Translate

Monday, January 21, 2013

അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം

യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26).  ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധിയുടെ അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള 
നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്.  ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ 
സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌ (I സാമുവേല്‍ 12, 3-25). "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍
ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്.

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ
സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്. 

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഈ സനാതനസത്യങ്ങളെല്ലാം ഒരേ സമയം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച ശക്തമായ കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇത് ഹൃദ്യമായ ഒരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് ഓരോന്നിന്റെയും കവാടത്തില്‍ കവിഹൃദയം
ഗദ്യഭാഷയില്‍ തുറന്നുവച്ചിരിക്കുന്നു. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയയാഗങ്ങള്‍ " ആവശ്യമുള്ളവര്‍ 09447333494 ല്‍ വിളിക്കൂ. samuelkoodal@gmail.com വഴി അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്കിലും http://www.samuelkoodal.com വഴി വെബ്സൈറ്റിലും www .samuelkoodal.blogspot.in വഴി ബ്ലോഗിലും കയറാം.

6 comments:

  1. പറഞ്ഞുവരുമ്പോള്‍ സക്കറിയാസെന്ന പേരും ദൈവം അറിഞ്ഞു കൊടുത്തതാകാനെ വഴിയുള്ളൂ. സക്കറിയാസിലൂടെയാണല്ലോ സ്നാപക യോഹന്നാന്‍റെ വരവ്. കൂടലിനോട് എനിക്ക് വിയോജിപ്പുള്ള ഒരു കാര്യമുണ്ട്. അദ്ദേഹം വിശ്വസിക്കുന്നത് എന്നും പള്ളിയില്‍ പോകുന്ന എല്ലാവരും സത്യ വിശ്വാസികളാണെന്ന്. പക്ഷെ സാറേ, തോക്ക് നെഞ്ചത്തോട്ട് ചൂണ്ടി 'നീ ക്രിസ്ത്യാനിയാണോടാ'യെന്ന് ചോദിക്കുമ്പോള്‍ അതെയെന്നു പറയുന്നവനെ മാത്രമേ കഷ്ടിച്ച് ക്രിസ്ത്യാനിയെന്നു വിളിക്കാന്‍ പറ്റൂ. ഈ അടുത്ത കാലത്ത് ഒരു കല്യാണത്തിനു പോയി, ചെറുക്കനും പെണ്ണും സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു. അച്ചന്‍ പറഞ്ഞു, ചെറുക്കന്‍റെ കുടുംബക്കാരെ എനിക്കറിയാം, അവിടെ വൈദികരുണ്ട് കന്യാസ്ത്രികലുണ്ട്, കുടുംബ പ്രാര്‍ത്തനയുണ്ട് ...ഹോ ..എല്ലാവരും തികഞ്ഞ ക്രിസ്ത്യാനികള്‍. ...കേള്‍ക്കുന്നവര്‍ അത്ഭുതപ്പെട്ടുപോകും, കുടുംബ മഹിമ കേട്ടാല്‍.. പക്ഷെ ഈ ചെറുക്കനും പെണ്ണും കുരിശോ കൊന്തയോ,വെന്തിങ്ങമോ സൌദിയില്‍ കഴുത്തിലോ പെട്ടിയിലോ പോലും കൊണ്ടുനടക്കില്ല. ബൈബിളോ പ്രാര്‍ഥനാ പുസ്തകമോ കൈവശം പോലും വെക്കില്ല. റിയാലിന്‍റെ മുമ്പില്‍ അവയൊക്കെ അടിയറ വെക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലയെന്നത് പോട്ടെ ഈ വിശ്വാസി കുടുംബത്തിലെ ഒരു വാഴ്ത്തപ്പെട്ടവരും മറിച്ചു ചെയ്യണമെന്നു പറയുകയുമില്ല. അതായത് ഇതുപോലത്തെ സൌദി കത്തോലിക്കരെ ഇന്ന് സഭയില്‍ ഉള്ളൂവെന്ന് ഉറപ്പിച്ചു പറയാം.

