Translate

Friday, November 1, 2013

കത്തോലിക്കസഭയില്‍ പുരോഹിതര്‍ എന്തിന്?


By Chacko Kalarickal
 

പുരോഹിതര്‍ക്കെതിരായിട്ട് വ്യക്തിപരമായി എനിക്കൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഒരു സന്ന്യാസ പുരോഹിതനാകാന്‍വേണ്ടി പഠിക്കുകയും പരിശ്രമിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍. എന്റെ സ്വന്തം സഹോദരന്‍ സി.എം.ഐ. സഭയിലെ പുരോഹിതനായിരുന്നു. ഫാദര്‍ മാത്യു കളരിക്കല്‍. അദ്ദേഹം മരിച്ചുപോയി. കളരിക്കല്‍ കുടുംബത്തിലെ വൈദീകര്‍ പല സ്ഥലങ്ങളില്‍ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എന്റെ സ്‌നേഹവലയത്തിലെ നല്ലൊരുപങ്ക് പുരോഹിതരാണ്. നൂറില്‍കൂടുതല്‍ വൈദീകരും പല മെത്രാന്മാരും വലിയ മെത്രാപ്പോലീത്ത കാര്‍ഡിനല്‍ പടിയറയുമെല്ലാം എന്റ്റെ ഭവനത്തില്‍വന്ന് സ്‌നേഹവിരുന്നുകളില്‍ പങ്കെടുത്തിട്ടുണ്ട്. ധാരാളം പുരോഹിതരെ ഞാന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ നൊവിഷ്യേറ്റു ഗുരു ഫാദര്‍ ബെഞ്ചമിന്‍  സി.എം.ഐ.യും ഫാദര്‍ ഔറെലിയൂസ് സി.എം.ഐ.യും എന്റെ ഇടവക, ഉരുളികുന്നം പള്ളി വികാരിയായിരുന്ന ഫാദര്‍ ജോസഫ് കുന്നപ്പള്ളിയുമെല്ലാം വളരെ പുണ്യപ്പെട്ട മനുഷ്യരായിരുന്നു. അവരെല്ലാം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. എന്റെ സുഹൃത്തുക്കളായ പുരോഹിതരില്‍ ചിലര്‍ വശീകരണ സാമര്‍ത്ഥ്യമുള്ള വിശിഷ്ട വ്യക്തികളാണ്.

 
അപ്പോള്‍ പുരോഹിതരെ ബഹുമാനപൂര്‍വ്വം കാണുന്ന ഞാന്‍ എന്തുകൊണ്ട് 'കത്തോലിക്ക സഭയില്‍ പുരോഹിതര്‍ എന്തിന്?' എന്ന ചോദ്യവുമായി വന്നിരിക്കുന്നു? ഇത് എന്റ്‌റെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല; മറിച്ച്, ചരിത്രപരമായ ഒരു ചോദ്യമാണ്. അതാണ് അതിനുള്ള ഉത്തരം.

 
പുരോഹിതരില്ലാതിരിന്ന, പൌരോഹിത്യത്തെ മുച്ചൂടും എതിര്‍ത്തിരുന്ന ഒരു കൂട്ടായ്മയില്‍ പൌരോഹിത്യം എങ്ങനെ കയറിപ്പറ്റി? പുരോഹിതരില്ലാതിരുന്ന ആദിസഭക്കുശേഷം പുരോഹിതരുടെ ആവശ്യം എങ്ങനെ ഉണ്ടായി? പുരോഹിതരുടെ കടന്നുകൂടല്‍ ഇല്ലാതിരിക്കുകയായിരുന്നില്ലെ ഭേദം? അപ്പോസ്തല പിന്‍ഗാമികളും പരിശുദ്ധ കുര്‍ബ്ബാനയും മനുഷ്യകുലത്തിന്റ്റെ വിണ്ടെടുപ്പിന് ദൈവപുത്രാന്‍ സ്വയം യാഗം ചെയ്യുകയും ആ യാഗത്തിന്റ്റെ അടയാളമായി പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും മറ്റും പൌരോഹിത്യത്തിന്റ്റെ അഭാവത്തില്‍ വിശ്വാസ പ്രമാണങ്ങളായി പരിണമിക്കുമായിരുന്നോ?

 


പൌരോഹിത്യം സംശയാസ്പദവും ദുര്‍ബലവുമായ ചുവടുകളിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ക്രൈസ്തവസഭയുടെ അടിസ്ഥാനവും ബലഹീനമാണന്നു ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല; ബലഹീനമായിരിക്കാം. ആദിസഭയില്‍ ക്രിസ്തുപഠനങ്ങള്‍ പൌരോഹിത്യാഭാവത്തില്‍ നിലനിന്നു വളര്‍ന്നു. എങ്കില്‍ ഇന്നും പുരോഹിതരില്ലാതെ ക്രിസ്തുസന്ദേശത്തിനു നിലനില്ക്കാന്‍ സാധിക്കും. സഭയില്‍ പുരോഹിതര്‍ ക്രമാതീതമായി കുറയുന്നതിനെ വിവാഹിത പൌരോഹിത്യവും സ്ത്രീ പൌരോഹിത്യവും സ്ഥാപിച്ചുകൊണ്ട് നികത്താനാകുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരോഹിതര്‍ ഇല്ലാതിരിക്കുന്നതല്ലേ ഉചിതം? പുരോഹിതരില്ലാത്ത ഒരു ക്രിസ്തുമതത്തെ നമുക്ക് സങ്കല്പ്പിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയനിയമം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ പുരോഹിതനായ ഒരു വ്യക്തിയെപ്പറ്റി (യഹൂദ പുരോഹിതരൊഴിച്ച്) പരാമര്‍ശമില്ലന്ന് നമുക്ക് മനസ്സിലാകും. പൌലോസിന്റെ എബ്രായര്‍ക്കുള്ള കത്തില്‍ ഒരു പുരോഹിത വ്യക്തിയെപ്പറ്റി പരാമാര്‍ശിക്കുന്നുണ്ട് (എബ്രാ. 5: 6). അത് യേശുവാണ്. എന്നാല്‍ ആ കത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ യേശുവിന്റെ ആ പൌരോഹിത്യ സ്ഥാനത്തിന് പിന്തുടര്‍ച്ചാവകാശികളായി ആരുമില്ല. അപ്പോള്‍ ചില പ്രൊട്ടസ്റ്റന്റ് കൂട്ടായ്മയിലെ അംഗങ്ങള്‍ പൌരോഹിത്യാഭാവത്തിലും നല്ല ക്രിസ്ത്യാനികളായി ജീവിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എൻറെ ചെറുപ്പകാലത്ത് കത്തോലിക്കാസഭയിലെ പുരോഹിതര്‍ മറ്റ് ക്രിസ്തീയ സഭകളെയും മതങ്ങളെയും അക്ഷേപിച്ചു സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കത്തോലിക്കരുടെ ഇടയില്‍ യാക്കോബായക്കാരുടെ കുര്‍ബ്ബാനയെയും വിവാഹിതരായ പുരോഹിതരെയും പുശ്ചിച്ചു സംസാരിക്കുക സാധാരണമായിരുന്നു. റോമന്‍ പൌരോഹിത്യവും അവരുടെ കൂദാശകളുമില്ലാതെ കത്തോലിക്ക സഭയില്ല എന്നതാണ് അതില്‍ ഒളി(ഞ്ഞിരിക്കുന്ന കാര്യം. റോമന്‍ സഭയാണ് യഥാര്‍ത്ഥ സഭ! ലെയോ 13 മാന്‍ പാപ്പ ആംഗ്ലിക്കന്‍ പട്ടങ്ങള്‍ അസാധു ആണന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (Apostolicae Curae, 1896). ജോണ് പോള്‍ രണ്ടാമന്‍ പാപ്പ വീണ്ടും അത് സ്ഥിതീകരിച്ചിട്ടുണ്ട്.( motu proprio, 1998)

 

യാക്കോബായ, മാര്‍ത്തോമ്മ, പ്രൊട്ടസ്റ്റന്റ്റ് പുരോഹിതരെ യഥാര്‍ത്ഥ പുരോഹിതരായി കത്തോലിക്കാസഭ കണക്കാക്കുന്നില്ല. പത്രോസിന്റെ പിന്‍ഗാമിയായ പോപ്പിനാല്‍ നിയമിതരായ മെത്രന്മാര്‍ അവര്‍ക്ക് പട്ടം നല്കിയിട്ടില്ലന്നുള്ളതാണ് അതിനു കാരണം. അതിനാല്‍ ആ പുരോഹിതരുടെ കൂദാശകള്‍ യഥാര്‍ത്ഥ കൂദാശകളല്ല. അപ്പോള്‍ കത്തോലിക്ക പുരോഹിതരൊഴിച്ചുള്ള എല്ലാ പുരോഹിതരെയും ഒറ്റയടിക്ക് അസാധു ആക്കിയിരിക്കയാണ്. പത്രോസ് ഒരു സഭയുടെയും മെത്രാനായിരുന്നിട്ടില്ല, പ്രത്യേകിച്ച് റോമാ രൂപതയുടെ. പത്രോസ് മെത്രാനായിരുന്നു എന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല. കാരണം ഒന്നാം നൂറ്റാണ്ടില്‍ റോമില്‍ ഒരു രൂപത ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റു സഭകളിലെ പുരോഹിതരെ അസാധു ആക്കുന്നതില്‍ അര്‍ത്ഥമില്ല . ഇനി കത്തോലിക്കേതര പുരോഹിതരെ അസാധുവാക്കിയാലും മറ്റ് ക്രിസ്തീയ സഭകളിലെ യേശു അനുയായികളെ എങ്ങനെ അസാധുവാക്കാന്‍ കഴിയും?

 

ധാരാളം പുരോഹിതര്‍ പൌരോഹിത്യസ്ഥാനത്തിന് അര്‍ഹരാണ്. എങ്കിലും വിശുദ്ധ ഗ്രന്ഥത്തിലെ യേശു അന്നത്തെ പുരോഹിതവര്‍ഗത്തെ ഒന്നടങ്കം വിമര്‍ശിച്ചു.

 

കത്തോലിക്ക പുരോഹിതര്‍ സധാരണക്കാരില്‍നിന്നും വേറിട്ട് നില്‍ക്കുന്നവരാണ്. അവര്‍ക്ക് അപ്പത്തെയും വീഞ്ഞിനെയും ദിവ്യബലി എന്ന കൂദാശവഴി ക്രിസ്തുവിൻറെ ശരീരവും രക്തവുമായി രൂപന്തരപ്പെടുത്താന്‍ അധികാരമുള്ളവരാണ്. മദ്ധ്യകാലയുഗങ്ങളില്‍ ഈ കൂദാശാശക്തിയാലാണ് സഭയെ കെട്ടിപ്പടുത്തത്. അപ്പോള്‍ സഭയുടെ ആ അവകാശവാദത്തിന്റെ നിലനില്പിനെയോ വീഴ്ചയെയോ ആശ്രയിച്ചാണ് പൌരോഹിത്യത്തിന്റെ നിലനില്പും വീഴ്ചയും. അതിനാല്‍ പൌരോഹിത്യത്തെ വികാരാതീതമായും സമഗ്രമായും ചരിത്രപരമായും പഠിക്കേണ്ടതുണ്ട്.  ഈ സംവാദത്തില്‍നിന്ന് ഉരിത്തിരിയുന്ന നിഗമനത്തെ ആശ്രയിച്ചായിരിക്കും പൌരോഹിത്യത്തിൻറെ ഭാവി.

 

യേശുപ്രസ്ഥാനത്തിൻറെ കാതല്‍ യേശുവിനെ ഓര്‍മ്മിച്ചുകൊണ്ടുള്ള കൂട്ടായ്മാമേശയാചരണമായിരുന്നു. അന്ന് പുതിയനിയമപുസ്തകംപോലും ഇല്ലായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ കര്‍ത്താവിൻറെ മേശയാചരണത്തില്‍  ഭക്ഷണം വിശുദ്ധീകരിച്ച് (consecration) കര്‍ത്താവിന്റ്റെ ശരീരമാക്കുന്ന പ്രവര്‍ത്തി ഇല്ലായിരുന്നു. വീടുകളിലെ ആ മേശയാചരണം സഭാകൂട്ടായ്മയുടെ ഒരു അടയാളം മാത്രമായിരുന്നു. യേശുവിന്റെ തലമുറയില്‍ അപ്പോസ്തലന്മാര്‍ അഥവാ സന്ദേശവാഹകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവര്‍ സഭയിലെ ഔദ്യോഗിക സ്ഥാനപതികളായിരുന്നു. കുടുംബകൂട്ടായ്മകളില്‍ അവര്‍ പങ്കെടുത്തിരുന്നു. ആദിസഭയില്‍ 12 യേശുശിഷ്യരെ കൂടാതെ അനേകം അപ്പോസ്തലന്മാര്‍ ഉണ്ടായിരുന്നു.വിശുദ്ധഗ്രന്ഥത്തില്‍ ക്രിസ്ത്യാനികളെ നമുക്ക് കാണാന്‍ സാധിക്കയില്ല. യേശു അനുയായികളായിരുന്നു (Followers of Jesus) അന്നുണ്ടായിരുന്നത്. അവരെയാണ് സാധാരണയായി അന്ന് യേശുശിഷ്യര്‍ എന്ന് വിളിച്ചിരുന്നത്. ശിഷ്യന്മാര്‍ യേശുവിനെ അവരുടെ ഗുരുവായിട്ടാണ് കണ്ടിരുന്നത്. യേശു ഈ ലോകത്തുനിന്നു പോകുന്നതിനു മുന്‍പ് തന്റെ ശിഷ്യന്മാരുടെ ഇടയില്‍ ഒരു അധികാരശ്രേണി (hierarchy) സൃഷ്ടിച്ചില്ല. പകരം തൻറെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാരൂപിയെ അയക്കുകയാണ് ചെയ്തത്. അതുവഴി യേശുശിഷ്യര്‍ക്ക് പല ദാനങ്ങളും ലഭിക്കുകയുണ്ടായി. ആ വരദാനം ലഭിച്ചവരുടെ പലവിധ ചുമതലകളെപ്പറ്റി പൌലോസ് അപ്പോസ്തലന്‍ കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ട് (1 കൊറി. 12: 411, 2731). അതില്‍ 16 വിവിധ വരങ്ങള്‍  നാം കാണുന്നുണ്ടെങ്കിലും 'പുരോഹിതര്‍' എന്ന പദം കാണുന്നില്ല. അന്നൊക്കെ മൂപ്പന്‍, മേലന്വേഷകന്‍, ശുശ്രൂഷി എന്നൊക്കെയായിരുന്നു കുടുംബകൂട്ടായ്മയിലെ ലീഡറന്മാരെ അഭിസംബോധന ചെയ്തിരുന്നത്. പത്രോസ് തന്നെത്തന്നെ കൂട്ടുമൂപ്പന്‍ എന്നാണ് വിളിച്ചിരുന്നത് (1 പത്രോ. 5: 1). ഒരു ശിഷ്യന്‍ മറ്റു ശിഷ്യന്മാരെക്കാള്‍ മുന്തിയവനാണന്ന് കരുതരുത് എന്ന് യേശു അവര്‍ക്ക് താക്കീതു നല്കിയിട്ടുണ്ട് (മാര്‍ക്കോ. 9: 3337: മത്താ. 2: 512).

 

രണ്ടാം നൂറ്റാണ്ടിൻറെ  പകുതിയോടെയാണ് മൂപ്പന്മാരെയും മേലന്വേഷകരെയും ശുശ്രുഷകരെയും യേശുസമൂഹത്തില്‍ വേര്‍തിരിച്ചു  കാണാന്‍ ആരംഭിച്ചത്. അവര്‍ സേവകര്‍ എന്ന നിലയില്‍നിന്നും യജമാനന്മാരുടെ പദവിയിലേക്ക് അകലാന്‍ തുടങ്ങി.അതേ കാലയളവില്‍ യഹൂദ പൌരൊഹിത്യത്തിന്റെ മോഡലിലുള്ള  ഒരു പൌരോഹിത്യം സഭയില്‍ കിളിരാന്‍ ആരംഭിച്ചു. അതിൻറെ ഫലമായി പൌരോഹിത്യ സംവിധാനത്തിനനുരൂപമായി മതപരമായ ആചാരാനുഷ്ഠനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുരോഹിതര്‍ക്ക് പട്ടം നല്കി സഭയിലെ ഉദ്യോഗസ്ഥരാക്കി. യേശു പഠനങ്ങള്‍ക്ക് വിപരീതമായി കുടുംബകൂട്ടായ്മയില്‍ നിന്നും വലിയ കെട്ടിടമുള്ള പള്ളികൂട്ടായ്മയിലേക്ക് സഭ വ്യതിചലിച്ചുപോയി. അത്തരം പള്ളികളില്‍ യഹൂദരുടെയും വിഗ്രഹാരാധകരുടെയും (pagans) ആരാധന രീതിയിലുള്ള കര്‍മങ്ങള്‍ പുരോഹിതനേതൃത്വത്തില്‍ ആരംഭിച്ചുതുടങ്ങി. പുരോഹിതര്‍ക്ക് ആരാധന സമയത്ത് വിലപ്പെട്ട പ്രത്യേക അങ്കികളും കൂടാതെ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ഭാഷയും ഉപയോഗിച്ചുതുടങ്ങി. 12 അപ്പോസ്തലരുടെ കാലത്തുപോലും ഇത്തരം യഹൂദ/വിഗ്രഹാരാധന ശൈലികള്‍ യേശുസമൂഹത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഭയില്‍ പൌരോഹിത്യം സ്ഥാപിക്കപ്പെട്ടതോടെ പുരോഹിതര്‍ യേശുവിൻറെ  ലളിതമായ ദൈവരാജ്യ  പ്രഘോഷണത്തെ വെറും അനുഷ്ഠാനങ്ങളാക്കി ദുഷിപ്പിച്ചുകളഞ്ഞു. അന്തിക്രിസ്തുമാര്‍ പുരോഹിതവേഷത്തില്‍ സഭയില്‍ കയറിക്കൂടിയതാണ് അതിനു കാരണം. യഹൂദരും വിഗ്രഹാരാധകരും പുരോഹിതര്‍ വഴി മാത്രമാണ് യാഗം നടത്തിയിരുന്നത്. എന്നാല്‍ യേശു തന്റെ ഏക യാഗത്താല്‍ മനുഷകുലത്തെ എന്നന്നേയ്ക്കുമായി വീണ്ടെടുത്തു. യേശുവിന്റെ   അനുയായികള്‍ സ്വയം പരിത്യാഗമാകുന്ന യാഗത്തിലൂടെ യേശുവുമായുള്ള കൂറ് പ്രകടമാക്കുന്നു. അവിടെ യേശുവിനും യേശുവിന്റെ അനുയായികള്‍ക്കുമിടെ ഒരു പുരോഹിതമധ്യസ്ഥന്റെ ആവശ്യമില്ല.

 

അപ്പോള്‍ ആദ്യനൂറ്റാണ്ടുകളില്‍ പുരൊഹിതരോ അവരുടെ സേവനമോ സഭയില്‍ ഉണ്ടായിരുന്നില്ല. കുടുംബകൂട്ടായ്മയിലെ സ്‌നേഹവിരുന്ന് യേശുവിന്റെ അന്ത്യഅത്താഴത്തിൻറെ പുനരാവിഷ്‌ക്കാരമോ അപ്പത്തെയും വീഞ്ഞിനെയും വിശുദ്ധീകരിക്കുന്ന ദിവ്യബലിയോ ആയിരുന്നില്ല. യേശു കല്പ്പിച്ചപോലെ സമൂഹം സ്‌നേഹവിരുന്ന് (agape) ആഘോഷിച്ചിരുന്നു. ഇന്ന് പുരോഹിതര്‍ അവകാശപ്പെടുന്നതൊന്നും ആദിസഭയില്‍ ഉണ്ടായിരുന്നില്ല. പുരോഹിതരോ ആരാധനാലയങ്ങളോ അള്‍ത്താരയോ ഒന്നുമില്ലായിരുന്ന യേശുപ്രസ്ഥാനം (Jesus movement) ഒരു മതമായിപ്പോലും കരുതാന്‍ സാധിക്കയില്ല. യേശുവിനെ രക്ഷകനും നാഥനുമായി സ്വജീവിതത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിതരീതി (a way of life)യേശുശിഷ്യര്‍ സ്വീകരിച്ചെന്നുമാത്രം.

 


 'കത്തോലിക്ക സഭയില്‍ പുരോഹിതര്‍ എന്തിന്?' എന്ന വിഷയത്തിലെ എന്റെ നിഗമനം ഇതാണ്: ഒരു ദൈവമുണ്ട്; യേശു ഒരു പ്രവാചകനാണ്. യേശുവിനെ അംഗീകരിക്കുന്ന ജനലക്ഷങ്ങലിലൊരാളാണ് ഞാന്‍. യേശുവിന്റെ അനുയായി ആകാന്‍ ശ്രമിക്കുന്ന എനിക്ക് ഒരു താങ്ങ് വേണം; മാര്‍ഗനിര്‍ദേശം വേണം. അതിന് യേശുവിനെപ്പറ്റി പഠിപ്പിക്കുന്ന, പ്രസംഗിക്കുന്ന, ഓര്‍മ്മിപ്പിക്കുന്ന, സ്വജീവിതത്തില്‍ അഭ്യസിക്കുന്ന നല്ല ഒരു വ്യക്തി ആവശ്യമാണ്. അയാളെ വേണമെങ്കില്‍ പുരോഹിതന്‍ എന്ന് വിളിക്കാം.

 

നാം എല്ലാവരെയുംപോലെ പുരോഹിതരും അപൂര്‍ണ്ണരാണ്. അവരുടെ ആഡംബരജീവിതവും കയ്യടക്കിവച്ചിരിക്കുന്ന അധികാരകുത്തകയും സാധാരണ വിശ്വാസിയെ ഇകഴ്ത്തി കാണുന്നതും ദരിദ്രരോടുള്ള നിഷേധ മനോഭാവവുമൊക്കെയാണ് അവരുടെ നിലനില്പ്പിനെ കുഴപ്പത്തിലാക്കുന്നതും നിന്ദിതരാകുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമെല്ലാം.

 

പെസഹ വ്യാഴാഴ്ചത്തെ അന്ത്യഅത്താഴത്തില്‍വച്ചാണ് കര്‍ത്താവ് പരിശുദ്ധ കുര്‍ബ്ബാനയും പൌരോഹിത്യവും സ്ഥാപിച്ചതെന്ന് ഒരു വൈദികന്‍ പ്രസംഗിക്കുന്നത് കേട്ടു. പിന്നീടൊരിക്കല്‍ ഒരു മെത്രാനുമായി ഒരു പ്രസംഗവേദി എനിക്ക് പങ്കിടെണ്ടിവന്നു. രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ശുശ്രുഷാ പൌരോഹിത്യം (ministerial priesthood) സഭയില്‍ സ്ഥാപിതമായത് എന്ന് ഞാന്‍ എന്റെ പ്രസംഗത്തില്‍ പ്രസ്താവിക്കുകയുണ്ടായി. ആ പ്രസംഗപീഠത്തിലെ  ഉപസംഹാര പ്രസംഗകനായിരുന്ന മെത്രാന്‍ എന്റെ പ്രസ്താവന ശരിയല്ലെന്നും അത് പന്തക്കുസ്തായിലാണെന്നും എന്നെ തിരുത്തി അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. പ്രബോധനാധികാരമുള്ള മെത്രാന്റെ മുന്‍പില്‍ ഈ വിഷയത്തില്‍ ഞാനാരുമല്ലല്ലോ. വൈദികന്റെ അറിവില്‍പ്രകാരം പെസഹ വ്യാഴാഴ്ച. എന്റെ പഠനപ്രകാരം രണ്ടാം നൂറ്റാണ്ടോടെ. മെത്രാന്റെ പ്രബോധനത്തില്‍ പന്തക്കുസ്ത. മൂന്നും തെറ്റാകാം. അതല്ലെങ്കില്‍ മൂന്നില്‍ ഒന്നുമാത്രം ശരി.

 

ഞാന്‍ വേദപണ്ഡിതനോ ചരിത്രപണ്ഡിതനോ ദൈവശാസ്ത്രജ്ഞനോ അല്ല. 'കത്തോലിക്കാസഭയില്‍ പുരോഹിതര്‍ എന്തിന്?' ഒരു തര്‍ക്കവിഷയമെങ്കില്‍ വേദപാരംഗതന്മാര്‍ക്ക് തര്‍ക്കിക്കാനായി നമുക്കത് വിട്ടുകൊടുക്കാം.

5 comments:

  1. ശ്രീ ചാക്കോ കളരിക്കലിന്റെ പുരോഹിതൻ എന്തിനെന്നുള്ള ചോദ്യം ചിന്തനീയവും ഭക്തർക്ക് രുചിക്കാത്തതുമായിരിക്കാം. ദൈവത്തെ വന്ദിക്കുമ്പോൾ പാസ്റ്ററെയോ പുരോഹിതരെയോ ഇടയ്ക്ക് ആവശ്യമില്ല. ബൈബിളിലെ പുതിയ നിയമത്തിൽ പുരോഹിതൻ എന്നുള്ളത് നല്ല പദമായി കരുതാൻ കഴിയില്ല. യേശുവിനെ ഒറ്റുകൊടുക്കുന്നതിൽ പുരോഹിതരും കൂട്ടുനിന്നിരുന്നു. പുരോഹിതൻ എന്ന വാക്കിനർത്ഥം യേശുവിന്റെ ശത്രുക്കളെന്നും കരുതാം. ഏകാന്തതയിൽ ക്ലോസറ്റിൽ കയറി നീ പ്രാർത്ഥിക്കാൻ പറയുമ്പോൾ അവിടെ പുരോഹിതനും കത്തീഡ്രലുമൊക്കെ അധികപ്പറ്റാകും.

    കാട്ടിലോ, മലകളിലോ, കുന്നിൻപുറങ്ങളിലോ ദൈവത്തെ ധ്യാനിച്ചാലൂം സ്വീകാര്യമാണ്. പ്രകൃതിയും മനസുമായി ലയിക്കുന്ന ഭക്തന്റെ മനസ്സിൽ പള്ളികളും നീണ്ട കുപ്പായങ്ങളും കപ്യാരുടെ മണിയടിയും തടസങ്ങളുണ്ടാക്കും. ധ്യാനഗുരുക്കളും രോഗസൌഖ്യ ശുശ്രൂഷകരും ഭയത്തിൽക്കൂടി ഭക്തനെ മയക്കുന്ന കറുപ്പാണ്. പുരോഹിത സൂത്രങ്ങളെല്ലാം വിഷവായുവിന് തുല്യമായും കരുതണം. ദൈവത്തിന്റെ പ്രമാണം നടപ്പിലാക്കാൻ ഭൂമിയിൽ അധികാരമുണ്ടെന്നും പുരോഹിതർ അവകാശപ്പെടുന്നു. സ്വർഗത്തിന്റെ താക്കോലും ഇവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പുരോഹിതർ യേശുവിന്റെയും പ്രവാചകരുടെയും അപ്പോസ്തോലരുടെയും പിൻഗാമികളായും ചമയുന്നു. മരിച്ചുകഴിഞ്ഞാൽ കുഴിമാടംവരെ ശവത്തിന് കണക്കുപറയും. പോലീസുകാരനേയും പുരോഹിതനെയും ഒരിക്കലും സ്വന്തം വീട്ടിൽ സദ്യക്കായി ക്ഷണിക്കരുത്. മാർത്താ യേശുവിനെ ക്ഷണിച്ചതുപൊലെ പുരോഹിതന് വിരുന്നുകൊടുത്ത് കാലുകഴുകാൻ ചില സ്ത്രീകള്ക്ക് ഇഷ്ടമാണ്.

    സഭയുടെ തെറ്റാവരവും പുരോഹിതനോടുള്ള വിശ്വാസിയുടെ അനുസരണശീലവും ചോദ്യംചെയ്യാൻ പാടില്ല. മെത്രാൻ, കർദ്ദിനാൾ എന്നിവരുടെ കൈവെയ്പ്പിലൂടെ പുരോഹിതൻ പരുശുദ്ധാത്മാവിനെ തലയിൽ ആവഹിക്കുന്നു. തലയുടെ ഉച്ചിയിൽ ഒരുകാലത്ത് ക്ഷൗരം ചെയ്ത് അവിടെ ആണി അടിച്ച് സഭ ആത്മാവിനെ കയറ്റുമായിരുന്നു. ആത്മാവ് തലയില്നിന്നും രക്ഷപ്പെടാതിരിക്കാൻ ബിഷപ്പിന് കൂന്തൽ തൊപ്പിയുണ്ടായിരുന്നു. സ്ത്രീയുടെ ഒപ്പം അയാള്ക്ക് ജീവിക്കാൻ അവകാശം ഇല്ല. എന്നാൽ അന്യസ്ത്രീകളോട് കൂടുതൽ കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ പറയും. . രാഷ്ട്രം കുടുംബാസൂത്രണം പദ്ധതികൾക്ക് ആഹ്വാനം ചെയ്യുമ്പോൾ പുരോഹിതൻ പറയും സഭയ്ക്ക് മുന്തിരിത്തോപ്പിൽ ജോലി ചെയ്യാൻ സ്ത്രീകൾ കൂടുതൽ പ്രസവിക്കണം.വിവാഹം കഴിക്കാൻ പോവുന്ന സ്ത്രീയ്ക്കും പുരുഷനും കുടുംബ ജീവിതത്തെപ്പറ്റി കൌണ്‍സിലും കൊടുക്കും. അതും സഭയുടെ നിയമത്തിൽപ്പെട്ടതാണ്. അടുത്ത കാലത്ത് വിവാഹം ഉറപ്പിച്ച സ്ത്രീയുമായി കൌണ്സിലിംഗ് കഴിഞ്ഞ് പുരോഹിതൻ ഒളിച്ചു പോയെന്നും വാർത്തകളിൽ വായിച്ചു. പാപം ചെയ്തവരെ കുമ്പസാരിപ്പിച്ച് പാപിക്ക്‌ മാപ്പ് കൊടുക്കുവാനും പുരോഹിതനെ ദൈവം എൽപ്പിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സമൂഹത്തിനധികപ്പറ്റായവരെ നാം എന്തിന് സഹിക്കണം.

    പുരോഹിതരെയും ബിഷപ്പിനെയും അച്ചൻ, പിതാവ് എന്നെല്ലാം വിളിക്കരുതെന്ന് ശ്രീ സാമുവൽ കൂടൽ മിക്ക അല്മായ പോസ്റ്റുകളിലും ഓർമ്മിപ്പിക്കാറുണ്ട്. മാത്യൂ സുവിശേഷം അദ്ധ്യയം 23 : 9 വാക്യമാണ് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന വചനം. പുതിയ നിയമം ക്രോഡീകരിക്കപ്പെട്ടത് നാലാം നൂറ്റാണ്ടിലാണ്. ഓർത്തഡോക്സ് വിശ്വാസത്തിൽ നാലാം നൂറ്റാണ്ടിലെ വിശുദ്ധനായിരുന്ന ഈജിപ്ത്തിലുള്ള അലക്സാണ്ട്രിയയിലെ പാത്രിയാക്കീസ് അത്തനോഷ്യസ് ആദ്യമായി പുതിയ നിയമത്തിലെ 27 ബുക്കുകളുടെ ലിസ്റ്റ് തയ്യാറാക്കിയെന്ന് ക്രിസ്ത്യൻചരിത്രം പറയുന്നു. ബൈബിൾ വായിക്കുമ്പോൾ വാക്യാർത്ഥത്തിൽ അല്ല വിശാലമായ അർഥത്തിൽ മനസിലാക്കണമെന്ന് പുതിയനിയമം സംയോജിപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ച അത്തനോഷ്യസ് പറഞ്ഞിട്ടുണ്ട്.

