Translate

Tuesday, January 29, 2013

അനവസരത്തില്‍ ദുരുദ്ദേശ്യപ്രേരിതമായ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍


-->
കഴിഞ്ഞ ദിവസം മറ്റൊരാള്‍ എഴുതിയ ഒരു ലേഖനം നമ്മുടെ ഒരു പ്രധാന കോണ്‍ട്രിബ്യൂട്ടര്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുസോളിനിക്ക് മാര്‍പ്പാപ്പാ ചെയ്തുകൊടുത്ത സഹായങ്ങള്‍ക്കു ലഭിച്ച പ്രതിനന്ദിയും പ്രതിഫലവും അനേകം രാജ്യങ്ങളില്‍ സ്വത്തായി ഇന്ന് വത്തിക്കാനുണ്ട് എന്ന പരാമര്‍ശമുള്ള ആ ലേഖനം വായിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടതുമാണ്. എന്നാല്‍, അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റു ചെയ്തത് എന്തുകൊണ്ടെന്ന് പലരും ചോദിച്ച സാഹചര്യത്തിലാണ് ഈ ലേഖനം.  

ആ ലേഖനം എഴുതിയ ആള്‍ ജര്‍മ്മനിയില്‍ ബിഷപ്പ് അറയ്ക്കന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു എന്നതുതന്നെയാണ് പ്രധാന കാരണം. ആ ലേഖനം നമ്മുടെ ബ്ലോഗില്‍ നമ്മുടെ ഒരു കോണ്‍ട്രിബ്യൂട്ടറിലൂടെ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ചില ഉപജാപങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ ചില താത്പര്യങ്ങളുമുണ്ടെന്ന് ജര്‍മ്മനിയില്‍നിന്ന് നമ്മുടെ ഒരു അഭ്യുദയകാംക്ഷി വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ആ ലേഖനം ഡിലീറ്റു ചെയ്തത്
അല്മായശബ്ദവും സോള്‍ ആന്‍ഡ് വിഷനും ഓശാനയും പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ വത്തിക്കാന് എതിരാണ് എന്നു വരുത്തിത്തീര്‍ക്കുക എന്നതാണ് ബിഷപ്പ് അറയ്ക്കന്റെ ഒരു ലക്ഷ്യം. സാധാരണ സീറോമലബാര്‍ വിശ്വാസികളെക്കൂടി ലത്തീന്‍ വിരോധികളാക്കുക എന്നത് മറ്റൊരു ലക്ഷ്യം. 

ഒരു മലയാളി ബിഷപ്പ് മാര്‍പ്പാപ്പായാകുന്നതായി സങ്കല്പിക്കുന്ന ഒരു നോവലാണ് ശ്രീ ചാക്കോ കളരിക്കല്‍ എഴുതിയ ഇടയന്‍. ലോകത്തിലെ ഏറ്റവും സജീവമായ സഭയായ ഭാരതസഭയുടെ പൈതൃകം പൗരസ്ത്യസഭകളുടേതല്ലെന്നും അതിന്റെ പാരമ്പര്യവും വ്യക്തിസഭയെന്ന നിലയിലുള്ള തനിമയും വീണ്ടെടുത്താല്‍ നമ്മുടെ നല്ലൊരു മെത്രാനു മാര്‍പ്പാപ്പാവരെ ആകാന്‍ കഴിയുമെന്നുമാണ് ചാക്കോ കളരിക്കല്‍ ആ നോവലിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്

