Translate

Monday, April 29, 2013

നാഥാ ഞാന്‍ കാണട്ടെ !


(ശക്തമായ ഭാഷാശൈലി കൊണ്ടും ആശയ സംപുഷ്ടികൊണ്ടും ശ്രദ്ധേയമായ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളിലൂടെ ലോകമാകെ ബഹുമാനിക്കപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ ഡോ. ജയിംസ് കോട്ടൂര്, പ്രായോഗിക ജീവിതത്തില്‍ ശക്തമായ ഒരു ആദ്ധ്യാത്മികതയുടെ ഉടമയും കൂടിയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ലേഖനം വിനയപൂര്‍വ്വം ഞാന്‍ തര്‍ജ്ജമ ചെയ്യട്ടെ. അദ്ദേഹത്തിന്‍റെ ദൈവ പ്രചോദിതമായ ഈ കൊച്ചു പ്രാര്‍ത്ഥന നാനാജാതിമതസ്ഥര്‍ക്കും പ്രയൊജനീഭവിക്കട്ടെയെന്നു ആശംശിക്കുന്നു. ജൊസഫ് മറ്റപ്പള്ളി)
    

ഒരന്ധനായ മനുഷ്യന് കറുപ്പും വെളുപ്പുമോ, ചുവപ്പും നീലയുമോ, പച്ചയും മഞ്ഞയുമോ തിരിച്ചറിയാന്‍ കഴിയണമെന്നില്ല; പക്ഷേ, നല്ല കാഴ്ച ശക്തിയുണ്ടെന്ന് നാം കരുതുന്നവര്‍ക്ക് വല്ലപ്പോഴുമെന്നല്ല ഒരിക്കലും കണ്ടുപിടിക്കാനാവാത്ത ശരിയും തെറ്റും തമ്മിലുള്ള വേര്‍തിരിവ് അയാള്‍ നമുക്ക് നന്നായി പറഞ്ഞു തന്നെന്നിരിക്കും. 

ഈ വൈരുദ്ധ്യാത്മകസത്യം വളരെ ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ഒരു സംഭവമാണ് വഴിയരുകില്‍ ഇരിക്കുകയായിരുന്ന ജെറീക്കോയിലെ അന്ധനായ ഭിക്ഷാടകന്‍റെ കഥ [മര്‍ക്കോസ്:10.46-52]. ഭൌതിക മിഴികളുടെ സഹായം ഇല്ലാതെതന്നെ അയാള്‍ യേശുവിനെ കാണുകയും “ദാവീദിന്‍റെ പുത്രാ എന്നില്‍ നീ കനിയേണമേ” യെന്ന് വിളിച്ചപേക്ഷിക്കുകയും ചെയ്തു. അവന്‍ കേട്ടത്, നസ്രായനായ യേശു ആ വഴി വരുന്നുവെന്നാണ്, അവന്‍ യേശുവിനെ അഭിസംബോധന ചെയ്തതോ, ‘ദാവീദിന്‍റെ പുത്രാ’ യെന്നുമാണ്. അവന്‍ അന്ധനായിരുന്നു, പക്ഷെ വ്യക്തമായി കണ്ടു – അവന്‍ അന്ധമായി കാണുകയായിരുന്നുവോ? ദൈവത്തിന്‍റെ രക്ഷാകര ദൌത്യം മനുഷ്യനില്‍ അവലംബിക്കുന്ന വിചിത്രമായ ഒരു പ്രവര്‍ത്തശൈലി  നാമിവിടെ കാണുന്നു.

യേശുവിനു ചുറ്റുംകൂടി ജെറൂസലെമിലേക്ക് പൊയ്ക്കൊണ്ടിരുന്ന, ആ ഭിക്ഷക്കാരനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട ശിക്ഷ്യന്മാരും ജനവും അവനെക്കാള്‍ അന്ധരായിരുന്നു. ലോകത്തിന്‍റെ പ്രകാശമായ യേശുവിനോട് ഭൌതികമായി അടുത്തിരിക്കുന്നുവെന്നത് അവന്‍റെ പ്രകാശത്തില്‍ സ്വയം ജ്വലിക്കുവാന്‍ മതിയായ കാരണമല്ലെന്നതും നാമിവിടെ കാണുന്നു. തത്വത്തില്‍ കാഴ്ച്ചയുള്ളവരായിരുന്നെങ്കിലും, അവരില്‍ നിന്നും ദൂരെയായിരുന്ന ആ അന്ധനേ സംബന്ധിച്ചിടത്തോളം എന്താണ് ശരിയായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആ യാചകന്‍ മുമ്പത്തേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു, ‘ദാവീദിന്‍റെ പുത്രാ’യെന്ന്. യേശു എന്താണ് ചെയ്തത്? ചുറ്റും കൂടിയ സ്തുതിപാടകരെ നിശ്ശബ്ദരാക്കിക്കൊണ്ട്, അവനെ തന്‍റെ അടുക്കലേക്കു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും, അവന്‍റെ യാചന ന്യായീകരിക്കത്തക്കതായിരുന്നുവെന്ന് ഉദ്ഘോഷിച്ചു കൊണ്ട് ‘എന്നെ കാണാന്‍ സഹായിക്കണമേ’യെന്നു വിളിച്ചപേക്ഷിച്ച അവന് കാഴ്ച കൊടുക്കുകയും ചെയ്തു.


ലോകം നല്‍കുന്ന പ്രകാശത്തിന്‍റെ പിന്നാലെ?

ഈ ഉദാഹരണം, നമ്മോട്, പ്രത്യേകിച്ച് കാണുകയും അറിയുകയും ചെയ്യുന്നുവെന്നു ചിന്തിക്കുന്ന,  യേശുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട അനുയായികളെന്നും സന്ദേശവാഹകരെന്നും കരുതുന്ന, അവന്‍റെ ഔദ്യോഗിക വക്താക്കളെന്ന് അഭിമാനിക്കുന്നവരോട്, ‘ലോകത്തിന്‍റെ പ്രകാശത്താലാണോ’ അതോ വേറേതോ ലൌകിക പ്രകാശത്താലാണോ തങ്ങള്‍  പ്രശോഭിതരായിരിക്കുന്നതെന്ന് ആത്മപരിശോധന നടത്താനാണ് ആവശ്യപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ വചനഭാഗത്തെപ്പറ്റി തീഷ്ണതയോടെ ധ്യാനിച്ച ഒരാള്‍ക്കും ഇതുതന്നെ തോന്നി. ബാര്ട്ടിമേയസ് എന്നയാ അന്ധയാചകനെക്കാള്‍ അന്ധനും അജ്ഞനുമാണ് താനെന്ന് അയാള്‍ തിരിച്ചറിഞ്ഞു - ലൌകികവും അലൌകികവുമായ എല്ലാ കാര്യങ്ങളിലും സ്ഥിതി മറിച്ചല്ലെന്നും അയാള്‍ മനസ്സിലാക്കി. എല്ലാം അറിയണമെന്ന് അയാള്‍ ആഗ്രഹിച്ചു, പക്ഷേ അറിഞ്ഞില്ല; ശരിയുടേയും തെറ്റിന്‍റെയും പൂര്‍ണ്ണ ചിത്രം കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ കണ്ടില്ല. എന്തായാലും, ബാര്ട്ടിമേയസിനെപ്പോലെ അന്ധനും പക്ഷേ മനക്കണ്ണു തുറന്നവനുമായിരുന്നെങ്കിലെന്ന് അവന്‍ ആഗ്രഹിച്ചു. അതിന്‍റെ ഫലമായി, ആ യാചകനെപ്പോലെതന്നെ  ‘ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമെ, കര്‍ത്താവേ ഞാന്‍ കാണേണ്ടതിന് എന്‍റെ മിഴികളെ തുറക്കേണമേ’ എന്ന് പ്രാര്‍ഥിക്കുവാന്‍ അവനു തോന്നി. ആയിരക്കണക്കിന് പ്രാവശ്യം ആ മന്ത്രം അയാള്‍ ഉരുവിട്ടിരുന്നിരിക്കണം. 

ഈ പ്രാര്‍ഥനയുടെ ഇടവേളയിലെങ്ങോ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന, കൂടുതല്‍ ഇമ്പമുള്ള മറ്റൊരു പ്രാര്‍ത്ഥന മിന്നല്‍പിണരിനേക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സില്‍ പൊട്ടിവിടര്‍ന്നു. അത് മനസ്സിലാക്കിയപ്പോള്‍, അത്യാഹ്ലാദംകൊണ്ട് ‘യുറേക്കാ’ യെന്നു വിളിച്ചു കൂവാനാണ് അയാള്‍ക്ക്‌ തോന്നിയത്, കാരണം അയാള്‍ ഒരു പ്രാര്‍ത്ഥന രചിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും, പകരം ആന്തരിക വെളിച്ചത്തിന് വേണ്ടി യാചിച്ചതേയുള്ളല്ലോയെന്നും അയാള്‍ക്കറിയാമായിരുന്നു. ഈ പ്രാര്‍ത്ഥന ഒരു ഉള്‍ക്കാഴ്ചയായി ലഭിച്ചതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് വാക്കുകളുടെ കൊരുക്കല്‍ അല്‍പ്പം പോലും പിശകാന്‍ അനുവദിക്കാതെ അപ്പോള്‍ത്തന്നെ അയാളത് എഴുതി വെച്ചു. അയാളുടെ മനസ്സിലേക്ക് ഒഴുകിയെത്തിയ ആ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.

