Translate

Sunday, August 19, 2012

നിരീശ്വരരെയും കപടഭക്തരെയും സൃഷ്ടിക്കുന്ന കത്തോലിക്കാസഭ

'സത്യജ്വാല' മാസികയുടെ 2012 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമാണ് കത്തോലിക്കാസഭ. ആയിരക്കണക്കിനു മതവിഭാഗങ്ങളുള്ള ഈ ലോകത്ത്, അതിലെ 1/6 പേരും കത്തോലിക്കരാണെന്നാണ് കണക്ക്. ഏറ്റവും വ്യവസ്ഥാപിതമായും ഏറ്റവും കെട്ടുറപ്പോടെയും നിലനില്‍ക്കുന്ന മതവും കത്തോലിക്കാസഭതന്നെ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും അതിന്റെ പ്രചാരണം പരിശീലിപ്പിക്കാനും വ്യാപകവും ശക്തവുമായ സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. 'വിളവധികം വേലക്കാര്‍ ചുരുക്കം' എന്ന് യേശു വിലപിച്ചെങ്കില്‍ , കത്തോലിക്കാസഭയ്ക്ക് അങ്ങനെയൊരു പ്രതിസന്ധിയില്ല. കാരണം, ജീവിതംതന്നെ ഉഴിഞ്ഞുവച്ച്, വ്രതാനുഷ്ഠാനത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനു വൈദികരുടെയും കന്യാസ്ത്രീകളുടെയും ഒരു സേനാവ്യൂഹംതന്നെ സഭയ്ക്കുണ്ട്. ചുരുക്കത്തില്‍ ലോകജനതയെ മുഴുവനായി ത്തന്നെ യേശുവിന്റെ ആദ്ധ്യാത്മികതയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ പോരുന്നത്ര സന്നാഹത്തിലാ ണ്  നൂറ്റാണ്ടുകളായി കത്തോലിക്കാസഭ. പുളിമാവ് അധികം വേണ്ടല്ലോ, മുഴുവന്‍ മാവും പുളിപ്പിക്കാന്‍ .

പക്ഷേ, കത്തോലിക്കാസഭ പുലരുന്നിടങ്ങളിലെല്ലാം നിരീശ്വരത്വവും കമ്യൂണിസവുമാണ് പൊട്ടിമുളയ്ക്കുന്നതായും വളര്‍ന്നുപന്തലിക്കുന്നതായും കണ്ടുവരുന്നത്. വൃക്ഷത്തെ ഫലത്തില്‍ നിന്നറിയാമെന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത്. കമ്യൂണിസം ഉരുവായതുതന്നെ, ക്രൈസ്തവയൂറോപ്പിലാണ്. അതിന്റെ വിത്തുകള്‍ക്ക് നല്ല മണ്ണായിത്തീര്‍ന്നതും ക്രൈസ്തവര്‍ കൂടുതലുള്ള നാടുകളിലാണ്. ഇന്‍ഡ്യയില്‍ കേരളംതന്നെ അതിനുദാഹരണം. അതുപോലെ, ലോകത്തിലെ നിരീശ്വരചിന്തകരെയും യുക്തിവാദികളെയും നോക്കിയാല്‍ അവരിലേറെയും കത്തോലിക്കരോ ക്രൈസ്തവരെങ്കിലുമോ ആണെന്നു കാണാം. 

ഇനി, ഈ രണ്ടു വിഭാഗത്തിലും പെടാത്തവരോ? അവരാണ് മാമോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാന്‍ ശ്രമിക്കുന്ന കപടഭക്തര്‍ -മുതലാളിത്തവാദികള്‍ . ഇതിനര്‍ത്ഥം, സഭ ഫലം പുറപ്പെടുവിക്കുന്നില്ല എന്നുതന്നെയാണ്. എന്നല്ല, അതു വിപരീതഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്നുമാണ്.  ഇതെന്തുകൊണ്ട് എന്ന്, കത്തോലിക്കരെന്നും ക്രൈസ്തവരെന്നുമുള്ള നിലകളില്‍ , ചിന്തിച്ചുനോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.


ഇവിടെ, എന്താണു ദൈവവിശ്വാസം, എന്താണു മതം എന്നൊക്കെ അല്‍പമൊന്നു ചിന്തിക്കേണ്ടതുണ്ട്. ആരോ, എന്നോ, എന്തിനൊക്കെയോവേണ്ടി രൂപംകൊടുത്ത വിശ്വാസപ്രമാണങ്ങളിലോ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലോ വിശ്വസിച്ചാല്‍ , അല്ലെങ്കില്‍ അതെല്ലാം ശരിയെന്ന് ഏറ്റുപറഞ്ഞാല്‍ , അതു സ്വന്തം മതവിശ്വാസമാകുമോ, ദൈവവിശ്വാസമാകുമോ? തീര്‍ച്ചയായുമില്ല. അത് അന്യമതവിശ്വാസവും 'ദൈവശാസ്ത്രവിശ്വാസ'വുമേ ആകൂ. യേശു മുന്നോട്ടുവച്ച ദൈവദര്‍ശനം ശരിയാണെന്ന് ഒരുവന്‍ സമ്മതിച്ചാല്‍പോലും, അത് അയാളുടെ ദൈവവിശ്വാസമാകുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഔഷധക്കുപ്പിയില്‍ എഴുതിയിരിക്കുന്ന വിവരണങ്ങള്‍ ശരിയാണെന്ന് അറിഞ്ഞതുകൊണ്ടോ അംഗീകരിച്ചതുകൊണ്ടോ അതിന്റെ ഗുണം ലഭിക്കില്ല. ഒരുവനത് സ്വയമായിത്തന്നെ സേവിക്കണം. എങ്കില്‍ മാത്രമേ ഗുണംകിട്ടൂ. സ്വയം കണ്ടെത്തി സ്വാംശീകരിക്കാത്തതൊന്നും സ്വന്തമാകില്ലതന്നെ. അതുപോലെ സ്വന്തം ദൈവാന്വേഷത്തിലൂടെമാത്രമേ, സ്വന്തം ദൈവവിശ്വാസത്തെയും കരുപ്പിടിപ്പിക്കാനാവൂ.


'നിന്റെ ഉള്ളറയില്‍ കയറി വാതിലുകള്‍ അടച്ച് അവിടെ അദൃശ്യമായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ത്ഥി'ക്കാന്‍ യേശു ഓരോരുത്തരോടും ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ അതിനു പ്രതിഫലമായി ഉള്ളില്‍ വളരുന്നതാണ് വിശ്വാസം. സര്‍വ്വവ്യാപിയായിരിക്കുന്ന ദൈവത്തെ കണ്ടെത്താനും ആ പരമസത്തയില്‍ വിശ്വസിക്കാനും ഓരോരുത്തരും അവരവരുടെ ഉള്ളില്‍ത്തന്നെ എഴുന്നള്ളിയിരിക്കുന്ന ദൈവാരൂപിയെ, ആത്മസ്വരൂപത്തെ, സ്വന്തം സത്തയെ, ആദ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്, തീവ്രമായ അന്വേഷണവ്യഗ്രതയോടെ സ്വന്തം ഹൃദയവാതിലുകള്‍ മുട്ടിത്തുറക്കേണ്ടതുണ്ട്, ഓരോ മനുഷ്യനും.


ഇതൊരു ഏകാന്തപ്രക്രിയയാണ്. അതിലേക്കു വെളിച്ചംവീശാനും ഉത്തേജിപ്പിക്കാനും മാത്രമേ മറ്റുള്ളവര്‍ക്കു കഴിയൂ. എക്കാലത്തേയും ആദ്ധ്യാത്മികാചാര്യന്മാര്‍ അതാണു ചെയ്തിട്ടുള്ളത്. മതപ്രസ്ഥാനങ്ങള്‍ക്കും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. ആത്മീയതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പുളിമാവായും സത്യത്തിലേക്കു നയിക്കുന്ന വെളിച്ചമായും വര്‍ത്തിക്കുകമാത്രമാണ് അവ ചെയ്യേണ്ടത്. വലിയ മതപ്രസ്ഥാനങ്ങള്‍ക്ക്, ഇതേകാര്യം കൂടുതല്‍ വിപുലമായി ചെയ്യാന്‍ കഴിഞ്ഞേക്കാമെന്നുമാത്രം.

കത്തോലിക്കാസഭ ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അങ്ങനെ തനതായൊരു ദൈവാന്വേഷണപ്രക്രിയ മനുഷ്യന് അനുവദിക്കുന്നുമില്ല. (മാര്‍ ആലഞ്ചേരിയുടെ ജൂണ്‍ 3-ലെ ഇടയലേഖനവും പിന്നീടുടനെ കെ.സി.ബി.സി.ചേര്‍ന്ന്, വിശ്വാസികളുടെ സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താനെടുത്ത തീരുമാനവും ഉദാഹരണങ്ങള്‍ മാത്രം). പകരം, 'ഇതാണ്, സത്യവിശ്വാസം, ഇതാണ് സത്യവിശ്വാസം; ഇതംഗീകരിച്ചാല്‍ നിത്യരക്ഷ, അല്ലെങ്കില്‍ നിത്യനരകം' എന്ന് അതിന്റെ അതിശക്തമായ മുഴുവന്‍ സംവിധാനങ്ങളിലൂടെ, ഭീഷണമായ സ്വരത്തിലും ആധികാരികത ഭാവിച്ചും ഒച്ചവയ്ക്കുകയാണ്, സഭ. അങ്ങനെ, മനുഷ്യന്റെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തെ ചങ്ങലക്കിടുകയാണ്; അവന്റെ അന്വേഷണബുദ്ധിയെ മുളയിലേ നുള്ളുകയാണ്; കര്‍ക്കശക്കാരനായ ഒരു ദൈവത്തെ അവതരിപ്പിച്ചും തീനരകം കാട്ടിയും സമുദായഭ്രഷ്ടു കല്‍പിച്ചും മനുഷ്യരില്‍ ഭീതിയുണര്‍ത്തി, അവരുടെ എല്ലാവിധ സര്‍ഗ്ഗാത്മകതകള്‍ക്കും കുളംതോണ്ടുകയാണ്; ദൈവികദാനമായി വ്യത്യസ്തതരത്തിലും തോതിലും മനുഷ്യനു ലഭിച്ചിട്ടുള്ള 'താലന്തു'കളെല്ലാം, സിദ്ധികളും വാസനകളും വൈഭവങ്ങളുമെല്ലാം, പൂഴിമണ്ണില്‍ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണെന്നോര്‍ക്കണം.


