Translate

Tuesday, January 8, 2013

എനിക്കൊന്നും പറയാനില്ല.


കത്തോലിക്കാ സഭയില്‍ മരിയഭക്തി കൂടുന്നു - നല്ല കാര്യം. സഭ എക്കാലവും പഠിപ്പിക്കുന്ന ത്രീത്വത്തിന്‍റെ ഒരു രഹസ്യമുണ്ട്, പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നാണെങ്കിലും അവര്‍ ഒന്നാണെന്നത്. ആ രഹസ്യത്തിന്‍റെ മറവില്‍ ഒരു മഹാ രഹസ്യം കൂടി സഭയില്‍ ഉരുത്തിരിഞ്ഞു വരുന്നുവോയെന്നു സംശയം. അത് മാതാവിന്‍റെ ജന്മ രഹസ്യമാണ്. ''പിതാവായ ദൈവത്തിന്‍റെ പുത്രിയും പുത്രനായ ദൈവത്തിന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയും ആയ ഞങ്ങളുടെ അമ്മേ .....'' ആരോ പഠിപ്പിച്ചു - എല്ലാവരും ഏറ്റു പാടി. മറിയം എങ്ങനെ പിതാവിന്‍റെ  പുത്രിയും പുത്രന്‍റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയുമാകും? പലരും ഇങ്ങിനെ ചിന്തിച്ചിട്ടോ ചോദിച്ചിട്ടോ ഉണ്ടാവാം, പക്ഷെ കൃത്യമായ ഒരു മറുപടി ആര്‍ക്കെങ്കിലും ലഭിച്ചതായി അറിവില്ല.

ഇതെഴുതാന്‍ കാരണം, കേരളത്തില്‍, ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരത്തിനു സമിപം അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ്. ‘ഡിവൈന്‍ മേഴ്സി ഷ്രൈന്‍’ എന്നൊരു തീര്‍ഥാടനകേന്ദ്രം കൂടി അടുത്ത കാലത്ത് വളര്‍ന്നു വരുന്നതറിഞ്ഞു. അതിന്‍റെ ഉത്ഭവവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന ഒരു കൈപ്പുസ്തകം അയച്ചു കിട്ടി. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നു, ദൈവികമായ ദര്‍ശനങ്ങളെയും സ്വകാര്യ വെളിപ്പെടുത്തലുകളെയും നിരന്തരം പഠന വിഷയമാക്കി .... ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ അവയ്ക്ക് സഭ അംഗികാരം നല്‍കുകയുള്ളൂവെന്ന്. അപ്രകാരം ബോദ്ധ്യപ്പെട്ട സംഭവങ്ങളാണ്  അവിടെ നടക്കുന്നതെന്ന് വായനക്കാര്‍ക്ക് തിരുമാനിക്കാം.

തൊടുപുഴയിലെ പുതിയിടത്ത്‌ വിട്ടില്‍ ജോണ്‍-റെജി ദമ്പതികളുടെ മകള്‍ ചിപ്പിക്കാണ് മാതാവ് 1998 മുതല്‍ (8 വയസ്സ്) ദര്‍ശനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 2006 ആഗസ്റ്റ്‌ 14 ന് കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കാട്ടില്‍, ജോണ്‍-റെജി കുടുംബം വക ചാപ്പലും അനുബന്ധ വസ്തുക്കളും ഏറ്റെടുത്ത് തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. അബ്ക്കാരി കൊണ്ട്രാക്ടറായിരുന്ന റെജിയുടെ പിതാവിനു, സിറോസ്സിസ് രോഗം വന്നത് ഈ ബിസ്സിനസ്സ് നടത്തിയത് കൊണ്ടാണെന്ന് ബോദ്ധ്യപ്പെട്ടു മാനസാന്തരപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് സംഭവ വികാസങ്ങള്‍. പിന്നിട് റജിയുടെ കൊന്ത നമസ്കാരം ഭര്‍ത്താവിന്‍റെ മാനസാന്തരത്തിന് വേണ്ടിയായി - അവസാനം അതും സാധിക്കുന്നു. പിന്നീട്, വലിവ് രോഗം ശൈശവത്തിലെ രോഗിയാക്കി മാറ്റിയ ചിപ്പിക്ക് വേണ്ടി സ്വന്തം വിട്ടില്‍ ഉപവാസ പ്രാര്‍ത്ഥന നടക്കുന്നു, കലശലായ രോഗം പൊടുന്നനെ ശമിക്കുന്നു. (ചിപ്പി ഇപ്പോള്‍ C A വിദ്യാര്‍ഥിനിയാണ്)

ചിപ്പിയുടെ ജിവിതത്തിലേക്ക് ദര്‍ശനങ്ങളും മായാരൂപങ്ങളും അശരീരികളും കടന്നു വരാന്‍ പിന്നെ താമസമുണ്ടായില്ല. ഒരിക്കല്‍ മാലാഖയെ വീട്ടുമുറ്റത്തു കാണുന്നു, ഒപ്പം മാലാഖാ വീട്ടിനുള്ളിലേക്ക് കടന്നു വരുന്നു. വിട്ടിലെ ക്രൂശിതരൂപത്തില്‍ നിന്ന് തിരു രക്തം ഒഴുകിത്തുടങ്ങാന്‍ പിന്നെ താമസമുണ്ടായില്ല. ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന ചിപ്പിയെക്കാത്ത് സാക്ഷാല്‍ മാതാവ് തന്നെയെത്തി. വീട്ടിലേക്ക്‌ കയറി മുറിയിലെ കട്ടിലിലിരുന്നു കുറെ സമയം ചിലവഴിച്ചിട്ടു അന്ന് മാതാവ് ഒന്നും മിണ്ടാതെ മടങ്ങി. രണ്ടാമത്തെ ദര്‍ശനത്തിലാണ് മരണാവസ്ഥയില്‍ കിടക്കുന്ന വല്യപ്പനെ രക്ഷിക്കാന്‍ മക്കള്‍ എട്ട്പേരും കൂടി ഒരുമിച്ചു എന്‍റെ മുമ്പില്‍ തിരി കത്തിച്ചു പ്രാര്‍ഥിക്കണമെന്നു  മാതാവ് വെളിപ്പെടുത്തിയത്. പക്ഷെ വല്യപ്പന്‍ മരിച്ചു, രക്ഷപ്പെടുത്താമെന്നേ പറഞ്ഞിട്ടിള്ളൂവെന്നു മാതാവും പറഞ്ഞു.

പിന്നിട് നിരവധി ദര്‍ശനങ്ങള്‍ ചിപ്പിക്കുണ്ടായി. ഓരോ ദര്‍ശനത്തിലും പ്രത്യേകം പ്രത്യേകം  നിര്‍ദ്ദേശങ്ങളും ചിപ്പിക്ക് കൊടുത്തുകൊണ്ടിരുന്നു. അതിനനുശരിച്ച്, ചിപ്പിക്ക് ദര്‍ശനം കൊടുക്കുമ്പോള്‍ ചിപ്പിയും കൂടെയുള്ളവരും സ്തുതിച്ചു പ്രാര്‍ഥിക്കുകയും, ചിപ്പി ബന്ധന പ്രാര്‍ത്ഥന ചൊല്ലുകയും വേണമായിരുന്നു. പിന്നിട്, മാതാവിന് അവരുടെ വീട്ടിനുള്ളില്‍ സ്ഥലം വേണമെന്നായി, പകരം അവര്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും നല്ലൊരു വീടും വാഗ്ദാനം ചെയ്യുകയും ചെയ്തു. മറ്റൊരു ദര്‍ശനത്തില്‍, മദ്യപാനം തുടങ്ങി എല്ലാ ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതും, അന്യായ പലിശ വാങ്ങുന്നതും ദൈവാനുഗ്രഹത്തിനു തടസ്സമാകുമെന്ന് പറഞ്ഞു. അങ്ങിനെയിരിക്കുമ്പോഴാണ് മുറ്റത്തുനിന്ന ചെത്തിപ്പൂവ് ചോദിച്ചു വന്ന ഒരാള്‍ക്ക്‌ റെജി പൂ പറിച്ചു കൊടുത്തത്. അപ്പോള്‍ തന്നെ ദര്‍ശനം വന്നു - ഇനി മേലാല്‍ അമ്മക്ക് ഞാന്‍ ദര്‍ശനം കൊടുക്കില്ല, അന്യ ദൈവങ്ങളുടെ ആരാധനയ്ക്ക് പൂവ് കൊടുത്തതുകൊണ്ട്‌ ആ ചെത്തി ഇനി പൂക്കുകയുമില്ലന്ന്. അത് പറഞ്ഞു കുമ്പസാരിക്കണമെന്നായി മാതാവ്. എല്ലാവരെയും സ്നേഹിക്കണം, പക്ഷെ അവരുമായി പങ്കു ചേരരുതെന്ന് മാതാവ് വിശദീകരണവും നല്‍കി.

