Translate

Tuesday, November 12, 2013

അവരെന്റെ‍ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി ......


പഥഞ്‌ജലി മഹര്‍ഷി ‘യോഗ സൂത്രാ’യിലൂടെ മനുഷ്യനോളം തന്നെ പഴക്കമുള്ള യോഗാനുഷ്ടാനങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ ഒരു വ്യാഖ്യാനം നല്‍കി. ഉള്‍ക്കാഴ്ചയുള്ള ഒരു മഹര്‍ഷിയും, പാണ്ഡിത്യമുള്ള ഒരു ഗവേഷകനുമായിരുന്ന അദ്ദേഹം യോഗയുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്ശിക്കാതിരുന്നില്ല. പക്ഷേ, അന്ന് മുതല്‍ ഇന്ന് വരെ അദ്ദേഹം അവതരിപ്പിച്ച വ്യാഖ്യാനങ്ങളെ വ്യക്തിവല്‍ക്കരിച്ചു തനതു ക്രിയകള്‍ ആവിഷ്കരിച്ച അനേകം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഹൈന്ദവ ഗുരുക്കന്മാര്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്തപ്പോള്‍ അജ്ഞരായ അപരര്‍ അടിസ്ഥാന തത്ത്വങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് യോഗാനുഷ്ടാനങ്ങളെ വികലമാക്കി. ഒരുദാഹരണം പറഞ്ഞാല്‍ ശ്രി ശ്രി രവിശങ്കര്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിലൂടെ പരിചയപ്പെടുത്തിയ സുദര്‍ശന ക്രിയയെ തന്നെയെടുക്കാം. ആ ക്രിയ അദ്ദേഹത്തിനു വെളിപ്പെട്ടു കിട്ടിയതാണെന്നാണ് അദ്ദേഹം പറയുന്നതെന്നാണ് അത് പഠിപ്പിക്കുന്നവര്‍ പറയുന്നത്. പക്ഷേ സുദര്‍ശന ക്രിയയിലെ ഏതു ഭാഗമാണ് യോഗ സൂത്രായില്‍ ഇല്ലാത്തതെന്ന് അവര്‍ പറയുന്നില്ല.
യോഗായ്ക്കു നിരവധി നിര്‍വ്വചനങ്ങള്‍ ഞാന്‍ തന്നെ വായിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും,  യോഗാകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന്‍റെയും, മനസ്സിന്‍റെയും, അരൂപശരീരത്തിന്‍റെയും ആരോഗ്യം. ഇത് മറ്റൊരര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണ വിശുദ്ധീകരണം തന്നെ. ഇത് സാദ്ധ്യമാക്കുന്ന എല്ലാ തന്ത്രങ്ങളെയും യോഗയുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ആസനങ്ങളും യോഗായാണ്, ധ്യാനവും യോഗായാണ്, ഗുരുവരവും യോഗായാണ്. പ്രാണിക് ഹീലിംഗും യോഗായാണ്, റെയിക്കിയും യോഗായാണ്, കളരിയും യോഗായാണ്, സൂര്യ സ്നാനവും യോഗായാണ്. ഇതില്‍ ഗുരുവില്‍നിന്നു ലയവത്കരണ(initiation)ത്തിലൂടെ പരിശീലനം ആര്‍ജ്ജിക്കേണ്ടതുമുണ്ട്‌, പ്രകൃത്യ നാം ലയവത്കരിക്കപ്പെട്ടവയുമുണ്ട്. ശ്വാസം, ശരീരം, മനസ്സ് ഇതില്‍ ഒരു മാധ്യമം ആണ് യോഗാനുഷ്ടാനത്തിന് ഉപകരണമായി സാധാരണ ഉപയോഗപ്പെടുത്താറ്. യോഗായെപ്പറ്റി ഒരു സമ്പൂര്‍ണ്ണ വിവരണം അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അത് നല്‍കാന്‍ വേണ്ട പാണ്ഡിത്യം എനിക്കില്ല താനും. സൂര്യനമസ്കാരം ക്രൈസ്തവല്‍ക്കരിക്കപ്പെട്ടിട്ടു കുറച്ചു നാളായി. അത് ധാര്‍മ്മികമായി ശരിയല്ലെന്നുള്ളതിനേക്കാള്‍ അത് സൂര്യനമസ്കാരത്തിന്‍റെ ഗുണം ചെയ്യില്ലെന്നുള്ള സത്യം പങ്കു വെയ്ക്കുക മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഒരു സമ്പൂര്‍ണ്ണ യോഗക്രിയ എന്നു തന്നെയാണ് സൂര്യനമസ്കാരം വിശേഷിപ്പിക്കപ്പെടുന്നത്. അത് ചെയ്യേണ്ട സമയവും കാലവുമുണ്ട്, അതിനു ഗുരുവില്‍നിന്നുള്ള ലയവത്കരണവും ആവശ്യമുണ്ട്; അക്ഷരാര്‍ത്ഥത്തില്‍ സഭാ വസ്ത്രം ധരിച്ചുകൊണ്ട് ചെയ്യാവുന്നതുമല്ല.  