Translate

Thursday, March 28, 2013

കാലുകഴുകല്‍ ശുശ്രൂഷ - നവസമൂഹത്തിന്റെ പ്രതീകം

(2013 മാര്‍ച്ച് ലക്കം സത്യജ്വാലയില്‍നിന്ന്)
ഡോ. ജോസഫ് മറ്റം എസ്.ജെ


പെസഹാവ്യാഴാഴ്ചകളില്‍, കുര്‍ബാനസമയത്ത് 
ബലിയര്‍പ്പകനായ പുരോഹിതന്‍ 12 പേരുടെ കാലുകഴുകുന്ന ഒരു ചടങ്ങ് കത്തോലിക്കരുടെയിടയിലുണ്ടല്ലോ.
 കാലുകഴുകല്‍സംഭവത്തെ യേശുവിന്റെ എളിമയുടെ
 പ്രകടനമായിക്കണ്ട്, വര്‍ഷത്തിലൊരു തവണ പുരോഹിതരും
12 പേരുടെ കാലുകഴുകി എളിമ ആചരിക്കുകയാണ്. 
യേശുവിനെ സംബന്ധിച്ച് ഏറ്റം കാതലായിരുന്നതും 
ഏറെ പ്രാധാന്യമുള്ളതുമായിരുന്ന ഒന്നിനെ  ഈ 
ആചരണത്തിലൂടെ നിസ്സാരവല്‍ക്കരിക്കുകയാണെന്നാണ് 
എന്റെ അഭിപ്രായം.



സമൂഹത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഒരു പുതിയ മാതൃക അവതരിപ്പിക്കുകയാണ്, യേശു തന്റെ ജീവിതത്തിലുടനീളം ചെയ്തുകൊണ്ടിരുന്നത്. നാം ദൈവത്തെ സ്‌നേഹിക്കുന്നത് അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിലൂടെയാണെന്നും (മത്താ.22:34-40), ഏതു മതകര്‍മ്മാനുഷ്ഠാനത്തെയുംകാള്‍ പ്രാധാന്യമുള്ളത് വ്യക്തിതല ബന്ധങ്ങള്‍ക്കാണെന്നും, രക്ഷയെന്നത് ശരിയായ ബന്ധത്തെ ആസ്പദമാക്കിയതാണെന്നും (മത്താ.5:23;25:31-46; ലൂക്കോ. 19:1-10), അവിടുന്നു നമ്മോടു പറഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ നോക്കുമ്പോള്‍, യേശു വിഭാവനം ചെയ്തിരുന്ന പുതിയ രൂപമാതൃകയിലുള്ള മനുഷ്യബന്ധത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു കാലുകഴുകല്‍ശുശ്രൂഷ എന്നുകാണാം. 

തന്റെ പീഡാസഹനത്തിന്റെ തലേന്നു നടത്തിയ ഈ പ്രവൃത്തികൊണ്ട് യേശു അര്‍ത്ഥമാക്കിയത് എന്തായിരുന്നിരിക്കാം? യോഹന്നാന്റെ സുവിശേഷത്തിലെ ഈ രംഗത്തിന്റെ പ്രൗഢോജ്വലമായ അവതരണത്തില്‍നിന്നും (യോഹ.13:1-7), അതിലെ യേശുവിന്റെ പത്രോസിനോടുള്ള പ്രത്യുത്തരത്തില്‍നിന്നും, അതു യേശുവിനെ സംബന്ധിച്ച് അതിപ്രധാനമായ ഒരു കാര്യമായിരുന്നുവെന്നും കേവലം എളിമയുടെ പ്രശ്‌നമായിരുന്നില്ലെന്നും നമുക്കു മനസ്സിലാക്കാനാകും. ഗുരുവായ യേശു തങ്ങളുടെ മുമ്പില്‍ എളിമപ്പെടുന്നതിനെ എതിര്‍ത്ത പത്രോസുമായി ബന്ധം വിച്ഛേദിക്കാന്‍പോലും അവിടുന്നു മുതിര്‍ന്നു. യേശു പത്രോസിനോടു പറഞ്ഞു: ''ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍, നിനക്ക് എന്റെ കൂടെ പങ്കില്ല'' (യോഹ.13:8). ''നിങ്ങള്‍ ശുദ്ധിയുള്ളവരാണ്'' എന്ന് തന്റെ ശിഷ്യരോടവിടുന്ന് തുടര്‍ന്നു പറയുകയും ചെയ്തു. കാലുകഴുകലിലൂടെ എളിമയുടെയും സേവനത്തിന്റെയും ഒരു മാതൃക ശിഷ്യര്‍ക്കു കാട്ടിക്കൊടുക്കുകയാണ് യേശു ചെയ്തത് എന്നാണ് പൊതുവേ പറഞ്ഞുപോരുന്നത്. അത് അങ്ങനെയും ആയിരിക്കാം. എന്നാല്‍, അത് അതിലുമൊക്കെ ഏറെ അപ്പുറത്തുമാണ്. മാത്രമല്ല, ഇവിടെ 'സേവനം' എന്ന പദത്തിന്റെ അര്‍ത്ഥം വളരെ അവ്യക്തവുമാണ്.


