ക്രിസ്തുവിനെ കുരിശില്‍ തറയ്‍ക്കുമ്പോള്‍ ആ കുരിശുമരണത്തെ നികൃഷ്ടമാക്കുന്നതിനായി അന്നത്തെ മതമേലധ്യക്ഷന്‍മാര്‍ രണ്ടു കള്ളന്‍മാരെക്കൂടി ക്രിസ്തുവിന്‍റെ ഇടത്തും വലത്തും തറച്ചു. മതത്തിന്‍റെ സ്ഥാപകനെന്ന ജാഡയോ, ഭാവിയില്‍ പൗരോഹിത്യത്തിനു ദോഷമാകുമോ എന്ന ആശങ്കയോ ഇല്ലാതെ ക്രിസ്തു മരണവേദനയിലും ആ കള്ളന്‍മാരോട് സഹോദരന്‍മാരോടെന്ന പോലെ സംവദിച്ചു. അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്കു പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.
മാണിസാറിന്‍റെ യൂത്ത്ഫ്രണ്ടോ ചങ്ങനാശ്ശേരിയിലെ പിതാക്കന്‍മാരോ അന്നുണ്ടായിരുന്നെങ്കില്‍ ലോകത്തിന്‍റെ രക്ഷാകരദൗത്യം നിറവേറ്റുന്ന സീരിയസ്സായ ജോലിക്കിടെ രണ്ടു കള്ളന്‍മാരോടു കമ്പനി കൂടിയതിന് ക്രിസ്തുവിനെതിരെ നടപടിയെടുത്തേനെ എന്നു തോന്നുന്നു. കത്താനാര്‍മാരുടെ വേഷം കെട്ടുന്ന രണ്ടു കള്ളന്‍മാരുടെ കഥ പറയുന്ന റോമന്‍സ് എന്ന കോമഡി പടത്തിലൂടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിച്ചെന്ന് ആരോപിച്ച് യൂത്ത്ഫ്രണ്ട് (എം) നേതാവ് പരാതി കൊടുക്കുകയും സിനിമക്കാര്‍ക്കെതിരേ കേസേടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.
രണ്ടു സംശയങ്ങളാണ് എനിക്കു പ്രധാനമായും ഉള്ളത്.
1. സെന്‍സര്‍ ബോര്‍ഡ് കണ്ട് അംഗീകരിച്ച സിനിമയല്ലേ റോമന്‍സ് ?
2. കത്തോലിക്കാസഭയും കേരള യൂത്ത്ഫ്രണ്ട് മാണിയും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?
2. കത്തോലിക്കാസഭയും കേരള യൂത്ത്ഫ്രണ്ട് മാണിയും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?
പ്രത്യേകിച്ചൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയോ ആശയം പ്രചരിപ്പിക്കുകയോ പ്രത്യയശാസ്ത്രത്തിലേക്കു വെളിച്ചം വീശുകയോ ചെയ്യാത്ത നിലവാരം കുറഞ്ഞ ഒരു എന്‍റര്‍ടെയ്നറാണ് റോമന്‍സ്. അച്ചന്‍മാരുടെ വേഷമിട്ട് ബിജു മേനോനും കുഞ്ചാക്കോ ബോബനും കണിക്കുന്ന കോമഡികള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. പക്ഷെ, അത് കത്തോലിക്കാസഭയെയോ പൗരോഹിത്യത്തെയോ ആക്ഷേപിക്കുകയോ അപകീര്‍ത്തിപ്പെടു്തുകയോ ചെയ്യുന്നതായി എനിക്കു തോന്നിയില്ല. അത്തരത്തില്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഒരഭിപ്രായമുണ്ടായിട്ടില്ലെന്നിരിക്കെ യൂത്ത്ഫ്രണ്ട് നേതാവ് കത്തോലിക്കാസഭയുടെയും പൗരോഹിത്യത്തിന്‍റെയും അന്തസ്സ് സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് വിസ്മയകരമായിരിക്കുന്നു. ചങ്ങനാശ്ശേരി രൂപതാ ജാഗ്രതാസമിതിയും സിനിമക്കെതിരേ രംഗത്തുണ്ട്.
വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും കൂദാശകളായ വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും വിലകുറഞ്ഞതും തരംതാണതുമായ ഹാസ്യത്തിലൂടെ ബോക്‌സോഫീസ് വിജയം നേടുന്നതിനായി മുഖ്യധാരാ മതങ്ങളുടെ പ്രതീകങ്ങളെയും നേതൃത്വങ്ങളെയും നിന്ദിക്കുകയും പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ തിയറ്ററില്‍ ഇതൊക്കെ കണ്ട് ചിരിച്ചുമറിയുകയാണ്. വിശ്വാസികള്‍ക്കു വിശ്വാസമില്ലെന്നല്ല, ഇതൊന്നും അവരുടെ വിശ്വാസത്തെ മുറിവേല്‍പിക്കുന്നതായി അവര്‍ക്കു തോന്നാത്തതുകൊണ്ടാണ് അവര്‍ തിയറ്ററുകള്‍ക്ക് തീ വയ്‍ക്കാത്തത്. കൂടുതല്‍ പ്രകോപിതനാകുന്നവനാണ് നല്ല വിശ്വാസി എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല.
സിനിമയില്‍ കത്തോലിക്കാവിശ്വാസത്തെയോ മതത്തെയോ അവഹേളിച്ചിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍ സഭയുടെയും ആരാധനയുടെയും വിശുദ്ധോപകരണങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. അത് വിശ്വാസത്തെ മുറിവേല്‍പിക്കുന്ന തരത്തിലാണ് എന്നെനിക്കു തോന്നുന്നില്ല. കാരണം, യഥാര്‍ത്ഥ വിശ്വാസി ആരാധിക്കുന്നത് ദൈവത്തെയാണ്, ആരാധനയ്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെയല്ല. കള്ളന്മാരുടെ പ്രതിമ പള്ളിയുടെ കവാടത്തില്‍ സ്ഥാപിച്ച് മറ്റ് അച്ചന്മാരും വിശ്വാസികളും മാലയിട്ട് ‘ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ’ എന്ന് പ്രാര്‍ഥിക്കുന്ന സീന്‍ കത്തോലിക്കരുടെ ആരാധനയെ പരിഹസിക്കാനാണെന്നു ഹര്‍ജിയില്‍ പറയുന്നുണ്ടത്രേ. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന സഭാധികാരികള്‍ക്ക് ഇതൊരു പരിഹാസമാണെന്നു തോന്നിയത് നിര്‍ഭാഗ്യകരമാണ്.
സിസ്റ്റര്‍ അഭയയുടെ വധം ഉള്‍പ്പെടെയുള്ള കേസുകളിലൂടെ പൗരോഹിത്യത്തെ അവഹേളിച്ചത് സിനിമക്കാരോ വിശ്വാസികളോ അല്ല, മറിച്ച് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ള ആളുകള്‍ തന്നെയാണ്. പൗരോഹിത്യത്തിന്‍റെ അന്തസ്സ് നിലനില്‍ക്കണം എന്ന് തെല്ലെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ആ സന്യാസിനിയുടെ മരണത്തിന്‍റെ പിന്നിലുള്ള ദുരൂഹത നീക്കുകയും രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരികയുമായിരുന്നു പുരോഹിതര്‍ ചെയ്യേണ്ടിയിരുന്നത്. പൗരോഹിത്യത്തെ വിശുദ്ധമായി കാണുന്ന എല്ലാ വിശ്വാസികളുടെയും മനസ്സിലെ ഇരുണ്ട അധ്യായമാണ് സിസ്റ്റര്‍ അഭയയുടെ മരണം. പുരോഹിതന്‍മാര്‍ കുറ്റവാളികളായിട്ടുള്ള വേറെയും എത്രയോ കേസുകള്‍. ഏറ്റവുമൊടുവില്‍ ഒരു വൈദികനെ അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്തു കേസിലാണ്. പൗരോഹിത്യത്തില്‍ വിശ്വാസികള്‍ക്കു വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നത് സിനിമകളിലൂടെയല്ല എന്നത് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ഈ പരാതി അര്‍ഥശൂന്യമാണ് എന്നു മനസ്സിലാക്കാന്‍ പരാതിക്കാര്‍ക്കും കഴിയില്ല.
മുകളില്‍ പറഞ്ഞ തരത്തില്‍ കത്തോലിക്കാ സഭയിലെ പുഴുക്കുത്തുകള്‍ വരച്ചുകാട്ടാനോ വിളിച്ചു പറയാനോ ഒന്നും ശ്രമിച്ചിട്ടുള്ള ഒരു സിനിമയല്ല റോമന്‍സ്. അങ്ങനെയൊരു രാഷ്ട്രീയം അതിന്‍റെ പ്രമേയത്തിലില്ല. വൈദികരുടെ വേഷം കെട്ടിയ കള്ളന്‍മാരുടെ കളികളാണ് സിനിമയിലുള്ളത്. എന്‍ജിനീയറിങ് കോളജുകളും മെഡിക്കല്‍ കോളജുകളും ആശുപത്രികളും കെട്ടിയുയര്‍ത്തി വിശ്വാസികളെ കൊള്ളയടിക്കുന്ന വൈദികശ്രേഷ്ഠന്‍മാരെപ്പറ്റിയായിരുന്നു സിനിമയെങ്കില്‍ പൗരോഹിത്യത്തെ ആക്ഷേപിച്ചു എന്നു പറയാമായിരുന്നു.
മാര്‍പ്പാപ്പ പോലും ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി വിശ്വാസികളുടെയും അവിശ്വാസികളുടെയും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ക്ഷമയോടെ കേള്‍ക്കുന്ന ഇക്കാലത്ത് ഒരു സിനിമയോടൊക്കെ കുറച്ചുകൂടി സഹിഷ്ണുത കാണിക്കാന്‍ ചങ്ങനാശ്ശേരിയിലെ സനാതന ക്രിസ്ത്യാനികള്‍ക്കു കഴിയണം എന്നാണെന്‍റെ അഭിപ്രായം. യൂത്ത്ഫ്രണ്ട് മാണിക്കാര്‍ കത്തോലിക്കാസഭയുടെ കാര്യങ്ങള്‍ മാത്രം നോക്കാതെ കേരളത്തിലെ യുവാക്കളുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു.
http://berlytharangal.com/?p=10486
ചങ്ങനാശ്ശേരിയിലെ യൂത്ത് ഫ്രണ്ട് നേതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നാണോ ബെര്ളി പറയുന്നത്? ജാഗ്രതാ സമിതിയല്ല പരാതിക്കാരന്‍ എന്നത് ഏതായാലും ശ്രദ്ധിക്കണം - അവിടെയാണ് സൂത്രം. പണ്ട് തുരു തുരാ കോളേജ് അനുവദിച്ചു കിട്ടിക്കൊണ്ടിരുന്ന അവസരത്തില്‍, വിശുദ്ധ കുര്ബാനയെ വെറും ഗോതമ്പപ്പമായി ചിത്രികരിച്ചു സാമൂഹ്യ പാഠത്തില്‍ അച്ചടിച്ച് വന്നപ്പോള്‍ ആര്ക്കും പ്രതിഷേദമില്ലായിരുന്നു. അന്നത് ഒരു വൈദികന്‍ മെത്രാനെ ചൂണ്ടിക്കാണിച്ചതുമാണ്. ഈ വെടി അത്മായാശബ്ദക്കാര്ക്കിട്ടു വെക്കാത്തതെന്താണെന്ന് എനിക്കത്ഭുതം. അവിടെയാണ് മാണി സാറിന്‍റെ ഡിപ്ലോമസി. മോനിക്കാ പൂഞ്ഞാര്‍ വിട്ടു പാലായില്‍ മത്സരിക്കണമെന്നാണ് എന്‍റെ പക്ഷം. പൂഞ്ഞാര്‍ ഇന്ദുലേഖക്കും വിട്ടുകൊടുക്കുക. അങ്ങിനെ വന്നാല്‍ രണ്ടു സീറ്റുറപ്പ്. Church Act നടപ്പാക്കുന്നവര്ക്ക് പിന്തുണയും കൊടുക്കുക.
ReplyDelete