Translate

Tuesday, February 7, 2012

Sukumar Azheekkod: The Prophetic Voice

സുകുമാര്‍ അഴീക്കോട്
നിലച്ചുപോയ പ്രവാചകശബ്ദം
രണ്ടു ദൃശ്യങ്ങളാണ് അഴീക്കോടുമാഷ് മലയാളിമനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചിട്ടുപോയത് - പ്രസംഗവേദികളില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന മാഷും എല്ലും തോലുമായി മരണക്കിടക്കയില്‍ കിടക്കുന്നമാഷും. ഈ രണ്ടു കാഴ്ചകളും തമ്മിലുള്ള അന്തരം മലയാളിമനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കും. രണ്ടാമത്തെ ദയനീയമായ ദൃശ്യത്തില്‍ ആശ്വാസകരമായി ഭവിച്ചത് അദ്ദേഹവുമായി പല കാരണങ്ങളാല്‍ അകന്നു കഴിഞ്ഞിരുന്ന പലരുടെയും അനുരഞ്ജകമായ പുനഃസമാഗമമാണ്. അതിലൊന്നിലും ആര് ആരോടു ക്ഷമിച്ചു എന്നതൊക്കെ അപ്രസക്തമാണ്. കുറ്റവിചാരണയ്‌ക്കെല്ലാമപ്പുറത്തുള്ള, ആത്മീയമെന്നു വിശേഷിപ്പിക്കാവുന്ന, ഒരു തലത്തിലാണ് അഴീക്കോടിന്റെ കരങ്ങള്‍ അവരിലോരോരുത്തരെയും കടന്നുപിടിച്ചത്.
അഴീക്കോടിന്റെ വേര്‍പാടിനു ശേഷവും തുടര്‍ന്നേക്കാമായിരുന്ന വിവാദസാധ്യതകളെയാണ് ഈ അനുരഞ്ജനമുഹൂര്‍ത്തങ്ങള്‍ ഇല്ലാതാക്കിയത്. വിവാദങ്ങളിലഭിരമിക്കുന്ന ചില ക്ഷുദ്രമനസ്സുകളെ അതു വിഷമിപ്പിച്ചു എന്നു വേണം കരുതാന്‍. ആ ജനുസില്‍പ്പെട്ട ഒരാളുടെ പ്രതികരണം, തത്ത്വമസി എഴുതിയ അഴീക്കോട് മരണശയ്യയില്‍ കിടന്നിങ്ങനെ അഭിനയിക്കേണ്ടിയിരുന്നില്ല എന്നായിരുന്നല്ലോ. പൊതുരംഗത്തിന്നു നമ്മള്‍ സദാനേരവും കണ്ടുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണ്. ഇപ്പോള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ വിവാദംതന്നെയെടുക്കാം. ഒരേ സമുദായത്തില്‍പ്പെട്ട 250-തില്‍പ്പരം കേരളമക്കളുടെ ഇ-മെയില്‍ കേരളാപോലീസ് രഹസ്യമായി പരിശോധിച്ചുകൊണ്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടു നമ്മുടെ മന്ത്രിമുഖ്യന്റെ ആദ്യപ്രതികരണമെന്തായിരുന്നു ? അതൊക്കെ പോലീസിന്റെ റുട്ടീന്‍ നടപടിയല്ലേ എന്ന്. ഏതു നേരവും നമ്മുടെയൊക്കെ സ്വകാര്യതയിലേക്കു കടന്നു കയറാനുള്ള പച്ചക്കൊടി കാണിക്കുന്ന ഈ മുഖ്യന്‍ ജനാധിപത്യവിശ്വാസിയായി അഭിനയിക്കയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? അധികാരകേന്ദ്രങ്ങളിലുള്ള ഇത്തരം കപടനാട്യങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ ശബ്ദിച്ച ആളാണ് അഴീക്കോടു മാഷ്. എന്നിട്ട് മരണക്കിടക്കയില്‍ക്കിടന്ന് അദ്ദേഹം അഭിനയിക്കയായിരുന്നുപോലും.
ബൈബിളില്‍ കാലാകാലങ്ങളില്‍ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കുന്ന പ്രവാചകരുടെ ഒരു പരമ്പരതന്നെയുണ്ട്. അതിലൊരാളായിരുന്നു തച്ചന്റെ മകന്‍ യേശു. കേരളക്കരയില്‍ അത്തരമൊരു പ്രവാചകശബ്ദമായിരുന്നു അഴീക്കോടിന്റേത്. അദ്ദേഹം പറഞ്ഞതൊക്കെ ശരിയായിരുന്നോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാം. എന്നാല്‍ തനിക്കു ശരിയെന്നുറപ്പുള്ള കാര്യങ്ങള്‍, ഭവിഷത്തുകള്‍ കാര്യമാക്കാതെ, ആ മനുഷ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അതാണദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. അഴീകോട് മാഷ്‌ എന്‍റെ ഒരു ഗുരുവെന്നതില്‍ അഭിമാനിക്കുന്നു. വേദങ്ങളും വേദാന്തങ്ങളും മാഷ്‌ പറയുമ്പോള്‍ മലയാളം ക്ലാസ്സുകള്‍
    അന്ന്ദൈവത്തിന്‍റെ ഭാഷയെന്നു തോന്നിപോവുമായിരുന്നു.

    വിപ്ലവകാരിയായ ആ വലിയ മനുഷ്യന്‍റെ നാവു
    എന്നും അടപ്പിക്കുവാന്‍ ശ്രമിച്ചത്‌ ചില പുരോഹിതരും പില്‍ക്കാലത്ത്‌ സിനിമാ ലോകത്തിലെ വിഗ്ഗ് വെച്ച വൃദ്ധനടന്മാരുമായിരുന്നു. എക്കാലവും മാഷ്‌ ഇത്തരക്കാര്‍ക്ക് ഒരു പേടിസ്വപ്നവുമായിരുന്നു.

    പുരോഹിതരില്‍ ഭൂരിഭാഗം മദ്യത്തിനു അടിമപ്പെട്ടവരെന്നു കുറെകാലങ്ങള്‍ക്കുമുമ്പ് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടപ്പോള്‍ മദ്യവിരുദ്ധ പ്രചാരകരായ പുരോഹിതര്‍ നിശബ്ദരായി അന്നു പ്രതികരിക്കാതിരുന്നതും ഓര്‍മ്മിക്കുന്നു. പുരോഹിതര്‍ ഇടയലേഖനങ്ങള്‍ ഇറക്കി അല്മായരെ വഴിതെറ്റിക്കാതെ യേശുവിന്‍റെ തത്ത്വങ്ങളെ മാനിക്കണമെന്ന് അഴീക്കോട് പറഞ്ഞപ്പോള്‍ ഇവിടുത്തെ മെത്രാന്‍ലോകം നീരസത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകളെ കേട്ടില്ലെന്നുനടിച്ചു. സഭയെന്നതു ക്രിസ്തുവിന്‍റെ ശബ്ദമെന്നു ഒരു ഹിന്ദുവായ മാഷിനു ക്രിസ്ത്യന്‍പുരോഹിതരെ ഓര്‍മ്മിപ്പിക്കെണ്ടിയും വന്നു. ‍

    തനിക്കുള്ളതെല്ലാം വിറ്റു പാവങ്ങളെ സേവിക്കുകയെന്നുള്ള യേശുവിന്‍റെ ഉപദേശം സഭാനേത്രുത്വത്തെ ഓര്‍മിപ്പിച്ചപ്പോള്‍‍ ഒരു ഹിന്ദുവിന് എന്തു കാര്യമെന്ന മനോഭാവത്തോടെ അവര്‍ അഴീക്കോടിനെതിരെ വിമര്‍ശനശരങ്ങളുമായിയെത്തി. മാനവമതങ്ങളെയും മഹാന്മാരെയും നിന്ദിക്കരുതെന്നും ‍ അവരുമായി ശത്രുത പുലര്‍‍ത്തുന്നത് ലോകസമാധാനത്തിനു ഹാനികരെമെന്നും അദ്ദേഹം പുരോഹിതരെ ഉദ്ബോധിപ്പിച്ചു. പകരം മാനുഷികമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

    വേദങ്ങളും ബൈബിളും മനസ്സില്‍‍ ഉരുവിട്ട് കാണാപാഠം ആക്കി കവലകളിലും പൊതു സ്ഥലങ്ങളിലും പ്രസംഗിക്കുന്നതിനു പകരം പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍‍ത്രികമാക്കനായിരുന്നു പുരോഹിത ലോകത്തോട്‌ അദ്ദേഹത്തിനുപറയുവാനുണ്ടായിരുന്നത്.

