(almayasabdam.com വെബ്സൈറ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തുകൊണ്ട് KCRM സംസ്ഥാന പ്രസിഡണ്ട് ശ്രി. കെ ജോര്‍ജ്ജ് ജൊസഫ് ചെയ്ത പ്രസംഗത്തില്‍ നിന്ന്)

ക്രൈസ്തവസഭയിലെ പ്രത്യേകിച്ച് കത്തോലിക്കസഭയിലെ ക്രിസ്തു വിരുദ്ധതയും അതിനെതിരെയുള്ള വിശ്വാസികളുടെ ചെറുത്തുനിൽപും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഭ രാജകീയമാകുകയും സ്ഥാപനവൽക്കരിക്കപ്പെടു കയും ആത്മീയതയുടെ അടിത്തറ സമ്പത്തായിത്തീരുകയും ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണത്. യൂറോപ്പിൽ കത്തോലിക്കാസഭയുടെ തകർച്ചയിൽ കൊണ്ടു ചെന്നെത്തിച്ച സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായി നമ്മുടെ മുൻപിലുണ്ട്. ‘വിവേകി കണ്ടറിയും, അല്ലാത്തവൻ കൊണ്ടറിയും’ എന്ന ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽ, ചരിത്രത്തിൽനിന്ന് തങ്ങൾ പാഠം പഠിക്കില്ലെന്ന വാശിയിലാണ് നമ്മുടെ സഭാധികാരികൾ - കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും. തങ്ങളുടെ കച്ചവടതാല്പര്യങ്ങൾക്കു അനുഗുണമായിട്ടുള്ളവയെ മാത്രം പ്രോൽസാഹിപ്പിക്കുന്ന നിലപാടുകളുമായി മുൻപോട്ടുപോകുന്ന പുരോഹിത ഏകാധിപത്യം ഇന്ന് ജനാധിപത്യസർക്കാരുകളെപ്പോലും വെല്ലുവിളിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.
വോട്ടുബാങ്ക് എന്ന ഉമ്മാക്കിയിൽ പേടിക്കിരിപ്പാണ് ഹിജഡത്വം സ്വയം വരിച്ച രാഷ്ട്രീയനേതൃത്വം. ഏറെ ദുഖകരമായിട്ടുള്ളത്, മാധ്യമങ്ങളുടെ നിസംഗതയൊ കച്ചവടാധിഷ്ടിതമായ നിശബ്ദതയൊ കൊണ്ടുള്ള മനഃപൂർവമായ തമസ്കരണം മൂലം വാർത്തകളും വസ്തുതകളും ഇന്നു മറച്ചുവെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇവ വെളിച്ചത്തു കൊണ്ടുവരേണ്ടത് വിശ്വാസിപക്ഷത്തുനിന്നുള്ള പൗരധർമമാണ്. ആ ദൗത്യമാണ് നാമിന്ന് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യനീതിയും സമുദായ സൗഹാർദ്ദവും നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയും പ്രോൽസാഹനവും പ്രതീക്ഷിച്ചുകൊണ്ടും അഭ്യർഥിച്ചുകൊണ്ടും ഇതുവരെ നൽകിയ നിർലോഭമായ സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടും അൽമായശബ്ദം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
കെ ജോർജ് ജോസഫ്,
പ്രസിഡന്റ്, KCRM.
Mob: 90377078700 / 9496313963 Email: gvkatte@gmail.com