Translate

Saturday, January 26, 2013

വ്രതം: ഒരുപുരോഹിതന്റെയും ഒരു കന്യാസ്ത്രീയുടെയും അവരുടെ മകന്റെയും കഥ

Vows: The Story of a Priest, a Nun and Their Son

 By Joseph Padannamakkel








ദൈവം ആദമിനെ സൃഷ്ടിച്ചു. അവനൊരു കൂട്ടുകാരിയെ വേണമെന്നു തോന്നിയപ്പോള്‍ സ്ത്രീയായ ആവായെ അവന്റെ വാരിയെല്ലില്‍നിന്നു നല്‍കി. ദൈവം ആദമിനോടും ആവായോടും  നിന്റെ സന്തതിപരമ്പരകളെ വര്‍ദ്ധിപ്പിക്കുവാന്‍ പറഞ്ഞു. ജീവന്റെ, ജ്ഞാനത്തിന്റെ  മരം അവരില്‍ പാടില്ലായെന്ന് ദൈവം കല്‍പ്പിച്ചു. അവര്‍ പരാജയപ്പെട്ടു. പുരോഹിതനായ പുരുഷന് സ്ത്രീ പാടില്ലായെന്ന് വിലക്കപ്പെട്ടു. പുരുഷന്റെ പതനത്തിനു സ്ത്രീയെ അവന്‍ കുറ്റപ്പെടുത്തി.  അവന്റെ താഴ്ചയില്‍ സ്ത്രീയില്‍ മാത്രം തെറ്റുകണ്ടാല്‍ ഉത്തരമാവുകയില്ല. സത്യത്തിന്റെ വഴികള്‍ തേടി അലയുന്നവര്‍ ഉത്തരം കിട്ടാതെ ഇത്തരം ബാലിശമായ ചിന്തകള്‍കൊണ്ട് വിലയേറിയ തങ്ങളുടെ സമയത്തെ പാഴാക്കുകയാണ് ചെയ്യുന്നത്.

സഭയില്‍ കാലത്തിനനുസരിച്ച് സമൂലമാറ്റം വരുത്തണമെന്ന് ചിന്തകരായ ലോകം ഇന്ന് മുറവിളി കൂട്ടുന്നുണ്ട്. സഭയ്ക്കെന്നുമുണ്ടായിരുന്നത്, തെറ്റുകളും കളങ്കവും ചാര്‍ത്തിയുള്ള ചരിത്രമായിരുന്നു. ആയിരകണക്കിനു വര്‍ഷങ്ങളായി മനുഷ്യ നിര്‍മ്മിതങ്ങളായ നിയമങ്ങള്‍ സഭ വിശ്വാസികളുടെമേല്‍ മാറ്റമില്ലാതെ  അടിച്ചേല്‌പ്പിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ വചനങ്ങളുമായി ഒത്തുപോവാതെ  സഭയുടെ തത്ത്വങ്ങള്‍ കാലങ്ങള്‍ക്ക് മുറിവേല്പ്പിച്ചുകൊണ്ട് ഇന്നും വ്യത്യസ്തമായി പൊരുത്തപ്പെടാതെ തുടരുന്നു.

'വ്രതം:  ഒരുപുരോഹിതന്റെയും ഒരു കന്യാസ്ത്രീയുടെയും അവരുടെ മകന്റെയും കഥ' ( Vows: The Story of a Priest, a Nun and Their Son)യാണ്. കണ്ണുനീരും ദുഖവും പ്രേമവും ആത്മീയതയുമെല്ലാം അടങ്ങിയ    പുസ്തകം ഇതിനകം  അമേരിക്കയില്‍ വളരെയേറെ പ്രസിദ്ധമായിത്തീര്‍ന്നു. പുരോഹിതനായിരുന്ന ബില്ലിന്റെയും  കന്യാസ്ത്രിയായിരുന്ന മേരിയുടെയും വിവാദങ്ങളില്ക്കൂടിയുള്ള ജീവിത കഥയാണ്  പുസ്തകത്തിലെ ഉള്ളടക്കം. രചിച്ചത് ബില്ലിന്റെയും മേരിയുടെയും രണ്ടാമത്തെ മകന്‍ പീറ്ററും.  സത്യത്തിന്റെ വെളിപാടുകള്‍ അശരീരിപോലെ അവരുടെ മക്കളിലും പ്രതികരണങ്ങള്‍ ഉണ്ടാക്കി.  പീറ്റര്‍ തന്റെ മാതാപിതാക്കളുടെ കാലാനുക്രമ ജീവിതത്തെ  ഹൃദ്യമായ ഭാഷയില്‍ ഈ ചരിത്രപുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.  പ്രസിദ്ധമായ ഈ പുസ്തകം പുറത്തിറക്കിയുടന്‍  ABC Television   വാര്‍ത്താ ലേഖകര്‍ പുരോഹിതനായ ബില്ലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  ബോസ്റ്റണ്‍ കർദ്ദിനാളുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തിപരമായ  കാര്യങ്ങള്‍ പുറത്തുവിടുവാന്‍  സാധിക്കുകയില്ലെന്നായിരുന്നു മറുപടി.