യോഗ്യനായ ഒരു ഗുരുവും സൂര്യനമസ്കാരത്തിനിടക്ക്, സുകൃതജപം ചൊല്ലാന്‍ ആവശ്യപ്പെടില്ല. കാരണം, അവിടെ ഓരോ ശരീര ചലനത്തിലും ശ്വാസം എടുക്കേണ്ട രീതിയും ക്രമവും നിര്‍ണ്ണായകമാണ്. ‘എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ – യോഹന്നാന്‍ 20: 20’ എന്ന് പറഞ്ഞാല്‍ സൂര്യനമസ്കാരത്തില്‍ ഉദ്ദേശിക്കുന്നതുപോലുള്ള ശ്വസനം ആകുന്നില്ല, എടുക്കുന്ന ആയാസത്തിനു പ്രതിഫലവും ലഭിക്കണമെന്നില്ല. ഈ ശ്വാസം എന്ന് പറയുന്നത് വെറുമൊരു തമാശയല്ല; ഉറങ്ങി എണില്‍ക്കുമ്പോള്‍ നമുക്ക് ഉന്മേഷം തോന്നുന്നുവെങ്കില്‍ ഒരു കാരണം നാം ഉറക്കത്തില്‍ അവലംബിച്ച ഇടവേളകളോടെയുള്ള ദീര്ഘശ്വസനങ്ങള്‍ തന്നെയാണ്. ഒരു മിനിറ്റില്‍ ഒരു ജീവി എടുക്കുന്ന ശ്വാസങ്ങളുടെ എണ്ണം അതിന്‍റെ ആയുര്‍ ദൈര്‍ഘ്യത്തെപ്പറ്റി നമുക്ക് സൂചന തരും. ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ ശ്വാസം ഏതു രീതിയിലാണോ അത് വരാനിരിക്കുന്ന ഫലത്തെ വരെ സൂചിപ്പിക്കും. അത്ര സൂഷ്മ തലങ്ങളുണ്ട് നാം ചെറുതെന്ന് കരുതുന്ന ഈ ശ്വാസത്തിന്.
‘ഓം നമശിവായ’ ഒരു മന്ത്രമാണെങ്കില്‍ നമുക്കുമാകാം യോഗയുടെ ഇടയ്ക്ക് ഒരു സുകൃതജപം എന്നാ നിലപാട് പമ്പര വിഢ്ഢിത്വമാണെന്നു പറയാതിരിക്കാന്‍ വയ്യ. ഓം നമശിവായ എന്നുച്ചരിക്കുമ്പോള്‍ ശ്വാസത്തിന്‍റെ ഗതി എന്താണോ അതിനനുശരിച്ചു രൂപകല്‍പ്പന ചെയ്ത ശരീര ചലനമാണ് ഒപ്പമുള്ളതെന്നു കാണുക. സംസ്കൃതം അനേകം പണ്ഡിതരെ വിശ്മയിപ്പിച്ചിട്ടുള്ള മനോഹരമായ ഒരു ഭാഷയാണ്‌. അ യില്‍ തുടങ്ങി ഹ യില്‍ അവസാനിക്കുന്ന അക്ഷരമാല തന്നെ സൂചിപ്പിക്കുന്നത് സര്‍വ്വതും അഹത്തിലാണെന്നാണ്. നമ എന്ന വാക്കും ശിവയെന്ന വാക്കുമൊക്കെ നമുക്ക് അശ്പര്ശ്യമാണെന്ന് ചിന്തിക്കുന്നത് തന്നെ നമ്മുടെ അജ്ഞതയെ സൂചിപ്പിക്കുന്നു. ശിവാ എന്നാ വാക്കിന്‍റെ അര്‍ഥം നിത്യമംഗള സ്വരൂപി യെന്നാണ്. (മടിച്ചു മടിച്ചാണെങ്കിലും അറബിയില്‍ നാം ദൈവത്തെ അള്ളാ എന്ന് വിളിക്കുന്നു). ഈ പദങ്ങളും ശബ്ദങ്ങള്മൊക്കെ ഹിന്ദുവിസത്തിന്‍റെ ഭാഗമായി നാം കാണുന്നുവെങ്കിലും ഇവയൊക്കെ ഉണ്ടായി അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇവിടെ ഹിന്ദുവിസം രൂപം കൊണ്ടത്‌. അവരുടേത് അവരെടുത്തോട്ടെയെന്നു കരുതി നാം ഇപ്പോഴും അകറ്റി നിര്‍ത്തിയിരിക്കുന്ന ഓം ശബ്ദം, സംസ്കൃതത്തിലെ ഒരക്ഷരമോ, ഹിന്ദുക്കളുടെ സ്വന്തമോ അല്ലെന്ന് എത്രപേര്‍ക്ക് അറിയാം? എസ്സക്കിയേല്‍ പ്രവാചകന്‍ കേട്ട ‘അവന്‍റെ’ ശബ്ദം ഒരു വലിയ ഓംകാരമായിരുന്നില്ലേ? ബൈബിളിലെ എല്ലാ വാക്കുകളും മലയാളത്തിലേക്കാക്കിയെങ്കിലും  ‘അമ്മേന്‍’ (അപ്രകാരമായിരിക്കട്ടെ)  എന്ത് കൊണ്ട് ആമ്മേന്‍ തന്നെയായി നിലനില്‍ക്കുന്നു?
ഓരോന്നിനെയും അതിന്‍റെ തനിമയില്‍ കാണാന്‍ ശ്രമിക്കാതെ സീറോവല്ക്കരിക്കാന്‍ ശ്രമിക്കുന്നവരോട് ദൈവം പൊറുക്കട്ടെയെന്നെ എനിക്ക് പറയാനുള്ളൂ. സൂര്യ നമസ്കാരത്തില്‍ ഒരു ജപവും ചൊല്ലാന്‍ ആവശ്യപ്പെടുന്നില്ല. ദൈവത്തെ ഓര്‍ത്ത്‌ അതിനെ യേശു നമ്സ്കാരമെന്നും, സ്ത്രോത്ര നമസ്കാരമെന്നും വിളിക്കരുതേ! സൂര്യന്‍ സൌര യൂഥത്തെ സംബന്ധിച്ചിടത്തോളം അതിനെ പിടിച്ചു നിര്‍ത്തുന്ന ഊര്‍ജ്ജ ശ്രോതസ്സാണ്. ആ പേരിലുമുണ്ടൊരു സൌന്ദര്യം.

