ഇന്ന് നമ്മുടെ ആശുപത്രികളില്‍ നേഴ്‌സുമാരോട് ചെയ്യുന്ന അനീതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംഘടിതസഭ ഇത്രയും കാലം ഇത് കണ്ടില്ലെന്നു നടിച്ചു. പക്ഷേ, സാമൂഹിക ചിന്തയുടെ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയിത് തുടര്‍ന്നുകൊണ്ടുപോകാനാകില്ല. കത്തോലിക്കാ സഭയുടെ സേവന സ്ഥാപനങ്ങളെല്ലാം ഉറകെട്ട ഉപ്പായി കഴിഞ്ഞിരിക്കുന്നു. നന്മയ്ക്ക് വളരാന്‍ ഇടമോ വളക്കൂറോ ഇന്നു സഭയിലില്ല. അങ്കമാലി ആശുപത്രിയില്‍ നേഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ സമരത്തിനെതിരെ പുരോഹിതരുള്‍പ്പെടെയുള്ള കുറേപ്പേര്‍ അങ്കമാലിയിലൂടെ പ്രകടനം നടത്തുന്നത് ടിവിയില്‍ കാണുകയുണ്ടായി. അവരുടെ പ്രധാന മുദ്രാവാക്യം സഭയെ രക്ഷിക്കുക എന്നുള്ളതായിരുന്നു. ആശുപത്രികളും പള്ളീക്കൂടങ്ങളും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളുമൊന്നുമല്ല സഭയെന്ന് വിശ്വാസികള്‍ മനസ്സിലാക്കണം.
(1979 ഫെബ്രുവരി ലക്കം ഓശാനയില്‍ വന്ന ലേഖനമാണ് താഴെ കൊടുക്കുന്നത്.)
''1979 ജനുവരി 22-ാം തീയതി വൈകുന്നേരം എന്നെ, ഇടമറ്റത്തുള്ള എന്റെ വസതിയില്‍വെച്ച് രാത്രി ഏഴരമണിയ്ക്ക് കളമശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും കൂടി അറസ്റ്റ് ചെയ്യുകയുണ്ടായി. കാരണം അന്വേഷിച്ച് പലകത്തുകളും ഫോണും എനിക്കു ലഭിച്ചു. ഇതിന്റെ കാരണം ബഹു. വായനക്കാരെ അറിയിക്കേണ്ടതാണല്ലോ?
21-ാം പേജില്‍ ഇടപ്പള്ളി മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ജൂബിലി മെമ്മോ റിയല്‍ ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തെ സംബന്ധിച്ച് അത്യൂന്നത കര്‍ദ്ദിനാളിന് ഞാന്‍ എഴുതിയ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവനക്കാരുടെ പ്രശ്‌നവും ഞാനും
അവിചാരിതമായിട്ട് ഇടപ്പള്ളിയില്‍ ഒരു കാര്യവശാല്‍ പോകേണ്ടി വന്ന ഞാന്‍, ആശുപത്രിപ്പടിയില്‍ സത്യാഗ്രഹം ചെയ്തുവരുന്ന തൊഴിലാളി കളെക്കണ്ട്, കാറില്‍ നിന്നിറങ്ങി വിവരം അന്വേഷിച്ചു. അവര്‍ പറഞ്ഞ ദാരുണമായ കഥയും, കണ്ണുനീരും എന്നെ അഗാധമായി സ്പര്‍ശിച്ചു.
ആശുപത്രിയിലെ കീഴ്ക്കിട ജീവനക്കാരുടെ മാസശമ്പളം 60 രൂപാ മുതല്‍ 150 രൂപാവരെയായിരുന്നു. 24 വര്‍ഷം സേവനമുള്ള തൊഴിലാളിയുടെ ശമ്പളം 150 രൂപാ! ഈ ആശുപത്രി ഒന്നാംകിട സ്വകാര്യ ആശുപത്രിയാണ്. വമ്പിച്ച വരുമാനം ആശുപത്രിക്കുണ്ട്. ഇടപ്പള്ളി പള്ളിവികാരി ഫാ. നരിയന്‍പറമ്പനാണ് ഈ ആശുപത്രിയുടെ ഡയറക്ടര്‍. എറണാകുളത്തെ പ്രധാനപ്പെട്ട വ്യക്തികള്‍ നടത്തുന്ന ആശുപത്രികളിലെല്ലാം തൊഴിലാളികള്‍ക്ക് നല്ല വേതനവും ഒരു മാസത്തെ ബോണസും കൊടുക്കുന്നുണ്ട്.
ശമ്പള വര്‍ധനവിനും ബോണസിനുംവേണ്ടി തൊഴിലാളികള്‍ നോട്ടീസു കൊടുത്ത് സമരം ആരംഭിച്ചപ്പോള്‍, ഇരുപതുപേരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. 19 പേരും സ്ത്രീകളാണ്. കത്തോലിക്കരാണ്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു.വിന്റെ കീഴിലായിരുന്നു സമരം.
