Translate

Sunday, April 7, 2013

കുമ്പസ്സാരം ദുരുപയോഗം ചെയ്യപ്പെടുന്നു



ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും പിടിമുറുക്കി ഒരു വിശ്വാസിയെ ശ്വാസം മുട്ടിക്കുകയാണ് സിറോ മലബാര്‍ സഭ. നാടുവിട്ടു പോയ അംഗങ്ങളെ ഓടിച്ചിട്ടു പിടിക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. അമേരിക്കയില്‍ ഏതെങ്കിലും ലത്തിന്‍ പള്ളിയില്‍ പോയി കുര്‍ബാന കാണുന്നവര്‍ പറയും, സംഗതി എന്താണെങ്കിലും മനസ്സിന് ഒരു കുളിര്‍മ്മ ലഭിക്കുമെന്ന്. താഴ്ന്ന സ്വരത്തില്‍ വിനയഭാവം സ്പുരിക്കുന്ന പ്രാര്‍ത്ഥനകളും, മൃദുവായ സംഗിതവും, കുര്‍ബാന കഴിഞ്ഞ്, അതേ വേഷത്തില്‍ അച്ചന്‍ ആനവാതിലിന്‍റെ അടുക്കല്‍ വന്നു നിന്ന് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വന്നവരോട് നടത്തുന്ന ക്ഷേമാന്വേഷണവും എല്ലാം ശ്രദ്ധയാകര്‍ഷിക്കുന്നു.

അറക്കല്‍ തമ്പ്രാന്‍ 80 ലക്ഷത്തിന്‍റെ ബുള്ളറ്റ് പ്രൂഫ്‌ കാറ് വാങ്ങി ദൈവരാജ്യം മഹാത്വപ്പെടുത്തുന്നതല്ല ഇന്നത്തെ പ്രധാന പ്രശ്നം; ഒരൊറ്റ വൈദികനും വിശ്വാസികളുടെ പ്രശ്നത്തിലേക്ക് കടക്കാന്‍ കഴിയാത്തവണ്ണം പ്രസ്ഥാനങ്ങളുടെ നടത്തിപ്പ് ചുമതലയുണ്ടെന്നുള്ളതുമല്ല പ്രശ്നം. ഒരൊറ്റ വിശ്വാസിക്കും നേര്‍വഴി കാട്ടി കൊടുക്കാന്‍ ഈ  സന്തതികള്‍ക്ക് കഴിയുന്നില്ലായെന്നതാണ് പ്രശ്നം. ലോകമാസകലം അഭിഷിക്തരുടെ ലൈംഗികാതിക്രമങ്ങളുടെ കഥകള്‍! അമേരിക്കയില്‍ വികാരി വിശ്വാസിയുടെ ഭാര്യയുമായി മുങ്ങുന്നു, മറ്റൊരു ഭക്ത സ്ത്രീയുടെ വീട്ടില്‍ ചെന്ന് വീട്ടമ്മയെ ഉപദ്രവിക്കുന്നു – തല്ലുകൊള്ളുന്നു. കേരളത്തില്‍ കന്യാത്രി ഗര്‍ഭം ധരിക്കുന്നു, പള്ളിപറമ്പിലെ തൊഴിലാളിയുടെ ഭാര്യയുമായി വികാരി വിനോദയാത്ര പോകുന്നു.... അങ്ങിനെ നിരവധി തമാശകള്‍. ചെന്നു – കണ്ടു - കീഴടക്കി എന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. ഇരകള്‍ ഭൂരിഭാഗം കേസുകളിലും നല്ല വിശ്വാസികള്‍. ഇവരെല്ലാം തന്നെ പ്രതികളുടെ അടുത്തു കുമ്പസ്സാരിച്ചിട്ടുമുണ്ട്. ഇവിടെയാണ്‌ കുമ്പസ്സാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്നത്. നിരവധി ഭര്‍ത്താക്കന്മാര്‍ ഇത് ചൂണ്ടിക്കാണിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍നിന്നു പുറത്തേക്കുള്ള ഒഴുക്ക് ആദ്യമായി സംഭവിച്ചത്, പാപ പരിഹാരത്തിന് എളുപ്പമുള്ള ചെലവ് കുറഞ്ഞ ദൃശ്യ പരിഹാരം കത്തോലിക്കാ സഭയില്‍ ഇല്ലായെന്നുള്ളതാണെന്നു മനസ്സിലാക്കിയ വിദഗ്ദന്മാരാണ് നിലവിലുണ്ടായിരുന്ന പരസ്യപശ്ചാത്താപം മാറ്റി കുമ്പസ്സാരം ആവിഷ്കരിച്ചത്. പറഞ്ഞതുപോലെ പാപം പോകുന്നില്ലായെന്ന് വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍, ആണ്ടില്‍ ഒന്നെങ്കിലും ചെയ്യണമെന്നും, ആഴ്ചയില്‍ ഒന്നെന്നും, ദിവസവും എന്നുമൊക്കെ ഇതിന്‍റെ നിര്വ്വചനങ്ങള്‍ മാറിക്കൊണ്ടിരുന്നു - ഒടുവില്‍ ഒരു പാപവും ചെയ്തില്ലെങ്കിലും കുമ്പസ്സാരിക്കണമെന്നായി. കടുത്ത ശിക്ഷയായപ്പോള്‍ ആള് വരവ് കുറഞ്ഞു, ഇപ്പോള്‍ അത് ഒരു കുരിശുവരയില്‍ വരെ എത്തി നില്‍ക്കുന്നു. നമ്മുടെ കഴിഞ്ഞതും കഴിയാനിരിക്കുന്നതുമായ പാപങ്ങളുടെ പരിഹാരം യേശു കുരിശില്‍ ചെയ്തു കഴിഞ്ഞുവെന്നു സഭ പഠിപ്പിക്കുന്നു. ഒരു മഹാഗുരുവിനു അത് സാധിക്കുകയും ചെയ്യും, അതിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല. പക്ഷെ, കാരുണ്യവാന്മാരില്‍ കാരുണ്യവാനായ യേശുവിന്‍റെ അടുക്കലേക്കു തിരിഞ്ഞു പശ്ചാത്തപിച്ചു തന്‍റെ തെറ്റുകള്‍ സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കേണ്ടത്തിനു പകരം, കുമ്പസാരക്കൂട്ടിലേക്ക് വന്നേ ഒക്കൂവെന്ന് പറയുന്നതില്‍ എന്ത് യുക്തി? ഭൂമിയില്‍ നിങ്ങള്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുമെന്ന് യേശു പറഞ്ഞത്, യേശുവിനെ പഠിപ്പിക്കുന്ന തന്‍റെ ശിക്ഷ്യരോടാണ്. ഒരു നേരവും വിടാതെ പന്നിയും, കോഴിയും തിന്നു വിര്‍ത്തിരിക്കുന്ന ഇന്നത്തെ പുരോഹിതനാണോ യേശുവിന്‍റെ ശിക്ഷ്യര്‍? ഏറ്റവും നല്ല വൈദികന് പോലും പണത്തിനോടുള്ള ആര്‍ത്തി കുറവല്ല. വിതക്കുന്നവന്‍ വിതച്ചത് കൊയ്തെ ഒക്കൂവെന്നു യേശു പറഞ്ഞത് ഇവര്‍ കേട്ടില്ലെന്നുണ്ടോ? ഇതിന്റെ അര്‍ത്ഥം പാപരിഹാരത്തിന് കുറുക്കു വഴികള്‍ വിലക്ക് വാങ്ങിക്കാന്‍ കിട്ടില്ലെന്നല്ലേ? അറിയാവുന്ന ഭക്തരുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ കാണിച്ചു കൂട്ടിയ തെമ്മാടിത്തരങ്ങളുടെ ഫലം അവര്‍ അനുഭവിച്ചു തീരുന്നതും കാണാം. കുമ്പസാരം കൊണ്ട് ആരെങ്കിലും നന്നാവുമെന്നൊരു കാഴ്ച്ചപ്പാട് സഭക്കുമില്ല. എന്‍റെ പാപങ്ങള്‍ മായ്ക്കപ്പെട്ടുവെന്നൊരു ചിന്ത വിശ്വാസിക്കുമില്ല – ഉള്ളവര്‍ക്കാകട്ടെ ഇനിയും പാപം ചെയ്യാമെന്നൊരു തന്‍റെടവും കാണും.

നിരവധി പെരുന്നാളുകള്‍ നടത്തുകയും ഒരു ഞായറാഴ്ച പോലും പള്ളിയില്‍പോക്ക് മുടക്കാതിരിക്കുകയും എന്നും കുമ്പസ്സാരിക്കുകയും ചെയ്തുപോന്ന ഒരു ഭക്തനെ എനിക്കറിയാം – ഇപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു – വട്ടല്ല, പക്ഷെ നാക്കെടുത്താല്‍ ചീത്തയെ പറയൂ. വിധിക്കാന്‍ നമ്മള്‍ ആളല്ല, പക്ഷെ കാണുന്നത് ഇതൊക്കെയാണ്. കുമ്പസാരിച്ചുവെന്ന ഒരൊറ്റ കാര്യം കൊണ്ട് ആരെങ്കിലും സ്വര്‍ഗ്ഗത്തില്‍ ചെന്നുവെന്ന് ഒരാളിനെപ്പറ്റിയും ആരും പഠിപ്പിക്കുന്നുമില്ല. പിന്നെന്തിനു ഈ പ്രഹസനം? വിശ്വസിച്ചാലും ഇല്ലെങ്കിലും, ആളുകള്‍ വ്യാപകമായി കുമ്പസാരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണിന്ന്, ആഗോളതലത്തില്‍ തന്നെ. പക്ഷെ, കുര്‍ബാന കൈക്കൊള്ളുന്നതിന് അവര്‍ മടി കാണിക്കാറുമില്ല. കുമ്പസാരിക്കാതെ ഓസ്തിയിലേക്ക് നോക്കരുതെന്ന് പോലും പറഞ്ഞു പേടിപ്പിച്ചിരുന്ന കാലം പോയിട്ട് എത്ര നാളായി. മനസ്സുള്ളവന്‍ കുമ്പസാരിച്ചു അല്ലാത്തവന്‍ പോയില്ല, അതുകൊണ്ട് ആ പ്രശ്നം തിരേണ്ടതാണ്. പക്ഷെ, വൈദികര്‍ വ്യാപകമായി ഈ കൂദാശ(?) സ്വന്തം നിര്‍വൃതിക്ക് വേണ്ടിയും, ചാഞ്ഞു നില്‍ക്കുന്ന മരങ്ങളെ വളക്കുവാനും വേണ്ടി ഉപയോഗിക്കുന്നു. വൈദികര്‍ പിടിക്കപ്പെടുന്ന മിക്കവാറും നാറ്റ കേസുകളില്‍ അവര്‍ ഇരയുടെ കുമ്പസാര ഗുരുവായിരുന്നുവെന്നത് അവഗണിക്കാന്‍ പറ്റുന്ന കാര്യമല്ല. പള്ളിയോട് ആദ്യം ഒരുവന്‍ അകലുന്നത് കുമ്പസാരമെന്ന കൂദാശയോടുള്ള വിയോജിപ്പോടെയാണെന്നാണ് എനിക്ക് തോന്നുന്നത്.