സഭാസംവിധാനം അവതരിപ്പിച്ച ഈ ദൈവത്തെയും മതത്തെയും അല്‍പമെങ്കിലും തലയുയര്‍ത്തിനിന്നു നിരാകരിച്ചവരാണ് നിരീശ്വരരായി അറിയപ്പെടുന്നത്. ഇതേ സംവിധാനത്തിനു കീഴിലുള്ള കപടഭക്തര്‍ മാമോന്‍ സേവയ്ക്കായി അവതരിപ്പിച്ച മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ഘടനയെ എതിര്‍ത്ത് ഒരു ബദല്‍ഘടന അവതരിപ്പിച്ചവര്‍ കമ്യൂണിസ്റ്റുകളുമായി. വികലമായ ഒരു ദൈവസങ്കല്പത്തിനും അതു ജന്മംകൊടുത്ത വികലമായ ഒരു സാമൂഹികവ്യവസ്ഥയ്ക്കുമെതിരെ പ്രതികരിച്ചുണ്ടായ ഈ ബദല്‍ ചിന്താപദ്ധതികളിലും, സ്വാഭാവികമായും, അതിന്റേതായ ജനിതകവൈകല്യങ്ങളുണ്ടായി. കാരണം, അതൊന്നും സ്വന്തം ഉണ്മയെക്കുറിച്ചും ഈ വിശ്വപ്രകൃതിയുടെ ഉണ്മയെക്കുറിച്ചും അവതമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യന്‍ ഏകാന്തതയില്‍ അന്വേഷിച്ചു രൂപംകൊടുത്തവയല്ല. മറിച്ച്, സംഘടിതമായ ഒരു അസത്യപ്രദര്‍ശനത്തിനും അനീതിഘടനയ്ക്കു മെതിരെ സംഘടിതമായി പ്രതികരിക്കുക മാത്രമായിരുന്നു. സ്വാഭാവികമായും, ദാര്‍ശനികമായ ആഴമോ വിശുദ്ധിയോ തെളിമയോ അവയ്ക്കില്ലാതെപോയി. 

ലോകമിന്ന്, ഈ മൂന്നു ബഹിര്‍മുഖപ്രസ്ഥാനങ്ങളുടെയും-കപടഭക്തരുടെയും കമ്യൂണിസ്റ്റ്, നിരീശ്വരപ്രസ്ഥാനങ്ങളുടെയും-സ്വാധീനത്തിലാണ്. തന്മൂലം, തായ്‌വേരറ്റ വൃക്ഷംപോലെ, മനുഷ്യജീവിതം ഉണങ്ങിവരണ്ട് ഊഷരമാവുകയാണ്. മസ്തിഷ്‌കനിയന്ത്രണമില്ലാത്ത പേശീചലനങ്ങളുടേതുപോലത്തെ വികലചേഷ്ടകള്‍ സമൂഹഗാത്രത്തില്‍ മതമൗലികവാദങ്ങളായും തീവ്രവാദങ്ങളായും ഭീകരപ്രവര്‍ത്തനങ്ങളായും പ്രത്യക്ഷമാവുകയാണ്. അങ്ങനെ, മനുഷ്യജീവിതമിന്ന്, കൊല്ലും കൊലയും ചൂഷണവും കലാപങ്ങളും നിലവിളികളും നിറഞ്ഞ ഭീതിദവും അതിദാരുണവുമായ ഒരന്തരീക്ഷത്തിലായിരിക്കുന്നു. ചുരുക്കത്തില്‍ , യേശു അവതരിപ്പിച്ച ദൈവരാജ്യത്തിന്റെ മറുധ്രുവത്തിലാണ് ലോകത്തെ കത്തോലിക്കാസഭ എത്തിച്ചിരിക്കുന്നത്. മതത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഒരു പുരോഹിതരാഷ്ട്രീയപ്രസ്ഥാനമായിട്ടേ അതിനെ കാണാനാവൂ. 
മറ്റു മതങ്ങളെ രാഷ്ട്രീയവത്കരിച്ചതിനുള്ള മുഖ്യ ഉത്തരവാദിത്വവും സഭയ്ക്കാണ്.

അതുകൊണ്ട് കത്തോലിക്കാസഭയില്‍ത്തന്നെ, തിരിച്ചുള്ള ഒരു പ്രക്രിയയ്ക്കു തുടക്കംകുറിക്കേണ്ടിയിരിക്കുന്നു. സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റേണ്ടിയിരിക്കുന്നു. കത്തോലിക്കരില്‍ സത്യാന്വേഷണത്തിലും സ്വതന്ത്രചിന്തയിലും ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടേ ആത്മവിമര്‍ശനത്തിന്റേതായ ഇത്തരമൊരു തുടക്കത്തിനു സാധിക്കൂ. യേശുവിന്റെ ദൈവദര്‍ശനത്തെയും ദൈവരാജ്യസങ്കല്‍പത്തെയും, ദൈവദാനമായി ലഭിച്ച സ്വന്തം ബുദ്ധിയിലും ഹൃദയത്തിലും ഉള്‍ക്കൊണ്ടും സ്വാംശീകരിച്ചുമാത്രം സ്വന്തം വിശ്വാസം രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഓരോ കത്തോലിക്കനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്, യേശുവിന്റെ ദൈവരാജ്യത്തില്‍ സ്വയം പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാനനുവദിക്കാതെയും, ദൈവശാസ്ത്രക്കുഴികളും കിടങ്ങുകളും തീര്‍ത്ത് അതില്‍ വീണുകിടക്കുന്ന പൗരോഹിത്യത്തെയും അവരുടെ ശാസനകളെയും അവഗണിക്കാനുള്ള ചങ്കൂറ്റം നാം കാണിക്കേണ്ടതുണ്ട്. അന്ധതയുടെ കുഴികളില്‍ക്കിടക്കുന്ന അവര്‍ക്ക് വെളിച്ചം പകരാനും നാം ബാധ്യസ്ഥരാണ്.


തീര്‍ച്ചയായും, യേശു വിഭാവനം ചെയ്ത പരസ്പരാനന്ദകരമായ നല്ലൊരു ലോകം സാധ്യമാണ്. അതു നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. കണ്ടെത്തി ആവിഷ്‌കരിക്കണമെന്നുമാത്രം. 
                                                        ജോര്‍ജ് മൂലേച്ചാലില്‍ , എഡിറ്റര്‍


23 comments:

  1. ഞായറാഴ്ചകളില്‍ പോലും ഓടിച്ചാടി നടന്ന് ഒന്ന് ചൊവ്വേ ശ്വാസം വിടാന്‍ സമ്മതിക്കാത്ത വിധത്തില്‍ കുഞ്ഞുങ്ങളെ രണ്ടര മൂന്നു മണിവരെ പിടിച്ചിരുത്തി ലോകത്തിലെ ഏറ്റവും സങ്കുചിതമായ ഒരു മതത്തിന്റെ തീവ്രവാദങ്ങള്‍ എണ്ണിയെണ്ണി ഉരിവിട്ടു പഠിപ്പിക്കുന്ന കത്തോലിക്കാ വേദപാഠക്ലാസ്സുകളാണ് ഭാവിയിലെ നിരീശ്വരവാദികളെ സൃഷ്ടിക്കുന്ന വളക്കുഴി എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. കാരണം, ജീവിതാനുഭവങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ വേദപാഠക്ലാസ്സുകളില്‍ കേട്ടത് മുഴുവന്‍ നുണയായിരുന്നു എന്ന സത്യം തെളിഞ്ഞു വരും. അതോടെ യുവാക്കള്‍ പള്ളിയെ എതിര്‍ക്കാന്‍ തുടങ്ങും. ഞാന്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇങ്ങനെ പറയുന്നത്.
    ഇക്കാര്യം ബെട്രാണ്ട് റസ്സല്‍ അല്പം യുക്തിഫലിതം ചേര്‍ത്ത്‌ പറഞ്ഞതിങ്ങനെ: നിരന്തരമായ ക്രൈസ്തവ വിദ്യാഭ്യാസം നിറുത്തുന്നത് കഷ്ടമായിരിക്കുമെന്നു നിങ്ങള്‍ പറയുന്നു. എന്നാല്‍, അങ്ങനെയെങ്കില്‍ മേലാല്‍ യുക്തിവാദികളെ നിങ്ങള്ക്ക് ലഭിക്കുകയില്ല. തന്റെ മകള്‍/മകന്‍ ഒരു തീവ്ര ക്രിസ്തുമതവിശ്വാസിയായി (അല്ലെങ്കില്‍ മറ്റേതെങ്കിലും അസംബന്ധമനുസരിച്ചോ) വളരണമെന്നും, ഒരു കാരണവശാലും യുക്തിപരമായി ചിന്തിച്ചു വളരരുത്‌ എന്നും മാതാപിതാക്കള്‍ നിഷ്ക്കര്‍ഷിക്കുന്നതില്‍നിന്നാണ് യുക്തിവാദികളും നിരീശ്വരവാദികളും മുഖ്യമായി ഉയര്‍ന്നുവരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍. യുക്തിവാദം നിരീശ്വരവാദമല്ലെന്ന് ഇവിടെ എടുത്തു പറയേണ്ടതില്ലല്ലോ.

    അതിതീവ്രമായ മതാന്ധതയിലൂടെ നമ്മുടെ മെത്രാന്മാര്‍ക്കും അവരോട് ഒത്തു നില്‍ക്കുന്നവര്‍ക്കും യുക്തിയുടെ എല്ലാ ഉപയോഗങ്ങളും മുരടിച്ചുപോയതാണ് ഇപ്പോഴത്തെ മിക്ക കോലാഹലങ്ങള്‍ക്കും പിന്നിലുള്ള കാരണം. വിവാഹമോചനം, ജനന നിയന്ത്രണം, കൃത്രിമ ബീജ സങ്കലനം തുടങ്ങിയ കാര്യങ്ങളില്‍ യുക്ത്യാധിഷ്ഠിതമായ കാഴ്ചപ്പാടും മതാന്ധതയുടെ കാഴ്ചപ്പാടും ഉണ്ട്. പള്ളിയില്‍ കേട്ട രണ്ടാമത്തെ വിശകലനത്തിന് ശേഷം, വീട്ടില്‍ പോയി ആദ്യത്തെ രീതിയാണ് ഭൂരിഭാഗം ജനവും അനുവര്‍ത്തിക്കുന്നത്. അത് എന്തുകൊണ്ട് എന്നും ആലോചിക്കേണ്ടതുണ്ട്. അച്ഛന്മാര്‍ പറയുന്നതും വസ്തുതയുമായി മനുഷ്യപ്പൊരുത്തമില്ലെന്നത് തന്നെയാണ് കാരണം.
    മനസ്സ് പ്രപഞ്ചത്തിന്റെ വിശാലതക്ക് വേണ്ടിയുള്ള ഒരു കണ്ണാടിയായി തീരുന്നുണ്ടോ എന്നതാണ് ഇക്കാര്യങ്ങളില്‍ നേരും തെറ്റും നിശ്ചയിക്കാന്‍ സഹായിക്കേണ്ടത്. മതത്തിന്റെ ഉദയത്തിനു വഴിതെളിച്ച അനുഭവങ്ങളെ നിരാകരിക്കാതെ തന്നെ പറയാം, തെറ്റായ വിശ്വാസങ്ങളോടുള്ള കടുംപിടുത്തത്തിലൂടെ വളരെയധികം തിന്മ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് മനുഷ്യരാശി മതഭ്രാന്തന്മാരുടെ ശത്രു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന മഹാദുരന്തത്തിനു പധാന ഉത്തരവാദികള്‍ കത്തോലിക്കാ, പ്രോട്ടാസ്റ്റെന്ടു വിഭാഗങ്ങളില്‍ ആണുള്ളത്. അതിന്റെയെല്ലാം തുടക്കം, തങ്ങളുടെ വിശ്വാസം മാത്രം പവിത്രമാണെന്നും മറ്റെല്ലാം നരകയോഗ്യമായ പാതകമാണെന്നുമുള്ള ഉറപ്പിലാണ്. ആര്യന്മാരും കത്തോലിക്കരും, കുരിശുയുദ്ധക്കാരും മുസ്ലീങ്ങളും, പ്രോട്ടെസ്റ്റെന്റുകാരും പോപ്പിന്റെ കൂട്ടരും, കമ്യൂണിസ്റ്റുകാരും ഫാസിസ്റ്റുകളും കഴിഞ്ഞ 1800 കൊല്ലങ്ങളിലെ നിഷ്ഫലമായ സംഘട്ടനങ്ങള്‍ കൊണ്ട് മനുഷ്യരെ വഞ്ചിച്ചിരിക്കുന്നു. അല്പമൊരു തത്ത്വജ്ഞാനം ഉണ്ടായിരുന്നെങ്കില്‍, വിട്ടുവീഴ്ച എന്തെന്ന് പഠിക്കാന്‍ ഇക്കൂട്ടര്‍ക്കെല്ലാം ആകുമായിരുന്നു. ഇക്കാലത്തും പിടിവാശിയാണ് മനുഷ്യാഹ്ലാദത്തിന്റെ ഏറ്റവും വലിയ മാനിക തടസ്സം.

    വീണ്ടും കാലികപ്രസക്തിയുള്ള ഒന്നാന്തരമൊരു എഡിറ്റോറിയല്‍ എഴുതി സത്യജ്ജ്വാലയെ മഹാത്ത്വപ്പെടുത്തിയതിന് ജോര്‍ജ്ജിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  2. വളരെ പ്രസക്തമായ ഒരു കുറിപ്പാണ് ശ്രി. ജോര്‍ജ്ജിന്റെത് എന്ന് പറയാതിരിക്കാന്‍ വയ്യ. കത്തോലിക്കാ സഭ അതിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനു വേണ്ടി യാതൊന്നും ചെയ്യുന്നില്ല. പൊതു സമൂഹത്തിനു കിട്ടുന്ന സന്ദേശമാവട്ടെ ഒട്ടും സുഖകരവുമല്ല. വിവാദമായ പുഷ്പഗിരി കേസുകള്‍, ദുരൂഹമായ അഭയ കൊലപാതകം, മത്തായി ചാക്കോ അന്ത്യകൂദാശ, ഞാറക്കല്‍ സ്കൂള്‍ പിടിക്കല്‍, തലോരെ പള്ളി പിടിക്കല്‍.... തുടങ്ങി കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് മറ്റുള്ളവര്‍ നമ്മെ അറിയുന്നത്. ഒരിടവകയില്‍ ഒരു വാര്‍ഡ്‌ മുഴുവന്‍ സഭ വിട്ടാലും അതെന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ ഇന്ന് ആരുമില്ല.

    പല പള്ളികളിലും Construction കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം സ്ഥിരം കമ്മിറ്റികള്‍ വന്നു കഴിഞ്ഞു. ഞങ്ങളുടെ ഇടവകയായ ഇളങ്ങുളത്തു പുതിയ അജപാലന മന്ദിരം പണിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.... നാല് കോടി ബഡ്ജറ്റ് ...പണി തിരുമ്പോള്‍ അത് അഞ്ചോ ആറോ ആകാം.
    സ്വയം ചിന്തിക്കാനും, അതിലൂടെ ചിന്തകളില്ലാത്ത നിത്യതയിലേക്ക് കടക്കാനും ഒരു ക്രിസ്ത്യാനിയെ ആര് പഠിപ്പിക്കും? നാലാളുകളുടെ മുമ്പില്‍ ചെറുതാകാതിരിക്കാനുള്ള വ്യക്തിയുടെ വ്യഗ്രത മനോഹരമായി ചൂഷണം ചെയ്യപ്പെടുന്നു. ചിക്കാഗോയിലെ ചെറുപ്പക്കാരുടെ ഇടവേള paliative care പോലുള്ള വലിയ കാര്യങ്ങളിലേക്ക് വിടാതെ പഴയ പള്ളിയിരുന്ന സ്ഥലത്ത് പച്ചക്കറി വിളയിക്കുന്നതിലേക്ക് തിരിച്ചുവിട്ടു ഓരോ ആഴ്ചയും പത്തഞ്ഞൂറു ഡോളര്‍ പള്ളിക്ക് സമ്പാദിച്ചു കൊടുക്കുന്ന അച്ചനാണ് നമുക്കുള്ള നല്ലവരിലെ നല്ലവന്‍ മോഡല്‍.

    പണ്ട് ഞാനോര്‍ക്കുന്നു ആര്‍ട്ട്‌ ഓഫ് ലിവിംഗ്, റെയ്കി, പ്രാനിക് ഹിലിംഗ് മുതലായ കേരളത്തില്‍ വന്ന കാലം. എത്രയോ ക്രിസ്ത്യാനികളാണ് എന്തും വരട്ടെയെന്ന് കരുതി ആ കോഴ്സുകളില്‍ ചേര്‍ന്നത്‌.. അവര്‍ക്ക് കിട്ടിയ സൌഖ്യാനുഭവം ആരും മറന്നിട്ടില്ല. പുതിയൊരു തിരിച്ചറിവ് ഉണ്ടാകാന്‍ അവര്‍ക്കത്‌ കാരണമാവുകയും ചെയ്തു. ആ ഒഴുക്കില്‍ നിന്ന് മനസ്സിലായ ഒരു കാര്യം, ഒരു വഴി കിട്ടിയാല്‍ മാറുന്നതെയുള്ളൂ ഭൂരിഭാഗവും എന്നാണ്.

    അത്ഭുതങ്ങള്‍ നടന്ന പോട്ട ഏതാണ്ട് ആളൊഴിഞ്ഞ പൂരപ്പറമ്പു പ്പോലെയായി. ഇതേ ഗതി തന്നെയാവും നാം പണിതുയര്‍ത്തുന്ന കൊട്ടാരങ്ങളും നേരിടുക. മൂവാറ്റുപുഴയിലെ വലിയ പള്ളി ഒരു മോസ്കിന്‍റെ മാതൃകയില്‍ പണിതിരിക്കുന്നതുകൊണ്ട്, അത് വിറ്റു പോകും.

    ReplyDelete
  3. സീറോമലബാര്‍ അല്‍മായ കമ്മീഷന്റെ ദൗത്യവുമായി കോളോണില്‍ എത്തുന്ന കാഞ്ഞിരപ്പള്ളിമെത്രാനും അദ്ദേഹത്തി ന്‍റെ സെക്ക്രട്ടറിയും ഒരു Ex-nun cum congregation mother ന്റെ കുടുംബത്തില്‍ താമസിക്കാന്‍ പ്ലാനിടുന്നതായി അറിയുന്നു. ഈ Ex-nun cum congregation mother ഒരു വിവാഹം കഴിച്ചിരിക്കുന്നതോ ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഒരു കത്തോലിക്കനെയാണ്. മെത്രാന്മാര്‍ക്കു സഭയുടെ നിയമങ്ങളൊന്നും ബാധകമല്ലേ?

    വിശ്വാസി,ജര്‍മ്മനി

    ReplyDelete
  4. മതത്തില്‍ വിശ്വാസം കാപട്യമാകാന്‍ ഇടയാകുന്നത് ചൂണ്ടിക്കാണിച്ചു തിരുത്തേണ്ടത് പുരോഹിതരല്ലേ? അവര്‍ തന്നെ പരലോകത്തെ പ്രസംഗിക്കുകയും ഇഹലോകത്തില്‍ നല്ല സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ചെയ്യുന്നതായും കാണുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നുക തെറ്റാണോ? ഐഹികജീവിതത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൈവത്തെ വഴിപ്പെടുത്താന്‍ ശ്രമിക്കുകയെന്നാല്‍, ദൈവം തമ്പുരാന്‍ പോലും നമുക്കായി നാം ഉണ്ടാക്കിയ ആളാണെന്നല്ലേ അര്‍ത്ഥം? എന്ത് കാര്യം നേടാനും മാദ്ധ്യസ്ഥതരോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നവര്‍ ചെയ്യുന്നതും കാപട്യമല്ലെ? എത്ര മാദ്ധ്യസ്ഥതരെ പാട്ടിലാക്കാമോ അത്രയും ഗതി പിടിക്കും എന്ന ആശയമല്ലേ അവര്‍ പരത്തുന്നത്? അതുപോലെ ദാരിദ്ര്യവ്രതം എടുത്തവര്‍ ദരിദ്രരോട് അവജ്ഞയോടെ പെരുമാറുന്നതും ശരിയാണോ? ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍, നെടുംകുന്നത്തെ കന്യാസ്ത്രീകള്‍ കാശുള്ള കുട്ടികളും അല്ലാത്തവരും തമ്മില്‍ നല്ല തിരിച്ചുവ്യത്യാസം കാണിക്കുമായിരുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ പഠിക്കാത്ത ഭാഗങ്ങള്‍ സ്കൂള്‍ കഴിഞ്ഞ് എത്ര സമയം എടുത്താലും വേണ്ടില്ല, പഠിച്ചുരുവിട്ടു കേള്പ്പിച്ചിട്ടേ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇങ്ങനെ എത്ര തവണ, നേരമിരുട്ടിയിട്ടും വീട്ടിലെത്താത്ത എന്നെ തിരക്കി എന്റെ പാവം അപ്പന്‍ ചൂട്ടുമായി ഓടിക്കിതച്ചു ആറു കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളില്‍ വന്നിട്ടുണ്ട്! കനിവും കാരുണ്യവും എന്തെന്നറിയാത്ത ഈ കന്യാസ്ത്രീകളോട് അന്ന് മുതല്‍ എനിക്ക് ഒരാഭിമുഖ്യവുമില്ല. അച്ഛന്മാരോട് പുശ്ചമേയുള്ളൂ. എനിക്ക് തോന്നുന്നത്, ഇന്നും ഇവരുടെ പെരുമാറ്റത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ്. ശ്രീ ജോര്‍ജ്ജിന്റെ എഴുത്ത് ഇത്തരം കാര്യങ്ങളിലേയ്ക്കും വെളിച്ചം വീശുന്നു.

