Translate

Thursday, November 20, 2014

തെക്കുംഭാഗ സമുദായ ആചാരങ്ങള്‍ കത്തോലിക്കാ വിശ്വാസത്തിന് അനുസൃതമോ?



ജോസഫ് മുല്ലപ്പള്ളില്‍, (ഷിക്കാഗോയു.എസ്.എ.)
(പ്രസിഡന്റ്ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)


സ്വവംശവിവാഹനിഷ്ഠ പാലിക്കാത്ത സമുദായാംഗങ്ങളെ ദേവാലയാംഗത്വത്തില്‍നിന്നു വേര്‍പെടുത്തുകയും കൂദാശകള്‍ നിഷേധിക്കുകയും സമുദായത്തില്‍നിന്നു ഭ്രഷ്ട് കല്പിക്കുകയും ചെയ്യുന്ന കോട്ടയം രൂപതയുടെയും തെക്കുംഭാഗസമുദായത്തിന്റെയും അക്രൈസ്തവ നടപടികള്‍ സീറോ-മലബാര്‍ സഭയ്ക്കുള്ളിലും ആഗോള കത്തോലിക്കാസഭയിലും വലിയൊരു വിവാദവും പ്രതിസന്ധിയുമായി തുടരുകയാണല്ലോ. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ സഭാപരവും മാനുഷികവുമായ വശങ്ങളിലേക്ക് ഒരെത്തിനോട്ടം അഭികാമ്യവും അനിവാര്യവുമായി തോന്നുന്നു. 
എ.ഡി. 345-ല്‍ ഇറാക്കിലെ എഡേസ്സായില്‍നിന്ന് ക്‌നായിത്തൊമ്മന്‍ എന്നൊരു വ്യാപാരപ്രമുഖന്റെ നേതൃത്വത്തില്‍ 72 കുടുംബാംഗങ്ങള്‍ പായ്ക്കപ്പല്‍ മാര്‍ഗ്ഗം കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നു എന്നു വിശ്വസിക്കപ്പെടുന്നു. തെക്കുംഭാഗരെന്നും ഇപ്പോള്‍ പൊതുവെ ക്‌നാനായക്കാരെന്നും അറിയപ്പെടുന്ന ഈ ജനത മേല്പറഞ്ഞ 72 കുടുംബക്കാരുടെ പിന്‍തലമുറക്കാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യത്യസ്തമായൊരു ഭാഷയും ആചാരങ്ങളും സംസ്‌കാരവും നിലനില്‍ക്കുന്നൊരു ദേശത്തേക്കു കുടിയേറുന്ന ജനതയ്ക്ക് സ്വദേശികളുമായി അടുത്തിടപഴകുവാനും ആത്മബന്ധം സ്ഥാപിക്കുവാനും കാലതാമസം വരുമെന്നത് സ്വാഭാവികംമാത്രമാണ്. അതിനാല്‍ത്തന്നെ, കുടിയേറ്റജനതയ്ക്കിടയില്‍ സാഹോദര്യഭാവവും സഹകരണവും ഊഷ്മളമായൊരു സ്‌നേഹബന്ധവുമെല്ലാം ഏറെനാള്‍ നിലനില്‍ക്കും. ക്‌നാനായക്കാര്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയുമൊക്കെ ചെയ്യുന്ന അവരിലെ ആതിഥ്യമര്യാദ അവര്‍ക്കിടയിലെ വ്യക്തിബന്ധങ്ങളുടെ തീവ്രതതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
'തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍' എന്നതാണ് കോട്ടയം രൂപതയുടെ പുതിയ മുദ്രാവാക്യം. ഒറ്റനോട്ടത്തില്‍ ഇത് ആകര്‍ഷകവും ഏറെ മതിപ്പുളവാക്കുന്നതുമായി തോന്നാം. എന്നാല്‍ സൂക്ഷ്മനിരീക്ഷണത്തില്‍ തനിമ നിലനിര്‍ത്തുവാനുള്ള വ്യഗ്രതയില്‍ ഈ സമൂഹം തുടരുന്ന നടപടികള്‍മൂലം, അവരിലെ ഒരുമയ്ക്കു ക്ഷതമേല്ക്കുകയും വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുകയുമാണു ചെയ്തിരിക്കുന്നത്.  മനസ്സുകള്‍ തമ്മിലുള്ള പൊരുത്തംകൊണ്ടോ, മറ്റു സാഹചര്യങ്ങള്‍മൂലമോ കോട്ടയം രൂപതയില്‍പ്പെട്ട ഒരു വ്യക്തി ഇതര സീറോ-മലബാര്‍ രൂപതകളില്‍പ്പെട്ട ഒരു വ്യക്തിയുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍ കോട്ടയം രൂപതാധികൃതരും ക്‌നാനായ സമുദായവും ആ വ്യക്തിയെ ശത്രുതയോടും പ്രതികാരമനോഭാവത്തോടുംകൂടിയാണ് ഇന്നു സമീപിക്കുന്നത്. അവരെ ഇടവക ദേവാലയത്തില്‍നിന്നും സമുദായത്തില്‍നിന്നും പുറത്താക്കുകയും, അവര്‍ക്കും കുട്ടികള്‍ക്കും കൂദാശകള്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ ക്രൂരനടപടി അനേകായിരം സമുദായാംഗങ്ങളില്‍ ഉണങ്ങാത്ത മുറിവായി നിലനില്‍ക്കുകയും സമൂഹത്തില്‍ ഭിന്നതയ്ക്കു കാരണമാകുകയും ചെയ്തിട്ടുണ്ട്. സീറോ-മലബാര്‍ സഭയ്‌ക്കൊപ്പം സി.ബി.സി.ഐ-യും ആഗോള കത്തോലിക്കാസഭയും, അക്രൈസ്തവവും മനുഷ്യാവകാശലംഘനവുമായി പ്രഖ്യാപിച്ച ഇത്തരം പ്രാകൃത നടപടികള്‍ തുടരുന്നിടത്തോളം കാലം ഒരുമയും വിശ്വാസനിറവും കോട്ടയം രൂപതയ്ക്ക് അന്യമായി നിലനില്‍ക്കും.
1911-ല്‍ വിശുദ്ധ പത്താം പീയൂസ്സ് മാര്‍പ്പാപ്പാ തെക്കുംഭാഗര്‍ക്കായി പ്രത്യേകം അനുവദിച്ച കോട്ടയം വികാരിയാത്ത് ഇപ്പോള്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. സഭയ്‌ക്കൊപ്പം ചിന്തിക്കുകയും, സഭയുടെ അടിസ്ഥാനസ്വഭാവങ്ങളായ ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം എന്നീ ലക്ഷണങ്ങള്‍ ദൃശ്യമാകുകയും ചെയ്യുമ്പോഴാണ്, ഒരു രൂപത യഥാര്‍ത്ഥത്തില്‍ കത്തോലിക്കാസഭയുടെ ഭാഗമായിത്തീരുന്നത്. മാമ്മോദീസാവഴി ഒരു വ്യക്തി സഭയുടെ അംഗമായിത്തീരുന്നതിനൊപ്പം ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ഭാഗവുമായിത്തീരുന്നു. അപ്പോള്‍, ഇഷ്ടപ്പെട്ടൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു എന്ന കാരണത്താല്‍ ഒരു വ്യക്തിയെ ദേവാലയാംഗത്വത്തില്‍നിന്നു പുറത്താക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ കോട്ടയം രൂപത ക്രിസ്തുവിനെത്തന്നെയല്ലേ തള്ളിക്കളയുന്നതും മുറിവേല്പിക്കുന്നതും?
കോട്ടയം രൂപതയുടെ തെറ്റായ വംശീയനിലപാടുകളെ ഇക്കാലമത്രയും തള്ളിപ്പറഞ്ഞിരുന്ന സീറോ-മലബാര്‍ സഭാനേതൃത്വം ഇപ്പോള്‍ കോട്ടയം രൂപതയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. 2014 ഓഗസ്റ്റില്‍ ചേര്‍ന്ന സീറോ-മലബാര്‍ സിനഡ്, അമേരിക്കയിലെ ക്‌നാനായ മിഷനുകളിലെ അംഗത്വത്തിന് റോമില്‍നിന്നു പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് സ്വീകരിച്ച നടപടി പരിശുദ്ധ സിംഹാസനത്തോടുള്ള അനാദരവ് കൂടിയാണ്. സിനഡ് തീരുമാനമെന്ന വ്യാജേന ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച കുടുംബാംഗങ്ങളെ വിഭജിക്കുന്ന ഈ നടപടി സിനഡില്‍ ചര്‍ച്ച ചെയ്യാതെ കൈക്കൊണ്ടതാണെന്ന വസ്തുത ഇപ്പോള്‍ പുറത്താകുകയും ചെയ്തിരിക്കുന്നു. റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്ഥാപിക്കപ്പെട്ട ചിക്കാഗോ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇക്കാലമത്രയും സ്വീകരിച്ചിരുന്ന ഉറച്ചതും നീതിപൂര്‍വ്വകവുമായ നിലപാട് മാറ്റുവാന്‍, അദ്ദേഹത്തിന്റെമേല്‍ അധികാരമില്ലാത്ത സീറോ-മലബാര്‍ സിനഡ് സ്വീകരിച്ച നടപടിയെ അപലപിക്കുവാനും ചെറുക്കുവാനും വിശ്വാസികള്‍ ഉണര്‍ന്നെഴുന്നേല്‌ക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment