'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന' (KCRM) ത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി കണക്കാക്കാവുന്ന ഒരു ദിവസമായിരുന്നു, 2012 ജനുവരി 29, ഞായാറാഴ്ച - അന്നാണ്, പ്രസ്ഥാനത്തിന്റേതായി ഒരു അച്ചടിമാധ്യമം, 'സത്യജ്വാല' മാസിക, ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഏതാണ്ടു മൂന്നു മാസങ്ങള്‍ക്കുമുമ്പ്, 2011 നവംബര്‍ 6-ന്, തുടങ്ങിയ 'അല്‍മായശബ്ദം ഗ്രൂപ്പ്' ബ്ലോഗിന്റെ വിസ്മയകരമായ പ്രചാരമാണ് ഇങ്ങനെയൊരു മാസിക അച്ചടിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ഞങ്ങള്‍ക്കു പ്രേരണയായത്.
'അല്‍മായശബ്ദം' ബ്ലോഗില്‍ സഭാസംബന്ധിയായി വന്നുകൊണ്ടിരിക്കുന്ന തുറന്ന ചിന്തകളും മികച്ച രചനകളും, സഭാധികാരികളുടെ ദുസ്വാധീനംമൂലം വെളിച്ചം കാണാതെ പോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും, ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താത്ത ഇന്‍ഡ്യയിലെ മഹാഭൂരിപക്ഷം മലയാളിക്കത്തോലിക്കര്‍ക്കുകൂടി എത്തിച്ചുകൊടുക്കേണ്ടതുണ്ട് എന്ന തോന്നലാണ് 'സത്യജ്വാല'മാസികയുടെ പിറവിക്കു കാരണം.
ജനുവരി. 29, ഉച്ചയ്ക്കു 2.30-ന്, പാലാ ടോംസ് ചേമ്പറില്‍, KCRMചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍വച്ച്, 'ഓശാന മാസികയുടെ എഡിറ്ററും ഭാരതീയ ക്രൈസ്തവപഠനകേന്ദ്രം (IICS) ഡയറക്ടറുമായ ശ്രീ. ജോസഫ് പുലിക്കുന്നേല്‍, കോതമംഗലം 'സംസ്‌ക്കാര'യുടെ പ്രോഗ്രാം ഡയറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് മാസികയുടെ ആദ്യകോപ്പി നല്‍കി 'സത്യജ്വാല' പ്രകാശനം ചെയ്തു. വേദിയില്‍ സര്‍വ്വശ്രീ ജോസഫ് പടന്നമാക്കല്‍, ജയിംസ് ഐസക് കുടമാളൂര്‍, കെ. ജോര്‍ജ് ജോസഫ്, സെക്രട്ടറി ജോര്‍ജ് മൂലേച്ചാലില്‍, ജോയിന്റ് സെക്രട്ടറി ജോസാന്റണി എന്നിവരും സന്നിഹിതരായിരുന്നു.
പ്രകാശകര്‍മ്മം നിര്‍വ്വഹിച്ചു നടത്തിയ പ്രസംഗത്തില്‍, ഡോക്ടര്‍മാര്‍ തനിക്ക് പൂര്‍ണ്ണവിശ്രമം കര്‍ശനമായി വിധിച്ചിരിക്കുന്ന സമയമാണിത് എന്നും, പക്ഷേ, അതെല്ലാം അവഗണിച്ച് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നെന്നും ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. സഭാകാര്യങ്ങളെക്കുറിച്ച് തുറന്നും ധീരമായും പ്രതിപാദിക്കുന്ന ഒരു മാസികയുടെ ജന്മമുഹൂര്‍ത്തത്തില്‍ എങ്ങനെയും അതില്‍ പങ്കെടുക്കണമെന്ന് തോന്നി. തന്റെ 'ഓശാന' മാസിക സന്ധ്യയോടടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓശാനയുമായി ആശയബന്ധം പുലര്‍ത്തുന്ന നവീകരണപ്രസ്ഥാനത്തിന്റേതായി, മറ്റൊരു പ്രസിദ്ധീകരണം ഉദയംകൊള്ളുന്നതു കാണുമ്പോള്‍ വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യവും തനിക്കനുഭവപ്പെടുന്നുണ്ട്, അദ്ദേഹം പറഞ്ഞു. മാസികയുടെ നടത്തിപ്പില്‍ സാമ്പത്തികമായും അല്ലാതെയും പലവിധ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായേക്കാമെന്നും അതെല്ലാം വിജയകരമായി തരണം ചെയ്തു മുന്നോട്ടുപോകാന്‍ നവീകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കു കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മാസിക ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍, ആദ്ധ്യാത്മികതയില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള സഭാവിമര്‍ശനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ സംസാരിച്ചത്. കേരളത്തിലെ കത്തോലിക്കാസഭ വലിയ തോതിലുള്ള ഒരു ആദ്ധ്യാത്മികവരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ്, അതിന്ന് കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളും കെട്ടിടസമുച്ചയങ്ങളുമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നന്നത്. ഈ സ്ഥിതി മാറേണ്ടതാവശ്യമാണ്. ഈ മാറ്റത്തിന്റെ പ്രക്രിയയെ വിമര്‍ശാത്മകമായും സൃഷ്ടിപരമായും ത്വരിതപ്പെടുത്തുന്ന ഒന്നായിരിക്കട്ടെ 'സത്യജ്വാല' മാസിക എന്നദ്ദേഹം ആശംസിച്ചു.
പ്രകാശനകര്‍മ്മത്തിനുശേഷം, KCRM ജോയിന്റ് സെക്രട്ടറിയും, 'അല്‍മായശബ്ദം' ബ്ലോഗിനും 'സത്യജ്വാല' മാസികയ്ക്കുമായി ഏറ്റവുമേറെ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ആളുമായ ശ്രീ. ജോസാന്റണി മാസിക സംബന്ധിച്ചുള്ള ഭാവിസങ്കല്പങ്ങള്‍ അവതരിപ്പിച്ചു. ഈ ആദ്യലക്കത്തിന് ഒട്ടുവളരെ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്നും, മാസികയുടെ ഡിസൈനും കെട്ടും മട്ടുമെല്ലാം കൂടുതല്‍ മികവുറ്റതാക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ചടിച്ച മാസികയോടൊപ്പം, ഇ-മെയില്‍ വിലാസം നല്‍കുന്നവര്‍ക്കെല്ലാം മെയില്‍ ചെയ്തുകൊടുക്കുന്നതിനായി 'സത്യജ്വാല'യുടെ വര്‍ണ്ണശബളമായ ഒരു ഇന്റര്‍നെറ്റ് പതിപ്പു തുടങ്ങാനും KCRM തീരുമാനിച്ചിട്ടുള്ള കാര്യം അദ്ദേഹം അറിയിച്ചു. മാസികയുടെ വിതരണത്തില്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം അദ്ദഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന്, സഭയിലെ കല്‍ദായവല്‍ക്കരണത്തിനെതിരെ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മറ്റി'യുടെ സമുന്നത നേതാവും അതിന്റെ മുഖപത്രമായ 'നസ്രാണി ദീപ'ത്തിന്റെ എഡിറ്ററുമായ ശ്രീ. ജയിംസ് ഐസക് കുടമാളൂര്‍, സര്‍വ്വശ്രീ പി.വി. വര്‍ഗ്ഗീസ് പൊടിമറ്റം, പി.എസ്. ജോസഫ് പനച്ചിക്കവയലില്‍, ബേബി ചിറയ്ക്കല്‍, ഡി. സുഫലന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
പ്രകാശകര്‍മ്മത്തിനും ചര്‍ച്ചാസമ്മേളനത്തിനും മധ്യേയുള്ള ഇടവേളയില്‍, വ്യവസായിയും (N.T. Paul & Co. Ltd.) അനുഗൃഹീത ഗായകനുമായ ശ്രീ. എന്‍. റ്റി. പോള്‍ നടയ്ക്കല്‍, ആബേലച്ചന്‍ രചിച്ച, 'ഈശ്വരനെത്തേടി ഞാനലഞ്ഞു...' എന്നു തുടങ്ങുന്ന ഗാനം ശ്രുതിമധുരമായി ആലപിച്ചു.
ഗാനാലാപനത്തിനും ചായയ്ക്കുംശേഷം, 'ലൈംഗിക-കുടുംബാസൂത്രണ വിഷയങ്ങളില്‍ വത്തിക്കാന്റെ നിലപാട്' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടത്തി. 'അല്‍മായശബ്ദം' ബ്ലോഗിലെ സ്ഥിരം എഴുത്തുകാരനും ന്യുയോര്‍ക്ക് പബ്ലിക് ലൈബ്രറി മുന്‍ ലൈബ്രറിയന്‍ സ്‌പെഷ്യലിസ്റ്റുമായ ശ്രീ. ജോസഫ് പടന്നമാക്കല്‍ ആണ് വിഷയാവതരണം നടത്തി ചര്‍ച്ച നയിച്ചത്. ലൈംഗികത അതില്‍ത്തന്നെ പാപമാണെന്ന തരത്തിലുള്ള പഠിപ്പിക്കലുകളില്‍നിന്ന് കത്തോലിക്കാസഭാനേതൃത്വം ഇന്നും മാറിയിട്ടില്ല എന്നും പ്രത്യുല്‍പാദനത്തിനു വേണ്ടിയല്ലാതുള്ള ലൈംഗികവൃത്തിയെ അംഗീകരിക്കാന്‍ സഭ ഇന്നും മടിച്ചുനില്‍ക്കുയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രത്യുല്‍പാദനം മാനദണ്ഡമാക്കിയുള്ള ഈ ലൈംഗിക സമീപനമായിരിക്കാം കുടുംബാസൂത്രണ ഉപാധികളെയും നിഷേധാത്മകമായി കാണാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. വിവിധ മാര്‍പ്പാപ്പാമാരുടെ ഈ വിഷയങ്ങളിലുള്ള ചാക്രികലേഖനങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, അപ്രമാദിത്വത്തിന്റെ പേരില്‍ വത്തിക്കാന്‍ തുടരുന്ന നിഷേധാത്മക നിലപാട് അദ്ദേഹം വിശദീകരിച്ചു. ജോണ്‍ 6-ാമന്‍ മാര്‍പ്പാപ്പായുടെ കാലത്ത് രൂപികരിച്ച ഒരു കമ്മറ്റിയുടെ ശിപാര്‍ശയെ ആധാരമാക്കി കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അയവുവരുത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രഖ്യാപനം നടത്തിയപ്പോള്‍ ആ അയവുകളെല്ലാം വിട്ടുകളഞ്ഞു. സഭാനിലപാട് എങ്ങനെയൊക്കെ ആയിരുന്നാലും കത്തോലിക്കരില്‍ മഹാഭൂരിപക്ഷത്തെയും ഇന്ന് അതൊന്നും കാര്യമായി സ്വാധീനിക്കുന്നില്ലെന്നും, ഓരോത്തരും തങ്ങളുടെ സാഹചര്യത്തിനും ധാര്‍മ്മികബോധത്തിനുമനുസരിച്ച് സ്വന്തം നിലയില്‍ തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകുന്ന രീതിയാണ് അവലംബിച്ചു കാണുന്നതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. 'സത്യജ്വാല' മാസികയ്ക്കു വിജയം നേര്‍ന്നുകൊണ്ട് അദ്ദേഹം തന്റെ അവതരണം അവസാനിപ്പിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളെ എതിര്‍ക്കുമ്പോഴും, വത്തിക്കാന്‍ ബാങ്ക്, കൃത്രിമ ജനനനിരോധനോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ വന്‍ മൂലധനനിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്ന് ശ്രീ. കെ.കെ. ജോസ് പറഞ്ഞു. ലൈംഗികതയെയും കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളെയും സംബന്ധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും, വത്തിക്കാന്‍ ബാങ്കിന്റെ അധാര്‍മ്മിക ഇടപാടുകള്‍ നിയന്ത്രിക്കാനും തീരുമാനമെടുത്ത മാര്‍പ്പാപ്പാ ആയിരുന്നു ജോണ്‍പോള്‍ ഒന്നാമന്‍. എന്നാല്‍, ദുരൂഹസാഹചര്യത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്, അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങളില്‍ വത്തിക്കാനെയോ, മാര്‍പ്പാപ്പായെയോ അനുസരിക്കാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നും, സ്വന്തം ധാര്‍മ്മികബോധത്തില്‍നിന്ന് ഉചിതമായ തീരുമാനമെടുത്തു ജീവിതം നയിക്കാന്‍ വ്യക്തികള്‍ക്കും, ദമ്പതിമാര്‍ക്കും അവകാശമുണ്ടെന്നും പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം അഭിപ്രായപ്പെട്ടു. അതനുസരിച്ച് ഭ്രൂണഹത്യയെ അംഗീകരിക്കാന്‍ തന്റെ ധാര്‍മ്മികത തന്നെ അനുവദിക്കുന്നില്ല. അതുപോലെത്തന്നെ, കെട്ടഴിച്ചു വിടുന്ന ലൈംഗികത മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെ തളര്‍ത്താനിടയുണ്ട്. കാരണം, ലൈംഗികോര്‍ജത്തിന്റെ ഉദാത്തീകരണ(Sublimation)ത്തിലൂടെയാണ് മനുഷ്യന്റെ സര്‍ഗ്ഗാത്മകതലം വികസിതമാകുന്നത്, അദ്ദേഹം പറഞ്ഞു.
ശ്രീ. പടന്നമാക്കലിന്റെ മറുപടി പ്രസംഗത്തോടെ 6 -ന് സമ്മേളനം പര്യവസാനിച്ചു. പരിപാടിയ്ക്കു KCRM സെക്രട്ടറി ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ സ്വാഗതവും മുന്‍ ചെയര്‍മാന്‍ ശ്രീ. മാത്യു എം. തറക്കുന്നേല്‍ നന്ദിയും പറഞ്ഞു.
ജോര്‍ജ്ജ് മൂലേച്ചാലില്‍
(സെക്രട്ടറി, KCRM) 9497088904
ചടങ്ങിന്റെ ഏതാനും ചിത്രങ്ങള്‍
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteസത്യജ്വാല പ്രകാശനകര്‍മ്മത്തില്‍ പങ്കുചേരുവാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കുന്നു. സഭാനവീകരണ ചിന്താഗതികളുമായി വിപ്ലവകരമായ ആശയങ്ങളില്‍ ഒന്നിച്ചു പോരാടുന്ന അനേകരെ പരിചയപ്പെട്ടപ്പോള്‍,
ReplyDeleteമഹത്തായ ഒരു പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നവരെ കണ്ടപ്പോള്‍ അത്യന്തകമായ സന്തോഷമുണ്ടായി.
ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ ഓരോരുത്തരും ചിന്തിക്കാനും
പ്രവര്‍ത്തിക്കാനും കഴിവുള്ള കവികള്‍,ചിന്തകര്‍,എഴുത്തുകാര്‍,പ്രൊഫസര്‍മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരാണ്.കത്തോലിക്കാ നവീകരണചിന്താഗതികളില്‍ എക്കാലവും ഭൂകമ്പംഉണ്ടാക്കിയ പുലിക്കുന്നന്‍സാര്‍ ഡോക്ടര്‍മാരുടെ ഉപദേശങ്ങളെപ്പോലും അവഗണിച്ചു ഈ പരിപാടിയില്‍ പങ്കെടുത്തതും സ്വന്തം ആരോഗ്യത്തെപ്പോലും അവഗണിച്ചു സത്യജ്വാല പ്രകാശനകര്‍മ്മം നിര്‍വഹിച്ചതും ഈ പ്രസ്ഥാനത്തിന്‍റെ നേട്ടവും ഒരു നിയോഗവുംതന്നെ.
ചുരുങ്ങിയ സമയംകൊണ്ട് ലോകമെമ്പാടും പ്രചരിച്ച അല്‍മായശബ്ദംബ്ലോഗിലെ ഈടുറ്റലേഖനങ്ങളാണ് സത്യജ്വാലാ മാസികയിലുള്ളത്. ജസ്റ്റീസ് കൃഷ്ണയ്യരുടെ ചര്‍ച്ച്‌ആക്റ്റിനെപ്പറ്റിയുള്ള ലേഖനവുമായിയാണ് ഈ മാസികയുടെ തുടക്കം. പാലാമെത്രാന്‍ ഒരു മദ്യവ്യവസായിയോ എന്ന പുലിക്കുന്നന്‍റെ ചോദ്യത്തിനു കേരളത്തിലെ ഒരു മെത്രാനും ഉത്തരം പറയുവാന്‍ സാധിക്കുകയില്ല.
സ്ത്രീകള്‍ക്ക് അല്ത്താരയില്‍ പ്രവേശനം നല്‍കാന്‍ കാലംവൈകിയെന്ന ജസ്റ്റീസ് കെ.റ്റി. തോമസിന്‍റെ ലേഖനം വിമര്‍ശനചിന്താഗതിക്കാര്‍ക്ക് ഒരു സംഭാവന തന്നെയാണ്. സഭയില്‍ വനിതകള്‍ക്ക് ഇന്നും പ്രധാന മദുബായില്‍ പ്രാവേശനമില്ലാത്ത പള്ളികളില്‍ ക്രിസ്തു വസിക്കുന്നില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.
സഭാകര്‍മ്മങ്ങളില്‍ ബിഷപ്പും അച്ചന്മാരും മാത്രം കൈവെപ്പു നടത്തുമ്പോള്‍ ഇവര്‍ അല്മെനികളെ താണവര്‍ഗക്കാരായി അപമാനിക്കുന്നുവെന്നും എഴുതിയിരിക്കുന്നു. വിശുദ്ധകുര്‍ബാനയിലെ ഉമ്മിനീരും തുപ്പലുംവഴി രോഗങ്ങള്‍ കൈമാറുന്ന അശാസ്ത്രീയ രീതികളെയും ഈ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.