ദൈവമേ ഞാന്‍ കാണട്ടെ !

ഇന്ന് ഞാന്‍ കാണണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ  ഞാന്‍ കാണേണ്ടത് മാത്രം കാണുവാന്‍ ദൈവമേ അങ്ങെന്നെ അനുഗ്രഹിക്കേണമേ.
 
ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ആഗ്രഹിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ചിന്തിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ചിന്തിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ശ്രവിക്കണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം  ശ്രവിക്കുവാന്‍  ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ പറയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം പറയുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ദൈവമേ, ഈ ദിവസം മുഴുവന്‍ ഞാന്‍ കാണുന്നതിലും ആഗ്രഹിക്കുന്നതിലും ചിന്തിക്കുന്നതിലും കേള്‍ക്കുന്നതിലും പറയുന്നതിലും ചെയ്യുന്നതിലുമെല്ലാം അങ്ങയുടെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടാകട്ടെ. ആമ്മേന്‍ !


അയാളുടെ ആത്മാവ് തീവ്രമായി ദാഹിച്ച, അയാള്‍ക്ക്‌ ഒരു നേട്ടവും സമ്മാനവുമായി മാറിയ   ഏറ്റവും സുന്ദരമായ ഒരു പ്രാര്‍ഥനയുടെ വാച്യാവിഷ്കാരമാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത്. ബാര്ട്ടിമേയസിനെ അനുകരിക്കാന്‍ ശ്രമിച്ചതുകൊണ്ട് ലഭ്യമായ, കൃത്യമായ വാക്കുകള്‍ കൊണ്ട് കൊരുത്തെടുത്ത ഈ പ്രാര്‍ത്ഥന, എന്നും അലോസരപ്പെടുത്തിക്കൊണ്ടിരുന്ന അജ്ഞതയേയും അന്ധതയേയും പര്‍വ്വതസമമായ പ്രശ്നങ്ങളെയും സംയക്കായി നേരിടാന്‍ അയാളെ സഹായിച്ചു. അയാളും ദൈവവും തമ്മിലുള്ള ഒരു സ്വകാര്യ ബന്ധത്തിന്‍റെ അടയാളമായി കുറേക്കാലം ഈ പ്രാര്‍ത്ഥന അയാള്‍ രഹസ്യമായി സൂക്ഷിച്ചു. എങ്കിലും, തനിക്കു മാത്രമല്ലല്ലോ തന്‍റെ കുടുംബത്തിനും ഇത് പ്രയോജനപ്പെടുമല്ലോയെന്നു പെട്ടെന്നൊരു ദിവസം  അയാള്‍ക്ക്‌ തോന്നി. സ്വന്തം സ്വാര്‍ഥതയില്‍ ഏകവചനമായിരുന്ന ഈ പ്രാര്‍ത്ഥന  അങ്ങിനെ ബഹുവചനമായി - ‘ദൈവമേ ഞാന്‍ കാണട്ടെ’ എന്നുള്ളത് ‘ഞങ്ങള്‍ കാണട്ടെ’യെന്നായി. വര്‍ഷങ്ങളായി, അയാളുടെ കുടുംബത്തിന്‍റെ ദൈനംദിന പ്രാര്‍ഥനയുടെ ഭാഗമാണിതിന്ന്. 

യുക്തിയുടെ ആറു പടികള്‍

           
കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക എന്നിവയെല്ലാം ഏതൊരു വ്യക്തിയുടെ ജീവിതത്തിലും കാണുന്ന സാധാരണ പെരുമാറ്റങ്ങളുടെ ഭാഗമാണ്. ബോധപൂര്‍വ്വമുള്ള ഒരു മാനുഷിക കര്‍മ്മത്തിന്‍റെ തുടക്കം ഉള്ക്കാഴ്ചയാണ്. ഭൌതികമായും മാനസികമായും ആത്മീയമായും അന്ധനായിട്ടുള്ള ഒരുവന് അന്ധകാരത്തില്‍ തപ്പിത്തടയാനെ സാധിക്കൂ. അതുകൊണ്ടാണ് ഒരുവന് ആദ്യം ആവശ്യമായിട്ടുള്ളത് ഉള്ക്കാഴ്ചയാണെന്ന് പറയുന്നത്. ഒരുവന്‍റെ മനസ്സിന് പിന്നാലെയാണ് അവനും പായുന്നതെന്നതുകൊണ്ട് എതൊരുവനും കാണാനുള്ള വിശേഷശക്തി ആവശ്യമുണ്ട്. ഒരുവന്‍ സത്യമായിട്ടും സൌന്ദര്യമായിട്ടും പരിശുദ്ധമായിട്ടും, സന്തോഷദായകമായിട്ടും കാണുന്നതിലേക്ക് ഒരു കാന്തത്തിലെക്കെന്നതുപോലെ ആകര്‍ഷിക്കപ്പെടുമെന്നത് കൊണ്ടുകൂടിയാണ് ഇങ്ങിനെ പറയുന്നത്. അതുപോലെ തന്നെ, അസത്യമായതും ചീത്തയായതുകളില്‍ നിന്ന് അവന്‍ വിഘര്ഷിക്കപ്പെടുകയും ചെയ്യും. സത്യം യഥാര്‍ഥത്തില്‍ ഒരു കെണിയാണ്; അത് നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമാണ്.കാണപ്പെടാത്ത സൌന്ദര്യത്തിലേക്ക് ആരാണ് ആകര്ഷിക്കപ്പെടുന്നത്?

രണ്ടാമതായി, കാഴ്ച നല്ലതും സുന്ദരവുമാണെങ്കില്‍, ഈ ആകര്‍ഷണം നിഷേധിക്കാനാവാത്ത അര്‍ത്ഥവത്തായ ഒരിശ്ചയിലേക്ക് അവസ്ഥാന്തരം പ്രാപിക്കും. അത്തരം ഒരിശ്ചയുടെ അന്തര്‍ധാരയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ട ഒരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വിധേയമാകാതെയാണ് അതിലേക്കു ചെന്നെത്തുന്നത്. ഇശ്ചയാണ് നമ്മെ ദൃഢമായ ഒരു ബന്ധനത്തില്‍ കൊണ്ടെത്തിക്കുകയും ആകര്‍ഷണ വലയത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്.

ഇതിലെ മൂന്നാമത്തെ പടി ചിന്തയാണ്. മനസ്സ് കണ്ടിട്ടുള്ളതും, ഹൃദയം സത്യമായും സുന്ദരമായും നേടേണ്ടതായി വ്യാഖ്യാനിക്കുകയും ചെയ്യുന്നവയെപ്പറ്റിയാണ് നാം മിക്കവാറും ചിന്തിക്കുക. “നിങ്ങളുടെ സമ്പത്ത് എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” [ലൂക്ക്‌ 13.34]. കാമുകീകാമുകന്മാര്‍ എന്തുമാത്രം പകല്‍ക്കിനാവ് കാണുമെന്നു സങ്കല്‍പ്പിച്ചു നോക്കൂ.

നാലാമത്തെ പടി ആത്മാവിനെ ശ്രവിക്കലാണ്, അതായത് എന്തിലേക്കാണോ ആകര്‍ഷിക്കപ്പെട്ടത്‌ അതിന്‍റെ ഗുണദോഷങ്ങളെപ്പറ്റി മനസ്സും ഹൃദയവും തമ്മില്‍, ബുദ്ധിയും വികാരവും തമ്മില്‍ നടക്കുന്ന സൂഷ്മ സംവാദം ശ്രവിക്കല്‍. ദൈവത്തിന്‍റെ സ്വരമാണ് മനുഷ്യരിലൂടെ കേള്‍ക്കുന്നതെന്ന ചിന്തയോടെ അഭ്യൂദയകാംഷികളുടെ സദുപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മന:സാക്ഷി കുറേക്കൂടി ശുദ്ധമാകുന്നു. കാലഘട്ടത്തിന്‍റെ അടയാളങ്ങളിലൂടെ ദൈവത്തിന്‍റെ സ്വരം നാമപ്പോള്‍ കേള്‍ക്കുന്നു - അതായത്, ഒരുവന്‍റെ ഉള്ളിലും പുറത്തും സംഭവിക്കുന്നതെല്ലാം.

അഞ്ചാമത്, നിങ്ങളുടെ മനസ്സും ഹൃദയവും അനിയന്ത്രിതമായ ഒരു ശക്തിയാല്‍ വിലയേറിയ ഒന്നിലേക്ക് ആവഹിക്കപ്പെടുമ്പോള്‍ നാം അതിനെപ്പറ്റി സംസാരിക്കുന്നത് നിര്‍ത്തുന്നേയില്ല. “ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” [മത്തായി. 12.34]. മനസ്സെന്നു നാം വിളിക്കുന്ന യന്ത്രം തന്നെ, ചിന്തകളുടെ ഒരു നീണ്ട ശ്രുംഘല, പ്രത്യേകിച്ച് നാം വാക്കുകളിലൂടെ പ്രകീര്‍ത്തിക്കുന്ന നമുക്ക് പ്രിയങ്കരമെന്ന് കരുതുന്നവ മഥനം ചെയ്യപ്പെടുവാനായി നമ്മില്‍ സ്ഥാപിക്കപ്പെട്ടതാണ്.

ആറാമത് നിങ്ങള്‍ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ നേടാനായി എന്തെല്ലാം ചെയ്യാമോ അത് ചെയ്യാന്‍ നിങ്ങള്ക്ക് പ്രേരണ നല്‍കുന്നത് ധൈര്യമാണ്. വ്യക്തമായ കാഴ്ചപ്പാടും തീവ്രമായ ആഗ്രഹവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ നയിക്കും.  

അറിവില്ലാത്തവര്‍ക്ക് വേണ്ടി

ഇത് എനിക്കെല്ലാമറിയാമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല.

1      ഞാനൊന്നുമറിയുന്നില്ലെന്നോ, ഞാനറിയുന്ന ഒരേയൊരു കാര്യം ഞാന്‍ അജ്ഞനാണെന്നതാണെന്നോ  കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.

2      ‘ലോകാ സമസ്താ സുഖിനോ ഭവന്തു’: ആകമാന ലോകത്തിന്‍റെ സൌഖ്യത്തിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണ് ഈ പ്രാര്‍ത്ഥന.

3    ഒരു കുടുംബത്തിലായാലും, സമുദായത്തിലോ രാജ്യത്തോ ആയാലും, നയിക്കുന്നവരുടെ സങ്കുചിത ശിരസ്സുകളെ നിയന്ത്രിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകളില്‍ നിന്നും മോചിതമാവാനുള്ള ഒറ്റമൂലികൂടിയാണ് ഈ പ്രാര്‍ത്ഥന.

   4      ഈ പ്രാര്‍ത്ഥന നാമായിരിക്കുന്ന ഇന്നിനു വേണ്ടി മാത്രമുള്ളതാണ്.
   5     എല്ലാ പ്രചോദനങ്ങളുടേയും ഉത്തെജകങ്ങളുടേയും പ്രയത്നങ്ങളുടേയും  ഉറവയാണീ പ്രാര്‍ത്ഥനയെന്ന് കാണുന്നവനെ, തീര്‍ച്ചയായും അവനെപ്പറ്റിയുള്ള രക്ഷാകര പദ്ധതിയില്‍ തന്നെ ഇത് കൊണ്ടെത്തിക്കും.

   
നാലുതരത്തിലുള്ള ആളുകള്‍

1.     ഇത് സ്വയം നിയന്ത്രിത വ്യക്തികള്‍ക്ക് വേണ്ടിയുള്ളതല്ല. ലേഡി ബര്‍ട്ടന്‍റെ കാഴ്ചപ്പാട് ഇത് നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചേക്കാം. അവര്‍ ആളുകളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1 അറിവില്ലാത്തവരും, അറിവില്ലെന്ന് തിരിച്ചറിയാത്തവരുമായ വിഡ്ഢികള്‍ - അവരെ ഒഴിവാക്കുക. 2 അറിവില്ലാത്തവരും എന്നാല്‍ അറിവില്ലെന്ന് മനസ്സിലാക്കിയവരും - സാധാരണക്കാരായ അവരെ പഠിപ്പിക്കുക. 3 അറിവുണ്ടെന്ന കാര്യം തിരിച്ചറിയാത്തവര്‍ - അവര്‍ ഉറക്കത്തിലാണ് അവരെ ഉണര്‍ത്തുക. 4 അറിയുന്നവരും, അറിയുന്നുവെന്നു തിരിച്ചറിഞ്ഞവരും - അവര്‍  ജ്ഞാനികളാണ് അവരെ അനുഗമിക്കുക. നാലാമത്തെ വിഭാഗത്തിലുള്ളവര്‍ അപൂര്‍വ്വവും, അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമാണ്. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.

2.     ഇത് ഏറ്റവും നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനയാണെന്നു പറയാന്‍ കാരണം, കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക ഇങ്ങിനെയുള്ള ഓരോ പടിയിലും അവസ്ഥയിലും ദൈവത്തിന്റെ ഇശ്ചക്കാണ് ഇവിടെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് എന്നത് കൊണ്ടാണ്. എന്‍റെയോ ഞങ്ങളുടെയോ  ഇഷ്ടമല്ല, പകരം അവിടുത്തെ ഇഷ്ടം ഭവിക്കട്ടെയെന്ന് ഉരുവിടുകൊണ്ട് ദൈവേഷ്ടം മാത്രമാണല്ലോ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ അഭിമാനത്തോടെ അന്വേഷിക്കുന്നത്.  പരസ്പരം സഹായിച്ചുകൊണ്ടും, സേവിച്ചുകൊണ്ടും പിന്താങ്ങിക്കൊണ്ടും അപരനെ ദ്രോഹിക്കാതെ ലോകം മുഴുവന്‍ ശാന്തിയിലും ഒരുമയിലും ആയിരിക്കണമെന്നാണ് ദൈവം ഇശ്ചിക്കുന്നത്.


ശാന്തിയിലേക്കൊരൊറ്റമൂലി  

 ഇതിന്‍റെയെല്ലാം ഫലമായാണ് കുടുംബത്തിലും സമുദായത്തിലും രാജ്യത്തുമുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനുള്ള അമൃത തുല്യമായ ഒരു ഔഷധമായി ഈ പ്രാര്‍ഥനയെ പരിഗണിക്കുന്നത്. ഒരു സമുദായവും ആള്‍ക്കൂട്ടവും രണ്ടാണ്, സമുദായം ഏക മനസ്സുള്ളതാണെങ്കില്‍   ആള്‍ക്കൂട്ടത്തിന് അനേകം തലകള്‍ മാത്രമേ കാണൂ. പരസ്പരം കണ്ണോടു കണ്ണ് കാണാന്‍ പ്രജകള്‍ക്കു സാധിക്കാതെ വരുമ്പോഴാണ് അസ്വാരസ്യങ്ങള്‍ തലപൊക്കുന്നത്. ഒരു പ്രത്യേക അവസരത്തില്‍ സമുദായത്തിനു കൃത്യമായി വേണ്ടതെന്താണെന്നതിനെപ്പറ്റി ഉള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നിരിക്കും. പക്ഷേ ആ അവസരത്തില്‍ സമുദായത്തിന് ഏറ്റവും കരണീയമായതെന്തെന്നു തീരുമാനിക്കാനുള്ള അവകാശം എല്ലാവരും ദൈവത്തിനു വിട്ടുകൊടുക്കുമ്പോള്‍ അവിടെ അസ്വാരസ്യങ്ങള്‍ക്ക്‌ സ്ഥാനമേയില്ല. പക്ഷേ, സമുദായത്തില്‍ രണ്ടാഭിപ്രായങ്ങളാണ് ഉരുത്തിരിയുന്നതെങ്കില്‍ അതിലൊന്ന് വ്യക്തമായും തെറ്റായ ദിശയില്‍ ആയിരിക്കുമെന്നും അത് മാനുഷികമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ ദൈവേഷ്ടമോയല്ലായിരിക്കും ഉദ്ദേശിക്കുന്നതെന്നും സ്പഷ്ടമാണ്. അത്തരം അസന്നിഗ്ദാവസ്ഥകളില്‍ അപരനെ വേദനിപ്പിക്കുന്നതല്ലാത്ത ഒരു ഐക്യദര്‍ശനം സാദ്ധ്യമാവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടത്. 
   
4. ഈ പ്രാര്‍ത്ഥന ഈ ഒരു ദിവസത്തേക്ക് വേണ്ടി മാത്രമുള്ളതാണ്. “നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്, നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.” [മത്തായി. 6.34]. ഓരോ സമയത്തും ഒരാള്‍ക്ക്‌ നന്നായി കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ വലുതാണ്‌ അവനവനു ലഭിക്കുന്നത്. എന്തുമാത്രം നാളെകള്‍ക്കൊണ്ട് ഇന്നുകളെ നാം നിറയ്ക്കുന്നുവോ, ഇന്നത്തെ കൃത്യങ്ങള്‍ അത്രയും അപൂര്‍ണ്ണമായി അവശേഷിക്കും. അങ്ങിനെയുള്ളവര്‍ക്ക് ഇന്നലെയെ ഓര്‍ത്ത്‌ വ്യസനിച്ച ഇന്നുകള്‍ നാളെകളായി മാറും. നമ്മുടെ പിടിവിട്ടു എന്നന്നേക്കുമായി അപ്രത്യക്ഷമാവുന്ന ശൂന്യസ്വപ്നങ്ങളാണ് ഇന്നലെകള്‍; അതെ സമയം നാളെയെന്നത് നമുക്കുറപ്പില്ലാത്ത ഒരു കാരണവശാലും സ്വന്തം ശക്തികൊണ്ട് നമുക്ക് എത്തിപ്പെടാനാവാത്ത ഒരു സാദ്ധ്യത മാത്രമാണ്. നമ്മള്‍ വിഭാവനം ചെയ്യുന്ന ഒരു നാളെയില്‍ നാമൊരിക്കലും എത്തിപ്പെടാന്‍ ഇടയില്ല. അപ്പോള്‍ പ്രസക്തമായത്, ഇന്ന് എന്ന ജീവിക്കുന്ന യാഥാര്‍ത്ഥ്യം മാത്രമാണ്.


