Translate

Tuesday, February 14, 2012

സഭാധികാരികള്‍ ഒളിപ്പിക്കുന്ന സത്യം


വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ചേന്നാട് ഇടവകയുടെ പ്രദേശമായ വേങ്ങത്താനം എസ്റ്റേറ്റിലെ ദളിത് തൊഴിലാളികളുടെയിടയില്‍ ചെയ്തിരുന്ന സേവനങ്ങളെപ്പറ്റി തെളിവുകള്‍ ശേഖരിക്കാനായി, കുഞ്ഞച്ചന്റെ നാമകരണ പ്രവര്‍ത്തകരായ രണ്ടു വൈദികരും രണ്ട് കന്യാസ്ത്രികളും വന്നു. കുഞ്ഞച്ചന്‍ വേങ്ങത്താനത്തു വരുമ്പോഴൊക്കെയും അദ്ദേഹത്തിന്റെ താമസ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എസ്റ്റേറ്റ് ഉടമയായ കള്ളിവയലില്‍ മുതലാളി ചുമതലപ്പെടുത്തിയിരുന്നത് എസ്റ്റേറ്റിലെ പണികളുടെ മേല്‍നോട്ടക്കാരിലൊരാളായ ആലപ്പാട്ട് വര്‍ക്കിച്ചേട്ടനെ ആയിരുന്നു. വര്‍ക്കിച്ചേട്ടനുമായുള്ള അഭിമുഖസംഭാഷണങ്ങള്‍ ശേഖരിക്കാന്‍ ടേപ്പ് റിക്കാര്‍ഡറും രണ്ടു കാസറ്റുകളും അവര്‍കൊണ്ടുവന്നിരുന്നു.

വര്‍ക്കിച്ചേട്ടന്‍ സരസ സംഭാഷകനും വാചാലനുമായിരുന്നു. കുഞ്ഞച്ചന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സ്വന്തം അനുഭവങ്ങളും അറിവുകളും ഇതരര്‍ പറഞ്ഞറിഞ്ഞവയും വര്‍ക്കിച്ചേട്ടന്‍ പറഞ്ഞുകൊണ്ടിരുന്നു. രണ്ടാമത്തെ കാസറ്റും തീരാറായപ്പോള്‍ ഒരു വൈദികന്‍ ചോദിച്ചു: 'തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍ പുണ്യപ്പെട്ടയാളെന്ന് അപ്പൂപ്പന് അഭിപ്രായമുണ്ടോ?

തീര്‍ച്ചയായും കുഞ്ഞച്ചന്‍ ഒരു പുണ്യപ്പെട്ടയാള്‍തന്നെ'.

 'അതിന് കാരണമായി അപ്പൂപ്പന്‍ എന്തു പറയും? അച്ചന്‍.

'കാരണമുണ്ട്', അപ്പൂപ്പന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. ''കുഞ്ഞച്ചന്‍ ഇക്കാലത്തെ അച്ചന്മാരെപ്പോലെയല്ല; തീര്‍ത്തും ദരിദ്രനായിരുന്നു; കൂറും താഴാഴ്മയും ഉണ്ടായിരുന്നു.'' 

അത്രയും കേട്ട് അച്ചന്‍ ടേപ്പ് റിക്കാര്‍ഡര്‍ നിര്‍ത്തി. അഭിമുഖക്കാര്‍ പോയി.

രണ്ടു മണിക്കുറോളം ദീര്‍ഘിച്ച അഭിമുഖത്തിലെ വിവരങ്ങളൊന്നും ഇക്കാലംവരെയും നാമകരണപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ബഹു. കുഞ്ഞച്ചനെ ദൈവദാസനാക്കിയ കാലത്തും വാഴ്ത്തപ്പെട്ടവനാക്കിയ കാലത്തും നിരവധി ലേഖനങ്ങള്‍ നാമകരണക്കാര്‍ പ്രസിദ്ധീകരിച്ചു; പക്ഷേ, അഭിമുഖത്തിലെ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയില്ല. അപ്പോഴൊക്കെയും നാമകരണക്കാര്‍ക്ക് ഞാന്‍ കത്തുകളെഴുതി, 'അഭിമുഖ വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്തേ?' എന്ന് ചോദിച്ച്. ഇക്കാലം വരെയും ഫലമില്ല.

അഭിമുഖക്കാരോട് പറഞ്ഞവയുടെ ചുരുക്കം വര്‍ക്കിച്ചേട്ടന്‍തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ബഹു. കുഞ്ഞച്ചന് ഏറ്റവും പ്രിയപ്പെട്ട പ്രവര്‍ത്തനസ്ഥലം വേങ്ങത്താനം ആയിരുന്നു, ഏറ്റവും ദൂരത്തുള്ളതെങ്കിലും രാമപുരത്തുനിന്നു ബസ്സില്‍ ഈരാറ്റുപേട്ടയിലെത്തി. തുടര്‍ന്നു കല്ലും കുഴിയുമുള്ള റോഡിലൂടെ പതിമൂന്നു കിലോമീറ്റര്‍ ദൂരം നടന്ന് വേങ്ങത്താനത്ത് എത്തിയിരുന്നു. മൂന്നു മാസത്തിലൊരിക്കല്‍ വന്നിരുന്നു. ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ വന്ന്, പിറ്റേ ശനിയാഴ്ചയേ തിരിച്ചു പോയിരുന്നുള്ളൂ. കാരണം സേവനപ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. തെങ്ങ്, കമുക്, കുരുമുളക്, കാപ്പി, തേയില, റബ്ബര്‍ കൃഷികളുള്ള 1500 ഏക്കറോളമുള്ള എസ്റ്റേറ്റിലെ പല ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഇരുപതോളം ലായങ്ങള്‍; ഓരോന്നിനും നാല്/അഞ്ച് മുറികള്‍, ഓരോ മുറിയിലും ഓരോ കുടുംബം. ഓരോ കുടുംബത്തിലും അരഡസനെങ്കിലും മക്കള്‍; കൂടെ വൃദ്ധരും. ഒരു പ്രൈമറി സ്‌കൂള്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തായിരുന്നതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. അതിനാല്‍ കുഞ്ഞച്ചന്‍ ലായത്തിലെത്തുമ്പോള്‍ വൃദ്ധരും ഏറെ കുട്ടികളും അവിടെയുണ്ട്. മുതിര്‍ന്നവരെല്ലാം എസ്റ്റേറ്റില്‍ പണിക്ക് പോയിരിക്കയാണ്. അക്കാലത്ത് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പണി സമയം.

മണ്ണ് തല്ലിയുറപ്പിച്ച് ചാണകം മെഴുകിയ തറകള്‍, വൃത്തിയില്ലാത്ത മുറ്റവും പരിസരങ്ങളും. രോഗങ്ങളില്ലാത്തവര്‍ ചുരുക്കം. ചൊറി, ചുമ, പനി, മൂക്കൊലിപ്പ്, വളംകടി മുതലായ രോഗങ്ങള്‍ പലര്‍ക്കുമുണ്ട്. പലരുടെയും കൈകാലുകള്‍ വെള്ളം ചൂടാക്കി കഴുകണം. ഗുളികകള്‍, പൊടികള്‍ തൈലങ്ങള്‍, എണ്ണകള്‍, കുഴമ്പുകള്‍ മുതലായവ കുഞ്ഞച്ചന്‍ കൊണ്ടുവന്നിട്ടുണ്ട്. രണ്ടും മൂന്നും ലായങ്ങളിലെ ശുശ്രൂഷകള്‍ ഒരു ദിവസം നടത്തും. കുട്ടികളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കും, ഉപദേശങ്ങള്‍ പറയും, യേശുവിനെപ്പറ്റി പഠിപ്പിക്കും, പണികള്‍ കഴിഞ്ഞു വരുന്നവരെയെല്ലാം കൂട്ടി പ്രാര്‍ത്ഥനകളുണ്ട്. ദളിതരുണ്ടാക്കുന്ന ഭക്ഷണം തന്നെ കുഞ്ഞച്ചനും കഴിക്കും. അക്കാലത്ത് വൈദികര്‍ ദളിതരുടെ ഭക്ഷണം കഴിച്ചിരുന്നില്ല. ബഹു. കുഞ്ഞച്ചന്‍ വരുന്ന ദിവസങ്ങളില്‍ ആരും മദ്യപിച്ചിരുന്നില്ല. പല ദളിത് കുടുംബങ്ങളും മാമ്മോദീസ സ്വീകരിച്ചു.

ചേന്നാട്ടുനിന്ന് വേങ്ങത്താനംവരെ രണ്ടു കിലോമീറ്റര്‍ ദൂരം കയറ്റമാണ്. മകരമാസത്തിലെ ഒരു ഉച്ചസമയത്ത് കുഞ്ഞച്ചന്‍ കയറ്റഭാഗത്തുകൂടെ നടക്കയാണ്, വേങ്ങത്താനത്തേക്ക്. റോഡരികില്‍ എന്റെ പറമ്പില്‍ ഞാന്‍ പണിയുന്നു. കുഞ്ഞച്ചന്‍ പറമ്പരികിലേക്ക് വന്ന്, 'മോനേ കുടിക്കാന്‍ ഇത്തിരി വെള്ളം തന്നേ' എന്ന് എന്നോടു പറഞ്ഞു. ഞാന്‍ വീട്ടില്‍പോയി ഒരു മൊന്ത നിറയെ വെള്ളം കൊണ്ടുവന്നു കൊടുത്തു; ഒരു ഇടങ്ങഴി വെള്ളം. അതെല്ലാം അച്ചന്‍ കുടിച്ചു. ദാഹം മാത്രമല്ല വിശപ്പുമുണ്ടെന്ന് വ്യക്തം.

'എന്തു നടാനാ പണിയുന്നത്?' അച്ചന്‍ ചോദിച്ചു. 'കപ്പ നടാന്‍.' ഞാന്‍ പറഞ്ഞു. 'നട്ടാലും ഏറെയൊന്നും കിട്ടില്ലച്ചോ, എലി ശല്യം, മാന്തി നശിപ്പിക്കും.'

'എലിശല്യമുണ്ടല്ലേ? ... ഞാന്‍പ്രാര്‍ത്ഥിക്കാം' അച്ചന്‍ റോഡരികില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; ആശീര്‍വദിച്ചു. അച്ചന്‍ വേങ്ങത്താനത്തേക്ക് നടപ്പു തുടര്‍ന്നു.

പുതുമഴയെത്തുടര്‍ന്ന് ഞാന്‍ അവിടെ കപ്പ നട്ടു. ഒരു കപ്പപോലും എലികള്‍ നശിപ്പിച്ചില്ല; നല്ല വിളവും കിട്ടി. പറമ്പിലെ മറ്റു ഭാഗങ്ങളില്‍ എലി ശല്യമുണ്ടായിയെങ്കിലും അച്ചന്‍ ആശീര്‍വദിച്ചിടത്ത് എലികള്‍ വന്നില്ല. ബഹു. കുഞ്ഞച്ചനെ എക്കാലവും നന്ദിയോടെ ഓര്‍മ്മിക്കാന്‍ എനിക്കും കാരണമുണ്ട്.

ബഹു. കുഞ്ഞച്ചന്‍ വേങ്ങത്താനത്ത് ദളിതര്‍ക്കു ചെയ്തിരുന്ന സേവനങ്ങളെപ്പറ്റി വൈദികാധികാരികള്‍ തെളിവെടുപ്പു നടത്തിയെങ്കിലും എല്ലാം ഇക്കാലംവരെയും ഒളിപ്പിച്ചിരിക്കുന്നതെന്തേ? ഇത്രയും കാലം ഒളിപ്പിച്ചവ നഷ്ടമായെങ്കില്‍ കുഞ്ഞച്ചനെ അറിഞ്ഞവരും അച്ചന്റെ ശുശ്രൂഷകള്‍ ലഭിച്ച ചിലരും ഇപ്പോഴും ഇവിടങ്ങളിലുണ്ട്. ആ വര്‍ക്കിച്ചേട്ടന്‍ 1995-ല്‍ മരിച്ചു. ബഹു. കുഞ്ഞച്ചനെപ്പറ്റി സത്യമായ കാര്യങ്ങള്‍ അറിയണമെന്നുള്ളവര്‍ വരട്ടെ.

സത്യമെന്നറിഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്നത് പരിശുദ്ധാരൂപിക്ക് എതിരായ പ്രവൃത്തിയാണ്.

കെ.എം. ജോസഫ് എഴുതിയ, ഒശാനയുടെ 2012 February ലക്കത്തില്‍ പ്രസധീകരിച്ചുവന്ന ലേഖനം.

No comments:

Post a Comment