Translate

Thursday, February 9, 2012

ചില ദേവാലയ ദൃശ്യങ്ങള്‍

ഒരു ഞായറാഴ്ച പതിവുപോലെ ഇടവക ദേവാലയത്തില്‍ വി. കുര്‍ബാനയ്ക്കായിപോയി. അടുത്തകാലത്ത് ഇടവകയ്ക്കുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന കാഴ്ചകള്‍ ശ്രദ്ധിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഐക്കണ്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ആര്‍ച്ച് പ്രവേശനഭാഗത്ത്. നേരെ കാണുന്നത് പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണ കൊടിമരം. ചുവട്ടില്‍ കൊടിമരം നിര്‍മ്മിച്ചു പള്ളിക്കു ദാനം ചെയ്ത വ്യക്തിയുടെ പേരും കുടുംബപ്പേരും. വിശാലമായ പള്ളിമൈതാനത്തു നൂറോളം കാറുകള്‍. ക്രിസ്തുവിന്റെ ഗദ്‌സമേന്‍ പ്രാര്‍ത്ഥനയും പുനരുത്ഥാനവും ചേര്‍ത്തുള്ള കുരിശിന്റെ വഴി. വ്യാകുലമാതാവിന്റെ മടിയില്‍ കിടക്കുന്ന ക്രിസ്തുരൂപം. മനോഹരമായി ക്രമീകരിച്ച ലോണും അലങ്കാര ചെടികളും. വലിയ പള്ളിയുടെ ഇരുവശങ്ങളിലായി ആരാധനാ വത്സര ദൃശ്യങ്ങള്‍ കാണിക്കുന്ന ഒന്‍പതു കാഴ്ചമണ്ഡപങ്ങള്‍. പള്ളിയുടെ പിന്‍വശത്ത് ജോര്‍ദ്ദാന്‍ നദിയില്‍ സ്‌നാപകനില്‍നിന്നു സ്‌നാനം സ്വീകരിക്കുന്ന ദൃശ്യം. ഇവിടെ എപ്പോഴും ഒഴുകുന്ന നദിയും ഫൗണ്ടനും കാണാം. പിതാവായ ദൈവം രണ്ടു കൈകളും ഉയര്‍ത്തി അനുഗ്രഹിക്കുന്ന കാഴ്ചയുമുണ്ട്. അല്‍പംമാറി മുട്ടുകുത്തി നില്‍ക്കുന്ന അല്‍ ഫോന്‍സാമ്മ. ഈ ദൃശ്യങ്ങള്‍ റിയലിസ്റ്റിക് അല്ല. ഭാവനാസൃഷ്ടിയെന്നും പറയാനാവുകയില്ല. എന്തായാലും കാണാന്‍ കൊള്ളാം. കാഴ്ചകള്‍ക്കു പിന്നിലായി വളരെ കലാപരമായി നിര്‍മ്മിച്ച അലങ്കാരമതിലും ശ്രദ്ധാപൂര്‍വ്വമുള്ള പെയിന്റിംഗും. ഇവയെല്ലാം നടന്നു കാണുവാന്‍ വിലകൂടിയ ടൈല്‍ പേവ്‌മെന്റും ഉണ്ട്. ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും തീര്‍ത്ത് വിനോദസഞ്ചാര കേന്ദ്രത്തിന്റെ കെട്ടും മട്ടും ഒരുക്കിയിരിക്കുന്നു. ഇതെല്ലാം ഇപ്പോഴത്തെ പള്ളി വികാരിയുടെയും പാരിഷ്‌കൗണ്‍സിലിന്റെയും നേട്ടങ്ങളായി കരുതാം. എന്തായാലും ധനസമാഹരണത്തില്‍ വിജയം നേടിയ ഒരു ഇടവകയെന്നു പറയുന്നതില്‍ തെറ്റില്ല.

കുടമാളൂര്‍ ഇടവകയുടെ അഭിമാനപാത്രങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു പ്രശസ്ത സന്യാസ വൈദികരുടെ ചിത്രങ്ങള്‍ ഗ്രാനൈറ്റില്‍ രേഖപ്പെടുത്തിയ സ്മൃതി മണ്ഡപങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എല്ലാത്തിന്റെയും ചുവട്ടില്‍ വികാരിയുടെയും രൂപതാദ്ധ്യക്ഷന്റെയും പേരുകള്‍ പതിച്ച ശിലാഫലകവും.


പാശ്ചാത്യ നാടുകളില്‍ സംഭവിച്ചതായി പറയപ്പെടുന്ന വിശ്വാസ തകര്‍ച്ച നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല എന്നു ഇപ്പോള്‍ നമുക്ക് അഭിമാനപൂര്‍വ്വം പറയാം. എല്ലാ ഞായറാഴ്ചയിലും മൂന്നു വിശുദ്ധ ബലിക്കും പള്ളിനിറയെ ആളുകളുണ്ട്. ആരാധനക്രമ പുസ്തകം ഉപയോഗിക്കുന്നവര്‍ തീര്‍ത്തും കുറവാണെങ്കിലും വിശുദ്ധബലി സജീവമാണ്. അടയാളങ്ങളും പ്രതീകങ്ങളും കൊണ്ടു രഹസ്യാത്മകമെന്നു പറയാവുന്ന പൗരസ്ത്യ ക്രമത്തോടും വിശ്വാസികള്‍ക്കു എതിര്‍പ്പൊന്നുമില്ല. വലിയ ക്രൂശിത രൂപത്തിനു താഴെ അലങ്കാരങ്ങളുള്ള മാര്‍ത്തോമ്മാ കുരിശ്. ഇരുവശങ്ങളിലേക്കു തുറക്കാവുന്ന വിരി, ബേമ്മ എന്നിങ്ങനെ പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുന്ന ക്രമീകരണങ്ങള്‍ കല്‍ദായവല്‍ക്കരണത്തിന്റെ അടയാളങ്ങളാണ്.


ദിവ്യബലിയില്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തശേഷം വീട്ടില്‍ എത്തി പത്രങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്‌നേഹിതന്‍ വിളിച്ചു. വലിയ ഒരു കണ്‍സ്ട്രക്ഷന്റെ കോണ്‍ട്രാക്ടറാണ്. തന്റെ ഒരു തൊഴിലാളിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകുന്നു. വളരെ ദയനീയമായ അവസ്ഥയാണ്. മാതാപിതാക്കള്‍ രണ്ടുപേരും മാനസിക രോഗികള്‍. പകുതിപണി കഴിഞ്ഞ വീട്. സാമ്പത്തിക സഹായം ചോദിച്ചപ്പോള്‍ ഒന്നു കണ്ടതിനുശേഷം തീരുമാനിക്കാമെന്നാണു പറഞ്ഞത്. വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തനം ഉള്ള എനിക്ക് ഈ സന്ദര്‍ശനത്തില്‍ താല്‍പര്യം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എന്നെ ക്ഷണിച്ചതാണ്. ഉടന്‍തന്നെ ഞാനും വരാമെന്ന് അറിയിച്ചു.


