തഥ്യ തീരുന്നിടത്ത് മിഥ്യയുടലെടുക്കുന്നു. വിശ്വാസം മിഥ്യയില്‍ നിന്ന് ഭക്തിയെ ജനിപ്പിക്കും. ബുദ്ധിമാന്ദ്യം ഭക്തിയെ കടിഞ്ഞാണില്ലാത്ത കുതിരയാക്കും. പിടിവിട്ടാല്‍ അതു പിന്നെ ഒറ്റ പോക്കാണ്.
തന്റെ കാലത്തിനും ചുറ്റുപാടുകള്‍ക്കുമതീതനായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട യേശുവിനെ ക്രിസ്തുവായും ദൈവാവതാരമായും ഉയര്‍ത്തിയത് അനുയായികളുടെ വിശ്വാസമാണ്. ആ പ്രക്രിയയുടെ ചില സൂചനകളാണ് സുവിശേഷങ്ങളില്‍ നാം വായിക്കുന്നത്. സത്യക്രിസ്ത്യാനികള്‍ അവയെയൊക്കെ അവയവാര്‍ത്ഥത്തിലെടുക്കുന്നു. കന്യാജനനം, ഉയിര്‍ത്തെഴുന്നേല്പ്, തുടങ്ങിയവയെ പ്രതീകാര്‍ത്ഥത്തില്‍ എടുക്കാനിഷ്ടപ്പെടുന്നവര്‍ പോലും, ഗലീലിയായിലൊരു സാധാരണ വീട്ടമ്മയായി ജീവിച്ചു മരിച്ച മറിയത്തെ ദൈവമാതാവെന്നു വിളിക്കുന്നതില്‍ ഒരനൌചിത്യവും കാണുന്നില്ല. വെറും മാതൃപൂജയാണോ ഇതിനു പിന്നില്‍?
മാത്സര്യബുദ്ധിയോടെ, എണ്ണമറ്റ മറ്റനേകം അസ്സാദ്ധ്യകാര്യവിദഗ്ധര്‍രംഗത്തുണ്ടെങ്കിലും, യേശുക്രിസ്തുവിന്റെ നേര്‍ക്കുള്ളതിലും വിഭ്രാമകരമായ ഭക്തിപ്രകടനങ്ങളാണ് കത്തോലിക്കര്‍ അദ്ദേഹത്തിന്‍റെയമ്മയോട് കാണിക്കുന്നത്. മനുഷ്യപുത്രനെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന യേശുവിനെദൈവപുത്രനാക്കിയെടുത്ത അതേ മാനസ്സിക വ്യായാമങ്ങളിലൂടെയാണ് വിശ്വാസികള്‍ ഒരു സാധാരണ വീട്ടമ്മ യായിരുന്ന മറിയത്തെ ദൈവമാതാവാക്കിയതും.
നേര്ച്ചകാഴ്ചകള്‍, മന്ത്രോച്ചാരണങ്ങള്‍, തപസ്സു തുടങ്ങിയ വഴികളിലൂടെ ദൈവേഷ്ടം പ്രാപിക്കാമെന്നും അങ്ങനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദൈവസത്തയെ സ്വാധീനിക്കാമെന്നും മനുഷ്യര്‍ ധരിച്ചുവശാകുന്നു. ഈ ചാലകശക്തിയെ പരമാവധി ചൂഷണം ചെയ്യാന്‍ ദൈവത്തിനും മനുഷ്യനുമിടക്ക് കയറിക്കൂടുന്നു, വെളിച്ചപ്പാടുകളും തന്ത്രികളും പുരോഹിതരുമൊക്കെ. ഇവരുടെ പിടിപാടുകള്‍ക്കാനുപാതികമായി, ചെറുതും വലുതുമായ അത്ഭുതവൃത്തികളിലൂടെ, ദൈവമാതാവുള്‍പ്പെടെയുള്ള സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ വിശ്വാസികളുടെയാഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നു. ഇങ്ങനെയൊക്കെയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍.