അന്ന് സമരം തുടങ്ങിയിട്ട് 74 ദിവസം കഴിഞ്ഞു. ഗുണ്ടകളെ വിട്ട് പലപ്രാവശ്യം തൊഴിലാളികളെ മര്‍ദ്ദിച്ചതായി അവര്‍ പറഞ്ഞു. ഒരു പക്ഷേ തൊഴിലാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവരില്‍നിന്നും പ്രകോപനം ഉണ്ടായിരിക്കാം. ഏതായാലും അനഭിലഷണീയമായ ഒരന്തരീക്ഷമാണ് ഇടപ്പള്ളിയില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.
അവരുടെ യാതനകള്‍ വിസ്തരിച്ചപ്പോള്‍ സ്ത്രീ തൊഴിലാളികള്‍ ഇടനെഞ്ചുപൊട്ടിക്കരയുന്നുണ്ടായിരുന്നു.
ഈ തൊഴിലാളികളാരുംതന്നെ ഓശാനയെക്കുറിച്ചോ എന്നെക്കുറിച്ചോ കേട്ടിട്ടില്ലാത്തവരും ആയിരുന്നു.
ഞാന്‍ തൊഴിലാളി പ്രവര്‍ത്തകനല്ല; തൊഴില്‍ നിയമങ്ങളെക്കുറിച്ചെനിയ്ക്കറിഞ്ഞും കൂടാ?
പക്ഷേ വളരെയധികം ലാഭമുള്ള ഹോസ്പിറ്റലിലെ തൊഴിലാളികള്‍ക്ക് മാസം 60 രൂപാ മാത്രം കൊടുത്ത് സംതൃപ്തി പ്രാപിക്കുന്ന കത്തോലിക്കാ മാനേജ്‌മെന്റിന്റെ ധര്‍മബോധം എന്നെ ഞെട്ടിച്ചു. തുടര്‍ന്ന് ഞാന്‍ മുന്‍പറഞ്ഞ കത്ത് അത്യുന്നത കര്‍ദ്ദിനാളിന് അയച്ചു കൊടുത്തു. കര്‍ദ്ദിനാള്‍ ഒരു അക്‌നോളഡ്ജ്‌മെന്റ് പോലും അയച്ചുതന്നില്ല. തുടര്‍ന്ന് താഴെക്കാണുന്ന കത്ത് ഹോസ്പിറ്റല്‍ ഡയറക്ടറായ ഇടപ്പള്ളി പള്ളിവികാരിയച്ചന് ഞാന്‍ അയച്ചു.
പ്രിയ ബഹുമാനപ്പെട്ട അച്ചാ,
ഇടപ്പള്ളി മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കു മുമ്പില്‍ ''ന്യായമായ അവകാശങ്ങളെന്ന്'' അവര്‍ വിവരി ക്കുന്ന ആവശ്യങ്ങള്‍ക്കായി ആശുപത്രി ജീവനക്കാര്‍ സമരം ചെയ്യുക യാണല്ലോ. ഈ സമരത്തിന്റെ ന്യായാന്യായങ്ങളിലേക്ക് വ്യക്തികള്‍ക്ക് കടക്കുക അത്ര എളുപ്പമല്ല. ഒരുപക്ഷേ അവരുടെ സമരം ന്യായമാകാം; അല്ലായിരിക്കാം.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സംഘടിക്കാനുള്ള, നീതിക്കുവേണ്ടി സംഘടിച്ചു പ്രവര്‍ത്തിക്കാനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ട്.
''തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സംഘടിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശങ്ങളില്‍പ്പെടുന്നു. ഈ സംഘടനകള്‍ക്ക് തൊഴിലാളികളെ യഥാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യാനും, അവരുടെ സാമ്പത്തിക ജീവിതം ശരിയായി സംവിധാനം ചെയ്യാനും സാധിക്കുന്നു. പ്രതികാര നടപടികളെപ്പറ്റിയുള്ള ഭീതികൂടാതെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാനും. തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. ക്രമീകൃതമായ ഈ ഭാഗഭാഗിത്വം സാമൂഹ്യവും സാമ്പത്തിക വുമായ വിഷയത്തില്‍ മെച്ചപ്പെട്ട പരിശീലനങ്ങളില്‍ കൂടിയാകുമ്പോള്‍ സ്വന്തം ധര്‍മ്മത്തേയും ഉത്തരവാദിത്വത്തേയും പറ്റി എല്ലാവരും കൂടുതല്‍ ബോധവാന്മാരായിത്തീരും. അങ്ങനെ സാമൂഹ്യ സാമ്പത്തിക യത്‌നങ്ങ ളുടെ സ്ഥിതി അഭിവൃദ്ധിപ്പെടുത്തുന്നതിലും സാര്‍വത്രികനന്മ കൈവരു ത്തുന്നതിലും താന്താങ്ങളുടെ കഴിവുകളും അഭിരുചികളുമനുസരിച്ച് തങ്ങളെല്ലാം സഹപ്രവര്‍ത്തകരാണെന്ന ബോധം അവര്‍ക്കുണ്ടാകും.''
''സാമൂഹ്യ സാമ്പത്തിക വിഷയങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടാകുമ്പോള്‍ സമാധാനപരമായ തീരുമാനത്തിലെത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. കക്ഷികള്‍ തമ്മില്‍ കാര്യങ്ങള്‍ ആത്മാര്‍ഥമായി ചര്‍ച്ച ചെയ്യാനാണ് ആദ്യമായി ശ്രമിക്കേണ്ടത്. ഇന്നത്തെ സാഹചര്യങ്ങളില്‍ പോലും പണിമുടക്ക് തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കാനും ന്യായ മായി അവര്‍ ആവശ്യപ്പെടുന്നവ നേടിയെടുക്കാനുമുള്ള അന്തിമ മാര്‍ഗ മാണെങ്കിലും ഒരാവശ്യമാര്‍ഗമായിത്തീരാം പലപ്പോഴും. എന്നാല്‍ കഴിയുന്നതും വേഗം കൂടിയാലോചനകളും ചര്‍ച്ചകളും വഴി ഒത്തുതീര്‍പ്പിലെത്താനുള്ള മാര്‍ഗങ്ങളാരായേണ്ടതാണ്.'' (രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ - സഭ ആധുനിക ലോകത്തില്‍. പേജ് 482).
ഇടപ്പള്ളി ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തെ സമീപിക്കേണ്ടത് ഉന്നതമായ ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. വ്യക്തിഗതങ്ങളായ മാനാഭിമാനങ്ങള്‍ ഇവിടെ ഒരിക്കലും പ്രസക്തമാകരുത്.
80-ല്‍പരം ദിവസങ്ങളായ ഈ സമരം ക്രൈസ്തവ മനഃസാക്ഷിയുടെ നേരെയുള്ള ഒരു ചോദ്യചിഹ്നമായി വിടാന്‍ അനുവദിച്ചുകൂടാ. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ പരിഹരിക്കുന്നതിനുള്ള ഏറ്റവും ശരിയായ മാര്‍ഗം കൂടിയാലോചനകളാണ്. അത് സാധ്യമല്ലാതെ വരുമ്പോള്‍ അതിന്റെ പരിഹാരത്തിനായി നിഷ്പക്ഷമതികളായ ആളുകളെ സമീപിക്കുക സാധാരണമാണ്. ഇടപ്പള്ളി ആശുപത്രിയിലെ പ്രശ്‌നം ഒരു മധ്യസ്ഥതീരുമാനത്തിന് വിട്ടുകൊടുക്കുവാന്‍ മാനേജ്‌മെന്റും തൊഴിലാളികളും സന്നദ്ധമായാല്‍ പ്രശ്‌നം നീതീപൂര്‍വമായി പരിഹരിക്കുവാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. താഴെ പറയുന്ന മദ്ധ്യസ്ഥര്‍ക്ക് ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും വിട്ടുകൊടുത്തുകൊണ്ട് ഉടനടി സമരം അവസാനിപ്പിക്കുന്നതിന് പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,
മദ്ധ്യസ്ഥന്മാര്‍:-
1. ഡോ. എം.വി.പൈലി - വൈസ് ചാന്‍സിലര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി
2. മി. മാത്യു കടവന്‍ - ജോയിന്റ് ലേബര്‍ കമ്മീഷണര്‍. തിരുവനന്തപുരം
3. ബഹുമാനപ്പെട്ട വികാരി - എറണാകുളം ബസലിക്കാ പള്ളി.
ഈ ബഹുമാനപ്പെട്ട വ്യക്തികളുടെ നിഷ്പക്ഷതയും. സത്യസന്ധതയും ആര്‍ക്കും ചോദ്യം ചെയ്യപ്പെടാനാവില്ലല്ലോ?
മാനേജ്‌മെന്റിനും തൊഴിലാളികള്‍ക്കും ഉന്നയിക്കാനുള്ള വാദങ്ങള്‍, ഈ മദ്ധ്യസ്ഥന്മാരുടെ മുമ്പില്‍ ഉന്നയിക്കട്ടെ. അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് ഇരുഭാഗക്കാരും രേഖാമൂലം സമ്മതിക്കുവാനും, സമരം പിന്‍വലിക്കാനും തയ്യാറാകണം.
അങ്ങ് മുന്‍കൈയെടുത്ത് ബന്ധപ്പെട്ട കക്ഷികളെ സമ്മതിപ്പിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇതില്‍ എന്റെ എളിയസേവനം ആവശ്യമെങ്കില്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും അറിയിച്ചുകൊള്ളട്ടെ.
നീതിയുടെ ഫലമായ സമാധാനത്തിന് നമ്മെ യോഗ്യരാക്കുന്നതിനും ക്രിസ്തുവില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇടയാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.
വിനീത വിധേയന്‍
ജോസഫ് പുലിക്കുന്നേല്‍
സെക്രട്ടറി കേരള അല്‍മായ അസ്സോസിയേഷന്‍,
എഡിറ്റര്‍; 'ഓശാന'
പാലാ,
16-1-79
ഈ രണ്ടു കത്തുകളുടെയും കോപ്പികള്‍ തൊഴിലാളികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്റെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ ചിന്തിക്കാവുന്നതാണെന്ന് പറഞ്ഞ് തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒരു കത്ത് എനിക്കു കിട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച എന്നോട് ഇടപ്പള്ളിവരെ വരണമെന്നും അനുരഞ്ജനനിര്‍ദ്ദേശം ബന്ധപ്പെട്ട ആളുകളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫോണ്‍ സന്ദേശം തൊഴിലാളികളില്‍നിന്നും ലഭിച്ചു. എന്റെ എളിയ പരിശ്രമം, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ ഉതകുമെങ്കില്‍ അങ്ങിനെയാകട്ടെ എന്ന് വിചാരിച്ച് ഞാന്‍ ചെല്ലാമെന്ന് സമ്മതിച്ചു. എറണാകുളത്തുചെന്ന് മറ്റൊരു കാര്യത്തിനായി അഡ്വക്കേറ്റ് മാത്യു സക്കറിയായെ കണ്ടു. വേഗം തിരിച്ചു പോരുമെന്നതിനാല്‍ അദ്ദേഹവും എന്നോടൊപ്പം ഇടപ്പള്ളിയിലേക്കു പോന്നു.
ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍, എന്റെ അനുരഞ്ജനനിര്‍ദ്ദേശം വിവരിക്കണമെന്ന് തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബഹു. വികാരിയെ കണ്ട് സംസാരിക്കാമെന്നു വിചാരിച്ച് പള്ളിയില്‍ പോയി. അപ്പോള്‍ അഞ്ചര മണിക്കുള്ള കുര്‍ബാനയുടെ സമയമായിരുന്നതിനാല്‍ തിരിച്ച് പ്രൊഫ. ഏ. പി. മത്തായി (മാസ് കോളേജ് എറണാകുളം) സാറിന്റെ വീട്ടില്‍ ചെന്നു. അദ്ദേഹവും അവിടെയുണ്ടായിരുന്നില്ല. തിരിച്ച്, ആശുപത്രിയില്‍ വന്നപ്പോള്‍; എന്റെ അനുരഞ്ജന നിര്‍ദ്ദേശങ്ങള്‍ ജനങ്ങളോടു പറയണമെന്ന് ആവശ്യപ്പെട്ടു. മൈക്ക് ഉണ്ടായിരുന്നു. യോഗസാധാരണമായ അധ്യക്ഷനോ, സ്വാഗതപ്രസംഗമോ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ മിതമായ ഭാഷയില്‍, ആരെയും കുറ്റപ്പെടുത്താതെ, പ്രസംഗമാരംഭിച്ചു. 12 മിനിട്ടു കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റിന്റെ പിന്തുണക്കാരെന്നു വ്യക്തമായ മൂന്നു നാലുപേര്‍ ബഹളമുണ്ടാക്കാനാരംഭിച്ചു. സംസാരം തുടരാനനുവദിക്കയില്ലെന്ന നില വന്നു. അപ്പോള്‍ മാനേജ്‌മെന്റിന്റെ പിന്തുണക്കാര്‍ സോഡാ കുപ്പികള്‍ എറിയാനാരംഭിച്ചു. തൊഴിലാളികള്‍ സത്യാഗ്രഹമിരുന്ന ഷെഢിലേക്കുവരെ അവര്‍ സോഡാകുപ്പികള്‍ എറിഞ്ഞു. മൂന്നുനാലു സ്ത്രീകള്‍ക്കു മുറിവുണ്ടായതായി ഞാനറിഞ്ഞു.
ഞാന്‍ ബഹളത്തില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇടവകക്കാരായ പലരും, വന്ന്, ഈ സമരത്തില്‍ മാനേജുമെന്റിന്റെ അധര്‍മ്മ സമീപനത്തെക്കുറിച്ച് ഖേദത്തോടെ സംസാരിച്ചു.
ഞാന്‍ താമസ്സിയാതെ, തിരിച്ച് എറണാകുളത്തേയ്ക്കും പിന്നീട് പാലായ്ക്കും പോന്നു.
പിറ്റെദിവസം രാത്രി ഏഴര മണിക്ക് പോലീസ് എന്നെ വീട്ടില്‍വെച്ച് അറസ്റ്റു ചെയ്തു.
എന്റെമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം കേള്‍ക്കേണ്ടേ? ഞാന്‍ ചെന്ന കാറില്‍ രണ്ടു പെട്ടി സോഡാകുപ്പി, ഇടപ്പള്ളിയില്‍ കൊണ്ടുപോയി. യോഗസ്ഥലത്തുവെച്ച് മാരകമായ മുറിവുണ്ടാക്കത്തക്ക വിധത്തില്‍ ജനങ്ങളെ എറിയുകയും മതവികാരം ഉണ്ടാക്കത്തവിധത്തില്‍ പ്രസംഗിക്കുകയും ചെയ്തു. പോരേ! പൂരം! എന്നെ മാത്രമല്ല. എന്നോടൊപ്പം ഇടപ്പള്ളിക്ക് വന്ന അഡ്വക്കേറ്റ് മാത്യു സക്കറിയായും രാത്രി പാതിരായ്ക്ക്‌ശേഷം അറസ്റ്റ് ചെയ്യുകയുണ്ടായി.
അറസ്റ്റുകളുടെ ലക്ഷ്യം
കത്തോലിക്കാ സഭാധികാരികള്‍, സമൂഹത്തില്‍ ഉന്നത സാമൂഹ്യ സ്വാധീനമുള്ളവരാണ്. ഈ സാമൂഹ്യ സംവിധാനം രണ്ടു വിധത്തില്‍ വിനിയോഗിക്കാം. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി, മറ്റൊന്ന്, സ്വാര്‍ത്ഥ പരമായ പ്രതികാരത്തിനും ലക്ഷ്യത്തിനും വേണ്ടി. ഇടപ്പള്ളി ആശുപത്രി സ്ഥിതിചെയ്യുന്നത് കളമശ്ശേരി പോലീസ് സ്റ്റേഷനതിര്‍ത്തിയിലാണ്. അവി ടുത്തെ സബ് ഇന്‍സ്‌പെക്ടര്‍ ഒരു കത്തോലിക്കനാണ്; എറണാകുളം സിറ്റി കമ്മീഷണര്‍ ഒരു കത്തോലിക്കനാണ്; ഐ.ജി. ഒരു കത്തോലിക്കനാണ്; ആഭ്യന്തരകാര്യ മന്ത്രി കത്തോലിക്കനാണ്. അത്യുന്നത കര്‍ദ്ദിനാളിനും പുരോഹിതര്‍ക്കും ഇക്കാരണത്താല്‍തന്നെ വന്‍പിച്ച സ്വാധീനം പോലീസിന്റെ മേല്‍ ചെലുത്താന്‍ കഴിയും എന്ന് വ്യക്തം.
ഇടപ്പള്ളി ആശുപത്രി ജീവനക്കാര്‍ തുച്ഛശമ്പളക്കാരായ പാവപ്പെട്ട മനുഷ്യരാണ്. അവര്‍ നീതിക്കുവേണ്ടി സമരം ചെയ്യുന്നത് സഭയാകുന്ന വന്‍പിച്ച സ്വാധീന ശക്തിയോടാണ്. ഇടപ്പള്ളി പള്ളിയ്ക്കും ആശുപത്രിക്കും എത്ര ആയിരം രൂപാ വേണമെങ്കിലും വാരിയെറിയാന്‍ മാത്രം സമ്പത്തുമുണ്ട്. പാവപ്പെട്ട തൊഴിലാളികള്‍ അന്നന്നയപ്പത്തിനിരക്കുന്നവരാണ്.
തൊഴിലാളികള്‍ക്കുവേണ്ടി സംസാരിക്കാന്‍ തയ്യാറാകുന്നവരെ, വേണ്ട നീതിപൂര്‍വമായി പ്രശ്‌നം പരിഹരിക്കണമെന്ന് പതുക്കെ പറയാനെങ്കിലും നാവുയര്‍ത്തുന്നവരെ തകര്‍ത്ത് പാഠം പഠിപ്പിച്ചാല്‍ പിന്നെ തൊഴിലാളി സമരം താനെ തകര്‍ന്നുകൊള്ളും. സഭയുടെ ''ശക്തി'' പ്രദര്‍ശിപ്പിക്കപ്പെടും! ഇതാണ് വികാരിയച്ചന്റെയും അധികാരസ്ഥാനങ്ങളുടെയും ബുദ്ധി.