ദൈവ കേന്ദ്രീകൃതമായ പ്രാര്‍ത്ഥന

5 അവസാനമായി, ഈ പ്രാര്‍ത്ഥന സ്വന്തം ആത്മശക്തിയായി കാണാന്‍ കഴിയുന്നവന്, അല്ലെങ്കില്‍ അവന്‍റെ  ഹൃദയത്തില്‍ നിന്നുള്ള ജ്ഞാനത്തിന്‍റെ ആവേശത്തോടെയുള്ള കവിഞ്ഞോഴുകലായി ഇതിനെ കാണുന്നവന് ഒരിക്കലും മാര്‍ഗ്ഗ ഭ്രംശം വരാന്‍ ഇടയില്ല, കാരണം ദൈവ കേന്ദ്രീകൃതമായാണ് അവന്‍ ആയിരിക്കുന്നത്. “ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും” [മത്തായി. 6.34]. അവനെസംബന്ധിച്ചിടത്തോളം ഈ സുവിശേഷവചനം വളരെ പ്രസക്തവും അര്‍ത്ഥവത്തുമായിരിക്കും. ഒരു മോട്ടോര്‍ സൈക്കിളിനെപ്പറ്റി റ്റി വി പരസ്യത്തില്‍ പറയുന്ന, ദൈവാരൂപിയാല്‍ നിറയ്ക്കുക, ലോകത്തിന്‍റെ സ്വാധീനങ്ങളില്‍ നിന്നും ശരീരം അടച്ചു സൂക്ഷിക്കുക, പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പുള്ളത് കൊണ്ട് സ്വയം മറന്നു മുന്നോട്ടു പോവുകയെന്ന അര്‍ത്ഥം വരുന്ന, ‘നിറക്കുക, അടയ്ക്കുക, മറക്കുക’ എന്ന മുദ്രാവാക്യം, ലക്ഷ്യത്തിലേക്ക്  മുന്നേറുന്ന ഒരുവനെ ശരവേഗത്തിലും കൃത്യതയോടെയും ദൈവിക ദൌത്യത്തില്‍ അടിപതറാതെ മുന്നേറാന്‍ സഹായിക്കും. അനേകം വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്ന് ഇതെഴുതുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും മറ്റുള്ളവര്‍ എനിക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഈ പ്രാര്‍ഥന തന്നെയാണ്.


അഞ്ച് അന്ധന്മാരെപ്പോലെ

പുതുതായി കണ്ടെത്തിയ ഒരു പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ചിതറിയ ചിന്തകള്‍ ഒരു വായനക്കാരനെയും മാറ്റിമറിക്കാനോ ഒരുവന്‍റെയും  സമനില തെറ്റിക്കാനോ ഉദ്ദേശിച്ചുള്ളതല്ല, കാരണം ഈ വിലയിരുത്തലുകള്‍ തനിക്കൊന്നും അറിയില്ലായെന്നറിയുന്നതോ ബാര്‍ട്ടിമേയുസിനെക്കാള്‍ അന്ധനെന്ന് നിശ്ചയമുള്ളവനുമായതൊ ആയ ഒരാളുടെത് മാത്രമാണ്.  വാസ്തവത്തില്‍ കൊമ്പനാനയെ കാണാന്‍ പോയ അഞ്ച് അന്ധന്മാരുടെ കാഴ്ച്ചപ്പാടിനെക്കാള്‍ ഒട്ടും മെച്ചമായിരിക്കില്ല എന്‍റെ വിലയിരുത്തലുകളും, നിഗമനങ്ങളും. അവരെ സംബന്ധിച്ചിടത്തോളം അവര്‍ പറഞ്ഞത് നൂറു ശതമാനം സത്യസന്ധവും അതെ സമയം അത്രയും തെറ്റോ അപൂര്‍ണ്ണവുമോ ആയിരുന്നു. ഒരു കഴുതയുടെ നാവിലൂടെ പ്പോലും ദൈവം സംസാരിച്ചേക്കാം എന്നുള്ളതുകൊണ്ട് ഇത് ഗ്രഹിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നാശകാരണമാവില്ല. വചനത്തെയാണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെങ്കില്‍, “വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ അശക്തമായവയെയും, നിലവിലുള്ളവയെ നശിപ്പിക്കാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു” [കോറി. 1.27-2] എന്ന വചനം ശക്തി നല്‍കും.

അങ്ങിനെ, നമ്മുടെ അംഗീകൃത മാനുഷികമാനദണ്ഡങ്ങള്‍ ഒരു സമഗ്ര അവസ്ഥാന്തരത്തിനു വിധേയമാക്കുമ്പോഴേ ദൈവത്തിന്‍റെ കൃപയും മഹത്വവും ഇവിടെ സാദ്ധ്യമാവുകയുള്ളൂ. ‘ഞാന്‍ നന്നായി കാണുന്നതിനു’ വേണ്ടി, ഈ ലിഖിതം വായിക്കുന്നവര്‍ നന്നായി കാണുവാനും ആഗ്രഹിക്കുവാനും, ചിന്തിക്കുവാനും, ശ്രവിക്കുവാനും സംസാരിക്കുവാനും, നീ ഇശ്ചിക്കുന്നത്, ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാനും ഇടയാകേണമേ. ആമ്മേന്‍. 
   

സ്വയം വിമര്‍ശനത്തിന്റെ ഒരു കുറിപ്പുകൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ മനസ്സിലേക്ക് ആദ്യം വരുന്ന ചോദ്യങ്ങള്‍, മാനുഷിക തലത്തില്‍ അപ്രാപ്ര്യമായ ചന്ദ്രനിലേക്ക് നീ കുതിക്കുകയാണ്, നശ്വരതകൊണ്ട് അനശ്വരതയെ പ്രാപിക്കാമെന്നുള്ള വ്യാമോഹമാണിത് എന്നതൊക്കെയായിരുന്നു. ദൈവേഷ്ടമായതെല്ലാം, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം  ആറെന്നെണ്ണുന്നതിനു മുമ്പു സാധിക്കണമെന്നു വാശിപിടിക്കുന്നവന്‍ നശിക്കുകയെയുള്ളൂവെന്നു മനസ്സിലാക്കാന്‍ സോളമന്‍റെയത്ര ബുദ്ധിയൊന്നും ആവശ്യമില്ല. അങ്ങിനെയെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക്‌ എത്തിപ്പിടിക്കാവുന്ന കൂടുതല്‍ പ്രായോഗികമായ ഒരു പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ചു കൂടെയെന്നൊക്കെ ആയിരുന്നു.

യുക്തിസഹമായി ചിന്തിച്ചാല്‍ ഈ വിമര്‍ശനം അര്‍ത്ഥവത്താണ്. പക്ഷെ, ഇതിന്‍റെ വാസ്ഥവികതയിലേക്ക് കടന്നാല്‍ നേടാനും മെച്ചപ്പെടാനുമുള്ള നിത്യമായതല്ലെങ്കിലും അതിരുകളില്ലാത്ത സാദ്ധ്യത മനുഷ്യനിലുണ്ട്. ഒരുവന് കയറിച്ചെല്ലാവുന്ന ഈ അത്യുന്നത കേന്ദ്രത്തേപ്പറ്റി അനുസ്യൂതം പരിശ്രമിക്കുന്നവരല്ലാതെയാരും അറിയുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ വാഹനം നക്ഷത്രങ്ങളെ ലക്ഷ്യമാക്കൂവെന്നു പറഞ്ഞിരിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെപ്പോലെ നിങ്ങളും പൂര്‍ണ്ണരായിരിക്കൂവെന്ന വചനം വിമര്‍ശകരെ നിശ്ശബ്ദരാക്കും. മനുഷ്യസാദ്ധ്യമായ ഒരു ലക്ഷ്യമാണോ ഇത്? ഇതിനു വിരുദ്ധമായി ഈ പ്രാര്‍ത്ഥനയിലൂടെ നാം തേടുന്നതെല്ലാം ശൂന്യതയിലെ അപ്രസക്തതയിലേക്ക്  ലയിക്കട്ടെ ! 

ഡോ. ജെയിംസ് കോട്ടൂര്‍

8 comments:

  1. പ്രാര്‍ത്ഥന എന്നാ വിഷയത്തെക്കുറിച്ച് ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ ഒരു ലേഖനത്തെ ചുറ്റിപ്പറ്റിയുള്ള സംമാനന്യം നീണ്ട സംവാദങ്ങള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ഒരിക്കൽ നമ്മെ കൊണ്ട്ചെന്നെത്തിച്ചതാണ് ചെന്നെത്തി. അക്കൂടെ അമിതഭക്തി എന്ന ശീര്‍ഷകത്തില്‍ കെ. കുര്യാക്കോസ് ഏലിയാസിന്റെ ഒരു നര്‍മ്മഭാഷണവും ഉണ്ടായിരുന്നു.
    ആസ്പിരിന്‍ ചിലപ്പോഴെല്ലാം തലവേദനക്ക് ശമനം വരുത്തുമെങ്കിലും അത്താഴം തന്നെ ആസ്പിരിന്‍ ആക്കിയേക്കാം എന്ന്വച്ചാലോ എന്നാ ഉപമയിലൂടെ അമിതഭക്തിയുടെ സകല വശങ്ങളെയും അദ്ദേഹം സ്പര്‍ശിച്ചു. അദ്ദേഹം ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍ , ഒരു മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. സമ്മതിച്ചു, ഇത്തരം പ്രാര്‍ത്ഥന പലരുടെ ജീവിതത്തിലും ഒരു മാനസ്സിക ഔഷധമായി പ്രവര്‍ത്തിക്കാം. അത് യഹൂദ- ഇസ്ലാമികമതങ്ങളുടെ കണ്ടുപിടുത്തമാണ്. ക്രിസ്തുമതവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്കത് കാശുവച്ചുള്ള കളിയായിത്തീര്‍ന്നതോടെ, ആഴ്ചയില്‍ ഏഴു ദിവസവും സാബത്താക്കിയാലും വിരോധമില്ലെന്ന അവസ്ഥയും വന്നുചേര്‍ന്നു. പക്ഷേ, തത്ത്വത്തില്‍ തലവേദനക്ക് ആസ്പിരിന്‍ എന്നതില്‍ കവിഞ്ഞ മറ്റൊരര്‍ത്ഥവുമില്ലാത്ത വ്യായാമമാണ് ഇത്തരം ഭ്രാന്തുകള്‍ . കാരണം, ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു മനുഷ്യഭാവന മാത്രമാണ്.
    എന്തുകൊണ്ടാണ് ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കക അസാധ്യമാകുന്നത്? ദൈവം ഒരു വ്യക്തിയല്ലായെന്നതാണ് അതിന്റെ ലളിതമായ കാരണം. എല്ലാ അസ്ഥിത്വത്തിന്റെയും ജീവന്റെയും അടിസ്ഥാനമായ ശക്തിയെന്നാണ് ദൈവശബ്ദംകൊണ്ടു മനസ്സിലാക്കേണ്ടത്. പ്രപഞ്ചത്തില്‍ വ്യക്തിത്വത്തിലേക്ക് വികസിച്ചത് നാമറിയുവോളം മനുഷ്യന്‍ മാത്രമാണ്. അതുതന്നെയാണ് അവനു വിനയായി ഭവിച്ചതും. കാരണം, എല്ലാ സ്വാര്‍ത്ഥതയുടെയും പിന്നില്‍ ഈ വ്യക്തിത്വബോധമാണുള്ളത്. വ്യക്തിത്വം വ്യതിരിക്തതയുടെ (വേര്‍പെട്ടുനില്‍ക്കലിന്റെ) പാരമ്യമായതിനാല്‍ ദൈവതത്തില്‍ വ്യക്തിത്വം ആരോപിക്കുക ബാലിശമാണ്. അതില്‍നിന്നു തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യത്തിലുണ്ടാകുന്ന തെറ്റായ ധാരണയും വന്നുചേരുന്നത്. മറിച്ച്, ദൈവം മനുഷ്യരെ വ്യക്തികളായി കരുതുന്നുണ്ടെന്നുള്ളതിനുതകുന്ന എന്തെങ്കിലും തെളിവുകള്‍ അനുദിനജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. സംഭവിക്കുന്നവയെല്ലാം പ്രകൃതിയുടെ നിയമങ്ങളനുസ്സരിച്ചുണ്ടാകുന്നവയാണ്. അവയില്‍ നന്മതിന്മകളെ വേര്‍തിരിച്ചു കാണുന്നതും അവയെ അനുഗ്രഹങ്ങളും ശിക്ഷകളുമായി തരംതിരിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. അവനു ചേരാത്തത് അവന്‍ തിന്മയായി കരുതുന്നു, അത്രതന്നെ. തന്നില്‍ത്തന്നെ സര്‍വ്വോന്നത നന്മയായതിനാല്‍ ദൈവത്തിനും, നന്മതിന്മയുടെ വേര്‍തിരിവറിയില്ലാത്തതിനാല്‍ പ്രകൃതിയിലുള്ള മറ്റൊന്നിനും തിന്മയെന്നൊന്നില്ല, ഉണ്ടായിരിക്കാനവില്ല. ദൈവകല്പ്പനയെ മറികടന്ന്, നന്മതിന്മകളുടെ വേര്‍തിരിവ് സ്വന്തം അവകാശപരിധിക്കുള്ളില്‍ കൊണ്ടുവന്ന ശേഷമാണ് "തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ" എന്ന് മനുഷ്യന് യാചിക്കേണ്ടി വന്നത്.

    വ്യക്തിയാണ് തിന്മയുടെ സൃഷ്ടാവെന്ന് അല്പമാലോചിച്ചാല്‍ വ്യക്തമായി മനസ്സിലാകും. എന്തുകൊണ്ടാണ് ചില ചെടികളെ നാം കളകളെന്നു കരുതി നശിപ്പിക്കുന്നത്? നമുക്കുപകാരമുള്ള സസ്യങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്തു പരിരക്ഷിക്കാന്‍ വേണ്ടി. ഇതേ കഴ്ച്ചപ്പാടുതന്നെയാണ് മറ്റു നന്മതിന്മകളുടെയും പ്രഭവസ്ഥാനം. ബോധോദയം സംഭവിക്കുക എന്നാല്‍ വ്യക്തിപരമായ തലത്തില്‍നിന്നുയര്‍ന്ന്, ചിന്തയിലും പ്രവൃത്തിയിലും അസ്തിത്വത്തിന്റെ ഭാഗമാകുക എന്ന് മാത്രമാണ്. അതുതന്നെയാണ് ദൈവവുമായുള്ള ഐക്യവും. അതുതന്നെയാണ് ശുദ്ധമായ പ്രാര്‍ത്ഥന. അല്ലാതെ, ഓരോ നിമിഷവും ഏതെങ്കിലും തരത്തിലുള്ള അപ്പത്തിനായി യാചിച്ചുകൊണ്ടിരിക്കുകയല്ല. മുട്ടുവിന്‍ തുറക്കപ്പെടും, നിരന്തരം പ്രാര്‍ഥിക്കുവിന്‍ എന്നൊക്കെ സുവിശേഷങ്ങളില്‍ വായിക്കുന്നത് അവനവന്റെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍ യേശുവിന്റെ ആത്മാവബോധത്തില്‍ എത്തുക അത്ര എളുപ്പമല്ല.
    തുടരും

    ReplyDelete
  2. യാചനയാകുന്ന പ്രാര്‍ത്ഥന വെറും അര്‍ത്ഥനയാണ്. അത് ജീവനില്ല്ലായ്മയുടെയും ശുഷ്ക്കതയുടെയും ലക്ഷണമാണ്. ആത്മജീവനുള്ളിടത്ത്, അര്‍ത്ഥനയല്ല, ആഘോഷമാണുണ്ടാവുക. മതിയാകാത്തിടത്താണ് യാചന വേണ്ടിവരുന്നത്. നേര്‍ച്ചകാഴ്ച്ചകളുടെയും അര്‍ച്ചനകളുടെയും ആവര്‍ത്തനപ്പാട്ടുകളുടെയുമൊക്കെ ബഹളങ്ങള്‍ അതൃപ്തിയുടെ സൂചനകളാണ്. എന്നാല്‍ സംതൃപ്തന്‍ (വേണ്ടതെല്ലാം തനിക്കുണ്ടെന്നുള്ള ബോദ്ധ്യത്തില്‍ കഴിയുന്നവന്‍) ഉള്ളതുകൊണ്ടാഘോഷിക്കും. ആള്‍ക്കൂട്ടവും കൂട്ടപ്രാര്‍ഥനയും അവനു വിരസതയേകുകയേയുള്ളൂ. ഇരന്നു വാങ്ങാനും വാരിക്കൂട്ടാനുമുനുള്ള ത്വര - അത് രോഗശാന്തിയോ മറ്റനുഗ്രഹങ്ങളോ ആകട്ടെ - ആത്മീയതയല്ല. അതിന്റെയഭാവമാണ്. എല്ലാം കിട്ടിയിട്ടുണ്ടെന്ന സംതൃപ്തിയില്‍ മാത്രമേ ആത്മീയത പുഷ്ടിപ്രാപിക്കൂ.

    സത്യത്തില്‍ എന്താണ് പ്രാര്‍ത്ഥന എന്നത് എല്ലാ മതങ്ങളിലും വിവാദവിഷയമാണ്. അസ്തിത്വത്തിന്റെ ഏകാത്മത അല്ലെങ്കില്‍ അഭേദതയെപ്പറ്റി ആഴമായ അവബോധത്തിലെത്തിയവര്‍ക്ക് ആ അവബോധം തന്നെയാണ് പ്രാര്‍ത്ഥന. "ആവേ മരിയാ, നന്മ നിറഞ്ഞവളേ, സ്വസ്തി, ദൈവം നിന്നോട് കൂടെ. നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നീ പ്രസവിച്ച യേശു അനുഗ്രഹീതനാകുന്നു." യേശുവിന് ജന്മം നല്‍കിയ മറിയത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നില്ലെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി കണക്കാക്കാം. അപ്പോള്‍ അത് ഏത്‌ സ്ത്രീയെ കാണുമ്പോഴും, അല്ല, പ്രകൃതിയിലുള്ള എന്ത് കണ്ടാലും, നമുക്കുള്ളില്‍ അലയടിക്കുന്ന ഒരു സംഗീതമായിത്തീരും. എല്ലാറ്റിലും കുടികൊള്ളുന്ന അനന്തമായ വശ്യത, അനന്തമായ സൌന്ദര്യം, ദൈവമെന്നു നാം വിളിക്കുന്ന പരാശക്തിയുടെ നിരന്തര സാന്നിദ്ധ്യം, അതുണ്ടാക്കുന്ന കുളിര്‍മ്മയും അഭയവും സംതൃപ്തിയും നമ്മുടെതായിത്തീരുമ്പോള്‍ , ജീവിതം മൊത്തത്തില്‍ , എല്ലായ്പ്പോഴും സന്ദരമായ ഒരു പ്രാര്‍ത്ഥനയായി പരിണമിക്കുന്നു.
    ഒരൊറ്റ നന്ത്യാര്‍വട്ടപ്പൂവ്‌ ഒരു കുഞ്ഞ് ഞങ്ങളുടെ കിടപ്പറയില്‍ കൊണ്ടുവന്നു വച്ചു. അതറിയാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ , ഹായ്, മുറി മുഴുവന്‍ വ്യാപിക്കുന്ന അതിന്റെ വശ്യമായ സുഗന്ധം എന്തെന്നില്ലാത്തെ ഒരനുഭൂതിയെയാണ് സൃഷ്ടിച്ചത്. അതും തുടര്‍ച്ചയായി നാല് ദിവസം. ഉണങ്ങിയിട്ടുപോലും അതിന്റെ വാസന തീരുന്നില്ല. ആ സസ്യത്തിന്റെ രഹസ്യ അടുക്കളയില്‍ ഭൂമിയുടെ ഗന്ധത്തിന്റെ ഒരംശമെടുത്ത് സ്വരുക്കൂട്ടിയതാണല്ലോ ഈ അത്ഭുതം. ഇതേ തരത്തിലുള്ള എന്ത്രയെത്ര അത്ഭുതവിന്യാസങ്ങള്‍ പ്രകൃതിയിലുള്ള എന്തും ഏതും നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, മൂക്കുള്ളവര്‍ മണത്തറിയട്ടെ. ഓരോ ഇന്ദ്രിയവും പ്രാര്‍ത്ഥനക്കുള്ള മെഴുകുതിരികളായിത്തീരട്ടെ.

    തുടരും

    ReplyDelete
  3. ഒരേ പുണ്ണ്യവാളനോടുള്ള ഒരേ പ്രാര്‍ത്ഥന തന്നെ ഒരേ താളില്‍ ഇരുപതു തവണ നാട്ടിലെ ചില പത്രങ്ങളില്‍ കാണാം. ദിവസം മുഴുവന്‍ പ്രാര്‍ത്ഥനക്കായി മാത്രമുള്ള ചാനലുകളും കേരളത്തിലുണ്ട്. മലയാളികളുടെ പ്രയത്നങ്ങളിലൂടെ, പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടായ്മകളും ആസ്ഥാനങ്ങളും യുറോപ്പിലും അമേരിക്കയിലും അരിക്കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്നു.
    ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍, ഒരു മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. റ്റിവിയിൽ ഏതു പ്രോഗ്രാമിലും നാം കാണുന്നു, ഒരു പാട്ട് പാടാൻ പോകുന്നയാൾ, മറ്റെന്തെങ്കിലും ചെയ്യാൻ പോകുന്നയാൾ, ഇവരൊക്കെ കാഴ്ചക്കാരോട്, കേഴുന്നത് കേൾക്കാം, നന്നായി പെർഫോം ചെയ്യാൻവേണ്ടി പ്രാർഥിക്കണേ എന്ന്. തീർത്തും ബാലിശമായ ഈ കേഴൽ ജനത്തെ പഠിപ്പിക്കുന്നത് മതങ്ങളിലെ പൂജാരിമാരാണ്. ഓരോരുത്തരുടെയും സ്വാർത്ഥതക്കു കൂട്ടുനിൽക്കുന്ന ഒരാളായിട്ടാണ് ദൈവമെന്ന ശക്തിയെപ്പറ്റി ധാരണയുണ്ടാക്കി കൊടുക്കുന്നത്. നമ്മുടെ വെദപപാഠക്ലാസുകളിലെങ്കിലും ഈ പ്രവണത മാറ്റിയെടുക്കാനുള്ള ശ്രമം നടത്തിത്തുടങ്ങണം.

    ReplyDelete
  4. പ്രാര്‍ത്ഥനയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയുമൊക്കെ എത്ര എഴുതിയാലും തീരില്ല. പ്രാര്ത്ഥനയെന്നു പറഞ്ഞാല്‍ എന്താണെന്നും, എന്തല്ലെന്നും മനസ്സിലാക്കാന്‍ ഡോ. കൊട്ടൂരിന്‍റെ പോസ്റ്റും സക്കറിയാസ് സാറിന്‍റെ കമന്റും ധാരാളം. പ്രാര്ത്ഥ്ന ഫലം കാണുമെന്നാണ് പൊതുവേ ധാരണയെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. നെഗറ്റിവ് പ്രാര്ത്ഥനകള്‍ ദോഷം ചെയ്യുമെന്നുള്ളത് പലരും മനസ്സിലാക്കിയിട്ടുമില്ല. ദൈവമേ ഈ വൃദ്ധനെ ആരോഗ്യവാനാക്കണമേയെന്നു പ്രാര്ഥിക്കുന്നവര്‍, മനസ്സില്‍ അത് അസാദ്ധ്യമാണല്ലോയെന്നു ചിന്തിക്കും. മനസ്സില്‍ ചിന്തിക്കുന്നതാണ് പറയുന്നതിനേക്കാള്‍ ശക്തിയുള്ളത് എന്നതുകൊണ്ട്‌ ചിന്തിച്ചതായിരിക്കും ആ വൃദ്ധന്‍റെ ജീവിതത്തില്‍ ആദ്യം സംഭവിക്കുക.

    അതുപോലെതന്നെ നെഗറ്റിവ് ആണ് മിക്ക സ്വകാര്യപ്രാര്ഥനകളും, എന്‍റെ മകന് റാങ്ക് കിട്ടണമേയെന്നു പ്രാര്ഥിക്കുന്നത് നിരുപദ്രവകരമായ ഒരഭ്യര്ത്ഥ്നയല്ല, ഇതിന്‍റെ വ്യക്തമായ അര്ഥം മറ്റൊരുത്തനും അത് കിട്ടരുതെന്നാണ്. മറ്റുള്ളവരുടെ മുമ്പില്‍ കയറാന്‍പ്രാര്‍ഥിക്കുന്നതിനു പകരം എന്റെ് മകന് 100 മാര്ക്കും കിട്ടണമേയെന്ന് ആക്കിയാല്‍ അത് പോസിറ്റിവിന്‍റെ ഗണത്തില്‍ വരും. ദൈവത്തിന്‍റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്. ആ ദൈവേഷ്ടത്തിനു ചേരുന്ന രീതിയിലെ പ്രാര്‍ത്ഥന ആകാവൂ. അതുകൊണ്ടാണ് ഡോ. കോട്ടൂരിന്റെ പ്രാര്ത്ഥന എന്നെ ആകര്ഷിച്ചത്.

    പ്രാര്ത്ഥനകളില്‍ നിറഞ്ഞു നില്ക്കേണ്ടത് ലഭിച്ചവയെപ്പറ്റിയുള്ള നന്ദിയായിരിക്കണം. ലഭിച്ചതുകളിലെ സൌന്ദര്യം ഹൃദയത്തെ സ്പര്ശിച്ചെങ്കില്‍ മാത്രമേ അത് നിറഞ്ഞു തുളുമ്പി അധരങ്ങളിലൂടെ വാക്കുകളായി പുറത്തു വരൂ. ലഭിക്കാനിരിക്കുന്ന കാര്യം ലഭിച്ചുവെന്ന് സങ്കല്പ്പിച്ചുകൊണ്ട്‌ കൃതജ്ഞത പറയുന്ന രീതിയിലുള്ളപ്രാര്‍ത്ഥനനകള്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഒരിടക്ക് അവതരിപ്പിച്ചിരുന്നെങ്കിലും, അതിന്റെ യുക്തി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയ വിശ്വാസികളുടെ ഇടയില്‍ അതിനു വേണ്ടത്ര പ്രചാരം ലഭിച്ചില്ല. യാചനാ പ്രാര്‍ത്ഥനകള്‍ എല്ലാം നെഗറ്റിവ് പ്രാര്ത്ഥനകളുടെ ലിസ്റ്റില്‍ വരും. ദൈവത്തിന്‍റെ സമൃദ്ധിയും സംരക്ഷണത്തിന്‍റെ ദൃഢതയും മനസ്സിലാക്കാതെ സ്വന്തം ഇശ്ചക്കനുസരിച്ചു ജീവിതം തുഴയാന്‍ ആഗ്രഹിക്കുന്നവനില്‍ നിന്ന് ഉള്ളതും കൂടി എടുക്കപ്പെടും എന്ന് ഓര്മ്മിക്കുക.