നേര്ച്ചകാഴ്ചകള്‍, മന്ത്രോച്ചാരണങ്ങള്‍, തപസ്സു തുടങ്ങിയ വഴികളിലൂടെ ദൈവേഷ്ടം പ്രാപിക്കാമെന്നും അങ്ങനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദൈവസത്തയെ സ്വാധീനിക്കാമെന്നും മനുഷ്യര്‍ ധരിച്ചുവശാകുന്നു. ഈ ചാലകശക്തിയെ പരമാവധി ചൂഷണം ചെയ്യാന്‍ ദൈവത്തിനും മനുഷ്യനുമിടക്ക് കയറിക്കൂടുന്നു, വെളിച്ചപ്പാടുകളും തന്ത്രികളും പുരോഹിതരുമൊക്കെ. ഇവരുടെ പിടിപാടുകള്‍ക്കാനുപാതികമായി, ചെറുതും വലുതുമായ അത്ഭുതവൃത്തികളിലൂടെ, ദൈവമാതാവുള്‍പ്പെടെയുള്ള സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ വിശ്വാസികളുടെയാഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നു. ഇങ്ങനെയൊക്കെയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍.
അക്രൈസ്തവനായ യേശുവിനെത്തേടി എന്ന ആശയസമ്പുഷ്ടമായ പുസ്തകത്തില്‍, 'പുരുഷാധിപത്യത്തിനപ്പുറത്തേയ്ക്ക്' എന്നൊരു ഭാഗമുണ്ട്. തത്ത്വത്തിലംഗീകരിക്കപ്പെട്ടിട്ടും പ്രയോഗത്തില്‍ ഒരു മതവും നടപ്പിലാക്കിയിട്ടില്ലാത്ത സ്ത്രീപുരുഷസമത്വത്തെപ്പറ്റിയാണ് പണ്ഡിതനായിരുന്ന കാപ്പനച്ചന്‍ അതില്‍ ചര്‍ച്ചചെയ്യുന്നത്. "സ്ത്രീസ്വാതന്ത്ര്യത്തിനു നിരക്കാത്ത ഒരു ദൈവസങ്കല്‍പ്പത്തിന്റെ അനന്തരാവകാശികളാണ് ക്രൈസ്തവര്‍" എന്നദ്ദേഹം എഴുതുന്നു. ഈ അപാകതയെ കുറച്ചെങ്കിലുമൊന്നു തിരുത്തുന്നതിനുവേണ്ടിയാണ് മറിയത്തെ ദൈവമാതാവായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഭക്തികള്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ വാദിക്കാം.
ഹിന്ദുക്കള്‍ക്ക് ദേവീസങ്കല്‍പ്പങ്ങളുണ്ട്. എന്നാലവ സങ്കല്പങ്ങളാണെന്നു ബുദ്ധിയുള്ള ഹിന്ദു മറക്കുന്നില്ല. കത്തോലിക്കര്‍, ബുദ്ധിനടിക്കുന്നവരുള്‍പ്പെടെ, ഇക്കാര്യത്തില്‍ മറുകണ്ടം ചാടുന്നു. സങ്കല്‍പ്പങ്ങളെ അവര്‍ യാഥാര്‍ഥ്യങ്ങളാക്കുന്നു. ബ്രഹ്മം/മായ, പുരുഷന്‍/പ്രകൃതി, ശിവന്‍/ശക്തി തുടങ്ങിയ സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങള്‍ പോലെ ഒരു മതദര്‍ശനത്തിന്റെ അനുകരണമായി ഒരു പക്ഷേ, ക്രൈസ്തവരുടെ ക്രിസ്തു/മറിയം ദ്വന്ദ്വത്തെ കാണാമായിരിക്കും. ഏതായാലും അതൊരു ഭക്തിപ്രകടനമാണ്. അങ്ങനെ ഉയര്‍ത്തപ്പെടുന്ന സ്ത്രീത്വത്തില്‍ അമലോത്ഭവവും കന്യാഗര്‍ഭവും, ഉടലോടെയുള്ള സ്വര്‍ഗ്ഗാരോഹണവുമൊക്കെ കൂട്ടിച്ചേര്‍ക്കാന്‍ ഭക്തരുടെ ഭാവനക്ക് ഒരു വിഷമവുമില്ല.