ഈ കാലഘട്ടത്തില്‍ എറണാകുളത്തെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആശുപത്രികളില്‍ പലതിലും ഓരോ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ഉണ്ടായി. അവയെല്ലാം അനുരഞ്ജനസംഭാഷണത്തിലൂടെ പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇടപ്പള്ളി ആശുപത്രി പ്രശ്‌നം മാത്രം പരിഹരിക്കാന്‍ കഴിഞ്ഞില്ല; എന്റെ അറിവു ശരിയാണെങ്കില്‍ ലേബര്‍ ഓഫീസര്‍ വിളിച്ചുകൂട്ടുന്ന അനുരഞ്ജന സംഭാഷണങ്ങളില്‍ പങ്കെടുക്കാന്‍പോലും ഹോസ്പിറ്റല്‍ അധികാരികള്‍ തയ്യാറായില്ല. ഈ പ്രശ്‌നത്തില്‍ ഇടപ്പള്ളിപള്ളിയുടെ പൊതുപണമാണ് വാരിയെറിയുന്നത്. ഗുണ്ടകളെ തീറ്റിപ്പോറ്റാനും സോഡാക്കുപ്പികള്‍ എറിയാനും. ബഹു. വികാരിയച്ചനോ മറ്റാര്‍ക്കെങ്കിലുമോ വിയര്‍ത്തു സമ്പാദിച്ച പണം നഷ്ടമാ കുന്നില്ല. പിന്നെ, ആര്‍ക്കെന്തു ചേതം!
പക്ഷേ, വലിയ വലിയ ചേതം സമൂഹത്തിനുണ്ട്. ക്രിസ്തുവിന്റെ സഭ. ശരീരശക്തിയിലും. സമ്പത്തിലും സ്വാധീനത്തിലും ആഹ്‌ളാദിക്കുന്നവളാകാന്‍ പാടില്ല. ''എനിയ്ക്ക് ബലിയല്ല കരുണയാണാവശ്യ''മെന്ന് ക്രിസ്തു വിളിച്ചു പറഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിന് സമഗ്രമായ ഒരു പ്രത്യയശാസ്ത്രം തന്നെ അവിടുന്ന് ആവിഷ്‌കരിച്ചു. മനുഷ്യബന്ധങ്ങളെ ദൃഢതരമാക്കാനുള്ള സനാതനമൂല്യങ്ങള്‍; ക്രിസ്തുവിന്റെ സന്ദേശം മനുഷ്യന്റെ സമഗ്ര വിമോചത്തിനുള്ള ആഹ്വാനമായിരുന്നു. ഈ ചെറിയവനില്‍ ഒരുവനു വേണ്ടതു ചെയ്യാനാണവിടുന്നു വന്നത്. പാപികളെ അന്വേഷിച്ചാണ് അവിടുന്ന് അവതരിച്ചത്. നഗ്നനായും രോഗിയായും ദരിദ്രനായും വിശക്കുന്നവനായും വേദനിക്കുന്നവനായും അടിമയായും ഇന്നും ക്രിസ്തു സമൂഹത്തിലുണ്ട്.
പക്ഷേ ഇന്നതു കാണുവാന്‍ തയ്യാറല്ല സ്ഥാപനാകാരയായ സഭ. ക്രിസ്തുവിനെ ഇരുമ്പു സക്രാരിയ്ക്കുള്ളില്‍, ഇരുമ്പു താക്കോലിട്ടു പൂട്ടി, വയ്ക്കാനാണ് സഭാധികാരികള്‍ വെമ്പല്‍ കൊള്ളുന്നത്. ക്രിസ്തു ആരാധിക്കപ്പെടേണ്ട ഒരു സത്തയായി, സ്ഥാപിതതാത്പര്യക്കാര്‍ ചിത്രീകരിച്ചു. ഇതാണ് ഇന്നത്തെ ദുഃഖകരമായ അവസ്ഥ; വേദനിപ്പിക്കുന്ന വ്യവസ്ഥിതി.
ക്രിസ്തുവിന്റെ പേരില്‍ അധര്‍മങ്ങളും, അനീതികളും കച്ചവടവും നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവരെ എന്നും സഭാധികാരികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. 22-ാം തീയതി രാത്രിയില്‍ കളമശ്ശേരിയിലെ വൃത്തികെട്ട ലാക്കപ്പുമുറിയില്‍ ഉറക്കം നഷ്ടപ്പെട്ട് കുന്തിച്ചിരിക്കുമ്പോള്‍, എന്റെ മനസ് കഠിനമായി വേദനിക്കയായിരുന്നു. ആ വേദന, എന്നെക്കുറിച്ചുള്ള വേദന യായിരുന്നില്ല; എന്റെ കഷ്ടപ്പാടിനെക്കുറിച്ചുള്ള വേദനയുമായിരുന്നില്ല; കത്തോലിക്കാ സമുദായത്തിന്റെ സഭാതലവന്മാരുടെ ധര്‍മച്യുതിയെ ക്കുറിച്ചുള്ള വേദനയായിരുന്നു.