ഇടവകയിലെ പൊതുസ്ഥിതി അറിയാനും, ഓരോരുത്തരുടെയും ആസ്തി അറിയാനും, പിരിവിനോടുള്ള മനോഭാവം അറിയാനുമൊക്കെ കുമ്പസാരം ഉപയോഗിക്കപ്പെടുന്നു. അല്ലെങ്കിലിവിടെ ഉണ്ടാവുകയില്ലായെന്നു പൊതുയോഗം പറയുന്നതിനേക്കാള്‍ ഇരട്ടി പണം ഓരോ ആവശ്യത്തിനു വികാരിമാര്‍ എങ്ങിനെ പിരിക്കുന്നു? കുമ്പസ്സാര രഹസ്യം പുറത്തു പറയാത്തവരും ഈ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നത് സത്യമാണ്.  കുമ്പസാരം അത്യാവശ്യമാണെങ്കില്‍ ഒന്നുകില്‍ അടുത്ത ഇടവകയില്‍ പോയി അത് ചെയ്യുക, അല്ലെങ്കില്‍ പിന്നീട് പരിചയപ്പെടാന്‍ സാദ്ധ്യതയില്ലാത്തവരെ അതിനുവേണ്ടി നിയോഗിക്കുക. അല്ലെങ്കില്, ഈ വര്ഷം വിശുദ്ധ വാരത്തില്‍ ആട്ടിയതിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ അടുത്ത വര്ഷം ആട്ടേണ്ടി വരും. സഭ പറയുന്നത് തെറ്റാണെങ്കിലും ശരിയാണെങ്കിലും എളിമയോടെ ശിരസ്സാ വഹിച്ചു കൂദാശകള്‍ ചെയ്യുന്ന അനേകം സമര്‍പ്പിത വൈദികര്‍ ഇപ്പോഴും സഭയിലുണ്ട് - അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. 

36 comments:

  1. വ്യാപകമായി ഈ കൂദാശ(?) സ്വന്തം നിര്‍വൃതിക്ക് വേണ്ടിയും, ചാഞ്ഞു നില്‍ക്കുന്ന മരങ്ങളെ വളക്കുവാനും വേണ്ടി ഉപയോഗിക്കുന്നു. വൈദികര്‍ പിടിക്കപ്പെടുന്ന മിക്കവാറും നാറ്റ കേസുകളില്‍ അവര്‍ ഇരയുടെ കുമ്പസാര ഗുരുവായിരുന്നുവെന്നത് അവഗണിക്കാന്‍ പറ്റുന്ന കാര്യമല്ല. ഈ സത്യത്തെക്കുറിച്ച് നമ്മുടെയിടയില്‍ നന്നായി ബോധവല്‍ക്കരണം നടത്തെണ്ടാതായി ഉണ്ട്?


    കുബ്ബസാരം നിര്ബ്ബന്ധമുള്ളവര്‍ ഉണ്ടെങ്കില്‍ അത് ഒരു കൌണ്‍സിലിംഗ് എന്നാ രീതിയില്‍ ആകുന്നതില്‍ തെറ്റില്ല, കുര്‍ബ്ബാന കൊടുക്കാന്‍ സ്ത്രീകളെ അനുവദിക്കാം എങ്കില്‍ സ്‌ത്രീകളെ കുംബസാരിപ്പിക്കാനും സ്‌ത്രീകളെത്തന്നെ ഏര്‍പ്പെടുത്തിക്കൂടെ?

    ReplyDelete
    Replies
    1. വളരെ അർത്ഥവത്തായ രണ്ടാശയങ്ങളാണ് പിപ്പിലാഥൻ മുന്നോട്ടു വയ്ക്കുന്നത്.

      1. കുമ്പസാരത്തിനു പകരം കൗണ്‍സെലിങ്ങ്. പാപമെന്നത് വെറുതേ ദൈവത്തിന്റെയോ സഭയുടെയോ ഒരു നിയമത്തിന്റെ ലംഘനമല്ല. മറിച്ച്, പ്രകൃതിയിലെ ജൈവതാളത്തിനു എതിരെ പോകാനുള്ള സ്വാര്ത്ഥതയാണ്. ആദ്ധ്യാത്മികത എന്നത് ഈ താളത്തിനൊത്ത് ജീവിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരിപോഷണമാണെന്ന് അംഗീകരിക്കപ്പെടുകയും അത് വിശ്വാസികളെ പറഞ്ഞു ബോധവൽക്കരിക്കുകയും ചെയ്യാത്തിടത്ത് ആദ്ധ്യാത്മികമായി കുമ്പസാരം ഒരു ഗുണവും ചെയ്യില്ല. മേല്പ്പറഞ്ഞ താളം തെറ്റിക്കുമ്പോൾ മനസ്സില് കളങ്കം ഉണ്ടാകും. അത് ഒരു യാന്ത്രികാനുഷ്ഠാനംകൊണ്ടല്ല, ബോധവല്ക്കരണവും സ്വയം തിരുത്തലും കൊണ്ടേ മാറിക്കിട്ടു. അതിനുവേണ്ടിയത് കൗൻസെലിങ്ങ് ആണ്.

      2. കൗണ്‍സെലിങ്ങിനു സ്ത്രീകൾക്കും പരിശീലനം നേടാം. എന്നാൽ ആണായാലും പെണ്ണായാലും ആഴമായ ഗ്രാഹ്യവും തൊഴിലിനോട് പ്രതിപത്തിയും ഇല്ലാത്തവർ ഇക്കാര്യം ഏറ്റെടുത്താൽ ഗുണത്തെക്കാൾ കൂടുതൽ ദോഷമേ ഉണ്ടാകൂ. 'പോട്ട'കളിലും മറ്റും വെളിപാടനുസരിച്ച് കൗൻസെലിങ്ങ് നടത്തി ഉള്ളതും കൂടി കുളമാക്കുന്ന കഥകൾക്ക് അവസാനമില്ലല്ലൊ. പട്ടം കിട്ടിയവരെല്ലാം കുമ്പസാരിപ്പിക്കാൻ കഴിവ് കാണിക്കാത്തതുപോലെ, വെറുതെ ഒരാഴ്ചത്തെ കോഴ്സ് കഴിഞ്ഞ് ഈ പണിക്കു പോയാൽ വെറുതേ നാറുകയെ ഉള്ളൂ. പ്രൊഫെഷണൽ ആയി കാര്യങ്ങൾ ചെയ്യുന്നതിൽ മലയാളികളുടെ കഴിവ് കമ്മിയാണ്. തട്ടിക്കൂട്ടാണ് അവർക്കറിയാവുന്ന ഒരേയൊരു ഏർപ്പാട്. ചിലടത്തൊക്കെ അതുകൊണ്ട് പറ്റിക്കാം. എന്നാൽ മനുഷ്യന്റെ മനസ്സും ആത്മാവുമായി ഇടപെടുമ്പോൾ വേണ്ട ശിക്ഷണമില്ലാതെ ഒരു തുടക്കം പോലും പാളിപ്പോകും. അതാണ്‌ നമ്മുടെ അച്ചന്മാർക്ക് പറ്റുന്നത്. പത്തോ അതിലധികമോ വർഷം പള്ളിപ്പുസ്തകങ്ങൾ കാണാതെ പഠിച്ചു പുറത്തിറങ്ങുന്നവർ സ്കൂളിൽ പോയിട്ടില്ലാത്തവരെക്കാൾ ഒക്കന്മാരായി പെരുമാറും.

      Delete
  2. നല്ല കാര്യമായി. സ്ത്രീക്കു പറ്റിയ അധികാരം. ഭർത്താവ് കിടപ്പറമുറിയിൽ പറയുന്ന രഹസ്യംപോലും വൈറസായി ലോകം മുഴുവൻ എത്തികൊള്ളും. ചില പുരുഷന്മാരും കുറവല്ല. മുപ്പതിനും നാൽപ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് കൂടുതൽ പാപികളെന്നു തോന്നുന്നു. ഒരു മണിക്കൂറെങ്കിലും കുമ്പസാരിക്കുവാൻ വേണം. കുമ്പസാരകൂട്ടിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് ഏങ്ങലടിച്ചു കരയുന്നതും കേള്ക്കാം. ചിലപ്പോൾ കുമ്പസാരിപ്പിക്കന്ന അച്ചന്റെയും എങ്ങലടിയുണ്ട്. അടക്കി പിടിച്ചിരിക്കുന്ന അച്ചന്റെ ശ്രിംഗാരം പൊട്ടിയൊഴുകുവാനുള്ള ഒരവസരമാണ് കുമ്പസാരക്കൂട്.ചതിച്ചേക്കല്ലേ അല്മായ ശബ്ദം!!!

    ReplyDelete
  3. നമ്മുടെ കഴിഞ്ഞതും കഴിയാനിരിക്കുന്നതുമായ പാപങ്ങളുടെ പരിഹാരം യേശു കുരിശില്‍ ചെയ്തു കഴിഞ്ഞുവെന്നു സഭ പഠിപ്പിക്കുന്നു. ഒരു മഹാഗുരുവിനു അത് സാധിക്കുകയും ചെയ്യും, അതിനെ അവിശ്വസിക്കേണ്ട കാര്യവുമില്ല. പക്ഷെ, കാരുണ്യവാന്മാരില്‍ കാരുണ്യവാനായ യേശുവിന്‍റെ അടുക്കലേക്കു തിരിഞ്ഞു പശ്ചാത്തപിച്ചു തന്‍റെ തെറ്റുകള്‍ സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കേണ്ടത്തിനു പകരം, കുമ്പസാരക്കൂട്ടിലേക്ക് വന്നേ ഒക്കൂവെന്ന് പറയുന്നതില്‍ എന്ത് യുക്തി?
    പാപത്തെപ്പറ്റിയും രക്ഷയെപ്പറ്റിയും സഭ കണ്ടമാനം ലളിതവത്കരണം നടത്തി എല്ലാം അർത്ഥശൂന്യമാക്കിക്കഴിഞ്ഞു. മറ്റൊരു കമെന്റിൽ ഞാൻ എഴുതിയത് പോലെ പാപമെന്നത് വെറുതേ ദൈവത്തിന്റെയോ സഭയുടെയോ ഒരു നിയമത്തിന്റെ ലംഘനമല്ല. മറിച്ച്, പ്രകൃതിയിലെ ജൈവതാളത്തിനു എതിരെ പോകാനുള്ള സ്വാര്ത്ഥതയാണ്. ആദ്ധ്യാത്മികത എന്നത് ഈ താളത്തിനൊത്ത് ജീവിക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരിപോഷണമാണെന്ന് അംഗീകരിക്കപ്പെടുകയും അത് വിശ്വാസികളെ പറഞ്ഞു ബോധവൽക്കരിക്കുകയും ചെയ്യാത്തിടത്ത് ആരും ആദ്ധ്യാത്മികമായി വളരുകയില്ല. മേല്പ്പറഞ്ഞ താളം തെറ്റിക്കുമ്പോൾ മനസ്സിൽ കളങ്കം ഉണ്ടാകും. അത് അസ്വസ്ഥത സൃഷ്ടിക്കും. അത് തിരിച്ചറിയാനാണ് മനുഷ്യരെ പഠിപ്പിക്കേണ്ടത്. മൊത്തത്തിൽ ഒരു അഴിച്ചുപണി ഇക്കാര്യങ്ങളിൽ നടക്കാതെ വിശ്വാസം ആരെയും രക്ഷിക്കുകയില്ല. പരിസ്ഥിതിക്കെതിരായ പാപം എന്നൊക്കെ ചിന്തിച്ചുതുടങ്ങുന്നത് അതിന്റെ തുടക്കമായി കരുതാം. യാന്ത്രികതയാണ് സഭയിൽ വിഷമായിത്തീർന്നിരിക്കുന്നതു. ശരിയായ അവബോധമാണ് അതിനുള്ള മരുന്ന്.

    ReplyDelete
  4. കുമ്പസാരത്തിനു പകരം കൌണ്സലിംഗ് ആകാം എന്ന അഭിപ്രായം നല്ലത്. അത് ഇതിനേക്കാള്‍ ഭേദമായിരിക്കാം എന്ന് തോന്നുമെങ്കിലും അപകടം പിടിച്ചത് തന്നെ. തെറ്റായ സഭാപഠനങ്ങളും, സ്വയം അവകാശപ്പെടുന്ന വെളിപാടുകളും വിളമ്പിത്തുടങ്ങിയാല്‍ എത്ര ദ്രോഹമായിരിക്കാം സംഭവിക്കുന്നതെന്നും കൂടി ചിന്തിക്കേണ്ടതുണ്ട്. ഒരു വിദഗ്ദ പരിശിലനം ലഭിച്ച കൌണ്സിലര്‍ ആണെങ്കില്‍ ഗുണം ചെയ്തേക്കാം. അച്ചന്മാരും ഇരകളും പരസ്പരം പരിചയപ്പെടുന്ന ഒരു വേദിയായി ഇത് ഏതായാലും തുടരാന്‍ പാടില്ല.