പുരുഷബന്ധം കൂടാതെയുള്ള മറിയത്തിന്റെ ഗര്‍ഭധാരണത്തെപ്പറ്റി പറയുന്നത് മത്തായിയും ലൂക്കായും മാത്രമാണ്. അവര്‍ക്കിരുവര്‍ക്കും മുമ്പ് സുവിശേഷമെഴുതിയ മാര്‍ക്കിന്റെ ഗ്രന്ഥത്തില്‍ അങ്ങനെയൊരു വിഷയമേ പരാമൃഷ്ടമല്ല. അതിനര്‍ത്ഥം, യേശുവിന്റെ മരണശേഷം ചുരുങ്ങിയത് നാല്പതു മുതല്‍ അമ്പത് വര്‍ഷത്തിനു പിന്നാലെ കാവ്യാത്മകമായി ചിന്തിച്ചെടുത്ത് എഴുതിചേര്‍ത്തതാണ് മത്തായി-ലൂക്കാമാരുടെ ഈ കഥയെന്നാണ്. ശ്രീബുദ്ധന്‍, സൊറവസ്സ്റ്റര്‍ തുടങ്ങിയവരുടെ ജീവിതപരിണാമങ്ങള്‍ക്ക് ഇണങ്ങുംവിധം അവരുടെ ജന്മങ്ങളെപ്പറ്റി കാലാന്തരത്തില്‍ രൂപംകൊണ്ട ഐതിഹ്യങ്ങളെപ്പോലെ മാത്രമേ ഇപ്പറഞ്ഞവയും കാണേണ്ടതുള്ളൂ. പേര്‍ഷ്യാക്കാരുടെ ദേവത മിത്രാസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുമുണ്ട് വിശേഷപ്പെട്ട സ്വപ്നങ്ങളും മാലാഖാമാരുടെ ഇടപെടലുകളും മറ്റും. ഒരു ഗുരുവിന്റെയോ അസാധാരണ വ്യക്തിയുടെയോ പ്രാധാന്യം പൊലിപ്പിച്ച് കാട്ടാന്‍, ഇത്തരം പൊടിപ്പും തൊങ്ങലുമൊക്കെ മെനഞ്ഞെടുക്കുക പണ്ട് വളരെ സാധാരണമായിരുന്നു. (ഇന്നത്തെ ശാസ്ത്രയുഗത്തില്‍ പോലും ഇതൊന്നും കുറവല്ലല്ലോ!) ചുരുക്കി പറഞ്ഞാല്‍, എല്ലാ മതങ്ങളിലെയും വിശ്വാസങ്ങളത്രയും മനുഷ്യകല്പ്പനകള്‍ക്ക് അക്ഷരാര്‍ത്ഥസാധുത്വം കൊടുത്തുണ്ടായവയാണ്.
യേശുവിനെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ മിക്കവയും പഴയ നിയമത്തിലെ അസാമാന്യ പുരുഷന്‍മാരുടെ ജീവിതകഥകളോട് സാമ്യമുള്ളവയും സമാന്തരങ്ങളുമാണ്. യഹൂദരുടെ പൂര്‍വികരില്‍ പ്രധാനികളായ മോശ, ദാവീദ്, ദാനിയേല്‍പ്രഭ്രുതികളുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് യേശുരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞുപിടിച്ചുണ്ടാക്കിയ സാമ്യങ്ങളാണിവ. ഉദാഹരണത്തിന്, ദാനിയേല്‍ 9,23 ല്‍ ഗബ്രിയേല്‍ മാലാഖാ ദാനിയേലിന് പ്രത്യക്ഷനായി പറയുന്നുണ്ട്: "നീ ദൈവത്തിനു പ്രിയപ്പെട്ടവനാണ്" എന്ന്. അതിനോട് ചേരുംപടി "നീ ദൈവത്തിന്റെ പ്രസാദപാത്രമായിരിക്കുന്നു, ഭയപ്പെടേണ്ട" എന്ന് അതേ മാലാഖാ മറിയത്തോടും പറയുന്നതായി ലൂക്കാ എഴുതിയിരിക്കുന്നു. (ലൂ. 2,30) ന്യായാധിപന്മാര്‍ 6,12 ല്‍ ഗിദയോന് മാലാഖാ നല്‍കുന്ന ആശീര്‍വാദം അതേ രൂപത്തില്‍ മറിയത്തിനും ലഭിക്കുന്നു: "കര്‍ത്താവ് നിന്നോടുകൂടെയുണ്ട്". പ്രായമാകുംവരെ വന്ധ്യയായിരുന്നശേഷം സാന്താലബ്ദയാകുന്ന ഹന്നായോട് (ശമുവേലിന്റെ അമ്മ) സദൃശയാണ് ലൂക്കായുടെ മറിയവും. ഹന്നായുപയോഗിച്ച അതേ വാക്കുകളിലൂടെയാണ് മറിയവും ദൈവത്തെ നന്ദിപറഞ്ഞു സ്തുതിക്കുന്നത്. (ശമു. 2; ലൂ. 1, 46-55)