    ReplyDelete
  2. ചെറുപ്പത്തില്‍ രക്തസാക്ഷികളുടെ കഥകള്‍ വാണക്കാമാസത്തില്‍ നിന്നും അല്ലാതെയും ഇഷ്ടംപോലെ കേട്ടാണ് വളര്‍ന്നത്‌. വിശ്വാസത്തിനു വേണ്ടി മരിക്കുക വഴി നേരിട്ട് സ്വര്‍ഗത്തില്‍ എത്തുമെന്നും അവിടെ മാതാവിന്റെയും എല്ലാ വല്യ പുണ്യാളരുടെയും മുമ്പില്‍ വച്ച് കിട്ടുന്ന കൈയടിയും പുകഴ്ത്തലും സമ്മാനങ്ങളും അതി ഗംഭീരമായിരിക്കുമെന്നും ഒക്കെ മനസ്സില്‍ തറച്ചിരുന്നു. ഹൈസ്കൂളില്‍ ആയിരിക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ ഭരണം കൈയടക്കിയപ്പോള്‍, റഷയിലും മറ്റും നടക്കുന്ന പീഡനങ്ങളെപ്പറ്റി അറിഞ്ഞിട്ടുള്ളതെല്ലാം വച്ച്, അത് തന്നെ കേരളത്തിലും വൈകാതെ ആരംഭിക്കുമെന്നും, എന്ത് വന്നാലും വേണ്ടില്ല, പെട്ടെന്ന് ചാകുന്ന ഒരു പീഡനം വഴി രക്തസാക്ഷി ആകേണ്ടി വരുമായിരിക്കുമെന്നും ഭയന്നായിരുന്നു നടപ്പ്. അപ്പോള്‍ സ്വര്‍ഗത്തിലെ ഗംഭീര ചടങ്ങുകള്‍ അത്ര ആകര്‍ഷകമായി തോന്നിയില്ല. ചാകേണ്ടി വന്നാല്‍ പിന്നെ എന്ത് ചെയ്യും, കൂടെ സ്വന്തപ്പെട്ടവരുമൊക്കെ കാണുമല്ലോ എന്നൊക്കെ ആശ്വസിച്ചു.
    പിന്നെപ്പിന്നെ അറിവ് വച്ചപ്പോള്‍ ചിന്തയൊക്കെ മാറി. അങ്ങനെ ചുമ്മാ ഒരു വിശ്വാസം മുറുകെപ്പിടിച്ചോണ്ട് ജീവന്‍ കളയുന്നതില്‍ എന്തിരിക്കുന്നു? വിശ്വാസം ഉള്ളിലല്ലേ? അത് വിളിച്ചുപറഞ്ഞ് അപകടം ഉണ്ടാക്കുന്നത്‌ ബുദ്ധിയാണോ? എന്നൊക്കെ ചാഞ്ചല്യങ്ങല്‍ ഉടലെടുത്തുതുടങ്ങി.
    ഇന്നെനിക്കു തറപ്പിച്ചു പറയാനാകും - ആര് തോക്ക് ചൂണ്ടി 'നീ ക്രിസ്ത്യാനിയാണോടാ'യെന്ന് ചോദിക്കുമ്പോള്‍ അതെയെന്നു പറയേണ്ട യാതൊരു കടമയും എനിക്ക് തോന്നില്ല. 'നിന്റെ മതം തന്നെ എന്റെയും' എന്ന് പറഞ്ഞാണെങ്കിലും ജീവന്‍ സൂക്ഷിക്കണമെന്നെ ഞാന്‍ വിചാരിക്കൂ. അതില്‍ ഭീരുത്വമോ വഞ്ചനയോ ഉള്ളതായി ഒട്ടും തോന്നുന്നില്ല. അത്തരം വീരമരണം ആവശ്യപ്പെടുന്ന മതം അതുകൊണ്ടുതന്നെ വര്‍ജ്ജ്യമാണ്‌. കാരണം ജീവന്‍ മറ്റെല്ലാത്തിലും വലുതാണെന്നാണ് എന്റെ മതം. അതിന്റെ പേരില്‍ അങ്ങ് മുകളില്‍ ഒന്നുരണ്ട് കിരീടങ്ങള്‍ കിട്ടാതെ പോയാലും കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ തന്നെ കുടുംബത്തിലുള്ള ആരുടേയും വിശ്വാസവുമായി ഞാന്‍ യോജിക്കുന്നില്ല എന്ന് അവര്‍ക്കെല്ലാം അറിയാം. അതൊക്കെ എന്റെ കാര്യം മാത്രമായി അവര്‍ വിട്ടുതരികയും ചെയ്യുന്നുണ്ടാവണം. അല്ലെങ്കില്‍ പണ്ടേ തോക്കുകള്‍ എനിക്ക് നേരേ നീളേണ്ടാതായിരുന്നു!