    ReplyDelete
  5. ഒരു ക്രിസ്ത്യാനിയുടെ തകര്‍ച്ച എന്തുമാത്രം എന്ന് കാണണമെങ്കില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഔദ്യോഗിക ജിഹ്വയായ ദര്‍ശകന്‍ വായിച്ചാല്‍ മതി. ഒരു പേജില്‍ ജൂലൈ മാസത്തെ പ്രധാന സംഭാവങ്ങള്‍ വിവരിച്ചിരിക്കുന്നു. ജൂലൈയിലെ ഏറ്റവും ശ്രദ്ധേയയായ വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്, കൊച്ചു സ്വാതിക്ക് കരള്‍ പകുത്തു നല്‍കിയ ഇടക്കാട്ടുവയലിലെ വിട്ടമ്മയാണ്. (ഇത്രോം കത്തോലിക്കരുണ്ടായിട്ടു ഒരു നല്ല കാര്യം ചെയ്തവരില്ലാതെ പോയല്ലോ ദൈവമേ!).
    പിന്നെ എല്ലാവര്ക്കും മാത്രുകയായിട്ടു ഒരു കൂലിപ്പണിക്കാരന്റെ മകള്‍ മിടുക്കിയായി പഠിച്ചു MBBS റാങ്ക് ലിസ്റ്റില്‍ വന്നത്രേ. നല്ല കാര്യം. ആ കുട്ടി യുവദിപ്തിയുടെ ഒരു മികച്ച പ്രവര്‍ത്തകയാനെന്നും പറഞ്ഞിരിക്കുന്നു. (ആ സമയം കൂടി പഠിച്ചിരുന്നെങ്കില്‍ റാങ്ക് 1242 ഇല്‍ നിന്നും കുറഞ്ഞത്‌ 55o എങ്കിലും ആയി കിട്ട്യേനെ). ആ കുട്ടി പഠനത്തിനു പണം കണ്ടെത്താന്‍ വിഷമിക്കുന്നു എന്നും പത്രത്തില്‍ പറയുന്നു. രൂപത വകയായി ദൈവാനുഗ്രഹം കോരി ചൊരിയട്ടെ എന്ന് പ്രാര്‍ത്തിച്ചിട്ടുണ്ട്. (സാധാരണ മഞ്ഞ പത്രങ്ങളില്‍ പോലും ഒരു വരി കാണും ആരെങ്കിലും സഹായിക്കൂവെന്ന്). വളരട്ടങ്ങിനെ വളരട്ടെ.

    ReplyDelete
  6. യൂദാസിന്‍റെ പിന്‍ഗാമികള്‍
    -ജോര്‍ജു കുറ്റിക്കാട്, ജര്‍മ്മനി

    " എന്‍റെ ചില അനുഭവങ്ങള്‍ " എന്നു പറഞ്ഞു തുടങ്ങിയ വെങ്ങാല " എന്ന മാന്യ വ്യക്തിയുടെ വികാരഭരിതമായ തിരിഞ്ഞുനോട്ടം വായിക്കുവാനിടയായി. കുട്ടിക്കാല ജീവിതം മുതല്‍ വൈദിക ഗണവുമായുള്ള ഇന്നുവരെയുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.. ഒരു യഥാര്‍ത്ഥ വൈദികനായി തന്‍റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു" ഈശോ അച്ഛന്‍ " എന്നു അറിയപ്പെട്ടിരുന്ന ഇടവക വികാരി എന്നാണു അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ആ ഓര്‍മ്മ ഇന്നും നില നില്‍ക്കുന്നു. അദ്ദേഹം അതില്‍ ആശ്വാസം കണ്ടെത്തി. എത്ര നന്ദി സൂചകമായ ഓര്‍മ്മ !

    നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആ പുണ്ണ്യ ഹൃദയനായ കോതമംഗലം രൂപതയിലെ അദ്ദേഹവുമായി അടുത്തു പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തെ ഇടവക ജനങ്ങള്‍ മാത്രമല്ല ഈശോ അച്ഛന്‍ എന്ന ആ വിളിപ്പേര് നല്‍കി ആദരിച്ചതും. അദ്ദേഹത്തിന്‍റെ മേധാവിയായിരുന്ന മെത്രാന്‍പോലും അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്തിരുന്നു. എനിക്ക് പറയാം അദ്ദേഹം ഏശുവിന്‍റെ യഥാര്‍ത്ഥ വഴികളെ പിന്തുടര്‍ന്ന യഥാര്‍ത്ഥ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ എനിക്കുണ്ടായിരുന്ന സാമീപ്യം ഇന്നും എനിക്ക് നിഴലുകളായി പിന്തുടരുന്നു.

    പക്ഷെ അതിനു ശേഷം ഓരോരോ ജീവിത വഴികളില്‍ കണ്ടു മുട്ടിയ നിരവധി വൈദികര്‍ ഈശോയുടെ ദൌത്യവുമായല്ല എത്തിയത്, അവര്‍ യൂദാസിന്‍റെ ദൌത്യവുമായി മാത്രമാണ്. യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌. അടുത്ത കാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു, ദീപിക ഒരു ഫാരിസ് അബൂബെക്കര്‍ക്ക് നടത്തിയ ചരിത്രം സൃഷ്ടിച്ച വില്‍പ്പന.!. ദീപികയുടെ ഒരു പാര്‍ട്ണര്‍ ആയിരുന്ന വിയന്നയിലെ ഒരു ഒരു പ്രവാസി മലയാളിയെ പോലും മെത്രാനും കൂട്ടരും ചതിച്ചു. ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട അദ്ദേഹം എറണാകുളത്തെ ദീപിക ഓഫീസ് പ്രതിരോധിച്ചു, താന്‍ മുടക്കിയ പണമെങ്കിലും തിരിച്ചു വാങ്ങാന്‍ നടത്തിയ ദുഖകരമായ വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ എഴുതി.. അദ്ദേഹത്തിന്‍റെ ദീപികയുടെ ഡയറെക്ടര്‍ സ്ഥാനം പോലും മെത്രാന്‍ നഷ്ടപ്പെടുത്തി പറഞ്ഞയച്ചു.

    അഴിമതിയുടെ നവ രൂപമാണ് സീറോ മലബാര്‍ സഭയുടെ പേരില്‍ അല്‍മായ കമ്മിഷന്‍ എന്ന മെത്രാന്മാരുടെ പണ തട്ടിപ്പ് സംഘടന. കാഞ്ഞിരപ്പള്ളി മെത്രാനും പിന്നെ രണ്ടു മെത്രാന്മാരും പിന്നെ ഒരു കുശ്നിക്കാരന്‍ വക്കീലും ആണ് കമ്മീഷന്‍! ഇവര്‍ പുതിയ തട്ടിപ്പിനായി ജര്‍മ്മനിയിലെ പ്രവാസി മലയാളികളായ ചില തട്ടിപ്പ് വീരന്മാരുടെ സഹകരണത്തില്‍ ജര്‍മനിയിലെ മലയാളികളെ ചുണ്ണാമ്പു തൊട്ടു അക്കമിട്ടു എണ്ണി പണം പിരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കയാണ്. ജര്‍മനിയില്‍ നിലവില്‍ ഒരു മലയാളിയും സീറോമലബാര്‍ സഭാംഗങ്ങള്‍ അല്ല, അവര്‍ ലത്തീന്‍ രൂപതകളിലോ അഥവാ മറ്റു സഭാ വിഭാഗങ്ങളിലോ ആണ്. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന മലയാളി വൈദികര്‍ ലത്തീന്‍ പള്ളികളിലെ അതിഥികള്‍ ആണ്. അവര്‍ക്ക് ലത്തീന്‍ മെത്രാന്മാര്‍ വേതനം നല്‍കുന്നു. അല്‍മായ കമ്മിഷന്‍ പറയുന്നത് തെറ്റാണ് ,ജര്‍മ്മനിയിലെ സീറോ മലബാര്‍ അംഗങ്ങള്‍ എന്നത് പച്ച കള്ളമാണ് എന്നു ഞങ്ങള്‍ പറയുന്നു.

    സഭയുടെ ജീയോഗ്രാഫിക്കല്‍ നിയമപ്രകാരം അങ്ങനെയൊന്നും പാടില്ല. ജര്‍മ്മനിയില്‍ യാതൊരു സീറോമലബാര്‍ രൂപതയും മെത്രാനും ഇടവകയും ഇല്ലാ. എന്തിനു പിന്നെ ഇവര്‍ ജര്‍മ്മനിയിലേക്ക് കമ്മിഷനുമായെത്തുന്നു. പണക്കൊതി മൂത്ത മെത്രാന്മാരും ഒരു അല്മായനെന്ന തട്ടിപ്പുവീരനും ഏതാനും കുറെ കഷ്മലന്മാരും കൂടി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. കല്‍ദായ തീയറിയെ എതിര്‍ത്ത ജര്‍മ്മന്‍കാരനായ മാര്‍പ്പാപ്പയുടെ നേര്‍ക്കുള്ള ഒരു വെല്ലു വിളിയായി ഇതിനെ നമുക്ക് കാണാം.. എന്തായാലും ജര്‍മ്മനിയിലെ ക്രിസ്ത്യാനികള്‍ ഇവരുടെ തട്ടിപ്പിന് യാതൊരു ന്യായീകരണവും കാണുന്നില്ല. സഭയെന്നതു അല്മായനും വൈദികഗണവും കൂടിയുള്ളതാണ്. വൈദികരുടെ ഏകാധിപത്യ കൂട്ടുകെട്ടല്ല. ഏകാധിപത്യം സ്വീകരിക്കുന്ന സഭാ നയം അംഗീകരിക്കപ്പെടുകയില്ല, ഇപ്പോല്‍ത്തനെ സഭയുടെ മുഴുവന്‍ സ്വത്തുക്കളും തന്‍ പിടിയില്‍ ഒതുക്കിയ മേത്രാന്മാര്‍ക്ക് അല്‍മായരുടെ സന്ധിയില്ലാത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അല്‍മായ കമ്മിഷന്‍റെ ജര്‍മന്‍ യാത്ര ചരിത്ര പരമായ ദുരന്തം ആയിരിക്കും.
    Posted by Syro Malabar Voice at 6:26 PM

    ReplyDelete
  7. സിസ്റ്റര്‍ തെരേസ,
    താങ്ങള്‍ സൂചിപ്പിച്ചുവല്ലോ "പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ പഠിക്കാത്ത ഭാഗങ്ങള്‍ സ്കൂള്‍ കഴിഞ്ഞ് എത്ര സമയം എടുത്താലും വേണ്ടില്ല, പഠിച്ചുരുവിട്ടു കേള്പ്പിച്ചിട്ടേ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇങ്ങനെ എത്ര തവണ, നേരമിരുട്ടിയിട്ടും വീട്ടിലെത്താത്ത എന്നെ തിരക്കി എന്റെ പാവം അപ്പന്‍ ചൂട്ടുമായി ഓടിക്കിതച്ചു ആറു കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളില്‍ വന്നിട്ടുണ്ട്! കനിവും കാരുണ്യവും എന്തെന്നറിയാത്ത ഈ കന്യാസ്ത്രീകളോട് അന്ന് മുതല്‍ എനിക്ക് ഒരാഭിമുഖ്യവുമില്ല. അച്ഛന്മാരോട് പുശ്ചമേയുള്ളൂ. "
    ഞാനൊന്നു ചോദിച്ചോട്ടെ-- പഠിപ്പിച്ച ഭാഗം, നിങ്ങള്‍ പഠിക്കാതെ സ്കൂളില്‍ ചെന്നപ്പോള്‍, നിങ്ങളെ അന്ന് ആ പാവപ്പെട്ട കന്യാസ്ത്രീകള്‍ അവരുടെ സമയം നിങ്ങള്‍ക്കുവേണ്ടി ചിലവഴിച്ചു, നിങ്ങളെ പഠിപ്പിച്ചു വിട്ടതിനു നന്ദി ആണ് മുകളില്‍ എഴുതിയിരിക്കുന്നത്. തെരേസയെ അന്ന് കന്യാസ്ത്രീകള്‍ പടിപ്പിട്ടു, അവര്‍ക്ക് എന്തെങ്കിലും പ്രതിഭലം കിട്ടിയോ. നന്ദിയില്ലാത്ത നിങ്ങള്‍ അവര്‍ക്ക് നിന്ദ വാക്കുകള്‍ സംമാനിച്ചതല്ലാതെ എന്താനവര്‍ക്ക് ഗുണം കിട്ടിയത്. എന്നെയും പഠിപ്പിച്ചത് കന്യാസ്ത്രീകളും അച്ചന്മാരും ആയിരുന്നു. തിരിച്ചു വ്യെത്യാസം ഞാന്‍ ഒന്നും കണ്ടിട്ടില്ല. എന്നെ അടിചിട്ടുമില്ല, വഴക്കും പറഞ്ഞിട്ടില്ല, തന്നെയുമല്ല അവര്‍ എനിക്ക് ചെയ്ത നന്മകള്‍, പറഞ്ഞു തന്ന ഉപദേശങ്ങള്‍, ഒന്നും എത്ര വില കൊടുത്താലും ഒരിടത്തും കിട്ടില്ല. ഇത് ഞാന്‍ മാത്രമല്ല പറയുന്നത്. എന്റെ അപ്പനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. എന്റെ ഫസ്റ്റ് ഗ്രടിലെ ടീച്ചര്‍, അധികം കാലം മുന്‍പ് മരിച്ചു പോയപ്പോള്‍ ഞാനുല്പെടെ കൂട്ടുകാര്‍ എല്ലാവര്ക്കും എന്ത് സങ്കടമായിരുന്നുവെന്നോ. ചിലപ്പോള്‍ ഇതൊക്കെ ഓരോ നാടിന്‍റെ പ്രത്യേകത ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ പിന്നെ എന്റെ നാട്ടിലോ ഞാന്‍ പഠിച്ച സ്കൂളിലോ ആര്‍ക്കും തന്നെ അച്ഛന്മാരോടും കന്യസ്ട്രീകലോടും വൈരാഗ്യം ഇല്ല? അതും അല്ലെങ്കില്‍ പിന്നെ എന്റെ സ്വന്തത്തില്‍ തന്നെ സ്നേഹമുള്ള അച്ഛനും കന്യാസ്ത്രീയും ഉള്ളത് കൊണ്ടായിരിക്കും, മറ്റു കന്യാസ്ത്രീകളെയും അച്ചന്മാരെയും കുറ്റം പറയാന്‍ തോന്നാത്തത് അഥവാ കുറ്റം കാണാന്‍ സ്രെമിക്കാത്തത്.
    തെരെസയോടു കന്യാസ്ത്രീകള്‍ ഇത്ര നീചമായാണ് പെരുമാരിയിരുന്നതെങ്കില്‍ അപ്പനോട് പറഞ്ഞു ഗവര്‍മെന്റ് സ്കൂളില്‍ പോകാന്‍ വയ്യായിരുന്നോ? അവിടെ ടീച്ചര്‍മാര്‍ ഒട്ടും ആരെയും അത്ര കാനുന്നില്ലയിരുന്നുവേന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ വല്ല എന്‍.എസ്. എസ് സ്കൂള്‍ ഉണ്ടെങ്കില്‍ അവിടെ വല്ലതും പോയാല്‍ മതിയായിരുന്നു. എങ്കില്‍ ഇത്രയും വിഷമം തെരേസ അനുഭവിക്കേണ്ടി വരില്ലായിരുന്നു.

    ReplyDelete
    Replies
    1. കന്യാസ്ത്രികളും അച്ചന്മാരും പഠിപ്പിച്ചപ്പോള്‍ തോമസ്‌ സെബാസ്റ്റ്യനെ ആരും തല്ലിയിട്ടില്ല. വഴക്കും പറഞ്ഞിട്ടില്ല. ഹിന്ദു സ്കൂളിലോ ഗവര്‍മെന്റ് സ്കൂളിലോ പഠിക്കരുതായിരുന്നുവോയെന്നും തെരസ്സായ്ക്ക് ഒരു
      ഉപദേശവും കൊടുത്തിട്ടുണ്ട്. ഇത്ര അച്ചന്മാരെയും കന്യാസ്ത്രികളെയും സ്നേഹിക്കുന്ന തോമസ്‌ സെബാസ്റ്റ്യനു തീര്‍ച്ചയായും ഒരു ആച്ചന്‍ ആകുവാന്‍ യോഗ്യതയുണ്ടായിരുന്നു. തെരസാ തിരിച്ചു ആ ചോദ്യം ചോദിച്ചില്ല.വിശ്വാസിയുടെ പണം സമാഹരിച്ചു ആരംഭിച്ച സ്കൂള്‍ ഒരു പുരോഹിതന്റെയും തറവാട്ടു സ്വത്തല്ല.ഉടയവനെ പിടിച്ചു കെട്ടുകയാണോ?
      ഈ സ്കൂള്‍ തെരസ്സായുടെയും പൂര്‍വികരുടേയും വിയര്‍പ്പുകൊണ്ട് പണിത സ്ഥാപനമാണ്. ആരുടേയും ഔദാര്യത്തിലല്ല, അവകാശത്തിലാണ്
      തെരസ്സാ പഠിച്ചതും പള്ളിസ്കൂള്‍ തിരഞ്ഞെടുത്തതും.

      തോമസ്‌ സെബാസ്റ്റ്യനെപ്പോലെ ഞാനും ഭാഗ്യവാന്‍ ആയിരുന്നു. അദ്ദേഹത്തെപ്പോലെ വീട്ടില്‍ പണം ഉണ്ടായിട്ടല്ല അന്നു എന്റെ അപ്പന്റെ തടിമിടുക്കായിരുന്നു കാരണം. അപ്പനെ കാണുമ്പോള്‍ പഠിപ്പിക്കുന്നവന്റെ കാല്‍മുട്ടുകള്‍ വിറക്കുന്നതും ഓര്‍ക്കുന്നു. പള്ളിസ്കൂളിലെ അദ്ധ്യാപകന്‍ ക്ലാസ്സില്‍ നിരനിരയായി പെണ്‍കുട്ടികള്‍ അടക്കം തുടക്കിട്ടു ആഞ്ഞടിക്കുന്ന സമയം എന്റെ കൈകളില്‍ വടികൊണ്ട് തലോടി അടിക്കാതെ മറ്റുള്ളവരെ അടിതുടരുന്നതും ഓര്‍മ്മിക്കുന്നു. വീട്ടില്‍ ദാരിദ്ര്യം അനുഭവിക്കുന്ന പിള്ളേര്‍ക്കിട്ട് അടിയുടെ ശക്തിയും കൂട്ടുമായിരുന്നു.

      തോമസ്‌ പറഞ്ഞതുപോലെ പിന്നീടു ഞാന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലും എന്‍. എസ്‌ എസ്‌ സ്കൂളുകളിലും ഒടുവില്‍ അലിഗാര്‍ മുസ്ലിം സര്‍വ്വകലാശാലയിലും ആയിരുന്നു. എന്റെ മനസില്‍നിന്നും മായാത്ത നല്ല ഗുരുക്കന്മാരെ ലഭിച്ചതും അക്രൈസ്തവ സ്ഥാപനങ്ങളില്‍ നിന്നുമായിരുന്നു. പള്ളി സ്കൂളുകളില്‍ മാത്രം പഠിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്നൊരു
      നക്സല്‍ബാരിയായേനെ.

      ഒരു പെണ്‍ക്കുട്ടി പാവപ്പെട്ട വീട്ടിലേതെന്നു അറിഞ്ഞാല്‍ കന്യാസ്ത്രികള്‍ക്ക് ചിറ്റമ്മനയം ഉണ്ട്. പ്രസവിക്കാത്ത ഈ സ്ത്രീകള്‍ക്ക് എങ്ങനെ കുട്ടികളോട് സ്നേഹം വരും. കന്യാസ്ത്രികള്‍ ക്രൂരരാകുന്നത് മധ്യവയസ്സു കഴിയുമ്പോഴാണ്. ഇത്ര കരുണയുള്ള കന്യാസ്ത്രികള്‍ ആയിരുന്നുവെങ്കില്‍ പകല്‍മുഴുവന്‍ പണിയെടുത്തു കഷ്ടപ്പെട്ട വീട്ടിലെ അപ്പനെ ചൂട്ടുകത്തിച്ചു രാത്രിയില്‍ മണിക്കൂറുകള്‍ നടത്തണോ? കന്യസ്ത്രികള്‍ക്ക് തെരസായെന്ന കുട്ടിയെ വീട്ടില്‍ കൊണ്ടുവിടരുതായിരുന്നുവോ?

      കുട്ടികള്‍ക്ക് മനവിഭ്രാന്തി ഇങ്ങനെ നടത്തുന്ന കന്യാസ്ത്രികള്‍ അമേരിക്കയില്‍ ആയിരുന്നുവെങ്കില്‍ ജയിലില്‍ കയറ്റാമായിരുന്നു. രാത്രിയില്‍ ഒറ്റക്കു മടങ്ങി പോകുന്ന ഈ കുട്ടിയെ ആരെങ്കിലും ദേഹോപദ്രവമോ പീഡനമോ നടത്തിയിരുന്നുവെങ്കില്‍ അതിന്റെ വില കന്യാസ്ത്രികള്‍ക്ക് വഹിക്കുവാന്‍ സാധിക്കുമായിരുന്നുവോ? പാവപ്പെട്ട കുട്ടികളോട് ഈ ശല്ല്യങ്ങള്‍ മിക്ക കന്യാസ്ത്രി സ്കൂളുകളിലും ഉണ്ട്.

      ഇങ്ങനെ ത്യാഗങ്ങള്‍ കാണിച്ചു കുട്ടികളെ കന്യാസ്ത്രികള്‍ ആക്കുവാന്‍ ഉള്ള ഒരു തരം ചാക്കിടീല്‍ ആണിത്. തെരസ്സാ ബുദ്ധിയുള്ളതായതുകൊണ്ട് അവരുടെ വലയില്‍ അന്നു വീണില്ല. തത്തമ്മയെപ്പോലെ സ്കൂള്‍ സമയം കഴിഞ്ഞു പഠിപ്പിച്ചാലൊന്നും കൂടുതല്‍ അറിവുകള്‍ ഉണ്ടാകുവാന്‍ പോവുന്നില്ല. ഒരു കൊല്ലം മുഴുവന്‍ മുഴുവന്‍തേറ്റപ്രകാരം എന്ന പ്രാര്‍ഥന കന്യാസ്ത്രി എന്നെ ആവര്‍ത്തിച്ചു പഠിപ്പിച്ചിട്ടും ഞാന്‍ പഠിച്ചില്ല.ബുദ്ധിയില്ലാത്തവന്‍ എന്നു അന്നു മുദ്രയുംകുത്തി.

