Translate

Thursday, November 20, 2014

ധീരമായി മുന്നോട്ട് ......


അത്മായശബ്ദത്തിന്‍റെ  മാറ്റൊലികള്‍ ലോകം കേട്ടുതുടങ്ങി എന്ന് വിളിച്ചറിയിക്കുന്നതാണ് ഈ കൊച്ചു ബ്ലോഗ്ഗിന്‍റെ വായനക്കാരില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ച കാണിക്കുന്നത്. ഇന്നലെ ഈ ബ്ലോഗ്ഗിന്‍റെ സന്ദര്‍ശകരുടെ എണ്ണം പതിമൂവായിരവും കടന്നു.   അത്മായശബ്ദത്തിന്‍റെ നേതൃത്വത്തില്‍ കുറച്ചുകാലമായി നടന്നുകൊണ്ടിരുന്ന ഫീല്‍ഡ് വര്‍ക്ക് മതിയായ ഫലം തന്നു. ആരുടേയും പേര് ഞങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒരു വ്യക്തിയുടെയോ ഒരു  പ്രത്യേക കൂട്ടായ്മയുടെയോ മാത്രം നേട്ടത്തിന്‍റെ കഥയുമല്ലിത്. ചെറുകൈ തന്നു സഹായിച്ച ഓരോരുത്തര്‍ക്കും ഈ നേട്ടത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

ഇന്നേവരെ, അത്മായന്‍റെ ന്യായമായ ആവലാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ചെവികൊടുക്കാത്ത സഭാനേതൃത്വത്തിന്‍റെ പാപ്പരത്വത്തിന്‍റെ മുഖം മുഴുവന്‍ വിശ്വാസീ സമൂഹങ്ങളുടെയും മുമ്പില്‍ സ്പഷ്ടമായി വരച്ചുകാട്ടാന്‍ കഴിയുന്നിടം വരെ ഈ ശ്രമം അത്മായാശബ്ദം തുടരും. അനുരജ്ഞനത്തിലേക്കും, മാന്യമായ സമവായത്തിലേക്കുമുള്ള ജാലകങ്ങള്‍ എപ്പോഴും തുറന്നുതന്നെ കിടക്കുകയും ചെയ്യും.

അച്ചടക്കത്തോടും, ആത്മസംയമനത്തോടും കൂടി മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. അത്മായശബ്ദത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ്, ഇതിലെ പോസ്റ്റുകളുടെ നിലവാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഊഹാപോഹങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങള്‍ക്കോ, അലക്ഷ്യമായ പദപ്രയോഗങ്ങള്‍ക്കോ, അനാവശ്യമായ വിവാദങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ക്കോ, അപ്രസക്തമായ വിഷയങ്ങള്‍ക്കോ ഈ ബ്ലോഗ്ഗില്‍ ഇടമുണ്ടായിരിക്കില്ല. ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമഗ്രമായി വിലയിരുത്തിയെടുത്ത കൂട്ടായ തീരുമാനമാണിത്. സഭയുമായോ അത്മായ പ്രവര്‍ത്തനങ്ങളുമായോ  ആദ്ധ്യാത്മിക വളര്‍ച്ചയുമായോ ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതില്‍ ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ സഹകരണം എല്ലാവരില്‍നിന്നും ഉണ്ടാകുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ നേട്ടം. 

എല്ലാവരുടെയും സഹകരണം ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും ഞങ്ങളെ almayasabdam@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക.

സ്നേഹപൂര്‍വ്വം

എഡിറ്റോറിയല്‍ ബോര്‍ഡ്

അത്മായശബ്ദം.

3 comments:

 1. We are all proud of you guys and your great work. The challenge before us is to sustain the momentum. So everyone of us have to pool our combined wisdom to keep this momentum alive.
  Jose

  ReplyDelete
 2. ഈ വിജയത്തിൽ അമിതമായി ആഹ്ലാദിക്കേണ്ടതില്ല. തുടക്കത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നുകൊണ്ടിരിക്കും. അംഗീകാരത്തിന്റെ വേലിയേറ്റങ്ങളെ താത്ക്കാലികമായ പ്രതിഭാസങ്ങളായിട്ടേ കാണേണ്ടതുള്ളൂ. ഒരു കാര്യം ഇടക്കിടെ ബ്ലോഗിൽ എഴുതിക്കണ്ടു, സ്ത്രീ സമൂഹത്തിൽ നിന്ന് ഈ ബ്ലോഗിൽ എഴുതാൻ അങ്ങനെയാരെയും കിട്ടുന്നില്ല എന്ന്. സ്ത്രീകളായ ധാരാളം വായനക്കാരുണ്ട് എന്നത് എനിക്കറിയാം. സ്ത്രീയെന്ന നിലക്ക് പറയുകയാണ്‌, സ്ത്രീമനശാസ്ത്രം അത്രക്ക് പരിചയമില്ലാത്തെ എഴുത്തുകാരാണ് അതിനു കാരണമെന്ന് എനിക്ക് തോന്നുന്നു. പുരുഷന്മാരേക്കാൾ കൂടുതലായി വിശ്വാസത്തോടും അനുഷ്ഠാനങ്ങളോടും പ്രതിപത്തി പുലർത്തുന്നവർ സ്ത്രീകളാണ്. അവരെ അവരുടെ conditioning ൽ നിന്ന് വിമുക്തരാക്കുക അത്ര എളുപ്പമല്ല. അതിന് മൃദുവായ സമീപനം ആവശ്യമാണ്‌. മനുഷ്യാവകാശങ്ങൾക്കായി പൊരുതുന്നു എന്ന വ്യാജേന കടുത്ത ഭാഷയും ഒരു വെട്ട്, രണ്ടു മുറി എന്ന സമീപനവും സ്ത്രീകൾ അംഗീകരിക്കാനെളുപ്പമല്ല. കാരണം, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അടിമത്തം ഇഷ്ടപ്പെടുന്നവർ സ്ത്രീകളിൽ കൂടുതലുണ്ട്. ആദ്ധ്യാത്മിക പരിവേഷമുള്ളവർക്ക് അവരെ അടിമകളാക്കാൻ എളുപ്പവുമാണ്. അത്തരക്കാർക്കെതിരെ, അവർ പുരോഹിതരായാലും അല്ലെങ്കിലും, പുരുഷന്മാരായ എഴുത്തുകാർ സഭ്യമല്ലാത്ത ഭാഷയുപയോഗിച്ച് ആഞ്ഞടിക്കുന്നിടത്തുനിന്നു സ്ത്രീകൾ ഒഴിഞ്ഞു പോകും എന്നോർത്തിരിക്കുക.

  അല്മായശബ്ദത്തിന് എല്ലാ വിജയങ്ങളും നേരുന്നു.
  theres.mana@gmail.com

  ReplyDelete
 3. സ്വന്തം പ്രതിചായയിലും സദൃശ്യത്തിലും ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് .സ്വാഭാവികമായ പ്രായോഗീക ബുദ്ധി, പ്രകൃതി നിയമങ്ങൾ ക്കനുസരിച്ച് ജീവിക്കാനുള്ള മിനിമം ബുദ്ധി ,അതുമല്ലങ്കിൽ ദൈവത്തി ന്റെ നിയമങ്ങൾ പഠിക്കാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള സ്വാത ന്ത്ര്യവും വിശേഷ ബുദ്ധിയും , അൽപ്പം കൂടി കനം വെച്ചാൽ ദൈവത്തെ ക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ,ബ്രഹ്മജ്ഞാനത്തിനുള്ള,
  ബുദ്ധി. ഇതെല്ലാ മാണ് സ്വന്തം പ്രതിചായയിലും സദൃശ്യത്തിലും ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന വാക്യത്തിനാധാരം. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മനുഷ്യൻ എന്ന പ്രകൃതി എന്തെന്നു പോലും നിശ്ചയമില്ലാത്ത കുറെ ഇരുകാലികൾ കടൽ കടന്ന് പടിഞ്ഞാ റൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. പാന്റ്സും ഷർട്ടും റ്റൈയും ഒക്കെ ധരിക്കുമെങ്കിലും ഈ ഇരുകാൽ ജീവികൾ അസംസ്കൃതമായ ധീഷണാ വിലാസവും , പ്രാകൃതമായ വിവേകവും ആണ് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വച്ച് പുലർത്തുന്നത്.
  പുതിയ കാലഘട്ടത്തിന്റെ ഭീഷണികൾ എന്തെന്നു തിരിച്ചറിയുകയും , അവയ്ക്കെതിരെ പോരാടാൻ വിശ്വാസികളെ തയ്യാറാക്കാൻ
  ശ്രമിക്കുകയും ചെയ്യുക എന്ന പ്രഥമ ക്രിസ്തീയ സ്വഭാവം പോലും മറന്ന് , കുറെ മണ്ണും ,കല്ലുകളും കുറെ സിമന്റും ചേർന്നാൽ പള്ളിയാകും എന്ന് വിശ്വസിക്കയും അതിനു വേണ്ടിയാണ് കർത്താവ്‌ പീഡകൾ സഹിച്ചതും കാൽവരിയിൽ പിടഞ്ഞുകരഞ്ഞതും എന്ന് വിശ്വസിക്കുകയും, വിശ്വാസികളുടെ അല്പ്പജ്ഞാനവും കേവലവിശ്വാസവും മുതലെടുത്ത്‌ അവരെ ചതി ക്കുഴിയിലേക്കും നിത്യനരകത്തിലേക്കു തള്ളിയിടുകയും ചെയ്യുന്ന, അതിനു വേണ്ടി മാത്രം
  ജീവിതം ഹോമിക്കുകയും ചെയ്യുന്ന, അജപാലക വൃന്ദവും
  ഈ കൂട്ടത്തിൽ പെടും. സ്വന്തം അത്മ്മാവിനെ പോലും രക്ഷിക്കാൻ കഴിയാത്ത അജപാലകർക്കു
  മറ്റു ആത്മാക്കളെ എങ്ങനെ രക്ഷിക്കാൻ കഴിയും ?
  “And if the bugle gives an indistinct sound, who will get ready for battle?”
  (1 Cori,14:8)

  ReplyDelete