കത്തോലിക്കാ സഭ അംഗികരിക്കാത്ത ഒരുത്തരെയും വിശുദ്ധരെന്നു കരുതി സ്തുതിക്കാന്‍ പാടില്ലയെന്നതായിരുന്നു പിന്നിടൊരു ദര്‍ശനത്തില്‍ പറഞ്ഞത്. കുറെനാള്‍ വിട്ടില്‍ സ്ഥിര താമസമാക്കിയ മാതാവ് പറഞ്ഞു, താമസിക്കാന്‍ പാറയും വെള്ളവുമുള്ള പ്രത്യേക സ്ഥലം തനിക്കു വേണമെന്ന്. സ്വന്തം പേരില്‍ ഒരു പള്ളി  വേണമെന്നായി പിന്നിട്. പണിയാനുദ്ദേശിച്ച ഗ്രോട്ടോ, വീടിന്‍റെ മുമ്പില്‍ തന്നെ വേണമെന്നും മാതാവ് ശഠിച്ചു. തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിലര്‍ക്കും മാതാവ് ദര്‍ശനങ്ങള്‍ നല്‍കി തുടങ്ങി. മാതാവിന്‍റെ നിബന്ധനകളില്‍ കഠിനമായ ഉപവാസം, വീടിന് ചുറ്റുമുള്ള ബൈബിള്‍ വായന, വീടിനുള്ളിലും പുറത്തും മുട്ടിന്മേല്‍ ഇഴഞ്ഞുള്ള കുരിശിന്‍റെ വഴി, വേളാങ്കണ്ണി, പൂണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടനം, പുഴയില്‍ മണിക്കൂറുകള്‍ നീളുന്ന നീന്തല്‍ ... അങ്ങിനെ പലതുമുണ്ടായിരുന്നു - വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും വലുതായിക്കൊണ്ടുമിരുന്നു.

പിതാവായ ദൈവത്തിന്‍റെ ഹിതമാണ് അറിയിക്കുന്നതെന്നായി പിന്നിട്. ‘സഭയില്‍ നിന്ന് നിങ്ങള്ക്ക് ഒരുപദ്രവവും ഉണ്ടാവുകയില്ലെന്നും മാതാവ് ഇവര്‍ക്ക് ഉറപ്പ് കൊടുത്തു; ദര്‍ശനവരം ലഭിച്ച അത്മായാസഹോദരങ്ങളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന് എല്ലാത്തിനും സ്ഥിരീകരണവും നല്‍കിക്കൊണ്ടിരുന്നു. ഞായറാഴ്ച അവധിദിവസമായി കണക്കാക്കരുതെന്നും, സര്‍വ്വ പ്രവൃത്തികളും ഉപേക്ഷിച്ച്, പുത്രന്‍റെ താല്‍പ്പര്യത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്നായി പിന്നിടോരിക്കല്‍. എനിക്ക് അനേകം ഭക്തരുണ്ട് പാപാവസ്ഥയില്‍ മരിച്ച അവരുടെ പൂര്‍വ്വിക ആത്മാക്കളുടെ പാപ സ്വാധിനം കാരണം അവരെ അനുഗ്രഹിക്കാന്‍ എനിക്ക് പറ്റുന്നില്ലായെന്നായി വേറൊരിക്കല്‍. അന്ന് മുതല്‍ ഓരോരുത്തരുടെയും നാല് തലമുറ പിന്നോട്ടുള്ള മാതാപിതാക്കന്മാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നിര്‍ബന്ധമായി. ജോണിനോട്‌ സിമിത്തേരിയില്‍ പോയി ആത്മാക്കള്‍ക്ക് വേണ്ടി കരുണ കൊന്ത ചൊല്ലാനും, ചിപ്പിയോടു ശുദ്ധികരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി കരുണ കൊന്ത ചൊല്ലാനും നിര്‍ദ്ദേശമുണ്ടായി.

2003 നവംബറില്‍ സ്ഥലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നു, ആയിരം കൊന്ത ചൊല്ലി ആ വലിയ പ്രസ്ഥാനത്തിന് തിരി കൊളുത്തി തുടക്കം കുറിക്കുകയും ചെയ്തു. മരണാസന്നനായ ഒരാള്‍ മാതാവിന്‍റെ പ്രത്യേകാനുഗ്രഹം കാരണം മദ്രാസ്സില്‍ ഓപ്പറേഷന്‍ കഴിഞ്ഞു സുഖമായത് അത്ഭുതങ്ങളില്‍ എടുത്തു പറയത്തക്ക ഒന്ന്. കുട്ടികളെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത് ശിക്ഷിച്ചു മെന്നും വളര്‍ത്തണമെന്നും മാതാവ് ഒരിക്കല്‍ നിര്‍ദ്ദേശിച്ചു. പറഞ്ഞത് പോലെ ഉപവസിച്ചു കരുണക്കൊന്ത ചൊല്ലിത്തുടങ്ങിയപ്പോള്‍ പാപങ്ങള്‍ ഘട്ടംഘട്ടമായി ക്ഷമിക്കപ്പെടുന്നത് അപ്പപ്പോള്‍ മാതാവ് അറിയിച്ചുകൊണ്ടുമിരുന്നു. മാതാവിന്‍റെ കാല്‍ച്ചുവട്ടിലെ വെള്ളം വിശുദ്ധ ജലമാണെന്നു പിന്നിട് മാതാവ് പ്രഖ്യാപിക്കുന്നു. കുളത്തില്‍ വെള്ളം നിറച്ച് ഒരു മണിക്കൂര്‍ കഴിയണമെന്നും നിര്‍ദ്ദേശം ഉണ്ടായി – സ്വര്‍ഗ്ഗത്തില്‍ നിന്ന് പ്രകാശവും, ഇശോയുടെ കൈകളില്‍ നിന്ന് രക്തവും ഒഴുകിവന്നു ശുദ്ധികരിക്കപ്പെടാന്‍ ഇത്രയും സമയ വേണമെന്നും മാതാവ് പറഞ്ഞു. തിരുസഭയോടും അഭിഷിക്തരോടും വിധേയത്വവും മറ്റൊരിക്കല്‍ മാതാവ് ആവശ്യപ്പെടുകയുണ്ടായി. കല്യാണത്തിനു അലങ്കരിക്കാന്‍ കൊണ്ടുവന്ന പൂക്കള്‍ ഗ്രൂട്ടോയില്‍ അര്‍പ്പിച്ചത് മാതാവിനു ഇഷ്ടപ്പെട്ടില്ല.  ചിപ്പിയേയും കുടുംബാംഗങ്ങളെയും പ്രത്യേക സംരക്ഷണ പ്രാര്‍ത്ഥന മാതാവ് പഠിപ്പിക്കുകയും ചെയ്തു. പിതാവായ ദൈവത്തിന്‍റെ തീരുമാനപ്രകാരമാണ് ഞാന്‍ തൊടുപുഴയില്‍ എത്തിയിരിക്കുന്നതെന്നും അറിയിച്ച മാതാവിന്‍റെ  ഈ തീര്‍ഥാടനകേന്ദ്രം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
  

3 comments:

  1. ഇതുപോലൊരു ദൈവം തൃശ്ശൂര്‌ ഉണ്ടായിരുന്നു. ദിവ്യ ജോഷി. സ്വയം വിഷ്ണുമായ ആണെന്നായിരുന്നു ആയമ്മ പറഞ്ഞു പരത്തിയിരുന്നത്. പക്ഷെ സമ്പത്തിക ക്രമക്കേടിൽ ആയമ്മയെ പോലീസ് പൊക്കിയതോടെ സയനൈഡ് കഴിച്ച് ഠിം..
    (http://berlytharangal.com/?p=3197)ഇതെന്തായിത്തീരുമോ എന്തോ. ഏതായാലും നല്ല ബിസിനസാണ്‌.
    വിശുദ്ധ ഫക്കാനൻ (http://en.wikipedia.org/wiki/Saint_Fachanan) ദർശനം തന്നു എന്ന് പറഞ്ഞ് നാടിൽ ഒരു ആശ്രമവുമായി കൂടിയാലോ എന്ന് ആലോചിക്കുന്നു. തലക്കു വെളിവിലാത്തവർ ഉള്ളിടത്തോളം അന്നത്തിന്‌ മുട്ടുണ്ടാവില്ല.

    ReplyDelete
  2. കാരെന്‍ ആംസ്ട്രോങ്ങിന്റെ The spiral Staircase എന്ന പുസ്തകം വായിക്കുകയായിരുന്നു. ശരീരത്തെയും മനസ്സിനെയും കുരുതി കഴിക്കാന്‍ വേണ്ടതൊക്കെ ചെയ്യിക്കുന്ന ഒരു മഠത്തില്‍ നിന്ന് ഇറങ്ങിപ്പോയ ആളാണ്‌ അവര്‍. ഒരിക്കല്‍ അവര്‍ ചെയ്ത ഒരുപ്രസംഗം ഏതാണ്ടിങ്ങനെയായിരുന്നു. "അനിര്‍വച്ചനീയമായ കാരണങ്ങളാല്‍ ദൈവം മനുഷ്യശരീരം പൂണ്ട് ലോകത്തിനു മുഴുവന്‍ മുക്തി നല്‍കിയെന്ന് പഠിപ്പിക്കുന്ന ക്രിസ്തുമതമാണ് ശരീരത്തെ സംബത്തിക്കുന്ന എല്ലാം ദിവ്യവും പാവനവുമാണെന്ന് കരുതേണ്ടത്. എന്നാല്‍ ലൈംഗികതയെ ദൈവീകതയുമായി ചേര്‍ത്തു ചിന്തിക്കുക അസ്സാദ്ധ്യമാണെന്ന നിലപാടാണ് സഭയുടെത്. മനുഷ്യശരീരത്തോട്, വിശേഷിച്ചു സ്ത്രീ ശരീരത്തോട്, സിദ്ധാന്തപരമായ ഒരവജ്ഞയാണ് അതിലുള്ളത്. യേശുവിന്റെ ശരീരമെന്ന സങ്കല്പത്തെ പ്രയോജന കരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഭ പരാജയപ്പെട്ടിരിക്കുന്നു. ദൈവമാതാവിന്റെ കന്യകാത്വത്തെക്കുറിച്ച് സെന്റ്‌ ബെര്‍നാര്‍ഡും അഗസ്റ്റിനും ചെയ്തിട്ടുള്ള നിരൂപണങ്ങള്‍ അശ്ലീലം നിറഞ്ഞതാണ്‌. യേശുവിനെപ്രസവിച്ച ശേഷവും മറിയത്തിന്റെ കന്യാചര്‍മം ഒരു കോട്ടവുമില്ലാതെ അതേപടി നിന്നെന്നുവരെ അവര്‍ പറഞ്ഞുവച്ചു! മനുഷ്യരാശിയുടെ പകുതി ഭാഗത്തെ സമഭാവനയോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത ഒരുമതം അതീവ ഗുരുതരമായൊരു പ്രശ്നംതന്നെയാണ് നേരിടുന്നത്."

    റോഷന്‍ എഴുതിയിരിക്കുന്ന സംഭവങ്ങളില്‍ കാരണമായി പിന്നില്‍ നില്‍ക്കുന്നത് സ്വാഭാവികമായ കാര്യങ്ങളോടുള്ള അവജ്ഞയും അന്ധമായ ഭക്തിയില്‍ ഉള്ള ഊന്നും ആണ്. ഇത്തരം കാര്യങ്ങള്‍ മനുഷ്യരെ ആകര്‍ഷിക്കാനായി ഉപയോഗിക്കുന്ന മതം ചെയ്യുന്നത് ക്രൂരമായ ഒരു വിനോദമാണ്‌. അതൊരിക്കലും മനുഷ്യരെ ദൈവത്തിങ്കലേയ്ക്ക് നയിക്കുകയില്ല

    ReplyDelete

  3. ജർമ്മനിയിലെ പാതിരിമാരുടെ ലൈംഗിക ചൂഷണം: സഭ അന്വേഷണം നിറുത്തി
    Posted on: Thursday, 10 January 2013


    ബെർലിൻ: പാതിരിമാർ നടത്തിയ ലൈംഗിക പീഡനങ്ങളെപ്പറ്റി അന്വേഷിക്കാൻ ജർമ്മനിയിലെ കത്തോലിക്കാസഭ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്രെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സഭ പ്രഖ്യാപിച്ചു. പുതിയ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് സഭ അറിയിച്ചു.

    അന്വേഷണത്തിന് നേതൃത്വം നൽകിവന്ന പ്രൊഫ. ക്രിസ്റ്റ്യൻ ഫിഫറിൽ വിശ്വാസം നഷ്ടമായി എന്ന കാരണം പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. അന്വേഷണം നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമാണ് സഭ ശ്രമിക്കുന്നതെന്ന് ഫിഫറിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടെല്ലാം സഭയുടെ അംഗീകാരം തേടിയിരിക്കണമെന്ന് സഭ ശഠിച്ചതായി ഫിഫറിൽ പറഞ്ഞു.

    പാതിരിമാർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതികൾ വ്യാപകമാവുകയും നൂറുകണക്കിന് ആളുകൾ സഭ വിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് 2011-ൽ ബിഷപ്പുമാർ അന്വേഷണത്തിന് നിർബന്ധിതമായത്.

    ReplyDelete