Translate

Wednesday, November 19, 2014

സ്വവംശവിവാഹനിഷ്ഠയുടെ പേരില്‍ ക്‌നാനായക്കാരെ പുറത്താക്കുന്ന നടപടി നിയമാനുസൃതമോ?


അലക്‌സ് എസ്തപ്പാന്‍, കാവുംപുറത്ത് (ന്യൂയോര്‍ക്ക്)

(ഇന്ന് സീറോ സഭക്കുള്ളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ക്നാനായാ സമുദായത്തിലെ വംശശുദ്ധി പ്രശ്നം നമ്മുടെ മെത്രാന്മാര്‍ എങ്ങനെ വഷളാക്കുന്നുവെന്നും, അതില്‍ ഉണ്ടാവേണ്ട ഒരേ ഒരു പരിഹാരം എന്തായിരിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ശ്രി. ജോര്‍ജ്ജു മൂലെച്ചാലില്‍ സത്യജ്വാലയില്‍ എഴുതിയ മുഖക്കുറി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.

“.....ദീര്‍ഘകാലമായി ക്‌നാനായസമുദായത്തില്‍ അകാരണമായി അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിനു പരിഹാര'മെന്ന വ്യാജേന, ഷിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കു കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വത്തില്‍നിന്ന്, സമുദായം മാറി വിവാഹംകഴിച്ചവരുടെ ഭാര്യമാരെയും മക്കളെയും പുറത്താക്കുവാന്‍പോകുന്നു! അവര്‍ വേറെ ഇടവകകളില്‍ അംഗത്വമെടുക്കണമെന്നാണു കല്പന. ഭര്‍ത്താവിന്‍റെ ഇടവകാംഗത്വം മാത്രമേ ക്‌നാനായ ഇടവകകളില്‍ നിലനിര്‍ത്താനാകൂപോലും! 'ദൈവം സംയോജിപ്പിച്ചവരെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ!' എന്ന യേശുവചനത്തെ ധിക്കരിച്ചുകൊണ്ട്, ഈ മെത്രാന്‍ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നെടുത്തതും സീറോ-മലബാര്‍ മെത്രാന്‍സംഘം മൗനംകൊണ്ടെങ്കിലും അംഗീകരിച്ചെന്നു കരുതാവുന്നതുമായ ഈ തീരുമാനം ബൈബിള്‍വിരുദ്ധമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല........” (മുഖക്കുറി മുഴുവന്‍ വായിക്കുക എഡിറ്റര്‍). 

സ്വവംശ വിവാഹനിഷ്ഠയുടെ പേരില്‍ ക്‌നാനായക്കാരെ സഭയില്‍ നിന്നും സമൂഹത്തില്‍നിന്നും പുറത്താക്കുന്ന നടപടിക്കെതിരെ ക്‌നാനായസഭയിലും സമുദായത്തിലും  കൂടുതല്‍ കൂടുതല്‍ എതിര്‍പ്പുകള്‍ ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വംശീയവിവേചനത്തിന്‍റെതായ ഈ നടപടി അമേരിക്കന്‍ സാമൂഹിക നിയമങ്ങള്‍ക്ക് എതിരായതുകൊണ്ട് കേരളത്തില്‍നിന്ന് അത് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുവാന്‍ പാടില്ല എന്നു പൗരസ്ത്യതിരുസംഘം 1986-ല്‍ത്തന്നെ, ക്‌നാനായസമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.  എന്നാല്‍, ഈ കല്പന സ്വീകരിക്കുവാനോ നടപ്പിലാക്കുവാനോ ക്‌നാനായ സമുദായവും സഭയും ഇതുവരെ തയാറായിട്ടില്ല,  എന്നു മാത്രമല്ല, അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്. കോട്ടയം രൂപതാ മെത്രാപ്പോലീത്തായുടെ പ്രേരണയാല്‍, സീറോ-മലബാര്‍ സിനഡ്  ഈ അടുത്തകാലത്ത് അംഗീകരിച്ച പുതിയ അംഗത്വതീരുമാനം ഇതിനൊരു ഉദാഹരണമാണ്. ക്‌നാനായ വംശശുദ്ധി സംരക്ഷിക്കുന്നതിന് സഭയുടെ അടിസ്ഥാനപരമായ തത്വങ്ങളെപ്പോലും ബലികഴിക്കുവാന്‍ സഭാധികാരികള്‍ തയ്യാറാകുന്നു എന്നത് വളരെ ഖേദകരമാണ്.

ബിജു ഉതുപ്പ് കേസ്സ്
1990-ല്‍ കോട്ടയം മുന്‍സിഫ് കോടതിയും അതിനുശേഷം അപ്പീല്‍ കോടതിയും, വംശശുദ്ധിയുടെപേരില്‍ ക്‌നാനായക്കാരെ കോട്ടയം രൂപതയില്‍നിന്നു പുറത്താക്കുന്ന നടപടിക്കെതിരെ വിധി എഴുതുകയുണ്ടായി. ബിജു ഉതുപ്പ് എന്ന ക്‌നാനായക്കാരന്‍റെ പേരില്‍ അറിയപ്പെടുന്ന ആ കേസ് ക്‌നാനായ  സമുദായ-സഭാചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യായമാണ്. 

'ഒരു ക്‌നാനായക്കാരന്‍ വിവാഹം ചെയ്യുന്ന ക്‌നാനായേതര സ്ത്രീയും അവരുടെ മക്കളും ക്‌നാനായസമുദായത്തിന്റെ ഭാഗമായിരിക്കും' എന്നതായിരുന്നു ആ വിധി. സുപ്രീം കോടതി വിധിയുടെയും സഭാനിയമങ്ങളുടെയും പൗരാവകാശങ്ങളുടെയും ചരിത്രവസ്തുതകളുടെയും ക്രൈസ്തവ വിശ്വാസസത്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു, കോട്ടയം മുന്‍സിഫ് കോടതിയും അപ്പീല്‍കോടതിയും ഈ വിധിപ്രഖ്യാപനം നടത്തിയത്. ഓരോ ക്‌നാനായക്കാരന്‍റെയും വ്യക്തിസ്വാതന്ത്ര്യവും ജന്മാവകാശവും ഊട്ടിയുറപ്പിച്ച ചരിത്രവിധി എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിധിപ്രസ്താവമായിരുന്നു അത്. ഈ കോടതിവിധിക്ക് ആസ്പദമായ സുപ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്നു നമുക്കൊന്നു പരിശോധിക്കാം:
“The Supreme Court of India in N. E. Horo v. Smt. Jahan Ara Jaipal Singh (A. I. R. 1972) ruled that even if a female is not a member of a tribe by virtue of birth, she having been married to a tribal after observance of the formalities would belong to the communtiy to which her husband belongs.”

സുപ്രീംകോടതിയുടെ ഈ വിധിപ്രകാരം, വേറൊരു സമുദായത്തില്‍നിന്നു വിവാഹം കഴിക്കുന്ന ക്‌നാനായക്കാരനെ ആ സമുദായത്തില്‍നിന്നു പുറത്താക്കാനോ അവന്‍റെ ഭാര്യക്കും മക്കള്‍ക്കും സമുദായാംഗത്വം നിഷേധിക്കുവാനോ ക്‌നാനായസഭയ്ക്കും സമുദായത്തിനും അധികാരമില്ല എന്നത് വളരെ വ്യക്തമാണ്.

പൗരസ്ത്യസഭകളുടെ നിയമമനുസരിച്ച്, വേറൊരു റീത്തില്‍പ്പെട്ട സ്ത്രീ വിവാഹിതയാകുമ്പോള്‍, ആ സത്രീക്ക് ഭര്‍ത്താവിന്‍റെ റീത്തിലും പള്ളിയിലും ചേരുവാന്‍ വിവാഹസമയത്തോ അതിനുശേഷമോ സ്വാതന്ത്ര്യമുണ്ട്. തോമസ് തറയില്‍ പിതാവും കുന്നശ്ശേരി പിതാവും ക്‌നാനായക്കാരന്‍റെ ക്‌നാനായേതര ഭാര്യയെ ക്‌നാനായ പള്ളികളിലും സമുദായത്തിലും അംഗങ്ങളാകാന്‍ അനുവദിച്ചിട്ടുണ്ട്.

പഴയനിയമത്തിലെ റൂത്തിന്‍റെ ചരിത്രവും ദാവീദുരാജാവിന്‍റെ പൈതൃകചരിത്രവും ഉദ്ധരിച്ചുകൊണ്ട് കോടതി കണ്ടെത്തിയത്, ക്‌നാനായക്കാര്‍ എ ഡി 345-ല്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പ് സ്വവംശവിവാഹനിഷ്ഠ പാലിച്ചിരുന്നില്ല എന്നാണ്. ഏ ഡി 345-ല്‍ ക്‌നാനായ പൂര്‍വ്വികര്‍ പുറപ്പെട്ടപ്പോള്‍ കൊടുത്ത ഉപദേശം സ്വവംശവിവാഹനിഷ്ഠ പാലിക്കുവാനുളളതായിരുന്നില്ല എന്നു കോടതി കണ്ടെത്തുകയുണ്ടായി. ക്‌നാനായ് തൊമ്മന്‍ ഇന്ത്യയില്‍ വന്നതിനുശേഷം തദ്ദേശീയയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയുണ്ടായി എന്നും കോടതി കണ്ടെത്തി. ഇത് ക്‌നാനായക്കാര്‍ ഇന്ത്യയില്‍ വന്നതിനുശേഷം തുടര്‍ച്ചയായി വംശശുദ്ധി പാലിച്ചിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നു.

ക്‌നാനായക്കാരായി ജനിക്കാത്തവരും ക്‌നാനായസമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിച്ചവരുമായ അനേകം പേര്‍ കോട്ടയം രൂപത വക പള്ളികളില്‍ ഇടവകക്കാരായി കഴിയുന്നുണ്ട് എന്നും കോടതി കണ്ടെത്തി. 1911-ല്‍ പരിശുദ്ധ സിംഹാസനം കോട്ടയം രൂപത സ്ഥാപിച്ചുകൊണ്ടു പുറപ്പെടുവിച്ച കല്പനയില്‍, ക്‌നാനായസമുദായത്തിന്‍റെ വംശീയ സ്വഭാവത്തെപ്പറ്റി ഒരു പരാമര്‍ശവും ഇല്ല.  കോട്ടയം മെത്രാന് 1955-ല്‍ ക്‌നാനായക്കാരുടെമേല്‍ personal jurisdiction നല്‍കിയെന്നത് endogamy practice--നു തെളിവോ നീതീകരണമോ ആകുന്നില്ല.
“A custom to be recognized by a court of law should be certain and compulsory, but the custom of endogamy is loosely and variably practiced to suit the time and convenience and that is not compulsory in the strict sense.” അതുകൊണ്ട്, ക്‌നാനായക്കാരുടെ വംശശുദ്ധിപാലനത്തിന് നിയമപരമായി ഒരു സാധുതയും ഇല്ല.

സഭയും സമുദായവും ഒന്നല്ല എന്നുള്ളതാണ് കാനോന്‍ നിയമത്തിന്‍റെ കാഴ്ചപ്പാട്.  കോട്ടയം രൂപതയുടെ സ്ഥാപനം, നിയമസാധുതയുള്ള ഒരു വംശീയ പാരമ്പര്യം ആ സമുദായത്തില്‍ നിലനിന്നിരുന്നു എന്ന് അനുമാനിക്കുന്നതിനുളള തെളിവല്ല. മുകളില്‍ കൊടുത്തിരിക്കുന്ന തെളിവുകളുടെയും മറ്റു പല സത്യങ്ങളുടെയും വെളിച്ചത്തില്‍ പ്രഖ്യാപിച്ച ഈ കോടതിവിധിയെ മാനിച്ച് സമുദായത്തിന്‍റെ പാരമ്പര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സഭയും സമുദായവും തയ്യാറാകേണ്ടതാണ്. എന്നാല്‍, ക്‌നാനായസമുദായവും സഭയും ഈ കോടതിവിധിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ ഇതുവരെ തയാറായിട്ടില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്. ഈ അടുത്തകാലത്ത് നിയമവാഴ്ചക്കെതിരായ ഒരു പ്രവണത ക്‌നാനായസഭാധികരികളില്‍ വളര്‍ന്നുവരുന്നത് അപലപനീയമാണ്.

ആധുനിക ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലും, ക്‌നാനായസമുദായം വംശശുദ്ധി നിലനിര്‍ത്തിയ ഒരു സമുദായമല്ല എന്ന് ഈ അടുത്തകാലത്ത് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ക്‌നാനായസമൂഹം Middle-Eastലെയും ഇന്ത്യയിലെയും ജീനുകളുടെ ഒരു സങ്കരസമൂഹം ആണെന്നാണ് DNA test-കളിലൂടെ ശാസ്ത്രീയമായി കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍, വംശശുദ്ധിയുടെപേരില്‍ ക്‌നാനായക്കാരെ പുറത്താക്കേണ്ട കാര്യമെന്താണ്?

കോടതി വിധികളെയും ശാസ്ത്രീയതെളിവുകളെയും സഭാനിയമങ്ങളെയും മാനിക്കാതെ, വംശശുദ്ധിയുടെപേരില്‍ ക്‌നാനായസമുദായവും സഭാധികാരികളും നടത്തിക്കൊണ്ടിരിക്കുന്ന അനീതിയും വിവേചനവും അവസാനിപ്പിക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്.  യേശുവിന്‍റെ തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ട ക്‌നാനായ ജനതയെ, ശുദ്ധരക്തവാദത്തിന്‍റെ പേരില്‍ നാശത്തിലേക്കു നയിക്കണമോ എന്ന് ക്‌നാനായ പിതാക്കന്മാരും വൈദികരും സമുദായനേതാക്കന്മാരും ചിന്തിക്കുക.  

No comments:

Post a Comment