Translate

Wednesday, February 22, 2012

വി.ഓണംകുളവും, വി.ഗൈന്‍ ഫോര്ട്ടും - പാരിജാതം


ഓശാനയിലെ ''ഉപകാരസ്മരണ'' എന്ന ലേഖനമാണ് ഈ കുറിപ്പിന്റെ പ്രേരണ. അന്ധവിശ്വാസികള്‍ ഏതു തലം വരെ അധഃപതിക്കു മെന്നതിന്റെ ഒരു ഉദാഹരണം താഴെ:-

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ശീശ്മവേട്ട (Inquisition) നടത്തിയിരുന്ന ഡോമിനിക്കന്‍ സന്യാസി ബര്‍ബോണിലെ സ്റ്റീഫന് (1180-1262) ഗൈന്‍ ഫോര്‍ട്ട് എന്ന പുണ്യവാളന്റെ കപ്പേളയില്‍ കുഞ്ഞുങ്ങളുടെ രോഗശാന്തിക്കും അനുഗ്രഹത്തിനുംവേണ്ടി ലയോണ്‍സിനടുത്തുള്ള ഡോംസ് (DOBES) പ്രദേശത്തെ സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതായി വിവരം ലഭിച്ചു. അതുവരെ കേട്ടിട്ടില്ലാത്ത ഈ വിശുദ്ധനെ പറ്റി അന്വേഷിച്ചപ്പോഴാണ് ഈ വിശുദ്ധന്‍ ഒരു പട്ടിയാണ് എന്നറിഞ്ഞത്. പ്രസ്തുത പട്ടി വില്ലേഴ്‌സ് പ്രഭുവിന്റെ വളര്‍ത്തുനായ ആയിരുന്നു. ഒരു ദിവസം പ്രഭുവും പ്രഭ്വിയും അവരുടെ ഏകകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയിട്ട് പട്ടിയെ കാവലാക്കി പുറത്തുപോയി. ആ സമയം ഉഗ്രവിഷമുള്ള ഒരു സര്‍പ്പം കുഞ്ഞിന്റെ തൊട്ടിലിനെ സമീപിച്ചു. അപകടം മനസ്സിലാക്കി പട്ടി സര്‍പ്പത്തെ ആക്രമിച്ച് കൊന്നു. മാതാപിതാക്കള്‍ തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച തൊട്ടിലിനു താഴെ രക്തം തളംകെട്ടി നില്‍ക്കുന്നതാണ്. പട്ടി കുഞ്ഞിനെ കൊന്നു ഭക്ഷിച്ചു എന്നു കരുതി പ്രഭു ദേഷ്യംകൊണ്ട് പട്ടിയെ കൊന്നതിനുശേഷമാണ് ചത്തുകിടക്കുന്ന സര്‍പ്പത്തെയും തൊട്ടിലില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞിനെയും കണ്ടത്. കുറ്റബോധവും സങ്കടവും തോന്നിയ പ്രഭു പട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു കിണറ്റില്‍ സംസ്‌കരിക്കുകയും ഒരു സ്മാരകശില സ്ഥാപിക്കുകയും ചെയ്തു. പട്ടിയുടെ കുഴിമാടത്തിനു ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.

പ്രഭുവിന്റെ കുഞ്ഞിനെ രക്ഷിച്ച പട്ടി മറ്റു കുഞ്ഞുങ്ങളെയും രക്ഷിക്കുന്ന പുണ്യവാളനാണ് എന്നുകരുതി സമീപവാസികളായ അമ്മമാര്‍ ഈ പട്ടി മധ്യസ്ഥന് ഉപ്പ് നേര്‍ച്ചയായി നല്‍കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു പ്രാര്‍ഥിച്ചു. സമീപത്തുള്ള മരങ്ങളില്‍ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ തൂക്കിയിട്ട ശേഷം നഗ്നരായ കുഞ്ഞുങ്ങളെ മരങ്ങളുടെ ഇടയില്‍കൂടി പ്രദക്ഷിണം നടത്തുകയും ചെയ്തു. ഈ അന്ധവിശ്വാസം നിര്‍മാര്‍ജനം ചെയ്യുവാന്‍ സ്റ്റീഫന്‍ തദ്ദേശാധികാരികളെ സ്വാധീനിച്ച് പട്ടിമധ്യസ്ഥനെ വണങ്ങുന്ന ജനങ്ങളുടെ വസ്തു വകകള്‍ കണ്ടുകെട്ടി അവരെ കുടിയിറക്കി. പക്ഷേ 19-ാം നൂറ്റാണ്ടു വരെയും പട്ടി മധ്യസ്ഥനോടുള്ള ഭക്തി നിലനിന്നിരുന്നു.

