Translate

Friday, February 3, 2012

അന്നമ്മ അവിശ്വാസിയല്ല - തലമുറകള്ക്കൊരു മാലിന്യമുക്തസന്ദേശം


ദൈവവിശ്വാസം മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ വിശ്വാസം എന്നത് മറ്റൊരു ദൗര്‍ബല്യമായി മാറിയാലോ? എഴുപത്തേഴാം വയസിലേക്ക് കടക്കുന്ന അന്നമ്മയുടേയും മക്കളുടേയും ചോദ്യമാണിത്. ബന്ധുമിത്രാദികള്‍ക്കിടയില്‍ത്തന്നെ അനേകം ഉദാഹരണങ്ങള്‍ ഇവര്‍ക്ക് പറയുവാനുണ്ട്. ഒരു സര്‍വ്വമതസംഗമകുടുംബമാണ് അന്നമ്മയുടേത്. ക്‌നാനായ, ലത്തീന്‍, യക്കോബായ സി.എസ്.ഐ വിഭാഗങ്ങള്‍ക്ക് പുറമേ ഹിന്ദുവും മുസ്ലീമും എല്ലാം അന്നമ്മയുടെ കുടുംബാംഗങ്ങളാണ്. അതുകൊണ്ട് തന്നെ മതങ്ങള്‍ പഠിപ്പിക്കുന്ന ദൈവങ്ങളില്‍ വിശ്വസിയ്ക്കാന്‍ അവര്‍ക്ക് നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ ഓരോ മതങ്ങളും ഓരോ ദൈവങ്ങളെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്; നമുക്ക് വേണ്ടത് ഒരേയൊരു ദൈവത്തെയും!!!

'' ആരെ വിശ്വസിക്കണം?'' എന്ന ശീര്‍ഷകത്തില്‍ സ്വന്തം വീടിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇവര്‍ പ്രചരിപ്പിക്കുന്ന ദൈവവിശ്വാസം തികച്ചും വ്യത്യസ്തമാണെന്ന് മാത്രമല്ല അതിലും വലിയ ഒരു ശരിയുണ്ടെങ്കില്‍ അത് സ്വീകരിക്കുവാനും ഇവര്‍ക്ക് മടിയില്ല. പരമ്പരാഗത കത്തോലിക്കാകുടുംബാംഗങ്ങള്‍ എന്ന നിലയില്‍ ഇവര്‍ യേശുവിലും ബൈബിളിലും തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളു എന്ന വിഢിവിശ്വാസം ഇവര്‍ക്കില്ല. അങ്ങനെ പഠിപ്പിക്കുന്ന പള്ളിപ്പുരോഹിതരിലും ഇവര്‍ വിശ്വസിക്കുന്നില്ല. ബൈബിളിലെ ചില എഴുത്തുകാരുടെ വാചകങ്ങള്‍ (പൗലോസും അദ്ദേഹത്തിന്റെ ശിഷ്യരായ ലൂക്കോസും മര്‍ക്കോസും) ആണ് പ്രസ്തുത പുരോഹിതവിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍ യേശുവും യേശുവിന്റെ ശിഷ്യരും ഇങ്ങനെ പറയുന്നതായി ബൈബിളില്‍ ഒരിടത്തും കാണുന്നില്ല.

''മനുഷ്യര്‍ ഏകസമുദായമാകാതെ വിവിധ സമുദായങ്ങളും വിഭാഗങ്ങളുമായിരിക്കുന്നത് അവര്‍ പരസ്പരം നന്മയിലേക്ക് മത്‌സരിച്ച് മുന്നേറുന്നതിനു വേണ്ടിയത്രെ'' എന്നാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നത്. ''മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി'' എന്നാണ് മനുഷ്യകുലത്തിന്റെതന്നെ അഭിമാനമായ നാരായണഗുരു പഠിപ്പിക്കുന്നത്. മതപരിവര്‍ത്തനംകൊണ്ട് പ്രയോജനമില്ലെന്ന് മാത്രമല്ല ''മതപരിവര്‍ത്തനം മനുഷ്യരെ ഇരട്ടിച്ച നരകയോഗ്യരാക്കുന്നു'' എന്നാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. ഇത്തരം വേദവാക്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ അനുസരിച്ചാല്‍ ലോകത്ത് ഒരിക്കലും വര്‍ഗീയവൈരം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യയിലും ലോകത്തും സംജാതമായിരിക്കുന്ന വര്‍ഗീയവൈരത്തിന്റേയും മാലിന്യപൂര്‍ണ്ണമായ മതേതരത്വത്തിന്റെയും കാരണം, വേദങ്ങളില്‍ അവയുടെ അനുയായികള്‍തന്നെ വെള്ളംചേര്‍ത്തതുകൊണ്ടാണെന്ന് അന്നമ്മയും മക്കളും അഭിപ്രായപ്പെടുന്നു. നമുക്കാവശ്യം മാലിന്യമുക്തമായ മതേതരത്വമാണ്. അതിനായി ആദ്യം നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ വിശ്വാസങ്ങളെ മാലിന്യമുക്തമാക്കുകയാണ്.

വിശ്വാസങ്ങളില്‍ മാലിന്യം കുത്തിനിറയ്ക്കുന്നത് ഇടനിലക്കാരാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഉദാ: ദൈവത്തിന്റെ കല്പനകള്‍ അനുസരിച്ചാല്‍മാത്രമേ രക്ഷപ്രാപിക്കുകയുള്ളു എന്ന് യേശു നാല്തവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ അതേ ബൈബിളില്‍ത്തന്നെ പൗലോസ് എന്ന ഇടനിലക്കാരന്‍ പറയുന്നത് നോക്കുക; ''ദൈവകല്പനകള്‍ ശാപമാണ്. കല്പനകള്‍ ഉള്ളതുകൊണ്ടാണ് മനുഷ്യര്‍ക്ക് അത് ലംഘിക്കേണ്ടിവരുന്നത്. ദൈവ കല്പനകള്‍ അനുസരിച്ചതുകൊണ്ട് ഒരാളും രക്ഷപ്രാപിക്കുകയില്ല, മറിച്ച് യേശുവില്‍ വിശ്വസിച്ചാല്‍ മാത്രം മതി രക്ഷപ്രാപിക്കാന്‍'' ഇങ്ങനെ വേദങ്ങളില്‍ ഇടനിലക്കാര്‍ വെള്ളം ചേര്‍ത്തതിന് നിരവധി തെളിവുകളുണ്ട്. അതുകൊണ്ട് ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യേ കയറിക്കൂടുന്ന ഇടനിലക്കാരാണ് മാലിന്യമുക്ത മതേതരത്വത്തിന്റെ ശത്രുക്കള്‍ എന്ന് അന്നമ്മയും മക്കളും നിസംശയം പറയുന്നു.

'കലണ്ടര്‍' മനോരമതന്നെ! എന്ന് ചലച്ചിത്രനടന്‍ തിലകന്‍ എന്ന ഇടനിലക്കാരന്‍ പരസ്യത്തില്‍ പറയുന്നതുപോലെയാണ് 'രക്ഷ' ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം എന്ന് പൗലോസും പുരോഹിതരും പറയുന്നത്. ഇത് അംഗീകരിക്കാന്‍ അന്നമ്മ തയ്യാറല്ല. കാരണം, എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന മക്കള്‍ അന്നമ്മയ്ക്കുണ്ട്. അവരോട് അന്നമ്മയ്ക്ക് പറയുവാനുള്ളത് ഇത്രമാത്രം: മതമേതായാലും മക്കള്‍ നന്നായാല്‍ മതി. കര്‍മ്മം നന്നായിരുന്നാല്‍ ഏത് മതക്കാരും രക്ഷ പ്രാപിക്കും. മക്കളോട് മാത്രമല്ല മാലോകരോടെല്ലാം ഇങ്ങനെ പറയാന്‍ അന്നമ്മ ആഗ്രഹിക്കുന്നു. തന്റെ മാലിന്യമുക്ത മതേതരത്വം ജീവിതത്തില്‍ മാത്രമല്ല മരണത്തിലും കാത്തൂസൂക്ഷിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ അത്‌സംബന്ധിച്ച് അന്നമ്മ മുന്‍കൂര്‍ വില്‍പത്രവും തയ്യാറാക്കിയിട്ടുണ്ട്. അന്നമ്മയുടേയും മുന്ന് മക്കളുടേയും വില്‍പത്രപ്രകാരം തങ്ങളുടെ ശവസംസ്‌കാരം ഒന്നുകില്‍ സ്വന്തം പുരയിടത്തില്‍ അല്ലെങ്കില്‍ പൊതുശ്മശാനത്തില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ആകാം. രണ്ടിലേതായാലും ഇവര്‍ക്ക് വിശ്വാസപ്രതിസന്ധിയേയില്ല. മരണചടങ്ങില്‍ പൗരോഹിത്യ ഇടനിലക്കാരുടെ യാതൊരു ക്രിയകളും പാടില്ല. 

ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ഇഛാഭംഗം ഉണ്ടെങ്കില്‍ അവര്‍ക്കുള്ള മറുപടി ഇങ്ങനെ: അന്നമ്മയും മക്കളും ജനിച്ചതും ജീവിച്ചതും യേശുവിന്റെ അനുയായികളായിട്ടാണ്. യേശുവിന്റെ ശവം അടക്കിയത് പള്ളിയിലായിരുന്നില്ല. അരിമത്യാക്കാരന്‍ ജോസഫിന്റെ പറമ്പിലായിരുന്നു. ആശീര്‍വദിക്കാന്‍ ഇടനിലക്കാരും ഇല്ലായിരുന്നു. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പുരോഹിതര്‍ വെഞ്ചിരിക്കാത്ത തെമ്മാടിക്കുഴിയിലാണ് യേശുവിനെ അടക്കിയത്. എന്നിട്ടും യേശു ഉയിര്‍ത്തെഴുന്നേറ്റതായി നമ്മള്‍ വിശ്വസിക്കുന്നുവല്ലോ...?

1 comment:

  1. സമത്വം സ്വാതന്ത്ര്യം പരസ്പര സ്നേഹം, എളിമ കൂട്ടായ്മ എന്നീ തത്വങ്ങളെ വളച്ചൊടിച്ചു മതത്തിന്‍റെ വചനങ്ങളെ കൂട്ടികുഴച്ചു മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്ന ഭ്രാന്തന്മാരെ മതമൌലിക വാദിക ളെന്നുപറയാം.മേല്‍പ്പറഞ്ഞ തത്വങ്ങള്‍ എല്ലാം ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ കുത്തക മാത്രമെന്നാണ്‌ ചിലര്‍ ചിന്തിക്കുന്നത്.

    ഒരു കത്തോലിക്കന്‍ പെന്തക്കോസ്സില്‍ ചേര്‍ന്നാല്‍ യേശുവിന്‍റെ സ്നേഹത്തെ തങ്ങളുടെ മൌലിക ചിന്താഗതിക്കനുസരണമായി പാകപ്പെടുത്തി
    അടുത്തപടി മസ്തിഷ്കപ്രഷാളനംനടത്തി ഒരു സര്‍ജറിയായി. പരസ്പരസ്നേഹത്തെ ശക്തിയുടെ ഭാഷകൊണ്ട് ചിലര്‍ മതമൌലിക ചിന്താഗതികള്‍ക്കൊപ്പം ഉറപ്പിക്കും. സര്‍ജറിചെയ്തു മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യും. മതമൌലികവാദികള്‍ ‍ മറ്റുള്ളവരുടെ തത്വങ്ങള്‍ തെറ്റാണെന്നും, സ്വര്‍ഗത്തിന്‍റെ താക്കോല്‍ തങ്ങളുടെ കൈവശം മാത്രമെന്നും വാദിക്കും. ഇവരില്ലെങ്കില്‍ ലോകം അവസാനിക്കുമെന്നും വചനങ്ങള്‍ നോക്കി പ്രവചിക്കും. രാഷ്ട്രവും ഭരണചക്രങ്ങള്‍തന്നെയും ഇവര്‍ പറയുന്നതുപോലെ നിയന്ത്രിക്കുവാന്‍ ശ്രമിക്കും. ഇവരെ ആര്‍ക്കും ചോദ്യംചെയ്യാന്‍ പാടില്ല.വേണ്ടിവന്നാല്‍ സ്വന്തം ചിന്താഗതികളെ ബലം പ്രയോഗിച്ചു മറ്റുള്ളവരെ കെട്ടിയെല്‍പ്പിക്കുവാന്‍ ശ്രമിക്കും. ചില ക്രിസ്ത്യന്‍ മൌലികവാദികള്‍ സര്‍ക്കാര്‍നിയമം അനുസരിച്ച് നടത്തുന്ന
    ഗര്‍ഭചിദ്രക്ലിനിക്കുകള്‍ അടപ്പിക്കുന്നത് ഇതിനു ഉദാഹരണമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ക്ലിനിക്കുകള്‍ നടത്തുന്ന ഡോക്ടര്‍മാരെയും മൌലിക ചിന്താഗതിക്കാര്‍ കൊല്ലുന്നുണ്ട്‌.

    എല്ലാ മതങ്ങളിലും ഇത്തരം മൌലികവാദികളെ കാണാം.ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളിലും ഹിന്ദുവര്‍ഗീയ സംഘടനകളിലും ഷാരിയാ നിയമങ്ങള്‍ നടപ്പാക്കണമെന്ന് ചിന്തിക്കുന്ന ഇസ്ലാമിക സംഘടനകളിലും മൌലികവാദികളെ കൂടുതലായും കാണുന്നു. ദൈവത്തിന്‍റെ അധികാരത്തെ ഇവര്‍ ചോദ്യംചെയ്യുകയല്ലേ, ഇവരുടെ സേവനം ദൈവത്തിനു ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കുന്നവരുടെ ചോദ്യങ്ങളാണ്.

    മതപഠനങ്ങള്‍ സ്കൂള്‍തലത്തില്‍ ഒഴിവാക്കി യുക്തിപരമായ ചിന്താഗതികളോടെ ഒരു
    വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കിയാല്‍
    ഇത്തരം മതമൌലികവാദികളില്‍ നിന്നും ലോകത്തെ രക്ഷിക്കാം.

    ReplyDelete