Translate

Thursday, February 9, 2012

യേശുവിന് ഒപ്പത്തിനൊപ്പം...?


ചങ്ങനാശ്ശേരി രുപതവക കുടുംബ ജ്യോതിസ് മാസികയുടേ നവംബര്‍ ലക്കത്തില്‍ വന്ന ഉപകാരസ്മരണയില്‍ മറിയക്കുട്ടി കൊലകേസിലെ പ്രതിയായിരുന്ന ഫാ:  ബനഡികടിന്റെയും, സി: സാന്താളമ്മയുടെയും ചിത്രത്തിനു തൊട്ടുതന്നെ സാക്ഷാല്‍ യേശുവിന്റെയും ചിത്രം കൊടുത്തിരിക്കുന്നു. ഡിസംബര്‍ മാസത്തിലെ 'ഓശാന' മാസിക ഇത് ചിത്രം സഹിതം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാരസ്മരണ എന്നു തന്നെയാണ് മൂന്നുചിത്രത്തിന്റെയും ചുവടെ ചേര്‍ത്തിരിക്കുന്നതും. ആദ്യത്തെ രണ്ടു ചിത്രങ്ങളില്‍ ഒരാളുടെ പേരും യേശുവിന്റെ പേരില്‍ മറ്റൊരാളുടെ പേരുമാണ് ഉപകാരസ്മരണ രേഖപ്പെ ടുത്തിയിട്ടുള്ളത്. സഭാപിതാക്കന്മാര്‍ കത്തോലിക്കാവിശ്വാസത്തെ എവിടെവരെ എത്തിച്ചിരിക്കുന്നു എന്നു നോക്കുക. കത്തോലിക്കാരൂപത വക അച്ചുകുടത്തില്‍ പ്രസിദ്ധീകരിക്കുന്ന ഏതു ദൈവദോഷവാര്‍ത്തകളും, വിശ്വാസികള്‍ അംഗീകരിച്ച് വിശ്വസിക്കുമെന്ന കുറ്റകരമായ ധാരണ ഒരു അധികപ്രസംഗത്തിലുപരി ഒരു ദൈവദോഷ പ്രവൃത്തികൂടിയാണെന്നു പറയേണ്ടി വരുന്നു. ഇതൊക്കെ തെറ്റാണെന്നു പറയുവാന്‍ ഒരു ശാരാശരി ക്രിസ്ത്യാനിക്കു പോലും ഏറെ തിയോളജി ഒന്നും പഠിക്കേണ്ടതില്ല. സാധാരണ ക്രിസ്തീയവിശ്വാസം മാത്രം മതി. ദൈവമായ യേശുക്രിസ്തുവിനു നിരക്കാത്ത ഇങ്ങനെയുള്ള വിശ്വാസപരമായ തെറ്റു കുറ്റങ്ങളെ ആവരണം ചെയ്യുന്നതിനായി 'മുടിചൂടി നില്‍ക്കുന്ന സഭ'യെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ഇവിടെ ചങ്ങനാശ്ശേരി പോലുള്ള പ്രാദേശിക സഭാപിതാക്കന്മാര്‍ ഒരു കാര്യം സ്ഥിരികരിച്ചതായിട്ട് വെളിപ്പെടുത്തിയിരിക്കുന്നു. അതായത് ഫാ: ബനഡികറ്റ് അച്ചന്‍ മരിച്ച് വിശുദ്ധനായി സ്വര്‍ഗ്ഗരാജ്യത്തിലെ സകലപുണ്യാവാന്മാരോടൊപ്പം അത്ഭുതപ്രവര്‍ത്തനങ്ങള്‍ എന്ന സ്ഥിരംതൊഴില്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം. അതുക്കൊണ്ടുതന്നെയാണല്ലോ ഒരു രൂപതയുടെ ഉടമസ്ഥാവകാശത്തിലും നിയന്ത്രണത്തിലും നടത്തുന്ന മാസികയില്‍ത്തന്നെ ഉദ്ധിഷ്ടകാര്യങ്ങളൊക്കെ സാധിച്ചതിലുള്ള വിശുദ്ധ വിവരങ്ങളൊക്കെ അല്മായര് അറിയുന്നത്. ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കൂടിയാണല്ലോ.

