Translate

Saturday, March 16, 2013

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം - ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് I

( KCRM ഈ മാസം 30 -ന് പാലാ ടോംസ് ചേംബറില്‍ വച്ചു നടത്തുന്ന ചര്ച്ച ഈ പുസ്തകത്തെപ്പറ്റിയാണ് )  


വയലാര്‍ മൈക്കിള്‍


മനുഷ്യന്‍ ഇന്നു പുരോഗമിച്ച് പുരോഗമിച്ച് ശാന്തിയും സമാധാനവുമില്ലാത്ത ഒരു സ്ഥിതിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പലരും മനഃശാന്തി തേടി ധ്യാനമാര്‍ഗ്ഗങ്ങളുടെ പിറകേ പോകുന്നത്. 'ധ്യാനത്തിലൂടെ മനഃശാന്തി കുറെയൊക്കെ സാദ്ധ്യമാണ്' എന്നു പലരും പറയുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പല പുതിയ ധ്യാനമാര്‍ഗ്ഗങ്ങളും പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാംതന്നെ നിരന്തരം ദൈവത്തിനു മറയായി വര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിനുള്ളിലെ പ്രവൃത്തികള്‍ മാത്രമാണ്. ആ പ്രതിഭാസത്തെയാണ് വേദാന്തത്തില്‍ 'മായ' എന്നു വിശേഷിപ്പിക്കുന്നത്. 

'മായ'യുടെ പുറത്തു കടക്കാതെയുള്ള സമാധാനവും സാമ്പത്തിക നേട്ടവും ജീവിതവിജയവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 'മായ'യെ അകറ്റി അതിനു പുറത്തുള്ള യഥാര്‍ത്ഥശാന്തിയെ കുറിച്ചോ, ആനന്ദത്തെ സംബന്ധിച്ചോ, പുതിയ തലമുറ ഒന്നും പറയുന്നതായി കേള്‍ക്കുന്നില്ല. മറയാകുന്ന ഇരുളില്‍ നിന്നുകൊണ്ട് വെളിച്ചത്തെക്കുറിച്ചു (ദൈവത്തെക്കുറിച്ച്) പറയുന്നതെല്ലാം വെറും സങ്കല്പങ്ങളിലും വിശ്വാസങ്ങളിലും മാത്രമാണ്. അത്തരം നിര്‍വ്വചനങ്ങളില്‍കൂടി ദൈവസങ്കല്‍പ്പത്തെ സങ്കീര്‍ണ്ണമാക്കികൊണ്ടിരിക്കുകയാണ്.

ഒരു കത്തോലിക്ക കുടുംബത്തിലാണ് ഈ ലേഖകന്‍ ജനിച്ചു വളര്‍ന്നത്. ക്രിസ്തീയ വിശ്വാസങ്ങളിലും പ്രാര്‍ത്ഥനകളിലും കൂദാശകര്‍മ്മങ്ങളിലും കൂടി മനുഷ്യനെ ഈശ്വരാഭിമുഖനാക്കുവാന്‍ കഴിയുമോ എന്ന കാര്യം ലേഖകന്റെ കുട്ടിക്കാലം മുതലുള്ള അന്വേഷണമാണ്. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ സത്യത്തെയും ദൈവത്തെയും കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ലേഖകന്റെ ജീവിതത്തിലെ പ്രധാന അന്വേഷണവും അതുതന്നെയാണ്. ഈ അന്വേഷണത്തില്‍ കണ്ടെത്തിയ ചില സത്യങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. 

ഈ കുറിപ്പുകള്‍ 40 വര്‍ഷം നീണ്ട ലേഖകന്റെ ജീവിതാനുഭവങ്ങളിലും, നിരീക്ഷണങ്ങളിലും നിന്നുരുത്തിരിഞ്ഞ ബോധതലത്തിലെ സന്ദേശങ്ങളാണ്. ഈ നിരീക്ഷണങ്ങള്‍ ശരിയാണെന്നു ബോദ്ധ്യമായത് യേശുവിന്റെ ഉപമകളുടെ രഹസ്യങ്ങള്‍ പ്രപഞ്ച നിയതമായ ചിന്തയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ്. പ്രപഞ്ച നിയതമായ ചിന്താ പ്രബോധനങ്ങള്‍ വേദാന്തത്തില്‍ മാത്രമേ ലേഖകനു കാണാന്‍ കഴിഞ്ഞുള്ളൂ.