    ReplyDelete
  3. വെടിവെക്കാന്‍ വരുന്ന അപരനായ ഭീകര മതഭ്രാന്തനോട് സ്വന്തം ജീവന്‍ നിലനിര്‍ത്തുവാന്‍ തന്റെ മതമാണടോ എന്റെതെന്നു പറയുമെന്ന സാക്കിന്റെ തത്വം നന്നായിയിരിക്കുന്നു. 'ലോകം മുഴുവന്‍ നേടിയാല്‍ ആത്മാവ് നശിച്ചാല്‍ പ്രയോജനം എന്തെന്ന്' പള്ളി പ്രസംഗം ഞാന്‍ കെട്ടിട്ടുണ്ട്. തോക്കിന്മുനയില്‍നിന്നു ആത്മാവ് നശിച്ചാല്‍ എനിക്കൊരു ചുക്കുമില്ലെന്ന് ഇന്ന് ഞാനും ഉറക്കെ പറയും.

    സഭ വളരുവാന്‍, അങ്ങനെ പണം കൊയ്യാന്‍ രക്തസാക്ഷികളെ വേണം. ക്രിസ്തുശിക്ഷ്യനായ തോമസിനെ ബൌദ്ധികതന്ത്രത്തില്‍ക്കൂടി രക്തസാക്ഷിയാക്കി. അത് പോര്‍ട്ടുഗീസുകാരുടെ കരവിരുതായിരുന്നു. തോമസിന്റെ കല്ലറയില്‍ കണ്ടത് ക്രിസ്തുവിന്റെ കാലത്തെ മാര്‍ബിളും, കുന്തവുമൊക്കെ ആക്കി. പ്ലാസിഡച്ചനെപ്പോലെ ചരിത്രം വളച്ചോടിക്കുന്നവരെയും സഭയ്ക്ക് കിട്ടി. ഇത് ചരിത്രമല്ല, സഭയുടെ പ്രോപ്പഗണ്ടായെന്നു പറഞ്ഞാല്‍ സത്യം മുഴുവനുണ്ടെങ്കിലും ജനം പരിഹസിക്കുമെന്നും തീര്‍ച്ചയാണ്.

    പുരാണത്തില്‍ ഹനുമാന്‍ രാവണനോടു പറയുന്ന ഒരു ശ്ലോകത്തിന്റെ സാരം ഓര്‍മ്മവരുന്നു. മരണഭയമില്ലാത്തവര് ഈ ഉലകത്തില്‍ ഇല്ലായെന്ന് ഹനുമാന്‍ രാവണനോട് പറയുന്നരംഗമാണത്. മനസിനെ തളച്ചിട്ടാല്‌ ബുദ്ധിയില്ലാത്ത ഭക്തന്‍ എന്തുംചെയ്യും. പട്ടാളത്തില്‍ ശത്രുക്കളെ തുരുത്താന്‍ കമാണ്ടര്‍ പറഞ്ഞാല്‍ ജീവനെ നോക്കുകയില്ല. അവിടെ അമിതമായ സ്വരാജ്യപ്രേമം. അത്തരം മതഭ്രാന്തു മൂക്കുമ്പോഴാണ്, 'ഭീകരത' ജനജീവിതത്തിനു ഭീഷണിയാകുന്നത്‌.

    വളരെക്കാലം മുമ്പ് ഞാന്‍ ഡ്രൈവിംഗ് പഠിച്ചകാലങ്ങളില്‍ കെന്നഡി എയര്‍പോര്‍ട്ടില്‍നിന്ന് അന്നത്തെ വിജയപുരംബിഷപ്പിനെ സ്വീകരിച്ചു ഒരു പള്ളിയില്‍ ഡ്രൈവ്ചെയ്തു കൊണ്ടുവിടേണ്ട ഭാഗ്യംവന്നു. ഞാന്‍ പേടിച്ചു പട്ടണത്തില്‍ ഡ്രൈവിംഗ്പഠിച്ചു തുടങ്ങിയകാലവും ആയിരുന്നു. മലയാളികള്‍ വളരെ വിരളമായെ ഈ നാട്ടില്‌ അന്നുണ്ടായിരുന്നുള്ളൂ. രണ്ടുമൂന്നു മണിക്കൂര്‍ തണുപ്പുംകൊണ്ട് അയാളെ സ്വീകരിച്ച എന്നോട് പെട്ടിയെടുത്തു കാറെ വെക്കടോയെന്നു കൂടെനിന്ന പുരോഹിതന്‍ പറഞ്ഞതും ഓര്‍ക്കുന്നു. ബിഷപ്പിന്റെ ഇല നക്കിതിന്നിരുന്ന പുരോഹിതന്‍ ഓര്‍ത്തത് ഞാന്‍ വെറും ഡ്രൈവര്‍ ആണെന്നായിരിക്കാം.