സഭയിലെ പുരോഹിതര്‍ മുതല്‍ ഉന്നത അധികാരികള്‍വരെ വിമര്‍ശനത്തിനു വിധേയരാകണമെന്നാണ് ഫാദര്‍ ഡേവിഡ് കാച്ചപ്പിള്ളിയുടെ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. യേശുക്രിസ്തുപോലും വിമര്‍ശനങ്ങളെ
സ്വാഗതം ചെയ്തിരുന്നുവെന്നും ബൈബിളിലെ വചനങ്ങള്‍ ചൂണ്ടികാണിച്ചു ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കച്ചവടമൂല്യങ്ങളായ കത്തോലിക്കാസഭയുടെ തെറ്റായ വിശ്വാസത്തിനെതിരായുള്ള ജിഹ്വയാണ് സത്യജ്വാല. പ്രതിഫലം മോഹിക്കാതെ സേവനമനസ്ഥിതിയോടെ, തുറന്നമനസ്സോടെ പണിയെടുക്കുന്ന സത്യജ്വാലാ പ്രവര്‍ത്തകരെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരു പക്ഷെ ലോകസാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ലോകത്തിലെ ആദ്യത്തെ മാസികയായിരിക്കാം സത്യജ്വാല. സഭയുടെ സാമൂഹ്യക സാമ്പത്തിക സാംസ്ക്കാരിക പോരാട്ടങ്ങള്‍ക്ക് പുറമേ അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കുമെതിരായും സത്യജ്വാല ജ്വലിക്കുന്നത് കാണാം. അതിനു ഉദാഹരണങ്ങളാണ് ഡോക്ടര്‍ ജോസഫ് വര്‍ഗീസിന്‍റെ ലേഖനവും മാനത്തൂര്‍ സംഭവങ്ങളും. കൂടാതെ സക്കറിയാസ് നെടുങ്കനാല്‍, ചാക്കോ കളരിക്കല്‍, ജോണി പ്ലാത്തോട്ടം, ഗുരുദാസച്ചന്‍(മോചനകാഹളം)എന്നിങ്ങനെ അനേകം എഴുത്തുകാരുടെ ലേഖനങ്ങള്‍ ഈ മാസികയെ വളരെയേറെ വിഭവസമൃദ്ധമാക്കിയിരിക്കുന്നു. ഇതിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്‍റെ എല്ലാവിധ വിജയാശസകളും.
ശ്രീ ജോസഫ് പടന്നമാക്കല്‍'നവീകരണപ്രസ്ഥാന'ത്തിലുള്ളവരെയും 'സത്യജ്വാല'യെയും കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ വായിച്ചപ്പോള്‍ വളരെയേറെ സന്തോഷം തോന്നി. ഞങ്ങളുടെ എളിയ സംരംഭമായ 'സത്യജ്വാല'യിലെ ഓരോ രചനയെയും കുറിച്ചു അദ്ദേഹം നടത്തിയ ഗൗരവപൂര്‍ണമായ നിരൂപണം ഏറെ ഹൃദ്യമായിരുന്നു എന്നു പറയാതെ വയ്യ.
ReplyDelete'സത്യജ്വാല'യുടെ പ്രകാശനവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ശ്രീ പടന്നമാക്കല്‍ നയിച്ച ചര്‍ച്ച അല്പം മുങ്ങിപ്പോയോ എന്നു ഞങ്ങള്ക്കു സംശയമുണ്ട്; ഖേദവും. എങ്കിലും, അദ്ദേഹത്തിന്റെ പ്രഭാഷണവും തുടര്ന്നു നടന്നചര്‍ച്ചയും വളരെ സജീവമായിരുന്നു എന്നതില്‍ സന്തോഷവുമുണ്ട്. ഏതായാലും, 'അല്മായശബ്ദ'ത്തിന്റെ ഭാഗമായിത്തീര്‍ന്ന അദ്ദേഹത്തിന്റെ സാന്നിധ്യത്തില്ത്തന്നെ 'സത്യജ്വാല' മാസിക പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാം ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തിനു ഞങ്ങളുടെയെല്ലാം ഹൃദയംഗമമായ നന്ദി!
ജോര്‍ജ് മൂലേച്ചാലില്‍ (സെക്രട്ടറി, കെ.സി.ആര്‍.എം)