    അടുത്ത കാലത്തു ഒരു കണ്ടാല്‍ കൊള്ളാവുന്ന ഒരു കന്യാസ്ത്രിപ്രേഷിത ഒരു വിദ്യാഭ്യാസവുമില്ലാത്ത അന്യനാട്ടുകാരനായ കറവക്കാരന്‍റെ കൂടെയാണ് ഒരു ധ്യാന കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടിപ്പോയത്. കന്യാസ്ത്രികള്ക്കും ഇര പിടിക്കാന്‍ ഈ കൂദാശ പ്രയോജനപ്പെടാറുണ്ട്. കുമ്പസാരം നടന്നെ ഒക്കൂയെന്നു സഭക്ക് നിര്ബ്ന്ധമുണ്ടെങ്കില്‍ ഒരു നല്ല നിര്ദ്ദേശം എനിക്ക് തോന്നിയത്, ആളുകള്‍ പരസ്പരം കാണാതെ ക്ലോസ്ഡ് ഓഡിയോ സര്ക്ക്യുട്ട് ഉപയോഗിച്ച് കുമ്പസാരം നടത്തുക, അല്ലെങ്കില്‍ പാപങ്ങള്‍ എഴുതി കൊഡ് നമ്പര്‍ ഇട്ടു സബ്മിറ്റ് ചെയ്യുക. മറുപടി എഴുതി വാങ്ങിക്കുക. ഒന്നുമല്ലെങ്കില്‍ പാപങ്ങള്‍ റിക്കോര്ഡ് ചെയ്തു കൊഡ് നമ്പര്‍ ഇട്ടു പെന്‍ ഡ്രൈവില്‍ ആക്കി സബ്മിറ്റ് ചെയ്യുക. അച്ചന് സൌകര്യമുള്ളപ്പോള്‍ മറുപടിയും റിക്കോര്ഡ് ചെയ്തു പെന്‍ ഡ്രൈവിലാക്കി തിരിച്ചു നല്കു്ക.

    ReplyDelete
    Replies

    1. "അടുത്ത കാലത്താണ് കണ്ടാല്‍ കൊള്ളാവുന്ന ഒരു കന്യാസ്ത്രിപ്രേഷിത ഒരു വിദ്യാഭ്യാസവുമില്ലാത്ത അന്യനാട്ടുകാരനായ കറവക്കാരന്‍റെ കൂടെയാണ് ഒരു ധ്യാന കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടിപ്പോയത്."

      നന്നായിപ്പോയി. ചൊവ്വേ നേരേ മനുഷ്യരെ പരിചയപ്പെടാനും ഒളിക്കണ്ണുകളെ ഭയപ്പെടാതെയും സ്ത്രീ-പുരുഷ ഇടപെടലുകൾ അനുവദിക്കാതെയും ജീവിക്കേണ്ടി വരുന്നിടത്ത് ഇങ്ങനെയെങ്കിലും സ്ത്രീകൾ ഒരിണയെ കണ്ടെത്തട്ടെ. മനുഷ്യർ മൃഗങ്ങളോ മലാഖാമാരോ അല്ല, മനുഷ്യരാണെന്ന് തിരിച്ചറിയാൻ ഇന്ത്യാക്കാര്ക്ക് ഇനിയും ഒരു നൂറ്റാണ്ടു മതിയാകുമോ?

      Delete
  5. ഭൂമിയില്‍ നിങ്ങള്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുമെന്ന് യേശു പറഞ്ഞത്,
    ഇപ്പറഞ്ഞതിനു നിങ്ങള്‍ സഹോദരനു എതിരായി ചെയ്യുന്ന തിന്മകള്‍ ഇരുവരെയും തിന്മയാൽ ബന്ധിക്കുന്നു ഇത് സ്വര്‍ഗ്ഗരാജ്യത്തിനു തടസ്സമാണ്. നിങ്ങള്‍ ആരോടു തിന്മപ്രവത്തിച്ചോ അവരോട് തന്നെ ക്ഷമ ചോദിച്ച് (കുമ്പസ്സാരിച്ച്) പാപമോചനം നേടി. ഭൂമിയില്‍ നിങ്ങള്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുമെന്ന് യേശു പറഞ്ഞത്, അല്ലാതെ വൈദികനോടല്ല.

    ReplyDelete
    Replies
    1. That is exactly what is meant by those scriptures....only jesus has power to forgive sins....not priests...but every body can forgive others who sins against them....the ties of sin remains in heaven unless we have untied and repaired on earth itself.....we dont need to approach any priest for it...

      Delete
    2. 'നിങ്ങള്‍ ആരോടു തിന്മപ്രവത്തിച്ചോ അവരോട് തന്നെ ക്ഷമ ചോദിച്ച് (കുമ്പസ്സാരിച്ച്) പാപമോചനം നേടി. ഭൂമിയില്‍ നിങ്ങള്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുമെന്ന് യേശു പറഞ്ഞത്, അല്ലാതെ വൈദികനോടല്ല'""

      അത് പറഞ്ഞത് ശിഷ്യരോടല്ലേ? നിങ്ങളും സുവിശേഷം തെറ്റായി വ്യഖ്യാനിയ്ക്കുന്നു.

      Delete
  6. മനശാസ്ത്രപരമായ തട്ടിപ്പുകളാണ് കൂദാശകൾ എല്ലാം ,പക്ഷെ എത്രപേർ ഇത് മനസ്സിലാക്കുന്നുണ്ട് ? അച്ചന്മാർ ചെയ്യുന്ന തെറ്റുകൾ ദൈവം നേരിട്ട് കൈകാര്യം ചെയ്തുകൊള്ളും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വൻ ഭൂരിപക്ഷം സഭാമക്കളിൽ ഉണ്ട് .സഭയുടെ തെറ്റുകൾ തുറന്നു കാണിക്കുന്നതിനെ പൈശാചിക പ്രവർത്തിയായി അവതരിപ്പിച്ചു കുഞ്ഞാടുകളെ പേടിപ്പിച്ചു നിറുത്തുകയാണ്‌ കള്ളപ്പുരോഹിതർ

    ReplyDelete
  7. വിശുദ്ധ വാക്യങ്ങളിൽ പലതും ഒട്ടും വിശുദ്ധമല്ല, മറിച്ച്, സ്വകാര്യ നേട്ടത്തിനായി തത്പരകഷികൾ (പണ്ടത്തെ സഭാപിതാക്കന്മാർ എന്ന കൂട്ടം) തിരുകി വച്ചതാണെന്നും ഈ വാക്യങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് വാച്യാർത്ഥം കൽപ്പിക്കുന്നതിൽ സൂക്ഷിക്കണമെന്നും പല വട്ടം ഈ ബ്ലോഗിൽതന്നെ സംസാരം ഉണ്ടായിട്ടുള്ളതാണ്. സ്വര്ഗം, ഭൂമി എന്ന വ്യവസ്ഥകൾ യേശുവിന്റെതല്ല , ആണെങ്കിൽതന്നെ ഇന്നത്തെ അർത്ഥം ഈ വാക്കുകൾക്ക് അന്നില്ലായിരുന്നു. ഇതൊന്നും ഓര്ക്കാതെ, ചുമ്മാ, കാണുന്നിടത്തൊക്കെ ബൈബിളിൽ നിന്നാണെന്നും പറഞ്ഞു ഓരോ വാക്യങ്ങൾ എടുത്തെഴുതി തിയോളജി ഉണ്ടാക്കുന്ന ഏർപ്പാട്‌ പറ്റീര്പണിയാണ്. വൈദികാധികാരം ഉറപ്പിക്കാൻ ഉണ്ടാക്കിയെടുത്ത തട്ടിപ്പാണ് ഇവിടെ കെട്ടുന്നതും അവിടെ അഴിക്കുന്നതുമൊക്കെ. കെട്ടും അഴിക്കലുമൊക്കെ ആത്മാവും ദൈവവും തമ്മിൽ നേരിട്ടുണ്ടാകുന്ന ബന്ധങ്ങളുടെ അർത്ഥത്തിൽ കാണണം. അതിനിടക്ക് വൈദികർക്ക് പണിയൊന്നും കൊടുക്കരുത്. പെൻ ഡ്രൈവ് കുമ്പസാരം പെണ്‍ ഡ്രൈവ് കുമ്പസാരം ആയി അവസാനിക്കും എന്നതിന് സംശയം വേണോ?

    ReplyDelete
  8. കുമ്പസാരത്തിന് ഒരു നല്ല വശമുണ്ട്. ആരോടെങ്കിലും മനസ്സിലെ ഭാരം പങ്കു വെക്കുന്നതിലൂടെ ഉള്ളിലുള്ള കുറെ വ്യാകുല ചിന്തകള്ക്ക് അറുതി വരും. അത് നല്ലതാണ്. ഈ പങ്കു വെക്കല്‍ ഉറ്റ സുഹൃത്തിനോടോ, ഏകാന്തതയില്‍ പോയിരുന്നു കല്ലിനോടോ ചെടിയോടോ ആകാം. എല്ലാം ഒരു കടലാസ്സില്‍ എഴുതി വലിച്ചെറിഞ്ഞാലും കുറെ ആശ്വാസം കിട്ടും. ഇവിടെ ഇത് ഒരു കൂദാശയാണെന്നു പറയപ്പെടുന്നു. അതില്‍ ഞാന്‍ പാപിയാണ് ഞാന്‍ കൊടിയ പാപിയാണ് ഇങ്ങിനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. എന്നെകൊണ്ട്‌ ഒന്നിനും കൊള്ളില്ലായെന്നു ദിവസം ഒരു പ്രാവശ്യം വെച്ച് പറഞ്ഞാല്‍ മതി, ഒറ്റ വര്ഷത്തിനുള്ളില്‍ നാം പറയുന്നതുപോലെ ആകും. ഞാന്‍ പാപിയാണെന്ന് ആവര്ത്തിച്ചുകൊണ്ടിരിക്കുന്നവന്‍ അതായിത്തിരും.
    പെന്‍ ഡ്രൈവ് കുമ്പസാരത്തോട് യോജിപ്പില്ലെങ്കില്‍ മറ്റൊരു നിര്ദ്ദേശം ഓരോ കുമ്പസ്സാരം കഴിയുമ്പോഴും കുമ്പസാരിപ്പിച്ച അച്ചനെപ്പറ്റി അഭിപ്രായം കൂടി രേഖപ്പെടുത്തുവാനുള്ള അവസരം ഒരുക്കുക. നല്ല അഭിപ്രായം കിട്ടുന്നവരെ മാത്രം ഇതിനായി മാറ്റുക. അല്ലാത്ത ദുര്ക്ക്കളെ എന്നന്നേക്കുമായി വിലക്കുക.

    ReplyDelete
    Replies
    1. കുമ്പസാരക്കാരെയും വികാരിമാരെയും മെത്രാന്മാരെയുംപറ്റി വിശ്വാസികൾക്കുള്ള അഭിപ്രായം എവിടെയെങ്കിലും രേഖപ്പെടുത്താനും അവയുടെ വെളിച്ചത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയോ കഴുത്തിൽ കല്ല്‌ കെട്ടി കടലിലെറിയുകയോ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ സഭ എത്രയോ മുമ്പേ വിശുദ്ധമായേനെ! റോഷൻസാർ ഈ ലോകത്തല്ലേ ജീവിക്കുന്നത്?
      എന്റെ വീടിന്റെ മുമ്പിലായി വഴിയിൽ ഒരു കലുങ്കുണ്ട്. നേരം വൈകിയാൽ കുറേപ്പേർ സ്ഥിരം അവിടെയിരുന്ന് അവരുടെ ആത്മവ്യാകുലതകൾ പരസ്പരം ഉരുവിടുന്നത് കേൾക്കാം. ഒരു വ്യത്യസ്ത സാഹിത്യഭാഷയിലാണ് സംഗതി. ഒരു മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള ഗവ. പട്ടക്കടയിൽ നിന്നാണ് ഇതിനാവശ്യമായ വീര്യവും ധൈര്യവും നമ്മുടെ ബഹു. സർക്കാർ തന്നെ അവർക്ക് സപ്ലൈ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പത്തു മണിയോടെ അവർ പിരിയുന്നു, വീട്ടിലോ വെറും വഴിയിലോ കിടന്നുറങ്ങുന്നു. രാവിലെ ശുദ്ധമായ മനസ്സോടെ ഒരു പാപഭാരവുമില്ലാതെ ദിനചര്യയിലെയ്ക്കു ഉണരുന്നു. പള്ളിയില്ല,പട്ടക്കാരില്ല, തുണ്ടുകടലാസിൽ എഴുത്തില്ല, പെന്‍ ഡ്രൈവ് ഇല്ല.

      Delete
  9. സര്ക്കാര്‍ വക സിവില്‍ സപ്ലൈസ് വകുപ്പ് ഒരു വിധത്തില്‍ അനേകരെ അവരുടെ പാപഭാരത്തില്‍ നിന്ന് മോചിപ്പിക്കുന്നുണ്ട്. സാക് പറഞ്ഞ ഒരു കാര്യം ശരിയാണ്, കുറെ താന്തോന്നികളെ കല്ല് കഴുത്തില്‍ കെട്ടി താഴ്ത്തിയിരുന്നെങ്കില്‍ സഭ പണ്ടേ രക്ഷപ്പെടുമായിരുന്നു. പക്ഷെ, അച്ചന്മാരെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് അതിനു മുകളിലുള്ള കുറെ പരമദുഷ്ടരെ പരസ്യ വിചാരണ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് നിത്യജീവന്‍ കിട്ടിയേക്കാം എന്നല്ല, ഉണ്ട് എന്നാണു യേശു പറഞ്ഞത്. എല്ലാവരും പാപികളാണെങ്കില്‍ പിന്നെ അത് എടുത്തു പറയേണ്ട കാര്യവുമില്ലല്ലോ.

    roshanfrancis99@gmail.com

    ReplyDelete
  10. പുരോഹിതരോട് പാപം പറഞ്ഞ് കുംബസാരിക്കണമെന്ന് വിശുദ്ധഗ്രഥത്തിൽ ഒരു സ്ഥലത്തും എഴുതിവച്ചിട്ടില്ല. പുതിയ ഉടബടിയിൽ പൌരോഹിത്യമേ ഇല്ല. പുതിയ നിയമപ്രകാരം വിശ്വാസികളെല്ലാം രാജകീയ പുരോഹിതഗണത്തിൽ പെട്ടവരാണ് (Peter 2: 5-9; Revelation 1:6 and 5:10). പഴയ നിയമപ്രകാരം പുരോഹിതർ ദൈവത്തിന്റെയും മനുഷരുടെയും ഇടനിലക്കാരനാണ്. പുരോഹിതർ ജനത്തിനുവേണ്ടി ദൈവത്തിനു ബലി അര്പ്പിക്കുന്നു. യേശുവിന്റെ സ്വയബലി നമുക്കുവേണ്ടി ആയിരുന്നു. അതിനാൽ ദൈവത്തെ നമുക്കിപ്പോൾ നേരിട്ടു സമീപിക്കാം (Hebrews 4:16). ഇടനിലക്കാരുടെ ആവശ്യമില്ല. യെരുശലേം ദേവാലയ തിരശീല രണ്ടായി കീറിയതും മനുഷ്യനും ദൈവവും തമ്മിലുണ്ടായിരുന്ന ഭിത്തിയെ തകർത്തതിന്റെ പ്രതീകമായിട്ടായിരുന്നു. യേശുവാണ് ഇപ്പോൾ നമ്മുടെ പ്രധാന പുരോഹിതാൻ (Hebrews 4: 14-15; 10:21); ഏക ഇടനിലക്കാരൻ (1 തിമോത്തി 2:5). ദൈവത്തോടാണ് നാം പാപങ്ങൾ ഏറ്റുപറയണ്ടത് (1 John 1:9). അപ്പോൾ നമ്മുടെ പാപങ്ങൾ പോറുക്കപ്പെടും. കൂടാതെ സഹോദരങ്ങൾ തമ്മിൽ ചെയ്ത തെറ്റുകൽ പരസ്പരം ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കണം (James 5:16). ഇത് കുമ്പസാരക്കൂട്ടിലെ യാന്ത്രിക കുറ്റസമ്മതമല്ല. പാപമോചനാധികാരം യേശു തന്റ്റെ അനുയായികൾക്ക് നല്കിയിട്ടില്ല. കേട്ടപ്പെടുന്നതൊക്കെ കേട്ടപ്പെടും അഴിക്കപ്പെടുന്നതൊക്കെ അഴിക്കപ്പെടും തിയോളജി കണ്ടുപിടിച്ചത് കുംബസാരക്കൂട് പണിയാനായിരുന്നു.

    ReplyDelete
  11. കുമ്പസാരത്തെപ്പറ്റി ആരെങ്കിലും നിരൂപണം നടത്തിയാൽ മറുപടി കിട്ടുകയായി, ഹേ, യേശു ഒരു ബുദ്ധിമാനാണ്, യേശു സ്ഥാപിച്ച പള്ളി ലോകാവസാനംവരെ നിലകൊള്ളും. യേശു ദൈവമാണ്. മഴ വന്നാൽ ഒലിച്ചു പോവുന്നതുപോലെ മണപ്പുറത്തു പള്ളി പണിയുവാൻ ഒരു വിഡ്ഡിയായ മനുഷ്യനായിരുന്നില്ല. യേശു പാറമേൽ പള്ളിപണിത ഒരു ബുദ്ധിജീവിയായിരുന്നു. എന്തു പ്രകൃതിദുരന്തം ഉണ്ടായാലും പാറ നശിക്കുകയില്ല. ഇങ്ങനെയൊക്കെ സംസാരിക്കുന്ന പുരൊഹിതനോട് എങ്ങനെ ഉത്തരം പറയും?

    ക്യാനഡായിൽ ഏതോ സ്ഥലത്ത് മാതാവ് പ്രത്യേക്ഷപ്പെട്ടെന്നു പറഞ്ഞ് നൂറുകണക്കിനു അമേരിക്കൻ മലയാളികൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ട്യൂറിസ്റ്റ് ബസുകൾ സഹിതം അവിടേക്ക് തിരിച്ചിട്ടുണ്ട്. അതിന്റെ പേരില് കുമ്പസാരിക്കുവാൻ അനേകർ തിരക്കിലുമായിരുന്നു. എന്റെ ബന്ധുക്കളും മാതാവിനെ കാണുവാൻ പോയിട്ടുണ്ട്. ഇങ്ങനെയുള്ള ഭ്രാന്തൻ ഭക്തലോകത്തുനിന്ന് കുമ്പസാരമെന്ന മാനസികരോഗം എങ്ങനെ മാറ്റുവാൻ സാധിക്കും.

    റോഷൻ ആധുനിക ടെക്കനോളജി ഉപയോഗിച്ച് കുമ്പസാരിക്കാമെന്ന് ഉപദേശിച്ചിരുന്നു. ഈ പെൻഡ്രൈവ് എന്നു പറഞ്ഞാൽ നാട്ടിലെ പ്രായം ചെന്നവർക്ക് മനസിലാകുമോ? റ്റെക്കനോളജിയുടെ സഹായത്തോടെയുള്ള ഒരു കുമ്പസാരം താഴെയുള്ള വീഡിയോ ലിങ്കിൽ കാണൂ.

    എത്രയോ കാലങ്ങളായി തങ്ങൾക്കു പാപങ്ങൾ പൊറുക്കുവാൻ ദൈവത്തിൽ നിന്ന് അധികാരമുണ്ടെന്ന് ഭക്തജനങ്ങളെ പുരോഹിതർ പറഞ്ഞു പറ്റിക്കുന്നു. വളർന്നു വരുന്ന തലമുറയെ ഇത്തരം മാനസിക രോഗത്തിൽനിന്നു മുക്തി കൊടുത്തുകൂടെ? പുരോഹിതന് മാപ്പ് നല്കുവാൻ അധികാരം ഉണ്ടെങ്കിൽ യേശു എങ്ങനെ സഭയുടെ രക്ഷകനാകും? പാപത്തിൽ മുങ്ങിയിരിക്കുന്ന മനുഷ്യന് എങ്ങനെ പാപങ്ങൾ പൊറുത്തു ഭക്തനു സ്വർഗം നേടി കൊടുക്കുവാൻ സാധിക്കും.? പുരോഹിതരും കന്യാസ്ത്രികളും കുഞ്ഞുങ്ങളുടെ മസ്തിഷ്ക്കത്തിൽ ക്രൂരമായ ഒരു കള്ളം അടിച്ചു കയറ്റുന്നുവെന്നാണ് സത്യം. പത്രോസിനു കൊടുത്ത നരകത്തിന്റെയും സ്വർഗത്തിന്റെയും താക്കോലിന്റെ കോപ്പി എല്ലാ പുരോഹിതരുടേയും കൈവശവും ഉണ്ട്.


    അജ്ഞതയിൽ സ്വർഗീയാനുഭൂതി നേടുവാൻ പുരോഹിതൻ വിശ്വാസിയെ മെരുക്കിയെടുക്കുന്നു. നമുക്ക് ചുറ്റും നോക്കുകയാനെങ്കിലും അജ്ഞൻമാർ സ്വർഗം നേടുവാൻ ഒരു ഇടിച്ചുതള്ളലും കാണാം. എന്റെ ചെറുപ്പകാലത്ത് കുമ്പസാരിക്കുവാൻ ഒരു മണിക്കൂർ നീണ്ട ലൈനിൽ അന്നത്തെ ചേടത്തിമാർ മുട്ടുകുത്തികൊണ്ട് ഉന്തുംതള്ളും കണ്ടിട്ടുണ്ട്. പച്ചതെറിയും കേട്ടിട്ടുണ്ട്. ഒരിക്കൽ അടിയും ഉണ്ടാകുന്നത് കണ്ടു. പിറ്റേ ദിവസം അടി കെട്ടിയവന്മാർ തമ്മിലായി.