      ഒരിക്കല്‍ കത്തോലിക്കാസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു പണക്കാരന്‍ ചെക്കന്റെ കുട മോഷണം പോയി. കള്ളന്മാരായി മുദ്രകുത്തി പ്രധാന അദ്ധ്യാപകന്റെ ഓഫിസില്‍ വിസ്താരത്തിനായി കൊണ്ടുപോയത് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന വീട്ടിലെ നിസഹായരായ
      പാവപ്പെട്ട പിള്ളേരെയായിരുന്നു. വരാന്തയില്‍ നിന്നുകൊണ്ട് ദുഷ്ടനായ വികാരിയച്ചന്റെ മുമ്പില്‍നിന്നും അവര്‍ക്കിട്ടുള്ള ചൂരല്‍പ്രയോഗം ഇന്നും ഓര്‍മ്മിക്കുന്നു. കുട നഷ്ടപ്പെട്ട പണക്കാരന്‍ ചെറുക്കന്റെ
      അപ്പനെ പ്രീതിപ്പെടുത്തിയ തൃപ്തിയും വികാരിക്കും അടിച്ചവര്‍ക്കും ഉണ്ടായിരുന്നു.

      Delete
    2. പടന്നമാക്കാനെ ഈ അടുത്ത് താമരശ്ശേരിയില്‍ ഉരുള്‍പൊട്ടി മരിച്ച ഒരു കുടുംബത്തിന്റെ പേര്‍ പടന്നമാക്കന്‍ എന്നാണ് ....നിങ്ങള്‍ക്ക് ബന്ധമുണ്ടോ ? ചെലപ്പോള്‍ കാണില്ലാരിക്കും....ഉണ്ടെങ്കില്‍ ....പടന്നമാക്കാനെ താനീ ചെയ്യുന്ന നെറികേടുകള്‍ക്കൊക്കെ ആ പാവം കുടുംബമാണല്ലോ ഇരയായത് .....?....ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ...................................................

      Delete
    3. ഉരുളുപൊട്ടിയും കാറ്റടിച്ചും ഭൂമി കുലുക്കത്തിലും കോടാനുകോടി ജനങ്ങള്‍ മരിച്ചിട്ടുണ്ട്. അതൊക്കെ മുന്‍ജന്മമോ? വൈദികശാപം പുല്ലാണെന്ന് റോഷന്‍ ഇവിടെ പലതവണ എഴുതിയിട്ടുണ്ട്. താങ്കളുടെ കുഞ്ഞാടായ മാനസിക അവസ്ഥയ്ക്കും ഇന്നു ഒരു പരിവര്‍ത്തനം ആവശ്യമാണ്. ആയിരകണക്കിനു അച്ചന്മാരെയും കന്യാസ്ത്രികളെയും സ്റ്റാലിന്‍ കൊന്നതും മറ്റുള്ളവരുടെ പാപമോ? അച്ചനും കന്യാസ്ത്രിയും ഒത്തൊരുമിച്ചു അഭയയെ കൊന്നപ്പോള്‍ ആ കന്യാസ്ത്രി എന്തു പിഴച്ചു? വാക്കുകള്‍ പപ്പരാകുമ്പോള്‍ ഇങ്ങനെ വിഡ്ഢിത്തരം എഴുതാതടോ കുഞ്ഞാടെ? ഒരു പ്രസ്ഥാനമാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത് വ്യക്തിയല്ല. അതിനു വ്യക്തിയെ പഴിച്ചു പ്രകൃതിയെയും ഈശ്വരനെയും എന്തിനു പഴിക്കണം? മനസ് ഒന്നുകൂടി വളരൂ !!!

      Delete
    4. ഉരുളുപൊട്ടി ഒരു കുട്ടി മരിച്ച പടന്നമാക്കല്‍ കുടുംബമായി ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു. ഇല്ലെന്നാണ് അറിവ്. പുരോഹിത ശാപം ആ കുടുംബത്തിനു കിട്ടാതിരിക്കുവാന്‍ അനോണിമസ് പ്രാര്ഥിക്കണം.
      അല്‍മായശബ്ദം എഴുത്തുകാരോട് ക്ഷമിക്കണമേയെന്നു അല്ത്താരയില്‍ മുട്ടിപ്പായി പ്രാര്ധിച്ചാല്‍ ദൈവം കേള്‍ക്കും. നല്ല കാര്യങ്ങള്‍ മാത്രമേ ഞാന്‍ എഴുതാറുള്ളൂ. സത്യം ചിലപ്പോള്‍ ചിലരെ ചൊടിപ്പിക്കും .

      Delete
    5. അന്ധമായ വിശ്വാസത്തെപ്പറ്റിയും ഓരോരോ കാര്യങ്ങള്‍ തുടര്‍ച്ചയായി കേട്ട് മസ്തിഷ്ക പ്രശ്ചാലനം നടത്തപ്പെടുന്നതിനെപ്പറ്റിയും ഈ ബ്ലോഗില്‍ ചര്‍ച്ച നടന്നതാണ്. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ദൈവമോ പുണ്യവാന്മാരോ അല്ല നമുക്കുള്ളത്. റോമിന്റെ കാനോന്‍ നിയമം അനുശരിച്ചില്ലെങ്കില്‍ ഒന്നും ആര്‍ക്കും സംഭവിക്കാന്‍ പോവുന്നില്ല. അതെ സമയം പരദ്രോഹം വഴി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരാണ് സ്വയം ശിക്ഷ ഏറ്റു വാങ്ങുന്നത്. മുഴുവന്‍ കുര്‍ബാന കാണാതെ ഓടിപ്പോയി വണ്ടി അപകടത്തില്‍പ്പെട്ട ഒരാളെ മാതൃകയാക്കി ഭയപ്പെടുത്തുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കില്‍ ഈ അടുത്ത കാലത്ത് വണ്ടി അപകടത്തില്‍പ്പെട്ട വടക്കേമുറി അച്ചന്‍ നല്ല നിലയിലുള്ള ഒരു പാപി ആയിരിക്കണം.

      വിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്ന അധികാരികള്‍ക്ക് കനത്ത ശിക്ഷ തന്നെ കിട്ടാന്‍ സാധ്യതയുണ്ട്. ഉതപ്പു കൊടുക്കുന്നവനാണ് ഏറ്റവും വലിയ ശിക്ഷ അര്‍ഹിക്കുന്നത്. ചിക്കാഗോയില്‍ ലിമോസിന്‍ കാറില്‍ സര്‍വ്വ ആഘോഷങ്ങളോടും കൂടി സെ. തോമസിന്റെ തിരുശേഷിപ്പ് കൊണ്ടുവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. റോമിന്റെ കണക്കനുശരിച്ചു, സെ. തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല; നമ്മുടെ ചരിത്രമനുശരിച്ചു സെ. തോമസ്‌ ഇവിടെ വരുകയും വചനം പ്രസംഗിക്കാതെ കല്ലില്‍ താമര കുരിശു കൊത്തി സമയം കളയുകയും ചെയ്തു; സെ. തോമസ്‌ മൈലാപ്പൂരില്‍ വെച്ച് മരിച്ചു അവിടെ അടക്കപ്പെടുകയും ചെയ്തു. എവിടെ നിന്ന് കിട്ടിയ തിരു ശേഷിപ്പാണ് ചിക്കാഗോയില്‍ വന്നത്?

      ക്ഷമിക്കണം... കഥയില്‍ ചോദ്യമില്ലല്ലോ. അഫ്ഗാനിസ്ഥാനില്‍ നിന്നോ മൈലാപ്പൂരില്‍ നിന്നോ? നൂറ്റാണ്ടുകളോളം വിശ്വാസികളെ വട്ടു കളിപ്പിച്ചുകൊണ്ടിരുന്ന ഈ ഭരണ വര്‍ഗ്ഗാത്തിനുള്ള ശിക്ഷ എന്തായിരിക്കണം?

      Delete
    6. പടന്നപാക്കാന്‍ കന്യസ്രീകളെ മൊത്തം stereotype ചെയ്തു; എല്ലാ കന്യാസ്രീകളും അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ.... "ഒരു പെണ്‍ക്കുട്ടി പാവപ്പെട്ട വീട്ടിലേതെന്നു അറിഞ്ഞാല്‍ കന്യാസ്ത്രികള്‍ക്ക് ചിറ്റമ്മനയം ഉണ്ട്. പ്രസവിക്കാത്ത ഈ സ്ത്രീകള്‍ക്ക് എങ്ങനെ കുട്ടികളോട് സ്നേഹം വരും. കന്യാസ്ത്രികള്‍ ക്രൂരരാകുന്നത് മധ്യവയസ്സു കഴിയുമ്പോഴാണ്. : പടന്നമാക്ക്ന്‍ ഈ പറയുന്നതിന് ഒരു കഴമ്പും ഇല്ല. അങ്ങനെ ആര്‍ക്കും ഒരു ഗ്രൂപ്പ്‌ ആള്‍ക്കാരെ ജെനരല്യസ് ചെയ്തു പറയാന്‍ ഒരിക്കലും സാധിക്കില്ല. കാരണം അത് ഒരിക്കലും ശരിയല്ലാത്തത് കൊണ്ട്. ഉദാഹരണത്തിന് എന്നെ പഠിപ്പിച്ച കന്യസ്രീകളെ തന്നെ സാമ്പിള്‍ ആക്കാം. പാവപ്പെട്ടവര്‍ എന്ന് കന്യാസ്രീകളാല്‍ മുദ്ര കുത്തപ്പെട്ട കുട്ടികള്‍ ഒന്നാമതെ ഇല്ലായിരുന്നു. രണ്ടാമത്, ആ കന്യാസ്രീകള്‍ ആരും ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചതായി കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല. അങ്ങനെ ആയിരുന്നെങ്കില്‍ കന്യാസ്ത്രീ മഠങ്ങള്‍ നാട്ടുകാര്‍ എന്നേ തീ വച്ചേനെ! പ്രസവിക്കാത്ത ഈ കന്യാസ്രീകള്‍ക്ക് ആയിരുന്നു പ്രസവിച്ച ടീച്ചര്‍മരെക്കളിലും ചിലപ്പോള്‍ കുട്ടികളോട് സ്നേഹം കൂടുതല്‍ പ്രകടിപ്പിച്ചിരുന്നത്. ചെറു ക്ലാസുകളില്‍ കന്യാസ്രീകളുടെ മടിയില്‍ കയറി ഇരിക്കുന്നതിനോന്നും ഒരു തടസ്സവും അവര്‍ പറഞ്ഞിട്ടില്ല. പിന്നെ പഠിക്കാത്ത കുട്ടികളെ അടിക്കാതെ തന്നെ പഠിപ്പിക്കാന്‍ സ്രെമിച്ചവര്‍ ആയിരുന്നു ഞങ്ങളുടെ ടീച്ചര്‍മാര്‍.; എന്റെ ടീച്ചര്‍മാരെ നിങ്ങളാരും അറിയില്ല, അതുകൊണ്ട് ഞാന്‍ പറയുന്നത് പാക്കാന്‍ വിസ്വസിക്കനമെന്നില്ല. പക്ഷെ നിങ്ങള്‍ അറിയുന്ന മദര്‍ തെരേസാ (നെടുംകുന്നം തെരേസ്സ അല്ല, പടന്നമാക്കാനും അല്ല), അല്‍ഫോന്‍സാമ്മ, എന്നിവര്‍ പ്രസവിക്കാത്ത സ്നേഹമുള്ള കന്യകകള്‍ ആയിരുന്നല്ലോ! അതുപോലെ എത്ര എത്ര നല്ലവരായ കന്യാസ്രീകള്‍ ഉണ്ട് ഈ ലോകത്തില്‍.,. കല്യാണം കഴിച്ച ടീച്ചര്‍മാര്‍ എന്ത് കുറ്റം ചെയ്താലും, കുട്ടികളെ അടിച്ചു തുട പൊട്ടിച്ചാലും ആര്‍ക്കും പരിഭവവും ഇല്ല പരാതിയും ഇല്ല. ഇതു ഇവിടുത്തേ ന്യായമാണ് മാക്കാനെ? പടന്നമാക്കാന്റെ വീക്ഷണത്തില്‍ മാക്കാനൊഴികെ ഈ ഭൂലോകത്തില്‍ ഉള്ള എല്ലാവരും തെട്ടുകാരാനല്ലോ!
      നാല് കുട്ടികളെയും രണ്ടു കുട്ടികളെയും ഒക്കെ പ്രസവിച്ച സ്രീകള്‍ സ്വന്തം കുട്ടികളെ വെള്ളത്തില്‍ മുക്കി കൊന്ന കഥകളും മറ്റും പാക്കാനും വായിച്ചിട്ട് കാണുമല്ലോ! അവിടെയും ഇവിടെയും ഒക്കെ അതുപോലെ ക്രൂരസ്വഭാമോ, മാനസിക രോഗമോ ഒക്കെ ഉള്ള കന്യാസ്രീകളും വിരളമായി ഉണ്ട് എന്നെനിക്കു ഉറപ്പാണ്. എന്ന് വിചാരിച്ചു എല്ലാ കന്യാസ്രീകളും അച്ചന്മാരും ചീത്തയാണ്‌, ചിട്ടമ്മയാണ് എന്നൊക്കെ പറഞ്ഞാല്‍ അത് വിശ്വസനീയമല്ല കേട്ടോ padannakaattuപാക്കാനെ!

      Delete
    7. മുഴുവന്‍തേറ്റപ്രകാരം - what is it?

      Delete
    8. This comment has been removed by the author.

      Delete
  8. This comment has been removed by the author.

    ReplyDelete
  9. കമ്മ്യൂണിസവും കത്തോലിസവും കപടത നിറഞ്ഞ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കത്തോലിക്കാസഭ വിധവയുടെ കൊച്ചുകാശില്‍നിന്നും ആരംഭിച്ചു വളര്‍ന്നു അവള്‍ സര്‍വ്വാഭരണ ഭൂഷിതയായി ചെങ്കോലും സ്വര്‍ണ്ണ കിരീടവും അണിഞ്ഞു വില തീരാത്ത അമൂല്ല്യ രത്നങ്ങളും ധരിച്ചു റീയല്‍ എസ്റ്റെറ്റു സാമ്രാജ്യം കയ്യടക്കി ഭൂമുഖത്തെ ധനികയായി ഇന്നു അറിയപ്പെടുന്നു.

    സഭ കറുത്ത യുഗങ്ങളില്‍ ലോകംമുഴുവന്‍ ദാരിദ്ര്യം പടര്‍ന്നപ്പോഴും ദാരിദ്ര്യത്തില്‍ നിന്നുതന്നെ വിശ്വാസികളെ ചൂഷണം ചെയ്തു ആകാശം മുട്ടെയുള്ള കത്തീദ്രല്‍കളും ബസലീക്കാകളും സ്വര്‍ണ്ണനിധി സൂക്ഷിക്കുവാനുള്ള സംഭരണികളും ഉണ്ടാക്കികൊണ്ടിരുന്നു. കൂമ്പാരംപോലെ കുന്നുകൂടിയിരിക്കുന്ന ധനത്തിന്റെ ഉപയോഗം എന്തെന്ന് സഭ ആരെയും വിവരിച്ചു കേള്‍പ്പിച്ചിട്ടില്ല. ലക്ഷ്യമില്ലാത്ത ധനം. ഭൂമിയില്‍ നിധി സൂക്ഷിക്കരുതെന്നു പറഞ്ഞ യേശുവിനെതിരായുള്ള കപടമുഖം ഇവിടെ കാണാം. വിധവയുടെ കൊച്ചുകാശു കൊണ്ടു ഇന്നു ബില്ല്യന്‍ കണക്കിന് ഡോളര്‍ വാര്‍ഷിക വരുമാനത്തിന്റെ പ്രസ്ഥാനമായി. അമേരിക്കന്‍ ബാങ്കുകളില്‍ തന്നെ അഞ്ഞൂറുബില്ല്യന്‍ ഡോളര്‍ സൂക്ഷിച്ചിട്ടുണ്ട്.

    കമ്മ്യൂണിസം അടിമകളുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് പണിതെടുത്ത മറ്റൊരു മഹാപ്രസ്ഥാനമാണ്. ഇതിന്റെ ആശയസംഹിതകള്‍ യഹൂദനില്‍ നിന്നു തന്നെ ആരംഭിച്ചു. ചേരിയിലും ചെളിക്കുണ്ടിലും കൂട്ടുകുടുംബങ്ങളായി ജീവിക്കുന്ന വിശക്കുന്ന തൊഴിലാളി വര്‍ഗങ്ങളുടെ ബോസ്സുമാര്‍ ബിഷപ്പുമാരെപ്പോലെതന്നെ മഹാ കൊട്ടാരങ്ങളില്‍ വാണരുളുന്നു. വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നു. ഓടിക്കാന്‍ ഡ്രൈവര്‍മാരും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും വില കൂടിയ ഭക്ഷണവും കഴിച്ചു കുശാലായി ജീവിക്കുന്നു. അടിമപ്പണം കൊണ്ടു യാത്ര ചെയ്യുന്നതും
    ഒന്നാം ക്ലാസ് വിമാനത്തില്‍തന്നെ. ഈ അടിമരാജാക്കന്മാര്‍ക്ക് ചുറ്റും സേവകരും കൂടാതെഒന്നാം തരം വില്ലകളും അവധിക്കാല വസതികളുമുണ്ട്.

    ലക്ഷക്കണക്കിനു മനുഷ്യരെ കൊലകള്‍ നടത്തിയതില്‍ രണ്ടു മഹാപ്രസ്ഥാനങ്ങളിലും പൊതുവായ ഒരു സാമ്യവും ഉണ്ട്. കൂട്ടക്കൊലകളില്‍ ഈ വമ്പന്മാര്‍ എന്നും മുമ്പില്‍ ആയിരുന്നു. പൊള്ളുന്ന ചേമ്പറിലും തീയ്ക്കകത്ത് ചുട്ടും കൊലച്ചിരിയില്‍ അട്ടഹസ്സിച്ചുകൊണ്ട്‌ രക്തത്തില്‍ത്തന്നെ ഇരുപ്രസ്ഥാനങ്ങളും സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി.

    കുഞ്ഞായിരിക്കുമ്പോള്‍ ഭൂതപ്രേതാതി കഥകളിലും മോണ്‍സ്റ്റര്‍ ഭീകരജീവി വരുന്നുവെന്നു പറഞ്ഞാലും കുഞ്ഞുങ്ങള്‍ വിശ്വസിക്കും. സഭ കുഞ്ഞുങ്ങളെ മസ്തിഷ്ക്ക പ്രഷാളനം ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തു. പോട്ട പ്രസ്ഥാനങ്ങളും ഒരു തരം ബ്രെയിന്‍ വാഷിങ്ങാണ്(brain washing) നടത്തുന്നത്. ചൈനയില്‍ സ്പോര്‍ട്സ് വാസനയുള്ള കുഞ്ഞുങ്ങള്‍ ഗവണ്മെന്റിന്റെ സ്വത്താണ്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കഠിനമായിപീഡിപ്പിച്ചു ഒളിമ്പിക്സ് ജേതാവ് ആക്കും.

    കമ്യൂണിസത്തിനും കത്തോലിസത്തിനും പ്രത്യേക ഭാഷകള്‍ ഉണ്ട്. ക്രിസ്ത്യാനികള്‍ അല്ലാത്തവരെ അവിശ്വാസികള്‍, അജ്ഞാനികള്‍, പാപി, പാപത്തില്‍ പിറന്നവന്‍ എന്നീ ഭാഷകളില്‍ വിളിക്കുന്നു. പാടങ്ങളിലും പണിശാലകളിലും വിശ്രമം ഇല്ലാതെ പണിയണമെന്ന് കമ്യൂണിസം പഠിപ്പിക്കുന്നു. പണി ചെയ്യാത്ത ബുര്ഷാ വര്‍ഗത്തെ നശിപ്പിക്കണം.

    കപടലോകത്തില്‍ മുടിചൂടാ മല്ലന്‍മാരായി ഇന്നും ഈ രണ്ടു പ്രസ്ഥാനങ്ങളും വാണരുളുന്നു. ബര്‍ലിന്‍ മതില്‍ക്കെട്ടുകള്‍ തകര്‍ന്നു കമ്യൂണിസം തന്നെ
    ബൂര്‍ഷാപ്രസ്ഥാനം ആയി. പുരോഹിതര്‍ കുന്നുകൂട്ടുന്ന പാപകൂമ്പാരങ്ങളുമായി
    സഭതന്നെ ഇന്നു വന്‍ വെല്ലുവിളികളിലുമാണ്. മാമ്മോന്‍ അനാഥ
    ആവുകയാണെങ്കില് ചതിയില്‍ക്കൂടി സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവരും സഭയ്ക്കുള്ളില്‍ ഉണ്ട്.


    ReplyDelete
  10. ചതിയില്‍ക്കൂടി സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവരും സഭയ്ക്കുള്ളില്‍ ഉണ്ട്.
    Is nt it the demand of almayashabdam? You people are among them as per your demands and complaints.

    ReplyDelete
  11. പാവപ്പെട്ടവനെ വേര്‍തിരിച്ചു നിര്‍ത്തി കൂടുതല്‍ പഠിപ്പിക്കുന്ന കന്യാസ്ത്രിമാരും ഉണ്ടായിരിക്കാം, നല്ലത്. ഭൂരിഭാഗം കോണ്‍വെന്റുകളിലും സമ്പന്നരായ സിസ്ടര്‍മാരും പാവപ്പെട്ടവരായ സിസ്ടര്‍മാരും എന്നൊരു വേര്‍തിരിവ് പണ്ടുണ്ടായിരുന്നു. അത് പിന്നിട് ജോലിയുള്ളവരും ഇല്ലാത്തവരും എന്ന വേര്‍തിരിവിലേക്ക് കടന്നു. ഇതിന്റെ പേരില്‍ ഒരു കന്യാസ്ത്രി വേറൊരു മണവാട്ടിയെ ഉലക്കക്ക് അടിച്ച സംഭവം കേട്ടിട്ടുണ്ട്. വി.അല്‍ഫോന്‍സാമ്മ ഈ വേര്‍തിരിവുകലെല്ലാം നന്നായി അനുഭവിച്ച ആളാണ്‌. അതാണ്‌ അവരെ വേറിട്ട്‌ നിര്‍ത്തിയതും. മനസാക്ഷി എന്നൊന്ന് പൊതുവേ ഇവര്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ മദര്‍ തെരേസാ മഠം വിട്ടിറങ്ങുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന 5 രൂപാ കൊണ്ട് അവര്‍ക്ക് എത്ര ദിവസം കഴിയാന്‍ പറ്റുമെന്ന് അന്വേഷിക്കുമായിരുന്നു.

    അന്നും ഇന്നും വിടും ബന്ധുക്കളെയും ഉപേക്ഷിച്ചു കര്‍ത്താവിന്റെ മുന്തിരി തോപ്പില്‍ പണിക്കു പോയ അവരില്‍ മിക്കവരുടെയും പ്രധാന ജോലി സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ അന്വേഷിക്കുകയും വേണ്ടത്ര അലമ്പ് സൃഷ്ടിക്കുകയും തന്നെ. തെരേസ പറഞ്ഞത് ആ സ്ത്രിയുടെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന മുറിവിന്റെ കഥയാണ്. സ്ഥലത്തെ ദിവ്യന്‍ വന്നാല്‍ മാത്രം തുറക്കുമായിരുന്ന പള്ളികലായിരുന്നു ആദ്യകാലത്ത് നമുക്കുണ്ടായിരുന്നതെന്നും മറക്കരുത്. കേരളത്തില്‍ ക്രിസ്തു മതം തന്നെ ദാരിദ്രരിലെക്കല്ല പോയത് സമ്പന്നരിലെക്കാന്.

    ReplyDelete
  12. ഞാന്‍ എഴുതിയ ജീവിതാനുഭവം വച്ച് നല്ല കന്യാസ്ത്രീകളെ ആരും കുറ്റപ്പെടുത്തല്ലേ. സ്കൂള്‍ കഴിഞ്ഞു പിള്ളേരെല്ലാം പോകുമ്പോള്‍ ഞങ്ങള്‍ കുറെ പാവപ്പെട്ട പിള്ളേരെ മുട്ട് കുത്തി നിന്ന് പദ്യങ്ങളും മറ്റും കാണാപാഠമാക്കാന്‍ പറഞ്ഞിട്ട് അവളുമാര് മഠത്തിലേയ്ക്ക് പോകുമായിരുന്നു. ഇരുട്ടുംപ്ലാണ് വന്നു വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറയുന്നത്. ഭയങ്കര വിശപ്പ്‌, വെട്ടവുമില്ല, വീട്ടില്‍ ചെന്നാല്‍ കിട്ടുന്ന വഴക്കും അടിയുമൊക്കെ ഭയന്നാണ് ജീവിതം. അങ്ങനെയാണ് കന്യാസ്ത്രീകളോടെല്ലാം വെറുപ്പായത്‌.
    ഈയിടെ സ്വന്തം സമൂഹത്തിന്റെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരി കന്യാസ്ത്രീ നേരിട്ട് പറഞ്ഞതാണ്, അവര്‍ മനുഷ്യരോട് അന്യായമായി കനത്ത ബില്‍ എഴുതി കാശ് ഈടാക്കുന്ന കാര്യം. മനസ്സാക്ഷി കുറ്റപ്പെടുത്തിയതിനാല്‍ അവര്‍ സെക്ഷന്‍ മാറിയത്രെ. ഇതെല്ലാ ആശുപത്രികളിലും നടക്കുന്നു.

    ReplyDelete
    Replies
    1. ഇങ്ങനെ ഒക്കെ എഴുതിയാല്‍ തോമസ്‌ സെബാസ്റ്റ്യന്‍ അച്ഛനു കിറുക്കെളകും. അങ്ങേരു അടുത്ത കാലത്ത് കടുക്കാ വെള്ളംകുടി നിറുത്തി.

      Delete
    2. കന്യാസ്ത്രികളുടെ ക്രൂരതകള്‍ അംഗികരിക്കുവാന്‍ അവരുമായി ചുറ്റിപറ്റി നടക്കുന്ന ചിലര്‍ക്ക് ബുദ്ധിമുട്ടാവും. പേരുകള്‍ വിളിച്ചു പരിഹസിച്ചു എഴുതുന്നതും വാക്കുകള്‍ പാപ്പരാകുമ്പോഴാണ്.ഒരാളെ മാത്രം പഠിപ്പിച്ച കന്യാസ്ത്രിയെപ്പറ്റി എഴുതുന്നവര്‍ക്ക് എനിക്ക് മറുപടിയില്ല.അവര്‍ നല്ലവര്‍ ആയിരിക്കാം.മടിയില്‍വെച്ച് താലോലിച്ചിരിക്കാം. എനിക്കവരെ അറിയത്തില്ലന്നുള്ളതും സത്യമാണ്.

      അല്‍ഫോന്‍സായെ ക്ലാരിസ്റ്റു കന്യാസ്ത്രികള്‍ പീഡിപ്പിച്ച കഥകള്‍ ചരിത്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ത്രീകളുടെ പിന്‍ഗാമികള്‍ തന്നെയാണ് ഇന്ന് ക്ലാരിസ്റ്റ്റ് മഠം ഭരിക്കുന്നതും. രോഗം ബാധിച്ചു കിടന്ന അല്‍ഫോന്‍സാ എന്ന സ്ത്രീയെ മാനസികമായും ശാരീരകമായും വേണ്ടുവോളം ഉപദ്രവങ്ങള്‍ അന്നത്തെ സ്വയംമച്ചികള്‍ കൊടുത്തു. ചീകത്സയും ഭക്ഷണവും നല്‍കാതെ അല്‍ഫോന്‍സാ അകാലത്തില്‍ മരിച്ചു.

      ഇന്നു കുഞ്ഞു പെണ്‍കുട്ടികളെ കന്യാസ്ത്രി വേഷങ്ങള്‍ കെട്ടിച്ചു പള്ളി പരിപാടികളില്‍ പ്രദര്‍ശിപ്പിക്കാരുണ്ട്. ഇങ്ങനെ വേഷം കെട്ടിക്കുന്നത് കുഞ്ഞുകുട്ടികള്‍ ഭാവികന്യാസ്ത്രികള്‍ ആകുവാനുള്ള ഒരു തരം മസ്തിഷ്ക്ക പ്രഷാളനം ആണ്. മാതാപിതാക്കള്‍ ഇതു
      നിരുത്സാഹപ്പെടുത്തിയില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ കൌമാരം ആകുമ്പോള്‍ ഈ കന്യാസ്ത്രികള്‍ തട്ടിക്കൊണ്ടു പോകുമെന്നും ചിന്തിക്കണം.

      സുറിയാനി ക്രിസ്ത്യാനികളുടെ രാഷ്ട്രീയ താത്പര്യം അനുസരിച്ച് വത്തിക്കാന്‍ നല്‍കിയ ഒരു പുണ്യവതിയാണ് അല്‍ഫോന്‍സാ. പാലാ രൂപതയുടെ ലോട്ടറിയും. ആഗോളതലത്തില്‍ കന്യാസ്ത്രികളുടെ എണ്ണം കുറഞ്ഞു വരുകയാണ്. കൊച്ചുപെണ്ണുങ്ങളെ സഭയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. പെണ്പിള്ളേരെ വിദേശത്തു അയച്ചു ദാസ്യവൃത്തി ചെയ്യിപ്പിച്ചു ഈ സ്ത്രീ കന്യാസ്ത്രികള്‍ക്ക് ലാഭവും ഉണ്ടാക്കാം.

      സീറോമലബാര്‍ സഭയാണ് ഏറ്റവും കൂടുതല്‍ ലോകത്ത്ല്‍ കന്യാസ്ത്രികളെ റിക്രൂട്ട് ചെയ്യുന്നതും. സ്ത്രീധനം കൊടുക്കുവാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട വീട്ടിലെ പെണ്പിള്ളേര്‍ ആണ് അധികവും കന്യാസ്ത്രി മഠങ്ങളില്‍ വരുന്നതും. ചിന്തിക്കാന്‍ കഴിവില്ലാത്ത പെണ്കുട്ടികളെ മയക്കി മഠങ്ങളില്‍ കൊണ്ടുവരും. ഒരിക്കല്‍ അവരുടെ നിയന്ത്രണത്തില്‍
      എത്തിയാല്‍ സാമൂഹ്യദ്രോഹികളായ കന്യാസ്ത്രികള്‍ അവരുടെ മേല്‍ പീഡനം തുടരുകയായി. മുരടിച്ചു മൂത്തു മനസ്സ് ശുഷ്ക്കിപ്പിച്ച
      ഈ കന്യാസ്ത്രികള്‍ക്ക് സാധാരണ കൊച്ചു കന്യാസ്ത്രികളെ കാണുമ്പോള്‍ ഒരു തരം ആധിയും പിടിക്കും. അവരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. സഭയുടെ സമൂഹമാണ് ഇങ്ങനെ അവരെ വാര്‍ത്തെടുത്തതും.

      Delete

  13. "ചിക്കാഗോയില്‍ ലിമോസിന്‍ കാറില്‍ സര്‍വ്വ ആഘോഷങ്ങളോടും കൂടി സെ. തോമസിന്റെ തിരുശേഷിപ്പ് കൊണ്ടുവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. റോമിന്റെ കണക്കനുശരിച്ചു, സെ. തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല; നമ്മുടെ ചരിത്രമനുശരിച്ചു സെ. തോമസ്‌ ഇവിടെ വരുകയും വചനം പ്രസംഗിക്കാതെ കല്ലില്‍ താമര കുരിശു കൊത്തി സമയം കളയുകയും ചെയ്തു." Roshan

    ബെനെടിക്റ്റ് വത്തിക്കാനില്‍ നിന്നും കേരളക്കാര്‍ക്കിട്ടു വെച്ച ഒരു പാരയാണ് ചരിത്രപരമായ സത്യം തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിനു തെളിവില്ല എന്ന്‍ പറഞ്ഞത്. അപ്പോള്‍ മൈലാപ്പൂരില്‍ പാറപ്പുറത്ത് കാണുന്ന തോമയുടെ കാല്‍മുദ്രയോ? ക്ലാവര്‍ കുരിശു കൊത്താന്‍ ഉപയോഗിച്ച ഉളിയും കൊട്ടുവടിയും കൊണ്ട് ഉണ്ടാക്കിയതാനെന്നാണോ? ഈ ഉളിയും കൊട്ടുവടിയും ഈശോയുടെതായിരുന്നു, അവിടുന്ന് അന്ത്യത്താഴനെരത്തു അത് തോമാക്ക് സമ്മാനമായി കൊടുത്തതായിരുന്നു. അങ്ങനെ കൊടുത്തിട്ടില്ലെന്ന് ബെനെടിക്റ്റ് പറഞ്ഞാല്‍? പോപ്പേ, ഞങ്ങളോട് ഇത് വേണോ?

    ReplyDelete