വിദേശ സഞ്ചാരികള്‍ സന്തോഷിക്കാന്‍ എത്തുന്ന കുമരകത്തെ റിസോര്‍ട്ടുകള്‍ പിന്നിട്ട് കുറെ ദൂരം പോയി. കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട് രണ്ടുകിലോമീറ്ററോളംനടക്കണം. ചെളി നിറഞ്ഞുകിടക്കുന്ന ഒറ്റയടിപാത പിന്നിട്ട് ഞങ്ങള്‍ ലക്ഷ്യത്തിലെത്തി. വളരെ ശോചനീയമായ കാഴ്ച. ഒരു വൃദ്ധനും വൃദ്ധയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു. അവരെ നോക്കുന്ന ഇളയമകള്‍ ജോലിക്കൊന്നും പോകുന്നില്ല. മകന്‍ ഒരാളുടെ വരുമാനംകൊണ്ടു കുടുംബം കഴിയണം. വീടിനു സിമന്റു തറയില്ല. ചരലാണു അടിയില്‍ വിരിച്ചിരിക്കുന്നത്. അവരുടെ കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരിക്കുമ്പോള്‍ അടുത്ത് ഒരിടത്തുനിന്നു ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുന്നതുകേട്ടു. അന്വേഷിച്ചപ്പോള്‍ അതാണു അവരുടെ പള്ളി അഥവാ ആരാധനാലയം എന്നു മനസ്സിലായി. കാര്യങ്ങള്‍ നേരിട്ട് അറിയാന്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി. മുപ്പതോളം പേര്‍ ഒരു ഷെഡ്ഡില്‍ പായവിരിച്ച് ഇരിക്കുന്നു. എല്ലാവരും വിശുദ്ധഗ്രന്ഥം തുറന്നു വെച്ചിട്ടുണ്ട്. പാട്ടു പുസ്തകവും അടുത്തുതന്നെയുണ്ട്. ഒരു പാസ്റ്റര്‍ നിലത്തിരുന്നുകൊണ്ട് വിശുദ്ധഗ്രന്ഥത്തില്‍നിന്നു ഓരോ വാക്യം ഉദ്ധരിച്ചു വിശദീകരിക്കുന്നു. കുറെ വിശദീകരണം കഴിയുമ്പോള്‍ എല്ലാവരും ചേര്‍ന്നു കൈയടിച്ചു പാടുകയും ഹല്ലേലൂയ്യാ വിളിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ എല്ലാവരും വെള്ള വസ്ത്രം ധരിച്ചു തല മൂടിയിരിക്കുന്നു.


കര്‍ഷക തൊഴിലാളികളായ പാവപ്പെട്ടവരുടെ ക്രിസ്തീയ കൂട്ടായ്മയാണിത്. പാവപ്പെട്ടവരുടെ സഭ.


ഞാന്‍ചിന്തിച്ചു. ആദ്യ നൂറ്റാണ്ടുകളില്‍ ജറുസലേമിലെ പുതിയ ക്രിസ്ത്യാനികള്‍ ജൂതന്മാരെ ഭയന്ന് രഹസ്യ സങ്കേതങ്ങളില്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥിച്ചു. റോമിലും ഗ്രീസിലും മതമര്‍ദ്ദകരെ ഭയന്നു ഗുഹകളിലും വനാന്തരങ്ങളിലും അവര്‍ ഒന്നിച്ചു കൂടിയിരുന്നു. എല്ലാവരും ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ അനുസ്മരിക്കുകയും പരസ്പരം സ്‌നേഹം പങ്കിട്ട് ക്രിസ്ത്വാനുഭവത്തില്‍ വളരുകയും ചെയ്തു. ഒരുപക്ഷേ കുമരകത്തെ ചേരിപ്രദേശത്തു കണ്ട പാവപ്പെട്ടവരുടെ ഈ സമൂഹം വളര്‍ന്നു വലിയ സമ്പന്നരായിതീരുമ്പോള്‍ കെട്ടും മട്ടുംമാറി കുടമാളൂരെ വലിയ ഇടവകയുടെ ഒപ്പം ആയിതീരുകയില്ലേ?
ദൈവരാജ്യത്തിന്റെ ആരംഭത്തില്‍ ക്രിസ്തു പ്രഖ്യാപിച്ചു ''ദരിദ്രരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍'' ഇതു വാസ്തവമെങ്കില്‍ ക്രൈസ്തവരെന്ന നിലയില്‍ ഭാഗ്യവാന്മാര്‍ ആരാണ്? ബ്രഹ്മാണ്ഡമായ ദേവാലയങ്ങളും കൊടിമരങ്ങളും സ്വന്തമായുള്ള പാരമ്പര്യ സഭാംഗങ്ങളോ, വെറും പലക ഷെഡ്ഡില്‍ ഇരുന്ന് ആരാധിക്കുന്ന കര്‍ഷകതൊഴിലാളികളോ?


ഒരു നല്ല വൈദികന്‍


കത്തോലിക്കാസഭയുടെ വിശ്വാസ പഠനങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന എനിക്ക് യേശുവിന്റെ കാലത്തു പാലസ്തീനായില്‍ ഉണ്ടായിരുന്ന യഹൂദ പ്രമാണിമാരെയും ഫരിസേയരെയും അനുസ്മരിപ്പിക്കുന്ന ഏതാനും ചില പുരോഹിതരെ ഓര്‍ത്തു വിഷമം തോന്നാറുണ്ട്. ഓശാന മാസികയില്‍ ചില അനുഭവങ്ങള്‍ എഴുതുന്നതിനാല്‍ എന്നെ ഒരു മതവിരോധിയും സഭാ വിമര്‍ശകനുമായി ചിത്രീകരിക്കുകയും ഊമകത്തുകളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ക്രിസ്തു ചൈതന്യം ജീവിതാന്ത്യം വരെ പ്രകടിപ്പിച്ച ചില നല്ല വൈദികരെ ഓര്‍ക്കുമ്പോള്‍ കത്തോലിക്കാസഭയെ കുറിച്ചു അഭിമാനിക്കാനും സാധിക്കുന്നു.


മരണാനന്തര കര്‍മ്മങ്ങള്‍ വഴിയായും ഉദ്ദിഷ്ടകാര്യസാധ്യത്തിനായി നേര്‍ച്ചകള്‍ നടത്തിയുമാണു പുരോഹിതര്‍ ധനം നേടുന്നത്. സന്യാസി എന്ന തൂലികാനാമത്തില്‍ ഓശാനയില്‍ എഴുതുന്ന വൈദികന്‍ തന്നെ പറയുന്നു ഇന്നു കൊച്ചച്ചന്മാര്‍ വരെ പുതിയ കാറുകള്‍ വാങ്ങുന്നതിന്റെ രഹസ്യം പരേതരെ സ്വര്‍ഗ്ഗത്തിലേക്കു കടത്തിവിടാന്‍ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന ശ്രാദ്ധം പോലെയുള്ള ചടങ്ങുകളാണെന്ന്. ഏതായാലും ധനസമാഹരണം തീര്‍ത്തും അവഗണിച്ചിരുന്ന ഒരു നല്ല വൈദികനെ ഞാന്‍ അനുസ്മരിക്കുന്നു. ഫൊറോനാ ദേവാലയങ്ങളില്‍ വികാരിയായി വര്‍ഷങ്ങള്‍ ഭരിച്ചിട്ടും സ്വന്തമായി കാര്‍ വാങ്ങുകയോ കുടുംബത്തിനു മാളിക പണിയുകയോ ചെയ്യാതെ വിശുദ്ധനു തുല്യം അദ്ദേഹം ജീവിച്ചു - മരണം വരെ.


ചങ്ങനാശ്ശേരി രൂപതയില്‍ പായിപ്പാട്ടു ഇടവക അംഗമായിരുന്ന റവ.ഫാ.ജോണ്‍ കുഴിമണ്ണില്‍ ആലപ്പുഴ ഫൊറോനായില്‍ ആയിരിക്കുമ്പോഴാണു കുടമാളൂരിലേക്കു മാറ്റം ലഭിച്ചത്. ദീര്‍ഘനാളുകളായി എന്നോടു സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം ഫോണില്‍ ചോദിച്ചു. ഞാന്‍ അ വിടെ സ്വീകൃതനാവുമോ? ചോദിക്കാന്‍ കാരണമുണ്ട്. കുടമാളൂരില്‍ മുമ്പു നടന്ന ചില അനിഷ്ടസംഭവങ്ങള്‍ നല്ലവരായ പല വൈദികര്‍ക്കും ഭയം തോന്നിപ്പിക്കുന്നവ ആയിരുന്നു. കുഴിമണ്ണില്‍ അച്ചന്‍ കുടമാളൂരില്‍ അഞ്ചുവര്‍ഷം തുടര്‍ന്നു. ഇടവകജനം ഒന്നടങ്കം അദ്ദേഹത്തെ സ്‌നേഹിച്ചു.


ദേവാലയം ഭംഗിയാക്കുവാന്‍ ഓരോ നിര്‍മാണം ആരംഭിക്കുമ്പോഴും അദ്ദേഹം സ്‌നേഹപൂര്‍വം ജനത്തോടു അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായാല്‍ വരവും ചെലവും മിച്ചവും കൃത്യമായി അറിയിക്കുവാനും മടിച്ചിരുന്നില്ല.
പാവങ്ങളോടുള്ള പെരുമാറ്റത്തില്‍ കരുണ നിറഞ്ഞുനിന്നു. പ്രത്യേക സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്കോ യാക്കോബായ സഭയിലേക്കോ മക്കളെ വിവാഹംചെയ്യിക്കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കളെ ശകാരിക്കാതെ ആശ്വസിപ്പിച്ചു വിട്ടിരുന്നു.
എന്നെ ഏറ്റം ആകര്‍ഷിച്ചിരുന്നതു മറ്റൊരു സവിശേഷത ആണ്. മിക്കവാറും എല്ലാ ആഴ്ചയിലും മന്ത്രാ അല്ലെങ്കില്‍ ആണ്ടു ശ്രാദ്ധം ഇടവകയില്‍ ഉണ്ടാകും. സ്‌തോത്രകാഴ്ചയായി അവിടെ സമാഹരിക്കുന്ന പണം വളരെ പാവപ്പെട്ട വീടുകളാണെങ്കില്‍ അവര്‍ക്കുതന്നെ കൊടുക്കും. സാമ്പത്തികസ്ഥിതി ഉയര്‍ന്ന വീടുകളില്‍ നിന്നു കിട്ടുന്നത് അടുത്ത ഞായറാഴ്ച വിന്‍സെന്റ് ഡി.പോള്‍ സൊസൈറ്റി യോഗത്തില്‍ വന്നു ഭാരവാഹികളെ ഏല്‍പിക്കും. അവിടെ വച്ച് ഇടവകയില്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന വ്യക്തികളെ കുറിച്ച് അറിയിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഇടവകയിലെ പാവപ്പെട്ടവരെ കരുതുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ഒരു മാതൃകാ വൈദികനായിരുന്നു ഫാ.ജോണ്‍ കുഴിമണ്ണില്‍.


ഞായറാഴ്ച പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമുള്ള പഠനത്തിനു ശേഷമാണ് അദ്ദേഹം നടത്തിയിരുന്നത്. പേരും പ്രശസ്തിയും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.
ലോകത്തിനു ദീപമായി വിളങ്ങുന്ന നിരവധി പരിശുദ്ധരായ വൈദികരെ സംഭാവന ചെയ്യാന്‍ കത്തോലിക്കാ സഭയ്ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ ധനത്തോടും പ്രശസ്തിയോടുമുള്ള ആര്‍ത്തി പൂണ്ട പലരും ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിലനിര്‍ത്തി ചൂഷണം തുടരുന്നു. ഇതാണു കത്തോലിക്കാ സഭയുടെ ഇന്നത്തെ അവസ്ഥ. ക്രിസ്തു വിഭാവന ചെയ്ത ദൈവരാജ്യം ഇവിടെ സംജാതമാകുമോ?
ജയിംസ് ഐസക്, കുടമാളൂര്‍

1 comment:

  1. "ലോകത്തിനു ദീപമായി വിളങ്ങുന്ന നിരവധി പരിശുദ്ധരായ വൈദികരെ സംഭാവന ചെയ്യാന്‍ കത്തോലിക്കാ സഭയ്ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ ധനത്തോടും പ്രശസ്തിയോടുമുള്ള ആര്‍ത്തിപൂണ്ട പലരും ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിലനിര്‍ത്തി ചൂഷണം തുടരുന്നു. ഇതാണു കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥ. ക്രിസ്തു വിഭാവന ചെയ്ത ദൈവരാജ്യം ഇവിടെ സംജാതമാകുമോ?" ജയിംസ് ഐസക്, കുടമാളൂര്‍

    അവസാനത്തെ ഈ ചോദ്യമാണ് ചിന്തിക്കുന്നവരുടെയൊക്കെ നാവില്‍ ഇന്നുള്ളത്. അതിനുള്ള ഉത്തരം ആ ചോദ്യത്തിനു തൊട്ട്‌ മുമ്പ് ജയിംസ് ഐസക് തന്നെ കുറിചിട്ടുമുണ്ട്. ഈ ചൂഷണത്തിന് ഇന്ന് യാതൊരതിരും ഇല്ലെന്നായിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍, ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു അജഗണമായിത്തീര്‍ന്നിരിക്കുന്നു ഇന്ന് സഭ. ലോകത്തിനു ദീപമായി വിളങ്ങുന്ന നിരവധി പരിശുദ്ധരായ വൈദികര്‍ എന്നപോലെ യേശുവിന്റെ ആദര്‍ശങ്ങളെ ശരിക്ക് മനസ്സിലാക്കുകയും അവയെ ജീവിതത്തില്‍ കഴിവതും പകര്‍ത്തുകയും ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെങ്കില്‍ തന്നെ മഹാ ഭൂരിപക്ഷവും ആത്മാവില്‍ ദരിദ്രരായതിനാല്‍, സഭയുടെ ഭാവിയില്‍, ശുഭാപ്തി വിശ്വാസം അസ്ഥാനത്താണ്.

    "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍" എന്ന വിവര്‍ത്തനം അങ്ങേയറ്റം തെറ്റാണ്. അശ്രദ്ധകൊണ്ട് കടന്നുകൂടിയിട്ടുള്ള ഇത്തരം ധാരാളം തെറ്റുകള്‍ ബൈബിളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മാവില്‍ ദാരിദ്ര്യം നിറഞ്ഞിരിക്കുമ്പോഴാണ്, പുറംമോടികളുടെ പിന്നാലെ മനുഷ്യര്‍ ഓടുന്നത്. വലിയ ആരാധനാസൌധങ്ങളും തിളങ്ങുന്ന കൊടിമരങ്ങളും മറ്റും ഉയരുന്നതും, ഇവയുടെ ചുവട്ടില്‍ അതുണ്ടാക്കിയവരുടെ പേരിനു പകരം, ഉണ്ടാക്കിച്ചവരുടെ പേരുകള്‍ കൊത്തിവയ്ക്കുന്നതുമൊക്കെ ഇപ്പറഞ്ഞതിന്റെ തെളിവുകളാണ്.

    ആത്മാവിന്റെ പരിശുദ്ധിയാണ് ആത്മീയത. പ്രപഞ്ചത്തിന്റെ സര്‍വ്വ ധന്യതയെയും ഏറ്റുവാങ്ങാനുള്ള കഴിവാണത്. അതിന് ആദ്യം ആത്മാവ് എന്ന ഘടകം സജീവമാകണം. അപ്പോള്‍ പിന്നെ, ആത്മാവേ ഇല്ലെങ്കിലോ? എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇവിടെ എഴുതി ഈ കുറിപ്പ് നീട്ടുന്നില്ല. താത്പര്യമുള്ളവര്‍, ആത്മാവുള്ളവരുടെ രഹസ്യങ്ങള്‍ (ലക്ഷണങ്ങള്‍) ഏവയെന്ന് അല്പമൊന്ന് വിചിന്തനം ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
    http://znperingulam.blogspot.in/2010/08/blog-post_26.html

    ReplyDelete