    മറിയകുട്ടി, സത്യത്തെ നിഷേധിച്ചുകൊണ്ട് നീ എന്തു പാപം ചെയ്തുവെന്ന് ഒരു പക്ഷെ മറിയക്കുട്ടിയോട് കൊല ചെയ്യുന്നതിന് മുമ്പ് ബനഡിക്റ്റും ചോദിച്ചിരിക്കാം. കൊട്ടൂരും പുതുക്കയും സെഫിയുമായി കിടക്ക പങ്കുവെച്ച് കുമ്പസാരിച്ചു കൊണ്ടിരുന്നു. കുമ്പസാരത്തിന്റെ പവിത്രതയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് ഒരു വൈദികന്റെ ഹൃദയമിതാ എന്ന ആത്മകഥ വായിക്കൂ. സത്യം സ്വതന്ത്രമാക്കുമെന്നു വചനം പറയുന്നു. എങ്കിൽ കുമ്പസാരം വേണോ. സത്യത്തെ തിരിച്ചറിയാൻ ദൈവം മനുഷ്യന് വിവേചന ബുദ്ധി കൊടുത്തിട്ടുണ്ട്. താഴെ ലിങ്കിലെ യൂ ട്യൂബിൽ ഒരു ഇന്ത്യൻറെ രസകരമായ കുമ്പസാരം കാണൂ.
    http://www.youtube.com/watch?v=D0BH_PhAKWY&feature=player_detailpage

    ReplyDelete
    Replies
    1. ജോസഫ്‌ മാത്യു തന്ന വീഡിയോ കണ്ടു. അവസാന ഭാഗത്ത് കട്ട് ചെയ്യേണ്ടി വന്നു. എന്നാലും ഒരു പുതിയ ടെക്നിക് മനസ്സിലാക്കാൻ സാധിച്ചു. ഇതിന്റെ ഉപജ്ഞാതാക്കൾ ഇന്ത്യക്കാർ തന്നെ എന്ന് മനസ്സിലായി. ചിക്കഗോയിലാണോ ഇതിന്റെ തുടക്കം? പക്ഷേ, ഈ കോലാഹലമൊന്നും ഇല്ലാതെ ഉപയോഗിക്കാവുന്നത് റോഷന്റെ പെൻഡ്രൈവ് ഐഡിയ തന്നെയാണ്. എന്നാൽ പ്രായം ചെന്നവര്ക്ക് അതിന്റെ ഉപയോഗം അത്ര എളുപ്പമാകില്ല. അവര്ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള പെണ്ഡ്രൈവ് കണ്ടുപിടിക്കുംവരെ കുമ്പസാരത്തിന് ഒരു hot line സ്ഥാപിക്കുന്നത് നന്നായിരിക്കും. പോലീസ്, ആംബുലൻസ്, ഫയർ എന്നിവയുടേതുപോലെ ആര്ക്കും എപ്പോൾ വേണമെങ്കിലും കറക്കാവുന്ന ഒരു നമ്പര്. അപ്പുറത്ത് നിന്നും ഇങ്ങനെ തുടങ്ങണം: പാപദോഷങ്ങൾക്കു നമ്പർ ഒന്ന് ഞെക്കുക, ചാവുദോഷങ്ങൾക്ക്, നമ്പർ രണ്ടു ഞെക്കുക, ലൈംഗിക.... മൂന്ന് ഞെക്കുക. വൈദികരും ഈ സംവിധാനം കണ്ടമാനം ഉപയോഗിക്കുമെന്നും അതിനാൽ നമ്പർ മൂന്ന് നിരന്തരം ബിസിയായിരിക്കുമെന്നും പന്തായം വയ്ക്കാം.

      ഒരു കാര്യം ശ്രദ്ധിച്ചോ? കുമ്പസാരസംവാദത്തിൽ പങ്കെടുക്കാത്ത കുറെ contributors ഉണ്ട്. അവരൊക്കെ ആണ്ടു കുമ്പസാരമെങ്കിലും നടത്തണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും. നമ്മൾ അത്തരക്കാരെ വിഷമിപ്പിച്ചെങ്കിൽ, അതിന് മാപ്പ് ചോദിക്കേണ്ടതുണ്ട്. ഇതൊക്കെ തുടങ്ങി വച്ച റോഷൻ തന്നെ ആ കാര്യം ഏറ്റെടുക്കണം.

      Delete
    2. അല്മായാ ശബ്ദത്തില്‍ കുമ്പസാരിക്കാന്‍ എത്താത്ത എല്ലാവരുടെയും പാപങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ എനിക്ക് ശേഷിയില്ല. അല്മായാ ശബ്ദത്തില്‍ യേശുവിനു സഹോദരന്മാരുണ്ടോയെന്നു ചര്ച്ച വന്നാല്‍ അതിലും ഞാന്‍ അഭിപ്രായം പറഞ്ഞെന്നിരിക്കും. യേശുവിനെ സംബന്ധിച്ചിടത്തോളം ആ മഹാഗുരു ഇവിടെ ആയിരുന്നതും പ്രവര്ത്തി ച്ചതുമൊക്കെ മനുഷ്യന് തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കുരിശില്‍ മരിക്കുമ്പോഴും ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലാ’ എന്നാണ് പറഞ്ഞത്. ഇപ്പറഞ്ഞത് കുരിശില്‍ ചുവട്ടില്‍ നിന്ന സ്വന്തം ശിക്ഷ്യന്മാരെയും ഉള്ക്കൊള്ളിച്ചാണ്. തിരിച്ചറിവ് എന്നൊരു മേഖല അവിടുണ്ടെന്നെങ്കിലും മനസ്സിലാക്കിയവര്ക്ക് ‌ ഇതൊന്നും പ്രശ്നവുമല്ല. ശ്രി.ജൊസഫ് മാത്യു പറഞ്ഞത് മനസ്സിലായില്ലെന്നുണ്ടോ? അദ്ദേഹം പറഞ്ഞത്, യേശു കല്യാണം കഴിച്ചെന്നു ഒരാള്‍ പറഞ്ഞാല്‍ പോലും ഇളകുന്നതല്ല യേശുവിനോടുള്ള അദ്ദേഹത്തിന്റെ ബന്ധം എന്നാണു. ജീവിതത്തിനു ഇത്രയും ലളിതമായ ഒരു മാര്‍ഗ്ഗരേഖ മറ്റൊരു നേതാവും തന്നിട്ടില്ല. ആ സത്യം മനസ്സിലായവര്ക്കു യേശുവിനെയും മനസ്സിലാകും. അങ്ങിനെ യേശുവിനെ ആത്മാവില്‍ മനസ്സിലാക്കിയവര്‍ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു കൊടുക്കും.

      Adults only, Ladies only, Children only … അങ്ങിനെ പല ഗ്രെയിഡില്‍. പെടുത്തി കുമ്പസാരം ജനകീയമാക്കാന്‍ ശ്രമിക്കുന്നവര്‍ അങ്ങിനെ ശ്രമിക്കട്ടെ. കഴിഞ്ഞ കുറെ വര്ഷ ങ്ങളായി അടിച്ചു പൊളിച്ചു നടക്കുന്നു വട്ടായി ധ്യാനങ്ങള്‍. ക്രിസ്ത്യാനികളുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍ കുറച്ചോ കൂട്ടിയോ? അല്മായാന്‍ ശക്തി പ്രാപിക്കുന്നോ ഇല്ലയോ? വൈദികര്‍ മെച്ചമായോ ഇല്ലയോ? പഴയതുപോലെ തന്നെ എന്നും പറയാനാവില്ല, അതിലും കാര്യങ്ങള്‍.. മോശമാകുന്നു.

      യേശു ആരാണെന്ന് ചോദിച്ചു ചര്ച്ച തുടങ്ങി വെച്ചത് പെരിങ്ങുളത്ത് നിന്നോരാളാ. അല്മായാ ശബ്ദം ഇടിമിന്നല്‍ പോലെ ലോകം കേട്ട് തുടങ്ങിയത് അതിനു ശേഷമാണ്. ഇപ്പോള്‍ ഹിറ്റ്‌ അതിവേഗം കൂടുന്നു. ഇപ്പൊ ഉള്ളില്‍ ഒരു പേടി തുടങ്ങിയിട്ടുണ്ട്...

      Delete
    3. ആ പറഞ്ഞത് എനിക്ക് ശ്ശി ഇഷ്ടപ്പെട്ടു - യേശു പെണ്ണു കെട്ടി പിള്ളേരും ഉള്ളവനായിരുന്നു എന്ന് പറഞ്ഞാലും അവിടുത്തോടുള്ള ഇഷ്ടം എനിക്ക് കുറയില്ലാ എന്ന് പടന്നമാക്കൽ പറഞ്ഞത്. എന്റെ കാര്യത്തിലും തങ്ങനെത്തന്നെ. അങ്ങനെയെന്നാൽ എനിക്ക് യേശുവിനെ ഇനിയും കൂടുതൽ ഇഷ്ടപ്പെടേണ്ടി വരുമായിരുന്നു എന്നേ ഞാൻ പറയൂ.

      നേരത്തേ ഒരിക്കൽ ഞാൻ പറഞ്ഞതുപോലെ ഇന്നലെ ഗുരുവചനം കേൾക്കാൻ പറ്റാഞ്ഞ്, ഇന്ന് രാവിലെ അത് ഓണ്‍ ചെയ്തു. പാതി വച്ച് എനിക്ക് നിറുത്തേണ്ടി വന്നു, മനപ്പൂർവം - മുന്നോട്ടു പോകാൻ ആയില്ല. അത്രയ്ക്ക് എന്നെ വീണ്ടും പിടിച്ചുകുലുക്കുന്ന ആ രംഗമായിരുന്നു വിഷയം - യേശുവിനെ തേടി വല്യ പെലഹാലെ കല്ലറക്കടുത്തു വന്ന മറിയം ഹൃദയം തകർന്നു നിന്നപ്പോൾ, "മോളൂ" എന്ന വിളി അവളുടെ പ്രിയതമനിൽ നിന്ന് കേട്ടതേ, അവൾ അവനെ തിരിച്ചറിഞ്ഞ്, "റബ്ബോനീ!" എന്ന് ഒറ്റ വാക്കിൽ (= എന്റെ പോന്നു റബ്ബേ!) അവളുടെ ഇഷ്ടമെല്ലാം അവന്റെ കാൽക്കൽ കുടഞ്ഞിടുന്നതും. ഇതിലും മനോഹരമായ, എന്നെ മുഴുവൻ ഒന്നായി പിടിച്ചു കുലുക്കുന്ന, ഒരു സന്ദർഭം സുവിശേഷത്തിൽ മറ്റൊരിടത്തുമില്ല.

      ശിമയോന്റെ വിരുന്നുശാലയിൽ അനുവാദമില്ലാതെ കടന്നു കയറി ഗുരുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് കഴികി സ്വന്തം കാർകൂന്തലുകൊണ്ട് തൂത്തുണക്കിയ മറ്റൊരു സന്ദർഭം ഇതിനോട് ചേർത്ത് ഞാനെപ്പോഴും ഓർക്കാറുണ്ട്. അവളുടെ ചങ്കു നിറയെ മാത്രമല്ല, അവന്റെ ചങ്കു നിറച്ചും സ്നേഹമായിരുന്നു, അപ്പോൾ. ലോകത്ത് മറ്റൊരിക്കലും ഒരു സ്ത്രീ, അതും വഴി പിഴച്ചവൾ എന്ന് പൊതുവേ കരുതപ്പെട്ടവൾ, സ്വന്തം ലൈംഗികതയുടെ അടയാളമായ സമൃദ്ധമായ നീണ്ട മുടികൊണ്ട്‌ ഒരു പുരുഷന്റെ - അതും ബഹുമാന്യനായ ഒരുവന്റെ - കാലുകളിൽ തടവുക, അവൾ തന്നെ കരഞ്ഞു നനച്ച അവ ഉണങ്ങുന്നത് വരെ, എല്ലാവരും നോക്കി നിൽക്കേ! ഇതിലും വലിയ പ്രണയപ്രകാശനം എവിടെ, ഏതുണ്ട് !

      യേശുവിന് എന്ത് സംഭവിച്ചു എന്നത് നാം ഒരിക്കലും അറിയില്ലെങ്കിൽ തന്നെ, അവിടുന്ന് സ്നേഹമായിരുന്നു എന്നതിന് ഒരിക്കലും ഒരാൾക്കും സന്ദേഹമില്ലാതിരിക്കട്ടെ! സ്നേഹത്തിനു മരണമില്ലഎന്നത് നിത്യ സത്യവും.
      ആ യേശുവിനെ ആരാണ് സ്നേഹിച്ചു പോകാത്തത്!
      അതായിരുന്നു യേശു.

      Delete
    4. സാക് പറഞ്ഞത് ആരുടേയും കണ്ണ് നനയ്ക്കും. ചരിത്രത്തിലെ ഏറ്റവും ഫലവത്തായ കുമ്പസാരം അത് തന്നെയായിരുന്നു. അരിച്ചു പെറുക്കി നോക്കിയാല്‍ ഇന്നത്തെ കുമ്പസാരമാണ് ഏറ്റവും വലിയ പാപം എന്ന് മനസ്സിലാകും.

      യേശു ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ഏറ്റവും ഗാഢമായി കുമ്പസാരിച്ച മറിയത്തെതന്നെയാണ്. യേശു ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് യൂദാസിനെ. ബോധപൂര്‍വ്വം, ഉത്തരവാദിത്വത്തോടെ തന്റെ ദൌത്യം നിര്‍വ്വഹിച്ച യൂദാസിനോളം മാന്യമായി യേശു ഏല്‍പ്പിച്ച ദൌത്യം ആരും പൂര്‍ത്തിയാക്കിയിരിക്കാന്‍ ഇടയില്ല. യേശു നീ പാറയാകുന്നുവെന്നു പറഞ്ഞു വിട്ട പത്രോസ് എഴുതിയ സുവിശേഷവും കാണാനില്ല, അദ്ദേഹം പറഞ്ഞത് പോലോസ് മൈന്‍ഡ് ചെയ്തുമില്ല. പത്രോസ് ഒരു നിമിഷം പോലും ഇരുന്നിട്ടില്ലാത്ത കസേര കാണിച്ചാണ് ഇന്ന് സഭ നില്‍ക്കുന്നത്.

      യേശുവിന്‍റെ മരണശേഷം ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ഇടയില്‍ യേശു പ്രത്യക്ഷപ്പെടുന്നു. സംശയിക്കുന്ന തോമ്മാ അവിടെ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നവരുടെ ദേഹത്ത് യേശു ഊതിയെന്നും പരി. ആത്മാവിനെ നല്‍കിയെന്നും സുവിശേഷം പറയുന്നു. ആ ഊത്തു കിട്ടാത്ത ഏക ശിഷ്യന്‍റെ പേരിലുള്ള സഭയാണ് സീറൊ മലബാര്‍. സഭ. അതുകൊണ്ടാണ് അവര്‍ അല്മായനെ ഇത്രമാത്രം ഊതുന്നത്‌.. എന്ന് കരുതാം.

      Delete
  12. കുമ്പസാരത്തെപ്പറ്റി ഒരു കാര്യം കൂടി കുമ്പസാരിച്ചോട്ടെ. ഈ സംഗതി കണ്ടുപിടിച്ച കാലം മുതല്‍ ഇത് ദുരുപയോഗപ്പെടുത്തികൊണ്ടുമിരുന്നു. അത് എല്ലാ പരിധികളും കടന്നപ്പോഴാണ് യൂറോപ്പില്‍ കുമ്പസ്സാര കൂടുകളുണ്ടായത്. ഇവിടെ കുമ്പസാര കൂടുകള്ക്ക് പകരം ഒരു പൊത്തുള്ള കുമ്പസാര കലങ്ങള്‍ ആക്കിയാലും ഈ ദുരുപയോഗം തീരില്ല. നിസ്സാരമായ ഒരു കാര്യമല്ല ചര്‍ച്ചക്ക് വന്നത്. സ്ത്രീകളെയും കുട്ടികളെയുമൊക്കെ ധൈര്യമായി കുമ്പസാരത്തിനു പറഞ്ഞു വിടാന്‍ സമൂഹത്തിനു ധൈര്യമില്ല. ചെറുപ്പക്കാര്‍ അച്ചന്മാര്‍ക്കല്ല, തിമിര്പ്പ്. മദ്ധ്യ വയസ്കരെയാണ് പേടിക്കേണ്ടത്. ഒരു വശത്ത്‌ പാപം ചെയ്യാന്‍ അവസരം കാത്തു നില്ക്കുന്നവരും മറു വശത്ത്‌ പാപം പലപ്രാവശ്യം ചെയ്തു എന്ന് പറയുന്നവരും.

    ReplyDelete
  13. സഭ എന്നത് " മാമോദീസ"(മാമോൻദീസ) മുങ്ങിയവരുടെ സമൂഹമോ അതോ ആത്മാവിന്റെ അഗ്നിയിൽ സ്നാനപ്പെട്ടവരുടെ സംഘമോ ? ഈ സ്നാനത്തെ എന്താണെന്നാണ് നിർവചിക്കുക ?വേദത്തിൽ ഇങ്ങനെയൊരേടുണ്ട് :

    തന്റെ നിശബ്ദദയുടെ ആഴവും ഹൃദയമിടിപ്പിന്റെ താളവും ശ്രദ്ധിച്ചു കൊണ്ടിരുന്ന പത്രോസിനോട് അവൻ ചോദിച്ചു: "ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്"?
    ഏറിയപക്ഷം അവനെ പ്രവാചകനായി ഗണിക്കുന്നു എന്ന വിലയിരുത്തലിൽ ആ മറുപടി അവസാനിക്കുന്നു.
    യേശു വീണ്ടും ചോദിച്ചു:പത്രോസേ ,ഞാൻ ആരാണെന്നാണ് നീ പറയുന്നത്"?അർത്ഥശങ്കയില്ലാതെ അയാൾ മറുപടി പറഞ്ഞു:"ഗുരോ , നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌".
    അപ്പോൾ യേശു ഇങ്ങനെ പ്രതികരിച്ചു : "പത്രോസേ നീ പാറയാകുന്നു ; " ഈ " പാറമേൽ ഞാനെന്റെ സഭ സ്ഥാപിക്കും .മാനുഷിക ബുദ്ധിയാലല്ല നീ ഇത് പറഞ്ഞത്,സ്വർഗ്ഗസ്ഥനായ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിയത്".
    അപ്പോൾ കാര്യം അതാണ്‌ ; സഭയെന്നത് , ക്രിസ്തു ദൈവപുത്രനാണെന്ന സാമ്പ്രദായിക സങ്കൽപ്പങ്ങൾക്കുപരി , സമഗ്രമായ ജ്ഞാനവും, ഒരു മനുഷ്യ സാദ്ധ്യതയുമാണെന്നു വെട്ടം കിട്ടിയവരുടെ ഇടറാത്ത സംഘാവബോധമാണ് ...
    വീണ്ടും ജനിക്കുന്നവരാണ് ദൈവരാജ്യത്തിന്റെ അവകാശികൾ..അഗ്നി സ്നാനമേൽക്കുന്നതും ആത്മാവബോധത്തിൽ കുളിച്ചു കയറുക എന്നു പറയുന്നതുമൊക്കെ ഈ പുതുപ്പിറവി തന്നെയാണ്..ഐഹികമല്ലാത്ത ഈ രാജ്യത്തിനകത്തു അധികമായ തർക്കങ്ങൾക്കോ അത്യുക്തികൾക്കോ സ്ഥാനമില്ല. ഒരിളം കാറ്റിനൊത്ത് മുഴങ്ങുന്ന
    " പ്രവാചകാ" എന്ന വിളിപോലെ സൗമ്യമാണത്‌ ...
    ഇത്രകൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു :
    " അറിഞ്ഞവർ പറഞ്ഞിട്ടില്ല ; പറഞ്ഞവരൊട്ടു അറിഞ്ഞിട്ടുമില്ല" ! അതാണ് ബ്രഹമാനുഭവം..
    നേതി.... നേതി.....
    ശുഭം!!!!!!!

    ReplyDelete
    Replies
    1. നേരത്തേ വായിക്കാൻ വിട്ടുപോയ ഒരു കമെന്റ് കണ്ണിൽപെട്ടപ്പോൾ കുറിക്കുന്നതാണ്. യേശു വീണ്ടും ചോദിച്ചു:പത്രോസേ ,ഞാൻ ആരാണെന്നാണ് നീ പറയുന്നത്"?അർത്ഥശങ്കയില്ലാതെ അയാൾ മറുപടി പറഞ്ഞു:"ഗുരോ , നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌".
      അപ്പോൾ യേശു ഇങ്ങനെ പ്രതികരിച്ചു : "പത്രോസേ നീ പാറയാകുന്നു ; " ഈ " പാറമേൽ ഞാനെന്റെ സഭ സ്ഥാപിക്കും .മാനുഷിക ബുദ്ധിയാലല്ല നീ ഇത് പറഞ്ഞത്,സ്വർഗ്ഗസ്ഥനായ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിയത്".
      ആദ്യകാലസഭയിൽ സഭയെ നയിക്കേണ്ടത് ആര് എന്നാ തർക്കം ഒരിടക്ക് രൂക്ഷമായിരുന്നു. പോളാണോ പത്രോസാണോ ജെയിംസ്‌ ആണോ പ്രഥമൻ എന്ന തർക്കം വിശ്വാസികളെ പല ഗ്രൂപ്പുകളാക്കി. ഓരോരുത്തരും അവരുടെ ശിങ്കിടികളെ ഉപയോഗിച്ച് വിശ്വാസത്തിന്റെ മൂലകൃതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുകളിലത്തെ വാക്യങ്ങൾ പത്രോസിനെ അനുകൂളിച്ചിരുന്നവർ തിരുകിക്കയറ്റിയ ഒരു ഭാവനയായിരിക്കാൻ ഇടയുണ്ട്. വിശുദ്ധ ലിഖിതം ഇത്തരം ധാരാളം തിരികിക്കയറ്റലുകളുടെ വേദിയായിരുന്നിട്ടുണ്ട് എന്ന് മറക്കാതിരുന്നാൽ നന്ന്.

      Delete
    2. This comment has been removed by the author.

      Delete
    3. This comment has been removed by the author.

      Delete
    4. ആരാണ് സഭയെ നയിക്കേണ്ടത് എന്നതാവുമോ പ്രധാനപ്പെട്ട കാര്യം? സഭ എന്താണ് എന്നുള്ളതല്ലേ ? ഇപ്പോൾ സംഭവിക്കുന്നതും അതാണ്‌ ; എന്താണെന്ന് അറിയാത്ത ഒന്നിനെ ആരോ എങ്ങോട്ടോ നയിക്കുന്നു ..

      നിലനിന്നിരുന്ന ഭരണ ക്രമത്തിന്റെ ഒരുപസംവിധാനമെന്നതിലപ്പുറം , "ഐഹികമല്ല എന്റെ രാജ്യം" എന്ന ക്രിസ്തു മൊഴികളോട് സഭക്ക് എന്തെങ്കിലും ബന്ധമുണ്ടോ ?

      സഭാസ്ഥാപനം "അവബോധമാകുന്ന" പാറമേലാണ് ; യേശു ദൈവത്തിന്റെ ജ്ഞാനമാണ് എന്ന തിരിച്ചറിവിൽ ആരംഭിക്കുന്ന സമഗ്രവബോധത്തിന്മേൽ ..
      പത്രോസിനെ പാറ എന്ന് വിളിച്ചത് , ഉള്ളിലെങ്ങോ ഒരു മഹാചൈതന്യത്തിന്റെ നുറുങ്ങുവെട്ടം തിരിച്ചറിഞ്ഞു പ്രതിവചിച്ചതു കൊണ്ടു മാത്രമാണ്. അല്ലാതെ , അതൊരു ഉപരിപ്ലവമായ പ്രസ്താവന ആയിരുന്നില്ല...

      ഉള്ളടരുകളിൽ നിയതി നിക്ഷേപിച്ച ഈ അത്ഭുത വിളക്കിനെ തേടിയുള്ള തീർത്ഥയാത്ര , ഒരു പൊതുവഴിയിലൂടെ അല്ലെന്നു തിരിച്ചറിയെണ്ടതുണ്ട് , "എന്റെ ചെറിയ അജഗണമേ" എന്ന ക്രിസ്തുവിന്റെ സംബോധനയിൽ നിന്ന് ..

      പത്രോസ് പാറയായിരുന്നു ,പക്ഷേ പിൻഗാമി പാറപോയിട്ടൊരു മണൽകട്ട പോലുമല്ലിന്ന്.
      സംഘടിതവും അസൂത്രിതവുമായി യാതൊന്നും ഇതിലില്ല ..കാരണം , തന്നെ കേട്ടുകൊണ്ടിരുന്നവരുടെ മിഴികളിലേക്കു ഉറ്റു നോക്കി അവൻ പറഞ്ഞത് ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ് എന്നത്രേ ! ..ഈ ആന്തരിക യാത്രയിൽ , പ്രിയ സഹോദരാ, സഹോദരീ , ഞാനുമുണ്ട് കൂടെ , കൈയിലൊരു റാന്തൽ വിളക്കുമായി ...അതണയുമ്പോൾ നിത്യമായ പ്രകാശത്തിൽ നാം എത്തി ചേർന്നിട്ടുണ്ടാകുമെന്നു പ്രത്യാശിക്കാം ...

      Delete









    5. സഭ അഥവാ Church





      Many people today understand the church as a building or human organization . This is not a biblical understanding of the church. The word “church” comes from the Greek word ekklesia which is defined as “an assembly” or “called-out ones.” The root meaning of local “church” is not that of a building, but of spiritual people.



      ഡാവിഞ്ചി വരച്ച വചനടിസ്ഥാനമില്ലാത്ത ഒടുക്കത്തെ അത്താഴത്തിനു ആധികരികതകൊടുത്തതുകൊണ്ട് , അതുവെച്ചു ഈയിടെ യേശുവിനെ കല്യാണം കഴിപ്പിച്ചു ,കുട്ടിയുമായി . ഇല്ലാത്ത ത്രീത്വം ഉണ്ടെന്നു പറഞ്ഞു പഠിപ്പിച്ചു, മുസ്ലീമുകളുടെയും, യെഹൂധരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാം മുട്ടുമടക്കേണ്ടി വരുന്നു. കുരിശിന്റെയും ക്രൂശിത രൂപത്തിന്റെയും കഥയും തധയിവാ ..

      ഇതുപോലെലെ അല്ലേല്‍ ഇതില്‍ വലിയ അബദ്ധമാണ് യേശു സഭ പണിതു എന്ന് പറഞ്ഞാല്‍ .


      നീ പത്രോസാകുന്നു . ഈ പാറമേല്‍ എന്റെ സഭയെ ഞാന്‍ പണിയും. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരും. എന്നും ഭാവികാലത്തില്‍ യേശു പറഞ്ഞതാണ്.
      അതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ സഭ പണിതതായി വചനത്തില്‍ എങ്ങും പറയുന്നില്ല. അപ്പോള്‍ ചിലര്‍ (മിക്കവാറും എല്ലാ സംഖടനകളും) പെന്തകൊസ്താ നാളില്‍ തുടങ്ങിയെന്നു പറയും. എന്നാല്‍ അന്ന് പരിശുട്ധാല്മാവ്‌ വന്നുവെന്നാല്ലാതെ സഭ തുടങ്ങിയെന്ന പറയുന്നില്ല . പരിശുദ്ധല്‍മാവ്,ആദ്യമായി അന്നാണ് വന്നതെന്ന അബദ്ധവും നമ്മള്‍ പറയുന്നു . അപ്പോള്‍ എലിസബത്തും, മാതാവും ,സക്കരിയാവും , യേശുവിന്‍റെ മാമോധീസക്ക് കണ്ടതും ..... പരിശുദ്ധാല്മാവല്ല എന്ന് പറയേണ്ടി വരും. ഒരബദ്ധത്തില്‍ നിന്നും അടുത്ത അബദ്ധത്തിലേക്ക് ചാടാം എന്നേയുള്ളൂ.



      അപ്പോള്‍ പിന്നെ കൊരിന്തിലെ സഭ, റോമിലെ സഭ , ഫിലിപ്പിയിലെ സഭ , എഫേസൂസിലെ സഭ .....എന്ന് പറയുന്നതെങ്ങിനെ എന്നൊക്കെ ചോദിക്കും . അതൊക്കെ പ്രാദേശിക സഭകള്‍( കൂടിവരവുകള്‍) മാത്രമായിരുന്നു.



      യേശു തന്നെ പറയുന്നു " എന്നിട്ടും കേട്ടിട്ടില്ല എങ്കില്‍ സഭയോട് പറയുക"(Matthew 18:17 )



      അപ്പോള്‍ പെന്തകൊസ്തിനു മുമ്പുള്ള ആ സഭകള് ‍പെന്തിക്കൊസ്തില്‍ ഉണ്ടായ ഒന്നല്ല എന്ന് വരുന്നില്ലേ?. ഇനി വെളിപാടിലും സഭകളുടെ ഒരു പ്രളയം തന്നെയുണ്ട്‌ .ഇതെല്ലാം പ്രാദേശിക സഭകളായിരുന്നു . എന്നാല്‍ ദൈവസഭ ഒരു ആല്മീയ ഘടകം ആണ് . അതിനു ജടവുമായി ബന്ധമില്ല. ഈശരീരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ,ദൈവത്തില്‍ നിന്നും അകലെയെന്ന് പഠിപ്പിക്കുന്ന ബൈബിള്‍ അനുസരിച്ച് നമുക്ക് ഇപ്പോള്‍ എങ്ങനെ ദൈവസഭയിലാകാന്‍ പറ്റും? മരണശേഷം ഉയിര്‍ക്കുമ്പോള്‍ നമ്മുക്ക് കിട്ടുന്ന ആല്മീയ ശരീരം ലഭിക്കുമ്പോള്‍ മാത്രമേ , യേശു ദൈവസഭയെ പണികയോള്ളൂ.
      ആ ശരീരം ആയിരുന്നതുകൊണ്ടാണ്‌ യേശു ലോക മനുഷ്യനെക്കൊണ്ട് തന്നെ തോടീപ്പിക്കാതിരുന്നത്. ആല്മീയ ശരീരത്തിന് ജടികാശരീരവുമായി ബന്ധം പാടില്ല.



      സഭയെന്നാല്‍ യേശുവിന്‍റെ മണവാട്ടി (The imagery and symbolism of marriage is applied to Christ and the spiritual body of believers known as the church.)

      ,അഥവാ തല യേശുവും സഭ ശരീരവും എന്നെക്കൊയാനല്ലോ പഠിപ്പിക്കുന്നത്‌ . അപ്പോള്‍ കള്ളുകുടിക്കയും,വ്യഭിചരിക്കയും ,നുണ പറയുകയും , മോഷ്ട്ടിക്കയും, കുരിശും ക്രൂശിതരൂപവും ചുമക്കയും , മാതാപിതാക്കള്‍ക്ക് കഞ്ഞികൊടുക്കതിരിക്കയും ,കൊല്ലുകയും, കള്ളസാക്ഷ്യം യാതൊരു ഉളുപ്പുമില്ലാതെ പറയുകയും , അന്യന്‍റെ വസ്തുവും ഭാര്യയേയും ഉപയോഗിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്ന ഞാനും യേശുവിന്‍റെ , ശരീരവും മണവാട്ടിയും( സഭയിലെ അംഗം ) ആകുന്നതെങ്ങനെ?



      Templeഎന്നതിന് പകരം നമ്മള്‍ Church എന്നാക്കി. ജെറുസലേം Temple എന്നല്ലാതെ ജറുസലേം Church എന്ന് പറയാറുണ്ടോ? Church എന്നാല്‍ സഭ എന്നണ് സാമാന്യമായി പറയേണ്ടത് .
      അപ്പോള്‍ സഭ തന്നെ രണ്ടു തരമുണ്ട് മനുഷ്യരുടെ പ്രാദേശിക സഭകളും , ദൈവം ഉണ്ടാക്കാന്‍ പോകുന്ന സാര്‍വത്രീക (കാത്തോലിക് - റോമന്‍ സഭയാണോ എന്ന് തോന്നുന്നില്ല ) സഭയും.


      ഇനി പ്രാദേശിക സഭയില്‍ ഏതു തെമ്മടിക്കും അംഗമാകാം . എന്നാല്‍ Spiritual body ആയ ദൈവീക സഭയില്‍ അംഗമാക്കുന്നത് ദൈവമാണ് .



      ദൈവം പത്രോസില്‍ പണിയാന്‍ പോകുന്ന സഭയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം
      a. Composed of all righteous.



      b. Consists of all the saved
      c. There is just one



      d. Must do some( more than half) good deeds
      e. Begin on the Day Jesus second coming



      f. Has no earthly organization
      g. Enter or added by the Lord



      h. Can't be divided



      i. Death or transfiguration needs for membership



      e. The Lord keeps the books of membership.

      Delete
  14. "ആരായിരുന്നു യേശു?" എന്ന ചോദ്യത്തിൽ തുടങ്ങിയ ഒരു നീണ്ട സംവാദം യാദൃശ്ചികമായിട്ടാവില്ല "അതായിരുന്നു യേശു" എന്ന് പറഞ്ഞു നിറുത്തിയത്. വളരെ നന്നായി. അവിടെയെത്തുംവരെ സജീവമായി പങ്കെടുത്തവരെല്ലാം അഭിനന്ദനമർഹിക്കുന്നു. സംവാദകരിൽ ഭൂരിപക്ഷം പുരുഷന്മാർ ആയിരുന്നിട്ടും സ്നേഹിക്കാനുള്ള കഴിവിൽ സ്ത്രീയാണ് മുമ്പിൽ എന്നംഗീകരിക്കപ്പെട്ടതിൽ അല്മായ ശബ്ദത്തിലെ സ്ത്രീവിഭാഗത്തിന്റെ പേരിൽ ഞാൻ അഭിമാനം കൊള്ളുന്നു.

    ReplyDelete
  15. Woman, why are you weeping? There's a beautiful book by Dr. James Kottoor with this title. It would be great if copies of it be made available through KCRM. I hope those responsible will take necessary action

    ReplyDelete
  16. കാര്യം നിസാരം. കുമ്പസാരം,അതിന്റെ സാരം,അതിനോടുള്ള നീരസം ,അതുമൂലം പെണ്ണാടുകൾക്കു ഉണ്ടാകുന്ന പാതിരിക്കെണി,ഇവയെല്ലാം വിവരിച്ചവരേ,കുമ്പസാരമെന്ന പുരോഹിതന്റെ അടിമക്കൂദാശ കത്തോലിക്ക സഭയിലെ ഇന്ന് കാര്യമായിട്ടുള്ളൂ ..csi , മാർത്തോമ, എല്ലാം കൂട്ടക്കുമ്പസാരമാണു ...കോട്ടയം/മൂവാറ്റുപുഴ സുറിയാനി സഭകളിൽ കുമ്പസാരം പള്ളിപ്പരീശരിലെക്കൊതുങ്ങി ...പള്ളിപ്പൊതുയോഗത്തിൽ കയറണമെങ്കിൽ കുമ്പസാരം കൂടിയേതീരൂ .. കുമ്പസാരിച്ച പാപികളുടെ ലിസ്റ്റ് ,പള്ളിക്കുടിശിക കൊടുത്തവരുടെ ലിസ്റ്റ് ,ഇവ ഒത്തുനോക്കിയാണ് പൊതുയോഗത്തിൽ പരീസരുടെ പ്രാവേശനം ..അതുകൊണ്ട് ,"പള്ളിപ്പൊതുയോഗം എന്നതോർത്തായിടാം ദൈവഭയം ഉള്ളോർ മുങ്ങി ,1500 മേമ്പരന്മാരെന്നാൽ യോഗത്തിൽ ചെന്നായ്ക്കൾ മാത്രം"എന്ന സ്ഥിതിയുമായി.. .പണ്ടൊരിക്കൽ അബുദാബിയിൽ, എന്നോടു വികാരി ചോദിച്ചു "അച്ചായാൻ കുമ്പസാരിക്കുന്നില്ലേ" എന്ന്. "സ്ലീപിംഗ് ടോസ് കൂട്ടികൊടുത്തു വയസായ ബിഷൊപ്നെ ഉറക്കികിടത്തിയിട്ട് സെക്രട്ടറി കത്തനാരുടെകൂടെ( ഇവിടെ കുറിക്കാൻ മ്ലേച്ഛമായ )ആഭാസലീലകളാടുന്ന അച്ഛനോട് ഞാനെന്തു കുമ്പസാരിക്കാൻ" എന്നെന്റെ മറുചോദ്യവും.. .പാതിരിക്കു പരമസുഖം...മ്ലെച്ഛന്മാരായ പാതിരിമാരെ അവഗണിക്കുക ..പ്ലീസ്..കുമ്പസാരവും കുർബാനകാണലും ആദ്മീകതയിലെക്കുള്ള ഒന്നാം പടി മാത്രമാണു ..ബാക്കി പടികൾ നമുക്ക് കയറണ്ടേ ? അതിനായി ധ്യാനം ശീലമാക്കാം ..