എണ്ണമറ്റ വിരുദ്ധോക്തികള്‍ സുവിശേഷഗ്രന്ഥങ്ങളിലുണ്ട്. അതിന് കാരണം വ്യത്യസ്ത സമൂഹങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ലക്ഷ്യങ്ങളോടെ എഴുതപ്പെട്ടവയാണ് അവ എന്നതാണ്. യഹൂദരില്‍ നിന്ന് വന്ന ക്രിസ്ത്വാനുയായികള്‍ക്ക് യേശു ദാവീദിന്റെ ഗോത്രത്തില്‍പെട്ടവനും കാലങ്ങളായി അവര്‍ കാത്തിരുന്ന മിശിഹായുമാണ്. ആ ഉദ്ദേശ്യത്തോടെ മത്തായി യേശുവിന്റെ പിതൃത്വം പിന്നോട്ട് ദാവീദു വരെ തിരഞ്ഞുപോകുന്നു. എന്നാല്‍ അതിനായി അദ്ദേഹം പുറപ്പെടുന്നത്, യേശുവിന്റെ അച്ഛനായി കരുതാത്ത ജോസെഫില്‍ നിന്നാണ് താനും!
നേരേ മറിച്ച്, പൌലോസിന്റെ ശിഷ്യനായിരുന്ന ലൂക്കാ, വേറൊരു സൂത്രം പ്രയോഗിക്കുന്നു. അദ്ദേഹമെഴുതിയത് പുറംജാതിക്കാരില്‍ നിന്ന്, വിശേഷിച്ച്, ഗ്രീക്ക് വംശജരില്‍നിന്ന് എത്തിയവര്‍ക്കായിട്ടായിരുന്നു. അതുകൊണ്ട് പാരമ്പര്യത്തിന് വിലകല്പ്പിക്കാതെ, കന്യാജനനംവഴി യേശുവിന്റെ ദൈവപുത്രസ്ഥാനം സ്ഥാപിക്കുകയാണ് അദ്ദേഹം. അവിടെയും യുക്തി വല്ലാതെ പിഴക്കുന്നുണ്ട്. കാരണം, ദൈവികപിതൃത്വത്തിന് പകരം ലൂക്കാ ചെന്നെത്തുന്നത് ആദാമിലാണ്! ആദാമിന്റെ സന്തതികളുടെ രക്ഷകന് അവരുമായി ബന്ധം വേണമെന്നതാണല്ലൊ പ്രധാനം. സത്യത്തില്‍, യുക്തി ഈ എഴുത്തുകാരെ അലട്ടിയിരുന്നേയില്ല. അനുയായികളുടെ വിശ്വാസമുറപ്പിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. അതുപോലെതന്നെ മറിയത്തിന്റെ കന്യകത്വമോ മറ്റ് സവിശേഷതകളോ ഒന്നും ആദിമസഭയില്‍ ആര്‍ക്കും തര്‍ക്കവിഷയങ്ങളായിരുന്നില്ല. സുവിശേഷഗ്രന്ഥങ്ങളെത്തന്നെ അവഗണിച്ചുകൊണ്ട് കാലാന്തരേണ ഉടലെടുത്തതാണ് മറിയത്തിന്റെ അതിമാനുഷവ്യക്തിത്വം. ഉദാഹരണത്തിന്, മത്തായിയും മാര്‍ക്കും സംശയലേശമില്ലാതെ യേശുവിന്റെ സഹോദരി-സഹോദരന്മാരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. (മ. 13,55; മാ. 6,3) യാക്കൊബിനെപ്പറ്റി സമകാലികനായിരുന്ന പോള്‍ വ്യക്തമായി "യേശുവിന്റെ സഹോദരന്‍" എന്നെടുത്ത് പറയുന്നുണ്ട്. (ഗ ലാ. 1,19) ചരിത്രകാരനായ ജോസെഫും "മിശിഹായെന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരങ്ങളെ"പ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതൊക്കെയിരിക്കെത്തന്നെ, മറിയത്തെ നിത്യകന്യകയാക്കുന്നു, പില്‍ക്കാല സഭ. ഈ പോക്കിനെ എതിര്‍ത്തവര്‍ അന്നുമുണ്ടായിരുന്നു. 