എന്റെ തെറ്റെന്ത്? 90 ദിവസമായി പട്ടിണിയും പരിവട്ടവുമായി. നീതിയ്ക്കുവേണ്ടി വേഴാമ്പലിനെപ്പോലെ ദാഹിച്ചുകൊണ്ട് കത്തോലിക്കാ ആശുപത്രിയുടെ പടിക്കലിരുന്ന അര്‍ദ്ധപട്ടിണിക്കാരുടെ ജീവിത യാതന കള്‍ അവസാനിപ്പിക്കണമെന്നൊന്നു പറഞ്ഞുപോയി; ''നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ടെന്നറിയുന്നെങ്കില്‍ ബലിവസ്തുക്കള്‍, ബലി പീഠത്തില്‍ വെച്ച് തിരിച്ചുചെന്ന് നിന്റെ സഹോദരനുമായി രമ്യപ്പെട്ടതിനുശേഷം ബലി ചെയ്യുക''. എന്നു കല്പിച്ച ക്രിസ്തുവിന്റെ പുരോഹിതന്‍, കാരുണ്യം ഹൃദയത്തില്‍ വഹിക്കാതെ, തുടരെ ബലിയര്‍പ്പിക്കുന്നതു കണ്ടിട്ടും, സഭാധികാരികളുടെ, സഹായമെത്രാന്റെ, കര്‍ദ്ദിനാളിന്റെ ഹൃദയത്തില്‍ ഒരു ചലനവുമുണ്ടായില്ല; അവരും ബലിയര്‍പ്പിച്ചു.
രണ്ടായിരം കൊല്ലത്തെ നമ്മുടെ പാരമ്പര്യം നമ്മെ കൊണ്ടെത്തിച്ചതിവിടെയാണ്: ആയിരക്കണക്കായ സ്‌കൂളുകളും, പള്ളികളും കപ്പേളകളും, കന്യാസ്ത്രീമഠങ്ങളും സന്യാസാശ്രമങ്ങളും, കോളേജുകളും ഏകാന്ത ധ്യാനവും കരിസ്മാറ്റിക് ധ്യാനവും കത്തോലിയ്ക്കാ പ്രസിദ്ധീകരണങ്ങളും മതബോധനവും എല്ലാം നമ്മേ കൊണ്ടെത്തിച്ചതിവിടെയാണ്.
മദ്യത്തിന്റെ ലാസ്യത്തിന്റെ കത്തോലിക്കാ സഭയുടെ ''മാനം'' രക്ഷി ക്കാന്‍, ഇടപ്പള്ളിയില്‍ കാലുറയ്ക്കാതെ നടന്ന കുറേ സഭാസ്‌നേഹികളെ ഞാന്‍ കണ്ടു.
ഇന്നത്തെ സഭയുടെ പ്രതിനിധികളാണവര്‍. അവരിലാരെങ്കിലു മായിരിക്കണം എനിക്കെതിരെ കള്ള എഫ്.ഐ.ആര്‍. പോലീസ്സില്‍ കൊടു ത്തത്. അതിന് അവരെ പ്രേരിപ്പിച്ചത് അവിടുത്തെ വികാരിയച്ച നായിരിക്കണം.
സോഡാകുപ്പിയെറിഞ്ഞ് ശരീരം മുറിഞ്ഞ് ആശുപത്രിയിലായ തൊഴിലാളികളെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല; അവരുടെ കുടുംബത്തിന്റെ യാതനകളും, വേദനകളും കണ്ണുനീരും!
ക്രിസ്തു ഇന്നെവിടെയാണ്; ഇടപ്പള്ളി പള്ളിയിലെ മനോഹരമാക്കിയ മദ്ബഹായിക്കകത്താണോ അതോ, നീതിക്കുവേണ്ടി പാടുപെടുന്ന തൊഴിലാളികളുടെ ഷെഡ്ഡിലാണോ? പള്ളി പിന്തുണക്കാരുടെ സോഡാ ക്കുപ്പിയേറില്‍ മുറിവേറ്റ് ആശുപത്രിയില്‍ കിടക്കുന്ന തൊഴിലാളികളുടെ സമീപത്താണോ? വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ അനു രജ്ഞനത്തിന്റെയും സമാധാനത്തിന്റെയും ഉപദേശം കൊടുത്തതിന്, തടവറയില്‍ക്കിടക്കുന്ന എന്റെ സമീപത്താണോ?
ഉറക്കം ഓടിയൊളിച്ചു. സമയം പോയതറിഞ്ഞില്ല; അടുത്തുള്ള പള്ളയില്‍നിന്നും മണിനാദം ഉയര്‍ന്നു. ഇടപ്പള്ളി പള്ളിയിലെ വികാരിയച്ചന്‍ പൂജയര്‍പ്പിക്കാന്‍ തുടങ്ങുകയായിരിക്കണം കര്‍ദ്ദിനാളും സഹായ മെത്രാനും, എല്ലാം വിലയേറിയ വസ്ത്രങ്ങളണിഞ്ഞ് ബലിയര്‍പ്പിക്കാന്‍ അള്‍ത്താരയിലേയ്ക്കു പോകുന്നുണ്ടാകാം.
പക്ഷേ ഈ ബലി ദൈവം സ്വീകരിക്കുമോ? ''മതം മനുഷ്യനെ തമ്മിലടിപ്പിക്കുകയോ, വേര്‍തിരിക്കുകയോ, അടിമയാക്കുകയോ അല്ല; ഈശ്വരോന്മുഖമായി ഒന്നിപ്പിക്കുകയും സ്വതന്ത്രമാക്കുകയുമാണു വേണ്ടത്. വ്യക്തിജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുകയും സഹോദരനോടുള്ള കടപ്പാടുകള്‍ നിറവേറ്റുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യാത്ത മതവിശ്വാസം അര്‍ത്ഥശൂന്യമത്രേ. കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുക'' (താലന്ത് പേജ് 29-പി.ഒ.സി. പാലാരിവട്ടം.)
ഇടപ്പള്ളിയിലെ തൊഴിലാളികളെ കൂടി - അവരുടെ തെറ്റു കുറ്റങ്ങളെന്തായാലും - ഉള്‍പ്പെടുത്തിയുള്ള സ്‌നേഹവിരുന്നില്ലാത്ത ബലി ദൈവം സ്വീകരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു.
കള്ളക്കേസ് കെട്ടിച്ചമച്ച് സഭയുടെ സ്വാധീനവും, പണവും വിനിയോഗിച്ച് എന്നെ ലോക്കപ്പിലിട്ടതില്‍ സന്തോഷിക്കുന്നവരുണ്ടാകാം. ഞാനും അവരോടൊപ്പം സന്തോഷിക്കുന്നു.
ഇടപ്പള്ളിയിലെ നിഷ്പക്ഷരായ മനുഷ്യര്‍ക്കറിയാം ഞാന്‍ എന്താണവിടെ പറഞ്ഞതെന്ന്. ''ഞാന്‍ മതവികാരം ഇളക്കിവിട്ടു'' പോലും!
മതവികാരംപോലും! മതം വികാരമല്ല, ആചാരമല്ല; അനുഷ്ഠാനമല്ല; അത് ജീവിതചര്യയാണ്; സമൂഹത്തിന്റെ ഉപ്പാണ്.
കേരളത്തിലെ സഭാധികാരികളെനോക്കി ആമോസ് ദീര്‍ഘദര്‍ശിയെ പോലെ
ശ്രി. ജൊസഫ് പുലിക്കുന്നലിന്റെ അനുഭവ സാക്ഷ്യത്തിന്, ഒരു കുറിപ്പെഴുതാന്‍ കൈ ചലിക്കുന്നില്ല. കേരളത്തിലുള്ള കത്തോലിക്കാ കുടുംബങ്ങളില്‍ നാലിലൊന്ന് വീടുകളില്‍ നെഴ്സുമാരായി കുട്ടികളുണ്ട്. അവര്‍ എത്രയോ നാളുകളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കാന് ഇപ്പോള്‍ പരിഹാരം ഉണ്ടാകാന്‍ പോവുന്നത്. ഏറ്റവും കുറവ് ശമ്പളം കൊടുക്കുന്നത്, ഏറ്റവും കൂടുതല്‍ പണി ചെയ്യേണ്ടത്, ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടത് ഇതെല്ലാം കത്തോലിക്കാ മാനജുമെന്ടിലുള്ള സ്ഥാപനങ്ങളില്‍ തന്നെയാണ്. കണ്ണില്‍ ചോരയില്ലാത്ത കന്യാസ്ത്രികളാണ് മുക്കാലും. അവരുടെ സ്വകാര്യ മാനസ്സിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പാവം നേര്ഴുമാരുടെ മുതുകത്താണ്. നിലം തുടക്കുന്ന ജോലിയും ചിലടത്തു അവര്‍ക്കാണ്. അവര്‍ കൊണ്ടുവരുന്ന പണംകൊണ്ട് കടം വിട്ടാനോ, നിത്യചിലവിനോ തികയില്ല. സര്‍ട്ടിഫിക്കറ്റു സക്രാരിയില്‍ വെച്ച് പൂട്ടി കാവലും നിത്യാരാധനയുമായി കഴിയുന്ന ഈ വര്‍ഗ്ഗത്തെ സാത്താന്‍ പോലും പരിക്ഷിക്കാന്‍ വരില്ല.
ReplyDeleteകൂടുതല്‍ എഴുതിയാല്‍ എഴുതുന്ന കി ബോര്‍ഡ് പോലും നാണിക്കും. നാണം എന്നൊന്ന് ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍................. എന്ന് ആശിച്ചു പോവുന്നു.....