    ReplyDelete
  17. കുമ്പസാരവും കുർബ്ബാന കാണലും "മതാത്മകമായ" ജീവിതത്തിൽ എല്ലാമാണന്നു കരുതപ്പെടുന്നു .
    പക്ഷെ , ആദ്ധ്യാത്മിക ജീവനത്തിൽ അത് നിന്നിടത്തു തന്നെയുള്ള നിൽപ്പാണ് .
    എറിയപക്ഷം കതിനയും മണിയടിയും ഇല്ലേൽ ഒന്നു സുഖമായി ഉറങ്ങാവുന്ന നിൽപ്പ്!
    കാരണം , വ്യക്തിയുടെ ആന്തരികതയുമായി അതു തീരെ സംവദിക്കുന്നില്ല ...
    പാപത്തിന്റെയും കുമ്പസാരത്തിന്റെയുമൊക്കെ ക്ലാസ്സ്‌ കേട്ടവരുണ്ടോ??????
    കേവലം ഒരുമുഴം കയറിൽ തീർക്കാവുന്നതേയുള്ളൂ ജീവിതം എന്ന് തോന്നിപ്പോകും!!!
    "പഞ്ചസാര കട്ടെടുത്തിട്ടുണ്ടേൽ വൈദികനോട് ഏറ്റുപറയണം" എന്നതുമുതൽ തുടങ്ങുന്ന പാപബോധാധ്യയനം കുഞ്ഞുങ്ങളെ എന്താക്കി തീർക്കണമെന്നാ നമ്മൾ ആഗ്രഹിക്കുന്നത്?
    " ചിന്ത" യാണ് പാപങ്ങളുടെ ഉറവിടം ...അതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കണം ..അതായത് ചോദ്യം ചെയ്യുകയുമരുത് , അതിനാരെയും അനുവദിക്കു കയുമരുത്!
    പാപബോധം ചിന്തയെ മുളയിലേ നുള്ളും ....ചിന്തയുണ്ടെങ്കിലല്ലേ മറുചോദ്യമുള്ളൂ ???
    നമുക്ക് നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുതന്നെ തുടങ്ങാം . കാരണം , കത്തിവെക്കുന്നത് അവിടെയാണ് ...

    ReplyDelete
  18. ജയിൻ കെ ജോൺApril 15, 2013 at 4:32 PM

    കൂദാശയെകുറിച്ചു യാതൊരു ധാരണയൊ അറിവോ ഇല്ലാതെ സത്യ വിശ്വാസത്തിനെതിരെ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾകൊണ്ട് എന്തു നന്മ കിട്ടി എന്നു ഒന്നു പറയാമോ? നിങ്ങൾ ഇവിടെ കൂട്ടുന്നതെന്തിനും സ്വർഗത്തിലോ നരകത്തിലോ കൂട്ടപ്പെട്ടിരിക്കും.ദൈവ വിശ്വാസം നിങ്ങൾക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല.എന്തായാലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.സത്ബുദ്ധിക്കയി പ്രാർഥിക്കാം.

    ReplyDelete
    Replies
    1. " നന്മ എത്രത്തോളം കിട്ടി " എന്ന ഉപകാര സ്മരണയിൽ വർദ്ധിക്കേണ്ടുന്നതാണോ ശ്രീ. ജെയിൻ കെ ജോൺ നമ്മുടെ സത്യവിശ്വാസം ?
      " ഉപകാരം "(വ്യക്തിലാഭം) ഇല്ലേൽ നിങ്ങളീ പറഞ്ഞ കൂദാശകളോടും സത്യവിശ്വാസത്തോടുമൊക്കെ എത്രപേർ Stick On ചെയ്യും ? പ്രിയ സുഹൃത്തേ , താങ്കൾ ചെയ്യുമോ?

      Delete

    2. ബഹുമാനപ്പെട്ട ജയിന്‍ ചേട്ടാ, എല്ലാ സ്നേഹാദരങ്ങളോടെയും ഞാന്‍ പറയട്ടെ, അന്ധമായി കൂദാശകളെ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു വലിയ സമൂഹം അകത്തുണ്ട്. പലരും മിണ്ടുന്നില്ലായെന്നെയുള്ളൂ. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനടുത്തു ശിവാനന്ദ ആശ്രമത്തില്‍ യോഗാ ക്ലാസ്സിനു പോയി വന്ന ഒരു ഡോക്ടര്‍ ദമ്പതികളുമായി സംസാരിക്കാന്‍ ഇടയായി. എറണാകുളം രൂപതയിലെ യുവദീപതി പ്രസ്ഥാനത്തിന്‍റെ ഒരു വലിയ നായകനായിരുന്നു, ഭര്‍ത്താവ്. പേടിച്ചു പേടിച്ചാണ് അവര്‍ അവിടെ ചെന്നത്, ഉണ്ടായിരുന്നത് മുഴുവന്‍ വിദേശികള്‍, എല്ലാവരുടെയും പേരുകള്‍ പോള്‍, മാത്യു, ആണ്ട്രു, അങ്ങിനെ പോവുന്നു...എല്ലാവരും ഒരു കാലത്തെ നല്ല ക്രിസ്ത്യാനികള്‍. ആയിരുന്നു. അവര്‍ക്ക് അവിടെ കിട്ടിയ പുതിയ വെളിച്ചം തുടരാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.

      ആര്‍ട്ട് ഓഫ് ലിവിങ്ങില്‍ അദ്ധ്യാപകരായി കേരളത്തില്‍ നിന്ന് ഇരുന്നൂറോളം ക്രിസ്ത്യാനികള്‍ ഉണ്ട്. വിപസ്സന കേരളത്തില്‍ നടത്തുന്നവരില്‍ പ്രമുഖര്‍ ക്രിസ്ത്യാനികളാണ്. കേന്ദ്ര മന്ത്രി ആന്റണി മുതല്‍ യേശുദാസ് വരെയുള്ള ചിന്തിക്കുന്ന പ്രമുഖര്‍ മുഴുവന്‍ സഭ വിട്ടു കഴിഞ്ഞു. പോള്‍ മുതല്‍ വര്‍ക്കി വരെയുള്ള സാഹിത്യകാരന്മാരും അങ്ങിനെ തന്നെയാണ് ചിന്തിച്ചത്. ഇവരെയൊന്നും സഭക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഭൂരിഭാഗം പേരും അവരുടെ ശരീരം മുഴുവന്‍ മരണാനന്തരം മെഡി.കൊളെജിനു സംഭാവന ചെയ്തു കഴിഞ്ഞു. സമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള എളിയ ശ്രമമാണ് അല്മായാ ശബ്ദം നടത്തുന്നത്. ഓരോരുത്തരും അറിഞ്ഞു സംഭാവന ചെയ്യുന്ന ചെമ്പു കാശുകൊണ്ടാണ് എല്ലാം മുന്നോട്ടു പോകുന്നത്. യേശുവിന്റെ സംരക്ഷണ ഞങ്ങള്‍ക്കുള്ളിടത്തോളം കാലം, നട്ടെല്ല് നിവര്‍ത്തി നിന്ന് സത്യം വിളിച്ചു കൂവുന്ന ഒരു ജനതതി ഇവിടെ ഉണ്ടാവും.

      സഭ സത്യമ്മയിക്കൊള്ളട്ടെ, ഞങ്ങള്‍ ചോദിക്കുന്നത് യേശു വാഗ്ദാനം ചെയ്ത സമാധാനം എവിടെയാണുള്ളതെന്നാണ്, യേശുവിനെ എവിടെ കാണാമെന്നതാണ്. ഫലം മോശമെങ്കില്‍ വൃക്ഷം പിഴയായിരിക്കും, സംശയമുണ്ടോ?

      Delete
  19. ഈ കഴിഞ്ഞ ആഴ്ച പെരിങ്ങുളം പള്ളിയിൽ ഒരു പുതിയ നിയമം കൊണ്ടുവന്നു എന്ന് കേട്ടു. ഇനിമുതൽ കുർബാന നിബന്ധമായും വായിൽ സ്വീകരിക്കണം. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മുമ്പത്തെ ആളുകളുടെ വായിൽ നിന്നുള്ള തുപ്പലും കൂട്ടി അച്ഛൻ വച്ച് നീട്ടുന്ന ഓസ്തി വായിലോട്ടു വച്ച് തരും. മുതുക്കന്മാരും മുതുക്കികളും പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ വായ്‌ പൊളിച്ചു നിന്നോണം.
    വെറുതെയല്ല. ഒരു എറണാകുളം കാരനോമറ്റോ വന്നു കുര്ബാന കൈയിൽ വാങ്ങി, കഴിക്കാതെ അത് പോക്കറ്റിൽ ഇട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ സംശയം തോന്നി അയാളെ പിടിച്ചു പള്ളിമുറിയിൽ കൊണ്ടുപോയി ഓസ്തി അച്ഛന്റെ മുമ്പിൽ വച്ച് തിരിച്ചെടുത്തു. ഇത് എന്തിനെന്നും മറ്റും പല നിഗമനങ്ങളും ഉണ്ട്. അതിലേയ്ക്ക് കടക്കുന്നില്ല.
    കൂദാശയിൽ വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. അത് ദുരുപയോഗിക്കുന്നവരും കാണും. എന്ന് വച്ച് പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ പെരുമാറാൻ മനുഷ്യരെ നിർബന്ധിക്കുന്നത്‌ ശരിയാണോ? ഒന്നെനിക്കറിയാം, ഞാൻ കുർബാനയിൽ വിശ്വസിക്കുന്നുണ്ടായിരുന്നെങ്കിലും ശുചിത്വത്തിന്റെ പേരിൽ ഈ പുതിയ നിയമം ഞാൻ വകവച്ചുകൊടുക്കുകയില്ലായിരുന്നു. ദുരുപയോഗത്തെ ഇങ്ങനെയാണോ തടയേണ്ടത്?

    ReplyDelete
  20. എനിക്കും തോന്നിയിട്ടുള്ള ഒരുകാര്യമാണ് ലത്തീൻ പള്ളികളിലാണ് നമ്മുട്ടെ സീറോ മലബാർ പള്ളികളിലേക്കാളും മനസ്സിന് സുഖം കിട്ടുന്നത് എന്ന്. ഏറ്റവും അരോചകമായിട്ടുള്ളതു ചെവിക്കല്ല് തകർക്കുന്ന തരത്തിലുള്ള പാട്ടുകളും reverberation system ഉള്ള ഉച്ചഭാഷിണികളും ആണ്. അതിൽകൂടി ചില പാതിരിമാർ വിളിച്ചു കൂവുമ്പോൾ ഒരു കൂവൽ നൂറു കൂവൽ ആയി ആണ് പുറത്തു വരുന്നത്. ചില പാതിരിമാർ reverberation system ഇല്ലാതെ പ്രസംഗിക്കുകയില്ലത്രേ. പാശ്ചാത്യ സംഗീതത്തിൽ സാർവർത്രികമായി ഉപയോഗിക്കുന്ന ഒരു സങ്കേതമാണിതെങ്കിലും ഒരു ദേവാലയത്തിൽ ഇത് അരോചകമായ ഒരു സംഗതിയാണെന്ന് നമ്മുടെ പാതിരിമാരും മേല്പാതിരിമാരും അറിയുന്നുണ്ടോ ആവോ! അതുപോലെ തന്നെ, സീറോ മലബാർ പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദം കേട്ടാൽ തോന്നും ദൈവത്തിനു കേഴ്‌വിശക്തി നഷ്ടപ്പെട്ടെന്നു.

    ReplyDelete