പീറ്ററിന്റെ വ്യക്തിപരമായ ജീവിതയാത്രയോടൊപ്പം തന്റെ മാതാപിതാക്കളുടെ ജീവിതകഥയും ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. കത്തോലിക്കപുരോഹിതന്റെ മകനെന്ന നിലയില്‍ പീറ്റര്‍ പറയുന്നുതന്റെ പിതാവ് ഒരിക്കലും പൌരാഹിത്യം ഉപേക്ഷിച്ചില്ല. എക്കാലവും സഭയുമായി കടുത്ത ആത്മബന്ധം ഉണ്ട്. പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം.  നൂറ്റാണ്ടുകളായി  പുരോഹിതര്‍ സഭയുടെ ഭീമമായ സ്വത്തുക്കള്‍ സൂക്ഷിക്കുവാന്‍  തങ്ങളുടെ ജീവിതം സഭയ്ക്കുവേണ്ടി കാഴ്ച വെക്കുന്നു.   ആദ്യത്തെ മാര്‍പാപ്പയായ പീറ്റര്‍ കല്ലറയില്‌നിന്നു ഉയര്‍ത്തു വന്നിരുന്നുവെങ്കില്‍ പാപപങ്കിലമായ സഭയുടെ ഈ പഴഞ്ചന്‍ നിയമം അസാധുവാക്കുമായിരുന്നു. അപ്പസ്തോലന്‍ പീറ്ററിനു ഭാര്യയുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂതറും  വിട്ടുവീഴ്ചയില്ലാത്ത  സഭയുടെ മാനോഭാവംമൂലം സഭയുപേക്ഷിച്ചുപോയി.

ബില്‍ മാന്സോയും മേരിയും  പതിറ്റാണ്ടുകള്‍ സഭയുമായി  ആശയസംഘടനം നടത്തിയശേഷം ഇരുവരും കുപ്പായങ്ങള്‍ ഉപേക്ഷിച്ച്  വിവാഹിതരായി. സഭയെ ജീവനുതുല്യം അവര്‍ സ്നേഹിച്ചിരുന്നു. ഇന്നവര്‍ക്ക് സഭയുടെ അടിസ്ഥാനതത്ത്വങ്ങളുമായി ഒത്തുപോകുവാന്‍ സാധിക്കാതെ ചെറുത്തുനില്‍പ്പിന്റെ കഥകളാണ് വിവരിക്കുവാനുള്ളത്.
 
കുഞ്ഞായിരുന്നപ്പോള്‍ ഇരുവരും അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്നു. ബില്‍ പറയുമായിരുന്നു, കുട്ടിക്കാലത്തെ കളിസ്ഥലങ്ങളില്‌ ചാക്കുകള്കൊണ്ട് താന്‍  പുരോഹിത കുപ്പായം തുന്നിധരിക്കുമായിരുന്നു. കളിക്കൂട്ടുകാരുമായി കളിക്കുന്നതുപോലെ കുര്‍ബാന ചൊല്ലിയിരുന്നു. അവന്റെ കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കൂട്ടുകാരോടൊപ്പം അള്‌ത്താര ശുശ്രൂഷകരായും നിയമിച്ചിരുന്നു. കുർബാനക്കായി കളിമണ്ണുകൊണ്ടു വട്ടത്തില്‍ അപ്പവും ഉണ്ടാക്കുമായിരുന്നു. എന്റെ ഓര്‍മ്മക്കായി ഭക്ഷിപ്പിനെന്നും പറഞ്ഞു ‍ വാഴ്ത്തികൊണ്ട് അപ്പം കളിക്കൂട്ടുകാരുടെ അധരങ്ങളില്‍ വെക്കുന്നതും പ്രഹസനങ്ങളും മലമുകളില്‍ കൂട്ടുകാരുമൊത്തു തത്തികളിക്കുന്നതും  അവന്റെ ബാല്യകാല സ്മരണകളായിരുന്നു.
 
