Translate

Sunday, November 23, 2014

മാപ്പർഹിക്കാത്ത വൈദിക പാപങ്ങൾ

ഇന്ന് പള്ളികളിൽ നടമാടുന്ന ഓരോ വികൃത നടപടികളെയും ഓരോന്നായി എടുത്ത് അതിലെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കാൻ നമ്മുടെ പപ്പാ കാണിക്കുന്ന ശുഷ്ക്കാന്തി എത്ര ശ്ലാഘനീയമാണ്! ഇവയിൽ പലതും നീണ്ട കാലത്തേയ്ക്ക് ചോദ്യം ചെയ്യപ്പെടാതെ വച്ചുപുലർത്തപ്പെടുന്ന അനീതികളാണ്. എന്നാൽ അവ ദൈവജനത്തോടുള്ള അവജ്ഞയും അനീതിയുമാണെന്ന് തിരിച്ചറിയാനാകാത്തത്ര സാധാരണമായി തീർന്നിരിക്കുന്നു. മാർപാപ്പാ ഇങ്ങനെയോരോന്ന് എടുത്തു കാണിക്കുമ്പോഴാണ് അവയൊക്കെ എത്ര പൈശാചികവും സുവിശേഷത്തിന് നേരേ വിപരീതവുമാണെന്ന് വിശ്വാസികൾ പോലും വീണ്ടുവിചാരപ്പെടുന്നത്‌: ചിന്തയുടെയും ജീവിതത്തിന്റെയും ലാളിത്യത്തിൽ നിന്ന് പുരോഹിതരുടെ സഭാസങ്കല്പം വിശ്വാസികളെ എത്രമാത്രം അകറ്റിയിരിക്കുന്നു, ഈ മഹാന്റെ വിശുദ്ധി ആ ലാളിത്യത്തെ വീണ്ടെടുക്കാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് താഴെ കാണുന്ന പോപ്പിന്റെ വാക്കുകൾ. അത് വിശ്വാസികൾക്ക് അമൃത് പോലെ മധുരവും പുരോഹിതർക്ക് കാരസ്കരം പോലെ കയ്പുനിറഞ്ഞതുമായിരിക്കും. (zn)


"മാമ്മോദീസ, മറ്റ് കൂദാശകൾ, ഓരോ നിയോഗങ്ങൾക്കായുള്ള കുർബാന, തുടങ്ങി വിശ്വാസികളുടെ ഓരോ ആവശ്യത്തിനും പണം ഈടാക്കുക എന്നത് മഹാപാതകമാണ്. ഇത്തരം പാതകങ്ങൾക്ക് മാപ്പില്ല." പോപ്‌ ഫ്രാൻസിസ് വൈദികരെ കുറ്റപ്പെടുത്തുന്നു.

"വൈകികരുടെ ബലഹീനതകളെ നമുക്ക് ക്ഷമിക്കാം. എന്നാൽ പണത്തോടുള്ള അവരുടെ ആർത്തിയും വിശ്വാസികളോട് അവർ അപമര്യാദയായി പെരുമാറുന്നതും പൊറുക്കാനാവുന്ന പാപങ്ങളല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
(21 NOV 2014: Vatican City, Nov 21, 2014 / CNA/EWTN News)

