Translate

Monday, February 20, 2012

അല്‍മായ അവകാശ കണ്‍വന്‍ഷന്‍ - ആഗസ്റ്റ് 22, 2010


(2010, സെപ്റ്റംബര്‍ 2, വ്യാഴാഴ്ച http://catholicreformation-kcrm.blogspot.in എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നത് ചര്‍ച്ച് ആക്ടിനുവേണ്ടിനടത്തപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനവും അന്നു മീഡിയാ അവഗണിച്ചതുമായ ഒരു മഹാസംഭവത്തിന്റെ റിപ്പോര്‍ട്ട്‌ ആണിത് എന്നതിനാലാണ്.)
ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് യേശുവിന്റെ ഉദ്‌ബോധനങ്ങളനുസരിച്ചുള്ളതാണ് - ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുവച്ച് ആഗസ്റ്റ് 22 ഞായറാഴ്ച നടത്തപ്പെട്ട അല്‍മായ അവകാശ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ മോചനത്തിനായി നിലകൊണ്ട ആത്മീയ വിപ്ലവകാരിയെന്ന നിലയില്‍ ആദരിക്കുന്നയാളാണ് താന്‍ എന്നു വ്യക്തമാക്കി. പള്ളിയുടെ സാമൂഹികസേവനതൃഷ്ണയോടു ബഹുമാനമുള്ളതിനാല്‍ തന്റെ വീട് തലശ്ശേരിയിലെ ബിഷപ്പിനു വിട്ടുകൊടുത്ത തനിക്ക് ക്രൈസ്തവവിരുദ്ധമായ യാതൊരു വികാരവും ഇല്ലെന്നും യേശുവിനോടുള്ള ഭക്തികൊണ്ട് നല്കുന്ന സംഭാവനകളിലൂടെ ഉണ്ടാകുന്ന സ്വത്തു ഭരിക്കാനുള്ള അവകാശം ബിഷപ്പിനല്ല ഇടവകക്കാര്‍ക്കായിരിക്കണം എന്നു പറയുന്നത് ധാര്‍മികജനാധിപത്യം മാത്രമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. താന്‍ ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശചെയ്ത ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് ആത്മാര്‍ഥതയുള്ള പല ക്രിസ്ത്യാനികളും ഉന്നയിച്ച വിഷയമെന്ന നിലയില്‍ ഉണ്ടായതാണെന്നും മതേതര, ജനാധിപത്യ താത്പര്യങ്ങളോടുകൂടിയതാണതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാജനാധിപത്യവാദിയായിരുന്ന യേശുവിന്റെ ഉദ്‌ബോധനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബിഷപ്പുമാര്‍ക്ക് ജനാധിപത്യവാദികളാകാതിരിക്കാന്‍ എങ്ങനെ സാധിക്കുമെന്നും പള്ളിവക സ്വത്തുക്കള്‍ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യുന്നത് ധനാപഹരണമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
 


മുല്ലപ്പെരിയാര്‍ ട്രൈബ്യൂണല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ നേരിട്ടുവരാന്‍ സാധിക്കാതെപോയ ജസ്റ്റീസ് കെടി തോമസ് പ്രസംഗം തയ്യാറാക്കി അയച്ചുതന്നിരുന്നത് തുടര്‍ന്ന് വായിച്ചവതരിപ്പിച്ചു. എല്ലാ സാമ്പത്തിക നിര്‍വഹണങ്ങളും നിയമത്തിന്‍ കീഴിലാക്കി ഭരണഘടനയുടെ പേരില്‍ ഭരിക്കപ്പെടുന്ന ഒരു മതവിഭാഗമാകുന്നതിനെ ക്രൈസ്തവര്‍ സ്വാഗതംചെയ്യേണ്ടതാണെന്നും ക്രൈസ്തവരുടെ പള്ളിസ്വത്തുക്കള്‍ ഭരിക്കുന്നതിന് സുതാര്യമായ ഒരു നിയമം ആവശ്യമാണെന്ന ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശിപാര്‍ശ സ്വീകരിക്കാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 


തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരനായ സക്കറിയാ തദ്ദേശസ്വയംഭരണ, സഹകരണസ്ഥാപനങ്ങളില്‍ ജനാധിപത്യം നടപ്പിലാക്കിയപ്പോള്‍ രാഷ്ട്രീയക്കാര്‍ അധികാരം പിടിച്ചെടുത്തതു പോലെ സഭാസ്വത്തുക്കള്‍ ജനാധിപത്യവത്ക്കരിക്കുമ്പോള്‍ സംഭവിക്കരുതെന്നും അതിന് പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പുനല്കി. 