പത്തൊന്‍പതാം വയസ്സില്‍ അവന്‍ സെമിനാരിയില്‍ ചേർന്നു. പതിനേഴാം വയസില്‍ മേരി മന്‍സോയും കോണ്‍വെന്റില്‍ ചേർന്നു. അന്ന് അവർ തമ്മില്‍ പരസ്പരം കണ്ടുമുട്ടിയിട്ടില്ലായിരുന്നു. മേരി പറയുമായിരുന്നു, "ഞാന്‍ യേശുവിനെ അഗാധമായി സ്നേഹിച്ചിരുന്നു. ഒപ്പം എനിക്കു ജന്മംതന്ന സഭയും  ജീവനു തുല്യമായിരുന്നു. സഭ പഠിപ്പിക്കുന്ന വിശ്വാസസത്യങ്ങൾ ആത്മാവിലും അലിഞ്ഞു ചേര്‍ന്നിരുന്നു."


അധികം താമസിയാതെ പുരോഹിതനായ ബില്‍ മേരിയെ കണ്ടുമുട്ടി. മേരിയും ബില്ലുമായി അടുത്തു. അവർ സ്നേഹത്തിന്റെ കൂട്ടായ്മയില്‍ ഒത്തിണങ്ങി സഭാസേവനം തുടര്‍ന്നു. അക്കാലങ്ങളില്‍ സഭയെന്തുപറഞ്ഞാലും എതിരഭിപ്രായം പ്രകടിപ്പിക്കാതെ അങ്ങനെ തന്നെയെന്നു വിശ്വസിച്ചു ജീവിച്ചിരുന്ന കാലവും ആയിരുന്നു. ഭക്തിമൂത്ത് ഒടുവില്‍ പരസ്പരം സ്നേഹിക്കുന്ന മനസുകളുടെ മുമ്പില്‍ ഇരുവര്‍ക്കും ഭക്തിയുടെ ലഹരിയും കുറഞ്ഞുകൊണ്ടിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകളില്‌ മേരിയും ബില്ലും സഭയെ ചോദ്യംചെയ്യുവാന്‍ തുടങ്ങി.ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മേരി താന്‍ സ്വയം തിരഞ്ഞെടുത്ത കന്യാസ്ത്രി ജീവിതത്തോട് വ്രതവാഗ്ദാനങ്ങള്‍ നിറവേറ്റാനാവാതെ എന്നേക്കുമായി വിടപറഞ്ഞുകൊണ്ട് മഠം ഉപേക്ഷിച്ചു.

സെമിനാരിയില്‍ ബില്‍ ഒരു പരിവർത്തനവാദിയായി മാറി. ഉള്‍കൊള്ളാന്‍ സാധിക്കാത്ത സഭാതീരുമാനങ്ങളില്‍ ചോദ്യം ചെയ്യുവാനും തുടക്കമിട്ടു. അദ്ദേഹത്തില്‍ ഒരു വിപ്ലവകാരി ക്രമേണ ഉണ്ടായി. അക്കാലങ്ങളിലൊക്കെ കുടിയിരുന്ന ആശയങ്ങളിലേറെയും സഭയില്‍ മാറ്റത്തിനുവേണ്ടിയുള്ള നവമായ ഒരു വിപ്ലവം സ്രുഷ്ടിക്കണമെന്നായിരുന്നു. സഭയുടെ നിയമക്കൂട്ടിനുള്ളില്‍ സ്വയം മനസിനെ അടിമപ്പെടുത്തി ദൈവത്തിന്റെപേരില്‍ ജീവിതം നശിപ്പിക്കുന്നതിലും ബില്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങി.

ബില്‍ തികച്ചും ഒരു വിശുദ്ധ ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ചു. അതിനായി പരിശുദ്ധമായ വിവാഹജീവിതത്തിന്റെ പ്രായോഗികവശങ്ങളും ചിന്തിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിനുള്ളിലെ തത്ത്വചിന്തകള്‍ മനസാകുന്ന വിസ്തൃത പടലങ്ങളില്‍ പല രൂപേണയായിരുന്നു. വൈദികര്‍ സഭാനുഷ്ഠാനപ്രകാരം വിവാഹം കഴിക്കാതിരിക്കുന്നതു തെറ്റാണ്. ഈ നിലപാട്  സഭയുടെ വെറും കാലഹരണപ്പെട്ട  തത്ത്വങ്ങള്‍ മാത്രം. പുരോഹിതരുടെ ബ്രഹ്മചര്യം മതഗ്രന്ഥങ്ങളോ ബൈബിളോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ആയിരകണക്കിനു വര്‍ഷങ്ങളോളം വിവാഹിതരായ പുരോഹിതരും ബിഷപ്പുമാരും പോപ്പുമാരും സഭയ്ക്കുണ്ടായിരുന്നു. വിശുദ്ധജീവിതം പൂര്‍ണ്ണമാകുന്നതിനു പുരുഷനു സ്ത്രീ വേണമെന്നും ബില്‍ വാദിച്ചു. 1969-ല്‍ പൌരാഹിത്യ ബ്രഹ്മചര്യത്തെ വെല്ലുവിളിച്ചുകൊണ്ടു പുരോഹിതനായ ബില്ലും മുമ്പ് കന്യാസ്ത്രിയായിരുന്ന മേരിയും വിവാഹിതരായി. അവര്‍ക്ക് മൂന്നു കുട്ടികളും ജനിച്ചു. വിവാഹിതയായ സമയത്ത് മേരി കന്യാസ്ത്രീയല്ലായിരുന്നു.  
 
വൈദികനെന്ന  ജീവിതാന്തസിനുള്ളില്‌  തന്റെ ജോലികള്‍ നിര്‍വഹിക്കുവാനോ ഇടവക ഭരിക്കാനോ  അനുവാദം ഉണ്ടായിരുന്നില്ലെങ്കിലും, ബില്‍ സാങ്കേതികമായി ചിന്തിച്ചാല്‍ പുരോഹിതന്‍ തന്നെയായിരുന്നു. വിവാഹിതനായശേഷം വിവാഹിതരായ പുരോഹിതരുടെ അവകാശങ്ങള്‌ക്കായി ബില്‍ തന്റെ സഭാധികാരികളുമായി കുരിശുയുദ്ധം  ആരംഭിച്ചു.  പിന്നീടുള്ള ജീവിതം  ഒറ്റയാനയെപ്പോലെ സഭയുമായി താത്ത്വികമായി ഏറ്റുമുട്ടികൊണ്ടുള്ളതായിരുന്നു. ദൈവസ്നേഹാഗ്നിയില്‍ ഒരുവന്‍ ബ്രഹ്മചര്യം ദൈവത്തിനായി അര്‍പ്പിക്കുന്നുവെന്നു  സഭ വിശ്വസിക്കുന്നു. ബ്രഹ്മചര്യം എന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കേണ്ടതും ഒരു പുരോഹിതന്റെ കര്‍മ്മമാര്‍ഗമാണ്. സഭയുടെ കാതലായ തത്ത്വത്തില്‍ ഈ നിയമം മാറ്റമില്ലാത്തതുമാണ്. 
 
2003-ല്‍ ബില്ലും മേരിയും തങ്ങളുടെ വിവാഹം ഔദ്യോഗികമായി അംഗീകരിക്കുവാന്‍ സഭയുമായുള്ള ആശയസംഘട്ടനങ്ങള്‍ പുതിയ ഒരു ഘട്ടത്തിലേക്ക് തുടങ്ങി.  നിഷ്ഫലങ്ങളായ കത്തുകള്‍ സഭയുമായി കൈമാറി.  ബില്ലിന്റെ വൈദികപട്ടം  മനസാക്ഷിക്കെതിരെ, തെറ്റായി സ്വീകരിച്ചുവെന്നു ഒരു ഡോക്കുമെന്റില്‍ ഒപ്പിടുവാന്‍ സഭ ആവശ്യപ്പെട്ടപ്പോള്‌ സത്യമല്ലാത്തത് സമ്മതിക്കുവാന്‍ സാധ്യമല്ലെന്ന്  കത്തില്‍ക്കൂടി  മറുപടി കൊടുത്തു.  