വത്തിക്കാനിലുള്ള വി. മാര്ത്തായുടെ ചാപ്പലിൽ ഈ നവ. 21 ന് കുര്ബാനയുടെ സമയത്ത് യേശു ദേവാലയത്തിൽ കച്ചവടം നടത്തിയവരെ അടിച്ചോടിച്ച കഥ (ലൂക്കായുടെ സുവിശേഷത്തിൽ) വിശകലനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ തിരഞ്ഞ് ദേവാലയത്തിൽ ചെന്നവരിൽ നിന്ന് കാഴ്ചവയ്പ്പിന്റെ പേരിൽ പണം ചോദിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും അത് ദൈവജനത്തിനെതിരെയുള്ള അക്രമമാണെന്നും നാം മനസ്സിലാക്കണം. സാമുവേലിന്റെ അമ്മയായ അന്നയുടെ കഥ ബൈബിളിലുണ്ട്. നിശബ്ദയായി ദൈവത്തോട് അവൾ പ്രാർഥിച്ചുകൊണ്ടിരിക്കേ പുരോഹിതന്റെ അഴിമതിക്കാരായ രണ്ടു മക്കൾ ദേവാലയ സന്ദർശകരിൽ നിന്ന് പണം വാങ്ങുകയായിരുന്നു. അവരെപ്പോലെ നമ്മുടെ വൈദികർ വിശുദ്ധ കർമങ്ങൾക്ക് വിലയിടുന്നതും കാശ് വാങ്ങുന്നതും ഇന്ന് എല്ലായിടത്തും നടക്കുന്നു. അത് കച്ചവടമാണ്. അത് നിങ്ങൾ വിശ്വാസികൾ ചെറുത്തു തോല്പിക്കണം.

ഇതുമായി ബന്ധിപ്പിച്ച് തന്റെ ചെറുപ്പകാലത്തെ ഒരനുഭവം അദ്ദേഹം വിവരിച്ചു. നവവൈദികനായിരിക്കെ, രണ്ടു വധൂവരന്മാർ അവരുടെ വിവാഹകർമത്തോടനുബന്ധിച്ച് കുര്ബാന വേണമെന്ന് ആഗ്രഹിച്ച് വികാരിയെ സമീപിച്ചു. എന്നാൽ രണ്ടിനും അതാതിനുള്ള സമയം കണക്കാക്കി വെവ്വേറെ തുക ഈടാക്കുകയാണ് വികാരി ചെയ്തത്. തന്നെ അത് രോഷാകുലനാക്കി.

പള്ളിക്കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഇത്തരം കച്ചവടരീതികൾ അവലംബിക്കുമ്പോൾ ദൈവജനം യേശുവിനെപ്പോലെ പ്രതികരിക്കണം എന്നാണ് മാര്പാപ്പാ പറഞ്ഞത്. യേശു അന്ന് ദേവാലയ പരിസരത്ത് ചാട്ടവാർ ഉപയോഗിച്ചത് വെറുതേ തൻറെ കോപം തീർക്കാനല്ലായിരുന്നു, മറിച്ച്, ദൈവത്തിന്റെ ആലയത്തോടുള്ള സ്നേഹത്താൽ പ്രചോദിതനായിട്ടായിരുന്നു. നമ്മുടെ ദേവായത്തിന്റെ സൂക്ഷിപ്പുകാർ, വൈദികരായാലും അല്മായരായാലും, അതിന്റെ പരിശുദ്ധിയെ കാത്തു സൂക്ഷിക്കണം. ദൈവശുശ്രൂഷ വിശ്വാസികളുടെ അവകാശമാണ്. അതിന് പണം വാങ്ങുന്നത് തെറ്റാണ്, കൊടും പാതകമാണ്, അതനുവദിച്ചുകൊടുക്കരുത്. കൂദാശകൾ പോലുള്ള വിശുദ്ധ കർമങ്ങൾക്ക് ഫീ ഈടാക്കുന്നത് വലിയ ഉതപ്പായി കാണേണ്ടതുണ്ട്. ഇത്തരക്കാരെപ്പറ്റിയാണ് കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ എറിഞ്ഞ് കൊല്ലപ്പെടേണ്ടവർ എന്ന് യേശു പറഞ്ഞത്. രക്ഷ ദൈവത്തിന്റെ ദാനമാണ്. അത് നമുക്ക് നേടിത്തന്ന യേശു പണത്തിനും സമ്പത്തിനും എതിരായിട്ടാണ് എപ്പോഴും നിലകൊണ്ടത്. അതായിരിക്കണം നമ്മുടെ ഇടവകകളുടെയും നിലപാട്. അത് സാധ്യമാക്കാൻ വിശ്വാസികള്ക്ക് കടമയും അവകാശവുമുണ്ട്.