മനുഷ്യന്റെ പൂര്‍ണ്ണതയെക്കുറിച്ച് വേദാന്തത്തിലുള്ളതിനപ്പുറം ഒരു ദൈവാവതാരവും പറഞ്ഞതായി മറ്റു വിശുദ്ധഗ്രന്ഥങ്ങളിലും ചരിത്രത്തിലും രേഖപ്പെടുത്തിയതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. വേദാന്തരഹസ്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞപ്പോഴാണ് ലേഖകന്റെ ചിന്ത കഴിഞ്ഞ ഏതോ ജന്മത്തിലെ സമാനതകളിലേക്ക് അറിയാതെ പോകുന്നതായി തോന്നിയത്.വേദാന്തരഹസ്യങ്ങള്‍ ലളിതഭാഷയില്‍ ലേഖകനു കിട്ടിയതും ഒരു നിമിത്തമായിരുന്നു. അതായത് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ക്രിസ്തുവും, ഭഗവദ്ഗീതയും കലിയുഗമനുഷ്യരും,' എന്ന ഒരു പുസ്തകം ഈ ലേഖകന്‍ എഴുതി പ്രസദ്ധീകരിക്കുകയുണ്ടായി. 

ആ പുസ്തകം വില്പനയ്ക്ക് എടുക്കാമോ എന്ന് ചോദിച്ചുകൊണ്ട് പുസ്തകത്തിന്റെ ഒരു കോപ്പി കന്യാകുമാരിയിലെ ആനന്ദകുടീരം പ്രസിദ്ധീകരണശാലക്ക് അയച്ചു കൊടുത്തു. എങ്കിലും അവരത് വില്ക്കുവാന്‍ ഏറ്റെടുത്തില്ല. എന്നാല്‍ അവര്‍ എനിക്ക് സമ്മാനമായി സ്വാമി ജ്ഞാനാന്ദ സരസ്വതി എഴുതിയ ‘വേദാന്തവിജ്ഞാനം’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി അയച്ചു തന്നു.


ആ പുസ്തകത്തില്‍ സ്വാമി ജ്ഞാനാനന്ദ സരസ്വതി വേദാന്തത്തിലെ പല തത്ത്വങ്ങളുടെയും പൊരുള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകും വിധം ലളിതമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ആ പുസ്തകം പഠിച്ചപ്പോള്‍ വേദാന്തത്തെ കുറിച്ചുള്ള ശരിയായ ഒരു മാര്‍ഗ്ഗരേഖ തുറന്നു കിട്ടിയ പോലെ തോന്നി. അതുകൊണ്ട് സ്വാമി ജ്ഞാനാനന്ദ സരസ്വതിയെയും, ആനന്ദകുടീരം പ്രസിദ്ധീകരണശാലയെയും നന്ദിയോടെ സ്മരിക്കുന്നു.


വേദാന്തത്തെക്കുറിച്ച്, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരെയും അറിയിക്കണം എന്നുള്ള ആത്മപ്രചോദനമാണ് ഈ പുസ്തകം എഴുതുവാന്‍ ലേഖകനെ പ്രേരിപ്പിച്ചത്. വേദാന്തത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ് ശാസ്ത്രയുഗത്തിലും മനുഷ്യരുടെ അജ്ഞതയ്ക്ക് പ്രധാന കാരണം. വേദാന്തരഹസ്യങ്ങളിലെ മൂന്നു പ്രധാന വിഷയങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

                                                                             (തുടരും)

3 comments:

  1. നാൽപ്പതുവർഷക്കാലം തീവ്രമായ വേദാന്തം പഠിച്ചതിനുശേഷം രചിച്ച പുസ്തകമാണ് ശാസ്ത്രപഠനത്തിലെ വേദാന്തപഠനമെന്ന് ലേഖകൻ അവകാശപ്പെടുന്നു. പരിപൂർണ്ണമായി എന്തെങ്കിലും അഭിപ്രായം പറയണമെങ്കിൽ പുസ്തം മുഴുവൻ വായിച്ചേ തീരൂ. 'മായാ' എന്ന പ്രതിപാസത്തോടെയാണ്‌ ലേഖനം തുടരുന്നത്. മായയെപ്പറ്റി ഒരു നിർവചനം കേവലം ഒരു പാരഗ്രാഫിൽ ഒതുങ്ങുമെന്ന് തോന്നുന്നില്ല. ശങ്കരന്റെ അദ്വൈതത്തിന്റെ അടിത്തറതന്നെ മായയാണ്.