4 comments:

 1. ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിൽ ബൈബിളിൽ നിന്നെടുത്തെഴുതിയിരിക്കുന്ന വേദവാക്യങ്ങൾ വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ്‌ ഓർത്തത്, ഇതൊന്നും വായിക്കാൻ വേണ്ടിയോ വായിച്ച് മനനം ചെയ്യാൻ വേണ്ടിയോ എഴുതപ്പെട്ടവയല്ല, ഒരു തഴക്കമെന്നോണം ചില വചനഭ്രാന്തുകാർ കുറിക്കുന്ന വെറും വരികൾ മാത്രമാണല്ലോ എന്ന്. പാലാ രൂപതയിലെ പല പള്ളികളുടെയും സ്കൂളുകളുടെയും മഠങ്ങളുടെയും പുറംഭിത്തികളിൽ ബൈബിളിൽ നിന്ന് കടമെടുത്ത വാക്യങ്ങൾ എഴുതിവയ്ക്കുക ഒരു പതിവായിത്തീർന്നിട്ടുണ്ട്. എത്രപേർ ഒരിക്കലെങ്കിലും അവ വായിക്കുകയോ, അവയുടെ അർത്ഥസാന്ദ്രതയിലേയ്ക്ക് ഒരിക്കലെങ്കിലും ആകർഷിക്കപ്പെടുകയൊ ചെയ്തിട്ടുണ്ട് എന്നതിനെപ്പറ്റി ഒരു സവ്വേ എടുത്താൽ, ഫലം മിക്കവാറും നിരാശതാജനകമായിരിക്കും. ദൈവവചനം ജീവനുള്ളതും ജീവിക്കാനുള്ളതുമായി നമ്മെ നമുക്കുള്ളിൽ അഭിമുഖീകരിക്കുന്നില്ലെങ്കിൽ അത് ആവർത്തിച്ചു പ്രഘോഷിച്ചിട്ടും തുറസ്സായ ഇടങ്ങളിൽ ആവർത്തിച്ച് കോപ്പിയടിച്ചുവച്ചിട്ടും എന്ത് പ്രയോജനം?