അന്ന്, നവ. 21, കന്യാമാതാവിന്റെ ദേവാലയത്തിലുള്ള സമർപ്പണത്തിന്റെ ഒർമയായിരുന്നു. അന്നയെപ്പോലെ വിശുദ്ധവും നിഷ്ക്കളങ്കവുമായ മനസ്സോടെയാണ് കന്യാമറിയവും ദേവാലയത്തിൽ പ്രവേശിച്ചത്‌. പുരോഹിതരുടെ കച്ചവടമനസ്ഥിതി ഈ പരിശുദ്ധിക്ക് എതിരാണ്. പള്ളിയിൽ എത്തുന്ന ഓരോ സന്ദർശകനെയും സന്ദർശകയെയും കന്യാമറിയത്തെ എന്നപോലെ വേണം പുരോഹിതർ കാണേണ്ടത്. നമ്മുടെ അമ്മയെപ്പോലെ പരിശുദ്ധമായ ദേവാലയാന്തരീക്ഷത്തിനായി എല്ലാ വിശ്വാസികളും ജാഗ്രത പുലർത്തണമെന്നയിരുന്നു പോപ്‌ ഫ്രാൻസിസിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം .6 comments:

 1. I thank you Zach for giving a brief rendering in Malayalam of the latest pronouncement of Pope Francis on fixing payments for each of the spiritual services in the church even for Saying various varieties of Mass. Just think of ordinary Mass, Gregorian Mass, Rasa, Pattukurbana, Natathuranna Kurbana etc.Those of us who used to point it out, how ludicrous it is, long long ago can now shout with some joy and confidence in the company of Pope Francis.

  "To beg I am ashamed and to work I am unable" because of not being used to or being lazy. So what will the clergy do to a have a square meal? "He that does not work should not eat" says the Bible. Our elders used to say Purgatory is the stomach of priests, half in joke and half in earnest. Truth of course was more in the earnest part of it. They may have to learn tent making like Paul or Bishops should introduce some professional course in seminaries which will get them at least a par time job besides saying Mass and administering sacraments.I have all my honest sympathies for ever so many good priests. james kottoor

  ReplyDelete
 2. പോപ്പിനെ വകവയ്ക്കാത്ത നമ്മുടെ നാട്ടുമെത്രാന്മാർ അവർ ഇരിക്കുന്ന കൊമ്പു വെട്ടുന്ന ഈ നിർദ്ദേശം നടപ്പാക്കുമോ എന്നത് കണ്ടറിയണം. വിശ്വാസികൾ സമരം ചെയ്ത് എല്ലാ ശുശ്രൂഷാഫീയും നിറുത്തലാക്കിയാലും, കൈയൊന്നു പൊക്കുന്നതിനുപൊലും കൂലി ചോദിക്കുന്ന നമ്മുടെ ആത്മീയ ശുശ്രൂഷകർ, നാട്ടുനടപ്പായ കൈക്കൂലിയിലേയ്ക്കു തിരിയും. സത്യത്തിൽ ഇങ്ങനെയൊരു പരിഷ്ക്കാരം പ്രശനമൊന്നുമുണ്ടാക്കുന്നില്ല, കാരണം, എല്ലാ വൈദികർക്കും ശമ്പളമുണ്ട്. അതിനുള്ള തുക ഓരോ ഇടവകയുടെയും ആസ്തികളിൽ നിന്നും വിശ്വാസികളുടെ പക്കൽ നിന്നും രൂപത ശേഖരിക്കുന്നുണ്ട്. ആത്മീയ ജോലികൾ മുഴുവൻ സമയ ജോലിയല്ലാത്ത വൈദികർക്ക് മറ്റു ജോലികളിൽ ഏർപ്പെടാം. അക്കൂടെ മണ്ണിൽപ്പണിയും തീർച്ചയായും വരണം. അതോടെ അവരുടെ തന്നെ ആദ്ധ്യാത്മിക ജീവിതം പുഷ്ടിപ്പെടുമെന്ന നേട്ടവുമതിനുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പുരോഹിതരാണ് വേണ്ടാതീനങ്ങളിൽ മുഴുകി സമൂഹത്തിന് ഉതപ്പായിത്തീരുന്നത്.
  ഈ മർമചികിത്സക്ക് പാപ്പായെ വണങ്ങണം.

