Translate

Monday, November 10, 2014

ഇരുളടഞ്ഞുപോകുന്ന കാലം.


കാഴ്ചയില്ലാത്തവരുടെ ലോകം ഓരോ നിമിഷവും കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേയ്ക്ക്  വളരുകയാണ്. അതിന്‍റെ വേരുകള്‍ കൊടിയ ഇരുളിന്‍റെ ജലാശയങ്ങളിലെയ്ക്കു ആഴ്ന്നിറങ്ങുന്നു. കണ്ണില്ലാത്തവര്‍ വളര്‍ന്നു വളര്‍ന്ന് ഒരു വന്‍മരമായി. അതിന്‍റെ ഓരോ ഫലങ്ങളും അന്ധതയുടെ പര്യായമാണെന്ന് തെളിയിക്കുന്നുമുണ്ട്. ഫലങ്ങളില്‍ നിന്നും വൃക്ഷത്തെ തിരിച്ചറിയാം. ഒറ്റവരിയില്‍ ആ ഫലത്തെ വേണമെങ്കില്‍ ഇങ്ങനെ ചുരുക്കാം:- ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരഴകും അനുഭവപ്പെടുന്നില്ല.

ജ്ഞാനത്തിന്‍റെ അഭാവമാണ് അന്ധത. ഓരോ നിമിഷവും ലോകം മാടിവിളിക്കുന്നു: വരിക അന്ധതയുടെ പാനപാത്രം പാനം ചെയ്യുക. ഇരുളിന്‍റെ വാഹകരാവുക.

അജ്ഞതയുടെ തിമിരം പിടിച്ച കാലം വേട്ടക്കാരനെയും ഇരയെയും കൂടാതെ അപകടം പിടിച്ച മറ്റൊരാളെ കൂടി സൃഷ്ട്ടിചെടുത്തു. വേട്ടക്കരനോടൊപ്പം ഓടുകയും ഇരയോടൊപ്പം സഹതപിക്കുകയും ചെയ്യുന്ന ഭൂമിയിലേയ്ക്കു വെച്ചു ഏറ്റവും മോശപ്പെട്ട ഒരു കൂട്ടം.

ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നുവെന്ന പേരില്‍ ആ ഗുരുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചു - നാളത്തെ പുലരിയില്‍. അയാളുടെ പ്രിയപ്പെട്ട ശിഷ്യന് ഗുരുവിന്‍റെ ദുര്‍വിധിയോര്‍ത്ത് ഉറങ്ങാനേ കഴിഞ്ഞില്ല. താനെന്തു ചെയ്യുംഎല്ലാവരും കല്ലെറിയുമ്പോള്‍ ഞാനൊളിച്ചുവെച്ച പൂവ് ഗുരുവിന്‍റെ നെഞ്ചിലേയ്ക്കെറിയും കല്ലെന്ന മട്ടില്‍, അതായിരിക്കും എന്‍റെ ആദരവ്.

പുലരിയില്‍ ഓരോരോ കല്ലുകള്‍ ഗുരുവിന്‍റെ നെഞ്ചിലേയ്ക്ക്. ഗുരുവിന്‍റെ പുഞ്ചിരി അതിലുലഞ്ഞില്ല. ഇപ്പോളവന്‍റെ പൂവ്. അത് നെഞ്ചിലടര്‍ന്നു വീണപ്പോള്‍ ഗുരു വാവിട്ടുകരഞ്ഞു.

കല്ലെറിയുന്നവന് ഒരു നിലപാടുണ്ട്.
കല്ലെറിയാത്തവനും......

എന്നാല്‍ കല്ലെന്നമട്ടില്‍ പൂവെറിയുന്നവനും പൂവെന്നമട്ടില്‍ കല്ലെറിയുന്നവനും എന്താണ് പറയാന്‍ ശ്രമിക്കുന്നത്?

വ്യക്തമായ നിലപാടില്ലാത്ത, ജ്ഞാനത്തിന്‍റെ ഉറവയില്ലാത്ത, അഴകില്ലാത്ത ഒരു ജീവിതവുമായി ഈ ഇരുട്ടില്‍ ഓരോരുത്തരും. അപൂര്‍വ്വം ചിലര്‍ മാറിനടക്കാന്‍ ശ്രമിക്കുന്നുണ്ട്. തൊണ്ണൂറ്റൊമ്പതും ചാടി പോവുകയും ഒരെണ്ണം മാത്രം ആലയിലും.

വ്യക്തമായ നിലപാടുകളില്ലാത്ത ഒരു കൂട്ടം പെരുകുകയാണ്. അജ്ഞതയുടെ കാണാചരടുകളില്‍ മുറുകി അസ്വസ്ഥതയുടെ കോട്ടകളില്‍ വാസമുറപ്പിച്ച് ഇന്നലെകളില്‍ നിന്നും നാളെകളിലേയ്ക്കു മാത്രം സഞ്ചരിച്ചുകൊണ്ട് ഇന്നിനെ തരിപ്പണമാക്കുന്ന മാനവരാശി. അന്ധര്‍ അന്ധരെ നയിക്കുന്നുവെന്ന ക്രിസ്തുവിന്‍റെ പൊള്ളുന്ന പരാമര്‍ശം ഇപ്പോള്‍ മാനവരാശിക്കു നന്നായി ഇണങ്ങുന്നുണ്ട്.

ഓരോരുത്തരും സ്വയം തിരിച്ചറിയുകയും ജ്ഞാനത്തിന്റെ ആകാശത്തിലേയ്ക്കു പറന്നുയരുകയും ചെയ്യുന്നൊരു പുലരി ഓരോ ഗുരുക്കന്മാരും സ്വപ്നം കാണുന്നുണ്ടാവണം.

ഞാന്‍ ലോകത്തിന്‍റെ പ്രകാശം എന്ന് ആദ്യപാഠങ്ങളില്‍ ഗുരു. ഒടുവില്‍ നിങ്ങളെന്നും. അതെ ഓരോരുത്തരുടെയും സാധ്യതയാണ് വിളക്കായിതീരുക എന്നത്. സ്വയം പ്രകാശിക്കുകയും മറ്റൊരാള്‍ക്ക്‌ വെളിച്ചമായിതീരുകയും ഒരു മെഴുകുതിരിപോലെ. നിങ്ങളോടൊപ്പം ഉള്ളവരെ വെളിച്ചത്തിലേയ്ക്കു നയിക്കുക. ഒടുവില്‍ അവര്‍ വെളിച്ചമായി തീരുമ്പോള്‍ നിങ്ങള്‍ക്കു പിന്നെ വിടവാങ്ങാം.

ഒരു തിരിയില്‍ നിന്നും മറ്റൊരു തിരി തെളിച്ചു തെളിച്ചു ഈ ലോകം മുഴുവന്‍ ജ്ഞാനത്തിന്റെ പ്രകാശം പരക്കട്ടെ.

ജ്ഞാനത്തിന്‍റെ പ്രകാശം എന്നൊക്കെ പറയുമ്പോള്‍ ഒരാളുടെ വിദ്യാഭ്യാസത്തിന്‍റെ ഉയരങ്ങളോ, തൊഴിലിന്‍റെ മഹത്വമോ, വീടിന്‍റെ വ്യാസമോ, കാറിന്‍റെ വലിപ്പമോ, ഭക്ത്യാഭ്യാസങ്ങളോ ഒന്നുമല്ല.

അവനവനില്‍ നിന്നാണ് ആരംഭിക്കേണ്ടത്. ഈ അഴകില്ലാത്ത ജീവിതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉള്ളിലെ തിരിനാളം അന്വേഷിക്കട്ടെ. അത് നിരവധി പറകളുടെ കീഴില്‍ നമ്മള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണത്. മനുഷ്യര്‍ തങ്ങള്‍ക്കുള്ളില്‍ തകര്‍ത്തുകളഞ്ഞതിനെ നസ്രത്തിലെ തച്ചന്‍ പുനര്‍നിര്‍മ്മിക്കും. കൃത്യമായ അളവുകള്‍ ആ മരപണിക്കാരന്‍റെ പക്കലുണ്ട്.

ജ്ഞാനത്തിന്‍റെ ഉറവയിലേയ്ക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ അജ്ഞതയുടെ തിമിരം അടര്‍ന്നുപോവുന്നു. അവബോധങ്ങളുടെ താഴവരയില്‍ നിങ്ങളെ കാത്ത് അവിടെ ഒരാളുണ്ടാവും. ഇതുവരെ കൂടെ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ തിരിച്ചറിയാതെ പോയ ഒരാള്‍. അതു നിങ്ങള്‍ തന്നെയാണ്.

നിങ്ങള്‍ നിങ്ങളെതന്നെ തിരിച്ചറിയുന്ന നിമിഷമുതല്‍ ജീവിതത്തിന്‍റെ ഉത്സവമാരംഭിക്കുന്നു. നിങ്ങള്‍ നിങ്ങളിലേയ്ക്ക് തന്നെ മടങ്ങിവരുന്നു. നിങ്ങളിലെ ചിന്തയും ചിന്തകനും ഒരാള്‍ തന്നെയെന്നു തിരിച്ചറിയുകയാണ് ഒടുവില്‍ നിങ്ങളെ കാത്തിരിക്കുന്ന മഹാത്ഭുതം.
എന്‍റെ കണ്ണ്, എന്‍റെ കാലുകള്‍, എന്‍റെ കൈകള്‍, എന്‍റെ ശരീരം തുടങ്ങി എന്‍റെതായിട്ടുള്ള എല്ലാത്തിനും പിന്നില്‍ ഞാനൊളിച്ചു നില്‍ക്കുന്നു.

ഞാന്‍ എന്‍റെ കണ്ണിലൂടെ കാണുന്നു. ഞാന്‍ എന്‍റെ കാലുകള്‍ കൊണ്ട് സഞ്ചരിക്കുന്നു. എല്ലാത്തിന്റെയും പിന്നില്‍ ഞാന്‍. ആരാണ് ഈ ഞാന്‍?

ആദ്യം മോശയാണ് ഈ ചോദ്യം ചോദിക്കുന്നത്: ആരാണ് നീ? വ്യക്തവും സത്യവുമായ ഉത്തരം ഞാന്‍ "ഞാന്‍" തന്നെ.

പിന്നിട് ഗത്സമേന്‍തോട്ടത്തില്‍ വെച്ച് ഇതാവര്‍ത്തിക്കപ്പെടുന്നുണ്ട്. നിങ്ങളാരെ അന്വേഷിക്കുന്നു? പട്ടാളക്കാര്‍ പറഞ്ഞു നസ്രായനെ. അത് ഞാനാണ്. പെട്ടെന്ന് അവര്‍ നിലംപതിച്ചു എന്നു നാം വായിക്കുന്നുണ്ട്. അതവര്‍ ബോധംകെട്ട് വീണതല്ല. അവരുടെ പാരമ്പര്യത്തില്‍ മോശയുടെ ചോദ്യവും ദൈവത്തിന്‍റെ ഉത്തരവും നിഴല്‍വിരിച്ചുകിടപ്പുണ്ട്. അതേ വ്യക്തതയോടും ഉറപ്പോടുംകൂടെ ഇതാ മറ്റൊരാള്‍. നിങ്ങള്‍ അന്വേഷിക്കുന്ന നസ്രയാന്‍ ഞാന്‍ തന്നെ എന്നു പറഞ്ഞുകൊണ്ട് അവരുടെ മുന്നിലേയ്ക്ക്.

ആരാണ് നിങ്ങള്‍? നമ്മള്‍ ആദ്യം പറയുക പേര്. പിന്നെ ആരുടെതാണ്. ശേഷം തൊഴില്‍, ഉത്തരവാദിത്വം. ഇങ്ങനെ നീളുന്ന ഒരു പട്ടിക നമ്മള്‍ നിരത്തും. ഒടുവില്‍ ഇതെല്ലാം കൂടി കൂട്ടിവെച്ചാലും നിങ്ങളുണ്ടാവുന്നില്ല എന്നൊരു ബോദ്ധ്യം വരുമ്പോള്‍ നിങ്ങള്‍ നിങ്ങളെ അന്വേഷിച്ചുതുടങ്ങും.

ആകാരത്തിന് പിന്നില്‍ ശബ്ദങ്ങള്‍ക്കു പിന്നില്‍ വാക്കുകള്‍ക്ക് പിന്നിലോക്കെ മറഞ്ഞുനില്‍ക്കുന്ന നിങ്ങളെ കണ്ടെത്താത്തിടത്തോളം ജീവിതം അഴകില്ലാത്തതായി തന്നെ അനുഭവപ്പെടും.

അകപ്പൊരുളിന്‍റെ അഴകാണ് സൗന്ദര്യം. നിങ്ങള്‍ തന്നെയാണ് അകപ്പൊരുള്‍.

അവബോധങ്ങള്‍ ആണ് ഞാന്‍. ഞാന്‍ എന്ന വാക്കിന്‍റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇനിയൊന്നും നിങ്ങള്‍ ആ പരാശക്തിയോടു ആവശ്യപ്പെടുകയില്ല. കാരണം ആ വലിയ പ്രകാശമാകുന്ന ആകാശത്തിന്റെ ഒരു തുണ്ട് നിങ്ങളിതുവരെ നിരവധി പറകളുടെ കീഴില്‍ ഒളിപ്പിച്ചുവെച്ചിരിന്നത്‌ നിങ്ങള്‍ കണ്ടെത്തികഴിഞ്ഞു. ഇനിയെന്താവശ്യപ്പെടാന്‍?. ആ പരാശക്തിതന്നെയാണ് ഞാനും. പ്രകൃതിയിലുള്ള എല്ലാത്തിനും പിന്നില്‍ ദൈവംതന്നെ മറഞ്ഞു നില്‍ക്കുന്നു. പുല്ലിനെയും പുഴുവിനെയും ഇനി സഹോദരാ എന്നല്ലാതെ പിന്നെ എന്തു വിളിക്കാനാവും.

മണ്ണുകൊണ്ട് മെനഞ്ഞു അവനിലേയ്ക്കു ദൈവം തന്‍റെ പ്രാണന്‍റെ ഒരു അടര് നിക്ഷേപിച്ചു. ശരീരം മണ്ണിലേയ്ക്കു മടങ്ങുമ്പോള്‍ പ്രാണന്‍ ദൈവത്തിലേയ്ക്കും.

വരിക. ജ്ഞാനത്തിന്‍റെ അവബോധങ്ങളിലെയ്ക്ക്. പ്രകാശത്തിലേയ്ക്ക് പ്രവേശിച്ചു അതിന്‍റെ ഒരടരുമായി തിരികെയിറങ്ങി സ്വയം പ്രകാശിക്കുക.

ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നില്‍ വസിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല. നിങ്ങളിലെ നിങ്ങള്‍ക്ക് തെളിമ കിട്ടിയാല്‍ നിങ്ങളുടെ കണ്ണുകള്‍ പ്രകാശമുള്ളതായി മാറുന്നു. പിന്നെ ഇരുട്ടിനെന്തു പ്രസക്തി.

ഉള്ളിലെ ഇരുള്‍ശൈലങ്ങളെ തകര്‍ക്കാന്‍ നിങ്ങളുടെ ഹൃദയകവാടത്തിനു പുറത്തുണ്ട്. അയാളെ പിന്തുടരുക.

അയാളാണ് ലോകത്തിന്‍റെ പ്രകാശം. ഒടുവില്‍ അയാള്‍ നിങ്ങളെ പ്രകാശമെന്നു വിളിക്കുംവരെ.......

അകപ്പൊരുളിന്‍റെ അഴകാണ് സൗന്ദര്യം. ആ പൊരുള്‍ നിങ്ങളിലെ "ഞാന്‍" തന്നെയാണ്.

ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിനു ഒരഴകുണ്ടാവട്ടെ....

എന്നിലെ "ഞാന്‍" പ്രകാശിക്കട്ടെ.... അങ്ങനെ ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്ക് തിരിതെളിച്ചു ഈ ഭൂമി ജ്ഞാനത്തിന്റെ പ്രകാശത്തില്‍ നിറയട്ടെ.


J B Jose Salford 

No comments:

Post a Comment