Translate

Thursday, November 20, 2014

'തെക്കുംഭാഗരും വടക്കുംഭാഗരും'


The Edicts, Copper Plates and Privileges- Quilon (Tarisapalli) plates


(2014  നവംബര്‍ മാസം സത്യജ്വാലയില്‍ നിന്ന്)
ഏതാനും ഉദ്ധരണികൾ
(1940-ൽ ശ്രീ ജോസഫ് ചാഴികാട്ട് എഴുതിയ 'തെക്കുംഭാഗചരിത്രം' എന്ന ഗ്രന്ഥത്തെ നിരൂപണം ചെയ്ത്, 1944-ശ്രീ ജോസഫ് കൂർമ്മാങ്കൻ, 'തെക്കുംഭാഗരും വടക്കുംഭാഗരും' എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒട്ടേറെ ചരിത്രസത്യങ്ങളടങ്ങുന്ന ഈ ഗ്രന്ഥത്തിൽനിന്നും ഏതാനും ഉദ്ധരണികൾ താഴെ കൊടുക്കുന്നു - എഡിറ്റർ സത്യജ്വാല.

''...അവരുടെ പുരാതനപ്പാട്ടു'കളുടെ ആദ്യപതിപ്പിലാകട്ടെ, മാക്കീൽ മെത്രാനച്ചന്‍റെ നാളാഗമം മുതലായ ഇതരകൃതികളിലാകട്ടെ, ക്‌നാനായശബ്ദം ഒരിക്കലും പ്രയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. അവിടെയൊക്കെ 'തെക്കുംഭാഗ'ശബ്ദമാണു കാണുന്നത്. 'പുരാതനപ്പാട്ടു'കളുടെ രണ്ടാം പതിപ്പിലാകട്ടെ, 'തെക്കുംഭാഗ'ശബ്ദത്തെ മാറ്റി സർവ്വത്ര 'ക്‌നാനായ'ശബ്ദം ഉപയോഗിച്ചിരിക്കുന്നു...'' (പേജ് : 67).
''...1870-ാം കാലം മുതൽ, തങ്ങളുടെ സമുദായം ഇങ്ങനെ പ്രശസ്തിയില്ലാതെ അധഃപതനാവസ്ഥയിൽ കിടന്നാൽ പോരാ എന്നുകരുതി സ്വയം ഉയരുന്നതിനുവേണ്ടി, പുലിക്കോട്ടു മെത്രാച്ചന്‍റെ കാര്യദർശി ആയിരുന്ന കോട്ടയം വലിയപള്ളി ഇടവകക്കാരൻ ഇടവഴിക്കൽ പീലിപ്പോസു മുതൽ പേരും നീലംപേരൂർ പള്ളിക്കാരും യാക്കോബായ സഭയിൽപ്പെട്ട  മറ്റു തെക്കുംഭാഗരും ഒന്നുചേർന്ന് ആലോചിച്ച് തങ്ങൾ കാനാൻദേശത്തുനിന്നു വന്നവരാണെന്നും മറ്റും പറഞ്ഞുപരത്തി. പീലിപ്പോസ് ചില രേഖകളും നിർമ്മിച്ചു.' ഇങ്ങനെ തെക്കുംഭാഗരിൽ യാക്കോബായ സഭയിൽപെട്ടവരുടെ ഇടയിലാണ് 'ക്‌നാനായക്കാർ' എന്ന പേര് ആദ്യം തുടങ്ങിയത്. ഇടവഴിക്കന്‍റെ ക്‌നാനായക്കമ്മട്ടിയെ അനുകരിച്ച് പിന്നീടാണ് കത്തോലിക്കരായ തെക്കുംഭാഗർ ഉന്നമനത്തിനായി പരിശ്രമിക്കാനും 'ക്‌നാനായക്കാർ' എന്ന പേരുപേറാനും തുടങ്ങിയത്...'' (പേജ് : 68-69).
''...മലയാളത്തുനിന്ന് ഒരു യാക്കോബായ വൈദികനായ മത്തായി എന്ന ദേഹം 18-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ സുറിയാനിയിൽ എഴുതിയതുമായ ഒരു കൃതിയും അതിന്‍റെ ലത്തീൻ ഭാഷാന്തരവും എന്നെ കാണിച്ചു. അതിൽ (സുറിയാനിമൂലത്തിൽ) ക്‌നായി തൊമ്മനേപ്പറ്റി പറഞ്ഞിരിക്കുന്നതു തോമ്മാ തംഗാറാ (ഓർശ്ലെമ്മായാ) എന്നാണത്രെ. തംഗാറാ എന്നതിന്‍റെ അർത്ഥം കച്ചവടക്കാരൻ എന്നും ആണത്രെ. ക്‌നാൻ അഥവാ ക്‌നായി തോമ്മാ കാനാനഗരവാസി, അല്ലെങ്കിൽ ക്‌നാൻദേശവാസി, ആയ തോമ്മാ എന്നല്ല അർത്ഥമാക്കേണ്ടത് എന്നും, പ്രത്യുത കച്ചവടക്കാരൻ തോമ്മാ എന്നാണെന്നും അഭിജ്ഞന്മാരായ ആളുകൾ അന്നുമുതൽ ഇന്നുവരെ ഗ്രഹിച്ചുവരുന്നു എന്നും സുവിദിതമാണ്. അജ്ഞന്മാരും സ്വാർത്ഥലോലുപന്മാരുമായ പണ്ഡിതമ്മന്യന്മാർ മാത്രമാണ് മറ്റുവിധത്തിൽ അർത്ഥം കല്പിക്കുന്നത്...'' (പേജ് : 93-94).
''...എഡേസ്സായിലെ ഒരു മാർ യൗസേപ്പ് മെത്രാൻ ഇങ്ങനെ ക്‌നായിതോമ്മായുടെകൂടെ ജോലി ഒഴിഞ്ഞുപോന്നു എന്നു പറയുന്ന കാലഘട്ടംവരെയുള്ള എഡേസ്സാമെത്രാന്മാരുടെ ഒരു പട്ടികയും ഫൊർട്ടെസ്‌ക്ക് കൊടുത്തിട്ടുണ്ട്. ആ കൂട്ടത്തിലെങ്ങും യൗസേപ്പ് മെത്രാൻ എന്ന പേരുപോലും കാണുന്നില്ല. അതിനാൽ ഈ കഥ മുഴുവനും ഒരു കെട്ടുകഥയാണ് എന്ന് അനുമിക്കാനേ നിവൃത്തിയുള്ളൂ. തന്നിമിത്തം ക്‌നായിതോമ്മായുടെ ജന്മദേശം ഓർശ്ലമാണ് എന്നു പറഞ്ഞിരിക്കുന്നതും വിശ്വാസയോഗ്യമല്ല...'' (പേജ് : 105).
''...അന്നത്തെ (18-ാം നൂറ്റാണ്ടിലെ) വാദഗതി മത്തായിക്കത്തനാർ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'രാജാവിൽ നിന്നും ഇവയൊക്കെ (വിശേഷപദവികളും മറ്റും) ലഭിച്ചശേഷം പള്ളിയും പട്ടണവും പണിയേണ്ടതിലേയ്ക്ക് അവർ മാലിയാങ്കരയ്ക്ക് പിന്തിരിഞ്ഞു. രാജാവിൽനിന്നും ദാനമായി കിട്ടിയ കുരങ്കല്ലൂർ എന്ന സ്ഥലത്ത് പള്ളി പണിതു. അവിടെത്തന്നെ കിഴക്കുനിന്നു പടിഞ്ഞാറോട്ട് ഇരുവശത്തുമായി 472 വീടുകൾ ഉൾപ്പെടുന്ന പട്ടണവും പണിത് അവിടെ മുറപോലെ പാർത്തു.' - നോക്കണം, ഇവിടെ പറഞ്ഞിട്ടുള്ളത് കിഴക്കുനിന്നു പടിഞ്ഞാറോട്ട് ഇരുപന്തികളിലുമായി-അതായത് തെക്കും വടക്കും ഭാഗങ്ങളിലായി 472 വീടുകൾ ഉണ്ടാക്കി മുറപ്രകാരം പാർപ്പുതുടങ്ങി എന്നാണല്ലോ. ക്‌നായിത്തൊമ്മന്‍റെകൂടെ വന്നവരാണ് ഇങ്ങനെ രണ്ടുഭാഗത്തായി-വടക്കു നാനൂറും തെക്ക് എഴുപത്തിരണ്ടും - വീടുകൾ പണിതു പാർക്കുന്നത് എന്നു നാം അനുസ്മരിക്കണം. ഏതദ്ദേശീയരായ മാർതോമ്മാ ക്രിസ്ത്യാനികളാകട്ടെ, അന്ന് പാലയൂർ മുതൽ കൊടുങ്ങല്ലൂർവരെ ഒന്നായി കിടന്നിരുന്ന വിസ്തൃതമായ പട്ടണത്തിലും, കോക്കമംഗലം, നിരണം, ചായൽ, കൊല്ലം മുതലായ പ്രദേശങ്ങളിലും ഐശ്വര്യവാന്മാരും പ്രതാപവാന്മാരുമായി ജീവിച്ചിരുന്നു...'' (പേജ് : 108-109).
''...ഒരു മദ്ധ്യവയസ്‌കനായ എന്‍റെ ബാല്യകാലത്ത്, വടക്കുംഭാഗരുടെ വിവാഹങ്ങൾക്കു അന്തംചാർത്ത്, നടവിളി, മധുരംകൊട, അടപ്പുതുറ ഇവയൊക്കെയുണ്ടായിരുന്നു. എന്നാൽ കല്യാണം ഒരു ദിവസമെന്ന നിലയിൽ വന്നെത്തിയതിനോടെ പലതും കുറയ്‌ക്കേണ്ടതും കളയേണ്ടതും ആയിത്തീർന്നു.  
Thazhekad Thazhekad Sasanam - Edict      എങ്കിലുംഅന്തംചാർത്തും മധുരംകൊടയും ഇന്നും മിക്കവാറും സർവ്വത്ര ആചരിക്കപ്പെടുന്നുണ്ട്. മൈലാഞ്ചി ഇടീൽ, കുരവ ഇവ നിർത്തൽ ചെയ്തിട്ടു കാലങ്ങൾ വളരെയായി...''(പേജ് : 439).

''......ഈ സന്ദർഭത്തിൽ യൂറോപ്പിൽ ചിലരുടെ തലമണ്ടയിൽ കയറിപ്പറ്റിയിരിക്കുന്ന 'ശുദ്ധരക്ത'വാദത്തിന്റെ ഓർമ്മവരുന്നു. ഹിറ്റ്‌ലറും കൂട്ടരും ശുദ്ധമായ ആര്യരക്തമാണ് തങ്ങളുടെ സിരകളിൽക്കൂടെ പ്രവഹിക്കുന്നത് എന്നുംപറഞ്ഞ് എന്തെല്ലാം അക്രമങ്ങളാണ് കാട്ടിക്കൂട്ടുന്നത്. നമ്മുടെ ശുദ്ധരക്തവാദികൾ യൂദന്മാരിൽനിന്നു തങ്ങൾക്കു സിദ്ധിച്ചതായി വമ്പു പറയുന്ന രക്തമാഹാത്മ്യത്തിൽ വ്യർത്ഥാഭിമാനം കൊള്ളുമ്പോൾ, യൂറോപ്പിലെ ശുദ്ധരക്തവാദികളുടെ ദൃഷ്ടിയിൽ യൂദരക്തം തീരെ അശുദ്ധമാണുപോൽ! തന്നിമിത്തം യഹൂദജാതിക്കു ജർമ്മനിയിൽ കിടക്കപ്പൊറുതിയില്ല. എന്നാൽ, യൂറോപ്പിലെ ഈ കലർപ്പില്ലാ രക്തവാദികൾ സ്വയം നാമകരണംചെയ്യുന്നത് Nordics വടക്കുംഭാഗർ - എന്നാണ് എന്ന ഒരു വ്യത്യാസമുണ്ട്. ഏതായാലും, അതിരുകടന്ന ശുദ്ധരക്തവാദം എന്തെല്ലാം അനർത്ഥങ്ങൾക്കു ഹേതുഭൂതമാകുമെന്ന് ഹിറ്റ്‌ലറിന്‍റെയും കൂട്ടരുടെയും Nordic blood superiority – വടക്കുംഭാഗരക്ത മാഹാത്മ്യം - എന്ന ഈ വഴിപിഴച്ച പ്രസ്ഥാനം പ്രസ്പഷ്ടമാക്കാതിരിക്കുന്നില്ല...''(പേജ്:530).

No comments:

Post a Comment