    അധരങ്ങളുടെ വ്യായാമം പ്രാര്ത്ഥ്നയേയല്ല. വാക്കുകളുടെ പിന്നാലെ മനസ്സുംകൂടിയെങ്കിലും പോകുന്നെങ്കിലെ അതിനു അര്ഥം തന്നെയുള്ളൂ. ദൈവം മലയാളിയോ തമിഴനോ അല്ല. ദൈവം കേള്ക്കുന്നത് ഹൃദയങ്ങളുടെ സ്പന്ദനങ്ങള്‍ മാത്രം.

    വോളിയം കൂട്ടിയതുകൊണ്ടോ ആളുകള്‍ കൂടിയതുകൊണ്ടോ പ്രാര്ഥനക്ക് ബലം കൂടില്ല. ഏറ്റവും നന്നായി അത് ചെയ്യാവുന്നത് നിശബ്ദതയില്‍ മാത്രം. ശബ്ദം ശരീരത്തിന്‍റെയും മൌനം ആത്മാവിന്‍റെയും വാഹനങ്ങളാണ്. മറിച്ച് 600 കോടി ജനങ്ങളും ചെയ്യുന്നുവെന്നതുകൊണ്ട് അത് ഒരിക്കലും ശരിയാവാനും പോവുന്നില്ല.
    യേശു പള്ളിയില്‍ പോയി പ്രാര്‍ഥിച്ചിട്ടുമില്ല, പ്രാര്‍ഥിക്കാന്‍ അവിടെ എത്തണമെന്ന് പറഞ്ഞിട്ടുമില്ല.

    ReplyDelete
  5. എന്റെ ആശയങ്ങളേക്കാൾ എത്രയോ ആഴമായ കാര്യങ്ങളാണ് മറ്റപ്പള്ളി സാർ ഏതാനും വാക്കുകളിലൂടെ വ്യക്തമാക്കിയത്. നെഗറ്റീവായ പ്രാര് ർത്ഥനയല്ലേ മിക്കപ്പോഴും നമ്മുടേത്‌ എന്ന് മനസ്സിരുത്തി ചിന്തിക്കണം. എനിക്കുവേണ്ടി പ്രകൃതി നിയമങ്ങൾ മാറ്റിമറിക്കണം, നാലാളത് അറിയണം എന്നൊക്കെയുള്ള വ്യക്തമായ ദുഷ്ചിന്തകൾ പ്രാർത്ഥനയാണെന്ന് പറഞ്ഞുപരത്താൻ ഷാലോം പാതിരിമാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. യേശുവിന്റെ ഒട്ടും സംശയിക്കാനാവാത്ത പഠനം - നിന്റെ ഹൃദയത്തിന്റെ മൌനത്തിൽ, നിന്റെ ഉള്ളിലെ ദൈവവുമായി അടുപ്പം തേടുക എന്നത് - കാറ്റിൽ പറത്തി, മൈക്കും പിടിച്ചു പിള്ളേരെക്കൊകൊണ്ടും കന്യാസ്ത്രീകളെക്കൊണ്ടും ഒക്കെ അലച്ചുവിളിപ്പിച്ച് പറയിക്കുന്നതിനു പ്രാര്ത്ഥനയിമായി ഒരു ബന്ധവുമില്ലെന്ന് ഇനി എന്നാണ് കാരിസ്മാറ്റിക്കുകാർ തിരിച്ചറിയുക?

    ഫ്രാൻസിസ് അസ്സിസിയുടെ സമാധാന പ്രാര്ത്ഥന ലോകമെങ്ങും ആവര്ത്തിക്കപ്പെടുന്നു. അതിന്റെ അവസാനം ആണ് ഏറ്റവും ഉന്നതമായ പ്രാര്ത്ഥനയുടെ ഉദാഹരണം. "എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങള്ക്ക് കിട്ടുന്നത്; ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്; മരിക്കുമ്പോഴാണ് നിത്യജീവനിലേയ്ക്ക് ഞങ്ങൾ പ്രവേശിക്കുന്നത്."

    ReplyDelete
  6. യേശു തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു എന്നൊക്കെ ബൈബിളിൽ നാം വായിച്ചിട്ടുണ്ട്. എങ്കിലും വാചാപ്രാർത്ഥന സമയംകൊല്ലി ആണന്നാണ് എന്റെ അഭിപ്രായം. കാലാകാലങ്ങളായി എന്നിൽ ഉരുവായ ഒരു ധാരണ ആണത്. എന്റെ ജീവിതത്തിൽ നൂറു കണക്കിന് മണിക്കൂറുകൾ ദാവീദിന്റെ സങ്കീർത്തനങ്ങൽ പാടി പ്രാർത്ഥിച്ച് സമയം ഉപകാര ശൂന്ന്യമാക്കിയിട്ടുണ്ട്.


    വണക്കമാസപുസ്തകത്തിലെ ഉപമ വായിച്ചതുകൊണ്ട് സ്വർഗ്ഗം കിട്ടുമോ?


    നാം ദൈവത്തിന്റെ സൃഷ്ട്ടിയെങ്കിൽ നാമും ദൈവവുമായി സത്താപരമായ ഒരു ബന്ധമുണ്ട്. നാം നമ്മുടെതന്നെ ഉള്കണ്ണുകളിലേക്കു തിരിഞ്ഞ് ദൈവവുമായുള്ള ആ ബന്ധത്തെ ധ്യാനത്തിലൂടെ മനനം ചെയ്യലാണ് പ്രാര്ത്ഥന. അവിടെ ഏകാന്തതയാണ് പ്രസരിക്കുന്നത്. അവിടെ ശബ്ദകോലാഹലങ്ങൾ ഇല്ല. മൌനം. കഠിന മൌനം. അവിടെ ഇരക്കലില്ല. സ്വയം സമര്പ്പണം. ഇടവിടാതുള്ള സമര്പ്പണം. അവിടെ ദൈവത്തെ വാചാലമായി പുകൽത്തലില്ല. ദൈവാനുഭവത്തിന്റെ അനുഭൂതി അനാവരണം ചെയ്യപ്പെടുന്നു. ഞാനും എന്റെ ദൈവവുമായുള്ള പ്രണയബന്ധം എന്റെയും എന്റെ ദൈവത്തിന്റെയും കാര്യമാണ്. അവിടെ കച്ചവട മനസ്ഥിതി ഇല്ല. അവിടെ ഭൗതീകമായതൊന്നും വിഷയമല്ല. മനസ്സിനെ അടക്കിക്കൊണ്ടുള്ള ദൈവസാന്നിധ്യമാണ് പ്രാര്ത്ഥന.


    ഇടനിലക്കാരന്റെ ആവശ്യം ഇവിടെ ഇല്ല. പള്ളിയും പട്ടക്കാരനുമൊക്കെ കുറെപ്പേരുടെ വയറ്റിൽ പിഴപ്പിനുവേണ്ടി മാത്രം. യേശുവിന്റെ മാര്ഗ്ഗമാണ് ഈ ജീവിതത്തെ സ്വര്ഗ്ഗമാക്കാനുള്ള ഒരു മാര്ഗ്ഗം.

    ReplyDelete
  7. ശ്രീ കോട്ടൂർ ഇംഗ്ലീഷിൽ എഴുതി ശ്രീ മറ്റപള്ളി തർജിമ ചെയ്ത ലേഖനം സുന്ദരമായ മലയാളപദങ്ങൾകൊണ്ട് മലയാളത്തിൽതന്നെ പുതിയ ഒരു പ്രാർഥന സ്രുഷ്ടിച്ചെന്ന് പറയാം. വായിച്ചപ്പോൾ നിഷ്കളങ്ക ഹൃദയങ്ങളുടെ ആത്മാവിൽ പരിമളമായ ഉൾകാഴ്ചകളുടെ ഗീതങ്ങളായും അനുഭവപ്പെട്ടു. മഹാത്മാഗാന്ധിജിയുടെ ദൈവത്തോടുള്ള വീക്ഷണാചിന്താഗതിപോലെയെന്നും ഓർത്തുപോയി. ഇങ്ങനെയുള്ള ആശയഗംഭീരത നിറഞ്ഞ ലേഖനങ്ങൾ സഭയുടെ താളുകളിൽ സ്ഥാനം പിടിക്കുവാൻ ഇനിയും ബഹുദൂരം കാത്തിരിക്കേണ്ടി വരും. ശ്രീ കൊട്ടൂരിനെ എനിക്കറിയാം. അദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിയാണ്. അഗാധമായ അദ്ദേഹത്തിൻറെ അറിവ് മുതലാക്കാതിരുന്നത് കത്തോലിക്കസഭയുടെ നഷ്ടമാണ്. ക്രിസ്തീയ വികാര വിചാര ചിന്തകൾക്കുപകരം കൊണ്‍സ്റ്റാന്റിൻ തത്ത്വചിന്തകൾ എഴുതിയിരുന്നുവെങ്കിൽ അദ്ദേഹം സഭയുടെ തിളങ്ങുന്ന താരമായി എന്നും അറിയപ്പെട്ടേനെ.

    ഗാന്ധിജി പറഞ്ഞു," പ്രാർഥന എന്റെ വഴിയായിരുന്നുവെങ്കിലും ഞാൻ എന്നും ഒരു സത്യാന്വേഷിയായിരുന്നു. കൈപ്പേറിയ എന്റെ സ്വകാര്യ പൊതുജീവിതത്തിൽ പ്രാർഥനയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു ഭ്രാന്തൻ ആകുമായിരുന്നു. നിരാശയുടെ പടുകുഴിയിൽ, കരകാണാനീർക്കയത്തിൽ ഞാൻ തുഴയുമ്പോഴും എന്നെ നയിച്ചിരുന്നത് പ്രാർഥനയായിരുന്നു." ഗാന്ധിജി ക്രിസ്ത്യാനികളുടെ പ്രാർഥന ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിവരം അദ്ദേഹം തന്റെ കഥയിൽ എഴുതിയിട്ടുണ്ട്. തെക്കേ ആഫ്രിക്കയിൽ ഗാന്ധിജി താമസിക്കുന്ന കാലങ്ങളിൽ ക്രിസ്ത്യൻ പ്രാർഥനകളിൽ അദ്ദേഹം സംബന്ധിക്കുമായിരുന്നു.എന്നാൽ ആ പ്രാർഥനകളിൽ അതൃപ്തനായിരുന്നു. അധികനാൾ അവരോടൊത്തു പ്രാർഥിക്കുവാൻ കഴിഞ്ഞില്ലെന്നും ആത്മകഥയിൽ ഉണ്ട്. എന്നും ദൈവത്തോട് കേണപേക്ഷിക്കുന്ന പ്രാർഥന ഗാന്ധിജിക്ക് അസാധ്യമായിരുന്നു. ഗാന്ധിജി പറഞ്ഞു " ആ പ്രാർഥനകൾ ദൈവവും ആയി അത്യന്തകമായി അടുക്കുവാൻ അമ്പേ ഞാൻ പരജയപ്പെട്ടു. പ്രാർഥനയിലും ദൈവത്തിലും ഞാൻ അവിശ്വാസിയായി. ജീവിതം അർത്ഥമില്ലാത്തതായും തൊന്നി.

    ഗാന്ധിജി പറഞ്ഞു , "പ്രാർഥനയിൽ റാം,റഹിം എന്ന് അധരങ്ങൾ ചലിക്കൂ. നീ ഹൃദയ ശുദ്ധിയുള്ളവനെങ്കിൽ വീണുപോയ നിന്നെ ദൈവം കൈപിടിച്ചുയർത്തും. പ്രാർഥന ദൈവവുമായി ഒരു വിലപേശലല്ല. ഒരു വില്പ്പന ചരക്കല്ല. ധിക്കാരിയുടെയും അധികാരമോഹിയുടെയും ദുരാഗ്രഹിയുടെയും പ്രാർഥനകൾ ദൈവം സ്വീകരിക്കുകയില്ല."

    ഹൃദയ ശുദ്ധിയാണ് പാവനതയെ കാത്തുസൂക്ഷിക്കുന്നത്. ശൂന്യമായ ഹൃദയത്തിൽ സ്നേഹം മാത്രം നിറഞ്ഞിരിക്കുന്നുവെങ്കിൽ വീണയുടെ തന്ത്രികൾ ശരിയായ ശബ്ദ മാധുരിയിലെങ്കിൽ നമ്മുടെ അധരങ്ങളിൽനിന്നും ഉതിരുന്ന 'നാഥാ യേശു' കിടുകിടുക്ക സംഗീതമായി പിതാവിങ്കലെത്തും. അത് ഹൃദയത്തിൽനിന്നും നിർഗളിക്കുന്ന വസന്തഗാനമാണ്. ദൈവഗാനങ്ങളിൽ അവനെ പാടി പുകഴ്ത്താതെ പറയൂ, അത് വാസ്തവികങ്ങളാണ് അല്ലെങ്കിൽ അവാസ്തവങ്ങളെന്നും. പ്രാർഥനകൾ വാചോവിലാസത്തിൽക്കൂടി വിഹായസിലേക്കുള്ള വൈമാനികന്റെ യാത്രയല്ല. പ്രാസംഗികൻ അവിടെ വേണ്ടാ. ഇന്ദ്രിയങ്ങൾക്ക് രസം നല്കുന്ന അത്തരം ജ്ഞാനവാദത്തിൽ നിന്നും സ്വതന്ത്രമായിരിക്കണം. അവനുള്ള ഉപാസന അധരങ്ങൾകൊണ്ടോ?

    പ്രാർഥനയിൽ വാക്കുകൾ ഇല്ലാതെ അല്ലെങ്കിൽ അധരങ്ങളിൽ വാക്കുകളില്ലാതെ പരിമളംപോലെയുള്ള ഹൃദയമാണ് അവന് വേണ്ടത്.വിനയവും വണക്കവുമടങ്ങിയ കൂപ്പുകൈകളും അവൻ തിരിച്ചറിയുന്നു. ബിംബമല്ല ദൈവം. ദൈവം ബിംബത്തിലുമുണ്ട്. സർവ്വവ്യാപിയായ അവൻ നിശബ്ദതയിൽ ശ്രീ കോവിലിൽനിന്നും പുറത്തുവരും. അപ്പോൾ അറിയാതെ നാഥാ യേശുവെന്ന് അധരങ്ങൾ ഉരുവിട്ടുകൊള്ളും.

    ജീവിക്കുന്ന ദൈവത്തിലുള്ള വിശ്വാസം 'തത്തമ്മേ തത്തമ്മേ' എന്നുരുവിടുന്ന അധരങ്ങളിൽ അല്ല. പ്രാർഥനകൾ അപരന്റെ വേദനിക്കുന്ന ഹൃദയങ്ങൾക്കാവണം. അതുതന്നെയാണ് ശ്രീ ജെയിംസ് കോട്ടൂരിന്റെ ഈ ലേഖനത്തിൽ മുഴങ്ങി കേൾക്കുന്നത്. ഇശോപ നിഷത്തിൽ പറഞ്ഞിട്ടുണ്ട്, "ഞാൻ നിന്നോട് അനിത്യമായ അധികാരം ചോദിക്കുന്നില്ല. ഞാൻ സ്വർഗവും നിർവാണായും തേടി വന്നതല്ല. ഒന്നു മാത്രം നിന്നോട് ചോദിക്കുന്നു. വേദനിക്കുന്നവരുടെ വേദനകൾ ഇല്ലാതാക്കുവാൻ ദൈവമേ എനിക്ക് ശക്തി നൽകണമേ."

    വേദന സംഹാരിയുമായി ദൈവം താഴേക്ക് വരുകയില്ല. പ്രാർഥന ദൈവവും മനുഷ്യനുമായുള്ള ഭൂമിയിലെ സ്വർഗത്തിനാവട്ടെ. 'Thy kingdom come on Earth'

    ReplyDelete
  8. My Dear Jose,

    Beautifu, beautiful and spiritually elevating is your writing. You seem to think exactly like me. Reading through I felt like listening to a richly nourishing and enticing retreat preaching. As for Gandiji what touched me always was he never used to start anything worthwhile without saying a fervent prayer. This is what I always try to do, to cleanse my soul from every taint of pride becase God's grace, the secret of all success, flows only to the humble following the Malayalam axiom: Thazhnna nilathe neerodu. And the words of St. Paul: "What have you which you have not received, and if you have received why do you glory as if you have not received?" is constantly uppermost in my mind shouting at me all the time. This is also the teaching of Gita: All what you have is received from this wrold etc.. And my father often used to recite the words from Gnana Pani: Randunalu dinamkondoruthane thandilettunnathum Bhavan, Malikamukalirickkum mannante muthukil marappu kettunnamtum Bhavan.

    This is also what I used to impress upon my children, never to start anything wthout a prayer. And I am happy to see them do that saying: "Lead me, guide me and take care of me from dawn to dusk," or "all through this journey to and fro" or "all through the task I am undertaking", starting with my eldest daughter Santhi in Chicago telliing her children to say: "Lead me, guide me etc." before driving saying, "It is daddy's prayer" etc. Because I firmly believe that every reform must start with ourselves and our children.

    But don't make any mistake. I am no saint or theologian, I am just an ignorant idiot except for the grace of God. Assisi's Francis used to say of himself: "There goes the criminal except for the grace of God." Please don't take seriously what Sri Mattappally wrote heaping upon me all kind of praise and encomium. His goodness may have prodded him to go overboard unintentionally. Good people see only good in others and refuse to take note of even Hymalayan defects and drawbacks in people. God bless him for that heavenly trait in his character. Selfless writers like Mattappally, Zach and YOU Jose are a real asset to Almaya. May their tribe increast and multiply to bring real sunshine into our present encircling gloom and grief.

    Let us all try to light a candle instead of cursing the darkness around. Keep up the good work of inspring people to go up higher and higher in setting good example. May the good Lord bless you all.

    james

    ReplyDelete