    കാറ് സ്റ്റാര്‌ട്ടു ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പണംകൊടുത്തു മേടിച്ച കാറിന്റെ പുറകില്‍ ചടഞ്ഞിരിക്കുന്ന ബിഷപ്പിന്റെ ഒരു കമന്റ്. "എടൊ തന്നെ വിശ്വസിക്കാമൊ, തന്റെ കൂടെയിരുന്നാല്‍ ഞങ്ങളുടെ ജീവന്‍ സുരക്ഷിതമാണോ"? ഇത് കേട്ടമാത്രയില്‍ എന്നുള്ളിലെ നവീകരണ ചിന്താഗതികള്‌ക്കും ചൂടുപിടിച്ചു. ഞാന്‍ പറഞ്ഞു, 'തിരുമേനി, ഞാന്‍ ഡ്രൈവിംഗ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അപകടം ഉണ്ടാകാം. എങ്കില്‍ ആദ്യം എന്റെ ജീവനെ ഞാന്‍ രക്ഷിക്കും. എന്റെ ജീവനെ രക്ഷിക്കുന്ന തത്രപ്പാടില്‍ തിരുമേനിയുടെ ജീവനെപ്പറ്റി ഞാന്‍ ഒര്‌ത്തെന്നു വരുകയില്ല. ആ കൂടെ തിരുമേനിയുടെ ജീവന്‍ രക്ഷപ്പെട്ടാല്‍ ഭാഗ്യമെന്നു പറഞ്ഞു ദൈവത്തിനു സ്തോത്രം ചെയ്തുകൊള്ളൂ.

    'താനും എടൊ' വിളിയും അസഹ്യമായപ്പോള്‍ നിങ്ങളുടെ ലത്തീന്‍പള്ളിയില്‍ വരുന്ന പുലയരോടു പെരുമാറുന്നതുപൊലെ എന്നോട്പെരുമാറരുതെന്നു താക്കീതും കൊടുക്കേണ്ടി വന്നു. തിരുമേനി ഒരു ചത്തവന്റെ ചിരിയുമായി പിന്‍സീറ്റില്‍ നിസഹായനായി മറുപടി പറയാതെ ഇരിക്കുന്നതും ഓര്‍ക്കുന്നു.

    കൗമാരക്കാലങ്ങളില്‌ 'എടാ പോടാ'യെന്നോക്കെ ഈ തിരുവസ്ത്രക്കാര്‌ വിളിച്ചാല്‍ മനസിന്‌ ഒരു സുഖം ലഭിക്കുമായിരുന്നു. അക്കാലരാത്രികാലങ്ങളില്‍ അയ്യപ്പന്മാര്‍ കുരിശുതകര്‍ക്കുമെന്ന് പള്ളിയറിയിപ്പനുസരിച്ച്‌ കാഞ്ഞിരപ്പള്ളി കുരിശിനു കാവല്‍നിന്നിട്ടുണ്ട്. ചുമ്മാ പോവുന്ന അയ്യപ്പന്മാരോടും ഉടക്കാന്‍ പോയിട്ടുണ്ട്. പുരോഹിതന്‍ പറഞ്ഞാല്‍ എന്തുംചെയ്യുന്ന വട്ടുപിടിച്ച അങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു. സാക്കിന്റെ അനുഭവകഥകള്‍ പങ്കു വെച്ചതില്‍ സന്തോഷം ഉണ്ട്.

