Translate

Sunday, January 27, 2013

താന്നിച്ചന്‍ പൊറുക്കണം

ചങ്ങനാശ്ശേരിയില്‍ JCC നടത്തിയ മാര്‍ച്ചിനെപ്പറ്റി നേരത്തെ തന്നെ എഴുതണമെന്നുണ്ടായിരുന്നു, കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ വൈകി. ഏതായാലും അവിടെയെത്തിയിരുന്ന ഒരു ചാനലുകാരന്‍ കാര്യമായി സഹകരിച്ചതുകൊണ്ട് വിവരങ്ങള്‍ കിട്ടി. തലേന്ന് JCC ചുമതലപ്പെടുത്തിയവര്‍ നഗരത്തില്‍ ഒട്ടിക്കാന്‍ കൊണ്ടുവന്ന പോസ്ടറുകള്‍ അജ്ഞാതര്‍ ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോയിരുന്നതുകൊണ്ട്, സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഒരു വലിയ പോലിസ് സന്നാഹം കോളേജ് പടിക്കല്‍ പറന്നെത്തിയപ്പോഴാണ്. സ്ഥലത്തുണ്ടായിരുന്ന മോണിക്കയുടെ ചുറ്റും അവരെ അടുത്തുകാണാന്‍ ഓടിക്കൂടിയ നാട്ടുകാരെ വിരട്ടി ഓടിച്ചുകൊണ്ട് പോലിസ് അവരുടെ ജോലി തുടങ്ങി. ഇതിനിടക്ക്‌ ഒരു വിശിഷ്ട സംഭവം നടന്നു: ഒരു സമുന്നത നേതാവ് സ്കൂട്ടറില്‍ എത്തി പ്രകടനക്കാരുടെ തൊട്ടുമുമ്പില്‍ വിലങ്ങനെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് സര്‍ക്കിള്‍ ഇന്സ്പക്ടരെ അഭിവാദ്യം ചെയ്തതിനു ശേഷം പ്രകടനക്കാരുടെ ഫോട്ടോകള്‍ എടുത്തു തുടങ്ങി. അപ്പോഴേക്കും പിന്തുണക്കുള്ള സത്യവിശ്വാസികളെയും പോലീസിന്‍റെ ഇടയില്‍ കാണാനായി. അത് തിര്‍ന്നപ്പോള്‍ പോലിസ് എത്തി ഒരു കാരണവശാലും പ്രകടനം അനുവദിക്കില്ലെന്ന് ഭാരവാഹികളെ അറിയിച്ചു. ക്രൂശിത രൂപവും ബാനറും  ഉയര്‍ത്തി പ്രകടനത്തിന് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. മാര്‍ച്ച് ഉത്ഘാടനം ചെയ്യാന്‍ ഫാദര്‍ വെള്ളാന്തടം എത്തി ഏതാനും മിനിറ്റുകള്‍ പ്രസംഗിക്കുന്നു, മോനിക്കാ തോമസ്‌ വിഷയം ഹ്രസ്വമായി അവതരിപ്പിക്കുന്നു – എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുന്നു. തുടര്‍ന്നു കുമാരി ഇന്ദുലേഖാ ജൊസഫ് പ്രസംഗിക്കാന്‍ മെഗഫോണ്‍ കൈയ്യിലെടുത്തതേ കൂവല്‍ തുടങ്ങി, ‘ആരെടാ പവ്വത്തിലിനെ ചോദ്യം ചെയ്യാന്‍’, ‘അത് കാഞ്ഞിരപ്പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ തുടങ്ങിയ ആക്രോശങ്ങളും ഇടയ്ക്കിടെ കേള്‍ക്കാനായി. താമസിയാതെ സര്‍ക്കിള്‍ നേരിട്ടെത്തി പ്രകടനക്കാരെ തള്ളി മാറ്റുന്നു – ഇതാണ് അവിടെ നടന്നത്. സ്ഥലത്തുണ്ടായിരുന്ന ചാനലുകാര്‍ അതെല്ലാം അപ്പാടെ ക്യാമാറാകളില്‍ പകര്‍ത്തുകയും ചെയ്തു.

നടന്ന സംഭവങ്ങള്‍ വിശകലനം ചെയ്‌താല്‍ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്തേത് ഈ മുന്നേറ്റം എങ്ങിനെയും തടയണമെന്ന് രൂപത തിരുമാനിച്ചിരുന്നുവെന്നതാണ്. ഭരണപക്ഷ പാര്‍ട്ടി കൃത്യമായ നിര്‍ദ്ദേശങ്ങളും പോലീസിനു കൈമാറിയിരുന്നുവെന്നു സംശയിക്കാന്‍ കാരണം പ്രകടനം നടത്താന്‍ അനുവദിക്കില്ലെന്നുള്ള വാര്‍ത്ത ഒരു പ്രമുഖ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും മാധ്യമ പ്രവര്‍ത്തകര്‍ തലേന്നേ അറിഞ്ഞിരുന്നുവെന്നുള്ളതാണ്. അവരത് ആളും തിയതിയും വെച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. രണ്ടാമത്, ചങ്ങനാശ്ശേരി ഭരിക്കുന്നത്‌ അരമനയും കേരളാ കൊണ്ഗ്രസ്സും കൂടിയാണെന്നതാണ് – ഇത് പറയാന്‍ നേതാവ് സ്കൂട്ടറില്‍ എത്തി ആരെയും കൂസാതെ ഫോട്ടോ എടുത്തത് മാത്രമല്ല, ഒരു കാരണം കൂടിയുണ്ട്. അത് യൂത്ത് ഫ്രണ്ട് നേതാവ് ‘റോമന്സി’നെതിരെ ഇയ്യിടെ ഫയല്‍ ചെയ്ത മാനനഷ്ട കേസും, രൂപതയുടെ അഭിപ്രായ പ്രകടനവും കൂടിയാണ്. ഇത് അറിഞ്ഞവര്‍ക്ക് അവയും എഴുതി തയാറാക്കിയ ഒരു തിരക്കഥ വായിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്‌. അടുത്തത്‌, പവ്വത്തില്‍ മെത്രാനെ യാതൊരു വിശേഷണവും കൂടാതെ പ്രകടനം അലങ്കോലപ്പെടുത്താന്‍ വന്നവര്‍ അഭിസംബോധന ചെയ്തതാണ്. ഇപ്പറയുന്ന ചങ്ങനാശ്ശേരി കത്തോലിക്കരും ഒരു വില കുറഞ്ഞ ജിവിയായെ മെത്രാനെ കരുതുന്നുള്ളൂവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

കണ്ടതും കേട്ടതും വിശകലനം ചെയ്‌താല്‍ രാഷ്ട്രിയത്തില്‍ കേരള കത്തോലിക്കാ സഭ കാണിക്കുന്ന അമിത താത്പര്യം മനസ്സിലാക്കാവുന്നതെയുള്ളൂ. അധികാരം കൈയ്യില്‍ കിട്ടിയാല്‍ സഭ എന്ത് ചെയ്യുമെന്നും സുബുദ്ധിയുള്ളവര്‍ക്ക് സ്പഷ്ടമായി കാണാം. സഭ ചെയ്യുന്നതെന്തും ശരി, അത്മായന്‍ ചെയ്യുന്നത് തെറ്റ്, കുറെക്കാലമായി ഇതാണ് സഭയുടെ നിലപാട്. തൊടുപുഴയില്‍ ഡിവൈന്‍ മേര്സി ഹോമെന്നൊരു തീര്ത്താടന കേന്ദ്രം ഇയ്യിടെ രൂപം കൊണ്ടു, അതിന്റെ നാള്‍ വഴി ചുരുക്കത്തില്‍ ഇങ്ങിനെ. ഒരു പെണ്‍കുട്ടിക്ക് മാതാവും അരൂപികളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി, ആദ്യം നാട്ടുകാരും പിന്നിട് പുറത്തുള്ളവരും ഓടിക്കൂടി – പ്രാര്‍ത്ഥന, നൊവേന ആകെ ബഹളം. മെത്രാന്‍ ഇതറിയുന്നു, വിലക്കുന്നു; അത് ശരിക്കുള്ള മാതാവല്ലെന്നും, കുട്ടിക്ക് എന്തോ വിഭ്രാന്തിയുണ്ടായതാണെന്നും പുറത്തു കേള്‍ക്കാനുമായി. അവസാനം നിവൃത്തിയില്ലാതെ ആ താവളം മുഴുവന്‍ രൂപതയ്ക്ക് തീറെഴുതി കൊടുക്കുന്നു – പ്രത്യക്ഷപ്പെടുന്നത് ശരിക്കുള്ള മാതാവുമായി, അവിടെ അച്ചനായി, കുര്‍ബ്ബാനയായി, പെരുന്നാളായി, നേര്ച്ചപ്പെട്ടിയായി. ഇത് കുറെക്കാലമായി കേരളത്തില്‍ കാണുന്ന ഒരു പ്രതിഭാസമാണെന്ന് പറയാതെ വയ്യ. അതാണ്‌ ചങ്ങനാശ്ശെരിയില്‍ നടന്നത്. രൂപത ചെയ്തത് ശരിയും മോനിക്കാ ചെയ്തത് തെറ്റും.

മോനിക്കാ സംഭവത്തില്‍ അറക്കല്‍ മെത്രാന്‍ ശരിക്കും വെട്ടിലാണെന്നതും  മനസ്സിലാക്കാതിരിക്കരുത്. തട്ടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കാന്‍ ബന്ധുക്കളും പല വൈദികരും ഉപദേശിക്കുന്നു, പക്ഷെ സ്വന്തം പേരിലുള്ളതല്ലേ അങ്ങേര്‍ക്കു എഴുതികൊടുക്കാനാവൂ. വിദേശങ്ങളില്‍ സഭയെ രക്ഷപ്പെടുത്താന്‍ കറങ്ങി നടന്നപ്പോള്‍ ഇവിടെ നടന്നത് നിയന്ത്രണം വിട്ടു പോയി. ആരെ കുറ്റപ്പെടുത്താന്‍?

  JCC യെ സംബന്ധിച്ചിടത്തോളം വളരെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിഷ്ഠയോടെ ചെയ്യേണ്ട സമയമാണിപ്പോള്‍. നല്ല നേതൃത്വം, സുതാര്യമായ പ്രവര്‍ത്തനം ഇതൊക്കെ ആവശ്യമുണ്ട്. അല്ലാതെ പണ്ട് പറഞ്ഞതുപോലെ ഒരു ക്രിസ്ത്യാനി പ്രസിഡന്റാവണമെന്നത് പോലുള്ള ബുദ്ധിപരമല്ലാത്ത സ്വകാര്യ  ആവശ്യങ്ങള്‍ നടപ്പാക്കാനുള്ളതല്ല വര്‍ദ്ധിച്ചുവരുന്ന ഈ ജനപിന്തുണയെന്നു മനസ്സിലാക്കണം. Church Act നടപ്പാക്കുക മുതല്‍ കത്തോലിക്കാ വിശ്വാസികളുടെ മുറിപ്പാടുകള്‍ മരുന്ന് വെച്ച് കെട്ടുക വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാന്‍ രാഷ്ട്രിയത്തിലേക്കും കടക്കേണ്ടതുണ്ട്. മോനിക്കാ നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുമാനിച്ചത് നല്ല കാര്യം, പക്ഷെ അതിനു തിരഞ്ഞെടുക്കേണ്ടത് വിളഞ്ഞു നില്‍ക്കുന്ന കാഞ്ഞിരപ്പള്ളിയോ, തുറിച്ചു നോക്കുന്ന പൂഞ്ഞാറോ അല്ല, ആടി നില്‍ക്കുന്ന പാലായാണ് - അതാണല്ലോ സീറോ മലബാറിന്‍റെ ജെരൂസലേം. 

