Translate

Wednesday, April 10, 2013

സുവിശേഷപഠനം


നീളക്കൂടുതൽ കാരണം ഇത് ഒരു ലേഖനമായി പോസ്റ്റ്‌ ചെയ്യേണ്ടി വരുന്നു. 

കുമ്പസാരത്തിന്റെ മറവിൽ ഇത്രമാത്രം അരുതായ്കകൾ നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു! ആ വിഷയത്തിൽ തത്ക്കാലം കൂടുതലൊന്നും പറയാൻ കാണില്ല എന്ന നിഗമനത്തിലാണ് നഷ്ടപ്പെട്ട സുവിശേഷങ്ങളിലേയ്ക്ക് തിരിഞ്ഞത്. ആ അന്വേഷണം നമ്മൾ അംഗീകൃതവും അല്ലാത്തതുമായ സുവിശേഷങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം. സുവിശേഷപഠനം ഒരു വലിയ വിജ്ഞാനശാഖയാണ്‌. പള്ളിപ്രസംഗം കേട്ടാൽ ഉണ്ടാകുന്ന അറിവല്ല മനസ്സിരുത്തി വായിച്ചും ധ്യാനിച്ചും ആര്ജ്ജിക്കാവുന്ന അറിവുകൾ. ആദ്ധ്യാത്മികമായി  ഉണർവ്വ് നേടിയ ബോബി ജോസ് കട്ടിക്കാടിനെ പ്പോലെയുള്ളവരുടെ പുസ്തകങ്ങൾ  ഇക്കാര്യത്തിൽ നല്ല വഴികാട്ടിയാണ്‌. അതുപോലെ ഫാ. കാപ്പന്റെയും മറ്റും.

സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ, വച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി.

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും,അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions).

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്.

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ 50-60 വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെവാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി.

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരണങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നുംസ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

9 comments:

  1. അല്മായാ ശബ്ദത്തില്‍, വെറുമൊരു ബ്ലോഗ്ഗില്‍ നടക്കുന്നതിനേക്കാള്‍ സമ്പന്നമായ ചര്ച്ചകള്‍ അരങ്ങേറുന്നു. തിര്ച്ചയായും ഇത്തരം സംവാദങ്ങള്‍ എല്ലാവരേയും പുതിയ പുതിയ അറിവുകള്‍ കൊണ്ട് സമ്പന്നരാക്കുന്നുമുണ്ട്. മനസ്സിലേക്ക് ആശയങ്ങള്‍ പതിപ്പിക്കാന്‍ യുക്തിയും ആവശ്യമുണ്ട്. ബൈബിളിലൂടെ യേശുവിനെ പഠിപ്പിക്കുന്നതുകൊണ്ടാണ്, ശ്രി. സാക് ചൂണ്ടിക്കാണിച്ചതുപോലുള്ള ഒരു തിക്കുമുട്ടല്‍ പിന്നീട് പലര്ക്കും അനുഭവപ്പെടുന്നത്. ആദ്യം യേശുവിനെയും പിന്നീട് ബൈബിളും പഠിപ്പിക്കുന്ന ഒരു ക്രമമായിരുന്നു നാം അനുവര്ത്തി ക്കേണ്ടിയിരുന്നത്.

    കമ്മ്യുണിസ്റ്റ് റക്ഷ്യയിലേക്ക് കുറെ ബൈബിള്‍ ഒളിച്ചു കടത്തിയ ഒരു വൈദികന്‍റെ കഥയുണ്ട്. അദ്ദേഹം ഒരു ഗ്രാമത്തില്‍ ചെന്ന്, അടുത്തെങ്ങാനും പള്ളിയുണ്ടോയെന്നു അന്വേഷിച്ചു. ഭാഷകൊണ്ട് അദ്ദേഹം വിദേശിയാണെന്നു മനസ്സിലാക്കിയ ഗ്രാമീണന്‍, കുറെ ദൂരെയൊരു പള്ളിയുണ്ടെന്നും, പക്ഷെ അവിടെ ആളുകള്‍ സംസാരിക്കുന്ന ഭാഷ താങ്കള്ക്ക് ഒട്ടും മനസ്സിലാകാന്‍ ഇടയില്ലെന്നും പറഞ്ഞു. ക്രിസ്ത്യാനികള്ക്ക് എവിടെയായിരുന്നാലും ഒരൊറ്റ ഭാഷയെയുള്ളൂവെന്നായി വിദേശി. അതേത് ഭാഷയാണെന്ന് ഗ്രാമീണന്‍ ചോദിച്ചു. അഗാപ്പെയെന്ന്‍ പറഞ്ഞിട്ട്, വിദേശി അയാള്‍ കാണിച്ച വഴിയെ പള്ളി അന്വേഷിച്ചു പോവുകയും ചെയ്തു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ വിദേശി മടങ്ങി വന്നു. അദ്ദേഹത്തെ വീണ്ടും കണ്ട ഗ്രാമിണന്‍ അയാളോട് അഗാപ്പെയെന്നൊരു ഭാഷയില്ലെന്ന് അയാള്ക്ക് മനസ്സിലായിയെന്നു പറഞ്ഞു. അഗാപ്പെയെന്നു പറഞ്ഞാല്‍ മറ്റുള്ളവര്ക്ക് വേണ്ടി പൂര്ണ്ണ്മായും സമര്പ്പിക്കുന്ന സ്നേഹമെന്നെ അര്‍ത്ഥമുള്ളൂവെന്നു പണ്ഡിതന്മാരോട് ചോദിച്ച് അയാള്‍ മനസ്സിലാക്കിയെന്നു പറഞ്ഞു. അതിന്‍റെ അര്ത്ഥം അതുതന്നെയാണെന്നും ആ പെരുമാറ്റ ഭാഷയാണ് ക്രൈസ്തവന്‍റെതെന്നും വിദേശി മറുപടി പറഞ്ഞു.

    ആ ഭാഷ വായിക്കാനും സംസാരിക്കാനും എന്നെ പഠിപ്പിച്ച യേശുവാണ് എന്‍റെ ഗുരു, ആ ഭാഷയിലേക്ക് തര്ജ്ജമ ചെയ്യാന്‍ പറ്റാത്ത എല്ലാ വാക്കുകളും എനിക്ക് അസ്വീകാര്യവുമാണ്. അടുത്ത കാലത്ത് യാദൃശ്ചികമായി ഒരു വീട്ടില്‍ പോകാനിടയായി. പരമ ദാരിദ്ര്യത്തിലാണ് അവര്‍ കഴിഞ്ഞുകൊണ്ടിരുന്നതെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. അടുക്കളയില്‍ തറയില്‍ തന്നെ അടുപ്പ് കൂട്ടി പാചകം ചെയ്യുന്ന വീട്ടമ്മ വിവിധ രോഗങ്ങളാല്‍ വിഷമിക്കുന്നുവെന്നു കൂടി അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. പരിമിതമായ ആദായം കൊണ്ട് അവര്‍ കാര്‍ന്നവന്മാരെയും നോക്കി, കുട്ടികളെയും പഠിപ്പിച്ചു. ഒരു മകന്‍ P HD പാസ്സായി അമേരിക്ക വരെ എത്തി. ഒരു മാസം കൂടി കഴിഞ്ഞാല്‍ ജോലി ചെയ്യാനുള്ള അനുവാദം കിട്ടുമെന്ന് അവര്‍ പറഞ്ഞു. അവിടെയുമുണ്ടായിരുന്നു ശക്തമായ പള്ളികൂട്ടായ്മ. ഒരു ചില്ലി പൈസയുടെ സഹായം പള്ളിയില്‍ നിന്ന് അവര്ക്ക് കിട്ടിയിട്ടില്ല, അവര്‍ അങ്ങിനെയല്ല പള്ളിയെ കാണുന്നതും. അമേരിക്കയില്‍ ജോലി ഉറപ്പാക്കിയാല്‍ ഉടന്‍ പള്ളി കമ്പ്യുട്ടറില്‍ ആ വിവരം കേറും. അത് എങ്ങിനെ മുതലാക്കണമെന്നു നിശ്ചയമുള്ള അഭിഷിക്തര്‍ എന്നെങ്കിലും അഗാപ്പെ ഭാഷ സംസാരിചിട്ടുണ്ടോയെന്നു സംശയിക്കണം.

    ഇവിടെ സര്വ്വത്ര നടപടി ക്രമങ്ങളാണ്. ഒരാള്‍ അച്ചനാകാന്‍ തീരുമാനിച്ചാല്‍ ആദ്യം വികാരിയുടെ സ്വഭാവ സര്ട്ടിഫിക്കറ്റും, മറ്റു കൂദാശ സര്ട്ടിഫിക്കറ്റുകളുമായി മെത്രാന് അപേക്ഷ കൊടുക്കണം. ഇതുപോലുള്ള അനാവശ്യ നടപടി ക്രമങ്ങള്‍ അല്മായന്‍റെ ഓരോ പടിയിലും കാണാം. ഒരു വൈദികന്‍ കിഡ്നി ദാനം ചെയ്യാന്‍ തിരുമാനിച്ചാലും മെത്രാന്‍റെ അനുവാദം വേണം. സഭയുടെ നടപടി ക്രമങ്ങളെപ്പറ്റി ഇമ്മിണി വല്യ ഒരു ഗുരു പറഞ്ഞത്, ചിലര്ക്ക് തെറ്റുപറ്റിയെന്നിരിക്കും, ചിലരുടെ തെറ്റുകള്‍ ഗുരുതരവുമായിരുന്നിരിക്കാം, പക്ഷെ ആത്മീയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സഭയുടെ അധികാരം, സാക്ഷാല്‍ പരി.ആത്മാവ്‌ കൊടുത്തതാണത്രേ. സഭയുടെ തെറ്റുകള്‍ കൊണ്ട് കുഴിയില്‍ ചാടിയവരെ ഏത് ആത്മാവാണോ രക്ഷിക്കുക?
    ക്രൈസ്തവനു ഒരളവുകോലേയുള്ളൂ, അത് സ്നേഹത്തിന്‍റെതാണ്. ആ ഫലം തരാത്ത സര്വ്വ് വൃക്ഷങ്ങളും വെട്ടിയരിഞ്ഞു അഗ്നിയില്‍ തള്ളുക തന്നെ ചെയ്യണം. സഭയുടെ തീരുമാനങ്ങളെ ന്യായീകരിക്കത്തക്ക രീതിയില്‍ വചനങ്ങള്‍ അടിച്ചു പരത്തുന്നത് കാണുന്നുണ്ടെങ്കില്‍ സാക് പറഞ്ഞത് അപ്പാടെ ശരിയാണ്.

    ReplyDelete
  2. വേറെ ഒരു രീതിയിൽ ചിന്തിച്ചു നോക്കാം ,ബൈബിളിലെ ഓരോ വാക്കുകൾ പോലും ശരിയാണ് എന്ന് . പക്ഷെ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന അർഥം അല്ല മറ്റൊരു അർത്ഥം ആണ് അവയ്ക്ക് ഉള്ളത് എങ്കിലോ ?
    പഴയനിയമത്തിലെ ജനങ്ങളെ അടിമകളെപ്പോലെ കാണുന്ന ,മോശയ്ക്കു മുന്നില് കാണപ്പെടുന്ന ,
    പകൽ തണലും രാത്രിയിൽ വെളിച്ചം നല്കുന്ന മേഘം ആയി അവതരിക്കുന്ന ദൈവം - അത് എന്തായിരിക്കും .

    ReplyDelete
    Replies
    1. ബൈബിളിലെ വാചകങ്ങളില്‍ സഭ ബോധപൂര്വ്വം തിരുത്തുകള്‍ വരുത്തിയിട്ടുണ്ടെന്നത് ശരിതന്നെയാണ്. അതുപോലെ തന്നെ വചനങ്ങളില്‍ പലതിന്‍റെയും സഭാ വ്യാഖ്യാനങ്ങളല്ലേ തെറ്റിയത് എന്നുള്ള ചോദ്യത്തിലും പ്രസക്തിയുണ്ട്. ആദ്യകാലത്ത് സഭയില്‍ ധാരാളം മിസ്ടിക്കുകള്‍ ഉണ്ടായിരുന്നു. പുറം കണ്ണുകൊണ്ട് ലോകം കാണുന്നതിനേക്കാള്‍ ഏറെ അവര്‍ കണ്ടിരുന്നു. മിസ്ടിക്കുകളെ സഭ നിഷ്കരുണം ഒതുക്കി. ഒടുവില്‍ മനോഹരമായ അര്ത്ഥതലങ്ങളുള്ള ബൈബിള്‍ കഥകള്‍ വ്യാകരണം നോക്കി വ്യാഖ്യാനിക്കേണ്ട ഗതികേടും നമുക്കുണ്ടായി. നഷ്ടപ്പെട്ട സുവിശേഷങ്ങളില്‍ ലാസ്സര്‍ മരിച്ചിട്ടില്ലായിരുന്നുവെന്ന ഒരു സൂചനയുണ്ട്. പക്ഷെ, യേശു ആ കല്ലറയുടെ മുമ്പില്‍ നിന്ന് പറഞ്ഞ വാക്കുകളിലുള്ള പരമമായ വിശ്വാസത്തിന്‍റെ അടയാളങ്ങള്‍ തുന്നിച്ചേര്ക്കാവുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അത് പോലെ നിരവധി ഉദാഹരണങ്ങള്‍. ആഴത്തിലുള്ള അര്ത്ഥതലം വചനങ്ങള്ക്കു ള്ളത് കൊണ്ടാണ് ബൈബിള്‍ വായിക്കാന്‍ ലോകത്തിനു താല്പ്പര്യം. അത് കാണാത്തത് ക്രിസ്ത്യാനി മാത്രമാണെന്നത് വൈരുദ്ധ്യം തന്നെ.

      Delete
  3. വായനക്കാരന്റെ ആശയ ,അനുഭവതലങ്ങൾ ഉയരങ്ങളിലേക്ക് പോകുംതോറും വാക്കുകളുടെ അർത്ഥം മാറിക്കൊണ്ടിരിക്കും . സഭാ വ്യാഖാനങ്ങൾ എല്ലാം തന്നെ അബദ്ധങ്ങൾ ആണ് . മിസ്റ്റിക്കുകൾ ഇപ്പോഴും സഭയിൽ ഉണ്ട് . അവർ ഇന്നും പീഡിപ്പിക്കപ്പെടുന്നു .

    ReplyDelete
  4. അല്മായാ ശബ്ദത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില കുറിപ്പുകളെങ്കിലും, ഇതിലെ എഴുത്തുകാര്‍ ആരെയോ ചെളിവാരി എറിയാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്നുള്ള തോന്നല്‍ ഉളവാക്കുന്നുണ്ട്. ഒരു ജനതതിയെ മുഴുവന്‍ സഭാ സംവിധാനം തെറ്റായ മാര്ഗ്ഗ ത്തിലേക്ക് നയിക്കുന്നുവെന്ന തോന്നല്‍ പലരിലും രൂക്ഷമായതുകൊണ്ടാണ് അത് സംഭവിക്കുന്നത്‌. പക്ഷെ, ആത്മസംയമനം ഇല്ലാത്ത സമീപനം ദോഷമേ ചെയ്യൂവെന്ന് സദയം മനസ്സിലാക്കുക.
    അഭിഷിക്തര്‍ യേശുവിന്‍റെ മാര്ഗ്ഗം എന്തെന്ന് മനസ്സിലാക്കി വിശ്വാസികളെ യേശുവിലേക്ക് നയിക്കുകയെന്ന ദൌത്യത്തില്‍ നിന്ന് മാറി സഭയിലൂടെ യേശുവിനെ പഠിപ്പിക്കാന്‍ വിധിക്കപ്പെട്ടവരായി. വേദപഠന ക്ലാസുകള്‍ സഭയുടെ മനസ്സിലാക്കലുകളും നിയമസംഹിതയും പഠിപ്പിക്കാന്‍ വേണ്ടിയാണെന്നുള്ള ആരോപണവും രൂക്ഷമാണ്. ഇതിന്‍റെ പരിണിത ഫലമാണ് ആദ്ധ്യാത്മികമായി ഉണര്വ്വ് നേടിയവരുടെ സംഖ്യയില്‍ വന്ന കുറവ്.

    സാക് പറഞ്ഞതിനോട് തത്വത്തില്‍ ഞാനും യോജിക്കുന്നു. ചരിത്ര പുരുഷനായ യേശുവിനെ പരിചയപ്പെടുത്തുന്നതിന് പകരം, യേശുവിന്‍റെ അനുഗാമികളായി വന്നവരുടെ വാക്ക് വിലാസത്തില്പ്പെട്ട് അവര്‍ യേശുവില്‍ ചാര്ത്തിയ വിശേഷണങ്ങള്‍ എല്ലാം ഇണങ്ങുന്ന ഒരു ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ ആരൊക്കെയോ ശ്രമിച്ചു. നാഗ്ഹമാദി ചുരുളുകള്‍ കുഴിച്ചിട്ട സ്ഥലം ഒരു ക്രൈസ്തവാശ്രമം ആയിരുന്നുവെന്നുള്ള നിഗമനം ശരിയാണെങ്കില്‍, നല്ലവരായ കുറെ ധന്യാത്മാക്കളെങ്കിലും നിലനില്പ്പിനായി പൊരുതേണ്ടി വന്നുവെന്ന് അനുമാനിക്കേണ്ടി വരും.

    അനുകൂലിക്കുന്നവരും അല്ലാത്തവരും അണിനിരക്കുമ്പോഴേ ചര്ച്ച് സജീവമാവുകയുള്ളൂ. അല്മായാ ശബ്ദം ഒരു നല്ല സംവാദ വേദിയായപ്പോള്‍ ഹിറ്റുകളുടെ കാര്യത്തില്‍ ശ്രദ്ധെയമായ വളര്ച്ച്യും ഉണ്ടായി.

    Joseph Mattappally (ph: 09495875338 )
    jmattappally@gmail.com

    ReplyDelete
  5. ജ്ഞാനവാദ (gnostic) സുവിശേഷങ്ങളിലെ യേശു
    സഭ അംഗീകരിച്ചിട്ടുള്ള നാല് സുവിശേഷ ഗ്രന്ഥങ്ങളൊഴിച്ചുള്ള, apocriphal എന്ന് വിളിക്കപ്പെടുന്ന, സമാനകൃതികൾ പൊതുവേ ജ്ഞാനവാദത്തിൽ അധിഷ്ഠിതമാണ്. അവയിലെ യേശു, സഭ ഇന്ന് പ്രചരിപ്പിക്കുന്നതുപോലെ ദൈവഭക്തിയും സദാചാരവും പ്രസംഗിച്ചു നടന്ന ഒരു സമാധാനപ്രിയനായിരുന്നില്ല. എല്ലാം നവീനമായി വിലയിരുത്തുക എന്നതായിരുന്നു അവിടുത്തെ രീതി. അതുകൊണ്ടുതന്നെ വാളെടുക്കുക , തീയിടുക, കലഹം സൃഷ്ടിക്കുക എന്നതൊക്കെ അടുക്കലടുക്കൽ നാം കാണുന്ന ആശയങ്ങള ആണ്. അസമത്വവ്യവസ്ഥകളെ പിന്താങ്ങിയിരുന്ന മതമേധാവിത്തത്തെ യേശുവിനു എതിർക്കേണ്ടിവന്നത് അതുകൊണ്ടാണ്.

    ദൈവം സ്നേഹമാണ് എന്ന സങ്കൽപം യേശുവിന്റെ തനതു കണ്ടെത്തലാണ്. അത് പഴയ നിയമത്തിലേതല്ല. വെറുപ്പും ക്രോധവും നിറഞ്ഞ ഒരു ഗോത്രത്തലവനായിരുന്നു പഴയ ദൈവം. അത് തന്നെയാണ് ഇന്നത്തെ സഭയും ഇഷ്ടപ്പെടുന്നത്, യേശുവിന്റെ ദൈവത്തെയല്ല. അതുകൊണ്ടാണ് രാജാവ് പ്രഭു,യജമാനൻ പിതാവ് എന്നിങ്ങനെയുള്ള പുരുഷഭാവങ്ങൾ സഭയിൽ ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. അതുകൊണ്ടാണ് സഭക്ക് അധികാരവും പണവും വിട്ടൊഴിയാൻ ഇത്ര പ്രയാസം. അതുകൊണ്ട് തന്നെയാണ് സ്ത്രൈണമായതിനോടൊക്കെ സഭാധികാരികൾക്ക് ഇത്ര വെറുപ്പും അകൽച്ചയും.

    ദൈവരാജ്യം എന്നാൽ സ്വയം അറിയുന്നതാണ് എന്നാണ് യേശു പഠിപ്പിച്ചത്. ഓരോ മനുഷ്യനിലും മാത്രമല്ല, ഓരോ കണികയിലും പ്രപഞ്ചത്തിന്റെ - അതായത് സർവ്വതുമായിരിക്കുന്നതിന്റെ - മൂല്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണല്ലോ ആധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുള്ളത്. ഗ്നൊസ്റ്റിക് സുവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ആശയവും മറ്റൊന്നല്ല. എന്നാൽ ഈ ആശയം യാഥാസ്ഥിതികരെ എന്നും ചൊടിപ്പിച്ചുകൊണ്ടിരിക്കും. കാരണം, മനസ്സിന്റെ പ്രബുദ്ധതയിലാണ് അറിവിന്റെ ഉറവിടം. "എപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ അറിയുന്നുവോ,അപ്പോൾ നിങ്ങൾ സത്യമറിയും" എന്ന് തോമസിന്റെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്.

    Zacharias Nedunkanal (9961544169)
    znperingulam@gmail.com

    ReplyDelete
  6. "സ്വയം അറിഞ്ഞാൽ അറിവായ്‌, അറിവുതാനാത്മമോദം" അവനവന്റെ ഉള്ളിൽ ധ്യാനത്തിലൂടെ വിശ്വചേതനയെ സ്വയം കണ്ടെത്തുക എന്നതാണാത്മീകത .. എന്നിൽ ഞാൻ കണ്ടെത്തിയ അതെ സത്ത തന്നെയാണ് ഒരൊജീവാണുവിലും ചലനത്തിന് കാരണമായത്‌ , ഈ വിശ്വമാനസത്തിന്റെ ഒരു കണിക മാത്രമാകുന്നു ഞാൻ , അങ്ങിനെ ഞാനും ഈ സാരപ്രപഞ്ചവും ഒന്നാകുന്നു എന്ന അറിവിന്റെ മഹാസമുദ്രതീരത്തണയാൻ ഓരോ മനസിനും ഭാഗ്യം ലഭിക്കും, അപ്പോൾ ആത്മീകതയുടെ പൊന്നോമന മക്കളായ സ്നേഹത്തിലൂടെ ,ജീവന്റെ വെളിച്ചത്തിലൂടെ നിത്യാനന്ദതേരിലേറി സ്വർഗസീമയോളം നമുക്ക് യാനം ചെയ്യാം..മനസിന്‌ മന്വന്തരങ്ങൾ തോറും പരമാനന്ദഭൂവിൽ സുഖവാസിയുമാകാം..

    ReplyDelete
    Replies
    1. കൂടലച്ചായൻ ധ്യാനത്തെപ്പറ്റി ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നു. അതത്യാവശ്യമാണ്. കാരണം, ഇന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനകളിൽ ധ്യാനം മുങ്ങിപ്പോവുകയാണ്. ജീവനോടുള്ള ബഹുമാനം ധ്യാനത്തിലൂടെ മാത്രമേ ഹൃദയത്തിൽ അന്കുരിക്കുകയുള്ളൂ. അത് പ്രകൃതിയിലുള്ള എല്ലാറ്റിനോടുമുള്ള സ്നേഹമായി പരിണമിക്കനം. എല്ലാറ്റിനോടും സമഭാവനയോടെ പെരുമാറാൻ പഠിച്ചാൽ മാത്രമേ ബലപ്രയോഗങ്ങളെല്ലാം ഈശ്വരനെതിരെയുള്ള അനാദരവായി മനസിലാക്കപ്പെടുകയുള്ളൂ. നോവിക്കുക എന്നത് വിഡ്ഢികൾക്കു മാത്രം സാധിക്കുന്ന നിരാകാരവൃത്തിയാണ്.

      മാ പ്രപഞ്ച നിരാകരോത്. പ്രപഞ്ചത്തെ (ഈശ്വരനെ) നാം നിരാകരിക്കാതിരിക്കട്ടെ.
      സാരാംശത്തെ സ്വാംശീകരിക്കുന്നതാണ് രസം. രസിക്കുക എന്നതിന്റെ എതിരാണ് നിരസിക്കുക. നിരസിക്കുക എന്നാൽ സാരാംശത്തെ മറക്കുക എന്നാണ്. ജീവോ സന്തു! ജീവൻ തിളങ്ങട്ടെ.

      Delete
  7. "സ്വയം അറിഞ്ഞാൽ അറിവായ്‌, അറിവുതാനാത്മമോദം" അവനവന്റെ ഉള്ളിൽ ധ്യാനത്തിലൂടെ വിശ്വചേതനയെ സ്വയം കണ്ടെത്തുക എന്നതാണാത്മീകത ..


    തന്നിലേക്ക് നോക്കുന്നത് പോയിട്ട് ചുറ്റുമുള്ളതുപോലും കാണാൻ അനുവാദമില്ല ഈ അടിമക്കൂട്ടങ്ങൾക്ക് ! എന്തുതരം അരൂപിയാണ്‌ പുരോഹിതൻ ആവാഹിച്ച് ഇവരിൽ നിറക്കുന്നത് ? ഇത്രയാഴത്തിൽ വേരൂന്നിയ വിധേയത്വം സൃഷ്ടിക്കാൻ കഴിഞ്ഞ സ്ഥിതി വിശേഷം എന്തായാലും അപാരം തന്നെ !
    എന്നിട്ട് , താൻ പോലും ശ്രദ്ധിക്കാൻ ഇടയില്ലാത്ത കുറെ പ്രാർത്ഥനകളും ചൊല്ലി , സ്വന്തം ഇഷ്ടങ്ങളുടെ പൂർത്തീകരണത്തിനപ്പുറം , "ആത്മീയത" എന്ന് സങ്കൽപ്പിക്കാൻ പോലുമാകാത്തവർ , പാരമ്പര്യ വിശ്വാസങ്ങൾ നിഷേധിക്കുന്നതിലുള്ള അയുക്തിയും , അതുവഴി ഉണ്ടാകാവുന്ന ദുര്യോഗങ്ങളെ കുറിച്ചുമൊക്കെ വാതോരാതെ വർണ്ണിക്കുന്നത് കേൾക്കുമ്പോൾ സഹതാപം മാത്രമേയുള്ളൂ മനസ്സിൽ !!!
    അടച്ചിട്ട മുറിക്കുള്ളിൽ ഇരുന്നു " വെളിച്ചമേ കടന്നു വന്നാലും " എന്ന് നിലവിളിച്ചു പ്രാർഥിക്കുന്നതാണോ , അതോ സാവധാനം എഴുന്നേറ്റു മുറിയുടെ ജാലകങ്ങൾ ഒന്നൊന്നായി തുറന്നിടുന്നതാണോ ഉചിതം ?
    ഉണ്മയിൽ ("ഞാൻ") ഉണർവ്വ്‌ തെളിയാൻ ഇത്രയേ വേണ്ടൂ ! "അഹ"ത്തിനു പുറത്തു പ്രകാശമുണ്ട് ...
    (നിയോഗ പ്രാർത്ഥനകൾ അഹത്തിൽ ഇരുട്ട് വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ ...)

    ReplyDelete