Translate

Monday, February 6, 2012

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ എന്തുണ്ട് വ്യത്യാസം?


യേശുവിന്റെ ശിഷ്യരുമൊത്തുള്ള അന്ത്യ അത്താഴത്തെ ഡാവിഞ്ചി ഭാവനചെയ്തത്, മിക്ക ക്രിസ്തീയ കുടുംബങ്ങളിലും ചില്ലിട്ടു വയ്ക്കാറുണ്ട്. ആ പടം വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് അച്ചന്മാര്‍ ജാഥാ തുടങ്ങിയിട്ടുണ്ട്. പടത്തിനടിയില്‍ എഴുതിയിരിക്കുന്നത് വികലമാണെന്നു തോന്നുന്നില്ല, കാരണം, പ്രത്യാശയും പ്രത്യാശയുടെ വഴിയും യേശുവാണ് എന്ന് സഭാനേതാക്കള്‍ പ്രസംഗിക്കുന്നതല്ലാതെ, പ്രവൃത്തിയില്‍ അവരും കമ്യൂണിസ്റ്റുകാരെപ്പോലെ, പണത്തെയും അധികാരത്തെയും ആരാധിക്കുന്നു. ചിത്രത്തില്‍ യേശുവിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ ആണെന്ന് തോന്നുന്നു - അതായത് ഏറ്റവും വലിയ മുതലാളിത്വ രാജ്യത്തിന്റെ പ്രസിഡന്‍റ്! കാര്യങ്ങള്‍ എവിടെവരെ നീങ്ങിയെന്നതിന്റെ ഒരു സൂചനയല്ലേയിത്?
അതിന്റെയര്‍ഥം ... ... ? ബെര്‍ളിത്തരങ്ങളില്‍ ഇങ്ങനെ കണ്ടു. അത് ശരിയെന്നു ഞാനും കരുതുന്നു.  

 "ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ വല്ല്യ
വ്യത്യസം ഒന്നും ഇല്ല....രണ്ടിനും കര്‍ത്താവിനെ കാര്യം കാണാന്‍ മാത്രം 
മതി...

രണ്ടും പിരിവില്‍ മിടുക്കര്‍ ആണ്...പാര്‍ട്ടി ആണേല്‍ ബക്കറ്റ്‌ പിരിവില്‍ 
തുടങ്ങി ലാവ്‌ലിന്‍ വരെ എടുക്കും..സഭയാണേല്‍ പിടിയരിയില്‍ തുടങ്ങി 
തലവരിയായി ലക്ഷങ്ങള്‍ വാങ്ങുന്ന അവസ്ഥയാണ്.. 

പാര്‍ട്ടിയും സഭയും ഒരു പ്രത്യേക ചട്ടകൂടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആണ്... 

തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ ആണ് ഇവ. 
ഒരിടത്തു പാര്‍ട്ടി സെക്രട്ടറി പറയുന്നത് ധിക്കരിച്ചാല്‍ തല 
പോകും...അപ്പുറത്ത് മേത്രാനോ അച്ഛനോ പറയുന്നത് ധിക്കരിച്ചാല്‍ പറ്റാവുന്ന 
എല്ലാ പണിയും കൊടുക്കും...രണ്ടിനും ജനാധിപത്യം എന്താണ് എന്ന് പോലും 
അറിയില്ല.

സഭ ഇടവക ജനങ്ങളെ പിഴിഞ്ഞെടുത്തു സ്ഥാപനങ്ങള്‍ പണിയും, എന്നിട്ട് അവരുടെ 
മക്കള്‍ക്ക്‌ വല്ല അഡ്മിഷന്‍ ചോദിച്ചു ചെന്നാല്‍ തന്തയ്ക്കു 
വിളിക്കും...പാര്‍ട്ടി സഖക്കളില്‍നിന്നും പിരിവെടുത്തു നേതാക്കളുടെ മക്കളെ 
വിദേശത്ത് അയച്ചു പഠിപ്പിക്കും. പിരിവു കൊടുത്ത സഖാക്കളുടെ മക്കള്‍ ഇവിടെ 
ബസിനു കല്ലെറിഞ്ഞും പോലീസിന്റെ അടി മേടിച്ചും ജീവിച്ചോണം. 

