‍ ചിലവാക്കിയ ഗവേഷണറിപ്പോര്‍ട്ട് ഡോ. ഹെര്‍ബര്‍ട്ട് ബേസന്‍ അമേരിക്കന്‍ ഹാര്‍ട്ട്ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ഗവേഷണങ്ങളായി രോഗികളെ മൂന്നായി തരം തിരിച്ചിരുന്നു.:

    1.ആദ്യഗ്രൂപ്പായ രോഗികള്‍ക്കായി ഒരു പ്രാര്‍ഥനാസംഘം രോഗവിമുക്തിക്കായി പ്രാര്‍ഥിച്ചു.പ്രാര്‍ഥനാവിവരം രോഗികളെ അറിയിക്കാതെ മറച്ചു വെച്ചു.

    2.രണ്ടാമത്തെ ഗ്രൂപ്പായ രോഗികള്‍ക്കുവേണ്ടി ആരും പ്രാര്‍ഥിച്ചില്ല. പ്രാര്‍ഥിച്ചില്ലെന്നു രോഗികളെ അറിയിച്ചുമില്ല.

    3.മൂന്നാമത്തെ ഗ്രൂപ്പിലുള്ള രോഗികള്‍ക്കായി പ്രാര്‍ഥനാസംഘം പ്രാര്‍ഥിച്ചു. പ്രാര്‍ഥിച്ചുവെന്നു രോഗികളെ അറിയിക്കുകയും ചെയ്തു.

    ഗവേഷണത്തില്‍ ആദ്യത്തെ രണ്ടു ഗ്രൂപ്പിലുള്ള രോഗികളെക്കാള്‍ മൂന്നാമത്തെ ഗ്രൂപ്പിലുള്ള പ്രാര്‍ഥിച്ചുവെന്നറിഞ്ഞ രോഗികളില്‍ രോഗം കൂടുതല്‍ ഗുരുതരമായതും കണ്ടു.

    ഡ്യൂക്ക് യൂണിവേഴ് സിറ്റിയിലെ പ്രൊഫസര്‍ Dr. Mitchell Krucoff അഭിപ്രായപ്പെട്ടത് ഇങ്ങനെ. "സ്നേഹത്തോടെയെങ്കിലും നല്ല ഉദ്ദേശ ശുദ്ധിയോടെയെങ്കിലും പ്രാര്‍ഥനകള്‍ ചില സാഹചര്യങ്ങളില്‍ രോഗിക്ക് പ്രതികൂലമായി ഭവിച്ചു രോഗം ഗുരുതരമാവുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യാം."കൂടുതല്‍ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ഉണ്ട്.
    http://www.news.harvard.edu/gazette/2006/04.06/05-prayer.html

    ReplyDelete