383 ല്‍ ഹെല്വിദിയൂസ് എന്നൊരാള്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. അത്തരക്കാരെ സഭാപിതാക്കള്‍ ശപിച്ചു പുറത്താക്കി. അന്ധവിശ്വാസത്തോളമെത്തുന്ന ലൈംഗികവിദ്വേഷം വച്ചുപുലര്‍ത്തിയിരുന്ന വി. ജെറോം ആയിരുന്നു ഇവരില്‍ പ്രധാനി. ദാമ്പത്യബന്ധത്തെ പോലും മ്ലേശ്ചമായി കണ്ട ഇത്തരക്കാര്‍ക്ക് മറിയം വീണ്ടും ഗര്‍ഭം ധരിച്ചു എന്ന് സങ്കല്പ്പിക്കുക പോലും പാപമായിരുന്നു! മേല്‍പ്പറഞ്ഞ സഹോദര-സഹോദരീ സൂചനകളെ അവര്‍ യേശുവിന്റെ അകന്ന ബന്ധത്തില്‍ പെട്ടവവരുടേതായി വിശദീകരിച്ചു. സന്താനലബധി ദൈവാനുഗ്രഹമായി കരുതിയിരുന്ന യഹൂദസമൂഹത്തില്‍പ്പെട്ടവരായിരുന്നല്ലോ ജോസെഫും മറിയവും. ആ നഗ്നസത്യം പോലും പരമശുദ്ധ സഭാപിതാക്കള്‍ വിസ്മരിച്ചു. കഥയുടെ ഉദ്ദേശ്യത്തെ സാധൂകരിക്കാന്‍ വേണ്ടി 'പുത്രനെ പ്രസവിക്കുംവരെ അവളുമായി അയാള്‍ സംഗമിച്ചില്ല' (മ. 1,25) എന്ന കുറിപ്പ്, 'അവര്‍ തമ്മില്‍ പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല' എന്ന് ഒത്തിരിയങ്ങുനീട്ടി വ്യാഖ്യാനിക്കാന്‍ ഇവര്‍ ഒരു മടിയും കാണിച്ചില്ല!
മറിയത്തോടുള്ള ഭക്തിബഹുമാനങ്ങള്‍ സാവധാനം പൊന്തിവന്നതാണെന്ന് പറഞ്ഞല്ലോ. സുവിശേഷകര്‍ത്താക്കള്‍ മറിയത്തിന് അമിതപ്രാധാന്യം കൊടുത്തില്ല. യേശുപോലും അദ്ദേഹത്തിന്‍റെയമ്മയെയും കുടുംബത്തെയും അത്ര ശ്രദ്ധിച്ചിരുന്നില്ല എന്ന് നാം വായിക്കുന്നുമുണ്ട്. ആദിമസഭയില്‍ ആരെങ്കിലും മറിയത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നതായി കാണുന്നില്ല. അന്ന് ആ ബഹുമാനം ലഭിച്ചത് രക്തസാക്ഷികള്‍ക്കായിരുന്നു. അവരുടെ കാലം കഴിഞ്ഞതോടെ, ഒരു പകരമെന്നോണം, മറിയം ശ്രദ്ധേയയായിത്തീര്‍ന്നിരിക്കാം. 431 ലാണ് സഭക്കൂട്ടം മറിയത്തെ ദൈവമാതാവായി പ്രഖ്യാ പിക്കുന്നത്. അതും ഗ്രീസിലെ എഫെസൂസില്‍ വച്ച്. നൂറ്റാണ്ടുകളായി ആര്‍തെമിസ് ദേവതയുടെ പ്രതിഷ്ഠ അവിടെയുണ്ടായിരുന്നു. യവനര്‍ക്ക് ആര്‍തെമിസ് നിരന്തരം മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്യുന്ന ദൈവത്തിന്റെയും ഒപ്പം ലോകത്തിന്റെയും മാതാവായിരുന്നു. ആ സ്ഥാനത്തേയ്ക്ക് സൂനഹദോസ് മറിയത്തെ ഉയര്‍ത്തിപ്രതിഷ്ഠിച്ചു. മനുഷ്യസ്ത്രീയില്‍ ദൈവത്വമാരോപിക്കുന്ന ഈ കടന്ന പ്രവണതയെ ചോദ്യംചെയ്ത നെസ്തോറിയസിനെ സഭാപിതാക്കള്‍ ശപിച്ച് നിശബ്ദനാക്കി. ദൈവമാതാവിന് പിന്നെയങ്ങോട്ട് അടിവച്ചുയര്‍ച്ചയായിരുന്നു. അതിലേയ്ക്ക് പോപ്പുമാര്‍ ഉദാരമായി സംഭാവന ചെയ്കയും ചെയ്തു.
മദ്ധ്യയുഗങ്ങളോടെ ദൈവമാതാവിന്റെ പേരിലുള്ള പള്ളികള്‍, മേരീവിഗ്രഹങ്ങള്‍, നേര്‍ച്ചപ്പെട്ടികള്‍ എന്നിവകൊണ്ട് യൂറോപ്പ് മുഴുവന്‍ നിറഞ്ഞു. എവിടെയും അത്ഭുതങ്ങളുടെ പെരുമഴ! പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വി. ബര്‍നാര്‍ദിന്റെ ജീവിതലക്ഷ്യമേ മറിയത്തിന്റെ മഹത്വങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു. അതിനടുത്ത നൂറ്റാണ്ടിലാണ് മാതാവിന്റെ ലുത്തിനിയ എഴുതപ്പെട്ടത്. നാഥനായ (Our Lord) യേശുവിനോടൊപ്പം മറിയം Our Lady യായി ഉയര്‍ത്തപ്പെട്ടു. ഡാന്തേ, ഡാവിഞ്ചി, റഫയേല്‍, എല്‍ ഗ്രെകോ തുടങ്ങിയ സര്‍ഗ്ഗധനന്‍മാരെല്ലാം കലകളിലൂടെ മേരീമഹത്വങ്ങള്‍ പുകഴ്ത്തി. വാസ്തവത്തില്‍, ലുത്തിനിയയില്‍ ഉരുവിടുന്ന ഡസന്‍കണക്കിനുള്ള അപരനാമങ്ങള്‍ക്കെന്നപോലെ, ദൈവമാതാവെന്ന സംബോധനക്കും ഭക്തിയുടെ ന്യായീകരണം മാത്രമേയുള്ളൂ. എങ്കിലും, കയറൂരിവിട്ട ഭക്തി കാരണം, അമലോത്ഭവം, ഉടലോടെയുള്ള സ്വര്‍ഗ്ഗാരോഹണം എന്നിവ വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായി. 2005 ല്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ജപമാലഭക്തര്‍ക്കായി, പ്രകാശത്തിന്റെ അഞ്ചു രഹസ്യങ്ങള്‍ കൂടി കണ്ടുപിടിച്ചു നല്‍കി. "ലോകത്തിനു ജീവനായിരിക്കുന്നവന്റെ പ്രതിപുരുഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ച അങ്ങേരായിരുന്നു St. ബര്നര്ദ് കഴിഞ്ഞാല്‍ ഏറ്റം വലിയ മരിയഭക്തന്‍. (മൂന്നാംസ്ഥാനം ഷാലോം റ്റി.വിക്കുള്ളതാണ്!)
ഗ്രന്ഥകാരനും പണ്ഡിതനുമായ പീറ്റര്‍ ഡി റോസയുടെതാണ് രസകരമായ ഈ നിരീക്ഷണം. ഒരു വീട്ടമ്മയായി തുടങ്ങി മദ്ധ്യശതകത്തോടെ ലോകമാതാവും സ്വര്‍ഗ്ഗരാജ്ഞിയുമായി ഉയര്‍ത്തപ്പെട്ട മറിയത്തിന്റെയും അതേ കാലയളവിനുള്ളില്‍ റോമായിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലയില്‍ നിന്ന് സര്‍വ്വലോകാധികാരിയുടെ പദവിവരെ ഉയര്‍ന്ന റോമാമെത്രാന്റെയും വളര്‍ച്ചയിലെ സമാനതകള്‍ വിചിത്രമെന്നേ പറയേണ്ടു. 1867 ല്‍ റോമാ സന്ദര്‍ശിച്ച മാര്‍ക്ക് റ്റ്വൈന്‍ അവിടെ കണ്ടതും കേട്ടതും സമാഹരിച്ചുകൊണ്ട് ഈ നിഗമനത്തിലെത്തി: റോമായിലെ അധികാര- ബഹുമാനശ്രേണി ഇപ്രകാരമാണ്. ഒന്നാംസ്ഥാനത്ത് ദൈവമാതാവ്. രണ്ടാമത്, ദൈവം തമ്പുരാന്‍. മൂന്നാംസ്ഥാനം പത്രോസിന്. നാലാമത് പരിശുദ്ധ പാപ്പാമാര്‍. ഏറ്റവുമവസാനം, അഞ്ചാംസ്ഥാനത്ത്, യേശുക്രിസ്തു! അതും ദൈവമാതാവിന്റെ കൈയില്‍ നിസ്സഹായനായി ഇരിക്കുന്ന ഉണ്ണിയായി!
സംസ്കാരമുള്ള മനുഷ്യസമൂഹങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന അവകാശങ്ങളും ബഹുമാനങ്ങളും പോയിട്ട്, അടിസ്ഥാനാവകാശങ്ങള്‍ പോലും സഭാകാര്യങ്ങളില്‍ അവര്‍ക്കനുവദിച്ചുകൊടുക്കാന്‍ കൂട്ടാക്കാത്ത സഭാതലവന്മാര്‍ ഇത്രയുദാരമായി മറിയത്തെ അലങ്കരിച്ചും സ്തുതിച്ചും കൊണ്ടാടുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം ആഴമായി പഠിക്കേണ്ട ഒരു വിഷയമാണ്.
അനുബന്ധം:
കുറേ നാള്‍ മുമ്പെഴുതിയ ഈ ലേഖനം വായിച്ച ഒരു സുഹൃത്ത് എന്നെ സന്ദര്‍ശിക്കാനെത്തി. പെരിങ്ങുളത്തുകൂടി ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലെ പാറപ്പുറത്തിരുന്നു ഞങ്ങള്‍ സംസാരിക്കവേ, അദ്ദേഹം ഈ ലേഖനത്തിന്റെ കാര്യം എടുത്തിട്ടു. പ്രതീകങ്ങളെ അവഹേളിക്കരുത് എന്നാണ് അദ്ദേഹം എനിക്ക് തന്ന വിലയേറിയ ഉപദേശം. മറിയം മാതൃത്വത്തിന്റെ പ്രതീകമാണ്. ചരിത്രഗവേഷണങ്ങള്‍ അതില്‍ പ്രധാനമല്ല. ഏതെങ്കിലും തരത്തില്‍ ഒന്നു മറ്റൊന്നിന് വികസനത്തിനുള്ള സാധ്യതകളെ പ്രദാനം ചെയ്യുമ്പോള്‍, മാതൃത്വമാണ് അവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. വെറും സാമ്പത്തിക സഹായം പോലുമാകാമത്. പ്രകൃതിയിലെവിടെയും വളര്‍ച്ചക്ക് നിദാനമായതെന്തും മാതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവയുടെയെല്ലാം പൊരുളാണ് മറിയത്തെ മാതാവായി കാണുമ്പോള്‍ സഭ ഉയര്‍ത്തിപ്പിടിക്കുന്നത്. വിശേഷണങ്ങളെല്ലാം ആലങ്കാരികമാണ്. ചോരയും നീരുമില്ലാത്ത യുക്തി വളര്‍ച്ചയിലേയ്ക്കുള്ള പാതയുടേതല്ല എന്നദ്ദേഹം എനിക്ക് പറഞ്ഞുതന്നു. നന്ദി, സുഹൃത്തേ!
No comments:
Post a Comment