Translate

Friday, February 3, 2012

ക്രിസ്തുസഭ മതസംഘടനയായി മാറുന്നു!


നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്റിനോസ് മതമര്‍ദ്ദനം അവസാനിപ്പിച്ചു മതസ്വാതന്ത്ര്യം അനുവദിച്ചെന്നു മാത്രമല്ല, ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍പ്പാപ്പായ്ക്ക് കൊട്ടാരവും കിരീടവും നല്‍കി സഭയുടെ മേല്‍ക്കോയ്മ തന്ത്രപൂര്‍വം അദ്ദേഹം സ്വന്തമാക്കി. റോമന്‍ഭരണരീതിക്കനുസരണമായ ഭരണസംവിധാനവും രാജ്യനിയമങ്ങള്‍ക്കനുസരണമായ കാനോനികനിയമസംഹിതയും സഭയ്ക്കുണ്ടായി. സാഹോദര്യസഭ ഹയരാര്‍ക്കിയായി. വിശ്വാസികളുടെ കൂട്ടായ്മ റോമന്‍കത്തോലിക്കാമതമായി രൂപാന്തരപ്പെട്ടു. ആത്മീയത ചോര്‍ന്നു പോയി; ഭൗതികത നിറഞ്ഞുകവിഞ്ഞു!

നേര്‍ച്ചകാഴ്ചകളും കര്‍മ്മാനുഷ്ഠാനങ്ങളും വ്യര്‍ഥം

ബൈബിള്‍ അനുസരിച്ച് കൃപയാല്‍ ദൈവം നമുക്കു നല്‍കുന്ന സൗജന്യരക്ഷ വിശ്വാസത്താല്‍ മാത്രമേ സ്വന്താമാക്കാനാവൂ. എന്നിരിക്കെ, മതകര്‍മ്മങ്ങള്‍ വഴി രക്ഷപ്രാപിക്കാം എന്ന ഉപദേശം മതവിശ്വാസികളെ പൗരോഹിത്യത്തിന്റെ അടിമത്തത്തില്‍ തളച്ചിടുന്നു. വിശ്വാസം വഴി രക്ഷ പ്രാപിക്കണമെങ്കില്‍ സ്വന്തമനസ്സാലെ ഒരു തെരഞ്ഞെടുപ്പും തീരുമാനവും നടത്തേണ്ടിയിരിക്കുന്നു. 'ജീവനും മരണവും നന്മയും തിന്മയും അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വെച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം' (നിയമ:30; 15 19) അത് ജീവനോടെയിരിക്കുമ്പോള്‍ മാത്രമേ ചെയ്യാനാകൂ. അന്ത്യശ്വാസവും വിട്ട് മൂക്കില്‍ പഞ്ഞിയും വെച്ചശേഷം ഇതു ചെയ്യാനാകില്ല. മരിച്ചശേഷം തിരുക്കര്‍മ്മങ്ങള്‍ മുഖാന്തിരം രക്ഷനേടാം എന്ന ഉപദേശം പണംകൊയ്യാനുള്ള മാര്‍ഗമാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യത്തിന്റെ വചനത്താല്‍ ശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ദൈവം നിയോഗിച്ചുതന്ന ഏകമധ്യസ്ഥന്‍ യേശു മാത്രമായിരിക്കേ, അനുഗ്രഹങ്ങള്‍ക്കായി വിശുദ്ധരെ ആശ്രയിക്കേണ്ടിവരുമ്പോള്‍ നേര്‍ച്ചകാഴ്ചകള്‍ക്കായി (കൈക്കൂലി) പണമൊഴുക്കേണ്ടിവരുന്നു. 'മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലൊ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ രൂപമോ നിര്‍മ്മിക്കരുത്. അവയ്ക്കു മുന്നില്‍ പ്രണമിക്കുകയോ കുമ്പിട്ടാരാധിക്കുകയോ ചെയ്യരുത് '. (പുറ: 20: 4, 6) എന്ന രണ്ടാം പ്രമാണം മാറ്റി ദൈവകല്‍പന ലംഘിച്ച് സ്വരൂപങ്ങള്‍ നിര്‍മ്മിച്ച് വണക്കത്തിനായി ദേവാലയങ്ങളില്‍ പ്രതിഷ്ഠിച്ച് മനുഷ്യരെക്കൊണ്ട് കല്‍പനാലംഘനം എന്ന 'ചാവുദോഷം' ചെയ്യിച്ചു കൊണ്ടിരിക്കുകയാണ്.

റോമന്‍ഭരണാധികാരികളുടെ സ്വാധീനത്തില്‍, ബാബിലോണ്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായ വേഷവിധാനങ്ങളും രാജകീയ അടയാളങ്ങളും പേഗന്‍ മതോപദേശങ്ങളും മതാനുഷ്ഠാനങ്ങളും സഭയില്‍ കടന്നുകൂടി. കാലാന്തരത്തില്‍ അവ സ്ഥിരപ്രതിഷ്ഠ നേടി, പാരമ്പര്യാചാരനുഷ്ഠാനങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് സത്യം. തിരുവചനവിരുദ്ധമായ മതോപദേശങ്ങളുടേയും അനുഷ്ഠാനങ്ങളുടെയും ലിസ്റ്റ് താഴെ ചേര്‍ത്തിരിക്കുന്നതു പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും ബോധ്യമാകുന്നതാണ്.

AD 375ല്‍ പുണ്യാത്മാളോടും മാലാഖമാരോടുമുള്ള വണക്കവും പ്രാര്‍ഥനകളും.
394ല്‍ കുര്‍ബാന രൂപപ്പെടുന്നു. 500ല്‍ പുരോഹിതര്‍ക്ക് അല്മായരില്‍ നിന്നു വ്യത്യസ്ഥമായ വേഷവിധാനം.
526ല്‍ രോഗീലേപനം (ഒടുക്കത്തെ ഒപ്രിശുമ) തുടങ്ങി
593ല്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ഉപദേശം
600ല്‍ തിരുക്കര്‍മ്മങ്ങളില്‍ ലത്തീന്‍ഭാഷ നിര്‍ബന്ധമാക്കുന്നു.
600ല്‍ മറിയത്തോടു പ്രാര്‍ഥന.
607ല്‍ ഫൊക്കാസ് ചക്രവര്‍ത്തി റോമസഭയുടെ പരമാധികാരിയെ പോപ്പ് എന്ന സ്ഥാനപ്പേര് നല്‍കി ആദരിക്കുന്നു (പോപ്പ് ബോണിഫേസ് IV)
709ല്‍ മാര്‍പ്പാപ്പയുടെ പാദം ചുംബിക്കുന്ന ആചാരം
785ല്‍ രൂപം, തിരുശേഷിപ്പ് ഇവയുടെ വണക്കം
850ല്‍ ഹന്നാന്‍ വെള്ളം ഉപയോഗത്തില്‍.
890ല്‍ വി. ഔസേപ്പിനോടുള്ള വണക്കം
995ല്‍ മരണമടഞ്ഞശേഷം വിശുദ്ധ പദവി നല്‍കുന്ന നാമകരണ ചടങ്ങ് 998ല്‍ വെള്ളിയാഴ്ചകളില്‍ ഇറച്ചി വിലക്കും നോമ്പുകാല ഉപവാസവും
1079ല്‍ ബ്രഹ്മചര്യം നിര്‍ബന്ധമാക്കി വൈദികര്‍ക്ക് വിവാഹവിലക്ക് (പോപ്പ് ബോണിഫേസ് VIII)
1090ല്‍ വനവാസിയായ പീറ്റര്‍ കൊന്ത ഉപയോഗിക്കാന്‍ തുടങ്ങി.
1128ല്‍ ശിശുമാമോദീസ നിര്‍ബന്ധമാക്കി.
