Translate

Thursday, January 10, 2013

കവര്‍ പിരിവ്


ജോസഫ് പുലിക്കുന്നേല്‍ 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഓശാനമാസികയിലെഴുതിയ ഈ കുറിപ്പ് ഇന്നും പ്രസക്തമാണെങ്കില്‍ എന്താണ് കാരണം?


പാലാ രൂപതാധികാരികള്‍ നിര്‍ബന്ധിച്ചു പണം പിരിക്കുന്നതിനുള്ള ഒരു നൂതന അടവ് ആരംഭിച്ചിട്ടുണ്ട്. കുടുംബനാഥന്മാരുടെ അഡ്രസ്സെഴുതി അവര്‍ക്ക് കവര്‍ കൊടുക്കുക. ആ കവറില്‍ത്തന്നെ പണമിട്ട് ബഹു. വികാരിയച്ചനെ ഏല്‍പ്പിക്കണം എന്നതാണു ചട്ടം. ഈ പണം അരമനയുടേതായിരിക്കും. അത് പള്ളിക്കണക്കില്‍ ചേര്‍ക്കേണ്ടതില്ല. ആരോടും കണക്കു പറയേണ്ടതില്ല എന്നു സാരം. എത്ര ലഭിച്ചൂ എന്ന് ആരുമറിയേണ്ടതില്ല; എത്ര ചിലവാക്കിയെന്ന് ആരോടും പറയേണ്ടതുമില്ല!
ഈ കവര്‍പിരിവിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഒന്നാമതായി, നടന്നു പിരിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. പിന്നെ, ഇടവകയിലെ ആരെല്ലാം എത്ര തുക സംഭാവന ചെയ്തു എന്നു തീര്‍ച്ചപ്പെടുത്തി 'അരമനയോടുള്ള കൂറ്' നിര്‍ണയിക്കുന്നതിനുള്ള ഒരു മാപിനികൂടിയാണ് ഇത്. ഇതിനുംപുറമെ ഇടവക വികാരിയുടെ കഴിവിനെ അളക്കാനും ഈ 'കവര്‍ പിരിവ്' ഉപയോഗിക്കാം. ഏറ്റവും കൂടുതല്‍ പിരിക്കുന്ന വികാരിക്ക് അരമനാധികാരികളുടെ മുഖപക്ഷം ഉണ്ടായിരിക്കും. പിരിവുകവറില്‍ തുക കുറഞ്ഞവരുടെ മക്കള്‍ക്ക് കത്തോലിക്കാവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള ചാന്‍സില്ലതന്നെ. 'അരമന മുഖപക്ഷദാഹി'കളായ ചില വൈദികര്‍ ചിലേടങ്ങളിലെങ്കിലും ഈ നിര്‍ബന്ധിതപിരിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മറ്റിക്കാരുടെ വിശ്വാസ്യതയും പ്രാഗത്ഭ്യവും തെളിയിക്കേണ്ട ഒരു മണ്ഡലവും ഈ കവര്‍പിരിവാണ്. 

ഒരു 50 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഒരു സംഭവം ഞാനോര്‍ക്കുന്നു. ഞങ്ങളുടെ ഇടവകയില്‍ ധീരനായ ഒരു വൈദികന്‍ വികാരി ആയി വന്നു. അന്നു ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ ജയിംസ് കാളാശ്ശേരി ആയിരുന്നു. പള്ളിയുടെ ഏതോ ഒരു യോഗനിശ്ചയവുമായി കൈക്കാരന്മാര്‍ സഹിതം അച്ചന്‍ ചങ്ങനാശ്ശേരിയിലെത്തി. ഈ പരാമര്‍ശിതനായ പുരോഹിതന്‍ ധീരനും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുപോന്നവനുമായിരുന്നു. മെത്രാന്‍ അദ്ദേഹത്തോട് എന്തോ ധിക്കാരമായി പറഞ്ഞു. വൈദികന്‍ പരസ്യമായി തിരിച്ചടിച്ചു: ''തിരുമേനിക്കും എനിക്കും കിട്ടിയിരിക്കുന്ന പട്ടം ഒന്നുതന്നെയാണ്. വ്യത്യാസം തിരുമേനിയുടെ പട്ടം കുറച്ചുകൂടി വലുപ്പത്തില്‍ വടിച്ചു എന്നുമാത്രം. ഞാന്‍ എന്റെ പള്ളിയെ പ്രതിനിധീകരിച്ചാണുവന്നത്. അവരുടെ തീരുമാനം നടപ്പാക്കുകയും ചെയ്യും.'' 
തന്ത്രശാലിയായ മെത്രാന്‍ കൈക്കാരന്മാരോട് പറഞ്ഞു. ''നിങ്ങളുടെ കാര്യം നോക്കാന്‍ പറ്റിയ വൈദികന്‍ തന്നെയാണിദ്ദേഹം.'' അന്ന് അച്ചന്മാര്‍ക്ക് അവര്‍ ജനങ്ങളുടെ കൂടെയാണെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലത്തീനീകരണത്തിന്റെ ഫലമായി വൈദികനു നഷ്ടപ്പെട്ടത് ഈ ആത്മവിശ്വാസമാണ്. 

സരസകവി ചെമ്മനം ചാക്കോയുടെ പ്രസിദ്ധമായ ഒരു കവിതയില്‍, ഗുരുനാഥന്‍ ശിഷ്യനായ ഒരദ്ധ്യാപകന്റെ അടുക്കല്‍ ഒരു കാര്യം സാധിച്ചുകിട്ടുന്നതിനായി ചെല്ലുന്ന ഒരു കഥയുണ്ട്. തന്റെ കുട്ടിക്ക് അവിഹിതമായി കുറച്ചു മാര്‍ക്കു കൂട്ടിയിട്ടുകിട്ടുക എന്നതാണ് ലക്ഷ്യം. ഗുരുഭക്തനായ അദ്ധ്യാപകശിഷ്യന്‍ പേപ്പര്‍ പരിശോധിച്ചപ്പോള്‍ കുട്ടി തോറ്റിരിക്കുന്നു. എങ്കിലും കുട്ടിക്കു ജയിക്കുന്നതിനുള്ള മാര്‍ക്കു കൊടുക്കാം എന്ന് ആ ഗുരുഭക്തന്‍ സമ്മതിക്കുന്നു. അപ്പോള്‍ ഗുരു പറഞ്ഞു: 'ഏതായാലും മാര്‍ക്കു കൂട്ടിയിടാമെന്നു സമ്മതിച്ചതല്ലേ; എന്നാല്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കു കൊടുത്തേര്.' ഗുരുവിന്റെ ന്യായമിതായിരുന്നു: 5 മിനിട്ടു വ്യഭിചരിച്ചാലും 1 മണിക്കൂര്‍ വ്യഭിചരിച്ചാലും പാപം ഒന്നുതന്നെയല്ലേ? സത്യസന്ധമായി മാര്‍ക്കിടണം എന്ന തത്വത്തില്‍നിന്നും വ്യതിചലിച്ചുകഴിഞ്ഞാല്‍പ്പിന്നെ എത്ര മാര്‍ക്ക് കൂടുതലിട്ടാലെന്താ? 

2 comments:

  1. കവര്‍ പിരിവു കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. കൂടെ ഒരപേക്ഷാ ഫാറവും കൂടി ഉണ്ടിപ്പോള്‍. ഭാവിയില്‍ എന്ത് കൊടുക്കും എന്ന് കൂടി അതില്‍ എഴുതി ഒപ്പിട്ടു കൊടുക്കണം. അമേരിക്കയില്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ പാസ് വേര്‍ഡും കൊടുക്കണം. ഇതെല്ലാം കമ്പ്യുട്ടറില്‍ കേറ്റി വെക്കും; ഇടവേളകളില്‍ മെത്രാന് നോക്കി ചിരിക്കാന്‍. ഒരു തമാശ വേണ്ടേ?

    ഇങ്ങിനെ പിരിവിനു തല വെച്ച് കൊടുക്കുന്നവരെയാണ് വിഡ്ഢികള്‍ എന്ന് വിളിക്കേണ്ടത്. തല ഉപയോഗിച്ച് ജിവിക്കുന്ന ഒരൊറ്റ അത്മായനും ഇക്കൂട്ടത്തിലില്ല.പ്രായമാകുമ്പോള്‍ തല വെച്ചുകൊടുക്കുന്ന സഭാ താരങ്ങളെ മറക്കാന്‍ പാടില്ല. ഈ പണം കൊണ്ട് വേണം ഗുണ്ടാകളെ തീറ്റിപ്പോറ്റെണ്ടാത്. റാന്നിയില്‍ ഒരച്ചന്‍ അയ്യപ്പ കിര്‍ത്തനം രചിച്ചതിന് ഇപ്പൊ വധഭിഷണി നേരിടുകയാണ്. എങ്ങിനെ ചിന്തിക്കണമെന്ന് ഈ SSLC + Phd ക്കാര്‍ പറയും. അതങ്ങ് കേട്ടാല്‍ മതി.

    ReplyDelete
  2. ജോണിക്കുട്ടന്‍January 11, 2013 at 9:38 PM

    ഇപ്രകാരം കിട്ടുന്ന കവറുകള്‍ ഒരിക്കലും ഞാന്‍ പണം ഇട്ടോ ഇടാതെയോ തിരിച്ചു കൊടുക്കാറില്ല. വികാരി ഒരിക്കലും ചോദിച്ചിട്ടും ഇല്ല. ഈ പണം എവിടെയും account ചെയ്യാറില്ലാത്തതാണെന്ന് എനിക്ക് അറിയാം.എനിക്ക് അറിയാമെന്നു അച്ഛനും അറിയാം. അതിനാല്‍ ആയിരിക്കും ചോദിക്കാത്തത്. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. ഇത്തരം കവറില്‍ ഒരു ലക്ഷം ഇപ്പോള്‍ ഇട്ടു കൊടുത്താല്‍ പോലും അത്യാവശ്യ സമയത്ത് അതാതിന്‍റെ തോതനുസരിച്ച് അന്നു വേറെ പണം കൊടുത്തില്ലെങ്കില്‍ ഉദ്ദേശിച്ച കാര്യം നടക്കുകയില്ല. കവറില്‍ കൊടുത്തു എന്ന് വെച്ച് discount പോലും കിട്ടുക ഇല്ല. പിന്നെന്തിനു ഇപ്പോള്‍ കവറില്‍ ഇട്ടു കൊടുത്തു നല്ല പിള്ള ചമയണം?

    ReplyDelete