കത്തോലിക്കാ സഭയിലെ വൈദികര്‍ക്കിടയിലുള്ള ഏകാധിപത്യവും പാരവയ്പും ഒളിപ്പോരാട്ടവുമെല്ലാം അനാവരണം ചെയ്തുകൊണ്ട് ബിഷപ്പിന്റെ ആത്മകഥ. സാഗര്‍ രൂപതയുടെ ബിഷപ്പായി 20 വര്‍ഷം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ രചിച്ച ദൈവമേ, അങ്ങെന്നെ ഉയര്‍ത്തി എന്ന ആത്മകഥയിലാണ് സഭയ്ക്കകത്തെ പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്നത്.
തന്റെ മെത്രാന്‍പദവി തട്ടിത്തെറിപ്പിക്കാന്‍ സഭയിലെ ഒരു കൂട്ടം വൈദികര്‍ വമ്പന്മാരെപ്പോലും രംഗത്തിറക്കിയെന്ന് ആത്മകഥയില്‍ പറയുന്നു. മെത്രാനായി തന്നെ തിരഞ്ഞെടുക്കുകയാണെന്ന് ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം തന്നെ രഹസ്യമായി അറിയിച്ചത് 1986 ഡിസംബര്‍ 26 നായിരുന്നു. മെത്രാന്‍ സ്ഥാനത്തേക്ക് താന്‍ വരരുതെന്ന് ആഗ്രഹിച്ച ഒരു ലോബിയുണ്ടായിരുന്നു. സി.എം.ഐ സഭയിലെ സില്‍വാനി ഗ്രൂപ്പ്. മെത്രാനായ തന്നെ ഒറ്റപ്പെടുത്താനും പുറത്താക്കാനും ക്രിസ്മസ് ദിവസം ബിഷ്പ്‌സ് ഹൗസില്‍ പ്രതിഷേധ ധര്‍ണ അടക്കമുള്ളവ നടത്താന്‍ ചില വൈദീകര്‍ നേതൃത്വം നല്‍കി. സമൂഹ ദിവ്യബലി ബഹിഷ്‌കരിച്ചു. എന്നാല്‍ എല്ലാം കാണുന്ന ദൈവം തന്നെ പരിരക്ഷിച്ചെന്ന് ബിഷപ്പ് പറയുന്നു.
സഭയ്ക്കകത്തെ പോര്‍വിളികളെക്കുറിച്ച് ഇതാദ്യമായിട്ടാണ് ഒരു ബിഷപ്പ് ഇത്രയേറെ തുറന്നെഴുതുന്നത്. മുഖം നേക്കാതെ സത്യം എഴുതുകയാണ്. ഒന്നും മറച്ചുവയ്ക്കുന്നില്ല. തന്റെ രചനാ സമീപനത്തെ ബിഷപ്പ് നീലങ്കാവില്‍ ഇങ്ങനെയാണ് പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ബിഷപ്പ് മാര്‍ നീലങ്കാവില്‍തന്നെ പറയുന്നത്. വിവാദമാകാവുന്ന ആത്മകഥ ഈ മാസാവസാനത്തോടെ പ്രകാശനം ചെയ്യും.
മുഖം നോക്കാതെയുള്ള ബിഷപ്പിന്റെ രചനയില്‍ വിമര്‍ശന വിധേയരായവര്‍ നിരവധി. കത്തോലിക്കാ സഭയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും മാര്‍ നീലങ്കാവില്‍ അംഗമായതുമായ സി.എം.ഐ സഭയിലെ സഹവൈദീകരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളാണ് ആത്മകഥയില്‍. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പോരിനിറക്കാന്‍ ചില വൈദീകര്‍ നേതൃത്വം നല്‍കി.
തന്റെ നേതൃത്വത്തിലുള്ള സാഗര്‍ രൂപതയില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യത്തിന് വൈദീകരില്ലാതെ ക്‌ളേശിച്ചിരുന്നു. സേവനത്തിനു വൈദീകരെ അയക്കാതെയും സി.എം.ഐ സഭാധികാരികള്‍ പകപോക്കി. സി.എം.ഐ വൈദീകരുടെ സേവനം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന നുണ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ ഇതു ചെയ്തത്. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാളായിരുന്നപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളും ഇതില്‍ ഉള്‍പെടുന്നു. ഗബ്രിയേലച്ചന്റെ ഏകാധിപത്യ പ്രവണതയെ അംഗീകരിക്കാനാവില്ലെന്ന് തുറന്നു പ്രതികരിക്കേണ്ടിവന്നെന്നും മാര്‍ നീലങ്കാവില്‍ പറയുന്നു.
സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ നിലപാടെടുത്ത സിസ്റ്റര്‍ ട്രീസ ജോണിനെ മഠാധികാരികള്‍ ഒരാഴ്ച മുറിയില്‍ പൂട്ടിയിടുകയും പുകച്ചു പുറത്താക്കുകയും ചെയ്ത സംഭവവും ആത്മകഥയില്‍ വിവരിക്കുന്നു. ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Source: http://www.aussiemalayalam.com/files/Keralam.xml
ആ പാവം Hitler എന്തെ ഒരു ആല്‍മകഥ എഴുതാതെ ആത്മഹത്യ ചെയ്തു കളഞ്ഞത്. അതുകൊണ്ടല്ലേ ചരിത്രം അദ്ദേഹത്തെ ഇത്ര നീചനായി ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം ഭാഗത്തുനിന്നു ഒരു ന്യായീകരണവും നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. രണ്ടു ഭാഗവും അറിയാതെ നാം സത്യമെന്ത് എന്ന് എങ്ങനെ വിവേചിച്ചു അറിയും?
ReplyDelete