Translate

Wednesday, December 3, 2014

4745 X 23 = 109135

ഇന്നാള്, ‘മെത്രാന്മാര്‍ക്ക് നാണമില്ലാത്തത് എന്ത് കൊണ്ട് എന്ന വിഷയത്തില്‍ ഗവേഷണമാകാം എന്ന് ഞാന്‍ എഴുതിയിരുന്നു. ഒത്തിരിപ്പേര്‍ എന്നോട് നേരിട്ട് അക്കാര്യം ചര്‍ച്ച ചെയ്തു, ബ്ലോഗ്ഗിലും പരാമര്‍ശിക്കപ്പെട്ടു; പക്ഷേ, മെത്രാന്മാര്‍ക്ക് നാണമുണ്ട് എന്ന് ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല. അങ്ങിനെയിരിക്കെയാണ്‌ തൃശ്ശൂര്‍ രൂപതയുടെ യഥാര്‍ത്ഥ ലക്‌ഷ്യം തന്നെ ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നത് – ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുക എന്നതാണ് ഈ ക്രിസ്മസ്സിനു നമ്മുടെ പണി എന്ന് മെത്രാന്‍ പറഞ്ഞിരിക്കുന്നു. നേരത്തെ ഇതിനായി പല പ്രയോഗങ്ങളും ചെയ്തു നോക്കിയതാണ്. വെള്ളമടിച്ചു പൂസായി ഏറ്റവും കൂടുതല്‍ വണ്ടിക്കിട്ടിടിച്ച വൈദികന്‍, ഏറ്റവും കൂടുതല്‍ അളവെടുപ്പുകാരുള്ള രൂപത.... ഇങ്ങിനെയുള്ള ഒരു വിശേഷവും ക്ലിക്ക് ചെയ്തില്ല. അപ്പോ പിന്നെ ഇതേ മാര്‍ഗ്ഗമുള്ളൂ - ബോണ്‍ നത്തോലി (മലയാളത്തില്‍ എങ്ങനെയാണോ ഉച്ചരിക്കേണ്ടത്?)

ഇനി ഗിന്നസ് ബുക്കില്‍ കേറുന്നത് ദുഃഖവെള്ളിയാഴ്ച മതി എന്ന് തീരുമാനിച്ചിരുന്നെങ്കിലോ? കര്‍ത്താവിനെ ഇരുപതിനായിരം കുരിശുകളില്‍ എല്ലാരും കൂടെ തറച്ചേനെ. മനുഷ്യന്‍ ഇത്രയും താഴത്തായിട്ടും ഉയര്‍ന്ന ചിന്തകള്‍ എങ്ങനെ ഉണ്ടായിയെന്നും അത് പല തട്ടിലായി എങ്ങനെ വ്യാപിച്ചെന്നും പഠിക്കേണ്ടത് തന്നെ. ഇപ്പോ മനസ്സിലായോ, മേജര്‍ തിരഞ്ഞെടുപ്പില്‍ പരി. ആത്മാവ് നേരിട്ടെത്തിയിരുന്നെന്ന്? അല്ലായിരുന്നെങ്കില്‍ സര്‍വ്വത്ര ഗിന്നസ് ബുക്ക് കളി ആയിപ്പോയേനെ? ഏറ്റവും കൂടുതല്‍ അത്ഭുതം കാണിച്ച പുണ്യവാളന്‍, ഏറ്റവും കൂടുതല്‍ കെട്ടിടം പണിത മതം, ഏറ്റവും കൂടുതല്‍  കേസുകള്‍ ഒതുക്കിയ സംഘം ........ സര്‍വ്വത്ര മത്സരം നടന്നേനെ.

ലോകത്താദ്യം പൊലീസ്‌ പ്രൊട്ടക്ഷനില്‍ സിനഡ് നടന്ന സ്ഥലം, ഒരു മൈല്‍ റേഡിയസ്സില്‍ 7 പള്ളികളുള്ള (കഴിഞ്ഞ നൂറ്റാണ്ടിലെ കണക്ക്), ഐക്യബോധമുള്ള വിശ്വാസികള്‍ പാര്‍ക്കുന്ന സ്ഥലം എന്ന് തുടങ്ങി ഒരു ഗിന്നസ് ബുക്ക് മുഴുവന്‍ ഇടാവുന്ന കാര്യങ്ങള്‍ സ്വന്തമായുള്ള പാലാക്കാര്‍ ഇതൊക്കെ കണ്ടു ചിരിക്കും. കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് പറയാന്‍ ഒന്നുമില്ലെന്ന് കരുതരുത്. സഭയുടെ മുഖപത്രം ഒരു മുസ്ലീമിനെക്കൊണ്ട് നടത്തിക്കാന്‍ ശ്രമിച്ച മെത്രാന്‍ വാഴുന്ന സ്ഥലമാണത്. ആകെ അംഗങ്ങളുടെ കൈയ്യില്‍ നിന്നും ഇതുവരെ സിറോ മലബാര്‍ സഭ പിഴിഞ്ഞെടുത്ത പണത്തിന്‍റെ കൃത്യമായ കണക്ക് അവതരിപ്പിച്ചാല്‍ ഗിന്നസ് ബുക്കുകാര്‍ ബോധംകെട്ട് വീഴാനും സാധ്യതയുണ്ട്. 
ഒരു പുണ്യവതിയെ കിട്ടിയപ്പോള്‍ ഇത്ര അഹങ്കാരമോയെന്ന് രണ്ടു പേരുണ്ടായിട്ടും ലാളിത്യം വിടാത്ത കോട്ടയംകാര്‍ ചോദിക്കും. പക്ഷെ, തൃശ്ശൂര്‍ രൂപതയോളം അജഗണങ്ങളുടെ  കാര്യത്തില്‍ ഇത്രയും ശ്രദ്ധയുള്ള മറ്റൊരു രൂപത സീറോ മലബാറിന് ഇല്ലെന്നും പറയേണ്ടി വരും. അവര്‍ എല്ലാത്തിന്‍റെയും കണക്കു കൃത്യമായി എടുക്കും. സ്വന്തം പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ കെട്ടുന്നത് ദിവസം ഒന്ന് എന്ന കണക്കിലാണെന്ന് അവര്‍ കണ്ടുപിടിച്ചു. ഇത് കേരളത്തിലെ എല്ലാ സീറോ രൂപതയിലും കണക്കു കൂട്ടിയപ്പോള്‍ 365 X 13 = 4745 എന്ന് കിട്ടി. ഇതിനെ സിറോ മലബാര്‍ വ്യക്തിസഭ ഉണ്ടായ വര്ഷം മുതല്‍ ഗുണിച്ചപ്പോള്‍  4745 X 23 = 109135 എന്ന് കിട്ടി. ഇത്രയും യുവതികള്‍ പ്രസവിച്ചത് മറ്റേതോ റീത്തിനു വേണ്ടി. സഹിക്കുമോ ഹൃദയമുള്ളവര്‍? തട്ടില്‍ മെത്രാന്‍ വചനവുമായി നാട് നീളെ പായുന്നതിന്‍റെ രഹസ്യം ഇനി ആര്‍ക്കെങ്കിലും മനസ്സിലാകാനുണ്ടോ?

ഇതിന്‍റെ രഹസ്യം ഇങ്ങനെ ഗുണിച്ചാല്‍ ശരിയാവില്ലെന്ന് തൃശ്ശൂര്‍കാര്‍ക്കറിയാം. അവിടെ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ കെട്ടിക്കാന്‍ സര്‍വ്വ സമ്പാദ്യവും വിട്ടു കൊടുത്താലും മതിയാവണമെന്നില്ല. പെണ്ണുവീട്ടുകാര്‍ ചെറുക്കനെ കാണാന്‍ ചെല്ലുമ്പോഴൊക്കെ ഒരു ബേക്കറിയുമായി പോയാലെ തൃശ്ശൂര്‍കാര്‍ക്ക് തൃപ്തിയാകൂ. അതിലേകൂടെ വന്ന മാര്‍ത്തോമ്മാ അവരെ പഠിപ്പിച്ചത് അങ്ങിനെയാണ് പോലും. പാരമ്പര്യം വിടാനാകുമോ? അപ്പോള്‍ വേറൊരു റിത്തില്‍ നിന്ന് ഒരാലോചന വന്നാല്‍ അവര് മുറുക്കെ പിടിക്കും. മെത്രാനച്ചനു മനസ്സിലായോ എന്തോ! നമ്മുടെ പെണ്ണുങ്ങള്‍ പുറത്തോട്ടു പോകുന്നതുപോലെ വേറെ പെണ്ണുങ്ങള്‍ അകത്തോട്ടു വരുന്നില്ലായെന്നു കാണുമ്പോഴെങ്കിലും രൂപതക്ക് കാര്യം മനസ്സിലാകേണ്ടതല്ലേ?

കാര്യങ്ങള്‍ തറ നിലവാരത്തില്‍ മനസ്സിലാക്കാന്‍ പുറത്തിറങ്ങി കുറെ നടക്കുന്നത് നല്ലതാ. ഗാന്ധിജിയും നടന്നു, വിവേകാനന്ദനും നടന്നു, ഇപ്പൊ സുധീരനും നടക്കുന്നു. ഭൂമിയുമായി ഒരു ബന്ധം ഉണ്ടാകാനും ഈ പണി നല്ലതാ. പക്ഷെ, മെത്രാന്‍ പുറത്തിറങ്ങി നടന്നിട്ട് ഇതൊന്നും സംഭവിക്കാന്‍ പോണില്ല. പക്ഷെ, അവര്‍ ഇറങ്ങാത്തത് മേനിഭയം ഉള്ളത് കൊണ്ടാണെന്ന് ആര്‍ക്കാ അറിയാത്തത്? അല്ലെങ്കിലെന്തിനാ ഒരു മെത്രാന്‍ ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങിയത്? മേജര്‍ പക്ഷെ, ഭയപ്പെടണ്ട. മേജറിനോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് സര്‍വ്വര്‍ക്കും അറിയാം.

പണ്ട് യൂറോപ്പില്‍ സഭ ക്ഷയിച്ചത് വളരെ സാവധാനം ആയിരുന്നു. ആരും ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല. പക്ഷെ, കേരളത്തിലെ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തം. മെത്രാന്‍ മിണ്ടിയാല്‍ ഫെയിസ് ബുക്കില്‍ ഇടാന്‍ ആളുകള്‍, ബ്ലോഗ്ഗില്‍ എഴുതാന്‍ ഒരു പത്തിരുപത്തഞ്ചു പേര്‍ നിരന്നു നില്‍ക്കുന്നു, പറഞ്ഞു തോല്പ്പിക്കാമെന്നു വെച്ചാല്‍, അവരില്‍ വൈദികാന്തസ്സിന്‍റെ മറുകര കണ്ട തിമിംഗലങ്ങള്‍ ഒന്നും രണ്ടുമല്ല. ഇപ്പോ വെബ്സൈറ്റും ആയി; ലോകത്തുണ്ടാകുന്ന പ്രധാന കത്തോലിക്കാ വാര്‍ത്തകള്‍ അപ്പപ്പോള്‍ പ്രസിദ്ധികരിക്കുന്ന ആദ്യത്തെ അത്മായ ഓണ്‍ലൈന്‍ സൈറ്റ് തുടങ്ങാന്‍ KCRMന് കഴിഞ്ഞു എന്നത് അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ വര്‍ദ്ധിക്കുന്നതുകൊണ്ടാണെന്നു മെത്രാന്മാരല്ലാത്ത എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. CCRInt’l എന്ന അന്താരാഷ്ട്ര അത്മായ സംഘടനയുടെ സര്‍വ്വ പിന്തുണയും KCRMന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള അനുമോദന സന്ദേശം സൈറ്റില്‍ വായിച്ച് ഞാന്‍ കോരിത്തരിച്ചു പോയി. ഈ യുദ്ധത്തിന്‍റെ  അവസാനം അരമനകളില്‍ അത്മായന്‍ കയറി മെത്രാന്മാരെ കൈ പിടിച്ചു പുറത്തേക്ക് ഇറക്കുക എന്നതാവാം നടക്കുക. കൊല്ലത്ത് ‘ഈ ഇടവകയിലേക്ക് വന്നു പോകരുത്’ എന്നല്ലേ, ഇടവകക്കാര്‍ മെത്രാനോട് പറഞ്ഞിരിക്കുന്നത്.

ഇതാ കേരളത്തിലെ വിപ്ലവകാരികള്‍ പള്ളി ഇറക്കി വിട്ട സര്‍വ്വ വൈദികരെയും കന്യാസ്ത്രികളെയും പുനരധിവസിപ്പിക്കാന്‍ പോകുന്നു. എന്തൊരു തന്റേടം! പക്ഷെ, സാറന്മാരേ, അത് സാഹസമായിപ്പോയി! കേരളത്തില്‍ ആകെയുള്ള വൈദികരുടെ കണക്കെടുത്തിട്ടു വേണമായിരുന്നു ഇതൊക്കെ. എല്ലാവരെയും പാര്‍പ്പിക്കാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ? കാര്യത്തേലോട്ടു കടക്കുമ്പോള്‍ അറിയാം. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. ആകാവുന്ന കാലം മുഴുവന്‍ വിശ്വാസിയെ ചവിട്ടിയിട്ട് വയസ്സാകുമ്പോള്‍ ‘എനിക്ക് വിവേകം വന്നേ’ എന്ന് പറയുന്നവരെയും സ്വീകരിക്കേണ്ടി വരും.

രൂപതക്ക് ഒരു വിശുദ്ധനെവെച്ച് ഒപ്പിക്കാന്‍ ധാരണയായി എന്നാണു കേള്‍ക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യാന്‍ കാഞ്ഞിരപ്പള്ളിക്കാര്‍ ശ്രമിച്ചിട്ട് ഒരൊറ്റ കേരള കത്തോലിക്കനെയും ആ രൂപതയില്‍ കിട്ടിയില്ല എന്നും കേട്ടു. അതുകൊണ്ടാണ് ഒരു പെര്‍ത്തുമൂസിനെ പിടിച്ചിരിക്കുന്നതത്രെ. പൊന്‍കുന്നം വര്‍ക്കിയുടെ പേരും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അദ്ദേഹവും അന്ത്യകൂദാശകളെല്ലാം സുബോധത്തോടെ സ്വീകരിച്ച് മരിച്ച ഒരു കത്തോലിക്കനായിരുന്നല്ലോ (മത്തായി ചാക്കോ MLA യെ പ്പോലെ). വര്‍ക്കി പള്ളിയെപ്പറഞ്ഞ തെറിക്കു കൈയ്യും കണക്കും ഇല്ലെന്ന് അധികമാര്‍ക്കും അറിയുകയുമില്ല. വര്‍ക്കിയുടെ ഒരു കഥാപാത്രം പറഞ്ഞത് ആര്‍ക്കു മറക്കാന്‍ കഴിയും? ഒരു വീട്ടില്‍ ഈ കഥാപാത്രത്തെ ഉപദേശിക്കാന്‍ ചെന്ന വൈദികനോട് കഥാപാത്രം പറഞ്ഞത് ദയവായി കര്‍ത്താവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍ നിന്ന് മാറി നില്‍ക്കാനാണ്. അയാള്‍ക്ക്‌ കര്‍ത്താവിനോടു നേരിട്ട് സംസാരിച്ചാല്‍ മതിയെന്നാണ് കഥാപാത്രം ഉദ്ദേശിച്ചത്.

DNA ടെസ്റ്റ്‌ കണ്ടുപിടിക്കുന്നതിനും 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വികാരിയച്ചന്‍ ഓണംകുളത്തച്ചന്‍റെ DNA ടെസ്റ്റ്‌ ചെയ്തു. ബനഡിക്റ്റ്  അച്ചനെ സമാധാനത്തില്‍ വിശ്രമിക്കാന്‍ സദയം അനുവദിക്കുകയെന്നാണ് എനിക്ക് പറയാനുള്ളത്. ശിഷ്ടജീവിതം ഒരു പുണ്യവാനെപ്പോലെ അദ്ദേഹം കഴിഞ്ഞിരിക്കാം. ഇക്കാര്യം മാത്രം പറഞ്ഞിരുന്നെങ്കില്‍ ആരും ഒന്നും മിണ്ടില്ലായിരുന്നു. പഴയ കഥകളില്‍ വെള്ളം ചേര്‍ത്ത് അദ്ദേഹത്തെ പുണ്യവാനാക്കാന്‍ ശ്രമിച്ചാല്‍ KCRMകാര് വെറുതെ ഇരിക്കുമെന്ന് കരുതരുത് കേട്ടോ. ഇവിടെ നിന്ന് എഴുത്തയച്ചാലും റോമില്‍ ചെല്ലും!

പണ്ട് ബെന്നി പുന്നത്തറസാര്‍, മോഡി ദൈവത്തിന്‍റെ ആളാന്നു പറഞ്ഞപ്പോള്‍ എന്തൊരു പുശ്ചമായിരുന്നു എല്ലാര്‍ക്കും. ഡല്‍ഹിയില്‍ ഒരു കത്തോലിക്കാപ്പള്ളി കത്തി എന്ന് കേട്ടപ്പോള്‍ സംശയം തീര്‍ന്നല്ലോ. ഇത് കേട്ട് സന്തോഷിക്കുന്ന കത്തോലിക്കരും ഉണ്ടെന്ന് എത്രപേര്‍ക്ക് അറിയാം? അഭിഷിക്തനെ തൊട്ടാല്‍ ഞാന്‍ കൊല്ലും എന്നല്ലേ ദൈവം പറഞ്ഞിരിക്കുന്നത്. അഭിഷിക്തരെ കുറ്റം പറഞ്ഞതിന് യേശുവിന് കിട്ടിയ ശിക്ഷ എല്ലാവരും കണ്ടതുമാണല്ലോ. ഡഹിക്കാര്‍ ഫരീദാബാദ് മെത്രാനെ കൂകി ഇരുത്തിയില്ലേ? എന്നാ ഇതിരിക്കട്ടെ എന്ന് ദൈവം കരുതിക്കാണും. അതോ പള്ളി കത്തിക്കല്‍ ഡല്‍ഹി മുതല്‍ തുടങ്ങിയേക്കാമെന്നാണോ ദൈവം കരുതിയിക്കുന്നതെന്നും പറയാന്‍ വയ്യ. കേരളത്തില്‍ ആണെങ്കില്‍ ഒരു കത്തോലിക്കാപ്പള്ളി കത്തി, ബോംബിട്ടു നശിപ്പിച്ചു എന്നൊക്കെ കേട്ടാല്‍ മറ്റു ജാതിക്കാരെ സംശയിക്കുന്നതിനു മുമ്പ് അതിന്റെ  വികാരിയെയായിരിക്കും എല്ലാരും സംശയിക്കുക. മൂന്നു കൊല്ലം മുമ്പ് ചെങ്ങളത്ത്  ഒരു പള്ളി ബോംബിട്ട് തകര്‍ത്തത് അവിടുത്തെ വികാരി തന്നെ ആയിരുന്നല്ലോ. താഴെ വീഴാറായ പള്ളി പുതുക്കണം എന്നാണ് അന്ന് വികാരി പറഞ്ഞത്. അതും വിശ്വസിച്ചു വന്നവര്‍ പത്തു ഡൈനാമിറ്റ് വെച്ചിട്ടും പള്ളി മുഴുവന്‍ വീണില്ലെന്നാ ഞാന്‍ അന്ന് കേട്ടത്. എത്ര ഉള്‍ക്കാഴ്ചയുള്ള വികാരിയച്ചന്‍! ഒരു പള്ളി പുതുക്കി പണിയുക എന്ന് പറഞ്ഞാല്‍ എത്ര രസകരമായ കാര്യമാണെന്ന് അത് ചെയ്തിട്ടുള്ള അച്ചന്മാര്‍ക്ക് അറിയാം.

ഇനി എല്ലാ കുര്ബാനകളിലും കാറോസൂസായില്‍ റബ്ബര്‍ വില കൂടാനും കോഴിപ്പനി മാറാനും ദൈവമേ അനുഗ്രഹിക്കണമേയെന്നും കൂടി ചേര്‍ക്കുന്നതിനു മുമ്പ് ദയവായി ആരും റബ്ബര്‍ വെട്ടാനും പാടില്ല കോഴിയെ കൊല്ലാനും പാടില്ല! കോങ്കണ്ണ്  സാരമില്ല. വി. ചാവറയച്ചന്‍ ഉണ്ടല്ലോ!       

1 comment:

  1. (മലയാളത്തില്‍ എങ്ങനെയാണോ ഉച്ചരിക്കേണ്ടത്?)
    http://en.wiktionary.org/wiki/buon_Natale
    ക്ലിക് ചെയ്‌താൽ ശരിയായ ഉച്ചാരണം കേൾക്കാം. ഏതാണ്ട് "ബൊൻനതാലെ" എന്ന്. Merry Christmas എന്നാണ് ഈ ഇറ്റാലിയൻ വാക്കുകളുടെ അർഥം. Merry Christmas എന്നും Happy Christmas എന്നും നമ്മൾ പറയും. മലയാളത്തിൽ അതെങ്ങനെ പറയുമെന്ന് ആരും തെരക്കിയിട്ടില്ല. ഇപ്പോഴിതാ ഇറ്റാലിയൻ ഭാഷയിലും ചൊല്ലാറായി. നിരന്തരമുള്ള അച്ചന്മാരുടെയും മെത്രാന്മാരുടെയും വിശുദ്ധരെ വാഴിക്കാൻ പോകുന്നവരുടെയും ഇറ്റലിപ്രേമം ഉള്ള ഈ നാട്ടിൽ ഇങ്ങനെ ആയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. അടുത്തത്‌ ചൈനീസിലായിരിക്കാം. മലയാളം പോയി തുലയട്ടെ!

    ReplyDelete