Translate

Tuesday, November 25, 2014

താങ്ക്സ് ഗീവിങ് ഡേയും പില്‍ഗ്രിം പിതാക്കന്മാരുടെ പുതിയ ആകാശവും പുതിയ ഭൂമിയും

By ജോസഫ് പടന്നമാക്കൽ

(പണ്ടുള്ളവർ  റ്റെക്കനോളജികളില്ലാതെ  ആകാശത്തു നോക്കി കൃത്യമായ സമയത്ത് മഴ പെയ്യുമെന്നു പ്രവചിക്കുമ്പോൾ  വിസ്മയം തോന്നുമായിരുന്നു. അമേരിക്കയിലും ആദ്യകാലത്തുണ്ടായിരുന്നതും  പ്രകൃതിയും ദൈവവുമായി ഒത്തുചേർന്ന നിഷ്കളങ്കരായ ഒരു  ജനതയായിരുന്നു.  ഈ വ്യാഴാഴ്ച  നമ്മുടെ നാട്ടിലെ   ഓണത്തിനു സമാനമായ   താങ്ക്സ് ഗിവിങ്ങ് ഡേ  അമേരിക്കാ മുഴുവൻ ആഘോഷിക്കുന്നു. സ്നേഹത്തിലടിസ്ഥാനമായ കുടുംബങ്ങളടങ്ങിയ   ആദ്യ പിതാക്കന്മാരുടെ ചരിത്ര ചിത്രമായ എന്‍റെ  ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യട്ടെ.)

 'താങ്ക്സ്  ഗിവിങ്  ഡേ'യെന്നാൽ  എന്താണെന്നുള്ള  ഒരു ചോദ്യത്തിനുത്തരം  വ്യക്തമായിട്ട്   കണ്ടെത്തുകയെന്നത്   പ്രയാസമാണ്. സാഹചര്യങ്ങളനുസരിച്ച്  ഓരോരുത്തരുടെയും അഭിപ്രായങ്ങൾ  പലവിധങ്ങളായി  കാണാം.  ഇന്ന് പലരും  മതത്തിന്റെ  കാഴ്ചപ്പാടിൽ 'താങ്ക്സ്  ഗിവിങ് ' ദിനത്തെ കാണാറുണ്ട്. ഇത് ശാപ്പാട് കഴിക്കുന്ന ദിനമെന്നു കൊച്ചു കുട്ടികൾ പറയും.ടർക്കി, സ്റ്റഫിങ്ങ്, ഗ്രേവി,  റോസ്റ്റ് ചെയ്ത പൊട്ടെറ്റോ (potato) ,  മധുരമുള്ള  ചീനിക്കിഴങ്ങ്, കോണ്‍ബ്രഡ്, പങ്കിൻ പൈ. ക്രാൻബെറി സോസ്, എന്നിങ്ങനെ  വിഭവങ്ങളും നമ്മുടെയെല്ലാം മനസ്സിൽ അന്നത്തെ ദിവസം  വന്നുകൂടുമെന്നതും സത്യമാണ്.   ചിലർക്ക്  ഓഫീസ്സിൽ പോവണ്ടല്ലോയെന്ന സന്തോഷവുമായിരിക്കും.   ബിസിനസ്സുമായി യാത്ര ചെയ്യുന്നവർക്കു  കുഞ്ഞുങ്ങളുമായി ഒത്തുകൂടാമല്ലോയെന്ന സന്തോഷവുമുണ്ടായിരിക്കും. അങ്ങനെ  തൊഴിലുകളനുസരിച്ച് അഭിപ്രായങ്ങളും മാറിക്കൊണ്ടിരിക്കും. എന്നാൽ 'താങ്ക്സ്  ഗിവിങ്   ഡേയ്ക്ക്'  അതിന്റേതായ തത്ത്വങ്ങളടങ്ങിയ  അർത്ഥമുണ്ട്. അത് വിളവെടുക്കുന്ന കാലത്തെ നന്ദിയുടെ സൂചകമായും    മണ്ണും ദൈവവുമായി  ആത്മീയ ബന്ധമുണ്ടാക്കുന്ന ദിനമായും കരുതുന്നു. ആപ്പിൾ പഴത്തെ നോക്കി ഒരു നിമിഷം ചിന്തിക്കൂ. ദൈവത്തിന്റെ കലാവിരുതുകളുടെ വൈദഗ്ദ്ധ്യവും   മാധുര്യവും സൌന്ദര്യവും ആപ്പിളിൽ ദർശിക്കാം. എത്രയെത്ര വർണ്ണങ്ങൾ ഒരു ആപ്പിളിനെ മനോഹരമാക്കുന്നു. ഇതിലെ ചായം തേച്ച ആ കലാകാരൻ ആരാണ്?  പ്രകൃതിയുടെ നിയമങ്ങൾ തെറ്റാതെ എന്നും സ്ഥായിയായി സൃഷ്ടാവ് തന്റെ കർമ്മം നിറവേറ്റുന്നു.  എങ്കിൽ ഇന്നേ ദിവസം ആ സൃഷ്ടാവിനെ വന്ദിക്കൂ.അതാണ് താങ്ക്സ്  ഗിവിങ്  ദിനത്തിന്റെ ആദരവിനെ സൂചിപ്പിക്കുന്നതും.ഏകദേശം 400  വർഷങ്ങൾക്കു മുമ്പ്  ഇംഗ്ലണ്ടിലെ   രാജാവ് ജനങ്ങളുടെ പ്രാർത്ഥനയിലുള്ള  ആചാരരീതികളെ  സമൂലമായി മാറ്റിക്കൊണ്ടുള്ള ഒരു വിളംബരം പ്രസിദ്ധിപ്പെടുത്തിയിരുന്നു. രാജാവിന്റെ ഇഷ്ടത്തിനെതിരെ  ഒരു വ്യക്തിക്ക്  സ്വതന്ത്രമായി ദൈവത്തോട് പ്രാർത്ഥിക്കാൻ  അനുവാദമില്ലായിരുന്നു.  പ്രാർത്ഥിക്കാനുള്ള  അവകാശങ്ങളെ തടയുന്ന രാജാവിന്റെ ധാർഷ്ട്യത്തിനെതിരെ   ജനം മുഴുവൻ  അതൃപ്തരായിരുന്നു. രാജാവ് ചൊല്ലുന്ന അതേ പ്രാർത്ഥന ജനം ചൊല്ലിയില്ലെങ്കിൽ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയിൽ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന  നടപടികൾവരെയും   നടപ്പാക്കിയിരുന്നു.'ഈ നാട് നമുക്കു  വേണ്ടായെന്നും' പറഞ്ഞുള്ള  പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്താകമാനം വ്യാപിക്കാൻ തുടങ്ങി. 'നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു' പറഞ്ഞ്  അനേകർ രാജ്യം വിട്ടു. ചിലർ   ഹോളണ്ടിൽ താമസം തുടങ്ങി.  സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താൻ  പുതിയ വാസസ്ഥലങ്ങൾ തേടി നടക്കുക, കരകൾ തോറും ലക്ഷ്യമില്ലാതെയലയുക എന്നത്  ഇവരുടെ  പതിവായിരുന്നു. അലയുന്ന ലോകത്തിൽ മനസ്സിനനുയോജ്യമായ  വാസസ്ഥലം കണ്ടെത്തുമെന്നും അവർ സ്വപ്നം കണ്ടിരുന്നു.  ജനിച്ചു വീണ മണ്ണിനെക്കാൾ വന്നെത്തിയ നാടിനെ വന്ദിക്കാനും തുടങ്ങി.


ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാൽ ഇംഗ്ലീഷുകാരായ ഇവർ പാവങ്ങളായിരുന്നു.  കുഞ്ഞുങ്ങൾ വളർന്നപ്പോൾ നാട്ടുകാരായവർക്ക് ഇംഗ്ലീഷുകുട്ടികളെ ഇഷ്ടമില്ലാതായി. അവിടുത്തെ കുട്ടികൾ  ഡച്ചുഭാഷ സംസാരിച്ചിരുന്നു.  ചില  കുട്ടികൾ വികൃതികളായി വളർന്നു. അവിടെ വളർന്ന കുട്ടികൾക്ക് പള്ളിയിൽ പോവാൻ ഇഷ്ടമില്ലെന്നായി.  സ്ഥിരതയില്ലാതെ  ഹോളണ്ടിൽ ജീവിതം  തള്ളിനീക്കുന്ന പിതാക്കന്മാരും  മാതാക്കളും  മക്കളുടെ വഴി പിഴച്ച പോക്കിൽ വ്യസനിച്ചിരുന്നു. അനേക തവണകൾ ചിന്തിച്ച ശേഷം അമേരിക്കയിൽ വരാൻ തീരുമാനിച്ചു. 'മേയ് ഫ്ളവറെ'ന്നും  'സ്പീഡ് വെല്ലെ'ന്നും പേരുകളുള്ള രണ്ടു കപ്പലുകൾ അവർ വാടകയ്ക്കെടുത്തു.  സ്പീഡ് വെൽ എന്ന കപ്പൽ സമുദ്ര യാത്ര ചെയ്യാൻ ബലമുള്ളതല്ലായിരുന്നു.അതുകൊണ്ട് അതിന്റെ ക്യാപ്റ്റൻ യാത്ര പുറപ്പെട്ട ശേഷം അധിക ദൂരം പോകാതെ മടങ്ങി വന്നു. 'മേയ് ഫ്ലൗറും' (May Flower)  ആദ്യം യാത്ര പൂർത്തിയാക്കാതെ മടങ്ങി വന്നിരുന്നു. 'സ്പീഡ് വെല്ലി'ലെ കുറെ യാത്രക്കാരെയും വഹിച്ചുകൊണ്ട് അവൾ യാത്ര സ്വയം തുടർന്നു.മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങിയ  നൂറോളം യാത്രക്കാർ  ആ കപ്പലിൽ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ കപ്പലിൽ മുട്ടിയും തട്ടിയും സൌകര്യങ്ങളില്ലാതെ യാത്ര ചെയ്യണമായിരുന്നു. തണുപ്പിന്റെ കാഠിന്യം അസഹനീയവുമായിരുന്നു. കാറ്റും കൊടുംകാറ്റും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം സമുദ്രം ശാന്തമായിരുന്നില്ല. ദുരിതം നിറഞ്ഞ നീണ്ട രണ്ടു മാസങ്ങളോളം വെള്ളത്തിൽക്കൂടി അന്നവർ യാത്ര ചെയ്തു. യാത്രയിലുടനീളം കുഞ്ഞുങ്ങളിടവിടാതെ കരഞ്ഞുകൊണ്ടുമിരുന്നു. യാതനകളിൽക്കൂടിയുള്ള ഈ യാത്ര വേണ്ടായിരുന്നുവെന്നും യാത്രക്കാർക്കു തോന്നിപ്പോയി. എങ്കിലും കപ്പലിനുള്ളിലെ  അന്ന് സംഭവിച്ച ഒരു സന്തോഷ വാർത്ത യാത്രക്കാരെ    ഒന്നടങ്കം സന്തോഷിപ്പിച്ചു. തിരമാലകളിൽക്കൂടി പാഞ്ഞുപോകുന്ന ഈ കപ്പലിനുള്ളിൽ ഒരു കുഞ്ഞ് ജനിച്ചത്‌ വിസ്മയകരമായിരുന്നു. കടൽക്കുട്ടിയെന്ന അർത്ഥത്തിൽ ആ കുട്ടിയ്ക്ക് 'ഓഷ്യാനസ്' എന്ന പേരിട്ടു. യാത്രാക്ഷീണം കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ അടുത്തു വിളിച്ച് ഒഷ്യാനോസിന്റെ അമ്മ ജനിച്ച കുഞ്ഞുമായി കളിക്കാൻ അനുവദിച്ചിരുന്നു. അത് കുഞ്ഞുങ്ങള്ക്ക്ആശ്വാസവും ഉന്മേഷവും   പകർന്നിരുന്നു.തന്മൂലം അവരിൽ സന്തോഷവും ജ്വലിപ്പിച്ചു.