എന്നാല്‍, കാറല്‍ മാര്‍ക്‌സിന്റെ ദാസ് കാപ്പിറ്റല്‍ കമ്യൂണിസ്റ്റു നേതാക്കളെക്കാള്‍ പഠിച്ചിട്ടുള്ളതും കമ്യൂണിസം വരാതിരിക്കാനും മുതലാളിത്തം നിലനിര്‍ത്തുന്നതിനുമായി ഉപയോഗിച്ചിട്ടുള്ളതും മുതലാളിത്തത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നു പറയുന്നതുപോലെ കേരളസഭയില്‍ ഒരു വിപരീതസ്വാധീനം ആ നോവല്‍ ഉളവാക്കിയിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു. അറയ്ക്കനും ആലഞ്ചേരിക്കും ഒക്കെ തങ്ങള്‍ക്കും മാര്‍പ്പാപ്പായാകാന്‍ സാധിക്കുമെന്നു സ്വപ്നം കാണാന്‍ ഒരുപക്ഷേ, ആ നോവല്‍ പ്രേരകമായിട്ടുണ്ടാവാം. പക്ഷേ, ശ്രീ കളരിക്കലിന്റെ സത്യസങ്കല്പത്തിന്റെ തരിപോലും ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നും സഭാചരിത്രത്തില്‍ കാണുന്നതുപോലെ ചില കുതന്ത്രങ്ങളിലൂടെ മാര്‍പ്പാപ്പായാകാന്‍ തങ്ങള്‍ക്കും സാധിക്കും എന്നു സങ്കല്പിക്കാനേ കഴിയുന്നുള്ളു എന്നും പ്രത്യേകം പറയേണ്ടതുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും

കേരളസഭാധികാരികള്‍ ഈ സഭ പൗരസ്ത്യസഭയാണെന്നു സമ്മതിച്ചുകൊടുത്തത് പാശ്ചാത്യസഭയില്‍ സഭാധികാരികള്‍ക്കു കിട്ടുന്ന പ്രശസ്തിയും പണവും കൂടുതല്‍ അളവില്‍ സ്വന്തമാക്കാനായിരുന്നു. (ഈര്‍ക്കിലി പാര്‍ട്ടിയില്‍ മുറിമൂക്കനും നേതാവാകാമല്ലൊ).   
അവരിപ്പോള്‍ ശ്രമിക്കുന്നത് പാശ്ചാത്യസഭയ്ക്ക് സംഭവിച്ചിട്ടുള്ള അപചയങ്ങളെയെല്ലാം ഉയര്‍ത്തിക്കാട്ടി പൗരസ്ത്യസഭകളുടെയെല്ലാം നേതൃത്വത്തില്‍ സ്വയം അവരോധിക്കാനും അമേരിക്കയിലെ മലയാളികളെ ലത്തീന്‍ റീത്തിനെതിരെ തിരിച്ചുവിടാനും അവിടെയും ഇറ്റലിയിലുമെല്ലാം വസ്തുക്കള്‍  വാങ്ങിക്കൂട്ടാനുമൊക്കെയാണ്. അമേരിക്കയില്‍ എഴുപതു ലക്ഷം ഡോളറിന് ഒരു പഴയ സെമിനാരി വാങ്ങി സീറോമലബാര്‍മിഷനെ ആഗോളതലത്തില്‍ ശക്തമാക്കാന്‍ പദ്ധതിയുണ്ടെന്ന് സീറോമലബാര്‍ വോയ്സ് പ്രസ്താവിച്ചിട്ടുണ്ട്. (മാര്‍ അറയ്ക്കന്റെ  കള്ളപ്പണം വെളുപ്പിക്കാനുംകൂടിയാണിതെന്നാണ് അല്മായശബ്ദത്തിനു കിട്ടിയിട്ടുള്ള അറിവ്). അതിനായി മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആലഞ്ചേരിയും സീറോമലബാര്‍സഭയുടെ ഫിനാന്‍സു മിനിസ്റ്റര്‍ എന്നു വിളിക്കപ്പെടേണ്ട ബിഷപ്പ് അറയ്കനും ജനുവരി 20-ന് അമേരിക്കയില്‍ എത്തിയിട്ടുണ്ടെങ്കിലും രണ്ടാമന്‍ ടെക്സാസിലുള്ള ഒരു വീട്ടില്‍ ഒളിവില്‍കഴിയുകയാണെന്നും പരസ്യമായി രംഗത്തെത്തിയിട്ടില്ലെന്നും അറിയുന്നു. രഹസ്യമായി എന്തെല്ലാമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് എന്നു വ്യക്തമല്ല. എങ്കിലും അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ ആദ്യമേ സൂചിപ്പിച്ച ലക്ഷ്യം നേടാനായുള്ള കരുനീക്കമായിരിക്കണം.