എല്ലാ രാഷ്ട്രീയക്കാരും, തങ്ങള്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കുകയാണെന്ന് അവകാശപ്പെടുന്നു. മാര്‍പ്പാപ്പായും മെത്രാന്മാരും വൈദികരും തങ്ങള്‍ സമുദായസേവകരാണെന്നു സ്വയം കരുതുന്നു. ധനികര്‍ക്ക് അവരുടെ സേവകരുണ്ട്. ഡോക്ടര്‍മാരെപ്പോലുള്ള 'പ്രൊഫഷണല്‍' വിഭാഗങ്ങളിലുള്ളവര്‍ തങ്ങളുടെ കക്ഷികളെ സേവിക്കുന്നു. ഈ ഓരോതരം സേവനങ്ങളിലും, ഓരോരുത്തരും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്, തങ്ങള്‍ക്ക് ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സമ്പത്തില്ലാത്തവര്‍ സമ്പത്തുള്ളവരെ സേവിക്കുന്നു; ഏതെങ്കിലും മേഖലകളില്‍ അറിവോ വൈദഗ്ധ്യമോ ഉളളവര്‍ അതില്ലാത്തവരെ സേവിക്കുന്നു; അധികാരമുള്ളവര്‍ അധികാരമില്ലാത്തവരെ സേവിക്കുന്നു. ഈ ബന്ധങ്ങളെല്ലാം അസമത്വങ്ങളിലാണ്, ഉയര്‍ച്ച-താഴ്ചകളിലാണ്, ഉള്ളവരും ഇല്ലാത്തവരും തമ്മിലാണ്, നിലയുറപ്പിച്ചിരിക്കുന്നത്. യേശു സംസാരിക്കുന്നത് ഇത്തരം സേവനങ്ങളെക്കുറിച്ചല്ല.

യേശുവിന്റെ കാലുകഴുകല്‍ശുശ്രൂഷ അവിടുത്തെ എളിമയുടെ പ്രകടനമായിരുന്നെന്നതരത്തിലുളള വ്യാഖ്യാനം എനിക്കൊട്ടും തൃപ്തികരമായിരുന്നില്ല. അതുകൊണ്ടാണ്, 1979-ല്‍ ഗുജറാത്തിലെ നാദിയാദ് (Nadiad) ഇടവകയില്‍ വികാരിയായിരുന്നപ്പോള്‍, വ്യത്യസ്തമായ ഒരു കാലുകഴുകല്‍ ശുശ്രൂഷയെക്കുറിച്ചു ഞാന്‍ ആലോചിച്ചത്. വലിയനോമ്പാരംഭത്തില്‍ ഇടവകയിലെ 'പ്രധാനി'കളെ (വേദപാഠാദ്ധ്യപകരെയും അവിടുത്തെ നേതാക്കളെയും) വിളിച്ചുകൂട്ടി ഞാനിപ്രകാരം പറഞ്ഞു: 'പെസഹാവ്യാഴാഴ്ച കാലുകഴുകല്‍ശുശ്രൂഷ നടത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതു മുഴുവന്‍ ഇടവകസമൂഹത്തെയും -പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എല്ലാ ജീവിതമേഖലകളിലുംപെട്ട ആള്‍ക്കാര്‍ എന്നിവരെയെല്ലാം- ഉള്‍പ്പെടുത്തിക്കൊണ്ടുളളതായിരിക്കണം. നമ്മള്‍ സ്ത്രീകളുടെയും കാലുകഴുകണം'. അവര്‍ പകച്ചുപോയി. എന്റെ നിര്‍ദ്ദേശത്തെ അവര്‍ തള്ളിക്കളയുകയും ചെയ്തു. 