അവിടെ ജയിക്കാന്‍ ഒരു ഇടതു മുന്നണിയുടെയും പിന്തുണ മോനിക്കാക്ക് ആവശ്യമില്ല. ത്രികോണ മത്സരം നടന്ന കാലത്ത് P C Thomas  രണ്ടു മുന്നണികളെയും പിന്തള്ളി പാലായില്‍ ഒന്നാം സ്ഥാനത്തു വന്നത് ഓര്‍മ്മയില്ലേ? ഓരോ മാസവും എന്നപോലെ തൊടുപുഴയില്‍ ബൈപാസ് ഉത്ഘാടനങ്ങള്‍ നടന്നപ്പോള്‍, ളാലം പാലം ജങ്ങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിച്ച് എന്‍റെ കാരുണ്യം കൊണ്ട് വന്നത് എന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ അതിന്‍റെ അടിയില്‍ പേര് എഴുതിവെച്ച നിലവിലെ MLA യെ ഉരുട്ടിയിടാന്‍ നേരുള്ള ഒരു സ്ഥാനാര്‍ത്തി ധാരാളം. അഭയ കേസുപോലുള്ള നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും ആവശ്യത്തിലേറെ കേരളാ കൊണ്ഗ്രസ്സുകാര്‍ സഭയെ തുണച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നവരാണ് പാലാക്കാര്‍. പാലാക്കാരുടെ അടുത്ത് ഏറെ ചിലവാകാത്ത ഒരു സാധനമാണ് ‘ഇടയ ലേഖനം’ എന്ന അലുവാ.

കേരളത്തില്‍ വളരെ പഴക്കം ചെന്ന  ഒരു ചൊല്ലുണ്ട്: ‘ചേരച്ചന്‍ ചതിച്ചത് താന്നിച്ചന്‍ പൊറുക്കണം’ എന്നാണത്. പണ്ട് ഇവിടെ നാട്ടുമ്പുറങ്ങളില്‍ അങ്ങിങ്ങ് കാണാമായിരുന്ന ഒരു മരമായിരുന്നു ചേര്. ആ മരത്തിന്‍റെ ഇലയിലോ കമ്പിലോ തൊടുകയോ അതിന്‍റെയടുത്ത് ഏറെ നേരം നില്‍ക്കുകയോ ചെയ്‌താല്‍ താമസിയാതെ ദേഹം മുഴുവന്‍ വരണ്ടു കീറും. ഇതിനു മറുമരുന്നായി ചെയ്യേണ്ടത് ഏതെങ്കിലും താന്നിമരം കണ്ടുപിടിച്ച്, ‘ചേരച്ചന്‍ ചതിച്ചത് താന്നിച്ചന്‍ പൊറുക്കണം’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ചുറ്റും ഓടണമെന്നതാണ്. ഇന്ന് കത്തോലിക്കാ സഭയിലും അധികാരികള്‍ക്ക് വല്ലാതെ ചൊറിഞ്ഞു കയറുന്നുണ്ട്, പലരുടെയും ദേഹം വിണ്ടു കീറുന്നുമുണ്ട്. ഇതിനു പരിഹാരം ഒന്നേയുള്ളൂ, നേരെ കര്‍ത്താവിന്‍റെ സന്നിധാനത്ത് ചെന്ന് ‘അത്മായരോട് ചെയ്തതിനു കര്‍ത്താവ്‌ പൊറുക്കണം’ എന്ന് ഉരുവിട്ടുകൊണ്ട് അല്ത്താരക്ക് ചുറ്റും ഓടുക – ചൊറിച്ചില്‍ തീരുന്നിടം വരെ.  

No comments:

Post a Comment