സുദീർഘമായ മാസങ്ങളോളമുള്ള സമുദ്ര യാത്രയിൽ  കപ്പലിൽ ഉണ്ടായിരുന്നവർ അവസാനം ഒരു കരയുടെ കാഴ്ച കണ്ടു.  അകലത്ത് വെറും പാറകളും മണലുകളും നിറഞ്ഞ സമതലമാണ് കണ്ടത്. അവിടം കുഞ്ഞുങ്ങൾക്ക് മനസ്സിന് പിടിച്ചില്ല. പച്ചപ്പുല്ലുകളും പക്ഷി മൃഗാദികളുമടങ്ങിയ ഒരു ഭൂപ്രദേശമാണ് അവർ സ്വപ്നം കണ്ടിരുന്നത്. നവംബർ മാസത്തിലെ തണുപ്പുമൂലം പക്ഷികളുടെ ചിലകളും അവർക്കു ശ്രവിക്കാൻ സാധിച്ചില്ല.   ചരിത്ര പ്രസിദ്ധമായ 'മെയ് ഫ്ലൗർ'  കപ്പലിലെ കപ്പിത്താൻ 'മൈല്സ്  സ്റ്റാണ്ടിലും' ഏതാനും ധീരരായ യാത്രക്കാരും ധൈര്യം അവലംബിച്ച് കപ്പലിനു  പുറത്തിറങ്ങി.  അവിടെ ജനവാസമോ വാസസ്ഥലങ്ങളോ ഉണ്ടോയെന്നറിയാൻ  ചുറ്റും നോക്കി. എന്നാൽ കുറെ ദേശീയ ഇന്ത്യൻസിനെ കണ്ടു.നങ്കൂരമടിച്ചു തീരത്തെത്തിയ കപ്പലിനെ കണ്ടയുടൻ അവരോടിപ്പോയി. റെഡ് ഇന്ത്യൻ കുടിലുകളും ശവശരീരം കുഴിച്ചിട്ട ചില കുഴിമാടങ്ങളും അവിടെയുണ്ടായിരുന്നു. കപ്പലിൽനിന്നു പല പ്രാവിശ്യം താമസിക്കാൻ   അനുയോജ്യമായ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട്  അവർ നടന്നു. അവസാനം ജീവിക്കാൻ അനുയോജ്യമായ മനോഹരമായ ഒരു പ്രദേശം കണ്ടെത്തി. അവിടെ അരുവികളും കൃഷി ചെയ്യാൻ പറ്റിയ സ്ഥലങ്ങളുമുണ്ടായിരുന്നു.


ക്ഷീണിച്ചു വന്ന കപ്പൽ യാത്രക്കാർ   വിശ്രമം ചെയ്ത സ്ഥലത്തെ 'പ്ലിമത്ത് റോക്ക്' എന്നറിയപ്പെടുന്നു. അവർക്കു  താമസിക്കാൻ ആദ്യത്തെ വീട് അന്നത്തെ ക്രിസ്തുമസ്  ദിനത്തിൽ  പണുതുണ്ടാക്കി. അവർ അനുഭവിച്ച ശൈത്യകാലത്തിലെ ഘോരതണുപ്പും ദുരിതങ്ങളും വിവരിക്കാൻ പ്രയാസമാണ്. കടുത്ത മഞ്ഞുകട്ടികൾ എവിടെയും മൂടി കിടന്നിരുന്നു. ഭയാനകമായ തണുത്ത കാറ്റും  അഭിമുഖികരിച്ചു. ചുറ്റുമുള്ള മരങ്ങൾ മുറിച്ച് അവർ വീടുകളും പള്ളിയും ഉണ്ടാക്കി.  അമ്മമാരും  കഴിയുംവിധം പുതിയ ജീവിതം പടുത്തുയർത്താൻ  പരസ്പരം സഹായിച്ചിരുന്നു. തണുപ്പും നീണ്ട യാത്രകളും വിശപ്പും  അവരെ നിർജീവമാക്കിയിരുന്നു. ആർക്കും ഭക്ഷിക്കാനാവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. അവരിൽ ഒരാൾ പനിച്ചു കിടപ്പായി. പിന്നാലെ  പകുതിയോളം  മറ്റുള്ള യാത്രക്കാരും  ഒന്നുപോലെ പനിച്ചു കിടന്നു. ക്യാപ്റ്റൻ  മൈല്സ്  സ്റ്റാണ്ടിയും  മറ്റു സഹ യാത്രക്കാരും  തങ്ങളാൽ കഴിയും വണ്ണം രോഗികളെ സമാശ്വസിപ്പിച്ചും ശുശ്രുഷിച്ചും അവരുടെ കൃത്യ നിർവഹണങ്ങളിൽ പങ്കുകൊണ്ടു.  എന്നാൽ അടുത്ത വസന്തകാലം  കാണുന്നതിനു മുമ്പ്  പുതിയ കരയിൽ വന്നെത്തിയ  കുടിയേറ്റക്കാരിൽ പകുതിയോളം   മരിച്ചു പോയിരുന്നു. അവരുടെ സ്വപ്നമായ സ്വർഗമെന്ന സങ്കല്പ്പത്തിലേക്ക് യാത്രയായെന്നും ജീവിച്ചിരുന്നവർ സമാധാനിച്ചു.

പ്ലിമത്തിൽ താമസക്കാരായ കുടിയേറ്റക്കാർ   ആദ്യതലമുറകളിൽ  അറിയപ്പെട്ടിരുന്നത് 'ഓൾഡ്‌ കമേഴ്സ് ' എന്നായിരുന്നു. പിന്നീട് 200 വർഷം കഴിഞ്ഞ്  പൌരാണിക രേഖകളിൽ നിന്നും വ്യത്യസ്തമായി അവരെ 'പില്ഗ്രിം ഫാദേഴ്സ്'  എന്നറിയാൻ തുടങ്ങി. ദാനിയൽ വെബ്സ്റ്റർ എന്ന  ഒരു സുവിശേഷക പ്രഭാഷകനാണ് അവരെ  ആ പേരിൽ  ആദ്യം വിളിക്കാൻ തുടങ്ങിയത്. ശൈത്യ കാലം മാറി പതിയെ   സൂര്യൻ പ്രകൃതി മുഴുവൻ പ്രകാശിക്കാൻ തുടങ്ങി. മണ്ണിനും പാറകളിലും മേലുണ്ടായിരുന്ന ഹിമം സാവധാനം ഉരുകിക്കൊണ്ടിരുന്നു. വൃക്ഷങ്ങളിൽ പച്ചനിറമുള്ള ഇലകൾ തളിർക്കാനും തുടങ്ങി. വസന്ത കാലത്തിലെ  പക്ഷികളുടെ ചിലകളും  ശബ്ദവും കുട്ടികളെ ആകർഷിച്ചിരുന്നു. അജ്ഞാതമായ ആ കാട്ടിൻ പ്രദേശങ്ങളിൽ നിന്ന് മാൻപേടകളും  ഇറങ്ങി വരാൻ തുടങ്ങി. മരവിച്ച തണുപ്പുകാലങ്ങളിൽ  അവരെ സഹായിക്കാൻ ദേശീയരായ ഇന്ത്യൻസ്  വരുന്നതും കുടിയേറ്റക്കാർക്ക് ആശ്വാസമായിരുന്നു. ക്യാപ്റ്റൻ  മൈല്സ് സ്റ്റാണ്ടിയും അദ്ദേഹത്തിൻറെ ആൾക്കാരും പകരം അവരുടെ വീടുകളും സന്ദർശിക്കുമായിരുന്നു. 'സ്കാണ്ടോ' എന്ന  അവരുടെയിടയിലുണ്ടായിരുന്ന ഒരു ' റെഡ് ഇന്ത്യൻ'  ചിലപ്പോൾ  പുതിയ താമസക്കാരായ 'പില്ഗ്രിം ഫാദേഴ്സ്നോടൊപ്പം'   താമസിക്കുമായിരുന്നു.   അയാൾ അവരെ ഗോതമ്പും ബാർലിയും മറ്റു ധാന്യങ്ങളും എങ്ങനെ കൃഷി ചെയ്യണമെന്നും പഠിപ്പിച്ചിരുന്നു.


ഉഷ്ണ കാലം വന്നപ്പോൾ ഭൂമി മുഴുവൻ വെളിച്ചമാവുകയും ദിവസങ്ങളുടെ നീളം വർദ്ധിക്കുകയും ചെയ്തു. പുതിയ ഭൂമിയിൽ വന്നെത്തിയ കുട്ടികൾക്കും  ഉത്സവമാവാൻ തുടങ്ങി. തെരഞ്ഞെടുത്ത  വാസസ്ഥലങ്ങളായ 'പ്ലിമത്തും' പരിസരങ്ങളും സുന്ദരങ്ങളായപ്രദേശങ്ങളായി  അനുഭവപ്പെടാനും തുടങ്ങി. തങ്ങൾ താമസിക്കുന്ന  കൊച്ചുകുടിലുകൾക്കു ചുറ്റും കാട്ടുപൂക്കളും പുഷ്പ്പിച്ചുകൊണ്ടിരുന്നു.  നൂറു കണക്കിന് പക്ഷികളും പൂം പാറ്റകളും നിറമാർന്ന  പറവകളും    പ്രകൃതിയെ നയന മനോഹരമാക്കിയിരുന്നു. സൂര്യൻ പ്രകാശിതമായി ഭൂമിയിലെവിടെയും  ചൂട് അനുഭവപ്പെടുമ്പോൾ തിങ്ങി നിറഞ്ഞിരുന്ന പൈൻ മരങ്ങൾ തണലും ശീതളതയും നല്കിയിരുന്നത്  മനസിനും  കുളിർമ്മ നൽകിയിരുന്നു.