കുശാഗ്രബുദ്ധിയായ വത്തിക്കാന്‍ ഇതെല്ലാം മനസ്സിലാക്കി വിദേശരാജ്യങ്ങളില്‍ കേരളസഭയ്ക്കായി വസ്തുവകകള്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണെന്നറിയുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വത്തിക്കാനെതിരെ ഒരു പ്രചാരണം നടത്തി വത്തിക്കാനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ബിഷപ്പ് അറക്കനും മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആലഞ്ചേരിയും എന്ന് കേള്‍ക്കുന്നു. അതിന്റെ ഭാഗമായാണത്രെ മുസോളിനിയും വത്തിക്കാനുമായി ഉണ്ടായിരുന്ന അനാശാസ്യബന്ധത്തെപ്പറ്റിയുള്ള പ്രചാരണം ഇപ്പോള്‍ പെട്ടെന്ന് വ്യാപകമായി അഴിച്ചുവിട്ടിരിക്കുന്നത്

നാം യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും തുറന്നെഴുതുകയും ചെയ്യുന്നവരാണെങ്കിലും അനവസരത്തില്‍ ചില പ്രത്യേക ദുരുദ്ദേശ്യങ്ങളോടെ നടത്തപ്പെടുന്ന പ്രചാരണങ്ങളില്‍ പങ്കാളിയാകുന്നത് ദോഷം ചെയ്‌തേക്കും എന്ന് നമ്മുടെ ആ അഭ്യുദയകാംക്ഷി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ആ പോസ്റ്റ് ഡിലീറ്റു ചെയ്തത്.

3 comments:

  1. Internet Explorerറില്‍ വരുന്ന അല്‍മായശബ്ദം ലേഖനങ്ങള്‌ ഈ മാസത്തില്‍ തന്നെ ഇന്ന് അഞ്ചാംതവണയാണ് ഡിലീറ്റ് (മായിച്ചു) ചെയ്തിരിക്കുന്നത്. മറ്റുള്ള ബ്രൌസറുകളില് വായിക്കുവാന്‍ തടസമില്ല. ഇതര ബ്രൌസറുകള്‍ പലരും ‍ ലോഡുചെയ്യുവാന്‍ മെനക്കെടാറില്ല.കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ലോകത്ത് അറുപതുശതമാനം ജനങ്ങളുടെയും ബ്രൌസര്‍ Internet Explorer ആണ്. അറക്കനെ സംബന്ധിച്ചുള്ള വാര്‌ത്തകള്‌ വരുമ്പോള്‍ മാത്രമാണ് ഹാക്കെഴ്സ് അല്‍മായശബ്ദത്തില്‌ നുഴഞ്ഞു കയറുന്നത്. ഇതിനായി ആരോ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയെന്നു വേണം കരുതുവാന്‍. അല്‍മായശബ്ദത്തിന്റെ പാസ് വേര്‍ഡ്‌ (password) മാറ്റിനോക്കൂ. Internet Explorer ഹെല്പ് (ഹെല്പ്)പേജില്‍ക്കൂടി പരാതിയും നല്‍കാം. അല്‍മായശബ്ദം പോസ്റ്റ്‌ചെയ്ത സുപ്രധാനമായ ഇന്നത്തെ പോസ്റ്റും ഈ ബ്രൌസറില്‍ ഇല്ല. മറ്റുള്ള ബ്ലോഗുകളില്‍ ഇവര്‍ നുഴഞ്ഞു കയറുന്നില്ലാത്തതി ല്‍നിന്നും മനസിലാക്കേണ്ടത് ഈ ഭീരുത്വം അറ ക്കന്റെ മറ്റൊരു ഉരുണ്ടുകളിയെന്നല്ലേ.

