തൃശൂരില്‍ നടന്ന ചര്‍ച്ച ആക്ട് സെമിനാറിനെപ്പറ്റി വിദേശത്തുനിന്നുള്ള emalayalee.com എന്ന പോര്‍ട്ടലില്‍ വന്നിട്ടുള്ള വാര്‍ത്ത താഴെ കൊടുക്കുന്നു:
ജസ്റ്റീസ് വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ ചര്‍ച്ച് ആക്‌റ്റ് തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഡ്രാഫ്‌റ്റ് സഹിതം മാര്‍ വര്‍ക്കി വിതയത്തിലിന് രണ്ടു കത്തുകള്‍ എഴുതിയിരുന്നെന്നും അവ പ്രസിദ്ധീകരിക്കും എന്ന് അറിയിച്ചപ്പോള്‍ പോലും നിയമത്തില്‍ വിശ്വാസവിരുദ്ധമോ നിയമവിരുദ്ധമോ ആയ എന്തെങ്കിലും ഉള്ളതായി ചൂണ്ടിക്കാട്ടാതെ യോജിപ്പില്ല എന്നു മാത്രംമറുപടി നല്‍കിയതെ ഉള്ളൂ എന്നും നിയമ പരിഷ്‌കരണ കമ്മിഷന്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ പ്രസ്‌താവിച്ചു. തൃശൂരില്‍ ചര്‌ച് ആക്‌റ്റ് ആവശ്യമോ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു പ്രസംഗിച്ച ജോസഫ് പുലിക്കുന്നേല്‍ ഇന്ത്യയിലെ ഇതര മതവിഭാഗങ്ങള്‍ക്കെല്ലാം സ്വത്ത് ഭരിക്കാന്‍ ഭരണഘടനാപരമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ ക്രിസ്‌ത്യാനികള്‍ക്ക് മാത്രം അത് പാസ്സാക്കി നല്‍കാതിരിക്കുന്നത് വിവേചന മാണെന്നും ഭാരത പൌരരായ കത്തോലിക്കര്‍ വത്തിക്കാന്റെ നിയമം അനുസരിക്കേണ്ടി വരുന്നത് ശോചനീയമാണെന്നും പ്രസ്‌താവിച്ചു.
തുടര്‍ന്ന് പ്രശസ്‌ത പത്രപ്രവര്‍ത്തകനായ കെ എം റോയി മേത്രാന്മാര്‍ക്കും വൈദികര്‍ക്കും ഇടയി ലും സ്വതന്ത്ര ചിന്തകര്‍ ഉണ്ടെന്നും കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്റേടം കാണിക്കുന്നവരെ അല്‌പം വൈകിയാണെങ്കിലും അധികാരികള്‍ അംഗീകരിക്കുമെന്നും സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.
താന്‍ മനസ്സിലാക്കിയിടത്തോളം ക്രിസ്‌തീയ വിശ്വാസികള്‍ക്ക് മാത്രം പങ്കുള്ള ഒരു സംവിധാനമാണ് ചര്‌ച് ആക്ടിലുള്ള തെന്നും ദേവസ്വം ബോര്‍ഡില്‍ അങ്ങനെ ഒരു സംവിധാനമുണ്ടാക്കാന് കഴിഞ്ഞിരുന്നെങ്കില്‍ ഗുരുവായൂരില്‍ യേശുദാസിന് പ്രവേസനം നല്‍കാന്‍ കഴിയുമായിരുന്നുവെന്നുമാണ് തുടര്‍ന്നു പ്രസംഗിച്ച അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍ പ്രസ്‌താവിച്ചു.
പുരോഹിതാധിപത്യം മൂലം കേരളസഭ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും കേരളസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുമാണ് ജോയിന്റ് ക്രിസ്‌ത്യന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട് സംസാരിച്ചത്. പ്രശ്‌നങ്ങള്‍ക്കെല്ലാം ക്രിസ്‌തീയമായ ഒരു പ്രതിവിധിയാണ് ചര്‍ച്ച ആക്‌റ്റ് നടപ്പാക്കല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന കത്തോലിക്കാ സഭാ വക്താവായ ഫാ. പോള്‍ തേലക്കാട്ട് കാരണമൊന്നും പറയാതെ പങ്കെടുക്കാതിരുന്നതിന്റെ പിന്നില് സഭാധികാരികളുടെ ഭയവും ജനാധിപത്യ ബോധമില്ലായ്‌കയുമാണെന്നും അവ അന്ധവിശ്വാസികള്‌ക്കു പോലും ഇപ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്നും സ്വാഗത പ്രസംഗത്തില്‍ ജോയ് പോള് പുതുശ്ശേരി പറയുകയുണ്ടായി.
ചര്‍ച്ചയില്‍ പങ്കെടുക്കാനായി വിമാനത്തില്‍ സഞ്ചരിച്ചിട്ടും വരാന്‍ കഴിയാതെ പോയ ഡോ . ഫസല്‍ ഗഫൂറിന്റെ ആത്മാര്‍ഥമായ ഖേദം അദ്ദേഹം സദസ്സുമായി പങ്കുവയ്‌ക്കുകയും ചെയ്‌തു.
ഈ ശ്രദ്ധേയമായ സെമിനാറില്‍ ജെ സി സി ചെയര്‍മാന്‍ ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വി കെ ജോയി കൃതജ്ഞത പറഞ്ഞു.
'via Blog this'
വര്‍ക്കി വിതയത്തിന്റെ മറുപടിയില്‍ ധ്വനിക്കുന്നത് ചര്ച്ച് ആക്റ്റ് സഭയുടെ വിശ്വാസങ്ങളിലും നിയമങ്ങളിലും എതിരല്ലെന്നും എന്നാല്‍ യോജിക്കുവാന്‍ സാധിക്കുന്നില്ലെന്നുമാണ്. എങ്കില്‍ തുറന്ന ചര്‍ച്ചക്ക് എന്തുകൊണ്ട് സഭാനേതൃത്വം തയാറാകുന്നില്ല? വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു സഭക്ക് യോജിപ്പില്ലാത്ത വസ്തുതകളെ കണ്ടു പിടിക്കാമായിരുന്നു. മനസുകൊണ്ട് അകന്നിരിക്കുന്ന അല്മെനിയും സഭയും തമ്മില്‍ ഒരു ആത്മബന്ധം സ്ഥാപിക്കുവാന്‍ സാധിക്കുമായിരുന്നു.
ReplyDeleteസ്വത്തും ധനവും സുരക്ഷയും കൈകാര്യം ചെയ്യുന്നത് സീസറാണ്. സീസറിനുള്ള പങ്കില്‍ സഭ എന്തിനു നുഴഞ്ഞു കയറണം? രാജ്യത്തിന്റെ നിയമങ്ങളെ ലംഘിച്ചു മനുഷ്യനിര്‍മ്മിതമായ കാനോന്‍നിയമം ഇവിടെ എന്തിനു അടിച്ചേല്‌പ്പിക്കണം?വേലിതന്നെ വിളവു തിന്നുകയാണ്. ദൈവപ്രമാണങ്ങള് കാത്തു സൂക്ഷിക്കുവാന്‍ ബാധ്യസ്ഥരായ സഭതന്നെ പ്രമാണങ്ങളെ ലംഘിക്കുന്നു. സഭക്ക് തന്റേടത്തോടെ എന്തുകൊണ്ട് യോജിപ്പില്ലെന്ന് പ്രസ്താവനകള്‍ ഇറക്കരുതോ? അനീതി ചൂണ്ടികാണിച്ചാല്‍ അല്മേയരും സത്യത്തിന്റെ വക്കാലത്തെ പിടിക്കുകയുള്ളൂ.
ഇന്ത്യയില്‍ ഇതരവിഭാഗങ്ങള്‍ക്ക് സ്വത്ത് ഭരിക്കുവാന്‍ അവകാശം ഉള്ളപ്പോള്‍ കത്തോലിക്കര്‍മാത്രം കാനോന്‍ നിയമം അനുസരിക്കണമെന്നുള്ളതു ഖേദകരമെന്നുള്ള വസ്തുത ഇവിടെ പുലിക്കുന്നന്‍ ചൂണ്ടി കാണിക്കുന്നു. ഓര്‍ത്തോഡോക്സ്, മാര്‍ത്തോമ്മാ സഭകളുടെ സ്വത്തുക്കളും സര്‌ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല. സഭാസ്വത്തുക്കളില്‍ സര്‍ക്കാരിനും അല്മേനിക്കും ഒരുപോലെ പൂര്‍ണ്ണമായ നിയന്ത്രണം വേണമെന്നു പറയുകയാകും ശരി.
