Translate

Monday, November 24, 2014

'പുരോഹിതശാപത്തെ ഭയക്കേണ്ടതില്ല'

ഫാ. ഡേവീസ് കാച്ചപ്പള്ളി

(കെ.സി.ആർ.എം. പാലാ മേഖലാ കമ്മറ്റിയിംഗം ശ്രി. സണ്ണി ജോസഫ് കുടകനാടിയിൽ (ഫോൺ: 9656327400) 2013 നവംബര്‍ ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍ - എഡിറ്റര്‍)

മണ്ണക്കനാട്ട് പള്ളി വക മാതാവിന്‍റെ രൂപം തകർത്തത് ചോദ്യം ചെയ്യണമെന്നും, അതിന് ഒരു പുരോഹിത ശാപത്തെയും ഭയപ്പേടേണ്ടതില്ലെന്നും രൂപം തകർത്ത വൈദികനാണ് ശാപം അർഹിക്കുന്നതെന്നും ഫാ. ഡേവീസ് കാച്ചപ്പള്ളി സി.എം.ഐ. പ്രസ്താവിച്ചു. 2013 ഒക്‌ടോബർ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മണ്ണയ്ക്കനാട് (പൈക്കാട്) ജംഗ്ഷനിൽ 'മണ്ണയ്ക്കനാട് ഇടവക ആക്ഷൻ കൗൺസിലി'ന്‍റെയും 'കേരളകത്തോലിക്കാ സഭാനവീകരണ പ്രസ്ഥാന'ത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ വിശദീകരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു, ഫാ. ഡേവീസ് കാച്ചപ്പള്ളി. വികാരിയും കൂട്ടരും ചെയ്ത മഹാപരാധത്തിനു (സതജ്വാല ഒക്‌ടോബർ ലക്കം 30-ാം പേജ് കാണുക - എഡിറ്റർ) പരിഹാരമായി, പ്രാർത്ഥനയും ഉപവാസവും പരിഹാരപ്രദക്ഷിണവുമൊക്കെ ഇടവകജനങ്ങൾ നടത്തേണ്ടതാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, പോലീസിലും കോടതിയിലും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്, പരാതി കൊടുക്കേണ്ടതും ആവശ്യമാണെന്നദ്ദേഹം പറഞ്ഞു. നിഷ്ഠൂരമായ ഇത്തരമൊരു സംഭവം നടന്നിട്ട്, അതു കണ്ടില്ലെന്നു നടിച്ച് അടങ്ങിയിരിക്കുന്നത് പരി. അമ്മയോടു ചെയ്യുന്ന തിന്മയാണെന്നും അദ്ദേഹം ഇടവകക്കാരെ ഉത്‌ബോധിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഉജ്ജ്വലമായ പ്രസംഗം ഇടവകക്കാരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുന്നതായിരുന്നു.
                ആക്ഷൻ കൗൺസിലിലെ മുതിർന്ന അംഗമായ ഡോ. ടി.എം. ജോർജ്ജ് ആനയ്ക്കനാട്ടിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാ. ഡേവീസ് കാച്ചപ്പിള്ളിയെക്കൂടാതെ കെ.സി.ആർ.എം നേതാക്കളായ ശ്രീ. ജോസഫ് വർഗ്ഗീസ് (ഇപ്പൻസാർ) കെ.കെ. ജോസ് കണ്ടത്തിൽ, കെ. ജോർജ് ജോസഫ്, കുമാരി ഇന്ദുലേഖാ ജോസഫ് എന്നിവരും പ്രസംഗിച്ചു.
                ഡോ. ടി.എം. ജോർജിന്‍റെ അദ്ധ്യക്ഷപ്രസംഗത്തിൽ 'രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ വിശ്വാസികൾ ആഴത്തിൽ ഉൾക്കൊള്ളണം' എന്ന മേജർ ആർച്ചുബിഷപ്പിന്‍റെ ആഹ്വാനത്തെ പരാമർശിച്ച്, അതിനു വിരുദ്ധമായ സഭാധികാരികളുടെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. 'ഞങ്ങളുടെ പള്ളികൾ നിന്‍റെ തന്തയുടെ വകയല്ല' എന്ന് അന്നത്തെ മെത്രാനോട് പാറേമ്മാക്കൽ ഗോവർണ്ണദോർ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അത് ഇന്നത്തെ മെത്രാന്മാരോടും പറയാവുന്നതാണെന്ന് ശ്രീ. കെ. കെ. ജോസ് കണ്ടത്തിൽ തന്‍റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. പള്ളിപൂട്ടിയിടും എന്ന മെത്രാന്‍റെ ഭീഷണി ഇന്ത്യൻ പൗരന്‍റെ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, അങ്ങനെ പൂട്ടിയാൽ, 24 മണിക്കൂറിനകം അദ്ദേഹത്തെക്കൊണ്ടുതന്നെ അതു തുറപ്പിക്കാൻ വകുപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
                ശ്രീ. ജോസഫ് വർഗ്ഗീസ് (ഇപ്പൻസാർ) പ്രസംഗത്തിലുടനീളം 'ചർച്ച് ആക്ടി'ന്‍റെ ആവശ്യകതയെക്കുറിച്ചു വിശദമായി പ്രതിപാദിച്ചു. തന്നെയുമല്ല വരുന്ന തിരഞ്ഞെടുപ്പിൽ 'ചർച്ച് ആക്ട്' നമ്മുടെ ആവശ്യമായി ഉയർത്തിക്കാട്ടേണ്ടതുണ്ടെന്നും നിർദ്ദേശിച്ചു. കുമാരി ഇന്ദുലേഖാ ജോസഫിന്‍റെ പ്രസംഗത്തിൽ ഉടനീളം മരിയഭക്തി നിറഞ്ഞുനിന്നു.

                മണ്ണയ്ക്കനാട് ഇടവകയിലെയും സമീപ ഇടവകകളിലേയും വിശ്വാസികളുടെ സാന്നിദ്ധ്യംകൊണ്ട് യോഗം ശ്രദ്ധേയമായി. ഏകദേശം 350 പേർ യോഗത്തിൽ പങ്കെടുത്തത് ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കു സന്തോഷവും, വികാരിയച്ചനും ശിങ്കിടികൾക്കും ഭയവും പ്രദാനംചെയ്തു. ഒരു മൈക്കു പോലുമില്ലാതെയാണ് യോഗം നടത്തിയതെങ്കിലും (ഉന്നതങ്ങളിൽനിന്നും ഇടപെട്ട് മൈക്ക് സാങ്ക്ഷൻ നിരസിക്കപ്പെട്ടിരുന്നു) ശ്രോതാക്കളായിവന്ന വിശ്വാസികൾ യോഗം നടന്ന രണ്ടരമണിക്കൂർ സമയവും അതിൽ പങ്കെടുത്ത് അവരുടെ ഇച്ഛാശക്തിയോടുകൂടിയ പിന്തുണ പ്രകടമാക്കുകയുണ്ടായി.

No comments:

Post a Comment