ബില്ലിന്റെ വൈവാഹിക സാധുതയെക്കുറിച്ച് വിവാദങ്ങള്‌  തുടരുന്നുണ്ടെങ്കിലും നിര്‍ബന്ധിത ബ്രഹ്മചര്യമാണ് പൌരാഹിത്യത്തിന്റെ കാതലായ  പ്രശ്നങ്ങളെന്ന്‍  സഭയോട് ബില്‍ ഇന്നും വീറോടെതന്നെ വാദിച്ചുകൊണ്ടിരിക്കുന്നു. അറിവില്ലാത്ത പ്രായത്തില്‍ സെമിനാരിജീവിതം തുടങ്ങുന്നതും സഭയ്ക്കുള്ളിലെ ലൈംഗികപീഡന  അഴിമതികളും അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങളില്‍ ഉണ്ട്.  വിവാഹം കഴിക്കാതെയുള്ള പൌരാഹിത്യം പ്രക്രുതി വിരുദ്ധമെന്നു   സഭയെ കുറ്റപ്പെടുത്തുന്നുമുണ്ട്. ആയിരകണക്കിനു വര്‍ഷങ്ങളായി പുരോഹിതരെ ഇതിനായി സഭ പീഡിപ്പിച്ചു പ്രേരിപ്പിക്കുകയാണ്. എന്ത് ഫലം നേടിയെന്നും സഭ ചിന്തിക്കട്ടെ. അനേകായിരങ്ങള്‍ സ്വയം ജീവിതത്തെ നശിപ്പിച്ചു. അസന്തുഷ്ടമായി ഇന്നും അവര്‍ തങ്ങളുടെ ജീവിതം തുടരുന്നു. 

ബില്‍ തന്റെ ഭാര്യ മേരിയുടെ ജീവിതത്തെ അലട്ടികൊണ്ടിരുന്ന തീവ്രമായ ഒരു ദുഖത്തിന്റെ കഥയും വെളിപ്പെടുത്തുവാന്‍ തീരുമാനിച്ചു. മേരി കൗമാരപെണ്ണായിരുന്ന കാലത്ത് അവളെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മേരി ഹൃദയവേദനയോടെ അവളുടെ കഥ തുടര്‍ന്നു. "എന്നെ ലൈംഗികമായി എന്നും ഒരു പുരോഹിതന്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ ആരോടും ഈ കഥ പറഞ്ഞില്ല. ഞാന്‍ തികച്ചും നിരാശയായിരുന്നു. എന്തുകൊണ്ട് എനിക്കിതു സംഭവിച്ചുവെന്നും സ്വയം താങ്ങാന്‍ പാടില്ലാത്ത ദുഃഖം നിറഞ്ഞ എന്റെ മനസിനോട് ചോദിക്കുമായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യവുമായി അന്ന് ക്രൂശിതരൂപത്തിന്റെ മുമ്പില്‍നിന്ന് ഏകയായി ഞാന്‍ പൊട്ടികരഞ്ഞിട്ടുണ്ട്."  
  
എന്നാല്‍ തീവ്രദുഖത്തിലും മാനസിക സംഘട്ടനത്തിലും ബില്‍ പൌരാഹിത്യം ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചില്ല. അദ്ദേഹം സഭയോടൊപ്പം സേവനം ചെയ്യുവാനും ആഗ്രഹിച്ചിരുന്നു. "ബില്‍ പറഞ്ഞു, ഞാന്‍ സഭയെ സ്നേഹിച്ചിരുന്നു.  ജനിച്ചു വളര്‍ന്ന പാരമ്പര്യത്തില്‍നിന്നും എനിക്ക് ചുറ്റുമുള്ള ജനങ്ങളില്‍നിന്നും വേര്‍പെട്ട് എന്റെ കര്‍മ്മമാര്‍ഗങ്ങളെ ഉപേക്ഷിക്കുവാന്‍ എനിക്ക്സാധിക്കുമായിരുന്നില്ല." രണ്ടുപേരും തങ്ങളുടെ  തെരഞ്ഞെടുത്ത  ജീവിതത്തിലുടനീളം  ഉറച്ച സഭാവിശ്വാസത്തിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുവാന്‍  ഏറെ പരിശ്രമിച്ചു. വിധി, വിവാഹിതരായ ഇവരില്‍  നവമായ  വിശ്വാസത്തിലേക്ക് മറ്റൊരുവഴി തെളിയിക്കുകയാണുണ്ടായത്.
 