ഇന്ത്യന്‍ ഭരണഘടനതന്നെ വിവേചനപരമായിട്ടാണ് എഴുതിയുണ്ടാക്കിയത്. ക്രിസ്ത്യന്‍ ദളിതനും ഹിന്ദു ദളിതനും രണ്ടു നിയമം, മുസ്ലിം ഹജിനു പോയാല്‍ സര്‍ക്കാരില്‍നിന്ന് സബ്സിഡി. ഹിന്ദുവിനും ക്രിസ്ത്യാനിക്കും അങ്ങനെ അനുകൂല്ല്യം ഇല്ല. അടുത്തകാലത്തുവരെ സ്ത്രീക്കു പുരുഷന്റെയൊപ്പം സ്വത്തിനു അവകാശമില്ലായിരുന്നു. ഇന്ത്യയിലെ ഭരണഘടന മതത്തിനു അടിസ്ഥാനമായി എഴുതിയുണ്ടാക്കിയപ്പോള്‍ അമേരിക്കന്‍ ഭരണഘടനയില്‍ മതത്തിന് പ്രാധാന്യമേ കല്‍പ്പിച്ചിട്ടില്ല. പൊതുസ്ഥലത്ത് കുരിശുകണ്ടാല്‍ യഹൂദന്‍ അപ്പോഴേ വക്കീല്‍ നോട്ടീസ് അയച്ചു നീക്കം ചെയ്യിപ്പിക്കും. കേരളത്തില്‍ പൊതുസ്ഥലങ്ങള്‍ മുഴുവന്‍ നുഴഞ്ഞു കയറി കുരിശുകള്‍ കയ്യടക്കി വെച്ചിരിക്കുന്നതും ഒരു വിരോധാഭാസമാണ്.
പ്രഗത്ഭനായ ജഡ്ജി കൃഷ്ണയ്യര്‍ തയ്യാറാക്കിയ ബില്‍ മൂന്നു വര്‌ഷം കഴിഞ്ഞിട്ടും മെത്രാന്‍ലോകം ഗൌനിക്കുന്നില്ലെങ്കില്‍ സ്വേച്ഛാധിപത്യം തുടരുവാന്‍ ഇവര്‍ തീരുമാനിക്കുന്നുവെന്നാണ് സാരം. ബഹുജനമുന്നേറ്റം സഭയെ താറുമാറാക്കുമെന്നും അധികാരത്തില്‍ ഇരിക്കുന്ന പുരോഹിതലോകം മറക്കുന്നു. വസ്തുനിഷ്ടമായി കാര്യങ്ങള് ഗൗനിക്കാതെ അധികാര സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനാണ് പുരോഹിതരുടെ
ലക്‌ഷ്യവും
പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ അഭിപ്രായവും യോജിക്കുന്നു. സ്വതന്ത്ര ചിന്തകള്‍ കുഞ്ഞാടുകളിലും ബലവത്താകണം. പ്രമാണങ്ങളും കൂദാശകളും ദൈവങ്ങളായി ചിന്തിക്കുന്നവരുടെ ചിന്തകള്‍ മാറണമെങ്കില്‍ കാലം ഇനിയും എടുക്കും. യൂറോപ്പില്‍ സ്വതന്ത്ര ചിന്താഗതിക്കാരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചുവെങ്കിലും അട്ടപ്പാടി, പൊട്ട ധ്യാനകേന്ദ്രങ്ങള് മനുഷ്യരുടെ ചിന്താശക്തിയേ താഴേക്കു വലിക്കുന്നു.
പ്രശ്നങ്ങള്‌ക്കെല്ലാം ക്രിസ്തീയമായ രീതിയില്‍ ചര്ച്ച്ആക്റ്റ് പാസായാല്‍ പരിഹാരം കാണുവാന്‍ സാധിക്കുമെന്ന് ആന്റോ കൊക്കാട്ടിന്റെ പ്രസംഗം മുഴുവന്‍ വായിച്ചാലേ അഭിപ്രായം പറയുവാന്‍ സാധിക്കുകയുള്ളൂ. സഭയുടെ സ്വത്തും പണവും കൈകാര്യം ചെയ്യുന്ന നിയമങ്ങളെ ചര്ച്ച് ആക്റ്റ്കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. നിയമം പാസ്സായാൽ ഇടവകയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരും രൂപതയില്‍നിന്നും പ്രധിനിധാനം ചെയ്യുന്നവരും സർക്കാരില്‍നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ കമ്മറ്റിയുമായിരിക്കും പള്ളികളുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുക. കുഞ്ഞാടായി ജീവിക്കുന്ന അല്മേനിക്കുമാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. സഭയുടെ മറ്റു സ്വത്തുക്കള്‍ ബിഷപ്പിനും പുരോഹിതനും വ്യവസായമാക്കാം. പള്ളി ഇടിക്കലും ഷോപ്പിംഗ് കൊമ്പ്ലെക്സും ദളിതന്റെ ശവംഅടക്കു നിഷേധിക്കലും പുരോഹിതന് തടസമില്ലാതെ തുടരുകയും ചെയ്യാം. ചര്‍ച്ച് ആക്റ്റിന്റെ നിയമപരിധി ആ മേഖലകളില്‍ വ്യക്തമല്ല.