  ReplyDelete
 3. മനുഷ്യര്‍ക്കു "വിശുദ്ധര്‍"പദവി കൊടുക്കുന്ന പരിശുദ്ധപോപ്പും, അദ്ദേഹത്തിന്‍റെ സമകാലീന സഭാപ്രശനങ്ങളുടെ മേലുള്ള ചിന്തകളും സക്കരിയാച്ചായെന്‍ ഇവിടെ കുറിച്ചത്, ഒരാവര്‍ത്തി വായിച്ചു മനസിലാക്കിയില്ലെങ്കില്‍ നഷ്ടം നമുക്കുതന്നെ എന്ന് ഏവരും അറിഞ്ഞിരിക്കുന്നത് നന്ന് !
  "പള്ളികളെന്ന" പേരില്‍ നാടുനീളെ നാട്ടാരുടെ പണംകൊണ്ട് "കള്ളന്മാരുടെ ഗുഹകളാണ്‌" കാലം പണിതിരിക്കുന്നത് ! അവിടെ കള്ളപ്പരീസരും കത്തനാര്‍വൃന്ദവും കൂടി നടത്തുന്ന പകല്‍കൊള്ള നിയന്ത്രിക്കാന്‍ ഒരു "സദാചാരപോലീസ്‌യൂണിറ്റ്" ഓരോ പള്ളികളിലും ഉണ്ടാകേണ്ടിയിരിക്കുന്നു! കത്തനാരുടെയും സിന്കിടികളുടെയും തോന്യവാസ പണപ്പിരിവും പണധൂര്‍ത്തും പള്ളിവാഴ്ചയും പാതിരിയുടെ അവിഹിതങ്ങളും അവയെതുടര്‍ന്നുള്ള അയാളുടെ കൂദാശ ചെയ്യാനുള്ള വിലക്കും ഈ യൂണിറ്റു വിധിച്ചു നിയന്ത്രിക്കണം ! പണ്ടത്തെ "പഞ്ചായത്തുരാജ്" പോലെ അല്പമെങ്കിലും വിവരവും വിവേകവും വിശുദ്ധിയും ഉള്ളവാരായിരിക്കണം സദാചാര യൂണിറ്റില്‍ കയറികൂടെണ്ടതും ! എങ്കില്‍ കര്‍ത്താവിനിത്തിരി ആശ്വാസമായി ! .

  ReplyDelete
 4. എല്ലാ വൈദികർക്കും ശമ്പളമുണ്ടെങ്കിൽ കുർബ്ബാനപ്പണം പള്ളിക്കണക്കിൽ ചേർക്കണം. അച്ചന് നിത്യവിർത്തിക്ക് ശബളം പോരെന്നുണ്ടെങ്കിൽ അത് പള്ളിക്കാർ കൂട്ടി കൊടുക്കണം. അമേരിക്കയിലെ രൂപതകളിൽ അച്ചന്മാർക്ക് ശബളമാണ്. കുർബ്ബാനപ്പണം പള്ളിക്കണക്കിൽ ചേർക്കും. എല്ലാരൂപതകളിലും ഇങ്ങനെയാണോയെന്ന് എനിക്കറിയില്ല. അമേരിക്കൻ വികാരിമാർ കുർബ്ബാന ചെല്ലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ കുർബ്ബാന ചെല്ലിക്കുന്നതിൽ കാര്യമില്ലന്നുള്ള തിരിച്ചറിവ് ഇപ്പോൾ വിശ്വാസികൾക്കുണ്ട്. അതിനാൽ കുർബ്ബാന ചെല്ലിക്കുന്നതിൽ അവർ തല്പരരുമല്ല. ഒരുകാലത്ത് അമേരിക്കയിലെ കുര്ബ്ബനപ്പണമായിരുന്നു ഇന്ത്യൻ മെത്രാന്മാരുടെ വരുമാനത്തിലൊന്ന്. ഇപ്പോൾ കുര്ബ്ബാനപ്പണമൊഴുക്ക് കുറവാണ്. ഇപ്പോഴത്തെ വാൻവരുമാനം വൈദിക ഔട്ട്സോഴ്സിങ്ങാണ്.

