Translate

Saturday, January 5, 2013


പ്രമേയം
അറയ്ക്കൽ മോനിക്കയുടെ ഭൂമി തിരികെ നൽകുക

      2012 ഓഗസ്റ്റ് മാസം മുതൽ വിവിധ അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വാർത്തയായും  പരസ്യമായും പ്രത്യക്ഷപ്പെടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന ഒരു സംഭവം എന്ന നിലയിൽ വളരെയേറെ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞ ഒരു വിഷയമാണ് കൊരട്ടിയിലെ ആവേ മരിയ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി വിവാദം. അതിനാൽത്തന്നെ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ഘടക സംഘടനയായ പാലായിലെ കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ അതുമായി ബന്ധപ്പെട്ട നിജസ്ഥിതി അന്വേഷിച്ചു. തുടർന്നു ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ യോഗംചേർന്ന് വിഷയം ചർച്ച ചെയ്തു. പ്രസ്തുത ഭൂമിവിഷയവുമായി ബന്ധപ്പെട്ട് കണ്ടെത്താൻ കഴിഞ്ഞ കാര്യങ്ങൾ താഴെച്ചേർക്കുന്നു.
1.      അറയ്ക്കൽ തോമസ്(കാഞ്ഞിരപ്പള്ളി മെത്രാന്റെ പിതൃസഹോദരപുത്രൻ) വൃദ്ധനും രോഗിയും ഇപ്പോൾ മൂകനുമാണ്. ഭാര്യയായ മോനിക്കാ ഇതിൽ വളരെ ദു:ഖിതയും ആശങ്കാഭരിതയുമാണ്. ഈ ദമ്പതികൾക്ക് കുട്ടികളില്ല. 40 വർഷമായി ഇവർ ജർമനിയിൽ വസിക്കുന്നവരുമായിരുന്നു. ഇവർ പ്രാർഥനയിൽ അമിതാസക്തി കാണിക്കുന്ന വരാണ്.
2.      പഴയ കൊരട്ടിയിലെ ആവേ മരിയ ധ്യാനകേന്ദ്രത്തിൽ ഇവർ പോകാറുണ്ടായിരുന്നു. ധ്യാനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാരനായ ഫാ. ജോർജ് നെല്ലിക്കൽ ഇവരുടെ ദൗർബല്യം മനസിലാക്കി ഇവരെ സ്വാധീനവലയത്തിലാക്കി. ഫാ. ആന്റണി മണിയങ്ങാടന്റെ ഇടപെടലും ഇക്കാര്യത്തിലുണ്ടായിരുന്നു.
3.      നിരന്തരമായ സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കുമൊടുവിൽ ടി ദമ്പതികളിൽ ഭർത്താവിന്റെ പേരിലുള്ള 55 സെന്റ് ഭൂമി 2010 ജൂലൈ മാസത്തിൽ ധ്യാനകേന്ദ്ര ത്തിനു നൽകാൻ ഇവർ സമ്മതിച്ചതിനെത്തുടർന്ന് രജിസ്റ്റ്രാറെ പടികെട്ടി വീട്ടിൽ കൊണ്ടുവന്ന് 5ഏക്കർ 5സെന്റ് ഭൂമി ധ്യാനകേന്ദ്രത്തിനുവേണ്ടി ആധാരം രജിസ്റ്റർ ചെയ്തു. ടി ദമ്പതികളുടെ സ്വന്തക്കാരോ ബന്ധുക്കളൊ ഇതൊന്നും അറിഞ്ഞില്ല. അന്ന് ശ്രീ തോമസ് അത്രയ്ക്ക് അവശനായിരുന്നില്ല.
4.      ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആയിരം റബർമരങ്ങൾ ആറു വർഷത്തേയ്ക്ക് 33ലക്ഷം രൂപയ്ക്ക് ടാപ്പിങിനായി (ഫാ. ജോർജ് നെല്ലിക്കന്റെ ബിനാമിക്ക്) വിട്ടുകൊടുത്തു. നാട്ടുനടപ്പനുസരിച്ച് ഒരു കോടിയോളം രൂപ കിട്ടേണ്ടതായിരുന്നു.
5.      ഫാ. ജോർജ് നെല്ലിക്കലിനെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമില്ല. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ട്. ആവേ മരിയ ധ്യാനകേന്ദ്രം ആരംഭിച്ച തോമസച്ചൻ ഇന്നു നല്ലരീതിയിൽ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

6.      ആവേ മരിയ ധ്യാനകേന്ദ്രം നടത്തുന്നതിനെതിരെ ആ പ്രദേശത്തെ ആളുകൾക്ക് ശക്തമായ എതിർപ്പുണ്ട്; ധ്യാനകേന്ദ്രം അറയ്ക്കൽ ഭൂമിയിലേയ്ക്ക് മാറ്റിസ്ഥപിച്ചതിൽ പ്രത്യേകിച്ചും. ധ്യാനത്തിനെത്തുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അവരുടെ ദൗർബല്യങ്ങളെ ചൂഷണംചെയ്യുന്ന ഫാ. ജോർജ് നെല്ലിക്കന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായ അവർ കോടതിയെ സമീപിച്ച് ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞിട്ടുണ്ട്. നിലവിൽ ധ്യാനകേന്ദ്രം അവിടെ നിയമാനുസൃതം പ്രവർത്തിക്കുന്നില്ല.
7.      താൻ വഞ്ചിക്കപ്പെട്ടുവെന്നു അറയ്ക്കൽ ശ്രീമതി മോനിക്ക തോമസ് പരാതിപ്പെടുന്നു. ടി നടപടികളിലും സാഹചര്യങ്ങളിലും നിന്ന് അതു ബലപ്പെടുകയും ചെയ്യുന്നു. അവർ കോടതിയെ സമീപിക്കുകയും കോടതി നടത്തിയ അദാലത്തിൽ ഭൂമി തിരികെക്കിട്ടണമെന്ന അവരുടെ ആവശ്യം അംഗീകരിക്കുന്നതിനു കോടതി ആവശ്യപ്പെടുകയും ചെയ്തെങ്കിലും പുരോഹിതർ തയ്യാറായിട്ടില്ല.
8.      പൗരോഹിത്യം എന്നത് ബിസിനസ് നടത്താനുള്ള ലൈസൻസായി മാറുന്നു എന്ന് ആളുകൾ ആക്ഷേപിക്കുന്നത് സഭയ്ക്കോ സമുദായത്തിനോ ഭൂഷണമല്ല. വൻകിട റിസോർട്ടുകളുടെ രൂപഭാവങ്ങൾ കൈക്കൊള്ളുന്ന ധ്യാനകേന്ദ്രങ്ങളും മറ്റും പുരോഹിതരെക്കുറിച്ചുള്ള മതിപ്പ് അനുദിനം തകരുന്നതിനു ഇടയാക്കുന്നുണ്ട്.
ആർത്തി മൂലം അപമാനകരമായ ഇത്തരം ഇടപാടുകൾ നടത്തുന്നത് പുരോഹിതർക്ക് ഗുണകരമാകുന്നുണ്ടെങ്കിലും സഭയ്ക്ക് ദോഷകരമാണ്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാന്യമായ ഒരു ഇടപാടല്ല ഇക്കാര്യത്തിൽ നടന്നിരിക്കുന്നത് എന്നു വ്യക്തമാണ്. വഞ്ചനയിലൂടെയോ അവിഹിതമാർഗത്തിലൂടെയോ യാതൊന്നും സമ്പാദിക്കരുതെ ന്നുള്ളത് നിയമപരമായും ധാർമികമായും സ്വാഭാവികമായും ഏതൊരാളും പാലിക്കേണ്ട കടമയാണ്. അതിവിടെ പാലിക്കപ്പെട്ടിട്ടില്ല. അതിലുപരി, അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നുള്ള പ്രമാണലംഘനവും നടന്നിരിക്കുന്നു. ഇടപാടുകളിൽ ഉണ്ടാകേണ്ട സുതാര്യതയും ഇക്കര്യത്തിലുണ്ടായിട്ടില്ല. എല്ലാറ്റിനുമുപരി, സാധാരണ ക്രൈസ്തവരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന, വഗ്ദാനം ചെയ്യപ്പെട്ടതരത്തിലുള്ള നീതിയോ ധാർമികതയോപോലും ഉന്നതശ്രേണിയിലുള്ള പുരോഹിതരിൽ നിന്നും ഉണ്ടായില്ല എന്നത് ഞെട്ടലും വേദനയും സമുദായംഗങ്ങളെന്ന നിലയിൽ ഞങ്ങൾക്ക് അപമാനവും ഉളവാക്കുന്നതാണ്.   
വ്യവസ്ഥാപിതമായ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഈ ഇടപാടിൽ നിന്നും വഞ്ചനയും കരാർലംഘനവും ആരോപിച്ച് ശ്രീമതി മോനിക്ക പിന്മാറിയിരിക്കുന്നു എന്നതിനാൽ ഇടപാടു തന്നെ അസാധുവായിരിക്കുകയാണ്. അതിനാൽ, മുട്ടാപ്പോക്കും മുടന്തൻന്യായങ്ങളും സാങ്കേതികത്വവും ഉന്നയിച്ച് ഈ പ്രശ്നം കൂടുതൽ വഷളാക്കി, സാമൂഹികവും സാമുദായികവുമായ ചേരിതിരിവും അതുവഴി സംഘർഷത്തിനുമുള്ള സാധ്യത ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു.