അങ്ങനെയെങ്കില്‍, അന്നത്തെ അനുഷ്ഠാനങ്ങളില്‍നിന്ന് അതൊഴിവാക്കി കുര്‍ബാനമാത്രം നടത്താമെന്നു ഞാന്‍ പറഞ്ഞു. അവസാനം അവര്‍ വഴങ്ങുകയും എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള ആള്‍ക്കാരെ പങ്കെടുപ്പിക്കാം എന്നു സമ്മതിക്കുകയും ചെയ്തു. അങ്ങനെ സ്ത്രീ-പുരുഷന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ഏതാണ്ട് 40-ഓളം പേര്‍ പെസഹാദിനത്തില്‍ പള്ളിയില്‍ ഒത്തുകൂടി. തുടര്‍ന്നവര്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, എല്ലാവരും ഇടകലര്‍ന്ന്, വൃത്താകൃതിയില്‍ ഇരുന്നു. ഞാന്‍ ഒരു സ്ത്രീയുടെ പാദങ്ങള്‍ കഴുകി. അവര്‍ തൊട്ടടുത്തിരുന്ന ആളിന്റെ പാദങ്ങള്‍ കഴുകി; അതേരീതിയില്‍ ഈ കാലുകഴുകല്‍ ഓരോരുത്തരും തുടര്‍ന്നു. അങ്ങനെ ഓരോരുത്തരും തന്റെ അയല്‍ക്കാരന്റെ കാലുകള്‍ കഴുകി. പരസ്പരശുശ്രൂഷയില്‍, സഹോദരീസഹോദരന്മാരുടേതെന്ന പോലെ, സമത്വം കൈവരിച്ച ഒന്നായി നമ്മുടെ സമൂഹം മാറുന്നു എന്ന സത്യത്തിന്റെ പ്രകടനമായി കുര്‍ബാനയെയും കാലുകഴുകല്‍ ശുശ്രൂഷയെയും വ്യാഖ്യാനിച്ച് ഞാന്‍ സംസാരിക്കുകയും ചെയ്തു.

പീഡാനുഭവവും മരണവുമടക്കം യേശുവിന്റെ ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥത്തെയും പ്രതീകവല്‍ക്കരിക്കുന്നു, കാലുകഴുകല്‍ ശുശ്രൂഷ. അവിടുത്തെ മുഴുവന്‍ ജീവിതവും, അന്ത്യംവരെ, ശുശ്രൂഷയുടേതായിരുന്നു. തന്റെ ശിഷ്യരെ 'സ്‌നേഹിതര്‍' എന്നാണ് യേശു വിളിച്ചത്. സ്‌നേഹിതരെന്ന നിലയില്‍ പരസ്പരം ശുശ്രൂഷിക്കാനാണ്, തന്റെ ശിഷ്യരോട് യേശു ആവശ്യപ്പെട്ടത്. കാരണം, അത്തരം സേവനങ്ങള്‍ സാമ്പത്തികനിലയെയോ അവര്‍ വഹിക്കുന്ന സ്ഥാന-പദവികളെയോ അടിസ്ഥാനമാക്കുന്നില്ല. 
പൊതുനന്മയ്ക്കുവേണ്ടിയാകുമ്പോള്‍ അവയ്‌ക്കൊക്കെ പ്രാധാന്യമുണ്ടെന്നതു ശരിതന്നെ. എന്നാല്‍, ഒരാള്‍ അപരനുമായി ബന്ധപ്പെടേണ്ടത് സ്‌നേഹിതനെന്നോ സഹോദരിയെന്നോ സഹോദരനെന്നോ ഉള്ള അടിസ്ഥാനത്തിലായിരിക്കണം. യേശു പറഞ്ഞു: ''നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ കാലുകഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലുകഴുകണം'' (യോഹ.13:14). ആ കാലുകഴുകല്‍ശുശ്രൂഷ യേശുവിനെ ശിഷ്യരുടെ മുകളില്‍ എത്തിക്കുന്നില്ല. മറിച്ച്, സ്‌നേഹിതനും സേവകനുമായി അവരുടെ കാലുകഴുകിക്കൊണ്ട് അവിടുന്നു അവരിലൊരാളാകുകയാണ്. സഭയിലും അങ്ങനെയായിരിക്കണം. ഓരോരുത്തരിലും സിദ്ധികളും കഴിവുകളുമുണ്ട്. ഓരോരുത്തരും തങ്ങളുടെ വ്യത്യസ്ത തരത്തിലും തോതിലുമുള്ള കഴിവുകളനുസരിച്ച് സമൂഹസേവനം നടത്തുകയും ഒരു ആകമാനസമൂഹത്തെ പടുത്തുയര്‍ത്തുന്നതിനായി തങ്ങളുടെ സേവനം പങ്കുവയ്ക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമമായി സകലരും പരസ്പരസേവകരാണ്. 'നിങ്ങളെല്ലാവരും സഹോദരീ-സഹോദരന്മാരാണ്', എന്നാണല്ലോ യേശു പറഞ്ഞിട്ടുള്ളത്.

തന്റെ അന്ത്യഅത്താഴവേളയില്‍ യേശു അസ്തിവാരമിട്ട പുതിയനിയമസമൂഹത്തെ പ്രതീകാത്മകമായി പ്രതിനിധാനംചെയ്യുന്നു, കാലുകഴുകല്‍ ശുശ്രൂഷ. ഒരേ പിതാവിന്റെ മക്കളെന്നനിലയില്‍ സമത്വം പുലര്‍ത്തുന്ന സഹോദരീ-സഹോദരന്മാരുടെയും സ്‌നേഹിതരുടെയും സമൂഹമാണത്. അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും, അവരാരും ഉയര്‍ന്നോ വേറിട്ടോ നില്‍ക്കുന്ന വ്യത്യസ്ത വര്‍ഗ്ഗങ്ങളാകുന്നില്ല. 'നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരുടെ, അല്ലെങ്കില്‍ അടിമകളുടെ, കാലുകഴുകുവിന്‍' എന്നല്ല യേശു പറഞ്ഞത്; മറിച്ച്, 'നിങ്ങളും പരസ്പരം കാലുകഴുകണം' എന്നാണ്. മുഴുവന്‍ സമൂഹവുമാണിവിടെ അഭിസംബോധന ചെയ്യപ്പെടുന്നത്. അപ്പോള്‍, യേശുവിന്റെ ഈ കാലുകഴുകല്‍ ശുശ്രൂഷ പ്രതീകവല്‍ക്കരിക്കുന്നത് അവിടുന്നു വിഭാവനംചെയ്ത നവസമൂഹത്തെത്തന്നെയാണ്. അന്നുതന്നെ സ്ഥാപിതമായെന്നു കരുതാവുന്ന തിരുവത്താഴവിരുന്നിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. അതും പുതിയനിയമസമൂഹത്തിന്റെ പ്രതീകമാണ്.

അങ്ങനെ നോക്കുമ്പോള്‍, സഭയുടെ ഒട്ടുവളരെ പ്രവര്‍ത്തനരീതികളെക്കുറിച്ച് -സഭയിലെ സ്വേച്ഛാധിപത്യസമ്പ്രദായം, അത്മായരോടും സ്ത്രീകളോടുമുള്ള സമീപനം, കൂദാശകള്‍ക്ക് പുരോഹിതകാര്‍മ്മികത്വം വേണമെന്ന ധാരണ, സമൂഹത്തോടു മറുപടി പറയാന്‍ സഭാധികാരികള്‍ക്കു ബാധ്യതയില്ലെന്ന അവസ്ഥ മുതലായവയെക്കുറിച്ച്-ആത്മപരിശോധന നടത്താന്‍, സഭയ്ക്കു മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിത്തീരുന്നു, കാലുകഴുകല്‍ ശുശ്രൂഷ. മാത്രമല്ല, അത് മുഴുവന്‍ ക്രൈസ്തവവിശ്വാസികള്‍ക്കു മുമ്പിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മനുഷ്യബന്ധങ്ങള്‍ എപ്രകാരമുള്ളതായിരിക്കണം എന്നതില്‍ അവബോധമാര്‍ജിക്കാന്‍, ഒരേ മാതാ-പിതാക്കന്മാരുടെ മക്കളെന്നപോലെ, തൊഴിലിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനമേതുമില്ലാതെ,  സാഹോദര്യ - സമത്വഭാവത്തിലെത്തേണ്ടതിനെക്കുറിച്ച് അവബോധ പ്പെടാന്‍, യേശുവിന്റെ കാലുകഴുകല്‍ ശുശ്രൂഷ എന്തിന്റെ പ്രതീകമാണോ, നീതിയും മാനുഷികതയും നിറഞ്ഞ ആ സാമൂഹികക്രമത്തിനുവേണ്ടി, ദൈവികഭരണത്തിനുവേണ്ടി, അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഒക്കെ അത് ക്രൈസ്തവരെയാകെ വെല്ലുവിളിക്കുന്നു. അവിടുന്നു പറയുന്നു: ''നിങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്'' (യോഹ.13:17).

