Translate

Thursday, January 3, 2013

അശുദ്ധാത്മാവേ നീ ദൂരെ പോകുക!

‘ആവേ മരിയാ’ യെന്ന സുകൃതജപത്തിന്‍റെ കാലാവധി കഴിഞ്ഞോയെന്ന് റോഷന് സംശയം. കാരണം, ധ്യാനകേന്ദ്രം എരുമേലിക്ക് മാറ്റിയിട്ടും ദുഷ്ടാരൂപികള്‍ വിട്ടുപോകുന്നില്ല – ഒന്നിനൊന്നിനു കൂടിക്കൊണ്ടുമിരിക്കുന്നു. മെത്രാന്‍റെ ഡ്രൈവറെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച പോലീസുകാരനെ നിമിഷങ്ങള്‍ക്കകം സ്ഥലം മാറ്റിയ വാര്‍ത്ത ചോര്‍ത്തിയത്‌ പോലിസ് വേഷത്തിലെത്തിയ ഒരു ദുഷ്ടാത്മാവാണെന്ന് ഉറപ്പ്. തട്ടിപ്പറിച്ചെടുത്ത ‘ആവേ മരിയാ’ സ്ഥലത്തു യാതൊരു പ്രവര്‍ത്തനങ്ങളും പാടില്ലായെന്ന് കോടതി ഉത്തരവിട്ടെങ്കിലും ഒരു കിണര്‍ അവിടെ തനിയെ രൂപം കൊണ്ടു. ഈ മഹാത്ഭുതം കണ്ടു നിന്ന നാട്ടുകാര്‍ വിവിധ പോലിസ് സ്റ്റേഷനുകളില്‍ പരാതി കൊടുത്തെങ്കിലും അവയൊക്കെ ചവറ്റുകൊട്ടയില്‍ ഒളിപ്പിച്ചുകൊണ്ടിരുന്ന (പോലിസ്) ശുദ്ധാത്മാവ്, ഇതില്‍ നിന്നെങ്ങിനെ തലയൂരാം എന്ന് വെളിപ്പെടുത്തിത്തരുന്നില്ല. ദുഷ്ടാത്മാവ്‌ പ്രവര്‍ത്തിക്കുന്നുവെന്നതിന് വേറെ തെളിവ് വേണോ?

പണ്ട് പണിത പാരകള്‍ ഒന്നൊന്നായി തിരിഞ്ഞു കുത്തുന്നു. ചെങ്കല്‍ ഇടവകയിലെ ഇരുപ്പക്കാട്ട് വര്‍ക്കിച്ചന്‍റെ ഭൂമി, ‘കോളേജു’ തുടങ്ങാന്‍  എന്ന് ഒരു പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അച്ചന്‍  പറഞ്ഞു നാല് കോടിക്ക് വാങ്ങി, ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 6 കോടിക്ക് റിയാല്‍ എസ്റ്റേറ്റ്കാരന് മറിച്ചു വിറ്റപ്പോള്‍ നാട് നന്നാകട്ടെയെന്നു കരുതിയ വര്‍ക്കിച്ചന്‍റെ ആത്മാവ് പ്രതികാര ദാഹിയായി അതെ കുടുംബത്തിലെ മറ്റൊരു വര്‍ക്കിച്ചനെ ബാധിച്ചതുകൊണ്ടാണോ ആവേ മരിയാ പ്രശ്നം പുകഞ്ഞു തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അപ്പന്‍ സഭയെ അവഹേളിച്ചെന്നു പറഞ്ഞു മകളുടെ ഭാവി തുലയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ഇന്ദുലേഖ മകള്‍ ഇത്രമേല്‍ ശക്തിയോടെ തിരിച്ചു വരുമെന്ന് കരുതിയതല്ല. ഇന്ദുലേഖാ കുടുംബത്തിനുണ്ടാകുന്ന ദുര്ഗ്ഗതികള്‍ ധ്യാനപ്രസംഗത്തില്‍ ചൂടോടെ പറയാമെന്നു കരുതി, രൂപത വക ഒരാത്മാവിനെ പ്രത്യേകം ഡ്യുട്ടിക്കിട്ടിരുന്നെങ്കിലും, അവര്‍ക്കിപ്പോള്‍ നല്ല കാലമാണെന്ന് പറഞ്ഞ് ആ ആത്മാവ് തിരിച്ചു വന്നിരിക്കുന്നു.

അമേരിക്കയിലും ഈ ദുഷ്ടാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടെന്നുറപ്പ്. ചിക്കാഗോയില്‍ ഒരു അറ്റോണിയാത്മാവിനെക്കൊണ്ട് മെത്രാനെ നോട്ടിസ് അയച്ചു വിറപ്പിച്ചത് ഈ ദുഷ്ടാത്മാവ്‌ തന്നെയായിരിക്കാനെ നിവൃത്തിയുള്ളൂ. കുറി കൊടുക്കാന്‍ ഇത്തിരി താമസം വരുമെന്ന് പറഞ്ഞുകൊണ്ടിരുന്നവരേക്കൊണ്ട് ഒറ്റ മണിക്കൂറിനകം കുറി കൊടുപ്പിച്ചത് ഈ ദുഷ്ടാത്മാവായിരിക്കാനെ വഴിയുള്ളൂ.

മലബാറില്‍ ഒരു സിറോ മലബാര്‍ ഭക്തകുടുംബം മകന്‍റെ കല്യാണം നടത്താന്‍ ഗള്‍ഫിനു  പറന്നത് കഴിഞ്ഞയാഴ്ച. പയ്യന്‍ ഓര്‍ത്തഡോക്സു കാരിയെ പ്രേമിച്ചു. കാമുകി മാമ്മോദീസാ മുങ്ങിക്കഴിഞ്ഞപ്പോളാണ്  ഇവിടുത്തെ കാനോന്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ കാലതാമസം വരുമെന്ന് അവര്‍ മനസ്സിലാക്കിയത്. പിന്നെ മാര്‍ഗ്ഗം അങ്ങോട്ട്‌ പോകുന്നത് തന്നെ. ഇനി ആ കുടുംബത്തിലും ദുരാത്മാവു കേറാതെ നോക്കണം.

ഈ കാനോന്‍റെ വിവാഹ നിയമത്തെപ്പറ്റി കേട്ടപ്പോള്‍ റോഷന് കൌതുകം തോന്നി. അപ്പോത്തന്നെ മിക്സഡ്‌ കല്യാണ കാനോന്‍ നിയമപ്രകാരം ഔദ്യോഗികമായി മാമോദീസായും സ്വികരിച്ചു ഒരുക്ക ധ്യാനവും കൂടി സഭയിലേക്ക് വന്ന  ആണ്‍ സന്തതികളെ പ്പറ്റി അന്വേഷിച്ചു, ഒന്ന് പോലും തിരിച്ചുവന്നിട്ടില്ല. അപ്പോള്‍ ഇത് പെണ്കാനോനായിരിക്കുമെന്നു ഊഹിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ഏതായാലും മെത്രാന്മാരുടെ ഉറക്കം കെടുത്തുന്ന ഈ അശുദ്ധാത്മാവിനെ ഓടിക്കാന്‍ മാര്‍ഗ്ഗം അറിയാവുന്നവര്‍ സദയം അടുത്തുള്ള രൂപതയിലറിയിക്കുക. 

No comments:

Post a Comment