1184ല്‍ പാഷണ്ഡികളെ മരണശിക്ഷക്കു വിധിക്കുന്ന സംവിധാനം (ഇങ്ക്വിസിഷന്‍) നിലവില്‍വന്നു.
1190ല്‍ ദണ്ഡവിമോചന (Indulgences) വില്‍പന.
1215-ല്‍ സത്താപരമായ മാറ്റം(Trans-substantiation) അംഗീകരിച്ച് പ്രഖ്യാപിക്കുന്നു.
1215ല്‍ ആണ്ടുകുമ്പസാരം കല്‍പനയാക്കി (ലാറ്ററന്‍ കൗണ്‍സില്‍പോപ്പ് ഇന്നസെന്റ് XIII)
1225ല്‍ കൂദാശചെയ്ത അപ്പം ഓസ്തി ആരാധനാവിഷയമാക്കി (പോപ്പ് ഒണേറിയസ്)
1229ല്‍ ബൈബിള്‍ അത്മായര്‍ വായിക്കുന്നത് വിലക്കി (കൗണ്‍സില്‍ ഓഫ് ട്യൂഡോ).
1282ല്‍ വെന്തിഞ്ഞ (ഉത്തരീയം) സൈമണ്‍ സ്റ്റോക്ക് അവതരിപ്പിക്കുന്നു. 1414ല്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ വിശ്വാസികള്‍ക്ക് വീഞ്ഞ് കൊടുക്കാതായി.
1439ല്‍ ശുദ്ധീകരണസ്ഥലം അംഗീകരിച്ചു പ്രഖ്യാപിക്കുന്നു. (കൗണ്‍സില്‍ ഓഫ് ഫ്‌ളോറന്‍സ്)
1439ല്‍ കൂദാശകള്‍ ഏഴ് എന്നു നിജപ്പെടുത്തുന്നു.
1508ല്‍ 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ഥന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
1545ല്‍ പാരമ്പര്യത്തിന് ബൈബിളിനൊപ്പം ആധികാരികത്വം കല്‍പ്പിക്കുന്നു.
1546ല്‍ ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍: തോബിത്, യൂദിത്, ജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, 1,2 മക്കബായര്‍, ദാനിയേലിന്റെ ചില ഭാഗങ്ങള്‍(3,2490,1314 അധ്യായങ്ങള്‍) ബൈബിളില്‍ കൂട്ടിച്ചേര്‍ക്കുന്നു.
1854ല്‍ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നു.
1870ല്‍ പോപ്പിന് അപ്രമാദിത്വമുണ്ടെന്നു പ്രഖ്യാപിക്കുന്നു (വത്തി.1)
 1930ല്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നതിനു വിലക്ക്.
1950ആഗസ്റ്റ് 15ന് (?) മറിയത്തിന്റെ സ്വര്‍ഗാരോപണം പ്രഖ്യാപിക്കുന്നു!
1955ല്‍ മറിയത്തെ സഭയുടെ അമ്മയാക്കുന്നു.

ആദിമസഭയില്‍ ഈ ദുരാചാരങ്ങള്‍ ഉണ്ടായിരുന്നില്ല. കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന രീതിയും സഭയ്ക്കു നല്‍കിക്കൊണ്ടാണ് അപ്പസ്‌തോലന്മാര്‍ കടന്നുപോയത്. മറ്റുള്ളവയൊക്കെ ധനസമ്പാദനത്തിനായി കെട്ടിച്ചമച്ചതാണെന്നു തിരിച്ചറിഞ്ഞപ്പോള്‍, മതബന്ധനങ്ങളിലും പാരമ്പര്യക്കെട്ടുകളില്‍നിന്നും രക്ഷപെട്ട്, യേശുക്രിസ്തുവില്‍ രക്ഷിക്കപ്പെട്ട്, ഞാന്‍ സ്വതന്ത്രനായി.

റവ. ജോസഫ് മനയ്ക്കല്‍ (പോട്ട),
ബഥേല്‍, ഗോതുരുത്ത്, PIN-683 523
Ph: 0484 248 3013/Mob: 984 740 4949
വിതരണം: വിജിലന്റ് കാത്തോലിക് യൂണിയന്‍ (VCU)

1 comment:

  1. ഈ ലേഖനം കണ്ടപ്പോള്‍ കൊണ്‍‍സ്റ്റാന്‍ന്‍റെയിന്‍ ചക്രവര്‍ത്തിക്കുംമുമ്പുള്ള കാലഘട്ടത്തില്‍ ജീവിക്കണമെന്ന് തോന്നിപ്പോയി. പോട്ടയിലെ ഒരു വൈദികന്‍റെ ഈ ചിന്താഗതികള്‍ ആധുനിക ദൈവശാസ്ത്രത്തെ മുഴുവാനായും
    നിരസിച്ചിരിക്കുന്നു. ആധുനിക ലോകത്ത് വര്‍ഗീയത, സെമറ്റിക്ക് വിരോധം, നിയമം കയ്യടക്കിയുള്ള മൌലികവാദികളുടെ കയ്യാങ്കളി, ഒരു തരം ലളിതമായ ഭീകരസ്വഭാവം ഇതെല്ലാം തെറ്റില്ലാത്ത ബൈബിളില്‍ ഒളിഞ്ഞിരുപ്പുണ്ടോയെന്നും തോന്നിപ്പോവും.തെറ്റില്ലാത്ത,മാറ്റുവാന്‍ കഴിയാത്ത ബൈബിള്‍,ആധുനിക ദൈവശാസ്ത്രശാസ്ത്രത്തോട് കടുത്ത വിരോധം,ബൈബിളിനെ ദൈവത്തിന്‍റെ വചനങ്ങളായി‍കാണുക എന്നുള്ളതെല്ലാം ഇവരുടെ കാഴ്ചപ്പാടുകള്‍ ആയിരിക്കും. ഇവരുടെ നിരീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥക്രിസ്ത്യാനികള്‍ അല്ല മറിച്ചു ക്രിസ്തു വിരോധികളും.

    ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടികര്‍ത്താവ് ആറാം ദിവസം സൃഷ്ടിച്ചു ഏഴാം ദിവസം ദൈവം
    വിശ്രമിച്ചുവെന്നും വിശ്വസിക്കുന്നു. ആധുനിക ശാസ്ത്രം ബില്ലിയന്‍സ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം
    ഉണ്ടായെന്നു പറയുമ്പോള്‍ ഏതാനും ആയിരങ്ങള്‍ മാത്രമേ മൌലികവാദികളുടെ ഭാവനയിലുള്ളു.
    പരിണാമക്രിയകളിലൂടെയല്ല സ്ത്രീയെയും പുരുഷനെയും ദൈവംനേരിട്ട് സൃഷ്ടിച്ചു വെന്നു പറഞ്ഞു ശാസ്ത്രത്തെ തള്ളികളയുന്നു. 1611 ലെ കിംഗ്‌ ജെയിംസ്‌ ബൈബിള്‍ മാത്രം ഇവരുടെ ദൃഷ്ടിയില്‍ സത്യമായ വേദപുസ്തകമെന്നും വിശ്വസിക്കുന്നു.എന്തെല്ലാം ബൈബിളില്‍ എഴുതിയിട്ടുണ്ടോ അതെല്ലാം ചരിത്ര
    സത്യങ്ങള്‍ ആണെന്നാണ്‌ ഇവരുടെ വിശ്വാസം. ആധുനിക ജീവശാസ്ത്രവും ഭൂതത്വശാസ്ത്രവും മൊത്തം ഇവര്‍ എതിര്‍ക്കുന്നു.

    പോട്ട ഡിവൈന്‍ കേന്ദ്രം പരിശുദ്ധമായ ദൈവത്തിന്‍റെ ആലയമെന്നാണ് ഇതിന്‍റെ പ്രവര്‍ത്തകര്‍
    അവകാശപ്പെടുന്നത്.എന്നാല്‍ യഥാര്‍ത്ഥത്തില്‍‍ ഈ ധ്യാനകേന്ദ്രം പണമുണ്ടാക്കുന്ന ഒരു പുനരധിവാസ സ്ഥലമാണ്. കുറ്റവാളികളുടെയും മദ്യലോബികളുടെയും ഒരു വാസസ്ഥലമെന്നും പറയാം. മതവൈരം വളര്‍ത്തുന്ന ഒരു പ്രസ്ഥാവനവും. ഇത്തരം ഒരു സ്ഥാപനം കത്തോലിക്കാസഭയ്ക്കുതന്നെ ഒരു അപമാനമാണ്.

    ReplyDelete