യേശു പത്രോസിനോടു പറഞ്ഞു: ''ഞാന്‍ എന്താണു ചെയ്യുന്നത് എന്ന് നീ ഇപ്പോള്‍ അറിയുന്നില്ല. എന്നാല്‍ പിന്നീടു മനസ്സിലാക്കും'' (യോഹ.13:7). 'പിന്നീട്' ഇതുവരെ സംഭവിച്ചില്ല. ക്രൈസ്തവസമൂഹത്തെ നയിക്കുന്നവര്‍ യേശുവിന്റെ സുവ്യക്തമായ എല്ലാ പ്രബോധനങ്ങള്‍ക്കുമെതിരായി, 'റവറണ്ട്'മാരും 'ലോര്‍ഡു'മാരും 'എമിനെന്‍സു'മാരും 'എക്‌സലെന്‍സ്'മാരും 'ഹോളിനെസ്'മാരും ആയിരിക്കുന്നു! കൂടാതെ, തങ്ങള്‍ക്കു വിശേഷാല്‍ അധികാരങ്ങളുണ്ടെന്നു വാദിച്ച് അവര്‍ തങ്ങളെത്തന്നെ സമൂഹത്തിനുമേല്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു! രണ്ടായിരംവര്‍ഷം കടന്നുപോയിട്ടും, നേതൃത്വശൈലി സംബന്ധിച്ച യേശുവിന്റെ പ്രവര്‍ത്തനമാതൃകകളെയും പ്രബോധന ങ്ങളെയും മനസിലാക്കുന്നതില്‍നിന്നു മുഖംതിരിച്ചുനില്‍ക്കുകയാണവര്‍. 

അതുകൊണ്ടാണ്, ഈ കാലുകഴുകല്‍ശുശ്രൂഷ ഓരോ പെസഹാവ്യാഴാഴ്ചയും നമ്മുടെ സഭാധികാരശ്രേണിക്ക്, യേശുവിന്റെ സുവ്യക്തമായ പ്രബോധനങ്ങള്‍ക്കെതിരായി തങ്ങള്‍ സ്വീകരിച്ച ഈ സാമ്രാജ്യത്വസമ്പ്രദായം ഉപേക്ഷിച്ച്, യേശു വിഭാവനംചെയ്യുകയും ഊന്നിപ്പറയുകയും ചെയ്ത തരത്തിലുള്ള (മത്താ. 20:20-21; മര്‍ക്കോ.10:35-45; ലൂക്കോ.22:24-27; യോഹ.13:1-17) നേതൃത്വശൈലിയിലേക്കു തിരിച്ചുപോകാനുള്ള ഒരു വെല്ലുവിളിയായിത്തീരുന്നത്. യേശു തന്റെ മരണംവരെ ആരെയും പുരോഹിതനായി അഭിഷേചിച്ചിട്ടില്ലെന്നും സമൂഹത്തെ സേവിക്കാനും പടുത്തുയര്‍ത്താനുമുള്ള സേവകരെ തന്റെ പിന്നില്‍ വിട്ടിട്ടാണ് അവിടുന്നു പോയതെന്നുമുള്ള കാര്യം മിക്കവര്‍ക്കും ഇന്നു വ്യക്തമായറിയാം. എന്നാല്‍, സാമ്രാജ്യത്വരൂപമാതൃകയെ പിന്തുടര്‍ന്ന് അവര്‍ സമൂഹത്തിന്റെ മുകളില്‍ തങ്ങളുടേതായ ഒരു അധികാരശ്രേണിക്കു രൂപംകൊടുക്കുകയായിരുന്നു.
                         
പശ്ചാത്തപിക്കാനും, യേശുവിലേക്കും അവിടുത്തെ വഴിയിലേക്കും മാനസാന്തരപ്പെടാനും സമയം ഇനിയും വൈകിയിട്ടില്ല. 


6 comments:

  1. ഫാദർ മറ്റത്തിന്റെ ഈ ലേഖനം വെറും ദൈവശാസ്ത്രമാണ്. നവീകരണമല്ല. വായിച്ചു സമയം മെനക്കെടുത്തിയതായും തോന്നുന്നു. ('പെസഹാവ്യാഴാഴ്ച കാലുകഴുകല്‍ശുശ്രൂഷ നടത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതു മുഴുവന്‍ ഇടവകസമൂഹത്തെയും -പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എല്ലാ ജീവിതമേഖലകളിലുംപെട്ട ആള്‍ക്കാര്‍ എന്നിവരെയെല്ലാം- ഉള്‍പ്പെടുത്തിക്കൊണ്ടുളളതായിരിക്കണം.Fr.Mattam)

    ഫാദർ മറ്റം എന്ന ചിന്തകന് ഇന്നത്തെ സഭയിലുള്ള കാലുകഴുകൽ ഇഷ്ടപ്പെടുന്നില്ല. ഇതിനു ന്യായികരണമായി അദ്ദേഹത്തിന്റേതായ രീതിയിൽ വചനങ്ങളെ തിരിച്ചു മറിച്ചിട്ടുമുണ്ട്. പാസ്റ്റർമാർ തെരുവുകളിൽ വചനങ്ങളെ ഇതുപോലെ പന്തു തട്ടുന്നത് കാണാം.

    കാലു കഴുകുകയെന്നത് സഭയുടെ ആചാരമാണ്. അവിടെ കൊച്ചുപെണ്ണുങ്ങളുടെ കാലുകഴുകി മറ്റത്തിന്റെ ഭാവനപോലെ കൊച്ചച്ചന്മാർക്ക് സുഖിക്കാനുള്ള ചടങ്ങാക്കണോ? അദ്ദേഹം ഉദ്ദേശിക്കുന്നതുപൊലെ എങ്ങനെ സഹോദരബന്ധം ഉണ്ടാകും?

    ഇപ്പോഴത്തെ മാർപാപ്പ കാലുകഴുകുന്നത് ജയിലിലുള്ള കുറ്റവാളികളായ കൗമാരക്കാരുടെയാണ്. അദ്ദേഹം എക്കാലവും കാലുകഴുകുവാൻ ഹൊസ്പ്പിറ്റലുകളിലും അനാഥാലയങ്ങളിലും പോവുമായിരുന്നു. കർദ്ദിനാളായിരുന്നപ്പോൾ പുരോഹിതരുടെ കാലുകൾ കഴുകാതെ ദരിദ്രരുടെയും എയ്ഡ്സ്(aids) രോഗികളുടെയും കാലുകൾ കഴുകിയിരുന്നു. ഇതിൽ ഒരു തത്ത്വം ഉണ്ട്. മാനുഷികപരിഗണനയുണ്ട്.

    ശ്രീ മറ്റം പറഞ്ഞതുപോലെ കർത്താവ് പറഞ്ഞെങ്കിൽ ആ വചനം ഉൾകൊള്ളുവാൻ യുക്തി അനുവദിക്കുന്നില്ല. പരസപരം കാലുകൾ കഴുകുന്ന തത്വം അനുസരിച്ച് അറക്കൽ മെത്രാന്റെ കാലുകൾ കഴുകേണ്ടിവന്നാൽ മനസാക്ഷിയുള്ളവർക്ക് അറപ്പുവരും. കർത്താവ് സ്നേഹിച്ചത് ദരിദ്രരെയും ദുഖിതരെയുമാണ്. വലിയവനും ചെറിയവനും തമ്മിലുള്ള ഒരു ആത്മബന്ധവും ഈ ചടങ്ങിൽ ഉണ്ട്.

    ഗുരുവിന്റെയും മാതാ,പിതാ, മുതിർവരുടെയും കാലുകൾ വന്ദിക്കുന്നത് ഹൈന്ദവധർമ്മമാണ്. ഇവിടെ കുടുംബഭദ്രതയുടെ തത്വങ്ങളും ഉണ്ട് ഗീതയിൽ ദീരിദ്രനായ കുചേലന്റെ കാലുകൾ കഴുകി ശ്രീ കൃഷ്ണൻ ആചരിക്കുന്നുണ്ട്. ഗീതയിലെ ആ വലിയ തത്ത്വംതന്നെയാണ് ബൈബിളിലും ഉള്ളത്.

    ReplyDelete
    Replies
    1. അവിടെ കൊച്ചുപെണ്ണുങ്ങളുടെ കാലുകഴുകി മറ്റത്തിന്റെ ഭാവനപോലെ കൊച്ചച്ചന്മാര്‍ക്ക് സുഖിക്കാനുള്ള ചടങ്ങാക്കണോ? അദ്ദേഹം ഉദ്ദേശിക്കുന്നതുപൊലെ എങ്ങനെ സഹോദരബന്ധം ഉണ്ടാകും?.....doesnt it betray your obsession with sex..?....all your comments depict priests and nuns as immoral....dont deduce the universal from particular. it will affect the credibility of this blog

      Delete
    2. You are worried about blog’s credibility. At the same time you forget the scandalous church, church is spending millions of dollars for sex mania priests, pedophilias priests. These are big headings of modern newspapers. An even headline of Italian newspapers tells the same stories every day. You cannot deny the truth, and cannot do anything but to accept it. Did you read that British Cardinal Resigns, a Day after Pope Benedict abdicated for the charges of ‘Inappropriate Acts’ Why? Should I shut up for his insensitive gay acts with two young priests? Vatican had encouraged to this British cardinal to stay away from the conclave. Truth sometimes gets painful to some people but to accept it. You will hear more news from the link under. These are all about young priests of Syro Malabar in USA. Also please read writings of Mr. Koodal to get you know better instead of the suggestions from Fr. Mattam.
      http://syromalabarlaityvoice.blogspot.com/2013/03/blog-post_23.html

