Translate

Monday, February 20, 2012

ജോയിന്റ് ക്രിസ്ത്യന്‍ കൌണ്സില്‍

ദളിത്‌ക്രൈസ്തവന് മരണാനന്തരശുശ്രൂഷകള്‍ നിഷേധിച്ച വൈദികനും രൂപതാമെത്രാനും മാപ്പു പറയുക നഷ്ടപരിഹാരം കൊടുക്കുക

കേരളത്തിലെ കത്തോലിക്കാസമുദായം പുരോഹിതാധിപത്യത്തിന്റെ പിടിയില്‍ കൂടുതല്‍ കൂടുതലായി അമര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ സമുദായത്തില്‍പ്പെട്ടവരുടെ സാമൂഹികജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലുംവരെ 'മതപര'മായി കടന്നുകയറി, ഈ ജനസമൂഹത്തെയാകെ അടിമത്തത്തിലാഴ്ത്തിയിരിക്കുകയാണ്, കത്തോലിക്കാ പൗരോഹിത്യം. തങ്ങളുടെ മതപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കായി വസ്തുവകകള്‍ നല്‍കിയും പണം സ്വരൂപിച്ചും അദ്ധ്വാനിച്ചും ഈ സമുദായാംഗങ്ങള്‍ പടുത്തുയര്‍ത്തിയ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിടസമുച്ചയങ്ങളും തോട്ടങ്ങളുമെല്ലാം, സ്വയം നിയമനിര്‍മ്മാണം നടത്തി കൈയ്ക്കലാക്കിയിരിക്കുന്നു, സഭാധികാരം. മാത്രമല്ല, അതിലൂടെയെല്ലാം ആര്‍ജ്ജിച്ചെടുത്ത സാമ്പത്തികവും സ്ഥാപനപരവും രാഷ്ട്രീയവുമായ ശക്തി-സ്വാധീനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ പ്രയോഗിക്കുകയുമാണവര്‍. ജനനവും പഠനവും ജോലിയും വിവാഹവും മരണവുമെല്ലാം, വിശ്വാസികളെ തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള മൂഹൂര്‍ത്തങ്ങളാക്കി മാറ്റിയിരിക്കുന്നു!

ഇതിന്റെ ഭാഗമായിട്ടാകാം, തങ്ങള്‍ അനഭിമതരായി ഗണിക്കുന്നവര്‍ക്ക് സഭാപരമായ മരിച്ചടക്കു നിഷേധിക്കുന്ന പുരോഹിതധാര്‍ഷ്ട്യം കൂടിവരികയാണിന്ന്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ്, കൊച്ചി പെരുമ്പടപ്പ് സാന്താക്ലോസ് ഇടവകയിലെ ചെലവന വീട്ടില്‍ ജോസഫിന് സഭാപരമായ ശവസംസ്‌കാരം നിഷേധിക്കുകയും ജഡം പൊതുശ്മശാനത്തില്‍ അടക്കേണ്ടിവരുകയും ചെയ്തു. അടുത്ത കാലത്ത് തൃശൂര്‍ രൂപതയിലും സമാനസംഭവമുണ്ടായി. വിജയപുരം രൂപതയില്‍ മാരാമണ്‍ ഇടവകയിലെ ഒരു സഭാംഗത്തെ സിമിത്തേരിയില്‍ അടക്കുകയില്ലെന്നു സഭാധികാരികള്‍ വാശിപിടിച്ചതിനെത്തുടര്‍ന്ന് ജഡം 10 ദിവസത്തോളം മോര്‍ച്ചറിയില്‍ വയ്‌ക്കേണ്ടിവന്ന സംഭവം ഉണ്ടായിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു. ഇപ്പോഴിതാ, പാലാ രൂപതയില്‍ മാനത്തൂര്‍ ഇടവകയിലും അതേ പുരോഹിതധാര്‍ഷ്ഠ്യം അരങ്ങേറിയിരിക്കുന്നു!

മാനത്തൂര്‍ ഇടവകക്കാരനായിരുന്ന ശ്രീ കല്ലുവെട്ടത്തു തോമസ് വര്‍ക്കി (കുട്ടപ്പന്‍) എന്ന 58 കാരനായ ദളിത് കത്തോലിക്കനാണ് മരിച്ചടക്കു വിഷയത്തില്‍ അവസാനത്തെ ഇരയായിരിക്കുന്നത്. (ഏതാനും മാസങ്ങള്‍ക്കുമുമ്പ് മറ്റൊരു ദളിത് കത്തോലിക്കനും മാനത്തൂര്‍ വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട് സഭാപരമായ മൃതസംസ്‌കാരം നിഷേധിച്ചിരുന്നു) കമ്പ്യൂട്ടറില്‍ കയറ്റുന്നതിനായി കുടുംബവിവരങ്ങള്‍ എഴുതിനല്‍കാന്‍ ഏല്പിച്ചിരുന്ന ഫോറം പൂരിപ്പിച്ചു കൊടുക്കാഞ്ഞതിനാല്‍ ഇടവാകാംഗമല്ലെന്നു പറഞ്ഞാണത്രെ, അപ്പനപ്പൂപ്പന്മാര്‍ മുതല്‍ ആ ഇടവകക്കാരനായിരുന്ന ശ്രീ കുട്ടപ്പന് മരണാനന്തര ശുശ്രൂഷകള്‍ നിഷേധിച്ചത്!

കുടുംബത്തിന്റെ വസ്തുവകകളെന്തൊക്കെയെന്നും വരുമാനമെത്രെയെന്നും മറ്റുമുള്ള ചോദ്യങ്ങളടങ്ങിയ ഇത്തരമൊരു ഫോറം പൂരിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെടാന്‍ ഗവണ്‍മെന്റിനല്ലാതെ, മതസംവിധാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നു സംശയിക്കുന്ന അനേകര്‍ ഈ ഫോറം പൂരിപ്പിച്ചു നല്‍കാന്‍ തയ്യാറായിട്ടില്ലെന്നതാണു വസ്തുത. അതുകൊണ്ട്, അങ്ങനെയുള്ളവര്‍ക്കുകൂടി ഒരു പാഠമാകട്ടെ എന്നു വിചാരിച്ചിട്ടാകാം, അക്കാരണംതന്നെ പറഞ്ഞുകൊണ്ട്, ശ്രീ. കുട്ടപ്പന് സഭാപരമായ മരിച്ചടക്കു നിഷേധിച്ചത്. പ്രതികരിക്കാന്‍ ത്രാണിയില്ലാത്ത വിഭാഗമാണല്ലോ എന്നും കരുതിയിരിക്കും. ശ്രീ. കുട്ടപ്പന്റെ കുടുംബം എത്ര കേണപേക്ഷിച്ചിട്ടും, പള്ളിക്കമ്മറ്റിക്കാരും കൈക്കാരന്മാരും നാട്ടിലെ പ്രമാണികള്‍ പലരും എത്ര നിര്‍ബന്ധിച്ചിട്ടും, ഫാ. മൈക്കിള്‍ നരിക്കാട്ട് പരേതന്റെ വീട്ടില്‍ ചെന്നു പ്രാര്‍ത്ഥിക്കുകയോ, മൃതദേഹം പള്ളിയില്‍ കയറ്റാന്‍ സമ്മതിക്കുകയോ ചെയ്തില്ല. മൃതദേഹം പള്ളിമുറ്റത്തു വച്ചിട്ടുപോകുമെന്ന ഘട്ടത്തിലാണ് സിമിത്തേരി തുറക്കാന്‍പോലും അദ്ദേഹം അനുവദിച്ചത്.

ഫാ. നരിക്കാട്ടിന്റെ അക്രൈസ്തവവും മനുഷ്യത്വരഹിതവുമായ ഈ നടപടികള്‍ക്കെതിരെ, നാട്ടുകാരുടെ സഹകരണത്തോടെ, പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാന(KCRM)വും, കേരളത്തിലെ 12-ഓളം സമാനസഭാപ്രസ്ഥാനങ്ങളുടെ ഏകോപനവേദിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും ചേര്‍ന്ന്, ജനു. 16-ന് മാനത്തൂര്‍ പള്ളിക്കവലയില്‍ പ്രതിഷേധയോഗം നടത്തുകയുണ്ടായി. പിന്നീട്, KCRM-ന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒരു സംയുക്തസമിതിയും രൂപികരിച്ചു. ശ്രീ. കുട്ടപ്പനു സഭാപരമായ മരിച്ചടക്കു നിഷേധിച്ചതിലൂടെ, അദ്ദേഹത്തിന്റെ കുടുംബത്തെയോ ദളിത് സമൂഹത്തെയോ മാത്രമല്ല, വിശ്വാസികളുടെ കൂട്ടായ്മയും ക്രിസ്തുവിന്റെ മൗതികശരീരവുമായ മുഴുവന്‍ സഭയെത്തന്നെയും ഫാ. നരിക്കാട്ടും, പാലാ ബിഷപ്പും അവഹേളിച്ചിരിക്കുകയാണ് എന്ന ആശയമാണ് ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞത്. ഇതിനു പരിഹാരമായി,, മാനത്തൂര്‍ പള്ളിയില്‍ പരസ്യമായി ക്ഷമ പറയാനും, നിഷേധിച്ച ചരമശുശ്രൂഷകള്‍ നടത്തിക്കൊടുക്കാനും, ശ്രീ. കുട്ടപ്പന്റെ കുടുംബത്തിനു മാന്യമായ ഒരു നഷ്ടപരിഹാരം നല്‍കാനും ഫാ. മൈക്കിള്‍ നരിക്കാട്ട് തയ്യാറാകണമെന്നും, അല്ലാത്തപക്ഷം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പാലാ ബിഷപ്പിനുമെതിരെ കോടതിയെ സമീപിക്കണമെന്നും ഈ യോഗങ്ങളില്‍ തീരുമാനമുണ്ടായി.

എന്നാല്‍, ഫാ. നരിക്കാട്ടിനെ ഇതില്‍നിന്നെല്ലാം രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിച്ചത്. അദ്ദേഹത്തിന് അരമനയില്‍ അഭയം നല്‍കുകയാണ് ആദ്യം ചെയ്തത്. പിന്നീട് പ്രൊമോഷന്‍ എന്നു പറയാവുന്ന തരത്തില്‍, ഭരണങ്ങാനത്ത് വി. അല്‍ഫോന്‍സാമ്മയുടെ സിമിത്തേരിപ്പള്ളിയില്‍ സ്പിരിച്വല്‍ ഡയറക്ടറായി നിയമനം നല്‍കുകയും ചെയ്തിരിക്കുകയാണ്! ഇടയലേഖനങ്ങള്‍ വഴിയും പ്രസംഗങ്ങള്‍ വഴിയും സ്‌നേഹത്തെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചുമൊക്കെ രൂപതയിലെ വിശ്വാസികളെ പ്രബോധിപ്പിച്ചുകൊണ്ടിരിക്കുന്ന മാര്‍ കല്ലറങ്ങാട്ട്, അതൊന്നും തനിക്കോ വിശ്വാസികളെ പീഡിപ്പിക്കുന്ന വൈദികര്‍ക്കോ ബാധകമല്ലെന്നു തെളിയിച്ചിരിക്കുകയാണിവിടെ. താന്‍ ചെയ്ത അപരാധം ഏറ്റുപറഞ്ഞ് അവരുമായി അനുരഞ്ജനപ്പെടാനും പ്രായശ്ചിത്തം ചെയ്യാനും കുറ്റക്കാരനായ വൈദികനെ പ്രേരിപ്പിക്കുകയും, അതു ചെയ്യാത്ത കാലത്തോളം കുര്‍ബ്ബാന ചൊല്ലരുതെന്നു വിലക്കുകയും ചെയ്യേണ്ടിയിരുന്ന രൂപതാധികാരിയാണ്, അദ്ദേഹത്തിനു പ്രൊമോഷന്‍ നല്‍കി ആദരിച്ചിരിക്കുന്നതെന്നോര്‍ക്കുക. തീര്‍ച്ചയായും, മെത്രാന്റെ ഈ നടപടി യേശുവചനങ്ങള്‍ക്ക് എതിര്‍സാക്ഷ്യവും, വിശ്വാസിസമൂഹത്തിന് ദുര്‍മാതൃകയും ഇടര്‍ച്ചയുമാണ്് ഉളവാക്കിയിരിക്കുന്നത്.

ഏതായാലും, കുറ്റക്കാരനായ വൈദികനെ സ്ഥലംമാറ്റിയാല്‍ തീരുന്ന ഒരു പ്രശ്‌നമല്ലിത്. സഭാസമൂഹത്തോട് കുറ്റം ചെയ്തവര്‍ സഭയില്‍ പരസ്യമായി മാപ്പു പറഞ്ഞേതീരു. പ്രായശ്ചിത്തമായി ശ്രീ. കുട്ടപ്പന്റെ അതിദരിദ്രമായ കുടുംബത്തിന് മാന്യമായ ഒരു തുക നഷ്ടപരിഹാരം നല്‍കേണ്ടതുമുണ്ട്.

ഈ ആവശ്യങ്ങളുന്നയിച്ചും, സഭയില്‍ നീതിയും ക്രൈസ്തവമൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയും 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുകയാണ് അതിനു തുടക്കമായി, 2012 ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് 4.30-ന് പാലാ K.S.R.T.C Stand ഭാഗത്തുനിന്നും കൊട്ടാരമറ്റത്തെത്തി, തിരിച്ച് ളാലം മുന്‍സിപ്പല്‍ കോപ്ലക്‌സ് ജംഗ്ഷനിലേക്ക് ഒരു പ്രതിഷേധപ്രകടനവും, തുടര്‍ന്ന് ജംഗ്ഷനില്‍ ഒരു വിശദീകരണയോഗവും നടത്തുന്നതാണ്. പ്രകടനത്തിലും യോഗത്തിലും 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ സംസ്ഥാനനേതാക്കള്‍ പങ്കെടുക്കുന്നു.

നീതിബോധമുള്ള എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

ലാലന്‍ തരകന്‍ ജോയിപോള്‍ പുതുശ്ശേരി

(ചെയര്‍മാന്‍ -JCC) (ജനറല്‍ സെക്രട്ടറി -JCC)

ഫോണ്‍:944 726 0482 974 730 4646, 949 708 8904 940 072 4430

1 comment:

  1. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളില്‍ നിന്നും പീഡനം സഹിക്കവയ്യാതെയാണ് ദളിതര്‍ ക്രിസ്ത്യന്‍ സഭകളില്‍ ചെക്കേറിയത്.
    എന്നാല്‍ ഇന്നു ക്രിസ്തിയന്‍ സഭകളിലും ‍ മനുഷ്യാവകാശങ്ങളെ ഉല്ലംഘിക്കുന്ന
    നരിക്കാട്ടനെപ്പോലുള്ളവര്‍ ദളിതരോടുള്ള ക്രൂരതകള്‍
    തുടരുന്നു. ഇതു ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു ഈ ബ്ലോഗില്‍നിന്നും മനസിലാക്കുന്നു.