    ReplyDelete
  2. സീറോ മലയാളീ പുരോഹിതര്‍ ഒന്നാകെ അമേരിക്കന്‍പള്ളികളെ ബാഷ്‌ ചെയ്യുന്ന ഒരു രീതിയാണ് എവിടെയും. ലത്തീന്‍പള്ളികളെ പുച്ഛിക്കല്‍ അടുത്തകാലത്ത് തുടങ്ങിയ വില്‍പ്പനസൂത്രമാണ്. ലത്തീന്‍പള്ളികളിലേക്ക്‌ ചെക്കേറിയ, നഷ്ടപ്പെട്ടുപോവുന്ന കുഞ്ഞാടുകളെ തിരികെ കൊണ്ടുവരുവാനുമുള്ള ഒരു അടവും. നാട്ടില്‍നിന്ന് വരുന്ന പുരോഹിതര്‍ക്ക് ജോലിയും ഭക്ഷണവും താമസവും നല്‍കുന്നത് ഇവിടെയുള്ള ലത്തീന്‍ പുരൊഹിതരാണ്. അനേക പള്ളികളും ഇവിടുത്തെ രൂപതാബിഷപ്പുമാര്‍ സീറോമലബാര്‍ വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കിയതാണ്. ഭീമമായ മറ്റു സാമ്പത്തികസഹായവും ലത്തീന്‍ രൂപതകളില്‍ നിന്ന് ഇവര്‍ കൈക്കലാക്കുന്നുണ്ട്. ഇപ്പോള്‌ പച്ച പിടിച്ചപ്പോള്‍ സീറോമലബാര്‍ പുരോഹിതര്‍ ഉണ്ട ചോറിനു നന്ദി കാണിക്കുന്നതു അമേരിക്കന്‍ പള്ളികളെ
    വിമര്‍ച്ചുകൊണ്ടാണ്.

    പൊതുവെയുള്ള മലയാളീ അച്ചന്മാരുടെ പ്രസംഗസാരം ഇങ്ങനെയായിരിക്കും. ലോകത്തില്‍ ക്രിസ്തുവിന്റെ ചൈതന്യം സീറോ മലബാര്‍സഭയില്‍ മാത്രമുള്ളതാണ്. അമേരിക്കന്‍പള്ളികളില്‍ ശാത്താന്‍ പ്രവര്‍ത്തിക്കുന്നു. വേദപാഠ ക്ലാസുകളില്‍ കുട്ടികളെ നിര്‍ബന്ധിക്കാത്തതുമൂലം അവര്‍ പിഴച്ചു പോവുന്നു. അമേരിക്കന്‍അച്ചന്മാര്‍ കുര്‍ബാന കഴിയുമ്പോള്‍ മറ്റുല്ലാസ്സങ്ങള്‍ക്കും സ്പോര്‍ട്സ്, ഗെയിംസ്, വ്യായമങ്ങള്‌ക്കുമായി സമയം ചിലവഴിക്കും. സഭാകാര്യങ്ങള്‍ അന്വേഷിക്കുകയില്ല. ശരിയായി അമേരിക്കന്‍പുരോഹിതര്‍ ശുശ്രൂഷ നടത്തുകയില്ല. ലത്തീന്‍സഭകളെ എങ്ങനെയെല്ലാം അടിച്ചുതകര്‍ക്കാമൊ, അതെല്ലാം മുഴുവനായും അവരുടെ വര്‍ത്തമാനങ്ങളിലും പ്രസംഗങ്ങളിലും സ്പഷ്ടമായി പ്രകടിപ്പിക്കുന്നുമുണ്ട്.

    നാട്ടില്‍നിന്നു വരുന്ന ഈ പുരോഹിതര്‍ക്ക് സ്വന്തം സഭയും സ്വന്തം ജനങ്ങളെയും ചിന്തിച്ചാല്‍പോരെ. ലത്തീന്‍പള്ളികളെ എല്ലാവിധത്തിലും ചൂഷണംചെയ്തിട്ട് വായില്‍ തോന്നിയത് പറഞ്ഞുനടക്കുന്ന ഇവര്‍ കേരളത്തിലെ ഏതു കാട്ടുജാതികളുടെ മക്കളെന്നും സംശയം വരുന്നു. അങ്ങാടിയത്തിന്റെ എല്ലാ പുരോഹിതരും ഒരേ സ്വരത്തില്‍ ഒരേ ആശയങ്ങളില്‌ സംസാരിക്കുന്നതില്‍നിന്നും മനസിലാകേണ്ടത് ഇവര്‍ക്ക് അരമനയില്‍ സ്റ്റഡിക്ലാസുകള്‍ നല്‌കുന്നുണ്ടെന്നുള്ളതാണ്. പ്രത്യേകമായ ടെക്സ്റ്റ്ബുക്കും തയ്യാറാക്കിയിട്ടുണ്ടായിരിക്കണം. മലയാളീ ആണുങ്ങള്‍ മലയാളീ പെണ്ണുങ്ങളെ ആകര്‍ഷിക്കുവാനും സീറോ മലബാര്‍ പള്ളികള്‍ നിമിത്തമാകുമെന്ന പ്രചരണവും ഈ പുരോഹിതര്‍ക്ക് പെണ്ണിണക്ക ബിസിനസ്സും ഉണ്ടെന്നു തോന്നിപ്പോവും.

    അമേരിക്കന്‍പുരോഹിതര്‍ ഒരാവശ്യവുമായി ചെന്നാല്‍ അവര്‍ നമ്മെ പരമാധി സഹായിക്കും. പള്ളിയുടെ നിയമത്തിനപ്പുറം കൂദാശകള്‌ക്കായി പണം ചാര്‍ജുചെയ്യുകയില്ല. ജീവിതകാലത്ത് ഒരിക്കലും പള്ളിയില്‍ പോകാത്തവരെയും മാമ്മോദീസാ സര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ വിവാഹവും എല്ലാ കൂദാശകളും പള്ളി നടത്തികൊടുക്കും.മറ്റുള്ള മതങ്ങളില്‍ അംഗത്വം എടുക്കരുതെന്നുള്ള നിയമം മാത്രമേ ഈ നാട്ടിലെ പള്ളികളിലുള്ളൂ. സീറോമലബാര്‍പള്ളിയില്‍ ഒരു നിസാര കത്തിനു ചെന്നാലും വയറുവീര്‍ത്ത ഒരു മണിക്കുട്ടന്‍അച്ചന്‍ രണ്ടു കൈകളും നീട്ടിയേ നമ്മെ സ്വീകരിക്കുകയുള്ളൂ. ഒരു തുണ്ട് പേപ്പറില്‍ ഒരു ലൈന്‍ എഴുതിയാല്‍ അയാളുടെ ഫീസ് 100 ഡോളറില്‍ കുറയുകയില്ല. മാമ്മോനെന്ന പിശാചു നിറഞ്ഞിരിക്കുന്ന ഇങ്ങനെയുള്ള പള്ളികള്‍ വിശ്വാസികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. ഞാന്‍ ഇതെഴുതുമ്പോഴും അനുഭവസ്ഥരായ നൂറുകണക്കിന് വായനക്കാരായ മലയാളികള്‍ സത്യമെന്ന് പറഞ്ഞു സ്വയം ശരി വെക്കുന്നുണ്ടെന്നും അറിയാം.

    ReplyDelete
  3. ലാറ്റിന്‍ പള്ളികളില്‍ താമസവും ഭക്ഷണവും പിന്നെ ശമ്പളവും എന്നിട്ടാണ് അവര്‍ക്കിട്ടു പാര .
    ഇതു തന്നെയാണ് യു .കെ യിലെ സീറോ മലബാര്‍ അച്ചന്മാര്‍ ചെയ്യുന്നത് .

    ReplyDelete