Translate

Tuesday, January 15, 2013

അന്ത്യ അത്താഴം അരികില്‍

കഴിഞ്ഞ ദിവസം ശ്രി ജൊസഫ് മാത്യു സാര് എഴുതി, അത്മായാ ശബ്ദം വളരെ ശക്തമായ ഒരു ബ്ലോഗായി ഇന്ന് സൈബര് ലോകത്തില് പ്രസിദ്ധി നേടിക്കഴിഞ്ഞുവെന്ന്. അതിലും ശ്രദ്ധേയമായ കാര്യം പ്രധാനപ്പെട്ട പല പ്രസിദ്ധികരണങ്ങളിലെയും ലേഖനങ്ങളില് അത്മായാ ശബ്ദത്തിലെ ആശയങ്ങള് കാണുന്നുവെന്ന് ശ്രദ്ധിച്ചതാണ്. അത്മായാ ശബ്ദം കുറെ നശീകരണ ചിന്താഗതിക്കാരുടെ വിലാപകാവ്യമാണെന്നും അത് ആരും വായിക്കാന് പോകുന്നില്ലെന്നും കരുതിയവര് ഇന്ന് മറുമരുന്നു തപ്പി അലയുകയാണെന്നത് സ്പഷ്ടം. ഓരോ നിസ്സാര ചിന്തയും സ്പഷ്ടമായ വചന വ്യാഖ്യാനത്തോടെ അത്മായാ ശബ്ദത്തില് വിശദീകരിക്കപ്പെടുന്നത് കാണുമ്പോള് എങ്ങിനെ ഞെട്ടാതിരിക്കും? ചിന്തിക്കുന്നവരെ മുഴുവന് ഒരു നിരയില് അണിനിരത്താന് അത്മായാ ശബ്ദത്തിന് കഴിഞ്ഞു. ബ്ലോഗ് പെട്ടെന്ന് തന്നെ സത്യജ്വാല മാസികയായി, താമസിയാതെ ദിനപ്പത്രവും വന്നു കൂടായ്കയില്ല. നാനാ ദേശങ്ങളിലുളളവര് നല്കിയ പിന്തുണ അപ്രതിക്ഷിതമായിരുന്നെന്നേ പറയാനാവൂ. പുതു തലമുറ എഴുത്തുകാരനായ ‘മറിയമ്മ’ യാണ് കാഞ്ഞിരപ്പള്ളിയില് മേത്രാസന മന്ദിരത്തിലെക്കുള്ള മാര്ച്ചില് മുന്നിരയിലുണ്ടായിരുന്നത്. സി ജെ യും പൊന്കുന്നം വര്ക്കിയുമൊക്കെ നിര്ത്തിയിടത്തു നിന്ന് അദ്ദേഹം തുടങ്ങി. സര്വ്വ ചിന്തകരും പുകമറക്കുള്ളില് നിന്ന് പുറത്തു വന്നു കഴിഞ്ഞു.

അല്ത്താരയില്‍ കയറി ഒരാള്‍ താമരക്കുരിശു മാറ്റി മരക്കുരിശു വെച്ചെങ്കില്‍, മറ്റൊരിടത്ത് മെത്രാന്‍റെ മന്ദിരത്തിലേക്ക് പദയാത്ര, മറ്റൊരിടത്ത് ഇടയ ലേഖനം അഗ്നിക്കിരയാകുന്നു, വേറൊരിടത്തു മെത്രാനെതിരെ സാമ്പത്തിക ഉപരോധത്തിന് ഇടവക ജനം ഒരുങ്ങുന്നു;  മെത്രാനെ സ്വികരിക്കാന്‍ ശീമുട്ടകള്‍ ഒരുങ്ങുന്നുവെന്നും കേള്‍ക്കുന്നു. ഒരിക്കല്‍ മെത്രാന്മാരെ അല്‍പ്പം ബഹുമാനത്തൊടെയാണ് സംബോധന ചെയ്തിരുന്നതെങ്കില്‍ ഇന്നതും മാറി. അനേകം ബ്ലോഗ്ഗുകളും പ്രസിദ്ധികരണങ്ങളും സഭക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നത് കാണാതിരിക്കാന്‍ ആവില്ല. അടിച്ചമര്‍ത്തപ്പെട്ട ജനം ഒരൊറ്റ ശബ്ദമായി ആഞ്ഞടിക്കാന്‍ കോപ്പ് കൂട്ടുന്നു – അതല്ലേ സത്യം?

ഞാനൊന്ന് ചോദിക്കട്ടെ? യേശുവിലേക്ക് ജനങ്ങളെ നയിക്കുകയെന്ന ഒരൊറ്റ ലക്‌ഷ്യം വെച്ചാണ് ഈ കാനോനും അതിന്‍റെ മുകളില്‍ അടയിരിക്കുന്ന മെത്രാന്മാരുമെങ്കില്‍, ഈ ആടുകളെ വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നതുകൊണ്ട് ആരുടെയെങ്കിലും തൂവല്‍ കൊഴിഞ്ഞു പോകുമോ? ഞാനെന്ന മെത്രാന്‍ വ്യത്യസ്തനായിരിക്കും നിങ്ങളുടെ പരാതികള്‍ എപ്പോള്‍ വേണമെങ്കിലും എന്നോട് പറയാമെന്നു ആദ്യത്തെ പാസ്ടരല്‍ കൌണ്‍സിലില്‍ പ്രഖ്യാപിച്ച ധീരനാണ് പരാതിയുമായി വന്നവരെ ഗുണ്ടകളെക്കൊണ്ട് നേരിട്ടതെന്ന് ഓര്‍ക്കണം. നഷ്ടപ്പെട്ട ആടിനെ മാറോട് ചേര്‍ത്തുപിടിച്ചു കണ്ണീര്‍ വാര്‍ത്ത യേശു ഒരിടത്ത്, ആടുകളുടെ രോമം വിറ്റാല്‍, പാല് വിറ്റാല്‍ ഇറച്ചി വിറ്റാല്‍ എന്ത് കിട്ടുമെന്ന് ചിന്തിക്കുന്ന ആധുനിക ഇടയന്മാര്‍ മറ്റൊരിടത്ത്.

KCBC അക്കൌണ്ടില്‍ നിന്ന് മനുഷ്യക്കടത്ത് വരുമാനം പോലിസ് പിടികൂടി. അത് വലിയൊരു തുരുത്തിന്‍റെ തുമ്പു മാത്രമായിരുന്നില്ലേ? വികാരിയായും ബിസ്സിനസ്സുകാരനായും നടക്കുന്ന പല വൈദികരും ഈ തുരുത്തിലേക്ക് ആഴത്തില്‍ വേരുകള്‍ പടര്ത്തിയവരല്ലേ? കുഴിച്ചിട്ട ശവം മാന്തിയെടുത്ത് അപമാനിച്ചവനെ തപ്പിയാലും സംശയത്തിന്‍റെ മുന വൈദികനിലേക്ക്. ഒരു കന്യാസ്ത്രിയെ വിശുദ്ധയാക്കാന്‍ മഠംകാര് ലോനപ്പന്‍ നമ്പാടന്‍റെ ലെറ്റര്‍ പാട് വാങ്ങി സാക്ഷിപത്രം അച്ചടിപ്പിച്ച കഥ അദ്ദേഹം തന്നെ ആത്മകഥയില്‍ പറയുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ബെനഡിക്ടച്ചനെ സഹനദാസനാക്കാന്‍ തത്രപ്പെട്ടു കള്ളക്കഥകള്‍ ഉണ്ടാക്കിയത് പുറത്തായിക്കഴിഞ്ഞു. അദ്ദേഹം അനുതപിച്ചിരിക്കാം, വിശുദ്ധനുമായിരിക്കാം, അതിനു കാഞ്ഞിരപ്പള്ളിയില്‍ സാങ്കല്‍പ്പിക കഥാപാത്രത്തെ സൃഷ്ടിക്കേണ്ടിയിരുന്നില്ലല്ലോ. അത്മായാ ശബ്ദത്തിനും സഭ നന്നാവണമെന്നേയുള്ളൂവെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ബോംബുകള്‍ക്ക് സാധിക്കാത്തത് സ്നേഹം കൊണ്ട് സാധിക്കാമെന്ന് എന്തേ മെത്രാന്മാര്‍ ചിന്തിക്കുന്നില്ല? ഈ പോക്ക് സര്‍വ്വനാശത്തിലേക്കാണെന്നത് പ്രവചിക്കാന്‍ പ്രത്യേകം കണിയാന്‍റെ ആവശ്യമില്ല. സമയം കടന്നു പോയിട്ടില്ലന്നേ എനിക്ക് പറയാനുള്ളൂ. വാളെടുത്തവന്‍ വാളാലെയെന്നു പറഞ്ഞപ്പോള്‍ അതില്‍ സിറോ മലബാര്‍ മെത്രാന്മാര്‍ക്ക് ഒഴിവു കൊടുത്തിട്ടില്ല; ഒരു പക്ഷെ തെരുവില്‍ അപമാനിക്കപ്പെടാനായിരിക്കും അവരുടെ വിധി. മാപ്പിള കൊണ്ടേ പഠിക്കൂവേന്നാണല്ലോ പഴമൊഴി.  

Vrindavan Complex,  Koorali P.O., 

686 522, Kottayam Dt., Kerala, India. 

Mob: +91 9495875338 (Kerala)
         +91 9586241094 (Ahmedabad)
         +01 2245788542 (Chicago)

2 comments:

  1. അല്‍മായശബ്ദത്തെപ്പറ്റി ഇടയ്ക്കിടയ്ക്ക് സുഖസ്വപ്നങ്ങള്‍ കാണുന്ന റോഷന്‍ കരുതുന്നതുപോലെ ചിന്തിക്കുന്ന ഒരു വലിയ കൂട്ടം അല്‍മായ പ്രവാചകശബ്ദം കേള്‍ക്കുകയും അതോടോത്തു ചിന്തിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നുവെങ്കില്‍, എന്തുകൊണ്ടാണ് ഒരൊറ്റ മെത്രാസനമന്ദിരത്തില്‍ നിന്നും ഒരു രണ്ടാം ക്ലാസ് സെക്രെട്ടറിയുടെ ഒരു കുറിപ്പെങ്കിലും ലോഗിലെയ്ക്ക് എത്താത്തത്? യെഹോവ ഈ തിരുമേനിമാരുടെയെല്ലാം ഹൃദയത്തെ ഒന്നുകൂടി കാഠിന്യപ്പെടുത്തിയോ, അവര്‍ നേര്‍വഴി തേടുകയും അത് കണ്ടെത്തുകയും ചെയ്യാതിരിക്കാന്‍? ഇത്രയും ഗ്രെഗോരിയന്‍ ഡിഗ്രിക്കാര്‍ ഈ നാട്ടില്‍ വാണരുളിയിട്ടും ഒരു നല്ല വാക്ക് പറഞ്ഞ് ഈ ബ്ലോഗിനെ ഒന്ന് ചെറുതായിട്ടെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ ഒരാളില്ലാതെ പോകുന്നത് അവരുടെ തന്നെ ദൈവശാപമാണെന്ന് നമ്മള്‍ ഇനിയും എത്ര നാള്‍ വിശ്വസിക്കണം? ഇതുവരെ അവര്‍ നടന്ന വഴികളെല്ലാം റോമിലേയ്ക്കായിരുന്നു ചെന്ന് ചേരുന്നത്. All roads leads to Rome എന്നൊരു ചൊല്ല് തന്നെ അവര്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇനിയെങ്കിലും അവര്‍ക്ക് സ്വന്തം ആടുകളുടെ കരച്ചില്‍ കേട്ട്, അവയ്ക്ക് പുല്ലും വെള്ളവും കൊടുക്കാന്‍ എത്തരുതോ?
    സോദോം ഗൊമോറയുടെ ചരിത്രത്തിലെന്നപോലെ ഒരൊററ നീതിമാനെ ഇവരുടെയിടയില്‍ കണ്ടെത്താനാവാതെ, എല്ലാത്തിനെയും ഒറ്റയടിക്ക് യെഹോവ നിര്‍മാര്‍ജനം ചെയ്യേണ്ടിവരുമോ?

    ReplyDelete
  2. റോഷന്‍ കാണുന്നത് യാഥാര്‍ത്ഥ്യം ആണെന്ന് ഉറപ്പുണ്ട്. സഭക്കുള്ളിലുണ്ടായിക്കൊണ്ടിരിക്കുന്ന ധൃവികരണം കഴിഞ്ഞ ഒരു വര്‍ഷം ശ്രദ്ധേയമായിരുന്നു. അകത്ത് ഐക്യം കണ്ടാല്‍ പുറത്തൊരു പൊതു ശത്രു ഉണ്ടെന്നുള്ളത് വ്യക്തമല്ലേ? മെത്രാന്‍ സിനഡ് ഇപ്പോള്‍ അതിവ രഹസ്യമായി കൂടുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ധ്യാനകേന്ദ്രങ്ങള്‍ ഒന്നൊന്നായി പൂട്ടിപോകുന്നു? എന്തുകൊണ്ട് Globe 'n Globe ബോംബെയില്‍ ഒപ്പിസ് അന്വേഷിക്കുന്നു?എന്തുകൊണ്ട് ഇടയലേഖനങ്ങളുടെ എണ്ണം കുറയുന്നു? കഴിഞ്ഞ വര്‍ഷം കൂദാശനിഷേധ കേസുകള്‍ കുറഞ്ഞതുമൊക്കെ എന്തുകൊണ്ടാണെന്നാണ് കരുതുന്നത്? സ്വയം വിമര്‍ശനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സഭാ പ്രസിദ്ധികരണങ്ങള്‍ അത് നിര്‍ത്തിയ മട്ടാണ്. പാഞ്ചാലിയുടെ ശാപത്തില്‍ ഒരു വലിയ സാമ്രാജ്യമാണ്‌ നിലം പരിശായത്. മോണിക്കയുടെ അകമറിഞ്ഞുള്ള ശാപം കാഞ്ഞിരപ്പള്ളി രൂപതയെ ചാമ്പലാക്കിയില്ലെങ്കിലെ ആശ്ച്ചര്യമുള്ളൂ. നൊന്തു സമ്പാദിച്ചത് മുഴുവനുമാണ് നഷ്ടപ്പെട്ടത്.അന്യന്‍റെ ഭാര്യയെ പ്രാപിച്ച ഒരു മാര്‍പ്പാപ്പയെ പത്തലിനടിച്ചാണ് കൊന്നത്. അത് നോക്കി നിന്നതേയുള്ളൂ പരിശുദ്ധാത്മാവ്.

    ReplyDelete