Translate

Tuesday, January 29, 2013

ഇത്, അത്, പരമാര്‍ത്ഥം


ഇത്, അത്, പരമാര്‍ത്ഥം

ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. ക്രിസ്തീയ മതതത്ത്വങ്ങളില്‍ ആഴമായ അറിവ് നേടിയിട്ടുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ പോലും ഏറെനാള്‍ അവര്‍ പരിശീലിച്ച മതാവബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വിശ്വാസികളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ വരുത്തിവച്ചുകൊണ്ട് വഴിമാറി നടക്കുന്ന സംഭവങ്ങള്‍ കുറവല്ല. എന്നാല്‍ ഹൈന്ദവേതര മതബോധനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നല്‍കാന്‍ മടിക്കുന്ന, ഭാരതീയ തത്ത്വചിന്തയെക്കുറിച്ചുള്ള അറിവുകള്‍ സ്വമേധയാ സ്വായത്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള വ്യക്തികള്‍ അവരുടെ അവബോധങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ഇല്ലാത്തയേതോ മികവും തികവും ഹൈന്ദവ പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വേദാന്തസൂത്രം*) ഉണ്ടെന്നല്ലേ ഇതിന്റെ സാരം? എന്റെ വഴിക്ക് ഞാനും വര്‍ഷങ്ങളോളം ഈ രണ്ടാമത്തെ വഴിയേ സഞ്ചരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പരമമായ സത്ത, ആത്മാവ്, സത്യം എന്ന സനാതന മൂല്യങ്ങളെപ്പറ്റി ജീവപരിപോഷിതവും അതേ സമയം ക്രിസ്തുമതസിദ്ധാന്തങ്ങളില്‍ പ്രത്യക്ഷമായി കാണാത്തതുമായ എന്തെങ്കിലും അറിവുകള്‍ ലഭ്യമായതില്‍ ആഹ്ലാദിക്കാമെങ്കില്‌, അതിനുള്ള എല്ലാ പുണ്യവും മുന്‍ചൊന്ന മൂന്നു ചിന്താസരണികളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്.

ക്രിസ്തുമതത്തില്‍ ദൈവമെന്നും പുണ്യമെന്നും മോക്ഷമെന്നുമൊക്കെ പറയുമ്പോള്‍ വളരെയധികം ഓജസ് ചിതറിപ്പോകുന്നത്‌ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സഗുണദിവ്യത്വം സമയദേശസങ്കല്‍പ്പങ്ങളിലൂടെയാണ് അറിയപ്പെടുന്നത് എന്നതുകൊണ്ടാണ്. ഉപനിഷത്തിന്റെ ഭാഷയില്‍ അങ്ങനെയൊരു കുറവ് കടന്നുകൂടുന്നില്ല. അവിടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വിവേചനങ്ങള്‍ ഈശ്വരീയതയേയും തദ്വാരാ നമ്മെയും ബാധിക്കുന്നേയില്ല. കാരണം, അതില്‍, എല്ലായിടത്തും എപ്പോഴും അതിന്റെ പൂര്‍ണതയില്‍തന്നെ ആയിരിക്കുന്ന ചൈതന്യം നിര്‍ഗുണബ്രഹ്മമാണ്. അത് എന്നിലെന്നപോലെ ഞാന്‍ കാണുന്നതും ബന്ധപ്പെടുന്നതുമായ എല്ലാറ്റിലും ഒരുപോലെയാണെങ്കില്‍, എന്താണ് പിന്നെയെന്നെ അലട്ടാനുള്ളത്? ആ ചൈതന്യത്തിന് വിട്ടുവിട്ട് ഓരോന്നിലും ആയിരിക്കാനാവില്ല എന്ന ബോധ്യം വന്നുകഴിഞ്ഞാല്‍, ഓരോ നിമിഷവും, ഇപ്പോള്‍ ഇവിടെ അനുഭവവേദ്യമായ മോക്ഷമായിത്തീരുന്നു. അന്വേഷണങ്ങളുടെ അവസാനമാണത്.

മനഃശാസ്ത്രപഠനത്തിന്റെ ഭാഗമായി പല പാശ്ചാത്യ/പൌരസ്ത്യ ചിന്തകരെ അറിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു വശത്തുനിന്നും എന്റെ മനസ്സിനിണങ്ങിയ ഓരോരുത്തര്‍ എറിക് ഫ്രൊം (Eric Fromm), നിത്യചൈതന്യയതി എന്നിവരാണ്. ഭാഷയില്‍ ത്  ജീവന്റെ ശബ്ദമാണെന്നും മനഃശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമായി വരുന്ന ഒരു വിവക്ഷ 'ഇത്' എന്നുള്ളതാണെന്നും യതി കണ്ടെത്തിയിട്ടുണ്ട്. (ഈശാവാസ്യോപനിഷത്ത് - വ്യാഖ്യാനം). 'ഇത്' എന്നതിനെ അനുഗമിക്കുന്ന ചോദനകളാണ് ഇതെന്ത്, ഇതെന്തുകൊണ്ട്, ഇതെവിടെനിന്ന് തുടങ്ങിയവ. സ്ഥലത്തിലും കാലത്തിലും വസിക്കുന്ന നമുക്ക് 'ഇത്' (വേദാന്തഭാഷയില്‍ ഞാനും നീയും 'ഇത്' ആണ്. ത്വം എന്ന വിവക്ഷയില്‍ ഞാനും നീയും ഉള്കൊള്ളുന്നുണ്ട്.) ഉടനടി സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരന്വേഷണമായി മാറും. നാമറിയാതെതന്നെ നമ്മുടെ മേധ മനഃനശാസ്ത്രത്തില്‍ നിന്ന് ദര്‍ശനശാസ്ത്രത്തിലേയ്ക്ക് ചാടും. കാരണം, ഇതെന്താണെന്നു പറയണമെങ്കില്‍ 'അത്
 വേണം. (അത് = തത് = സത് =സത്തയുള്ളതെല്ലാം). ഇതിനെയും അതിനെയും കൂട്ടിയിണക്കി, ഇത് അതാണ്‌ എന്ന് പറയുന്നിടത്ത് വേദാന്തസാരം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. സത്യമായി അനുഭവപ്പെടുന്നതെല്ലാം സത് ആണ്.** അതുതന്നെയാണ് തത്. ഇനിയാണ് ഉപനിഷദ്ഭാഷയുടെ അനന്തസൌന്ദര്യം വെളിപ്പെടുന്നത്. തത് ത്വം ആണെന്നുള്ള ഒറ്റ സത്യത്തിലേയ്ക്ക് എടുത്തുചാടി തത്ത്വമസി (തത് ത്വം അസി = നീ അത് ആണ്) എന്ന് മനസ്സിലാക്കുമ്പോള്‍ ആത്മശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും എല്ലാം ഒരൊറ്റ അറിവായി സംഗ്രഹിക്കപ്പെടുകയാണ്.

ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം, ഭാഷയിലെ ചില ശബ്ദങ്ങള്‍ക്ക്‌ ദേശത്തെയും കാലത്തെയും ഉല്ലംഘിക്കാനുള്ള കഴിവുണ്ട് എന്നതാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന് നമ്മുടെ ഭാഷയിലെ ശബ്ദങ്ങളെ രൂപപ്പെടുത്തുന്ന അദ്ഭുതം എത്ര വശ്യമാണ്! ഈ ലേഖനത്തിലൂടെ സംഭവിക്കുന്നതുപോലെ, എഴുത്ത് എന്ന ഉപാധിവഴി എന്റെ മനസ്സ് എത്രയോ ദൂരെയുള്ള മറ്റു മനസ്സുകളുമായി സംവദിക്കുന്നു. കാരണം, വാക്കിലെ സന്ദേശം വൈദ്യുതിപോലെ ഊര്‍ജ്ജവാഹിനിയായിത്തീരുന്നു. 


ഇതൊന്നു  ശ്രദ്ധിക്കുക. ചലിക്കാന്‍ സമയം (time is defined as space between experiences) വേണം. അവസാനമുള്ളതിനേ സമയമുള്ളൂ. ചലിക്കാന്‍ ഇടം വേണം. പരിമിതിയുള്ളതിനേ ഏതെങ്കിലും ഇടത്തില്‍ ചലിക്കാനാവൂ. പൂര്‍ണവും സര്‍വ്വവ്യാപിയുമായതിന് ചലനമോ മാറ്റമോ ഇല്ല. ഈ അര്‍ത്ഥങ്ങളെല്ലാവും ഉള്‍ക്കൊള്ളുന്ന, ഭാഷയിലെ ഏറ്റവും സാന്ദ്രതയേറിയ ശബ്ദം ത്ത്വം (ത് + ത്വം) ആണ്. ഉണ്മയായ ഉണ്മയെല്ലാം തത് ആണെന്ന് പറയുമ്പോള്‍, ഛാന്ദൊക്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യം എല്ലാ അറിവിന്റെയും അറിവായിത്തീരുന്നു. ത്വം അല്ലാത്തതെല്ലാം തത് ആണ് എന്നല്ല, മറിച്ച്, ത്വം, തത്, സത് - ഇവ മൂന്നും ഒന്നുതന്നെ എന്നാണ് ഈ മഹാവാക്യത്തിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം; അതാണ്‌ പരമാര്‍ത്ഥം - എന്തിനും ഏതിനും ആത്യന്തികമായി കൊടുക്കാവുന്ന അര്‍ത്ഥം.

ഈ തത്ത്വം ഉള്ളില്‍ തെളിഞ്ഞാല്‍ മാത്രമേ നമ്മുടെ അകതാരില്‍ സൌന്ദര്യം പോലും ആസ്വാദ്യകരമാകുകയുള്ളൂ. ഒരു നിമിഷത്തേയ്ക്കാണെങ്കില്‍ ഒരു നിമിഷത്തേയ്ക്ക് മനസ്സിനെ അഹത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയും അത്രയും നേരം മനസ്സിന് ഹരം പകരുകയും ചെയ്യാനാവുന്നതെന്തോ, അത് സുന്ദരമാണ്. അത് മറ്റൊന്നിലോ മറ്റൊരാളിലോ ആണ് എന്ന തോന്നലുളവാക്കുവോളം അത് സൌന്ദര്യത്തിന്റെ മികവിലെത്തുകയോ മനസ്സിനെ പൂര്‍ണ ഹരത്തില്‍ കൊണ്ടെത്തിക്കുകയോ ചെയ്യുന്നില്ല. രണ്ടെന്നുള്ള ചിന്തയുദിക്കാതെ, "ഹാ, സുന്ദരം!" എന്ന അനുഭവമുണ്ടാകുന്നത് എപ്പോഴോ, അപ്പോള്‍ മാത്രമാണ് സൗന്ദര്യാസ്വാദനം സംഭവിക്കുന്നത്‌. എന്നാല്‍, ആദ്യത്തെ പടിവരെ മാത്രമേ മിക്കവരും എത്തുന്നുള്ളൂ. അതുകൊണ്ടാണ് നല്ലതെന്ന് തോന്നുന്നതിന്റെയൊക്കെ പടങ്ങളും (stills) ചലച്ചിത്രങ്ങളും (movies) എടുത്തു സൂക്ഷിക്കണമെന്ന ആഗ്രഹം ജനിക്കുന്നത്. അതിനപ്പുറത്തെ തലത്തിലാകട്ടെ, സൗന്ദര്യത്തെ നാം ആവാഹിക്കുകയാണ്. അത് നമ്മിലാണ്. അത് നഷ്ടപ്പെടുമെന്ന ഭയത്തിന് അപ്പോള്‍ അടിസ്ഥാനമില്ല. അതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാന്‍ അതിന്റെ പടം വേണ്ടിവരുന്നില്ല. സൗന്ദര്യദായകമായി അനുഭവിച്ചത് എന്റെതന്നെ ഭാഗമാണെന്നും ഞാന്‍ അതിന്റെ ഭാഗമാണെന്നുമുള്ള അറിവില്‍ അത് അങ്ങനെത്തന്നെ ആയിക്കഴിഞ്ഞു എന്നതാണ് വ്യത്യാസം. അതാകട്ടെ വളരെ സാരമായ ഒരു വ്യത്യാസം തന്നെയാണ്.

സംസാരവും നിത്യവര്‍ത്തമാനവും 
നാം വാരിക്കൂട്ടിയും പിടിച്ചുപറിച്ചും വയ്ക്കുന്ന ഒന്നിലും സത്യത്തില്‍ നാം സൌന്ദര്യം കാണുന്നില്ല എന്നത് ഒരു വലിയ  സത്യമാണ്. താത്ക്കാലികമായ ഉപഭോഗതൃഷ്ണ മാത്രമാണ് അതുകൊണ്ട് പോഷിപ്പിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. അടുത്തുള്ളവര്‍ തമ്മില്‍ മാതമല്ല, എത്ര ദൂരെയായിരുന്നാലും ഇഷ്ടമുള്ളപ്പോഴെല്ലാം തമ്മില്‍ ബന്ധപ്പെടാനുള്ള ഉപാധികള്‍ക്ക് ഇന്നൊരു കുറവുമില്ല. എന്നാല്‍ ബന്ധങ്ങള്‍ മനുഷ്യരെ പലപ്പോഴും തെറ്റിദ്ധാരണയിലും അതൃപ്തിയിലും കൊണ്ടെത്തിക്കുന്നു. കാഴ്ചപ്പാടുകളും താത്പര്യങ്ങളും വ്യത്യസ്തമാകുന്നതാണ് ഇതിനു കാരണം. അറുതിയില്ലാത്ത ഈ മാതിരി ദ്വൈതം കൊണ്ട് ദുഖഃപൂരിതമായിരിക്കുന്ന ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. സംസാരത്തെ മറികടക്കാമോ? കടക്കാം എന്ന സദ്‌വാര്‍ത്ത തരുന്നത് വേദാന്തമാണ്. അതിനുള്ള വഴി മുമ്പ് സൂചിപ്പിച്ച അറിവിന്റെ അറിവാണ്. ആരേയും ഒന്നിനേയും വെളിയില്‍ നിറുത്താതിരിക്കുക, ഭാവിയും ഭൂതവും ഈ വര്‍ത്തമാനത്തില്‍ തന്നെയുണ്ട്‌ എന്നയറിവ് സ്വാഭാവികമായിത്തീരുക എന്നതാണ് ഒരാള്‍ ഈ അറിവിലെത്തി എന്നതിന്റെ തെളിവ്. അയാള്‍ക്ക് നീയും ഞാനും അവരും വ്യവഹാരഭാഷയില്‍ മാത്രം നിലനില്‍പ്പുള്ള അസത്യങ്ങളാണ്. സത്യത്തില്‍ ഒന്നും തന്നില്‍നിന്ന് അന്യമാകുന്നില്ല. വെട്ടിപ്പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ആര്‍ത്തിക്കോ വ്യക്തിപരമായ പരാതികള്‍ക്കോ അയാളുടെ മനസ്സില്‍‍ ഒട്ടും ഇടമില്ല. അനുഗ്രഹങ്ങള്‍ക്കായുള്ള അര്‍ത്ഥനയോ യാചനയോ ഒരിക്കലും അയാള്‍ക്ക്‌ ഒരാവശ്യമായി തോന്നുകയില്ല. തത്ര കോ മോഹഃ കഃ ശോകഃ? അവിടെ (സച്ചിദാനന്ദത്തില്‍) എന്ത് മോഹം, എന്ത് ശോകം?

* ബാദരായണന്റെ ബ്രഹ്മസൂത്രത്തെ നാരായണഗുരു ചുരുക്കി പുനരാവിഷ്ക്കരിച്ചതാണ് വേദാന്തസൂത്രം.

** നിര്‍മ്മലമായ ഉണ്മ സമയബന്ധിതമാകുന്നതാണ് (becoming, happening) സംസാരം. വസിക്കുക, വസ്തു, വാസ്തു, അവസ്ഥ, എന്നീ വാക്കുകള്‍ ഉണ്ടായത് Indo-German ശബ്ദമായ  Wesen ല്‍ നിന്നാണ്.  അസ്തിത്വവാദികളുടെ Dasein-ലെ Sein (Being) നു പകരം ഹൈഡെഗര്‍ ഉപയോഗിക്കുന്ന വാക്ക് Anwesen ആണ്. അതിനര്‍ത്ഥം arriving to Wesen എന്നാണ്. ഈ Wesen ഉം നമ്മുടെ  സത് ഉം ദ്യോതിപ്പിക്കുന്നത് ഉണ്മയെയാണ്. സംസ്കൃതത്തില്‍ സത്യം എന്ന ശബ്ദം കിട്ടുന്നത് സത് + ത്വം + നയന (സ-ത-യ) എന്നിവ ചേരുമ്പോഴാണ്; സത്, ത്വം എന്നിവയുടെ സ്വരുമയാണ് സത്യം. സത് കൈവിട്ടുപോകുന്നതാണ് (സത്തുപോകുക/ചത്തുപോകുക) മരണം.

10 comments:

 1. This comment has been removed by the author.

  ReplyDelete
 2. ശങ്കരൻ തന്റെ ചുറ്റുമുള്ള ജനത്തോട്‌ ഇങ്ങനെ പറഞ്ഞപ്പോള്‍ ...."തത്ത്വ മസി...നീ അതാകുന്നു. ഇത് ശങ്കരന്റെ സ്വയംബോധം ആയിരുന്നു. ആ മാമുനിയുടെ ചിന്തകളും പരിജ്ഞാനവുമായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളും. 'ശങ്കരൻ‍ ഇങ്ങനെയും ലോകത്തോട്‌ പറഞ്ഞു,"എനിക്കറിയാം നീ 'അത്'. യഥാർ‍ഥത്തില്‍ 'അത്' എന്നതിനേക്കാള്‍ വലുതായ മറ്റൊരു സത്തയില്ല.

  നീ സ്വന്തം ആക്കുന്നതുവരെ 'അത്' നിന്റെതല്ല. ദേവാലയങ്ങളിലെ മണിഗോപുരങ്ങളില്‍ ഉച്ചത്തില്‍ മണിയടിച്ചതുകൊണ്ടോ, കുപ്പായങ്ങളണിഞ്ഞ് ഹല്ലേലുയായെന്നു ഉറക്കെ നിലവിളിച്ചതുകൊണ്ടോ, പുലരിയില്‍ ശങ്കുനാദം ഊതിയതുകൊണ്ടോ, ബാങ്കു വിളികളിലൊ 'അത്' പ്രാപ്തനാക്കുവാൻ‌ നിന്നെകൊണ്ടാവില്ല. വിശ്വസിക്കുന്നൂവെന്നു പറഞ്ഞു, ലുത്തിനീയാ ചെല്ലിയാലും വെറും പാഴ്പ്രാർ‍ഥനകൾ‍ മാത്രം.

  ഉത്തരം ഒരു ജ്ഞാനി ഇങ്ങനെ പറയുന്നു.'ആരാണ് സ്വന്തം മുഖമുടി മാറ്റുവാൻ‍ തയ്യാറാകുന്നത്. ആരാണ് പാപത്തിന്റെ കറയണിഞ്ഞ വസ്ത്രം സ്വയം അഴിച്ചു മാറ്റുന്നത്. പാപരഹിതമായി, നഗ്നനായി, ജ്ഞാനം തേടി ഗുരുവിന്റെ മുമ്പില്‍ ഡാൻ‍സ് ചെയ്യുവാൻ‍ തയ്യാറാകുന്നവൻ‍ ആരാണ്. അവനെ എന്നെ കാണിക്കൂ, എങ്കില്‍ എനിക്കവനെ ' തത്ത്വ മസി' കാണിക്കുവാൻ‍ കഴിയും.'

  Eka brahma dvitiya nasti. രണ്ടാമതൊന്നില്ല. ദൈവത്തിനു രണ്ടാകുവാൻ‍ കഴിയുകയില്ല. ദൈവം ഏകനാണ്. എന്നാല്‍ ഏകദൈവം തെറ്റായ മനുഷ്യസങ്കല്‌പ്പമെന്നു ചില ജ്ഞാനികള്‍ പറയും. ദൈവങ്ങള്‍ പലതാണ്. അവൻ വളരുന്നു. മുട്ടില്‍ നീന്തുന്നു. ജ്ഞാനം തേടി അലഞ്ഞു കണ്ടെത്തുന്നു. അവൻ‍ ഒരു വിശിഷ്ട വ്യക്തിയാവുകയാണ്. ഞാൻ‍ സ്വയം ദൈവത്തെ തേടിയുള്ള അലച്ചിലിന്റെ പര്യവസാനം.

  ജ്ഞാനം പൂര്‍ത്തിയായ അവൻ‍ അവസാനം നിത്യതയുടെ അരുവിയില്‍ വന്നു. വീണ്ടും ജലംകൊണ്ട് ജ്ഞാനസ്നാനത്തിനായി... ഗുരു സ്നാപകൻ‍ പറഞ്ഞു. നീയാണ് ഗുരു. നിത്യതയുടെ രഹസ്യം നീ മനസിലാക്കി കഴിഞ്ഞു. 'അത്' നീ കണ്ടെത്തി കഴിഞ്ഞു. ഞാൻ‍ ബഹുദൂരം പുറകിലും. എനിക്ക് നിന്നെ വെള്ളംകൊണ്ടേ ജ്ഞാനസ്നാനം ചെയ്യുവാൻ‍ സാധിക്കുകയുള്ളു. അറിവിന്റെ തടാകത്തില്‍ നീയും പിതാവും ഒന്നാണ്. ഞാൻ‍ നിന്റെ ചെരിപ്പുകളുടെ വാറുകള്‍ അഴിക്കുവാന്‍ പോലും അയോഗ്യനാണ്. അവന്റെ പ്രഭാഷണങ്ങളുമായി സ്നാപകൻ‍ പിന്നീട് വനാന്തരങ്ങളിലെ കായ്കനികളും ഭക്ഷിച്ചുകൊണ്ട് ദൌത്യം തുടര്‍ന്നു. യേശു നിത്യാമായ 'അത്' ശിക്ഷ്യരെ കാണിക്കുവാൻ‍ മറ്റൊരു വഴിയും സഞ്ചരിച്ചു. നല്ല കള്ളൻ‍ നിത്യതയെ കണ്ടു.

  ആത്മീയത എന്നുള്ളത് ഒരുവന്റെ വ്യക്തിപരമായ യാത്രയാണ്. ആത്മജലത്തിനായുള്ള അന്വേഷണത്തില്‍ നിന്റെ പങ്കാളിയേയും കൂട്ടൂ.പരസ്പരം ഇങ്ങനെ പറയൂ, 'തത്ത്വമസീ' നീ ആകുന്നു അത്. സമൂഹം നിന്നെ നിന്ദ്രയില്‍ ആക്കിയെങ്കില്, ‍ ഹിപ്നോട്ടൈസ് ചെയ്തെങ്കില്,... നീ സ്വതന്ത്രനാകേണ്ടതുമുണ്ട്. ‍

  ചീകത്സക്കായി ചിലർ‍ ഗുരുവിന്റെ സഹായം തേടുന്നു. കള്ളദൈവങ്ങളും ആള്‍ദൈവങ്ങളും തിങ്ങിപാർ‍ക്കുന്ന ലോകത്തിലെ ഗുരുവിനെ തേടിയുള്ള അന്വേഷണവും ചിലപ്പോള്‍ പാഴായിപ്പോവും. സമൂഹത്തിന്റെ മായാവലയത്തില്‍ കുടുങ്ങി നീ ഉറങ്ങരുത്. നീ എന്നും ഉണർ‍ന്നിരിക്കുക. എങ്കില്‍ കള്ളഗുരുക്കന്മാരായ അറക്കന്മാർ‍ ഓടി ഒളിച്ചുകൊള്ളും. ‍

  സ്വയം ഒരു വിശ്വാസം ഉണ്ടാക്കുവാന്‍ നമുക്ക് കഴിയണം. എങ്കിലേ സ്വയംബോധമാകുന്ന സാമ്രാജ്യത്തെ കീഴടക്കുവാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവന്റെ വിശ്വാസവുമായി നടന്നാല്‍ നീ ലക്ഷ്യസ്ഥാനത്തു എത്തുകയില്ല. ആകാശത്തോളം പള്ളികള്‍ പണിയുവാന്‍ വേദം പ്രസംഗിക്കുന്നവന്റെ തോളിലുള്ള കൊച്ചുപുസ്തകത്തിന്റെ അറിവ് നിനക്ക് അപര്യാപ്തമാണ്.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. "അറിവിനെ അറിയാന്‍ ഒരു അറിവ് വേണം" ...ആ അറിവാണ് സക്കരിയാഛായെന്‌ എന്ന ഈ അറിവ് എന്നെ സന്തോഷിപ്പിക്കുന്നു .." അറിവിനെ അറിഞ്ഞു ആ അറിവില്‍ ആനന്ദിക്കുന്നതാണു സ്വര്‍ഗം" ..എങ്കില്‍ ഞാന്‍ ആ സ്വര്‍ഗത്തിലാണ് സത്യം ,,,,ദാസുചേട്ടന്റെ പാട്ടിന്റെ കൂടെ പാടുന്നതില്‍ രസം കാണുന്ന എന്റെ സ്നേഹിതനോടെ 'നീ കൂടെ പാടാതെ മൌനമായി ആ പാട്ട് കേള്കെന്റെ കുട്ടാ "എന്ന് പറഞ്ഞതുപോലെ , സക്കരിയാചായെന്‍ എഴുതിയത് വീണ്ടും വായിച്ചാ അനുഭൂതിയില്‍ എന്മനം ആഴുന്നു ..അറിവേ നിനക്കെന്‍ പ്രണാമം

  ReplyDelete
 5. വേദാന്തിക്ക് യേശുവിനെ അറിയാന്‍ എളുപ്പമുണ്ടെങ്കിലും വേദാന്തിക്കേ യേശുവിനെ മനസ്സിലാകൂ എന്ന ധാരണ തെറ്റിദ്ധാരണയല്ലേ? അമ്മത്രേസ്യായും കൊച്ചുത്രേസ്യായും ഫ്രാന്‍സീസ് അസ്സീസിയും ഒക്കെ യഥാര്‍ഥ ക്രിസ്ത്യാനികള്‍തന്നെയായിരുന്നില്ലേ? ദൈവപരിപാലനയില്‍ വിശ്വാസം അര്‍പ്പിക്കുകയും തന്‍റെ അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാന്‍ ശ്രമിക്കുകയുമെങ്കിലും ചെയ്യുന്നവരെയെല്ലാം ക്രിസ്ത്യാനി എന്നു വിളിക്കേണ്ടേ?

  ReplyDelete
  Replies
  1. വേദാന്തിക്ക് യേശുവിനെ അറിയാന്‍ എളുപ്പമുണ്ടെങ്കിലും വേദാന്തിക്കേ യേശുവിനെ മനസ്സിലാകൂ എന്ന ധാരണ തെറ്റിദ്ധാരണയല്ലേ?

   വേദാന്തി യേശുവിനെ അറിയണമെന്നില്ല. അഗാധമായി വേദാന്തം പഠിച്ചവരും മതവിദ്വേഷം ഉള്ളില്‍ ആളികത്തി യേശുവിനെതിരായി വേദം പ്രസംഗിക്കുന്നുണ്ട്. ദൈവശാസ്ത്രത്തില്‍ അഗാധപാണ്ഡ്യത്യമുള്ള മാര്‍പാപ്പപോലും അന്യമതസ്ഥരുടെ വിശ്വാസത്തെ പരിഹസിക്കുന്നതും വായിക്കുന്നു. പണ്ഡിത ക്രിസ്ത്യന്‍ വേദാന്തികളും യേശുവിനെ ശരിക്കും മനസ്സില്‍ താലോലിക്കുന്നുണ്ടോയെന്നും വ്യക്തമല്ല.

   ദൈവത്തിന്റെ നാമം ജപിച്ചുകൊണ്ടാണ് വേദാന്തം പഠിച്ച നത്തുരാം ഗോഡ്സേ എന്ന കൊലയാളീ ഗാന്ധിജിയെ കൊന്നത്. അതുപോലെ അമിതമായി ബൈബിള്‍ കഷത്തില്‍വെച്ച് സ്തോത്രം ചെയ്തു നടക്കുന്നവരും യേശുവിനെ കണ്ടെത്തുകയില്ല. നാലാംനൂറ്റാണ്ടുവരെ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിരുന്നില്ല. യേശുവിന്റെ വചനത്തില്‍ നാല് നൂറ്റാണ്ടുകള്‍കൊണ്ട് വന്ന മാറ്റങ്ങളും അവ്യക്തം. പിന്നെയും ഭരിക്കുന്ന രാജാക്കന്മാര്‍ക്കൊപ്പം വചനങ്ങളും ചിന്താഗതികളും മാറ്റികൊണ്ടിരുന്നു. ചിന്തിക്കുന്നവന്‍ ചരിത്രബോധത്തെ കാണുന്നതും ഇങ്ങനെതന്നെയാണ്. സാക്ക് ഒരു പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനെ ഭൊഷായെന്നു വിളിക്കുന്നവനെയും വചനം ശാസിച്ചിട്ടുണ്ട്.

   യേശുവിനെ കണ്ടെത്തുന്നവര്‍ക്ക് അഗാധമായ അറിവുണ്ടായിരിക്കണമെന്നുമില്ല. കായ്കനികള്‍ ഭക്ഷിച്ചു കാട്ടില്‍ വളര്‍ന്ന സ്നാപകനും, കിണറ്റിന്‍കരയില്‍ ദാഹം ശമിപ്പിച്ച സമരിയാക്കാരത്തി സ്ത്രീയും, കണ്ണുപൊട്ടനും കുഷ്ഠരോഗികളും യേശുവിനെ കണ്ടത് ബൈബിള്‍ കഷത്തില്‍ വെച്ചതുകൊണ്ടല്ല. വചനങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത,വഴിയോരങ്ങളില്‍ ഉണ്ടായിരുന്ന പൊട്ടനും ബധിരനും കള്ളനും വേശ്യയും കല്‌ത്തുറുങ്കലില്‍ നീതിക്കുവേണ്ടി ദാഹിച്ചവരും യേശുവിനെ കണ്ടെത്തി. മനസിലാക്കി. മനസിലാക്കിയത് യേശുവെന്ന രക്ഷകനെ കണ്ടായിരുന്നു. അവര്‍ക്ക് യേശു ഒരു വ്യക്തിദൈവം പോലെയായിരുന്നു.
   അദൃശ്യമായ ദൈവത്തെക്കാളും ഒരു വ്യക്തിദൈവത്തെ മനസിലാക്കുക എളുപ്പമാണ്. യേശുവും ചിലര്‍ക്ക് ഒരു വ്യക്തിദൈവം ആയിരുന്നു. ദൈവം മനുഷ്യനെന്ന രൂപത്തില്‍ ഭൂമിയിലെ വേഷം ധരിച്ചിരിക്കുകയാണ്.

   സത്യാന്വേഷണം ആരംഭിക്കുന്ന ഒരുവന്‍ ആദ്യത്തെ പഠനത്തില്‍ യേശുവിനെ കാണുന്നത് ഒരു വ്യക്തി ദൈവത്തെപ്പോലെയാണ്‌. 'സ്വര്‍ഗത്തിലുള്ള പിതാവിനോട് പ്രാര്‍ഥിക്കുക' എന്ന വചനം അക്ഷരം പ്രതി പാലിക്കും. കുറച്ചുകൂടി ദൈവത്തെ അന്വേഷിക്കുന്നവന്‍ 'ഞാന്‍ മുന്തിരിവള്ളിയും നീ അതിന്റെ ശിഖരങ്ങളും' എന്ന വചനത്തിന്റെ അര്‍ഥവ്യാപ്തി തേടി അന്വേഷിക്കും. എന്നാല്‍ പൂര്‍ണ്ണമായും ജ്ഞാനം തേടുന്നവന്‍ ഇങ്ങനെ പറയും 'ഞാനും പിതാവും ഒന്നാണ്. '

   ഗുരു പഠിപ്പിച്ചത് കള്ളഗുരുക്കള്‍ തെറ്റായി പ്രചരിപ്പിക്കും. ദേവാലയത്തിനുള്ളിലും കവലകളിലും മനുഷ്യന്റെ മനസിനെ ഈ ഗുരുക്കള്‍ കഠിനമാക്കും. യേശുവിനെ കാണുവാന്‍ ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്ന വചനം മാത്രം മതി. അവിടെ ജ്ഞാനം പൂര്‍ത്തിയായി. ജ്ഞാനം മതിയാകാത്തവന്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കും. ഒരുവന്‍ തന്റെ കര്‍മ്മം തെറ്റിക്കുന്നുവെങ്കില്‍ സ്വയം മനസാക്ഷിയെ വഞ്ചിച്ച് നിര്‍മ്മലമായ ഹൃദയത്തെയും കളങ്കപ്പെടുത്തുന്നു. അവിടെ യേശു വരുകയില്ല.

   Delete
 6. It is not Sankara or vedas speak about Thathvam asi as some always write in this blog, but it is in svethashvaropanishad.

  When Uddalaka is having dialog with his son Shvetaketu, if he is saying “O Atman, that thou art”, what are these words referring to? Since “Atman” is addressing, “thou” must also refer to Atman. If “thou” points to the Supreme inner self, then the statement simply means “O Supreme inner self, you, the Supreme inner self is that, Supreme inner self”. This simply becomes a redundant statement that is trivially true. There are only two ways the triviality can go. One is Atman refers to individual self and that refers to Supreme inner self and negating their self-sameness is the purport. “O Individual self, you are not that Supreme inner self.” The second way is to note that in Vedic grammar, the Nominative case is representative of other cases. In Accusative case sense, it means that the very object and purpose of an Individual self is Supreme self. In Instrumental case it means that the Supreme inner self or the Lord is instrumental for every action of Individual self. In Dative case, it means the very goal of Individual self is to reach the Supreme inner self. In Ablative case, it means the very origin of Individual self is the Supreme Self. It also means that Individual self is eternally dependent on Supreme self. In Genitive case, it means that Individual self does not own anything as everything belongs to Supreme self. The individual self itself belongs to Supreme self. In locative case it means the Individual self is located in Supreme self and thus always seeking support for the very existence. Thus in every which way, the eternal dependence is indicated.????????!!!! Actually it does not mean aham is brahman or individual self is Supreme self in literal and catagoric sense but in an allegorical meaning

  ReplyDelete
 7. കദളിക്കാടന്‍ വീണ്ടും , ഇത്തവണ വിവരക്കേട് കട്ട് &പേസ്റ്റ് ആണെന്ന് മാത്രം

  ReplyDelete
  Replies
  1. ഡിയര്‍ അനോണിമസ് വേദാന്തി; കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് അല്ലാത്ത, കോപ്പി ആന്‍ഡ്‌ പേസ്റ്റു അല്ലാത്ത ഏതെങ്കിലും താങ്കള്‍ക്ക് പറയാനുണ്ടോ. ഈ എഴുതുന്ന ഭാഷയും വിഷയവുമെല്ലം താങ്കളുടെ സ്വന്തം കണ്ടുപിടിത്തം ആണോ?. താങ്കള്‍ ഇന്ന് പറഞ്ഞതൊക്കെ ഇന്ന് വരെ ഇതിനു മുന്‍പ് കോടികള്‍ പറഞ്ഞതല്ലേ.അത് പലതും കോപ്പി ആന്‍ഡ്‌ പയിസ്ടല്ലേ .കട്ട്‌ ആന്‍ഡ്‌ പേസ്റ്റു ചെയ്താലെങ്കിലും വിവരം സത്യം ആയി മനസിലാകട്ടെ എന്ന് കരുതിയ. അനോണി വേദന്തിയ്ക്ക് വിഷമം ആയോ.ക്ഷമിയ്ക്കണം.അങ്ങയെ വേദനിയ്പ്പിയ്ക്കാന്‍ ഉദ്ദേശിച്ചല്ല പേസ്റ്റു ചെയ്തത്.ത്രികോണം വട്ടത്തിലാണ് ഇര്യ്ക്കുന്നത് എന്ന് പറയുന്നത് ശരിയാണാശാനേ എന്ന് പറയുന്ന ശിഷ്യന്മാര്‍ ആണ് തങ്കള്‍ക്ക് ഇഷ്ടപ്പെടുന്നത്.ഇതും കോപ്പി ആന്‍ഡ്‌ പേസ്റ്റ് ആണ്.പൊറുക്കണം..പൊറുക്കണം;ഞാന്‍ ഒരു വിവരം ഇല്ലാത്തവന്‍ ആണേ.

   Delete
  2. ഇത്തവണ കദളിയുടെ കുലയില്‍ കൊണ്ട്; ഇച്ചിരെ നൊന്തു!

   Delete