    സുകുമാര്‍ അഴീകൊടിന്‍റെ ജീവിതത്തില്‍ ‍ രസകരമായ അനേകസംഭവങ്ങളുമുണ്ട്. ഒരിക്കല്‍ ‍ മലയാളത്തിലെ ചില എഴുത്തുകാരുമായി അദ്ദേഹം ട്രെയിന്‍‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ടിക്കറ്റ് പരിശോധിക്കുന്ന റെയില്‍വേഉദ്യോഗസ്ഥന്‍ ‍ ദരിദ്രനായ ഒരു വൃദ്ധനെ തന്‍റെ കമ്പാര്‍‍ട്ട്മെന്റില്‍‍ നിന്നു പുറത്താക്കുന്നതുകണ്ടു അഴീക്കോട്മാഷ്‌ ക്ഷുപിതനായി. മാഷ്‌ ആ ഉദ്യോഗസ്ഥന്റെ കഴുത്തിനു പിടിച്ചു ഈ വൃദ്ധനോട് ക്ഷമ പറയുവാന്‍ ആവശ്യപ്പെട്ടു. അപ്പന്‍റെ പ്രായമുള്ള ഈ വൃദ്ധനോട് മാന്യമായി പെരുമാറുവാനും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഈ വൃദ്ധനില്‍ ‍ തെറ്റുണ്ടെങ്കില്‍‍ തന്നെയും ടിക്കറ്റ് പരിശോധിക്കുവാന്‍‍ മാത്രമേ ഉദ്യോഗസ്ഥന് അവകാശമുള്ളുവെന്നും നിയമം കയ്യില്‍ ‍ എടുക്കുവാന്‍ ‍ അനുവദിച്ചിട്ടില്ലന്നും ഓര്‍‍മ്മിപ്പിച്ചു. ഈ ഉദ്യോഗസ്ഥന്‍ നെറ്റിചുളിച്ചെങ്കിലും അവസാനം വൃദ്ധനോട് ക്ഷമ പറയേണ്ടിവന്നു. തത്ത്വങ്ങളെ പ്രവര്‍‍ത്തനങ്ങളിലൂടെ
    സാഷാല്‍‍ക്കരിക്കുന്ന, ഉള്‍‍ക്കൊള്ളുന്ന ഒരു മഹനീയ വ്യക്തിയായിരുന്നു ജീവിച്ചിരുന്ന അഴീക്കോട് മാഷ്‌. സാമൂഹ്യനീതിക്കു വേണ്ടി എക്കാലവും അദ്ദേഹം പടപോരുതിയിരുന്നു. തീര്‍‍ച്ചയായും അല്‍മായ ശബ്ദത്തിനു അനീതിക്കെതിരെ പോരാടുവാന്‍ അദ്ദേഹം ഒരു വഴികാട്ടി തന്നെ.

    ReplyDelete
  3. "സഭയെന്നത് ക്രിസ്തുവിന്‍റെ ശബ്ദമെന്നു ഒരു ഹിന്ദുവായ മാഷിനു ക്രിസ്ത്യന്‍ പുരോഹിതരെ ഓര്‍മ്മിപ്പിക്കേണ്ടിയും വന്നു." ‍

    ഇങ്ങനെ പല അക്രൈസ്തവരും ക്രിസ്ത്യാനികളേക്കാള്‍ സൂക്ഷ്മമായി സുവിശേഷങ്ങളെ പഠിക്കയും വ്യാഖ്യാനിക്കയും ചെയ്തിട്ടുണ്ട്. ഓഷോ ആണ് ഒന്നാന്തരം ഉദാഹരണം. അദ്ദേഹത്തിന്‍റെ "അഗ്നിസമാനമായ വചനങ്ങള്‍" എല്ലാ വൈദികരും വായിക്കുമെങ്കില്‍, പുളിപ്പില്ലാത്ത അപ്പം പോലുള്ള പ്രസംഗങ്ങള്‍ അവര്‍ നടത്തേണ്ടി വരില്ല. ഡോ. രാധാകൃഷ്ണന്‍, ചട്ടമ്പിസ്വാമികള്‍, നിത്യചൈതന്യയതി തുടങ്ങിയവര്‍ ഏത്‌ ബിഷപ്പിനെയും പോപ്പിനെയുംകാള്‍ ആഴമായി യേശുവിനെ മനസ്സിലാക്കുകയും ആദ്ദേഹത്തിന്റെ വഴിയെ നടക്കുകയും ചെയ്തിട്ടുണ്ട്.

    ക്രിസ്തുമത വിശ്ച്ചേദനം എന്ന പുസ്തകമാണ് ചട്ടമ്പിസ്വാമികളുടെ പേരില്‍ ആദ്യം പുറത്തുവന്ന കൃതി. ക്രിസ്തുമതമിഷനറിമാരുടെ ഹിന്ദുമതാധിക്ഷേപത്തിനെതിരെ പറഞ്ഞുകൊടുത്ത വാദങ്ങളായിരുന്നു അവ.
    പണ്ഡിതരുടെ ഇടയില്‍ ഇന്നേതാണ്ട് അംഗീകൃതമായിട്ടുള്ള ഒരാശയവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതായത്, പന്ത്രണ്ടാം വയസ്സിന് ശേഷം യേശു സ്വദേശം വിട്ട്, അവധൂതനായി അലഞ്ഞുതിരിഞ്ഞ്, ഹിമാലയത്തിലെത്തി ആര്ഷജ്ഞാനിയായിത്തീര്‍ന്നിരിക്കണം എന്ന വസ്തുത. കാരണം, യേശുവിന്റെ പഠനങ്ങളില്‍ എല്ലാംതന്നെ വേദാന്തത്തിന്റെ രുചിയുള്ളതാണ്.

    വേദാന്തത്തിന്റെ കാതലായ തത്ത്വമസിയുടെ അതിമനോഹരമായ വ്യാഖ്യാനം വന്ദ്യനായ സുകുമാര്‍ അഴീക്കൊടിന്റേതാണ്. ആ ഒറ്റ കൃതി അദ്ദേഹത്തെ കേരളത്തിന്റെ ഏറ്റവും ബഹുമാന്യനായ ഗുരുവായി സ്ഥാപിച്ചിരിക്കുന്നു.

    ReplyDelete