മേരിയും ബില്ലും പറയുന്നു,  "കഴിഞ്ഞകാലജീവിതത്തിലെ യേശുവിനു വേണ്ടി ജീവിതം മാറ്റിവെച്ച തങ്ങളുടെ  സഭയിലുള്ള   വിശ്വാസത്തിന്റെ പൊള്ളുന്ന ചുഴിയില്‍ എന്നും പരീക്ഷണഘട്ടങ്ങളായിരുന്നു.  ഇന്ന് അവര്‍ക്ക് എന്നത്തേക്കാളും  ക്രിസ്തുവില്‍ അഗാതമായ വിശ്വാസം ഉണ്ട്. മേരി പറഞ്ഞു, "ഇത് ഒരു വിശ്വാസത്തില്‍നിന്നു മറ്റൊരു വിശ്വാസത്തിലെക്കുള്ള  കുതിച്ചുകയറ്റം. സഭ പറയുന്നത് തെറ്റെന്നു തിരിച്ചറിയുവാനുള്ള തന്റേടം കൈവരിച്ചിരിക്കുന്നു.  ശരിയെന്ന വിശ്വാസത്തെ തിരിച്ചറിഞ്ഞു.  സ്വതന്ത്രമായ ചിന്തകളും മനസ്സില്‍ ആവഹിച്ചു." 
യഥാര്‍ഥ പൌരാഹിത്യം  സ്വയം ജീവിതം ഹോമിച്ചുകൊണ്ടല്ല. വൈവാഹിക ജീവിതം മാറ്റി വെച്ചുള്ള ആത്മാർപ്പണമല്ല . പൌരാഹിത്യം ദൈവത്തോടും ദൈവത്തിന്റെ ജനത്തോടുമുള്ള സ്നേഹമാണ്. പൌരഹിത്വത്തിനു സ്വയം നമ്മെ, നമ്മുടെ  ജീവിതത്തെ,  കാഴ്ച വെക്കല്‍  ഏകാന്തതയുടെ നീർക്കയത്തിലെക്കു വലിച്ചിഴക്കുകയാണ്.  അര്‍പ്പിതമായ ഏതൊരു പുരോഹിതന്റെയും ജീവിതം പൊതു സമൂഹത്തോടുള്ള സ്നേഹത്തെയും ബലി കഴിച്ചുകൊണ്ടുള്ളതാണ്. അവിവാഹിതനായ ഒരു പുരോഹിതന്  ദൈവവിളിയെ നില നിര്‍ത്തുവാന്‍ സാധിക്കുകയില്ല.
 
വേശ്യകളുമൊത്തു  സഭയെ ഭരിച്ച അനേക മാർപാപ്പമാരുണ്ട്. മാര്‍പാപ്പയുടെ ആസ്ഥാനം റോമ്മായല്ലാതെ ഫ്രാന്‍സില്‍ ആയിരുന്ന കാലങ്ങളുമുണ്ട്. രണ്ടു നദികളുടെയും അക്കരെയും ഇക്കരയുമായി രണ്ടു മാര്‍പാപ്പാമാര്‍  ഞാനാണ് മാര്‍പാപ്പാ, നീയല്ലായെന്നു   വെല്ലുവിളിച്ചു യുദ്ധം ചെയ്ത കറുത്ത യുഗങ്ങളും സഭയ്ക്കുണ്ട്. എന്താണ് കാസ്ത്രാതി (Castrati?) കാലങ്ങള്‍? ബാർബേറിയന്‍  മാര്‍പാപ്പാമാരുടെ കാലങ്ങളില്‍ അള്‍ത്താരകുട്ടികളെ വന്ധീകരണം നടത്തുമായിരുന്നു. അങ്ങനെ ദേവാലയങ്ങളില്‍ അവരുടെ സംഗീതത്തിന്റെ ഇമ്പം മുഴക്കിയിരുന്നു.  സഭയിലിന്നും  ശുദ്ധി ആവശ്യമാണ്.  സഭയെ നയിക്കുന്ന ഉന്നതരായ കർദ്ദിനാളന്മാർ  കോടികണക്കിനു സഭാ സ്വത്തുക്കള്‍ തട്ടിമാറ്റി വിദേശത്തു സ്വന്തം ബാങ്കുകളില്‍ നിഷേപിച്ച കഥകളും പത്രവാർത്തകളാണ്. യൂറോപ്പിലും  അമേരിക്കയിലും കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം കൊടുക്കാതെയിരിക്കുവാന്‍ സഭാസ്വത്തുക്കള്‍ വിദേശരാജ്യങ്ങളില്‍ ഒളിച്ചുവെക്കേണ്ട ഗതികേടുകളാണ് സഭ   നേരിടുന്ന പ്രശ്നവും. ക്രിസ്തു തെറ്റായിട്ടാണൊ അവന്റെ നാമത്തില്‍ സഭ സ്ഥാപിച്ചതെന്നും തോന്നി പോവാറുണ്ട്. 


1 comment:

  1. ഒരു പുരോഹിതന്റെയും കന്യാസ്ത്രിയുടെയും മകന്റെയും ജീവിതകഥയായ ' വ്രതം' നോവലിന് അനേക വാര്‍ത്താമാധ്യമങ്ങള്‍ അമിത പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്തിനെന്നു ചിന്തിച്ചു പോയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ പീറ്റര്‍ ഇന്ന് ആഗോള പ്രസിദ്ധനാണ്. പുരോഹിതന്റെയും കന്യാസ്ത്രികളുടെയും മകനായി ജീവിച്ച അനുഭവകഥകളാണ് ഇതിലെ ഇതിവൃത്തം.

    ഇരുളടഞ്ഞ മഠം മതില്‌ക്കെട്ടിനുള്ളിലും പൌരാഹിത്യത്തിന്റെ ഇരുമ്പഴിക്കുള്ളിലും ജീവിതം ശ്വാസം മുട്ടി ജീവിക്കുന്ന അനേകരുണ്ട്. പൌരാഹിത്യത്തില്‍നിന്ന്‌, സഭാ വസ്ത്രത്തില്‌നിന്ന്‌ ഒളിച്ചോടുന്നത് സ്നേഹിച്ച രണ്ടു ദമ്പതികള്‍ പരസ്പരം പിരിയുന്നതിനു തുല്യമാണ്. പുരോഹിതനും കന്യാസ്ത്രിയും മക്കളും എന്ന ജീവചരിത്രകഥ സ്വയം ജീവിതത്തിലേക്കുള്ള വെല്ലുവിളികളുടെ കഥയാണ്. വൈവാഹിക ജീവിതത്തില്‍ക്കൂടി ഒരു പുരോഹിതന് സഭയില്‍ മെച്ചമായ സേവനം ചെയ്യുവാന്‍ സാധിക്കുമെന്നു പുരോഹിതനായിരുന്ന ബില്‍ വിശ്വസിക്കുന്നു. പ്രായപൂര്‍ത്തിയായ മക്കളുണ്ടായിട്ടും ഇതിലെ കഥാനായകനായ ബില്‍ ഇന്നും പുരോഹിതനെപ്പോലെ ജീവിക്കുന്നു. സമൂഹത്തോട് പടപൊരുതി ജീവിക്കുന്ന ബില്ലിന്റെ ജീവിതം ജീവിച്ചു നരകിക്കുന്ന പുരോഹിതര്‍ക്കും കന്യാസ്ത്രികള്‌ക്കും ഒരു മാതൃകയായിരിക്കും. വിവാഹിതര്‍ക്ക് പൌരാഹിത്യം നിഷേധിക്കുന്നത് സഭ വചനങ്ങള്‍ ധിക്കരിക്കുന്നതിനു തുല്യമെന്നും ബില്‍ വിശ്വസിക്കുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി സഭയോടുള്ള ബില്ലിന്റെ പോരാട്ടവും അനേകര്‍ക്ക്‌ ആത്മസംതൃപ്തി നല്‍കുമെന്നതില്‍ സംശയമില്ല. .

    മതത്തിലുള്ള തീവ്രമായ വിശ്വാസം ഒരോ മനുഷ്യര്‍ക്കും പല രൂപേണ അനുഭവപ്പെടുന്നു. ഈ പുസ്തകം എഴുതിയ പീറ്റര്‍ മന്‌സീഓ പറയുന്നത്, മതം എന്ന് പറയുന്നത്.പുസ്തകം വായിക്കുന്നതുപോലെയല്ല. മതം എന്നുള്ളതു സങ്കീര്‍ണ്ണമാണ്. പീറ്ററിന് സ്വയം കത്തൊലിക്കനെന്നുള്ള തോന്നലുണ്ടായത് തന്റെ മാതാപിതാക്കളുടെ ഈ ജീവചരിത്രം എഴുതിയ ദിനങ്ങളില്‍ മാത്രമായിരുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. മതം അനുസരിച്ച് മനുഷ്യനെ വേര്‍തി രിക്കുന്നതിലും പീറ്റര്‍ സഭയെ വിമര്‍ശിച്ചിട്ടുണ്ട്. ബിംബം പോലെ കത്തോലിക്കനും മുസ്ലിമും ബുദ്ധനുമായി മനസ്സില്‍ കാണാതെ ദൈവത്തെ അന്വേഷിക്കുകയെന്നതും വ്രതം എന്ന പുസ്തകം നല്‍കുന്ന സന്ദേശമാണ്. കത്തോലിക്കര്‍ മാത്രം തിങ്ങി പാര്‍ത്തിരുന്ന ഒരു പട്ടണത്തിലായിരുന്നു പീറ്റര്‍ വളര്‍ന്നത്‌. അദ്ദേഹത്തിന്‍റെ പിതാവ് ബില്‍ ദൈവദാസന് തുല്യമായ പുരോഹിതനായിരുന്നു. ഇന്നും മാറ്റമില്ലാതെ അതേ വിശ്വാസത്തില്‍ അദ്ദേഹം ജീവിക്കുന്നു.

    കര്‍ക്കശമായ മതജീവിതം പീറ്ററിന് ദുസ്സഹമായിരുന്നു. പീറ്ററിന്റെ പിതാവായ ബില്‍ ആനാന്‍ വെള്ളം വഹിച്ചു വീടുകള്‍ തോറും സഭാസേവനം ചെയ്യുന്നതും ഓര്‍മ്മയില്‍ ഉണ്ട്. ബില്‍ പൌരാഹിത്യം ഉപേക്ഷിച്ച ദിനങ്ങള്‍ കഠിനമായിരുന്നു. അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പരിഹസിക്കുവാന്‍ മാത്രമേ അറിയത്തുണ്ടായിരുന്നുള്ളൂ. സ്കൂളില്‍ താന്‍ ഒരു പരിഹാസ്സ ചെണ്ടയായിരുന്നുവെന്നു മകന്‍ പീറ്റര്‍ പറയുന്നു. ഒരു പുരോഹിതന്റെ മകനായ തന്റെ തോളില്‍ചാരി സുഹൃത്തുക്കള്‍ പരിഹസിക്കുമ്പോള്‍ കുമാരനായിരുന്ന പീറ്ററില്‍ മാനസ്സിക സംഘടനം ഉണ്ടാക്കിയിരുന്നു. പീറ്റര്‍ പറയുന്നു, മതം തള്ളിപറഞ്ഞെങ്കിലും തന്റെ മാതാപിതാക്കള്‍ ഉറച്ച വിശ്വാസികളായിരുന്നതുകൊണ്ട് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വഴികള്‍ സ്വയം ജീവിതത്തില്ക്കൂടി അവര്‍ തങ്ങളെ ത്യജിച്ച മതത്തെയും സമൂഹത്തെയും കാണിച്ചുകൊടുത്തു.


    മുന്‍കാല പുരോഹിത കന്യാസ്ത്രികളായിരുന്ന ഇവരുടെ ജീവിതം മാതൃകാപരമായിരുന്നു. വിവാഹിതര്‍ക്ക് പുരോഹിതരെക്കാളും സഭാസേവനം ചെയ്യുവാന്‍ സാധിക്കുമെന്ന് സ്വന്തം വ്യക്തിജീവിതത്തില്‍ക്കൂടി സഭയെ ചൂണ്ടിക്കാട്ടി. പീറ്ററിന്റെ മാതാപിതാക്കള്‍ക്ക് പുരോഹിതനും കന്യാസ്ത്രിയുമായി സഭയില്‍ തുടര്‍ന്ന് സേവനം ചെയ്യുവാനും തീവ്രമായ ആഗ്രഹമുണ്ട്. സഭയുടെ ചട്ട കൂടില്‍ നിന്ന് പൌരാഹിത്യം നഷ്ടപ്പെട്ടവര്‍ക്കും മുമ്പ് കന്യാസ്ത്രികളായി ജീവിച്ചവര്‍ക്കും പിന്നീട് കുടുംബമായി ജീവിക്കുന്നവര്‍ക്കും ഈ പുസ്തകം ആത്മധൈര്യം നല്‍കുമെന്നും പീറ്റര്‍ പറയുന്നു. ബുദ്ധിജീവികളുടെ പുസ്തകത്തെപ്പറ്റിയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അനേക വാര്‍ത്താ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

    ReplyDelete