Translate

Saturday, January 19, 2013

പണി തീരാത്ത പള്ളി

തനിക്ക് കല്ലും മണ്ണും സ്റ്റീലും കൊണ്ടുള്ള ആലയങ്ങളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് വസിക്കേണ്ടത് എന്ന് സംശയലേശമെന്യേ വെളിപ്പെടുത്തിയിട്ടുള്ള ദൈവത്തിന് കേരളത്തിലെവിടെയും മണിമാളികകള്‍ പണിയുന്ന മരാമത്തച്ചന്മാര്‍ ഇന്ന് കേരളസഭയുടെ മുഖമുദ്രകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. എന്റെ ജന്മസ്ഥലമായ (പീരുമേടിന്റെ) അടിവാരത്തും ലാറി ബെയ്ക്കര്‍ നിര്‍മ്മിച്ച ഒരു നല്ല പള്ളിയുണ്ടായിരുന്നു. മേല്‍ക്കൂരക്ക് കേടുപാടുകള്‍ വന്നതുമൂലം വെള്ളം ചോരുന്നുണ്ടായിരുന്നു. നാല്പത്തഞ്ച് കൊല്ലം പഴക്കമേ ആയിട്ടുള്ളൂ എങ്കിലും മേല്‍ക്കൂര നന്നാക്കിയാല്‍ പോരെന്നും കുറേക്കൂടി വിസ്തൃതമാക്കി, ദൈവംതമ്പുരാന് ചേരുന്ന വിധത്തില്‍ പള്ളി പ്രൗഢമാക്കണമെന്നും വികാരിയച്ചന്‍ തീരുമാനിച്ചു. പിന്നെയങ്ങോട്ട് പിരിവോട് പിരിവ്. അടിവാരംകാരെ കാണുമ്പോള്‍ അയല്‍നാട്ടുകാര്‍ ഓടാന്‍ തുടങ്ങി. കുറെ കാശ് കൈവന്നതോടെ പണി ഉഷാറായി. കോടികള്‍ ചെലവാക്കിയിട്ടും അകത്തെ എല്ലാ പണികളും ഇനിയും ബാക്കി. പാവം അച്ഛന്‍ മുന്നോട്ടൊരു വഴി കാണാതെ വിഷമിക്കുന്നു. അത് കാണുന്നവര്‍ക്കും വിഷമം. കാരണം, ഒത്തിരി നന്മകള്‍ ഈ നാട്ടിലും പരിസരത്തും അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരിക്കലും ഒരു നല്ല വഴിയുണ്ടാകാന്‍ സാദ്ധ്യത കാണാതിരുന്നിടത്തുവരെ അദ്ദേഹത്തിന്‍റെ കഠിന പരിശ്രമത്താല്‍ നല്ല റോഡുകള്‍ തീര്‍ന്നുകഴിഞ്ഞു. വഴിയച്ചന്‍ എന്ന സ്ഥാനപ്പേരുവരെ നാട്ടുകാര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. എന്നിരുന്നാലും പള്ളിപണിക്കായി എന്തെങ്കിലും കൊടുക്കാന്‍ എനിക്ക് മനസ്സ് വരുന്നില്ല. എന്റെ മനസ്സ് പറയുന്നത്, ഗംഭീരങ്ങളായ സൗധങ്ങള്‍ ഏത് ഉള്‍പ്രദേശത്തെയും സൌന്ദര്യം ചോര്‍ത്തിക്കളയുമെന്നും സാവധാനം അവിടം നഗരപ്രതീതിയിലെത്തുമെന്നുമാണ്. ദൈവം അവിടെനിന്ന് പടിയിറങ്ങും.

