Translate

Sunday, January 27, 2013

നല്ല ശമരിയാക്കാരനു പിന്നീടെന്തു സംഭവിച്ചു ?


സെബാസ്റ്റ്യന്‍ വട്ടമറ്റം

വിദൂഷകന്‍ കര്‍ട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌: ഇന്നലെയായിരുന്നല്ലോ ദൈവദൂഷകനായ ആ തച്ചന്റെ മോന്‍ യേശു കുരിശിലേറ്റപ്പെട്ടത്‌. യറൂസലേമെന്ന ഈ വിശുദ്ധനഗരം ഇന്നെത്ര ശാന്തമായിരിക്കുന്നു. യേശുവിന്റെ ശിഷ്യന്മാരെല്ലാം ഒളിവിലാണത്രേ. ഇതാ ഹേറോദേസിന്റെ കൊട്ടാരക്കച്ചേരിയില്‍ വീണ്ടുമൊരു കുറ്റവിചാരണ നടക്കാന്‍ പോകുന്നു.
(ഹേറോദേസ്‌ സിംഹാസനത്തില്‍. ഇടതുവശത്ത്‌ ഒരു കുറ്റവാളിയെയും കൊണ്ടു പടയാളി. വലതുവശത്തൊരു പുരോഹിതന്‍.)
ഹേറോദേസ്‌ - ആരാണു കുറ്റവാളി?
പടയാളി - പ്രഭോ, പുറജാതിക്കാരനായ ഒരു ശമരിയാക്കാരനാണു കുറ്റവാളി.
ഹേറോദേസ്‌ - അയാള്‍ ചെയ്‌ത കുറ്റം?
പടയാളി - കവര്‍ച്ചയും കൊലപാതകവും ദേവാലയം അശുദ്ധമാക്കലും.
ഹേറോദേസ്‌ - ആരെയാണു കൊന്നത്‌? 
പടയാളി - കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു വഴിയില്‍ക്കിടന്ന നിസ്സഹായനായ ഒരു വ്യാപാരിയെ. 
ഹേറോദേസ്‌ - എന്ന്‌, എവിടെവച്ചാണണിതു സംഭവിച്ചത്‌?
പടയാളി - ഒരാഴ്‌ച മുമ്പ്‌. യറൂസലേമില്‍നിന്നു ജറീക്കോയിലേക്കുള്ള വഴിയരികിലാണു തുടക്കം. കൊല നടന്നതു ജറൂസലേം ദേവാലയത്തിനകത്തുവച്ചാണു പ്രഭോ. 
ഹേറോദേസ്‌ - ആരാണു സാക്ഷി?
പുരോഹിതന്‍ - പ്രഭോ, സംഭവം ഞാന്‍ കണ്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വ്യാപാരി അന്നേദിവസം ദേവാലയത്തിലേക്കുള്ള വഴിയരികില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടതാണ്‌. സാബത്തുദിവസമായതിനാലും പള്ളിയില്‍ കുര്‍ബ്ബാന മുടങ്ങാതിരിക്കാനും ഞാനത്‌ അവഗണിച്ചു കടന്നുപോയി.
ഹേറോദേസ്‌ - നിങ്ങള്‍ കാണുമ്പോള്‍ ആ വീണുകിടന്നവനു ജീവനുണ്ടായിരുന്നോ?
പുരോഹിതന്‍ - തീര്‍ച്ചയായും. അയാളുടെ നിലവിളി കേട്ട്‌ എന്റെ ഹൃദയം പിടഞ്ഞതാണു, പ്രഭോ.
ഹേറോദേസ്‌ - വേറെ സാക്ഷികളാരെങ്കിലും?
പടയാളി - ഉണ്ടു പ്രഭോ. അന്നു സിനഗോഗില്‍ കൂടിയിരുന്ന പ്രധാനപുരോഹിതനുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആ വ്യാപാരിക്കൊപ്പം കണ്ടതാണ്‌. ദേവാലയത്തിനകത്തു കുറ്റകൃത്യം നടന്നതിനും ദൃക്‌സാക്ഷികളുണ്ട്‌.
ഹേറോദേസ്‌ - (പ്രതിയോട്‌) ഇനി നിനക്കെന്താണു പറയാനുള്ളത്‌?
ശമരിയാക്കാരന്‍ - ഇല്ല പ്രഭോ, ഞാനാരെയും കൊന്നിട്ടില്ല. 
ഹേറോദേസ്‌ - പിന്നെ ?
ശമരിയാക്കാരന്‍ - വഴിയരികില്‍ കിടന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതേയുള്ളു.
ഹേറോദേസ്‌ - നിന്റെ ഭാഗത്തു സാക്ഷിയായി ആരെങ്കിലും ?
ശമരിയാക്കാരന്‍ - ഒരാളുണ്ടായിരുന്നു പ്രഭോ, ആ തച്ചന്റെ മകന്‍ യേശു.
ഹേറോദേസ്‌ - ഛീ, യേശുവോ ? ഇന്നലെ കുരിശിലേറ്റപ്പെട്ടവനോ.? 
ശമരിയാക്കാരന്‍ - അതെ, പ്രഭോ, അയാളാണ്‌ ആ വീണുകിടന്ന വ്യാപാരിയെ കഴുതപ്പുറത്തു കയറ്റാന്‍ എന്നെ സഹായിച്ചത്‌. 
ഹേറോദേസ്‌ - പിന്നെ എന്തുണ്ടായി?
ശമരിയാക്കാരന്‍ - ഏതോ ഒരു പ്രഭുവിന്റെ ദൂതന്‍ വന്ന്‌ ആരെയോ മരണത്തില്‍നിന്നു രക്ഷിക്കണമെന്നു പറഞ്ഞ്‌ യേശുവിനെ വിളിച്ചുകൊണ്ടുപോയി.
ഹേറോദേസ്‌ - എന്നിട്ടോ? 
ശമരിയാക്കാരന്‍ - ഞാന്‍ മരിക്കാറായ ആ വ്യാപാരിയെ പള്ളിവക ആതുരാലയത്തിലേക്കു കൊണ്ടുപോയി. സാബത്തുദിവസമാണെന്നു പറഞ്ഞ്‌ ആദ്യമവര്‍ അകത്തു കയറ്റിയില്ല. വ്യാപാരിയുടെ സഞ്ചിയിലും എന്റെ കീശയിലുമുണ്ടായിരുന്ന താലന്തുകള്‍ മുഴുവന്‍ കൊടുത്തപ്പോള്‍ അവരയാളുടെ മുറിവുകള്‍ വച്ചുകെട്ടി. ഞാനൊരു പുറജാതിക്കാരനാണെന്നറിഞ്ഞപ്പോള്‍ അവിടെനിന്നു ഞങ്ങളെ ഇറക്കിവിടുകയും ചെയ്‌തു.
ഹേറോദേസ്‌ - കുറ്റകൃത്യം എങ്ങനെ നടന്നെന്നു പറയൂ.
ശമരിയാക്കാരന്‍ - പരിക്കുപറ്റിയ വ്യാപാരി വേദനയും അതിലേറെ വിശപ്പുംകൊണ്ടു പുളയുകയായിരുന്നു. ഞാനയാളെയും കൊണ്ടു സിനഗോഗിലേക്കു നടന്നു. ഭക്ഷണം ചോദിച്ചപ്പോള്‍ പ്രധാനുപുരോഹിതന്‍ ചോദിച്ചു സാബത്തു ദിവസം ഭക്ഷിക്കുന്നതു കുറ്റകരമാണെന്നറിഞ്ഞുകൂടേ എന്ന്‌. സാബത്തു ലംഘിച്ച ഒരുവനെ ഇന്നലെ കഴുവിലേറ്റിയതറിഞ്ഞില്ലേ എന്ന്‌. അതോടെ വിശന്നുപൊരിഞ്ഞ ആ വ്യാപാരിക്കു ഭ്രാന്തുപിടിച്ചതുപോലായി. കുതറിയോടിയ അയാള്‍ യറൂസലേം പള്ളിയിലെക്കാണുപോയത്‌. ഞാന്‍ ഒപ്പമെത്തിയപ്പോഴേക്കും അയാള്‍ പള്ളിയില്‍ കയറി ബലിപീഠത്തില്‍ തലകൊണ്ടിടിച്ചിടിച്ചു വിവശനായി തളര്‍ന്നുവീണു. ഞാന്‍ താങ്ങി ഉയര്‍ത്തിയപ്പോഴേക്കും പടയാളികളെത്തി എനിക്കു കയ്യാമം വച്ചു. 
പുരോഹിതന്‍ - പ്രഭോ, ഇതൊക്കെ സത്യമാണെന്നിരുന്നാലും ഇയാള്‍ക്കു വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനായവില്ല. രാജ്യദ്രോഹിയും ദൈവദൂഷകനുമായ ആ യേശുവിന്റെ ഒളിവില്‍കഴിയുന്ന അനുയായികളിലൊരാളാണ്‌ ഇവനെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. തന്നെയുമല്ല പുറജാതിരക്കാരനായ ഇവന്‍ കയറി, ആ തച്ചന്റെ മകനെപ്പോലെ, നമ്മുടെ ദേവാലയം അശുദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു.
പടയാളി: പ്രഭോ, യേശുവിനു കുടിവെള്ളം കൊടുത്ത പുറജാതിക്കാരി ഇവന്റെ സഹോദരിയാണെന്നും ഞങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്‌.
പിന്നണിയില്‍ നിന്ന്‌ : അവനെ ക്രൂശിക്കുക ... അവനെ ക്രൂശിക്കുക ...

2 comments:

  1. പുരോഹിതന്റെ പിണിയാള്ളാകാത്ത ഏതു സമര്യാക്കാരനും , പള്ളിയില്‍ ചെന്നാല്‍ ഇതാണ് ഗതി എന്നോര്‍ക്കുന്നത് എല്ലാവര്ക്കും നല്ലതുതന്നെ .എങ്കിലും സമര്യന്റെ അവസാനം ഏശുവിനെപൊലെ കുരിശുമരണം ആയതില്‍ അച്ചായന്മാര്‍ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട് കാരണം ..കത്തനാരുടെ നെഞ്ചാത്തിനിം രണ്ടു കുരിശുരൂപം കാണാം . ആദ്യം നല്ലവരെ കൊല്ലും പിന്നാകുരിശു ഒര്മൈക്കായി നെഞ്ചത്ത്‌ തൂക്കും,. ചെയ്താ പാപം തീരാന്‍ കുരിശും വരിക്കും കൂടെ കൂടെ ...ഇതുതാന്‍ പാതിരി അച്ചായാ

    ReplyDelete
  2. ഇയ്യിടെ ഒരു മഹാപുരോഹിതന്‍ അമേരിക്കയ്ക്ക് പോയി എന്ന് പറയപ്പെടുന്നു. ഏതായാലും പോക്കും വരവും പരമരഹസ്യമായിരുന്നു. കുരിശും മാലയും കുടയും ഇല്ലാതെയും സഞ്ചരിക്കേണ്ടി വന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന കാര്യം മറച്ചുവെച്ചു വിമാനം കയറിയ അങ്ങേരേ കുടുക്കാന്‍, കെണിയൊരുക്കി കാത്തിരുന്നവര്‍ നിരാശരായി എന്ന് പറയാതെ വയ്യ.

    ReplyDelete