    ReplyDelete
  4. മെത്രാന്മാര്‍ എത്ര നാറിയ സ്വാര്‍ത്ഥരും അവസരവാദികളുമാണെന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണം? എന്റെ ഒരു സുഹൃത്ത്, നാളുകളായി ഡീക്കനായി വിദേശത്ത്‌ ജോലി ചെയ്യുന്നയാള്‍, ഹൈസ്കൂള്‍ റ്റീച്ചറായിരുന്ന കാലത്ത്,അന്ന് പാലാ ബിഷപ്പ് പള്ളിക്കാപ്പറമ്പന്‍ ആ നാട്ടില്‍ ചെന്നു. ഈ സുഹൃത്ത് അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന സെക്രട്ടറി അച്ചനെയും എയര്‍ പോര്‍ട്ടില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിച്ചു, പല പ്രാവശ്യം പല സ്ഥലങ്ങളില്‍ സ്വന്തം കാറില്‍ കൊണ്ടുപോയി. മെത്രാന് സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കി ഭക്ഷണവും തയ്യാറാക്കി കൊടുത്തു. അങ്ങേരും സെക്രട്ടറിയും അവിടെ തങ്ങിയ ദിവസങ്ങളില്‍ വീട്ടിലെ ടെലിഫോണ്‍ ഇഷ്ടം പോലെ ഉപയോഗിച്ച് പുറംരാജ്യങ്ങളിലേയ്ക്കും കണ്ടമാനം വിളിച്ചുകൊണ്ടിരുന്നു.

    കുറച്ചു നാള്‍ കഴിഞ്ഞ് എന്റെ സുഹൃത്ത് നാട്ടിലെത്തിയപ്പോള്‍ ഒരു വിവാഹത്തിന്റെ കാര്യത്തിന്, വിളിച്ചു ചെല്ലുന്നത് ഒഴിവാക്കുന്നതിന്റെ ഒത്താശക്കായി, അരമനയില്‍ ചെന്നു. ബിഷപ്പ് ഉറക്കമാണെന്ന് പോര്‍ട്ടര്‍. തിരുമേനിയെ നന്നായി അറിയാം, എന്റെ വീട്ടില്‍ ആയിരുന്നു കുറെ ദിവസങ്ങള്‍ താമസിച്ചത് എന്നൊക്കെ പറഞ്ഞപ്പോള്‍, പോയി വിളിച്ചുകൊണ്ടുവന്നു. ഉറക്കമൊന്നും അല്ലായിരുന്നു. എന്നാല്‍, എന്റെ സുഹൃത്ത്, ഡീക്കന്‍സ്ഥാനമൊക്കെ മറന്ന്, ഇന്നും ലോകത്തിലുള്ളതില്‍ ഏറ്റവും നാറിയ തെറിവാക്ക് കൂട്ടി പറയുന്നത്, " ആ .....മോന്‍ എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല!" എന്നാണ്! ഇത്രക്കാണ് നമ്മുടെ മെത്രാന്മാരുടെ ഓര്‍മ്മശക്തിയും മനുഷ്യരോടുള്ള ബഹുമാനവും. ലോകത്തെവിടെയായാലും അല്മെനികള്‍ അവരെ ചുമക്കാനുള്ളവരാണ്!

    ReplyDelete
  5. "കത്തനാര്‍" എന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ളോഹ ഇട്ടു കയറിയാല്പിന്നെ ആരെയും mr .പോലും ചേര്‍ക്കാതെ നേരെ പേരുമാത്രം വിളിക്കുന്ന ചട്ടമ്പി കത്തനാരെന്മാരെ നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം . ചിലരോട് " ളോഹ ഇട്ടതില്പിന്നെ അപ്പനേം പേരാന്നോ കത്തനാരെ വിളിക്കുന്നത്‌"""" എന്ന് തിരികെ ചോദിച്ചു ഞാന്‍ കലഹിചിട്ടുണ്ട് .ഇവര്‍ക്ക് നമ്മുടെ മുകളിലുള്ള ഈ ആധിപത്യം ഇല്ലാതാക്കാന്‍ ഒന്നാമതായി നാം ഇവറ്റകളെ കണ്ടാല്‍ mind ചെയ്യാതിരിക്കുക .രണ്ടാമതായി ഒരുകാരണവശാലും " അച്ഛാ /പിതാവേ " എന്ന് വിളിക്കാതെ വെറും " കത്തനാരെ "എന്നാക്കുക.നമ്മള്‍ നാലുപേര് തുടങ്ങുന്നത് നാളെ രീതി ആകും ഫാഷന്‍ പോലെ പടരും .ഓക്കേ

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete