Translate

Saturday, January 12, 2013

ഒരു നവവത്സര സമ്മാനം


പ്രിയ സുഹൃത്തേ,
ആഗോള കത്തോലിക്കസഭയുടെ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ, രൂപാന്തരീകരണത്തെ ഉന്നം വച്ചുകൊണ്ട് ഞാന്‍ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കത്തോലിക്കവിശ്വാസികളുടെ ആദ്ധ്യാത്മികവളര്‍ച്ചയ്ക്ക് യേശുപഠനങ്ങള്‍ എക്കാലവും അനിവാര്യമാണ്.
 
അവ ഫലപ്രദമാകണമെങ്കില്‍ കത്തോലിക്കസഭാ സംവിധാനങ്ങള്‍ നവീകരിക്കപ്പെടണം. അത് എപ്രകാരം സാദ്ധ്യമാകുമെന്ന് അന്വേഷിച്ച് വേണ്ട മാര്ഗരേഖകള്‍ ഈ പുസ്തകങ്ങളില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
 
എന്റെ നാലാമത്തെ പുസ്തകമായ
 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സ്‌കറിയാ സക്കറിയ ഇപ്രകാരം എഴുതിയിരിക്കുന്നു:
 
'ശ്രീ. ചാക്കോ കളരിക്കലിന്റെ വിമര്‍ശനാത്മക മതരചനയാണ് സഭാനവീകരണത്തിലേക്ക് ഒരു വഴി. ഒമ്പത് അധ്യായത്തില്‍ ക്രൈസ്തവമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍, ചരിത്രം, ഭാവി എന്നിവ തത്ത്വനിഷ്ഠമായി ചര്ച്ച ചെയ്യുന്നു. രേഖാനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ചവതരിപ്പിച്ച് ഹൃദയപൂര്‍വം ഭാവിക്കുവേണ്ടി  ഭാവനാത്മകമായി ചിന്തിക്കുന്നു. ബൈബിള്‍, വത്തിക്കാന്‍ കൌണ്‌സിലിന്റെ പ്രമാണരേഖകള്‍, നസ്രാണി പാരമ്പര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയും വിശകലനവും. വിവിധ വിഷങ്ങളില്‍ ഗ്രന്ഥകര്ത്താവ് നല്കുന്ന വ്യാഖ്യാനങ്ങള്‍ തുറവുള്ളവയാണ്. അവ വെളിപാടുകളല്ല. കല്പനകളല്ല. ചിന്തയിലൂടെ തെളിച്ചെടുക്കുന്ന സാധ്യതകളാണ്. നിങ്ങള്ക്കു പല മട്ടില്‍ ഇടപെട്ട് ഇതിനെ പൂരിപ്പിക്കാം. അതാണ് ഈ കൃതിയുടെ സംവിധാനപരമായ മേന്മ.'
 
ഒക്ടോബര്‍
 2012ല്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം എന്റെ 
www.kalarickalworks.blogspot.com എന്ന ബ്ലോഗില്‍ ഞാന്‍ പുന:പ്രസിദ്ധീകരിക്കുകയാണ്.
നിങ്ങള്ക്കായുള്ള എന്റെ 2013ലെ സമ്മാനമാണിത്. നിങ്ങളുടെ ബന്ധുമിത്രാദികള്ക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

നവവല്സരാശംസകള്‍,

ചാക്കോ കളരിക്കല്‍
(പുസ്തകം വായിച്ചശേഷം പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്ന ഇ-മെയിലില്‍ എഴുതി അയക്കുന്നതോടൊപ്പം ആ ബ്ലോഗിലും അല്മായശബ്ദത്തിലും പോസ്ടുചെയ്യുത് നന്നായിരിക്കും )

2 comments:

  1. പ്രിയ ചാക്കൊസാര്‍,
    രണ്ടുമൂന്നു ദിവസമായിട്ട് ഈ പുസ്തകം ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങോട്ട്‌ എഴുതണമെന്ന് കരുതിയിരിക്കുമ്പോളാണ് ഈ കുറിപ്പ് കൈപ്പറ്റുന്നത്. വളരെയധികം സന്തോഷം. എന്തെന്നാല്‍, ആഴമായ പഠനവും ചിന്തയും കൃതിയെ ഈടുള്ളതാക്കിയിട്ടുണ്ട്. ഒരു പുറംരാജ്യത്തു വസിച്ചുകൊണ്ട് അങ്ങ് ആഗോള സഭയെയും കേരളസഭാന്തരീക്ഷത്തെയും ഇത്ര കൂലങ്കഷമായി വിലയിരുത്തുന്നത് ഒരാശ്ചര്യമാണ് ഇതൊരു വലിയ സേവനം തന്നെ. നന്നാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ബന്ധപ്പെട്ടവര്‍ ഈ പുസ്തകം കാര്യമായി വായിച്ചുപഠിക്കണം. എന്നാല്‍, നമ്മുടെ മേലാളന്മാര്‍ അല്പമെങ്കിലും നന്നാകാനുള്ള ആര്‍ജ്ജവം ഉള്ളവരാണെന്ന് അനുമാനിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട്, നവീകരണം അല്‍മായരുടെ കൈകളില്‍ത്തന്നെ എന്ന് അവരെ ബോദ്ധ്യപ്പെടുത്തുക അത്യാവശ്യമാണ്. അങ്ങയുടെ എഴുത്തുകള്‍ അതിനുള്ള വഴികളാണെന്ന് എനിക്കു നല്ലയുറപ്പുണ്ട്. അങ്ങയുടെ കൃതികള്‍ ഏതാണ്ടെല്ലാം തന്നെ ഞാന്‍ വായിച്ചിട്ടുമുണ്ട്.

    യാഥാസ്ഥിതികരായ അല്മേനികളും പുരോഹിതരും പോലും ഈ പുസ്തകം വായിച്ചാല്‍ അവരുടെ ചിന്താരീതി തിരുത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം യുക്തിസഹവും വാസ്തവികവുമാണ് ഇതിലെ പ്രതിപാദനരീതി. ചരിത്രഗ്രാഹ്യത്തിലൂടെയുള്ള ഉള്‍ക്കാഴ്ചകള്‍ എല്ലാ താളുകളിലും ധാരാളം. സ്വന്തപ്പെട്ടവര്‍ കൂടുതല്‍ വസ്തുനിഷ്ഠമായി സഭാകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനമായി കൊടുക്കുക. ഫലമുണ്ടാകും. വ്യക്തികള്‍ ശരിയായി ചിന്തിക്കാന്‍ തുടങ്ങുന്നതോടെ സഭ നന്നാകും. നമുക്ക് മുമ്പിലുള്ള ഒരേയൊരു വഴി അത് മാത്രമാണ്.

    അങ്ങയുടെ പുസ്തകങ്ങള്‍ വെളിച്ചം കാണുന്നത് പൊതുവേ അക്ഷരത്തെറ്റുകള്‍ തീരെ ഇല്ലാത്ത നല്ല ഭാഷയിലും നല്ല മുദ്രണത്തിലും ആണെന്നത് ഒരപവാദമാണ്. ഈ നാട്ടില്‍ സ്ഥിരം വസിച്ചുകൊണ്ട് പുസ്തകമെഴുതുന്ന പലര്‍ക്കും ഭാഷ കൈകാര്യം ചെയ്യാന്‍ ഇത്ര സ്വാധീനം വിരളമായേ കാണാറുള്ളൂ. എല്ലാ വിധ അനുമോദനങ്ങളും നേരുന്നു.

    ReplyDelete