ഇല പൊഴിയുന്ന കാലം വരുമ്പോൾ  'പില്ഗ്രിം ഫാദേഴ്സ്'  തങ്ങളുടെ ധാന്യവിളകളുടെ സംഭരണത്തിനായി  കൃഷിയിടങ്ങളിൽ സമ്മേളിക്കുമായിരുന്നു. ഇലകൾ പൊഴിയുന്നതും ആസ്വദിച്ച്  കുഞ്ഞുങ്ങൾ ചുറ്റും കാണും.  ആദ്യ വർഷം തന്നെ കൃഷി വിഭവങ്ങൾ തഴച്ചു വളരുന്നതായും കണ്ടു. വരാനിരിക്കുന്ന ശരത്ക്കാലത്തേയ്ക്കും ധാന്യങ്ങൾ ശേഖരിച്ചിരുന്നു. അവർ കാട്ടാറിന്റെ തീരത്തും വയലുകളുടെ  മദ്ധ്യേയും  കൂട്ടായ്മ പ്രാർത്ഥനകൾ നടത്തിക്കൊണ്ട്  സൃഷ്ടാവായ   ദൈവത്തോട്   നന്ദി പ്രകടിപ്പിച്ച്  സ്തുതി ഗീതങ്ങൾ പാടിയിരുന്നു... "ദൈവമേ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു;  അങ്ങാണ് ഭൂമിയെ പ്രകാശിപ്പിക്കുന്ന  സൂര്യചന്ദ്രാദികളുടെ നാഥനായ സർവ്വ ശക്തൻ;  അവിടുന്നു കാരണം മഴ പെയ്യുന്നു; ധാന്യങ്ങൾ സമൃദ്ധമായി വിളയുന്നു". ഓരോരുത്തരും ഭവനങ്ങളിലിരുന്നും  ദൈവത്തെ സ്തുതിച്ചിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒപ്പം ആകാശത്തിലേക്ക് കൈകൾ ഉയർത്തി സൃഷ്ടാവിനു നന്ദി പ്രകടിപ്പിക്കുമായിരുന്നു. വിദൂരതയിലെവിടെയോ കണ്ണുകൾ നീട്ടികൊണ്ടും സ്വപ്നങ്ങൾ നെയ്തെടുത്തും തീർത്ഥാടകരായ  കുടിയേറ്റക്കാർ ഓരോ ദിനങ്ങളിലും   ജീവിതം തള്ളി നീക്കി.  ഒരിക്കൽ അവരിലെ   അമ്മമാർ ഒന്നിച്ചു കൂടി പറഞ്ഞു, "നമുക്കിനി  നമ്മെ സഹായിച്ച ദേശീയരായ  ഇന്ത്യാക്കാരുമൊത്തു 'നന്ദി'യുടെ പ്രതീകമായ ഒരു ദിനം കൊണ്ടാടാം. അവരെ നമ്മുടെ അതിഥികളായി   ക്ഷണിച്ച് അവരോടൊപ്പം കാരുണ്യവാനായ  ദൈവത്തിനു നന്ദി പ്രകടിപ്പിക്കാം. അന്നേ ദിവസം നമ്മുടെ ഭവനങ്ങൾക്കു ചുറ്റും ഉത്സവമാവണം. ദൈവം താണു വന്നു നമ്മെ അനുഗ്രഹിക്കാതെയിരിക്കില്ല."  അങ്ങനെ  ചരിത്രത്തിനു തിളക്കം  നല്കിയ  ദേശീയ ഇന്ത്യാക്കാരും  തീർത്ഥാടകരുമൊത്തൊരുമിച്ച്   ആഘോഷിച്ച ദിനത്തെ  ആദ്യത്തെ  ' താങ്ക്സ് ഗിവിൻഗ് ഡേ' യായി അറിയപ്പെടുന്നു.  അവർ  പരസ്പരം ഹൃദയങ്ങൾ പങ്കു വെച്ച്  ഏകമായ മനസോടെ  അന്നത്തെ ദിനങ്ങൾ  ആഘോഷിച്ചു. അന്നേ ദിവസം അവരിൽ നാലുപേർ നായാട്ടിനായി കാടുകളിലേക്ക് പോയിരുന്നു. അവർ മടങ്ങി വന്നത്  അനേക കാട്ടുതാറാവുകളും ടർക്കികളും കാടൻ പക്ഷികളും കൈകളിൽ വഹിച്ചുകൊണ്ടായിരുന്നു. ആ ദിവസത്തിലും പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷിക്കാനാവശ്യത്തിനുള്ള വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.


സ്ത്രീജനങ്ങൾ  ശേഖരിച്ച ധാന്യങ്ങളിൽ നിന്നും  കേക്കും റൊട്ടിയുമുണ്ടാക്കി. വേട്ടയാടി കിട്ടിയ മാൻ പേടകളുടെ മാംസവും ഭക്ഷണശാലകളിലുണ്ടായിരുന്നു. കടലിൽ നിന്നു പിടിച്ച മത്സ്യങ്ങളും കക്കായിറച്ചിയും വിഭവങ്ങൾക്ക് കൊഴുപ്പു കൂട്ടി.  ദേശീയ ഇന്ത്യൻസ് അന്നത്തെ കൂട്ടായ്മയിൽ വന്നെത്തിയത് അവരുടെ ആചാരങ്ങളിലുള്ള വേഷ ഭൂഷാധികളിലായിരുന്നു. ക്ഷണിക്കപ്പെട്ടവരിൽ ഏകദേശം നൂറോളം ദേശീയർ  അന്ന് തീർത്ഥാടകരുടെ (പില്ഗ്രിംസ്) പന്തലിൽ വന്നെത്തിയിരുന്നു. വന്നെത്തിയ ഇന്ത്യൻസ്  വേട്ടയാടി കിട്ടിയ അഞ്ചു മാനുകളെ തീർത്ഥാടകർക്കു(പില്ഗ്രിംസ്)  സമ്മാനിച്ചു.  മൃദലമായ  മനസോടുകൂടിയ കാടിന്റെ മക്കളായ ഇന്ത്യൻസിനെ ആദ്യമൊക്കെ തീർത്ഥാടകരുടെ മക്കൾ ഭയപ്പെട്ടിരുന്നു. കപ്പലിൽ ജനിച്ച കുഞ്ഞായ ഒഷ്യാനൊസിന്  അന്ന് ഒരു വയസ്സ് കഴിഞ്ഞിരുന്നു.


മാനിന്റെ തോലുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചാണ് റഡ് ഇന്ത്യൻസ്  പരിപാടികളിൽ സംബന്ധിക്കാൻ വന്നത്. കൈകളിൽ   വേട്ടയാടി കിട്ടിയ  കാട്ടെറച്ചിയുമായിട്ട്  സമ്മാനമായി വന്നവരിൽ ചിലർ  ഫെറി കോട്ടുകൾ ധരിച്ചിരുന്നു. അവരുടെ നീണ്ട തലമുടി തോളുവരെയുമുണ്ടായിരുന്നു. പക്ഷി തൂവലുകൾ കൊണ്ടോ നരിയുടെ വാലു കൊണ്ടോ തലമുടി ചീകി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ മുഖം   വിവിധ നിറങ്ങളുള്ള ചായംകൊണ്ട്   പൂശിയതായിരുന്നു. തടിച്ച വരകൾ കൊണ്ട് ദേഹമാസകലം വർണ്ണനിറമുള്ളതാക്കിയിരുന്നു. പരമ്പരാഗതമായ ആചാര വേഷങ്ങളോടെ  ' ആദ്യ 'താങ്ക്സ്  ഗിവിങ്  ഡേ'  ആഘോഷിക്കാനായി  അവരന്നു വന്നപ്പോൾ  വൈവദ്ധ്യമാർന്ന രണ്ടു  സംസ്ക്കാരങ്ങളുടെ ഒത്തുചേരലായി മാറി.

ഭക്ഷണം കഴിക്കുന്ന വേളയിലെല്ലാം  കപ്പലിൽ  വന്ന പുതിയ താമസക്കാരായ തീർത്ഥാടകരും ഇന്ത്യൻസുമൊന്നിച്ചു ദൈവത്തിന് സ്തോത്ര ഗീതങ്ങൾ പാടിയിരുന്നു. 'എല്ലാ നന്മകളും  സർവ്വർക്കും നൽകണമേയെന്നും' ഇരുകൂട്ടരുമൊന്നിച്ചുള്ള പ്രാർത്ഥനാഗീതങ്ങളിൽ ഉണ്ടായിരുന്നു.  സായം കാലങ്ങളിൽ ദേശീയരുമായി  പുതിയ താമസക്കാർ   (പില്ഗ്രിംസ്)   കൈകോർത്തു   നൃത്തമാടിയിരുന്നു. ദേശീയരായവർ സാമ്പ്രദായികമായ  പാട്ടുകളും പാടി  തീർത്ഥാടകർക്കൊപ്പം(പില്ഗ്രിംസ്)  മൂന്നു ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒന്നിച്ചവരോടുകൂടി  കളിസ്ഥലങ്ങളിൽ പോയി കുഞ്ഞുങ്ങളുമൊത്തു  കളിച്ചിരുന്നു. തീർത്ഥാടകർ (പില്ഗ്രിംസ്)  തോക്കുമായും ദേശീയർ  അമ്പും വില്ലുമായും നായാട്ടിനും  പോയിരുന്നു. നായാട്ടിനുള്ള പ്രാവണ്യം  തെളിയിക്കാനും ഇരുകൂട്ടരും മത്സരവും ഉണ്ടായിരുന്നു. അങ്ങനെ ആഹ്ലാദത്തോടെ മൂന്നു ദിവസങ്ങൾ അവിടെ കഴിഞ്ഞു കൂടി. ഒന്നായി ഒരേസ്വരത്തിൽ   ഇരുവിഭാഗ ജനങ്ങളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.


ജീവിക്കാനുള്ള പടവെട്ടുമായി പുതിയ വാസസ്ഥലം തേടിയന്വേഷിച്ചു വന്ന തീർത്ഥാടകർക്ക് (പില്ഗ്രിംസ്) അനേക തവണകൾ  ദീനങ്ങളും പിടി കൂടിയിട്ടുണ്ട്. 'മെയ് ഫ്ലൗർ' കപ്പലിൽ നിന്നിറങ്ങിയ കാലം മുതൽ ദുരന്തങ്ങളുടെ അനേക കഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. അവരെല്ലാം ജീവിക്കാൻവേണ്ടി യാതനകളനുഭവിച്ച് കഠിനമായി അദ്ധ്വാനിച്ചു.  പലപ്പോഴും കഴിക്കാൻ ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കൂടപ്പിറപ്പുകളും സുഹൃത്തുക്കളും വിട്ടുപിരിയുമ്പോൾ ഒന്നായി അവർ ദുഃഖം പങ്കു വെച്ചു. കാലം അതെല്ലാം മനസ്സിൽ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കരു പിടിപ്പിക്കുന്നതിനിടയിൽ നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവർ സമാധാനിച്ചിരുന്നു.  ദുഃഖങ്ങളെല്ലാം മാറ്റി ആദ്യത്തെ താങ്ക്സ് ഗിവിൻഗ്'  അവർ ആഹ്ലാദത്തോടെ ആഘോഷിച്ചു. അന്നുമുതൽ 'താങ്ക്സ്  ഗിവിങ്' ഡേ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച്  ആദ്യതീർത്ഥാടകരെപ്പോലെ    ആഘോഷിച്ചുവരുന്നു. നേടിയ നേട്ടങ്ങൾക്കെല്ലാം ദൈവത്തിനു നന്ദി ഇന്നും അർപ്പിക്കുന്നു. ഓരോ മാതാപിതാക്കളും  തങ്ങളുടെ മക്കളോട് ആദ്യ തീർത്ഥാടകരുടെ (പില്ഗ്രിംസ്)   സഹനകഥകളും വീരകഥകളും പറയാറുണ്ട്. വളരുന്ന കുഞ്ഞുങ്ങളെ  പഠിപ്പിക്കുന്നുമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് 'മെയ് ഫ്ലവർ' കപ്പലിൽ വന്നെത്തിയ പൂർവിക പിതാക്കന്മാരുടെ കഥ   അഭിമാനത്തോടെയാണ് അവർ മക്കളോട് പറയാറുള്ളത്.  ആദ്യം വന്ന തീർത്ഥാടകർ(പില്ഗ്രിംസ്)   അന്നു മരിച്ചവർക്കായി  അവരുടെ കുടിലുകളെക്കാൾ ശവ കുടീരങ്ങളുണ്ടാക്കി. അവരെക്കാളും ദാരിദ്ര്യം അനുഭവിച്ച  ഒരു അമേരിക്കൻ ഈ രാജ്യത്ത് ജീവിച്ചിരിപ്പില്ല.


 പാരമ്പര്യത്തിലെ ചട്ടക്കൂട്ടിനുള്ളിൽ 'നന്ദിയുടെ ദിനം' ഒന്നേയുള്ളൂ. എന്നാൽ നല്ലവന്റെ ഹൃദയം എന്നും നന്ദി നിറഞ്ഞതായിരിക്കും. അധരത്തിൽ നിന്നുള്ള നന്ദിപ്രകടനത്തെക്കാൾ ഹൃദയത്തിൽ നിന്നുള്ള നന്ദിയുടെ പ്രകാശത്തിന്   ഉത്തമനായവൻ   പ്രാധാന്യം കൽപ്പിക്കുന്നു.  ഇമ്പമേറിയ കടലിന്റെ ശബ്ദത്തിലും കാട്ടാറിന്റെ തീരത്തും കാടിന്റെ സമീപത്തും ആദ്യത്തെ 'താങ്ക്സ്  ഗിവിങ്' കൊണ്ടാടി.  കൃഷി ചെയ്തു കൊയ്തെടുത്ത ഭക്ഷണ വിഭവങ്ങളുമായി അവർ  ദൈവത്തോട് നന്ദി പറഞ്ഞു. ഇന്ന് പുഴയെവിടെ, കാടെവിടെ, സർവ്വതും രാസമയം. വയറു നിറയെ അധികഭക്ഷണവും ലഹരിയും ഷോപ്പിങ്ങും നടത്തുന്ന ഇന്നത്തെ അമേരിക്കാ  ആദ്യ തീർത്ഥാടകരുടെ(പില്ഗ്രിംസ്) നന്ദിയുടെ ദിനമെന്നുള്ള ആത്മീയതയുടെ മൂല്യങ്ങളും ഇല്ലാതാക്കി. അങ്ങനെ,  ഇവിടെ വന്നെത്തിയവരായവരുടെ  'താങ്ക്സ്  ഗിവിങ്'  എന്ന പുണ്യം നിറഞ്ഞ   വാക്കുകൾക്ക്‌  വ്യതിയാനങ്ങളുണ്ടാക്കിക്കൊണ്ട്   പുതിയ മാനദണ്ഡങ്ങളും കല്പ്പിച്ചു.

British Pathram

Cover Design: Malayalam Daily News.
EMalayalee: http://emalayalee.com/varthaFull.php?newsId=89907

1 comment:

  1. Just to say word only: I read the whole of your beautiful, inspiring and spiritual write up on Thanks giving day. May the Lord abound America with with such grateful, spiritual people like you. This is my prayer. You are a source of great inspiration to every one of your readers. God bless your thanksgiving spirit. james kottoor

    ReplyDelete