റോമാ സാമ്രാജ്യത്തില്‍ വസിച്ചിരുന്ന വിജാതീയരുടെ ഇടയില്‍ ക്രിസ്തുമതം പ്രചരിപ്പാന്‍ യേശുവിനെ ഒരു യവന - റോമാ - ദൈവ മാക്കി. യേശുവിന്റെ ലളിതമായ സന്ദേശങ്ങളെ യവനചിന്തകളില്‍ രൂപാന്തരം ചെയ്ത് സാധാരണ ജനങ്ങള്‍ക്ക് മനസിലാക്കുവാന്‍ കഴിയാത്ത ''മഹാരഹസ്യ''ങ്ങളാക്കി. റോമാ സാമ്രാജ്യത്തിലെ ജനങ്ങള്‍ ഭാരതത്തിലെപോലെ കാവുദൈവങ്ങളെ ആരാധിച്ചിരുന്നു. ഈ ദൈവങ്ങള്‍ക്കു ബദലായി കത്തോലിക്കാ സഭ സ്വന്തം വിശുദ്ധരെ സൃഷ്ടിച്ചു. ഈ കൂട്ടത്തില്‍ രക്തസാക്ഷികളെന്ന് വിശ്വസിച്ചിരുന്ന പലരുമുണ്ടായിരുന്നു. അവരില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരായിരുന്നില്ല. ഉദാഹരണം വി. സെബാസ്റ്റ്യന്‍, വി. ഫിലോമിന. വി. ഗീവര്‍ഗീസ് എന്നിവര്‍. വി. ഗീവര്‍ഗീസ് ഒരുകെട്ടുകഥാപുരുഷനാണ്. സര്‍പ്പങ്ങള്‍പോലുള്ള ജീവികള്‍ കന്യകമാരെ ലൈംഗിക വേഴ്ചക്ക് അടിമപ്പെടുത്തി ആനന്ദിച്ചു എന്നൊരു വിശ്വാസം ഒരു കാലത്ത് ഉണ്ടായിരുന്നു. വി. ഗീവര്‍ഗീസ് അത്തരമൊരു കാളസര്‍പ്പത്തെ കൊന്ന് ഒരു കന്യകയെ രക്ഷിച്ചു എന്ന കഥ വളരെ പ്രാചീനമാണ്. ഈ കെട്ടുകഥാനായകനെ പാമ്പു പിടുത്തക്കാരന്‍ പുണ്യവാളനാക്കി, നേര്‍ച്ച കാഴ്ചകള്‍ ഇപ്പോഴും നടത്തുന്നു.  സൃഷ്ടി കര്‍മത്തില്‍ സ്ത്രീയുടെ പങ്ക് തിരിച്ചറിഞ്ഞ മനുഷ്യന്‍ അവരെ ദേവിയാക്കി പുരാതന കാലം മുതല്‍ ആരാധിച്ചിരുന്നു. അത്തരമൊരു ദേവിയാണ് എഫേസൂസിലെ ഡയാനാദേവി. അഞ്ചാം നൂറ്റാണ്ടില്‍ ഡയാനാക്കു പകരം കന്യകാമറിയത്തെ ആരാധിക്കുവാന്‍ തുടങ്ങി. ഈജിപ്റ്റിലെ ഐസിസ് - ഹോരുസ് (അമ്മയും കുഞ്ഞും) തനിപകര്‍പ്പാണ് മാതാവും ഉണ്ണിയേശുവും.

ക്രിസ്തുമത അനുഭാവിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ഏറ്റവും സ്വാധീനിച്ചിരുന്നത് അമ്മ ഹെലനയും (പൂര്‍വകാല കള്ളുവില്പനക്കാരി) ബാര്‍ഗേള്‍, ചക്രവര്‍ത്തിയുടെ വെപ്പാട്ടികളും കൊട്ടാര ശിങ്കടികളും ആയിരുന്നു. യേശുവിനെ രാജാവായി ചിത്രീകരിച്ച് മറിയത്തെ അമ്മ മഹാറാണിയും യേശുവിന്റെ മേല്‍ സ്വാധീനമുള്ള പ്രധാന വിശുദ്ധയുമായി അവരോധിച്ചു. സാധാരണ ജനങ്ങളുടെ ആകുലതകളും ആവലാതികളും മധ്യസ്ഥന്മാര്‍ പരിഹരിക്കുമെന്നുള്ള മിഥ്യാബോധത്തെ മുതലെടുത്ത് സഭ വിശുദ്ധരെ പടച്ചുവെച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ വിശ്വസ്തരെ സൃഷ്ടിക്കുന്നതിന് ലോകറിക്കാര്‍ഡുണ്ടാക്കി. മാധ്യസ്ഥരോടുള്ള ആരാധന മൂലം സാധാരണ ജനങ്ങള്‍ സമര്‍പ്പിക്കുന്ന നേര്‍ച്ചയും കാണിക്കയും ധനസമ്പാദനത്തിനുള്ള മൊത്തകച്ചവടമാക്കി മാറ്റിയിരിക്കുകയാണ് സഭയിപ്പോള്‍. നൊവേനയും പെരുന്നാളും സര്‍ക്കസുകളാക്കി കമ്പോളത്തില്‍ വിറ്റ് കാശാക്കുന്നു. ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും വേണം പണം ആമേന്‍.

(കടപ്പാട്: ഓശാന, ഫെബ്രുവരി 2012 ലക്കം)

2 comments:

  1. പട്ടിദൈവങ്ങളെ വടക്കേഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ആരാധിക്കാറുണ്ട്. പേഗന്‍
    മതവിഭാഗങ്ങളിലും അനേക പട്ടിദൈവങ്ങളെ കാണാം.പട്ടികളില്‍ നിന്നും മനുഷ്യര്‍ക്ക്‌ വളരെയധികം പഠിക്കുവാനുണ്ട്‌. മഹാഭാരതത്തിലും സ്വര്‍ഗത്തിലേക്കുള്ള വഴിയെ ധര്‍മ്മപുത്രര്‍ക്ക്മുമ്പേ ഒരു പട്ടി സഞ്ചരിക്കുന്നതായി കാണാം. പട്ടിയുടെ ജീവന്‍ വെടിച്ചുള്ള ധൈര്യം,വിശ്വസ്തത, ആത്മാര്‍ഥത ഇതെല്ലാം മനുഷ്യന്‍ സ്വന്തം ജീവിതത്തില്‍ മാത്രുകയാക്കെണ്ടതാണ്.

    മതദ്രോഹപീഡകരായ ഗോവയിലെ ഫ്രാന്‍സീസ് പുണ്യാളനെക്കാളോ, കൊലയാളികളായ ബെനെടികറ്റ്,കോട്ടൂര്‍,പുണ്യാളന്‍മാരെക്കാളോ
    ഈപട്ടികള്‍ എത്രയോഭേദം.പട്ടിയുടെ കുഴിമാടം തകര്‍ത്തവര്‍ ദൈവത്തിന്‍റെ മുമ്പില്‍ പാപികളാണ്. പട്ടിപുണ്യാളന്‍റെ കുഴിമാടം തകര്‍ത്തതുകൊണ്ട് ഭക്തരുടെ മനസ്സുകളില്‍ നിന്നും ആ പുണ്യാളനെ എടുത്തുകളയുവാന്‍ സാധിക്കുകയില്ല.

    അരീത്രപുണ്യാളനെയും ഫിലോമിനായെയും
    താഴെയിറക്കിയിട്ടു ഭക്തരുടെയിടയില്‍ യാതൊരു കുലുക്കവുമുണ്ടായില്ല. നാളെ പട്ടിയെക്കാളും കഷടമായ നരിയായ നരിക്കാടന്‍ ആയിരിക്കും പുണ്യാളന്‍.

    പുണ്യാളന്‍മാരുടെ മതദ്രോഹകാലത്തു എത്രയോ ജനങ്ങളുടെ മനസ്സില്‍ ഭീതിയുണ്ടാക്കി.
    എന്നിട്ടും അവര്‍ രൂപക്കൂട്ടില്‍ മെഴുകുതിരിയുടെ മുമ്പില്‍ വിലസുന്നു. ചില യൂറോപ്പ്യന്‍
    പുണ്യാളന്‍മാരെ കണ്ടാല്‍ പട്ടിയുടെ രൂപംപോലെ തന്നെയിരിക്കും.

    ReplyDelete
  2. കാര്യം എന്തൊക്കെ ആയാലും കഴിഞ്ഞ ദിവസം പിണറായി പുണ്യാളന്‍ പറഞ്ഞത് ഒരു കാര്യമാണ് - അദ്ദേഹം പറയുന്നു, നഖവും മുടിയും ശരീര അവശ്ശിഷ്ടങ്ങളാണ്, ആരാധനയ്ക്ക് യോഗ്യമായതോന്നും അതിലില്ല.

    മൃതദേഹം കാലാകാലം സൂക്ഷിച്ചു വെച്ച് വണങ്ങുന്നവര്‍ കമ്മുണിസ്റ്റു പുണ്യാളന്‍ പറഞ്ഞത് പുച്ചിച്ചു തള്ളുക തന്നെ ചെയ്യും.

    ReplyDelete