തുടര്‍ന്ന് കേരളത്തിന്റെ സഭാപാരമ്പര്യത്തിനനുസൃതമായി ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ നാല്പതിലേറെ വര്‍ഷങ്ങളായി പോരാടുന്ന ശ്രീ ജോസഫ് പുലിക്കുന്നേലിന് കേരള ക്രൈസ്തവകേസരി പുരസ്‌കാരം പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ എം ജി ദേവസഹായം ഐ എ എസ് സമ്മാനിച്ചു. തുടര്‍ന്ന്, കേരളത്തിന്റെ സഭാപാരമ്പര്യത്തിനനുസൃതമായി ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ നാല്പതിലേറെ വര്‍ഷങ്ങളായി പോരാടുന്ന ശ്രീ ജോസഫ് പുലിക്കുന്നേലിന് 'കേരള ക്രൈസ്തവകേസരി' പുരസ്‌കാരം പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ എം. ജി. ദേവസഹായം ഐ. എ. എസ്. സമ്മാനിച്ചു. ശ്രീ ജോസഫ് പുലിക്കുന്നേല്‍ അവാര്‍ഡു നന്ദിപൂര്‍വം സ്വീകരിച്ചപ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് ദീര്‍ഘനേരം കരഘോഷം മുഴക്കി. അതിനുശേഷം ജെ സി സി അംഗസംഘടനകളുടെ പ്രതിനിധികള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. അമേരിക്കയിലെ ഓശാനവായനക്കാര്‍ക്കുവേണ്ടി ഓശാന റീഡേഴ്‌സ് ഫോറം ഓഫ് ഫ്‌ളോറിഡാ സമാഹരിച്ചയച്ച 25000 രൂപാ അവര്‍ക്കുവേണ്ടി ജെ.സി.സി ട്രഷറര്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ വേദിയിലെത്തി ശ്രീ പുലിക്കുന്നേലിനു നല്കി. ആ തുക അപ്പോള്‍ത്തന്നെ ശ്രീ പുലിക്കുന്നേല്‍ ജെ.സി.സി ചെയര്‍മാന്‍ ശ്രീ ലാലന്‍ തരകനെ സഭാനവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരാനായി ഏല്പിച്ചു. പുതിയ തലമുറ സഭാനവീകരണസംരംഭം ഏറ്റെടുത്തതിന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ശ്രീ പുലിക്കുന്നേല്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ രാജ്യമെങ്ങും ബാധകമാകുംവിധം ചര്‍ച്ച് ആക്ട് നടപ്പിലായിക്കാണുക എന്നൊരാഗ്രഹംമാത്രമേ തനിക്കിനിയും ഉള്ളെന്നും അതു സാധിക്കും എന്നുതന്നെയാണ് തന്റെ പ്രത്യാശയെന്നും പ്രസ്താവിച്ചു. ചിങ്ങം ഒന്നുമുതല്‍ താന്‍ എഴുതിത്തുടങ്ങിയിട്ടുള്ള ആത്മകഥയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ഓരോ കാലഘട്ടത്തിലും പിന്തുണച്ചിട്ടുള്ളവരെയെല്ലാം അനുസ്മരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ശ്രീ ദേവസഹായം നിങ്ങള്‍ ഇവിടെയിരിക്കുന്നതുകൊണ്ടാണ് അവര്‍ (മെത്രാന്മാര്‍ ) അവിടെയിരിക്കുന്നതെന്നും അവര്‍ അവിടെയിരിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ഇവിടെയിരിക്കേണ്ടിവന്നിരിക്കുന്നതെന്നും സദസ്യരെ അനുസ്മരിപ്പിച്ചു. 


ഭാരതത്തിലെ ഭരണഘടനയ്ക്കു വിരുദ്ധമായ പല വകുപ്പുകളുമുള്ള കത്തോലിക്കാ കാനോന്‍ നിയമങ്ങള്‍ക്ക് കോടതികള്‍ സംരക്ഷണം നല്കുന്നതിനെ പ്രതിരോധിക്കേണ്ടതിന്റെയും ചര്‍ച്ച് ആക്ട് രാജ്യംമുഴുവന്‍ ബാധകമാകത്തക്കവിധം പാര്‍ലമെന്റിലും പാസ്സാക്കേണ്ടതിന്റെയും അനിവാര്യത വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. 
കണ്‍വന്‍ഷനില്‍വച്ച് സഭാധികാരത്തിന്റെ അനീതികള്‍ക്കിരയാവുകയും അതിനെതിരെ വ്യക്തിപരമായും നിയമപരമായും പോരാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കുറെപ്പേരെയും ആദരിക്കുകയുണ്ടായി. ഈശോസഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഫാ. ജെ ജെ പള്ളത്ത്, ഞാറയ്ക്കല്‍ ഇടവകവികാരിയുടെയും ഗുണ്ടകളുടെയും ആക്രമണത്തിനുവിധേയരായ സി എം സി സന്ന്യാസിനിമാരുടെ കുടുംബാംഗങ്ങള്‍ , ചരിത്രത്തെ ദളിത് ആഭിമുഖ്യത്തോടെ സമീപിച്ച് നൂറോളം പുസ്തകങ്ങള്‍ രചിച്ച ദളിത്ബന്ധു എന്‍ കെ ജോസ്, കുട്ടിക്കാലം മുതല്‍ സ്വപിതാവിന്റെ ശക്തമായ പിന്തുണയോടെ അവഗണനയ്‌ക്കെതിരെ സമരംനയിച്ച പാരമ്പര്യമുള്ള ഇന്ദുലേഖാ ഇപ്പന്‍ , സന്ന്യാസവൃത്തി സ്വീകരിച്ചിട്ടുള്ളവരുടെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ കാണാനിടയായപ്പോള്‍ സ്വന്തം ഭാര്യയോടൊപ്പം പരാതിപറയാന്‍ ചെന്ന് ഇരിങ്ങാലക്കുട മെത്രാന്റെ സാന്നിധ്യത്തില്‍ പുരോഹിതരില്‍നിന്ന് ശാരീരികമര്‍ദ്ദനമേല്‍ക്കാനും സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാനും ഇടയായ സണ്ണി എടാട്ടുകാരന്‍ , സഭാനവീകരണത്തോട് പരോക്ഷപിന്തുണ പ്രകടിപ്പിച്ചതിന്റെപേരില്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍നിന്നു പിരിച്ചുവിടപ്പെട്ട പ്രൊഫ. സെബാസ്റ്റ്യന്‍ ആന്റണി, പള്ളിച്ചലവിനായി ദാനം ചെയ്ത കുടുംബസ്വത്ത് വിറ്റ് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ശ്രമിച്ച ഇടവകവികാരിക്കെതിരെ കേസ് നല്കി വിജയിച്ച ജെസ്ലിന്‍ കിളിയറ, സണ്‍ഡേസ്‌കൂളിലെ രക്ഷാകര്‍തൃസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ മക്കളെ സണ്‍ഡേസ്‌കൂളില്‍നിന്ന് ഡിസ്മിസ് ചെയ്തതിനെതിരെ കോടതിയില്‍ കേസുകൊടുക്കുകയും അതിന്റെ പേരില്‍ കൂദാശവിലക്കപ്പെട്ടപ്പോള്‍ അതിനെതിരെയും കോടതിയില്‍ പോവുകയും രണ്ടുകേസിനും അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പോള്‍സണ്‍ കൈപ്പമംഗലം, മാര്‍പ്പാപ്പായില്‍നിന്നു വിശുദ്ധകുര്‍ബാന സ്വീകരിക്കുകയും മരിക്കുന്നതിനു രണ്ടാഴ്ചമുമ്പുവരെ നിത്യവും പള്ളിയില്‍ പോവുകയും ചെയ്തിരുന്ന സഹോദരനെ പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വിസമ്മതിച്ച സഭാധികാരികള്‍ക്കെതിരെ കേസ് നടത്തി ജയിച്ച് സഹോദരന്റെ മൃതദേഹം പള്ളിസെമിത്തേരിയില്‍ത്തന്നെ അടക്കുകയും നഷ്ടപരിഹാരം വാങ്ങുകയും ചെയ്ത വക്കച്ചന്‍ ചെലവന, ജോമോന്‍ പുത്തന്‍പുര എന്നിവരെ ആദരിച്ചതിലൂടെ സഭയിലെ മര്‍ദ്ദിതര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അനുഭാവം വ്യക്തമാക്കപ്പെടുകകൂടിയായിരുന്നു.
 