കോടതി വ്യവഹാരങ്ങളിലൂടെ വിശ്വാസികളുടെ പൊതുസ്വത്ത് ദുർവ്യയം ചെയ്യുന്നത് സഭാനേതൃത്വ ത്തിന്റെ ഒരു ശീലമായിരിക്കുകയാണ്. ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലൗകിക ജീവിതം ത്യജിച്ചെന്നവകാശപ്പെടുന്നവർ അതിനായിമാത്രം ജീവിക്കുന്നു എന്നു വരുന്നത് എത്ര പരിഹാസ്യ മാണ്! തർക്കമുണ്ടായാൽ അതു പരിഹരിച്ചേ ബലിയർപ്പണംപോലും നടത്താവൂ എന്നാണല്ലോ സഭയുടെ പഠിപ്പിക്കൽ! ഇവിടെ അതുതന്നെയല്ലേ സാഹചര്യം; പിന്നെന്തിനു മടിക്കുന്നു?
അതിനാൽ, കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറക്കൽ തനിച്ച് തീരുമാനിച്ചാൽ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം, ശ്രീമതി മോനിക്കായ്ക്ക് ഭൂമി തിരികെ നൽകി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സഭാ നേരൃത്വം തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ഈ യോഗം ആവശ്യപ്പെടുന്നു. 
                2012നവംബർ24നു പാലാ ടോംസ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുയോഗം അംഗീകരിച്ചത്.
   
ചെയർമാൻ:     ലാലൻ തരകൻ                                       
ജനറൽ സെക്രട്ടറി: ആന്റോ കോക്കാട്ട് 
വർക്കിങ് പ്രസിഡന്റ്: ജോസഫ് വെളിവിൽ      
വൈസ് ചെയർമാൻ :ജോർജ് ജോസഫ്             
ജോ.സെക്രട്ടറി: ജോർജ് മൂലേച്ചാലിൽ
ട്ര ഷറർ : അഡ്വ. വർഗിസ് പറമ്പിൽ
  

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete