Translate

Wednesday, January 23, 2013

മലയാളിയെന്തിനിങ്ങനെ ഒച്ചയിടുന്നു?

ഈ ആഴ്ചത്തെ Share & Learn (Indian Thoughts) എന്ന പംക്തിയില്‍ ശ്രീ ജോസഫ് മറ്റപ്പള്ളി എഴുതിയ ഒരു കാര്യം എന്റെ മനസ്സില്‍ തറച്ചു. എന്തുകൊണ്ടാണ് മനുഷ്യര്‍ അന്യോന്യം ഉറക്കെ സംസാരിക്കുന്നത്? അരിശപ്പെടുമ്പോള്‍ ഇത് സ്വാഭാവികമായും സംഭവിക്കുന്നു എന്നതില്‍തന്നെ ഉത്തരമുണ്ട്. മനസ്സുകള്‍ തമ്മിലുള്ള അകലമാണ് അതിനു കാരണം. അകലത്തെ കവച്ചുവയ്ക്കാന്‍ സ്വരം കൂട്ടണമല്ലൊ. ഈയടുത്ത നാളില്‍ ഒരു സുഹൃത്ത് വിളിച്ചു. എന്നിട്ട് ഒന്നും മിണ്ടുന്നില്ല. എന്തേ? എന്ന ചോദ്യത്തിന് എനിക്ക് കിട്ടിയ ഉത്തരം "എനിക്കൊന്നും പറയാനില്ല, ഒന്ന് ബന്ധപ്പെടണമെന്നേ  ആഗ്രഹിച്ചുള്ളൂ." കാര്യം വ്യക്തമാണല്ലോ. അപ്പുറത്ത് ഉള്ളിലുള്ള സ്നേഹം ഇപ്പുറത്ത് ഞാനറിയുക എന്നതില്‍ കവിഞ്ഞ് ഒരാഗ്രഹവുമില്ല, ആ വിളിയില്‍. സ്നേഹം നിര്‍മ്മലമാകുംതോറും വാക്കുകളുടെ ആവശ്യം കുറഞ്ഞുകുറഞ്ഞു വരും.

മലയാളികള്‍ എവിടെയും ഒച്ചപ്പാട് ഒത്തിരി ഉണ്ടാക്കുന്നു എന്നത് നിത്യാനുഭവമാണ്. കഴിഞ്ഞ ആഴ്ച സ്കൂള്‍ ആനിവേര്‍സറിയോടനുബന്ധിച്ച് നാടകം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ചെന്നപ്പോള്‍ എല്ലാവരും പറഞ്ഞത്, മൈക്കിന്റെ ശക്തിയെപ്പറ്റിയാണ്. ഒന്നാതരം മൈക്ക് സെറ്റായിരുന്നു, എന്തു റെയ്ഞ്ചാണ്! ഒരയല്‍വക്കംകാരന്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍ കാതിനു അരോചകമായത് ആസ്വാദനയോഗ്യമല്ല എന്നാരും തിരിച്ചറിയുന്നില്ലേപോലും? മലയാളികളുടെ ഒരു ഒത്തുകൂടലിനും ഞാന്‍ പോകാത്തതിന് കാരണം കരണം പൊട്ടിക്കുന്ന ഒച്ചപ്പാട് തന്നെ.

ദൈവസാന്നിദ്ധ്യത്തെപ്പറ്റിയുള്ള അവബോധമാണ് പ്രാര്‍ത്ഥന. അത് ഏറ്റവും നിശബ്ദമായിരിക്കണം എന്ന് ശരിക്ക് പ്രാര്‍ഥിക്കുന്നവര്‍ക്ക് അറിയാം. യേശു അത് പലവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും കേരളത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനക്കാര്‍, ഷാലോം റ്റി.വി., മൈക്കും ലൈറ്റും ഇട്ട് അവരുടെ എല്ലാ പ്രാര്‍ത്ഥനകളെയും ഒരു വലിയ കോമാളിത്തമാക്കി മാറ്റുന്നു. അച്ചന്മാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ, അതില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്കോ റ്റി.വി.യില്‍ അത് നിത്യം കാണുവര്‍ക്കോ അതിലെ അര്‍ത്ഥശൂന്യത മനസ്സിലാകുന്നേയില്ല!

എന്താണ് ഇതിന്റെയൊക്കെ പൊരുള്‍? കുനിഞ്ഞു നിന്നാല്‍ കാല്‍പ്പണം എന്നതാണ് മലയാളിയുടെ ധനതത്ത്വശാസ്ത്രം. ഏറ്റവും അടുത്ത സ്വന്തക്കാരുടേതോ, അന്യന്റേതോ എന്ന വ്യത്യാസമില്ലാതെ, ഈ കാല്പ്പണമോ കോടിയോ ആരുടേതുമാകാം. അറക്കല്‍ മോണിക്കയുടെ കഥ ഇന്ന് കുപ്രസിദ്ധമാണല്ലോ. ഇരട്ടത്താപ്പ് സ്നേഹത്തിന്റെ നേര്‍വിപരീതമാണ്. അവരാണ് ഏറ്റവും കൂടുതല്‍ ഒച്ചയിടുന്നതും. ഭരണങ്ങാനത്തെയും അട്ടപ്പാടിയിലെയും ഉത്സവങ്ങള്‍ ഒന്നാന്തരം ഉദാഹരണങ്ങള്‍. 

1 comment:

  1. To read the full article which Shri. Zac Nedunkanal has gracefully referred in this article, kindly click http://indianthoughts.in/story3.php?start=0 . Share and Learn is a free service to which anybody can subscribe online through Indian Thoughts website. ‘Indian Thoughts’ contains more than a thousand short texts with great lessons, presented by eminent scholars like Dr K S Radhakrishnan, Justice P K Shamsuddin, Shri R K Mittal IAS, Swami Sachidananda Bharathi, Swami (Dr) Snehananda Jyoti, Sr (Dr) Lilly SJL and many more....

    ReplyDelete