      Delete
  2. വർഷത്തിലൊരിക്കൽ വീഡിയോ കാമെറായുടെ മുമ്പിൽ മെത്രാന്മാർ/വൈദികർ നടത്തുന്ന ഈ ചടങ്ങുകൊണ്ട് ചിന്തിക്കുന്ന വിശ്വാസികളുടെ മനസ്സിൽ വരുന്ന ആദ്യത്തെ പ്രതികരണം 'എന്തൊരു കാപട്യം!' എന്നാണ്. ഈ ആർട്ടിക്കിൾ തർജ്ജമ ചെയ്തു കൊടുക്കാമോ എന്ന് എഡിറ്റർ ചോദിച്ചപ്പോൾ, സംഗതി എന്റെ മനസ്സിൽ യാതൊരു ക്രിസ്തീയ അനുഭൂതിയും ഉളവാകുന്നില്ല, അതുകൊണ്ട് എനിക്കത് ചെയ്യുന്നതുകൊണ്ട് സന്തോഷം തോന്നില്ല, സന്തോഷം തോന്നാത്തത് ചെയ്യരുത്, അല്ലെങ്കിൽ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തണം എന്നാ നിര്ബന്ധബുദ്ധി കാരണം,ക്ഷമിക്കണം, മറ്റാരെയെങ്കിലും ഏല്പിക്കുക എന്ന് പറഞ്ഞ് ഞാൻ ഒഴിയുകയായിരുന്നു. കാലുകഴുകൽ സാഹോദര്യത്തിന്റെയും സമത്ത്വത്തിന്റെയും പ്രതീകമാണ്. സമത്ത്വവും സാഹോദര്യവും സാധാരണ ചുറ്റുപാടുകളിൽ ചെയ്യുന്ന പ്രവൃത്തികളിൽ കാണപ്പെടാത്ത സാഹചര്യത്തിൽ, സമൂഹത്തിൽ ഇത്തരം show നടത്തുന്നതുകൊണ്ട് എന്ത് ഗുണം എന്നാണെന്റെ ചോദ്യം അരുത് എന്നാണെന്റെ അഭിപ്രായം. കാരണം അത് ഇരട്ടത്താപിനുള്ള ലൈസൻസ് ആയിരിക്കും. ശ്രീ ജി. പങ്കജാക്ഷ കുറുപ്പിന്റെ ആദർശങ്ങൾ സ്വാംശീകരിക്കാൻ ശ്രമിക്കുകയും അവയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുകയുംചെയ്യുന്ന ജോർജിന് യേശുവിന്റെ ഈ ദൃഷ്ടാന്തം മനസ്സിനെ സ്പർശിക്കുന്നതാണ് എന്നെനിക്കു ബോധ്യമുണ്ട്. എന്നാൽ നേരെ നിന്ന് സൌമ്യമായി രണ്ടു വാക്ക് മിണ്ടാനോ സാധാരണക്കാരുമായി ജാടയില്ലാതെ ഇടപെടാനോ പോലും സാധിക്കാത്ത നമ്മുടെ മതപ്രമാണിമാർ ഇത്തരം നാടകം കളിക്കുന്നത് ലജ്ജാകരം തന്നെ. പോപ് ഫ്രാൻസിസ് അത് ചെയ്യുമ്പോൾ അത് അദ്ദേഹം നിത്യേന ചെയ്യാൻ മടിക്കാത്ത കാര്യമാണെന്ന് അറിയാവുന്നവര്ക്ക് അതിൽ സൌന്ദര്യം കാണാൻ കഴിയും. അല്ലാത്തവർ അവരുടെ ഏറ്റവും ചുരുങ്ങിയ പരിപാടിയായി സുവ്യക്തമായി യേശു നിരോധിച്ച 'റവറണ്ട്' 'ലോര്‍ര്ഡ്, 'എമിനെന്‍ൻസ്, 'എക്‌സലെൻസി', 'ഹോളിനെസ്' എന്നിത്യാദി ഉപേക്ഷിക്കാൻ ആദ്യം പഠിക്കട്ടെ.
    ഫാ. മാറ്റത്തിന്റെ ലേഖനം എടുത്തുകാണിക്കുന്ന ആശയം, അതായത്, ഇന്ന് സഭയിൽ അച്ചന്മാർ കൊടുക്കുന്ന വ്യാഖ്യാനമല്ല, കാലുകഴുകലിനു കൊടുക്കേണ്ടത് എന്ന സൂചന, നവീനവും കാതലുള്ളതുമാണ് എന്നും അത് ജനം മനസ്സിലാക്കാനായി സത്യജ്ജ്വാലയിൽ ചേര്ത്തത് ഉചിതമായി എന്നും ഞാനും സമ്മതിക്കുന്നു.

    ReplyDelete
  3. സേവനം എന്നാല്‍ പ്രതിഫലം ആഗ്രഹിക്കാതെ സഹായം ചെയ്യുന്നതല്ലേ?സേവനവാരം ഒക്കെ അങ്ങിനെയായിരുന്നല്ലോ . ഫലം ആഗ്രഹിക്കാതെ സഹായിക്കുക(കര്‍മ്മം ചെയ്യുക).ഒരുവന്‍ ചെയ്യുന്ന സഹായത്തിനു -കര്‍മ്മത്തിനു- കൂലിപ്രതീക്ഷിച്ചാല്‍ അത് എങ്ങനെ സേവനമാകും? റെയില്‍വേയും ,ആനകമ്പനിയും എന്നുവേണ്ട സകല ജോലിക്കാരും ,സമരം ചെയ്തും ,കൈക്കൂലിവാങ്ങിയും ,കണക്കുപറഞ്ഞും,ചെയ്യുന്ന ജോലിക്ക് കൂടുതല്‍ പ്രതിഫലം ചോദിക്കുമ്പോള്‍ അതെങ്ങനെ സേവനമാകും? സേവനം എന്നാ വാക്കിന്‍റെ അര്‍ത്ഥം തന്നെ നാം മാറ്റിയെടുത്തിരിക്കുന്നു. ഗംഭീരം എന്നെ പറയാന്‍ പറ്റൂ.

    ReplyDelete