ഇന്ന് കേരള കത്തോലിക്കാസഭയില്‍ പുണ്യവാന്മാരെ   ആക്കിയെടുക്കുന്നതിനുള്ള അമിത വ്യഗ്രതയും, ചില പ്രത്യേകതാല്‍പര്യങ്ങളും അതിനുപയോഗിക്കുന്ന കുല്‍സിതമാര്‍ഗങ്ങളും കാണുമ്പോള്‍ വിശുദ്ധപദവികളെ സംബന്ധിച്ച ഒരു സാധാരണ വിശ്വാസിയുടെ എല്ലാ വിശുദ്ധ സങ്കല്‍പങ്ങളും തകര്‍ന്നടിയുകയാണ്.

ഭൂമിയില്‍ ''സര്‍വ്വശക്തനായ ദൈവത്തിന്റെ പദവികള്‍ ഞങ്ങള്‍ വഹിക്കുന്നു.'' എന്നാണ്. 'തിരുവെഴുത്തുകള്‍' എന്ന പുസ്തകത്തിലൂടെ ലിയോ പത്താമന്‍ മാര്‍പ്പാപ്പ പ്ര്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ ഭൂമിയിലെ കാണപ്പെട്ട ദൈവത്തിന് ഇവിടുത്തെ അധികാരം കൂടാതെ പരലോകത്തിലെ അധികാരം കൂടി വേണമെന്നായാലോ? കാരണം ഇന്ന് ലോകത്തു നിന്നും മരിച്ച് പരലോകത്തിലെത്തുന്നവരുടെയും ജാതകം ഈ ഭൂമിയില്‍ തന്നെ കുറിക്കുകയാണ്. ഇവിടെ വിശുദ്ധരെ പ്ര്യാപിക്കുന്നതിലൂടെ മരിച്ച് 'നിദ്രയില്‍' കിടക്കുന്നവരില്‍ ചില ഭാഗ്യാവാന്മാരേ പൊതു വിധിക്കു മുന്‍പേ വിളിച്ചുണര്‍ത്തി 'വിശുദ്ധ പദവിപ്പട്ടം' കൊടുക്കുന്നതിന്റെ ദൈവശാസ്ത്രം എന്താണ്? മരിച്ച വിശ്വാസികളുടെ പേരില്‍ ഉടനടി നടപടിയുണ്ടാകുമോ? അതോ വിശ്വാസപ്രമാണത്തില്‍ പറയുന്നതുപോലെ അന്ത്യമ വിധി നാള്‍ അംഗീകരിച്ചാല്‍ ഇപ്പോള്‍ വിശുദ്ധരാകുന്നതിന്റെ പ്രസക്തി എന്ത്? ഇങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങള്‍  കൊണ്ട് സഭാവിശ്വാസം വീണ്ടും വീണ്ടും സങ്കീര്‍ണ്ണമാവുകയാണ്. ഇങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുവാന്‍ വിവരം കുറഞ്ഞ അല്മാ യന് അധികാരാവകാശങ്ങള്‍ ഇല്ലാത്തതിനാല്‍ അതൊക്കെ സഭാനേതൃത്വത്തിനു വിടാം. ഇവിടെ എവിടെയെങ്കിലും ദൈവ നീതിക്ക് നിരക്കാത്ത വിശ്വാസപ്രമാണങ്ങളുണ്ടാക്കി പ്രചരിപ്പിച്ചാല്‍ ആ പാപത്തിന്റെ പങ്ക്  അല്മായന്‍വഹിക്കേണ്ടതുമില്ല.

ഇത്തരുണത്തില്‍ മനുഷ്യനെ ഇഹലോകത്തുവച്ചുതന്നെ വിശുദ്ധനാക്കുന്നതിനെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരഭിപ്രായപ്രകടനം ഫാ:ജോണ്‍ കൊച്ചുമുട്ടം നടത്തുകയുണ്ടായി. അദ്ദേഹം നസ്രാണിദീപം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ്. എഡിറ്റോറിയലായിട്ട് അദ്ദേഹം ഇങ്ങനെ എഴുതി - 'സഭയുടെ ഔദ്യോഗിക പ്ര്യഖ്യാപനത്തിലൂടെ മാത്രമേ വിശുദ്ധിക്ക് അര്‍ത്ഥം കൈവരൂ എന്ന ചിന്ത ഉപേക്ഷിക്കണം. വിശുദ്ധി ആരുടെ മേലും എറിഞ്ഞു പിടിപ്പിക്കുക സാധ്യമല്ലല്ലോ? അതിനാല്‍ ഒരു കിട മത്സരം പോലെ ചില പ്രത്യേക വ്യക്തികളെ നിക്ഷിപñതാല്‍പര്യത്തോടെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ പെടാപ്പാടു നടത്തുവാന്‍ പാടില്ല. അങ്ങനെയൊരു പ്രവണത ഏറുന്നെങ്കില്‍ അതിന്റെ ഉന്നം സംശുദ്ധമെന്നു പറയാനാവില്ല. മറ്റെന്തോ ആണ്' ഈ അഭിപ്രായം ഇവിടെ കാലോചിതവും, അവസരോചിതവുമായി വന്നിരിക്കുന്നു.

ഫാ: ബനഡികട്ട്  ഒരു സമയം കൊലക്കേസില്‍ പ്രതിയാവുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തതാണല്ലോ? പിന്നീടുള്ള അപ്പീലില്‍ ശിക്ഷയില്‍ നിന്നും വിമുക്തനാവുകയും ചെയ്തു. ഫാ: ബനഡിക്റ്റിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ വധശിക്ഷയ്ക്ക് വിധേയനായേനെ. കാരണം അപ്പീലിനു വേണ്ടി അന്നത്തേ കാലത്ത് അഡ്വക്കേറ്റ് ചാരിയെപ്പോലെ അതി പ്രശസñനായ ഒരു വക്കീലിനെ കൊണ്ടുവരുവാനും അതിനുവേണ്ടി വരുന്ന ഭീമമായ സം്യ മുടക്കുവാനും സാധാരണക്കാരന് ചിന്തിക്കുവാന്‍ കൂടി പറ്റിയിരുന്നില്ല. ഇവിടെ ഫാ: ബനഡിക്റ്റ് തെറ്റുകാരനാണോ അല്ലയോ എന്ന സത്യം ദൈവ സന്നിധിയില്‍ മാത്രമാണറിയാവുന്നത്. ഏതായാലും ഒരവസരത്തില്‍ വധശിക്ഷക്കു വിധിക്കുകയും പിന്നീട് ശിക്ഷയില്‍ നിന്നു വിടുതല്‍ കിട്ടുകയും ചെയ്ത  ആളാണ് ഫാദര്‍. ഇങ്ങനെയുള്ള ഒരാളെ വിശുദ്ധനാക്കുവാനുള്ള കാരണങ്ങളായി എന്തൊക്കെയാണു പറയുന്നത്? സഹനദാസന്‍ എന്ന ഒരു മഹത്വമാണ്. ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ ഇതേ രൂപത്തിലും രീതിയിലുമുള്ള എത്രയോ സഹനദാസന്മാര്‍ ഉണ്ടായിട്ടുണ്ട്. തെറ്റുകുറ്റങ്ങളുടെ പേരില്‍ മാത്രമല്ല പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെയൊക്കെ പേരില്‍.

ഇവിടെ ലളിതവും സുതാര്യവുമായ ഒരു ചോദ്യമുയരുകയാണ്. സിസ്റ്റര്‍ അഭയാക്കേസില്‍ പ്രതികളായിവന്നിരിക്കുന്ന രണ്ടു വൈദീകരും ഒരു കന്യാസ്ത്രീയും ഇന്ന് അനുഭവിക്കുന്നതിന്റെയും അനുഭവിക്കാന്‍ പോകുന്നതിന്റെയും കാഠിന്യം വച്ചു നോക്കുമ്പോള്‍ അതില്‍ കുറഞ്ഞ ഒരളവേ ഫാ: ബനഡിക്റ്റിന് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കാരണം ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ കൂടി പ്രതികളായ വൈദീകരും കന്യാസ്ത്രീയും പരിഹസിക്കപ്പെടൂകയാണ്. കോടതി വിസ്താരം, മറ്റു തെളിവെടുപ്പു നടപടിക്രമങ്ങള്‍ ഇതെല്ലാംദൃശ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം സംപ്രേക്ഷണം ചെയ്യുകയാണ്. ഇത് ലോകം മുഴുവന്‍ കാണുന്നു. ഇതൊന്നും തന്നെ അന്നുകാലത്ത് ബനഡികറ്റ് അച്'ന് അനുഭവിക്കേണ്ടിവന്നിട്ടില്ല. അപ്പോള്‍ ഫാ: ബനഡിക്റ്റിനെക്കാള്‍ ഏറെ മാനസീക പീഡനം അനുഭവിച്ചു, അതുകൊണ്ട് ഈ രണ്ടു വൈദീകരും, കന്യാസ്ത്രീയും അവരുടെ മരണശേഷം വിശുദ്ധരാകുവാനുള്ള സാധ്യതവളരെ ഏറുകയാണ്. സഹനദാസന്‍ എന്ന നിലയിലാണ് ഫാ: ബനഡിക്റ്റിനെ വിശുദ്ധനാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. അങ്ങനെ എങ്കില്‍ മറിയക്കുട്ടി കൊലക്കേസിലും അഭയവധക്കേസിലും പ്രതികളാകപ്പെട്ട  വൈദികരും  കന്യാസ്ത്രീകളുമൊക്കെ വിശുദ്ധപദവിക്ക് അര്‍ഹരാണെന്നുവരും. ജീവിതകാലം മുഴുവന്‍ പരസ്‌നേഹപ്രവര്‍ത്തനങ്ങള്‍ നടത്തി യേശുവിന്റെ ആത്യന്തിക ലക്ഷ്യം സഫലമാക്കുന്ന മനുഷ്യസ്‌നേഹികളെക്കാള്‍ ഇന്ന് ഇതുപോലുള്ള സഹനദാസര്‍ക്കാണ് വിശുദ്ധി കല്‍പ്പിക്കുന്നത്. കേരള കത്തോലിക്കാസഭയില്‍ വരും നാളുകളില്‍ ഉണ്ടാകാന്‍ പോകുന്ന വിശുദ്ധര്‍ ഏറെയും ഇതേ പോലുള്ള സഹനദാസന്മാരായിരിക്കും.

പാശ്ചാത്യരാജ്യങ്ങളില്‍ വൈദീകരുടെ അധാര്‍ന്മിക പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് വിശ്വാസികള്‍ സഭ വിട്ടുപോകുന്നത്. ഇവിടെ കേരളസഭയിലും അതൊരു കാരണമാണെങ്കിലും കൂടുതലും വിശ്വാസത്തകര്‍ച്ചകൊണ്ടാണ് അതുസാഭവിക്കുന്നത്. കത്തോലിക്കാസഭയുടെ 'പിതാക്കന്മാ'രുടെ ഉടമസ്ഥതയിലും, നിയന്ത്രണത്തിലുമുള്ള മാധ്യമങ്ങളില്‍ ദൈവമായയേശുക്രിസ്തുവിനും, ഫാ: ബനഡികറ്റിനും ഒപ്പത്തിനൊപ്പം സ്ഥാനം കൊടുത്ത് ഒരേനിരയില്‍ത്തന്നെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ദൈവവും ഫാദറും ഒരേപോലെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നു. രണ്ടുപേര്‍ക്കും ഒരേ പോലെ ഉപകാരസ്മരണകള് കിട്ടുന്നു. ഈ പ്രവണതനിരുല്‍ത്സാഹപ്പെടുത്തിയില്ലെങ്കില്‍ സഹനത്തിന്റെ പേരില്‍ അഭയാക്കേസുപ്രതികളായ മൂന്നുപേരും നാളെ ഫാ: ബനഡിക്റ്റിന്റെ സ്ഥാനത്തുവരും. അന്നും 'കുടുംബജ്വോതിസു' - സജീവമായിഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ' - പ്രസിദ്ധീകരിക്കും. പരസ്യക്കൂലി  വാങ്ങിച്ചുകൊണ്ടുമിരിക്കും.

ഒരു ചെറിയ ചോദ്യത്തോടുകൂടി ഇവിടെ ഉപസംഹരിക്കുകയാണ്. കുടുംബജ്യോതിസില്‍ വന്ന ആ ഉപകാരസ്മരണ പരസ്യം ഇതേ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയത് ശരിയാണെന്ന് ചങ്ങനാശ്ശേരി രുപതാമെത്രാന് പറയുവാന്‍ പറ്റുമോ?
റ്റി.റ്റി. മാത്യൂ തകിടിയേല്‍


No comments:

Post a Comment