  ഞാൻ ജനിച്ചുവളർന്ന അടിവാരത്ത് ഏതാണ്ട് നാല്പ്പത്തെട്ടു വർഷം മുമ്പ് ലാറി ബെയ്ക്കർ ഇഷ്ടികയിലും തടിയിലും നിർമ്മിച്ച മനോഹര ദേവാലയം ഇടിച്ചുപൊളിച്ചിട്ട്‌, തലസ്ഥാനത്ത് കൊണ്ക്രീറ്റും സ്റ്റീലും അലുമിനം ഷീറ്റും കൂട്ടിച്ചേർത്ത്, മൂന്നു കോടിയിലധികം ചെലവാക്കി ഉണ്ടാക്കിയിരിക്കുന്ന സൗധം ഒരു പള്ളിയാണെന്ന് തീർച്ചവരുത്താൻ ഒരു വലിയ ബോർഡും വഴിയിൽ സ്ഥാപിക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ആവശ്യത്തിനു ഫണ്ടില്ല എന്ന് നിരന്തരം പറയുന്നതിനിടക്കും പള്ളിക്ക് ചുറ്റും കലാകാരന്മാർ പണിതുയർത്തിയ കരിങ്കൽകെട്ടിലുടനീളം സിമിന്റിൽ തീർത്ത വലിയ ദീർഘചതുരങ്ങൾ കാണാം. അവക്കുള്ളിലെല്ലാം ഇനി വേദവാക്യങ്ങൾ എഴുതി വയ്ക്കും എന്നാണ് ഞാനൂഹിക്കുന്നത്. ഉത്ഘാടനദിവസം (ഈ ഡിസംബർ 27) എല്ലാവരും അതൊരാവർത്തി വായിക്കും. പിന്നെ ഒരാത്മാവും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുക പോലുമില്ല. ഇപ്പോൾത്തന്നെ ആ പടുകൂറ്റൻ കെട്ടുകൾ നിറയെ പായലായി. കരിങ്കല്ലിന്റെ സകല സൌന്ദര്യവും കളയാൻ ഇനിയവ വെള്ള പൂശി വേണം തിരുവചനങ്ങൾ എഴുതാൻ. ഒരു മഴ മതി വീണ്ടും എല്ലാം പായൽ കൊണ്ട് മൂടിപ്പോകാൻ.
  എന്തിനുവേണ്ടിയാണ് മനുഷ്യർ ഇത്തരം യാന്ത്രികമായ പാഴ്വേലകൾ ചെയ്തു വയ്ക്കുന്നത്? ഹൃദയത്തോട് സംസാരിക്കാത്ത സൗധം എങ്ങനെ ദൈവത്തിന്റെ ആലയമാകും? ഉള്ളിൽ തറക്കാത്ത വാക്യങ്ങൾ എങ്ങനെ ദൈവവചനമാകും? ഇതൊക്കെ വിശുദ്ധ മിമിക്രികൾ മാത്രമാണെന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റല്ല എന്ന് പറയാൻ ആഗ്രഹിക്കുന്ന ധാരാളം മനുഷ്യർ അടിവാരം ഇടവകയിലുണ്ട്. ഒന്നുരണ്ടു പേരുടെ അതിരുവിട്ട മരാമത്ത് ഭാവനകൾ ആയിരുന്നോ ഇത്തരമൊരു സംരംഭത്തെ നയിക്കേണ്ടത്? പള്ളി ആശീർവദിക്കാനെത്തുന്ന പാലാ മെത്രാന്മാർ ഈ പേക്കൂത്തിനെ വാനോളം പുകഴ്ത്തിപ്പറയുന്നത് കേള്ക്കാൻ താത്പര്യമുള്ളവർക്കെല്ലാം ഇങ്ങോട്ട് സ്വാഗതം.