  ഗവണ്‍മെൻറ്റ് ഉദ്ധ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങുന്നതിന് തുല്യമാണ് അച്ചന്മാർ കൂദാശകൽക്ക് പൈസ വാങ്ങിക്കുന്നത്. കാരണം ഇടവകക്കാരുടെ ആത്മീയകാര്യങ്ങൾക്കുള്ള സേവനത്തിനാണ് അച്ചനെ വച്ചിരിക്കുന്നതും അദ്ദേഹത്തിന് ശബളം പള്ളിക്കാർ നല്കുന്നതും. കൂദാശകൾക്ക് പൈസ വാങ്ങുന്നതിലും മെച്ചം ശബളം കൂട്ടികൊടുക്കുന്നതാണ്.

  ReplyDelete
 5. നാം ദൈവത്തിൽ വിസ്വസിക്കണോ സഭയിൽ വിസ്വസിക്കണൊ? ക്രിസ്തുവിൽ വിസ്വസിക്കണോ പുരൊഹിതരിൽ വിസ്വസിക്കണോ? സഭ പരസ്പര വിരുദ്ധമായതിനാൽ പലതും വിസ്വസിക്കണം.പൌരോഹിത്യം പരസ്പര വിരുദ്ധമായതിനാൽ പലതും വിസ്വസിക്കണം. അതിനാൽ ഞാൻ ത്രീയേക ദൈവത്തിൽ വിസ്വസിക്കാൻ തീരുമാനിച്ചു

  ReplyDelete
 6. "ഞാൻ ത്രീയേക ദൈവത്തിൽ വിസ്വസിക്കാൻ തീരുമാനിച്ചു"എന്ന ശ്രീ Mathew Kuruppan ടെ തീരുമാനം കൊള്ളാം ! പക്ഷെ ഈ 'ത്രിത്വം' ഹിന്ദുക്കള്‍വിശ്വസിക്കുന്ന "ബ്രഹ്മ വിഷ്ണു മഹേശ്വര ' ചിന്തയിലും ഉണ്ടല്ലോ! അപ്പോള്‍ നമ്മുടെ 'തൃത്വമോ' അവരുടെ 'ത്രിത്വമോ' ഏതാണ് സത്യം എന്ന ചോദ്യം വരില്ലേ മാത്യു ? ആയതിനാല്‍ ലോകത്തുള്ള സകലമാന മതങ്ങളും പറയുന്ന ഈ കോടാനുകോടി ദൈവങ്ങളെ നമുക്കവരുടെ പാട്ടിനു വിടാം ! എന്നിട്ട് നമ്മില്‍ നിരന്തരം മരുവി നമ്മെ ജീവിപ്പിക്കുന്ന, നിത്യവുംസത്യവുമായ ആ ചൈതന്യത്തില്‍ വിശ്വസിക്കാം.. അനുഭവിച്ചറിയാം.. അവനില്‍ ആശ്വസിച്ചു ആനന്ദിക്കാം.. മാത്യുചായാ ..അതുപോരെ ? അതിനായുള്ള best വഴി (ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു) , എന്നരുളിയവന്‍പറഞ്ഞുതന്ന വഴിയിലൂടെ നമുക്ക് ജീവിതയാനം ചെയ്യാം ..ഇനിയെങ്കിലും ഒന്ന് വായിക്കൂ വി.മാത്യുവിന്റെ ആറിന്റെ ആറു എന്റെ മാത്യു...

  ReplyDelete