രണ്ടും അസഹിഷ്ണുതയില്‍ മത്സരം ആണ്. സഭയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും 
പറഞ്ഞാല്‍ എന്ത് വിധേനയും ആ വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ സ്റ്റീഫന്‍ 
ആലത്തറയെ പോലുള്ള ജന്മനാ വര്‍ഗീയതയുള്ളവരെ വക്താക്കളായി വച്ചിരിക്കുന്നു. 
പാര്‍ട്ടി ആണേല്‍ എതിര്‍ക്കുന്നവരുടെ കയ്യും കാലും ഒടിക്കാന്‍ ഗുണ്ടകളെയും 
..ഏതായാലും ഗുണ്ടായിസം മാത്രം സഭ തുടങ്ങിയതായി കേട്ടിട്ടില്ല..(അതിന്റെ 
ഉദ്ഘാടനം എന്റെ നെഞ്ചത്താകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ)

പിന്നെ രണ്ടും രക്തസാക്ഷികള്‍ക്ക് അമിത പ്രാധാന്യം ആണ് 
കൊടുക്കുന്നത്...രക്തസാക്ഷികളെ ആദരിച്ചു കൊള്ളട്ടെ...പക്ഷെ വീണ്ടും വീണ്ടും
രക്തസാക്ഷികള്‍ ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്യുന്നതില്‍ എന്ത് നീതിയാണ് 
ഉള്ളത്...ഒരിടത്തു വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുമ്പോള്‍ 
മറുവശത്ത് ആദര്‍ശത്തിന് വേണ്ടി ത്യജിക്കാന്‍ പറയുന്നു. പക്ഷെ 
ത്യജിക്കേണ്ടത് രണ്ടിടത്തും പാവങ്ങള്‍ ആണെന്ന് മാത്രം..

പാര്‍ട്ടിയും സഭയും പറച്ചിലില്‍ പാവങ്ങളുടെ കൂടെയും പ്രവര്‍ത്തിയില്‍ മുതലാളിമാരുടെ കൂടെയും ആണ്.. 

ഏറ്റവും സാമ്യം രണ്ടു പേര്‍ക്കും ക്രിസ്തു ആരാണെന്നോ മറ്റോ ഒരു ഐഡിയയും 
ഇല്ല എന്നുള്ളതിലാണ്. രണ്ടിനും ക്രിസ്തു സ്ഥാപിത താല്പര്യങ്ങള്‍ക്ക് 
ഉപയോഗിക്കാന്‍ ഉള്ള ഒരു പേര്. ചില അച്ചന്മാരുടെ ബൈബിള്‍ പ്രസംഗം കേട്ടാല്‍ 
പിണറായി വിജയന്‍റെ ബൈബിള്‍ ദുര്‍വ്യാഖ്യാനം അറിവില്ലായ്മ എന്ന് കരുതി 
ക്ഷമിക്കാവുന്നതേ  ഉള്ളൂ...പാര്‍ട്ടിക്ക് ക്രിസ്തുവിനെ തിരഞ്ഞെടുപ്പിന് 
വേണെമെങ്കില്‍ സഭയ്ക്ക് സ്ഥാപനം നടത്തിപ്പിന് ക്രിസ്തുവിന്റെ പേര് വേണം ..

പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് നന്നായറിയാം അതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ!"

2 comments:

  1. തിരു അത്താഴ ചിത്രം കലാപരമായ ഒരു പൂര്‍ണ്ണത അവതരിപ്പ്പിക്കുന്നു. ഒരു ഭാവനയുടെ പൂര്‍ത്തീകരണമാണ് . കലയോടുള്ള സമീപനത്തില്‍ സി.പി.എം. പാര്‍ട്ടി ചിത്രകലയെ മോഷണം ചെയ്ത
    കള്ളന്മാരാണ്, കുറ്റവാളികളുമാണ്. ഒരുകലാകാരന്‍ വരച്ച ചിത്രത്തിന്‍റെ ഡ്യുപ്ലിക്കെറ്റ് മറ്റൊരാള്‍ അതിനെ വികലമാക്കിയത് സി. പി. എം പാര്‍ട്ടിക്ക് ചേരാത്തതും ,കള്ളന്മാരെയും കൊള്ളക്കാരെയും പിന്തുണയ്ക്കുന്ന ഗൂഡ സംഘമായി സ്വയം അവതരിപ്പിക്കുകയുമാണ്. അതുപോലെതന്നെ, ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളിലെ മെത്രാന്മാരും അച്ചന്മാരും യേശു കൃസ്തുവിനെയും വിശുദ്ധന്മാരെയും നേര്‍ചപ്പെട്ടിയിലൂടെ വിറ്റഴിച്ചു ദൈവത്തെ അവഹേളിക്കുന്നത്, എന്തിനും ഏതിനും കോഴപ്പണം വാങ്ങുന്നത് സ്ഥിരം തൊഴിലാക്കിയിരിക്കുന്നത്, വിശ്വാസികളുടെ താല്‍പ്പര്യങ്ങളെ തട്ടിത്തെറിപ്പിച്ചു ക്രിസ്തീയ പാരമ്പര്യ ചരിത്രത്തെ നശിപ്പിച്ചുകൊണ്ട് പഴയ പുരാതന ദേവാലയങ്ങള്‍ ബോംബിട്ടു തകര്‍ത്ത് , വിശ്വാസികളെ ഭീഷണിപ്പെടുത്തി കോടികള്‍ പിരിച്ചെടുത്തു പുതിയ പള്ളികള്‍ പണിയുന്ന പുതിയ മാഫിയ നയം കിസ്തുവിനെ ഇവര്‍ ഒന്നുക്കൂടി കുരിശില്‍ തറക്കുകയാണ് .അള്‍ത്താരയുടെ മുന്നില്‍ നിന്ന് ആരെയും എന്തും പറയാനുള്ള അധികാരം ഉണ്ടെന്നാണ് മെത്രാന്റെയും വൈദികരുടെയും ഭാവം! ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ ഭായി ഭായ് എന്ന് പറഞ്ഞു കൈ കോര്‍ത്തു നടക്കുന്ന മേല്‍പ്പറഞ്ഞവരുടെ യേശു പ്രേമവും തിരു അത്താഴ ചിത്രം നോക്കി നിന്നുള്ള വിലാപവും ഈ നൂറ്റാണ്ടിലെ വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഉദാഹരണമില്ലാത്ത ഭോഷത്തമാണ്.

    ReplyDelete
  2. Caricature എന്നൊരു സ്റ്റൈല്‍ കലയിലുള്ളതാണ്. ഏത്‌ നല്ല കാര്‍ട്ടൂണിസ്റ്റും മിക്കപ്പോഴും ഇതുപയോഗിക്കുന്നുമുണ്ട്. ആള്‍ക്കാരുടെ caricature എന്നതുപോലെ വിഖ്യാതമായ കലാസൃഷ്ടികളുടെ വികലമായ അനുകരണങ്ങളും അന്തസ്സില്ലാത്തവര്‍ കാട്ടിക്കൂട്ടാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ആരും വഴക്കുണ്ടാക്കാന്‍ പോകേണ്ടതില്ല. മുഹമ്മദിനെ മുസ്ലിംങ്ങളും യേശുവിനെ കൃസ്ത്യാനികളും അതുപോലെ മറ്റ് മഹത് വ്യക്തികളെ അവരുടെ അനുയായികളും അംഗരക്ഷകരായി നിന്ന് കാത്തുസൂക്ഷിക്കേണ്ട ഗതികേട് വരുത്തിവയ്ക്കുന്നത് അവരുടെ മഹത്വത്തിന് അതിന്റേതായ മൌലികത ഉണ്ടെന്ന് മറക്കുമ്പോഴാണ്. അനുയായികളുടെ കോട്ടയില്ലാതെയും ഇവരെല്ലാം അവരുടെ ജീവിതത്തനിമക്ക് കോട്ടമില്ലാതെ നിലനില്‍ക്കും. അത് മനസ്സിലാക്കാത്തവരാണ്, ആരെങ്കിലും ആരാധ്യപുരുഷരെപ്പറ്റി ഒരു തമാശ പറഞ്ഞാലുടനെ വാളും പരിചയുമെടുത്ത്, കുരവയിട്ടുകൊണ്ട് പൊതുവഴിലിറങ്ങുന്നത്. യേശുവിനെപ്പറ്റിയുള്ള അന്ത്യവാക്ക് തങ്ങളുടെതാണ് എന്ന് വാശിപിടിക്കാന്‍ മാത്രം പോഴത്തം ഒരു ക്രിസ്ത്യാനിക്കും സാംഗത്യമല്ല, സാധാരണ വിശ്വാസിയായാലും, മെത്രാനായാലും.

    യേശു തന്റെ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കിയ വിപ്ലവത്തിന്റെ ആയിരത്തിലൊന്ന് പോലും സഫലമാക്കാന്‍ കരുത്തില്ലാത്ത വാലാട്ടികളാണ് അദ്ദേഹത്തിന്‍റെ വിപ്ലവത്തെപ്പറ്റി വാചാലരാകുന്നതില്‍ ഗമ നടിക്കുന്നത്!

    ReplyDelete