  ReplyDelete
 2. ക്രിസ്ത്യാനികളുടെ സൂര്യനമസ്ക്കാരം കോപ്പിയടിയെപ്പറ്റി ശ്രീ മറ്റപ്പള്ളി എഴുതിയ ലേഖനം വളരെ മനോഹരമായിരിക്കുന്നു. ശരീരത്തിന് ഊർജം നല്കാൻ ശരിയായ ശ്വാസക്രമീകരണം ആവശ്യമെന്ന് ശ്രീ മറ്റപ്പള്ളിപറഞ്ഞു. ശിവാ, അള്ളാ എന്ന പദങ്ങൾ ശ്വാസത്തിന്റെ വ്യയാമമെന്നും ശരിതന്നെ. ക്രിസ്തുമതം പഠിപ്പിക്കുന്നത്‌ ശരീര ശാസ്ത്രത്തെക്കാളുപരി ആത്മാവിനെ രക്ഷിക്കുകയെന്നതാണ്. മുങ്ങാൻ പോകുന്ന ഒരു കപ്പലും അതിനുള്ളിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ കൈകൾ നീട്ടുന്ന പുരോഹിതരും ഉൾപ്പെട്ട ഒരു ചിത്രത്തിൻറെ ദാർശനികതയിൽ മാർട്ടിൻ ലൂതർ ആവേശനായി പൌരാഹിത്യം തെരഞ്ഞെടുത്തു.

  ഞാൻ വഴിയും സത്യവും ജീവനുമാകുന്നുവെന്ന് യേശു പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ആ വഴി തന്നെയാണ് യോഗയും. ജന്മ ജന്മാന്തരങ്ങളായി, 'ഗുരുവും ഞാനും' എന്ന വഴിയുണ്ടായിരുന്നു. മിത്രാമതങ്ങളുടെ യുഗത്തിലും ഗുരുക്കന്മാരുടെ വഴികളായിരുന്നു പ്രാധാന്യമേറിയിരുന്നത്. മോഹൻഞ്ചോദാരയിലെയും ഹാരപ്പായിലെയും പ്രളയത്തിലെയും അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് അമ്മ പ്രകൃതിയും അതിലുൾപ്പെട്ട സൂര്യനും ദൈവവുമായുള്ള ഒരു ബന്ധമാണ്. സത്യത്തിൽ യോഗാതന്നെ മനസും ശരീരവും പ്രകൃതിയുമൊത്തുള്ള അത്മത്തെ കണ്ടെത്താനുള്ള ഒരു വഴിയാണ്. അവിടെ യേശു ഗുരുവാണ്. ജ്ഞാനം തേടിയുള്ള വഴിയും സത്യവുമാണ്.

  സംസ്കൃതത്തിലെ 'യോക്ക്' എന്നതാണ്‌ 'യുഗ്'. മലയാളത്തിൽ 'നുഗം' എന്നു പറയുന്നത്. നുഗം വെച്ച കാളകൾ ഉദാഹരണമാണ്. 'യുഗ്' അഥവാ 'നുഗം' യോഗയുടെ അടിസ്ഥാനവേരാണ്. യോഗാ എന്നുപറഞ്ഞാൽ നുഗം വെക്കുക എന്നുള്ള അർത്ഥം കല്പ്പിക്കാം. യോഗയുടെ പ്രായോഗിക തത്ത്വങ്ങൾ ദൈവവുമായി യോജിപ്പിക്കുകയാണ്. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ സൂര്യനുപരി ഒരു ശക്തിവിശേഷത്തെ മനുഷ്യനറിയില്ലായിരുന്നു. പേഗൻ മതങ്ങളുടെ പ്രധാന ദൈവം സൂര്യനായിരുന്നു. ക്രിസ്ത്യാനികളുടെ ഞായറാഴ്ച പ്രാർഥനതന്നെ (Sun day ) പേഗൻ മതങ്ങളിലെ സൂര്യാനമസ്കാരത്തിന്റെ ഒരു വിപുലീകരണമാണ്. ക്രിസ്തുമതം സൂര്യാ കൽട്ടിന്റെ ഒരു പിന്തുടർച്ചയെന്നും പറയാം. പടിഞ്ഞാറുള്ളവർ യോഗയെ വെറും ഭൗതികമായ വ്യായാമമായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ. അത്തരം ചിന്തകൾ തികച്ചും തെറ്റാണ്. 'ക്യാപിറ്റലിസം' 'ഗ്രോസറി' വില്പ്പനയുടെ ഭാഗമെന്ന് പറയുന്നപൊലെ, ക്രിസ്തുമതം ഞായറാഴ്ച്ച പള്ളിയിൽ പോകുകയെന്നപോലെ തുല്യമാണ് ഇത്തരം പാശ്ചാത്യ ചിന്താഗതികളെന്നും കരുതേണ്ടി വരും.


  യോഗയുടെ ഭാഗമായ 'ഹതയോഗാ' ശാരിരിക ദേഹഭാവങ്ങളുടെ അംഗവിന്യാസങ്ങളായി കണക്കാക്കാം. എന്നാൽ യോഗായിൽ ജീവിതത്തിന്റെ ഭൌതികതത്ത്വങ്ങൾ, ലോകത്തിന്റെ ഉള്ക്കാഴ്ച, ജീവിതലക്ഷ്യങ്ങൾ, ജീവിതോദ്ദേശം എന്നിങ്ങനെയുള്ള എല്ലാ തത്ത്വങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ജീവിത ലക്ഷ്യങ്ങളെങ്കിലും ഒരു യോഗിയാകാൻ യോഗായെ ശാരീരിക വ്യായാമങ്ങളായി അഭ്യസിക്കണമെന്നില്ല. ഒരു യോഗി ദിവസവും യോഗാസ്കൂളിൽപ്പോയി അഭ്യാസങ്ങളും നടത്തി ധ്യാനനിരതനായി ഇരിക്കണമെന്നുമില്ല. ക്രിസ്ത്യാനികളും ദൈവ വിശ്വാസമില്ലാത്തവരും യോഗാസ്കൂളിൽ പോയി യോഗാ അഭ്യസിക്കാറുണ്ടെങ്കിലും അവർക്കൊന്നും യോഗിയാകാൻ സാധിക്കില്ല.


  ഒന്നിച്ച് നുകം വെച്ച് (yuka ) വണ്ടി വലിക്കുന്ന കാളകളിൽ ഒന്ന് ക്ഷീണിതനായാൽ വണ്ടി ഓടുകയില്ല. ഒരു നല്ല വിവാഹബന്ധവും നുകംവെച്ച (yuka) കാളകളെപ്പോലെയാണ്.പരസ്പരം സഹായിച്ചുകൊണ്ട് ഒരെ ദിശയിൽ ഒരുപോലെ ദമ്പതികൾ ചുമതലകൾ വഹിച്ചാലെ ദാമ്പത്തിക ജീവിതം വിജയപ്രദമാവുകയുള്ളൂ. എന്റെ അടുത്തു വരൂ, ഞാൻ നിങ്ങളുടെ അടുത്തു വരുമെന്നെല്ലാം യേശു ഒരിക്കലും പറഞ്ഞിട്ടില്ല. പകരം നാം സ്വയം യേശുവിന്റെ മാതൃക പിന്തുടർന്ന് ഒപ്പം സഞ്ചരിക്കുകയാണ്. പുണ്യവാന്മാർ നമ്മെ രക്ഷിക്കാൻ ആവശ്യപ്പെടും. എന്നാൽ അവരെല്ലാം നമ്മെപ്പോലെ യാത്ര ചെയ്തവരാണ്. ശുദ്ധമായ മനസോടെ ഒന്നിച്ച് നടക്കുകയാണെങ്കിൽ അവരോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ല. നാമും വിശുദ്ധരും യേശുവും ദൈവത്തിങ്കലേക്കുള്ള വഴിയിൽ സ്വയം ബന്ധിതരാണ്. കാരണം അവരെല്ലാം നുകത്തിൽ ബന്ധിതരായി (യുക) നമ്മിൽത്തന്നെയുണ്ട്‌. യോഗയിൽ ആത്മാവ്, മനസ്, ഹൃദയം, ആത്മം ഇതെല്ലാം വ്യത്യസ്തങ്ങളാണ്. ക്രിസ്ത്യൻ തത്ത്വങ്ങളിൽ അവകളെല്ലാം ഒന്നായി കാണുന്നു. യോഗായെ ഭക്തി, ജ്ഞാനം, ഹത എന്നിവകളെ മൂന്നായി കാണണം. ഇവിടെ ക്രിസ്തു നമസ്ക്കാരമോ യോഗയിലെ മനുഷ്യ ഭാവങ്ങളുടെ ഹത യോഗയോ സൂര്യ നമസ്ക്കാരമോ ചെയ്‌താൽ യോഗിയാവുകയില്ല. ജ്ഞാനവും ഭക്തിയും അതിനൊപ്പം ലഭിക്കണം. ബൈബിളിലെ എന്റെ മനസും എന്റെ ഹൃദയവും എന്റെ ആത്മാവും യോഗായുടെ ഭാഗങ്ങളായി ചിലർ വിശേഷിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. യാമ, നിയമ, ആസന, പ്രാണയാമ, ധാരണ, ധ്യാന, സമാധി എല്ലാം അടങ്ങിയ യോഗ എന്ന എട്ടു സവിശേഷതകളടങ്ങിയ ജ്ഞാനത്തിൽ യേശുവിനെ 'ഹത' യോഗായിൽക്കൂടി മാത്രം ബന്ധിപ്പിക്കുന്നതിലും യുക്തിയില്ല.

  ReplyDelete
 3. യോഗയെ തിന്മ എന്ന് വിധിക്കുന്ന "സണ്‍ഡേ ശാലോം" മുതലായ പ്രാർത്ഥനക്കാരും യോഗയെ എങ്ങനെയെങ്കിലും ക്രിസ്തീയം ആക്കുവാൻ പാടുപെടുന്ന ക്രിസ്ത്യൻ യോഗക്കാരും ഒരുപോലെ സഹതാപം അര്ഹിക്കുന്നു .
  യോഗ ആത്മീയശാസ്ത്രമാണ് - അതിനു തുല്യമായി മറ്റൊരു പദ്ധതി ഇല്ല - മനശാസ്ത്രവും ശരീരശാസ്ത്രവും ബൌധികതയും ആത്മീയതയും എല്ലാം യോഗയിൽ സമന്ന്വയിച്ചിരിക്കുന്നു .രാഷ്ട്രങ്ങൾക്കും മതങ്ങൾക്കും ജാതികൾക്കും ഭാഷകൾക്കും അതീതമാണ് അത് - .

  നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണെന്ന ബോധം നമ്മുടെ പല ആചാര്യൻമാർ എന്ന് വിളിക്കപ്പെടുന്നവരും മറന്നു പോകുന്നു . നമ്മളെ നയിക്കുന്നവർ തന്നെയാണ് എല്ലാവർക്കും എതിര് .

  യോഗ സ്വന്തം പേരിലാക്കി ബ്രാൻഡ്‌ ചെയ്യുക എന്നത് ലോകം മുഴുവൻ നടക്കുന്നു കാര്യമാണ് ,എന്തായാലും ഭാരതം ലോകത്തിനു കൊടുത്ത അഷ്ട ദർശനങ്ങളിൽ ഒന്നായ യോഗയ്ക്ക് വിദേശരാജ്യങ്ങളിലാണ് ഏറെ ജനപ്രീതി . ആൽഫ, ബീറ്റ എന്നൊക്കെ പേരിട്ടു ലക്ഷങ്ങൾ ആണ് കലികാല ഗുരുക്കൾ ദക്ഷിണ വാങ്ങുന്നത്
  എല്ലാ മിസ്റ്റിക്കുകളും ഒരുകാര്യം തന്നെയാണ് പറയുന്നത് -മനസ്സിനെ നിരീക്ഷിക്കുക - ഒരു സാക്ഷി മാത്രം ആവുക. അത് സാധ്യമാക്കുവാൻ യോഗ പരിശീലിക്കുന്ന ഒരാൾക്ക് സാധിക്കും .
  ഏഷ്യയിലെ മതങ്ങളുടെ ആധ്യാത്മിക സമ്പന്നത കൊണ്ട് സുവിശേഷ ദർശനങ്ങളെ കൂടുതൽ പ്രകാശമാനമാക്കണമെന്നു സഭ വെറും വാക്ക് പറയാറുണ്ട്‌ . അതിനുള്ള ഏക മാർഗ്ഗമാണ് യോഗ .

  ReplyDelete
 4. യോഗായെന്നല്ല, സര്‍വ്വതും ബ്രാന്‍ഡ് ചെയ്തു സ്വന്തം പേരില്‍ കിട്ടണമെന്നുള്ളത്‌ എക്കാലവും സഭയുടെ ആഗ്രഹമായിരുന്നു. ലോകത്ത്നടന്ന കണ്ടുപിടുത്തങ്ങളെയെല്ലാം സഭ ആദ്യം എതിര്‍ക്കുകയും നിവൃത്തിയില്ലാതെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കൊച്ചു ശാലോമും അത് തന്നെയാണ് ചെയ്യുന്നത്. യേശുവിനെ നലാം തികഞ്ഞ ഒരു യോഗാചാര്യനായാണ് ഭാരതീയ ഗുരുക്കന്മാര്‍ കാണുന്നത്. ഏകാന്തതയില്‍ പോയിരുന്ന് ഉള്ളിലെ പരമാനന്ദ സ്വരൂപനായ സത്തയുമായി സല്ലപിച്ചിരുന്ന യേശു യോഗയുടെ അങ്ങേത്തലക്കല്‍ എന്താണ് സംഭവിക്കുകയെന്നാണ് കാട്ടി തന്നത്. അനൂപ്‌ പറഞ്ഞ ഒരു കാര്യം എടുക്കുക. പ്രപഞ്ചം ഒരു നാടക വേദിയാണെന്നും നാമെല്ലാം വെറും കാഴ്ചക്കാര്‍ ആയിരിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്. നാം ചെയ്യുന്ന തീവ്ര യോഗ ക്രിയകള്‍ക്കൊണ്ട് ലക്ഷ്യമിടുന്ന ഒരു അവസ്ഥ മാത്രമാണത്. അതിനു പോലും അതിശക്തമായ ശുദ്ധീകരണ ശക്തിയുണ്ട്. എന്ന് പറയാതിരിക്കാന്‍ വയ്യ. യേശുവിനോടൊപ്പം കുരിശില്‍ കിടന്ന നല്ല കള്ളനെ ഓര്‍മ്മയുണ്ടോ? അതിതീവ്ര വേദനയോടെ ഒരാളെ കൊല്ലാനുപയോഗിക്കുന്ന കുരിശില്‍ കിടന്നു കൊണ്ട് എത്ര സന്തുലിതമായാണ് അയാള്‍ യേശുവിനോട് സംസാരിച്ചതെന്ന് കാണൂ. എങ്ങിനെ അയാള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ ഒരു സാക്ഷിയാകാന്‍ സാധിച്ചുവെന്നുള്ളത് നമുക്കറിയില്ല. യേശു അങ്ങോട്ടു നോക്കിയപ്പോള്‍ വിശുദ്ധീകരിക്കപ്പെട്ട ഒരു മനുഷ്യനെ കണ്ടുവെന്നും യേശു അത് സാക്ഷ്യപ്പെടുത്തിയെന്നും മാത്രമേ എനിക്ക് കാണാന്‍ അആവുന്നുള്ളൂ. അല്ലാതെ, കൂടെ നടന്ന ശിക്ഷ്യന്മാരെപോലും അവഗണിച്ചുകൊണ്ട് ഈ പെരുങ്കള്ളനെ മാത്രം കൂടെ കൊണ്ടുപോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. യോഗാ എന്താണെന്ന് പഠിക്കുമ്പോള്‍, വചനങ്ങളിലൂടെ ഉള്‍ക്കാഴ്ചയോടെ മേയുമ്പോള്‍, നഷ്ടപ്പെട്ട സുവിശേഷങ്ങളെ കൂടി പരിഗണിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാകും യേശുവും യോഗായുമായുള്ള ബന്ധം.
  സഭ എന്നാണു പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചു നിന്നിട്ടുള്ളത്? സത്യവും അത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളും സഭയെ എന്നും വേട്ടയാടിയിട്ടുണ്ട്. സത്യം സഭയെ പിടിച്ചു കുലുക്കിയിട്ടുമുണ്ട്. യേശുവിന്‍റെ തിരു രക്തത്തിലൂടെയാണ് രക്ഷയെന്നാണ് ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പ്പാപ്പാ പറഞ്ഞത്, അല്ലാതെ ഉയിര്‍പ്പിലൂടെയാണെന്നല്ല. പറയുന്നതും സത്യവും നാല് ദിക്കിലാണെങ്കിലും അതിനെ നിര്‍ല്ലജ്ജം നേരിടാന്‍ സഭ പണ്ടേ പഠിച്ചു കഴിഞ്ഞു. അത് തന്നെയാണ് യോഗയുടെ കാര്യത്തിലും സംഭവിച്ചത്.
  ക്രിസ്ത്യാനി ഉദ്ദേശിക്കുന്നതുപോലെ ഇന്നത്തെ യോഗാ ഹിന്ദുക്കളുടെ വകയല്ല, അത് ഭാരതത്തിന്‍റെ സ്വന്തമാണ്. ഓം കാരം സംസ്കൃതത്തിലെ ഒരു ലിപിയുമല്ല ഹിന്ദുയിസം ഉണ്ടാകുന്നതിനു സഹസ്രാബ്ദം മുമ്പ് ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുകളുമുണ്ട്. തനിമയോടെ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക, അല്ലെങ്കില്‍ അത് ഭാരതത്തിന്‌ തന്നെ വിട്ടു കൊടുത്തേക്കുക, നമുക്ക് അല്ലെലൂജാ ഉണ്ടല്ലോ സ്വന്തമായി.

  ReplyDelete