ആരോഗ്യപ്രശ്‌നങ്ങള്‍മൂലം സന്നിഹിതനാകാന്‍ കഴിയാതെപോയ മുന്‍മന്ത്രി പ്രൊഫ. എന്‍ .എ.ം ജോസഫ് തയ്യാറാക്കി അയച്ചുതന്ന പ്രസംഗത്തില്‍ പള്ളിഭരണം നിയമവിധേയമാക്കിയാല്‍ സമൂഹസമ്പത്ത് ഗവണ്‍മെന്റ് കയ്യേറുകയും സമുദായത്തിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യില്ലേ എന്ന ചോദ്യത്തിനുള്ള മറുപടി അടങ്ങിയിരുന്നു. ഇവിടുത്തെ ക്രൈസ്തവര്‍ വിദ്യാസമ്പന്നരാണ്. ആധ്യാത്മികതയുടെ മൂശയിലുരുത്തിരിഞ്ഞ കേരളക്രൈസ്തവരുടെ രണ്ടായിരം കൊല്ലത്തെ മതപാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് ഇടവകയുടെ സമ്പത്തിന്റെയും രൂപതയുടെ സമ്പത്തിന്റെയും ക്രൈസ്തവസ്ഥാപനങ്ങളുടെയും ഭരണത്തില്‍ ഗവണ്‍മെന്റിന് ഇടപെടാന്‍ അധികാരമില്ലാത്ത വിധത്തിലാണ് ജസ്റ്റീസ് കൃഷ്ണയ്യര്‍ കരടുനിയമം ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുസമ്പത്തിന്റെ ഭരണത്തില്‍ എന്തെങ്കിലും അഴിമതിയുണ്ടായാല്‍ അതു കോടതിയില്‍ ചൂണ്ടിക്കാട്ടാനും പരിഹാരം തേടാനും ഇടവകക്കാര്‍ക്ക് അവകാശമുണ്ട്. മറ്റെല്ലാ മതസമൂഹങ്ങളുടെയും പൊതുസമ്പത്തു ഭരിക്കാന്‍ നിയമമുള്ളപ്പോള്‍ ക്രൈസ്തവര്‍ക്കുമാത്രം അതില്ല എന്നത് രാഷ്ട്രനീതിക്കു നിരക്കുന്നതല്ല എന്നതിനാല്‍ ഇങ്ങനെയൊരു നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. 


ഈ സമ്മേളനം ഒരു രണ്ടാം കൂനന്‍കുരിശുസത്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന പ്രത്യാശയോടെ പ്രസംഗിച്ച ശ്രീ കെ സി വര്‍ഗീസ്, ചര്‍ച്ച് ആക്ട് നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത ജനകീയപ്രക്ഷോഭങ്ങളിലൂടെ ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി. 

സഭാധികാരികളുടെ സ്വേച്ഛാധിപത്യപ്രവണതകള്‍ക്കെതിരെ സഭയുടെ ജനാധിപത്യവത്കരണം ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ അല്‍മായരുടെ അവകാശപ്രഖ്യാപനം ചടങ്ങില്‍ അധ്യക്ഷനായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലാലന്‍ തരകന്‍ അവതരിപ്പിച്ചത് സദസ്യര്‍ ഒന്നടങ്കം കയ്യടിച്ച് അംഗീകരിച്ചു.
 


സദസ്സിനു സ്വാഗതം പറഞ്ഞ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ഫെലിക്‌സ് ജെ. പുല്ലൂടന്‍ ഇന്നു സഭയില്‍ നടമാടുന്ന പുരോഹിതസ്വേച്ഛാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഒരു സംസ്ഥാനതലവേദിയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നു വ്യക്തമാക്കി. വിദേശ മതഭരണസംവിധാനത്തിനെതിരേയുള്ള രണ്ടാം സ്വാതന്ത്ര്യസമര പ്രഖ്യാപനത്തിനാണ് ഈ സമ്മേളനമെന്നും കേരള ക്രൈസ്തവചരിത്രത്തില്‍ ഇത് ഒരു നാഴികക്കല്ലായി മാറുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പ്രസ്താവിച്ചു. 


സ്വത്തു മുഴുവന്‍ സഭാധികാരികളുടെ കൈവശമിരിക്കുന്നതിനാലാണ് വിശ്വാസികള്‍ പരസ്യമായി രംഗത്തുവരാത്തതെന്നും ഈ നിയമം പാസ്സാക്കാന്‍ കഴിഞ്ഞാല്‍ അതു പാസ്സാക്കുന്നവര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടിയെങ്കിലും ക്രൈസ്തവവോട്ടു ലഭിക്കും എന്നതാണ് വസ്തുതയെന്നും ഇപ്പോഴത്തെ ഭരണകക്ഷികളുടെ വക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസംഗിച്ച ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ശ്രീ ജോസഫ് വെളിവില്‍ വ്യക്തമാക്കി. 
പന്ത്രണ്ടോളം സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ചിട്ടുള്ള ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ , അല്‍മായ അവകാശ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത് അഡ്വ. ഹോര്‍മീസ് തരകന്‍ കണ്‍വീനറും ആന്റോ കോക്കാട്ട് പ്രോഗ്രാം കണ്‍വീനറുമായി രൂപീകരിച്ച ഒരു കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു.
 


N B: 
1. Read the blogs: catholicreformation-kcrm.blogspot.com, catholiclayviews.org, pullichira.wordpress.com, syromalabarvoice.blogspot.com, marunadanmalayali.com.
 

ബന്ധപ്പെടുക:soulandvision@gmail.com, keralacatholicfederation@gmail.com, hosanna@sifi.com
 

No comments:

Post a Comment