    2006ഡിസംബര്‍13നു പാലയില്‍ ഉദയഗിരി
    സെന്‍റ് ജോസഫ്‌പള്ളിയിലും മഴപ്പേല്‍ മറയില്‍ പൌലോ(78വയസു) എന്ന ദളിതന് സംസ്ക്കാര കര്‍മ്മങ്ങള്‍ നിഷേധിച്ചതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്.മരിച്ച ദളിതന്‍ ഒരു കൂട്ടുകാരനൊപ്പം ഒരു ഹിന്ദു പുണ്യയാത്രക്ക് പോയിയെന്നായിരുന്നു അയാളുടെ പേരിലുണ്ടായിരുന്ന ആരോപണം. തെവരുപറമ്പില്‍ കുഞ്ഞച്ചനായിരുന്നു ഇയാളെ
    ക്രിസ്ത്യാനിയാക്കിയത്. ജോണ്‍പോള്‍മാര്‍പാപ്പാ അനേകം മുസ്ലിംപുണ്യസ്ഥലങ്ങളില്‍ കൊറാന്‍ വന്ദിച്ചുകൊണ്ടു ഉമ്മ വെക്കുന്ന ഫോട്ടോകള്‍ പഴയപത്രങ്ങളിലും ഇന്റെര്‍നെറ്റിലും കാണാം. അന്ന് പൌലോയുടെ സംസ്ക്കാരകര്‍മ്മങ്ങള്‍ നിഷേധിച്ച വില്ലന്‍ ഫാദര്‍ സിറിയക്ക് നിരപ്പേല്‍ എന്നവികാരിയാണ്‌.

    "ഞങ്ങള്‍ ദരിദ്രര്‍ ആണ്, പള്ളിക്ക് എങ്ങനെ വേണമെങ്കിലും പാവങ്ങളായ ഞങ്ങളെ അപമാനിക്കാം" എന്നുള്ള മരിച്ച പൌലോയുടെ ഭാര്യ ഏലിയുടെ ഹൃദയസ്പ്രുക്കായ
    വാക്കുകള്‍ക്കും ആ ദുഷ്ടന്‍ നിരപ്പേല്‍ ചെവികൊണ്ടില്ല. ആലന്ചെരിയുടെ സീറോമലബാര്‍സഭ ഹിറ്റ്‌ലറിന്‍റെ ഫാസിസത്തില്‍ വിശ്വസിക്കുന്നതായി ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

    ദളിതരെ ഭാരതം മൊത്തം ക്രിസ്ത്യന്‍സഭകള്‍ പീഡിപ്പിക്കുന്നതായും വാര്‍ത്തകളില്‍ കാണുന്നു. തമിഴ്നാട്ടില്‍ സവര്‍ണ്ണക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും പ്രത്യേക ശവക്കോട്ടകളും ദളിതരെ വളരെ ദുരിതം പിടിച്ച വഴികളുള്ള വിജനമായസ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതര്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല.

    നരിക്കാട്ടച്ചനെപ്പോലെയുള്ളവരെ വളര്‍ത്തി വിടുവാന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. അയാള്‍ ഇന്നു അറിയപ്പെടുന്ന
    ഒരു ക്രിമിനലാണ്. അയാളെ സഹായിക്കുന്ന അരമനപിതാക്കന്മാരൂം കുറ്റക്കാര്‍തന്നെ. കാനോന്‍ നിയമങ്ങള്‍തന്നെ ഭാരതീയനിയമങ്ങളുടെ ലംഘനമാണ്.

    മരിച്ചയാള്‍ മറ്റൊരു മതത്തില്‍ ചെര്‍ന്നിട്ടില്ലങ്കില്‍ ‍ പാപിയാണെങ്കിലും സഭാശുശ്രു ഷ കള്‍ നിഷേധിക്കരുതെന്ന് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പ്രത്യേകമെടുത്തു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എല്ലാ തരത്തിലും നീതിനിഷേധിച്ച കുട്ടപ്പന്‍റെ കുടുംബ ത്തിനു വേണ്ടി പോരാടുന്ന പാലായിലെ നവീകരണ പ്രസ്ഥാനക്കാരെ എല്ലാ ക്രിസ്ത്യാനികളും പിന്തുണ നല്‍കേണ്ടതാണ്.ഹിന്ദു ക്രിസ്ത്യന്‍ ദളിത
    സംഘടനകളും ദുഷിച്ച ക്രിസ്ത്യന്‍പൌരാഹിത്യത്തെ അങ്ങനെ മനസ്സിലാക്കട്ടെ.

    ReplyDelete