ഈശ്വരസാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ആത്മാവ് സ്വസ്ഥതയനുഭവിക്കുന്നത്. പാലായില്‍ മരിയന്‍ സെന്ററിനടുത്തു
ള്ള ഒരു ഹൈന്ദവ പ്രാര്‍ത്ഥനാലയത്തില്‍ ഒന്ന് കയറുക. വിഗ്രഹങ്ങളോ പടങ്ങളോ കണ്ണടപ്പിക്കുന്ന വെളിച്ചമോ ഇല്ലാത്ത ആ ശാന്തിനിലയത്തില്‍ ദൈവികമായ ഒരു ശീതളമൌനം തുളുമ്പിനില്‍ക്കുന്നുണ്ട്. അവിടെ വെറുതേയിരുന്നാല്‍ മതി, ജീവിതവ്യഗ്രതകള്‍ അടര്‍ന്നുപോയിട്ട്‌ ഉള്ളിലൊരു ധന്യത വന്നുനിറയും. ഇതുപോലെ മനശുദ്ധിയുണ്ടാക്കുന്ന ഇടങ്ങളാകണം പ്രാര്‍ത്ഥനാലയങ്ങള്‍. തന്നെയല്ല, വേണ്ടാത്തത് ഉപേക്ഷിക്കാനുള്ള ധൈര്യം പകരാനും ഒരു ദേവാലയത്തിന്റെ ലാളിത്യം നിറഞ്ഞ പരിശുദ്ധിക്ക് ആകണം. അത്തരം അന്തരീക്ഷമുള്ളതായിരിക്കണം നമ്മുടെ പള്ളികളും എന്നതാണ് എന്റെ കാഴ്ചപ്പാട്. അക്കൂടെ, ക്ഷേത്രത്തിന് വലുപ്പം കൂടും തോറും ഭക്തിഭാവം സ്ഥൂലമായിപ്പോകും എന്നും മനസ്സിലാക്കിയിട്ടുണ്ട്. മനം ശുദ്ധമാകുമ്പോള്‍ അത് നിറയേണ്ടതുകൊണ്ടു നിറയും. ഉപരിപ്ലവതകളാല്‍ പൊതിഞ്ഞ ഒരു സൌധത്തിനുള്ളില്‍ നമ്മള്‍ ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും വ്യാജമാന്യതയും കപടഭക്തിയും മാത്രമായിരിക്കും. അടിവാരത്തിന്റെ ഗ്രാമചൈതന്യം നഷ്ടപ്പെടാനേ ആധുനികപരിവേഷമുള്ള ഒരു ദേവാലയം കളമൊരുക്കൂ എന്ന ഭയം എന്നെ വിട്ടൊഴിയുന്നില്ല. 

വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ നമ്മുടെ എല്ലാ പള്ളികളിലും ഉണ്ട്. ഏതോ ഒരുതരം ഭക്തിയെ പള്ളികള്‍ വളര്‍ത്തിയെടുക്കുന്നുണ്ടെങ്കിലും അത് മനുഷ്യരെ ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്നു എന്ന് പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം? അതുകൊണ്ട്, അത്തരം പള്ളികള്‍ പെരുകുന്നതിനോട് ഒരുവിധത്തിലും യോജിക്കാനും ആവുന്നില്ല. വര്‍ണ്ണശബളമായ അള്‍ത്താരയും ചുറ്റുവട്ടവും, തിളങ്ങുന്ന അഴികള്‍ അലങ്കരിക്കുന്ന ബാല്‍ക്കണിയും, ഒരു കലാവാസനയും തൊട്ടുതീണ്ടാത്ത വിഗ്രഹങ്ങളും ആത്മശ്രദ്ധയെ കൊല്ലുന്ന ഒരു പള്ളിക്കകത്ത് ദൈവം എങ്ങനെ നമ്മോടൊത്ത് സഹവസിക്കും, നമ്മോടു സംഭാഷിക്കും? അത്തരം ഒരു പള്ളിയില്‍ നിന്നുകൊണ്ട് ഒരാത്മീയ ശുശ്രൂഷകന്‍ എന്ത് സന്ദേശമാണ് വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കുക? പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള അന്തരം കൂടുകയല്ലേ ഉള്ളൂ? സത്യം പറഞ്ഞാല്‍, പ്രാര്‍ഥിക്കാനായി ഒരു പള്ളിയില്‍ കയറിയ കാലമേ എനിക്കോര്‍മയില്ല.

അടിവാരം ഇടവകയിലെ പല കുടുംബങ്ങളും കൂലിവേല ചെയ്തു കഴിയുന്നവരാണ്. എന്നാലും ഇവര്‍ അടുക്കലടുക്കല്‍ 
ഓരോരുത്തര്‍ക്കും ആയിരവും അതിലധികവും വീതം ചെലവാക്കി, പള്ളി മുന്‍കൈയെടുത്തു സംഘടിപ്പിക്കുന്ന ബസ്സുകളില്‍, വേളാങ്കണ്ണിക്കും മലയാറ്റൂര്‍ക്കും അര്‍ത്തുങ്കല്‍ പള്ളിയിലേയ്ക്കുമൊക്കെ തീര്‍ഥാടനമാണ്. എന്തുതരം ആത്മീയതയാണ് ഇവരുടെ തലയില്‍ പള്ളിവികാരിമാര്‍ കുത്തിനിറച്ചിരിക്കുന്നത് എന്ന് ചോദിച്ചു പോകും. ദൈവാനുഗ്രഹം മൊത്തമായും ചില്ലറയായും കൊടുക്കുന്ന ഇടങ്ങളായി ചില സ്ഥലങ്ങളെയും പുണ്യാളരെയും മനസ്സില്‍ സങ്കല്പിക്കുന്ന ഈ പോഴത്തത്തിനു വളംവച്ചുകൊടുക്കുന്ന പാതിരിമാര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ലെങ്കില്‍, എന്ത് പഠിച്ചിട്ടാണവര്‍ ദൈവജനശുശ്രൂഷകരായത്? ഓരോരുത്തര്‍ക്കും വ്യക്തിതലത്തില്‍ ലഭിക്കുന്ന ഭൌതികനേട്ടങ്ങളെ മാത്രം ദൈവാനുഗ്രഹമായി കരുതുന്ന ഈ ആത്മീയാന്ധത നിലനില്‍ക്കുവോളം മാത്രമേ മനുഷ്യരെ വഞ്ചിച്ചു പണം കൊയ്യാന്‍ സാധിക്കൂ എന്ന കച്ചവടകൌശലമല്ലേ ഇതിനെല്ലാം പിന്നില്‍? യേശുവിന്റെയും മറിയത്തിന്റെയും, അക്കൂടെ, വ്യത്യസ്ത പേരുകളില്‍ പലയിടങ്ങളില്‍ അനുഗ്രഹങ്ങളുടെ ചാക്കുകെട്ടുമായി വിശ്വാസികളെ കാത്തിരിക്കുന്ന ആരുമറിയാത്ത വിശുദ്ധരുടെയും പേരില്‍ അത്ഭുതാനുഗ്രഹങ്ങളുടെ വാഗ്ദാനങ്ങള്‍കൊണ്ട് മനുഷ്യരെ പ്രലോഭിപ്പിക്കുന്ന വൈദികര്‍ അവരുടെ ദൈവവിളിയെ മനസ്സിരുത്തി പരിശോധിക്കേണ്ടതാണ്. ഇങ്ങനെ തുടരാന്‍ ഇവരെ അനുവദിക്കുന്ന സഭാനേതൃത്വവും അവസാനമില്ലാത്ത പള്ളിപണികളുടെയും തീര്‍ഥാടനപ്പെരുപ്പത്തിന്റെയും അര്‍ത്ഥശൂന്യതയെക്കുറിച്ച് ഗൌരവമായി ഒരു പഠനം തന്നെ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

1 comment:

  1. ഇപ്പറഞ്ഞത്‌ അവിടെ മാത്രമല്ല, പല പള്ളികളിലും വികാരി അച്ചന്‍മാര്‍ അനുഭവിച്ചു തുടങ്ങി കഴിഞ്ഞു. പണ്ടത്തെ പോലെ ഇപ്പൊ വിദേശികള്‍ വഴങ്ങുന്നില്ല, ഇടവകക്കാര്‍ക്കും വകവെപ്പില്ല. പണം ഒരിടത്തും ഒതുക്കാന്‍ മേലാത്ത ചില പുതുമടിശ്ശിലക്കാരുണ്ട്, അവരാണ് പകുതി പ്രശ്നം സൃഷ്ടിക്കുന്നത്. തുടങ്ങിയ പല പദ്ധതികളും പാതി വഴിയിലിട്ട കേസുകള്‍ ഒന്നല്ല.....വലിയ താമസിയാതെ അച്ചന്മാര്‍ പുതിയ പണികള്‍ വേണ്ടെന്നു പറഞ്ഞു തുടങ്ങും. നല്ല പിള്ള ചമയുന്നത് കാണുമ്പോള്‍ മനസ്സിലാക്കുക -ട്രെന്‍ഡ് മാറിയെന്നു. നാല് രൂപതകളില്‍ ഞാനൊരു സര്‍വ്വേ നടത്തി, സിമിന്റുപയോഗം നാളൊന്നു കുറഞ്ഞത്‌ കാണുന്നു.
    ഇപ്പൊ വ്യാപകമായ പരസ്യം ഇല്ലാതെ ധ്യാനത്തിനും ആളു കുറവാണ്. ഏതെങ്കിലും താരം സ്റെജില്‍ വന്നാലേ വലിയ പെരുന്നാള്‍ നടക്കുകയുള്ളൂവെന്നു വരെയായി - ഇതാണ് മാറ്റം എന്ന് പറയുന്നത്.

    ReplyDelete