    മനശാന്തിക്കായി ധ്യാനത്തിൽ മുഴുകുന്നത് ദൈവത്തിന് ഒരു മറയാണ്. ആ മറയെ മായയെന്ന് ലേഖകൻ വിശേഷിപ്പിച്ചിരിക്കുന്നു. ധ്യാനത്തിൽക്കൂടി ദൈവത്തിങ്കിലേക്കുള്ള വഴിയിലും ലേഖകന് പൂർണ്ണവിശ്വാസം ഇല്ല. ഈ ചിന്ത ക്രിസ്തീയമാണെന്നു തോന്നുന്നില്ല. ഏകാന്തമായ പ്രാർത്ഥന യേശു അംഗീകരിച്ചിട്ടുണ്ട്.

    അജ്ഞതയെന്ന അർത്ഥത്തിൽ ലേഖകൻ മായയെ കാണുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ മൊത്തമായി വിമർശിക്കുന്ന ലേഖകൻ 'മായ' എന്ന വിഷയത്തിൽ അവരോടൊപ്പം ആയി. ഡിക്ഷ്നറിയിലും മിഥ്യാബൊധമെന്നേ കൊടുത്തിട്ടുള്ളൂ.

    എന്നാൽ ഒരു തത്ത്വജ്ഞാനി മായയെ നിർവചിക്കുന്നത് മറ്റൊരു വിധത്തിലാണ്. ഒരു മരം വിത്തിൽനിന്നു ഉണ്ടാകുന്നതുപോലെ അല്ലെങ്കിൽ വിത്ത്‌ മരത്തിൽനിന്ന് ഉണ്ടാവുന്നതുപോലെ നമ്മുടെ ശരീരത്തെ പ്രവർത്തന ശക്തികൊണ്ട് ഉത്ഭാദിപ്പിക്കുന്നു. അല്ലെങ്കിൽ നമ്മുടെ പ്രവർത്തനശക്തിയെ ശരീരത്തിൽനിന്ന് ഉത്ഭാദിപ്പിക്കുന്നു. ഇങ്ങനെയുള്ള പരസ്പര ധർമ്മത്തിനാണ് മായയെന്നു പറയുന്നത്.

    ക്രൈസ്തവർ ചിന്തിക്കുന്നതുപോലെ മായ പൈശാചികമല്ല. മായയെന്നുള്ളത് നിർവചിക്കുവാൻ സാധിക്കാത്ത ദൈവത്തിന്റെ ശക്തികിരണമാണ്‌. എന്നാൽ ലേഖകൻ മായക്കു നിഷ്പ്രയാസ്സം നിർവചനവും കൊടുത്തു. cause and effect തത്ത്വമാണ് മായയിലുള്ളത്.

    അദ്വൈതം പറയുന്നു, ദൈവവും ഭക്തനുമൊന്നാണ്. എന്നാൽ ലോകത്തിന്റെ ഭൌതികസുഖത്തിൽ മായ ഭക്തനെയും ദൈവത്തെയും വിഭജിച്ചിരിക്കുന്നു. കൃഷ്ണനെയോ ക്രിസ്തുവിനെയോ ആരാധിക്കുന്നത് ദ്വൈതമാണ്. ലോകത്തിൽ പ്രത്യക്ഷമായതിനെയാണ് ആരാധിക്കുന്നത്. അത് മായയെന്നു പറയുവാൻ സാധിക്കുകയില്ല.

    യജുർവേദത്തിൽ 'Uvvat 'ന്റെ തർജിമയിൽ മായയെ നിർവചിച്ചിരിക്കുന്നത് പ്രാണവായുവിൻറെ അറിവെന്നാണ്‌. ( "knowledge of the vital air") ശങ്കരന്റെ തത്ത്വചിന്തകളിലും അദ്വൈതത്തിലും മായ ആശയാധിഷ്ടിതമാണ്. സത്യം ബോധിപ്പിക്കുവാൻ ചിലപ്പോൾ നാം അശക്തരോ നമ്മുടെ കഴിവുകേടോ പ്രകടമായേക്കാം. അവിടെ സത്യം എന്ന് പറയുന്നത് മായയാണ്. അപ്പോൾ നമ്മളെ രക്ഷിക്കുവാൻ സഹായിക്കുന്നതും മായയായിരിക്കും.

    മായയെന്നത് ഒരു ശക്തിയാണ്. ലോകത്തിന്റെ സത്യമായ വാസ്തവികതയെ ചൂണ്ടികാണിക്കുവാനുള്ള ഒരു കാരണവും. അതേസമയം ദൈവത്തിൽനിന്ന് ഭിന്നമായ സുപ്രകാശവുമാണ്.

    ReplyDelete
  2. വയലാർ മൈക്കിൾ എഴുതിയ വേദാന്ത പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായവും വായിച്ചു. അതിലുള്ള ലേഖകന്റെ എല്ലാ അഭിപ്രായങ്ങളും സാധുകരിക്കുവാൻ സാധിക്കുന്നില്ല. കത്തോലിക്കനായി ജനിച്ച ലേഖകൻ ക്രിസ്തീയ വിശ്വാസത്തിലെ പ്രാർത്ഥനകളിലും കൂദാശകളിലും ഈശ്വരനെ അഭിമുഖികരിക്കുവാൻ ഗവേഷണം നടത്തികൊണ്ടിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അതിനു വേദങ്ങൾ തേടിപോവേണ്ട ആവശ്യമുണ്ടോ? സാമാന്യയുക്തി പോരെ? പുതിയ നിയമത്തിൽ യേശു പറഞ്ഞത് ചിന്തിച്ചാൽ മതിയല്ലോ? യേശു ഒരു കൂദാശകളും സ്ഥാപിച്ചിട്ടില്ല.

    വേദാന്തത്തിൽക്കൂടി മതമൗലികവാദികളായ വെന്തിക്കോസിനെയും വട്ടായിയുടെ ശബ്ദഘോഷങ്ങളെയും നീതികരിച്ചാൽ മനസിലേക്ക് ആവഹിക്കുവാനും ബുദ്ധിമുട്ടാണ്. യേശുവിന്റെ ഉപമകളുടെ രഹസ്യങ്ങൾ മനസിലാക്കുവാനും വേദങ്ങൾ വേണമെന്ന് ലേഖകൻ ചിന്തിക്കുന്നു. മുക്കവകുടിലിൽ വളർന്ന മുക്കവരായ യേശുവിന്റെ ശിക്ഷ്യന്മാർ വേദങ്ങൾ പഠിച്ച് വചനങ്ങൾ മനസിലാക്കിയെന്ന് പറഞ്ഞാലും ഇന്നത്തെ പാസ്റ്ററിന്റെ അനുയായികൾ വിശ്വസിച്ചുകൊള്ളും. വേദങ്ങൾ പഠിച്ചാലേ ബൈബിൾ മനസിലാകൂവെന്നു വിവേകാനന്ദൻ പറഞ്ഞെന്നും തോന്നുന്നില്ല. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുവാൻ ബുദ്ധിജീവികളുടെ വാക്കുകൾ ചിലർ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. യേശുവിനെക്കാളും വിവേകാനന്ദൻ വലിയവനോ?

    ശബ്ദശ്രവണത്തിൽ ഈശ്വരനെ തേടിയുള്ള ലേഖകന്റെ ഗവേഷണം കേരളത്തിലായതു നന്നായി. അമേരിക്കൻ ഐക്യനാടുകളിൽ 'യേശുവേ സ്തൊത്രമെന്നു' പൊതുനിരത്തിൽ നിന്നലറിയാൽ പോലീസ്‌ വിലങ്ങുവെക്കും. ന്യൂയോർക്കിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഹരേ രാമ കൃഷ്ണക്കാർ കാൽനടക്കാരുടെ പാതയിൽ നിന്നുകൊണ്ട് ഒരു തരം മണിയടിച്ച് സങ്കീർത്തനം ചൊല്ലാറുണ്ടായിരുന്നു. ഇപ്പോൾ ശബ്ദംകൊണ്ട് അവർ അന്തരീക്ഷം മലിനമാക്കുന്നത് കാണുന്നില്ല. ഡോട്ട് ബസ്റ്റേഴ്സ് എന്ന സംഘടന ശബ്ദംവെച്ചു പ്രാർഥിക്കുന്നവരുടെ ജീവനും ഭീഷണിയായിരുന്നു.

    ശബ്ദംവെച്ചുള്ള പ്രാർഥന ലേഖകന്റെ മനസിനെ സ്വതന്ത്രമാക്കുമ്പോൾ അയല്ക്കാരനെയും ഉപദ്രവിക്കരുതെന്നുള്ള തത്ത്വവും മനസിലാക്കണം. വഴിയരികിലെ ചെണ്ടകൊട്ട്, എഴുന്നള്ളിപ്പ്, വണക്കമാസം, സുവിശേഷകരുടെ കവലപ്രസംഗങ്ങൾ എന്നിങ്ങനെ കേരളജനത എങ്ങനെ സഹിക്കുന്നുവെന്നും ചിന്തിച്ചുപോയിട്ടുണ്ട്. കരിഷ്മാറ്റിക്ക് ധ്യാനങ്ങളിൽക്കൂടി അല്ലെങ്കിൽ പെന്തകുസ്താ സഭക്കാരുടെ ശബ്ദാഘോഷങ്ങളോടെയുള്ള പ്രാർഥനകളിൽക്കൂടി അറിയാത്ത ചില നിമിഷങ്ങളിൽ ബ്രഹ്മചൈതന്യം മനസ്സിൽ പ്രവർത്തിക്കുമെന്നും രോഗാതുരമായ ശരീരങ്ങൾ രാസപരിണാമങ്ങൾ സംഭവിച്ച് രോഗങ്ങൾ ഭേദപ്പെടുമെന്നും തൈത്തിരിയോപനിഷത്തുവഴി ലേഖകൻ വേദം പഠിപ്പിക്കുകയാണ്.

    തൈത്തിരിയോപനിഷത്തിൽ മൂന്ന് അദ്ധ്യായങ്ങൾ മാത്രമേ പത്തു ഉപനിഷത്തുക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഈ ശാന്തിമന്ത്രങ്ങൾ ശിക്ഷാവല്ലീ, ബ്രഹ്മാനന്ദവല്ലീ, ഭ്രുഗവല്ലീ എന്നിവകളാണ്. ഉപനിഷത്തുക്കൾ അംഗീകരിച്ച ഈ മൂന്ന് അധ്യായങ്ങളിലും ശബ്ദാഘോഷങ്ങളെപ്പറ്റി വായിക്കുവാൻ സാധിച്ചില്ല. അപ്രധാനങ്ങളായ മറ്റു ഉപനിഷത്തുക്കൾ ശബ്ദാഘോഷത്തെപ്പറ്റി പറഞ്ഞിരിക്കാം.

    തൈത്തിരിയോപനിഷത്തിൽ എഴൂം എട്ടും ഒമ്പതും അദ്ധ്യായങ്ങൾ മാത്രമേ ഉപനിഷത്തായി അംഗികരിച്ചിട്ടുള്ളൂ. വേദാംഗങ്ങളിൽ ശിക്ഷാവല്ലിയിൽ കർമ്മജ്ഞരായും ധർമ്മിഷ്ടരായും ജീവിക്കുവാൻ ഉപദ്ദേശിക്കുന്നു. സന്മാർഗമൂല്ല്യങ്ങൾക്കാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. ബ്രഹ്മാനന്ദവല്ലിയിൽ ബ്രഹ്മം സത്യവും ജ്ഞാനാനന്ദ രൂപവും ആത്മാവിൽ നിന്ന് ആകാശവുമെന്ന ശാന്തിമന്ത്രത്തോടെ തുടങ്ങുന്നു. ബ്രഹ്മത്തെ അറിയുന്നവൻ ഭയത്തിന്‌ അതീനനായി തീരുന്നുവെന്നും ബ്രഹ്മാനന്ദവല്ലിയിൽ ഉണ്ട്. ഭ്രുഗുവല്ലിയിൽ ബ്രഹ്മവിദ്യയെ പഠിപ്പിക്കുന്നു. അന്നമാണ് ബ്രഹ്മം, പ്രാണനാണ്‌ ബ്രഹ്മം, എന്നിങ്ങനെ സത്യസാക്ഷാത്ക്കരമായ ശാന്തിമന്ത്രമാണിതിലുള്ളത്. ശബ്ദകോലാഹല പ്രാർഥനകളെ തൈത്തിരീയോപനിഷത്ത് വിവരിച്ചിട്ടുങ്കിൽതന്നെ തികച്ചും അപ്രധാനമാണ്. അത്തരം ഉപനിഷത്തുക്കൾ സനാതനധർമ്മങ്ങൾക്ക് പുറത്തുമാണെന്ന് വ്യക്തം.

    ReplyDelete
    Replies
    1. Thank you Joseph for this asesment. I have not received the second part of the book yet. The first part was anyway not very special. I fully agree with your opinion, if that's (what you mentioned in the comment) what he says in his book. I thought 40 years of study and research would deliver something more solid.

      Delete