    പുതിയനിയമത്തിലും പഴയനിയമത്തിലും പിതാവെന്ന പദം പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അപ്പൊസ്തോലനായ പൗലോസ് കോറിന്തോസ്കാർക്കെഴുതിയ ലേഖനത്തിൽ 10-1 ൽ പറയുന്നു, "“സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;” അതുകൊണ്ട് സുവിശേഷത്തിൽ യേശുവിൽക്കൂടി ഒരു പിതാവേയുള്ളൂവെന്നു വ്യാഖ്യാനിക്കുകയായിരിക്കും കൂടുതൽ യുക്തി. മത്തായി സുവിശേഷത്തിൽ നാം മനസിലാക്കേണ്ടതും അങ്ങനെയായിരിക്കാം. പുരോഹിതർ നമുക്ക് ജന്മം തന്നവർ അല്ല. അവർ സുവിശേഷത്തിനും ദൈവത്തിനും ഇടയ്ക്കുള്ള ഭൂമിയിലെ പിതാക്കന്മാരായി കരുതുകയും ചെയ്യുന്നു. യേശുവിന്റെ വചനം അക്ഷരാർത്ഥത്തിൽ എടുത്താൽ ജന്മംതന്ന പിതാവിനെ അമേരിക്കക്കാർ വിളിക്കുന്നതുപോലെ മിസ്റ്റർ ഫ്രെഡി, അല്ലെങ്കിൽ മിസ്റ്റർ മർക്കോസെന്നൊക്കെ വിളിക്കേണ്ടി വരും. രാഷ്ട്രപിതാവിനെ മിസ്റ്റർ ഗാന്ധിയെന്നൊക്കെ പറയേണ്ടി വരും. ക്രിസ്ത്യൻ കുടുംബത്തെപ്പറ്റി കൊളൊസിയൻസ് 3: 21 ലും പറഞ്ഞിട്ടുണ്ട്, മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.

    എന്തായാലും പൌരാഹിത്യം എന്നത് യേശു സ്ഥാപിക്കാത്ത സ്ഥിതിക്ക് പുരോഹിതർ മൊത്തം ഒരു കറക്കുകമ്പനിയെന്ന് പരിഗണിച്ചാൽ മതിയാകും. ഈ കറക്കുകമ്പനിയെ സഭയ്ക്കാവശ്യമില്ല.

    ReplyDelete
  2. ദൈവം ആത്മാവാണ് ! അറിവാണ് ! ആനന്ദമാണ് !


    ദൈവത്തെ അറിഞ്ഞോന് പള്ളിയും പാസ്റ്ററും വേണ്ടാ; കര്‍ത്താവിന്റെ കരളറിഞ്ഞവന് കത്തനാരെയും വേണ്ടാ! ഒരു പള്ളിയും പുരോഹിതനും കുര്‍ബാനയുമില്ലാതെ അബ്രഹാം ദൈവത്തോട് കൂടിയായിരുന്നു എന്ന് വിശ്വസിക്കുന്നവരോട്, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കരുത്, പകരം അവനെ മനസിനെ ഉണര്‍ത്തുന്ന ചൈതന്യമായി സ്വയമുള്ളില്‍ അനുഭവിച്ചാസ്വാദിച്ഛാനന്ദിക്കണം. എനിക്കൊരു ഭാര്യയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നതിന് പകരം എല്ലാ ദിവസവും അവളുടെ സ്‌നേഹം ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് കണ്ണുണ്ട്, കാതുണ്ട് എന്ന വിശ്വാസത്തിലുപരി അവയുടെ അനുഭവാസ്വാദനാന്ദമാണ് സത്യം. ഈശാവാസമിതം സര്‍വ്വം, എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാമാകുന്ന ശക്തിയാണ് ദൈവം! അല്ലാതെ പാതിരി പറയുന്ന വ്യക്തിയല്ല ദൈവം. ദൈവം ഉണ്ട് എന്നാകരുത്, ദൈവമേയുള്ളു എന്നാകണം ചിന്തയില്‍ സദാ.
    ഞാനും പിതാവും ഒന്നാകുന്നു, ഞാന്‍ അബ്രഹാമിനു മുമ്പേ ഉണ്ടായിരുന്നു, എന്ന ക്രിസ്തുവിന്റെ സത്യവാങിന്റെ ഉള്‍പ്പൊരുള്‍ യഹൂദപുരോഹിതന്മാര്‍ മനസിലാക്കിയില്ല. ഭാരതത്തിന്റെ അഹം ബ്രഹ്മാസ്മി എന്ന മനസിന്റെ കണ്ടെത്തല്‍ പറഞ്ഞ യേശുവിനെ അവര്‍ ദൈവനിഷേധി എന്നാക്ഷേപിച്ചു. ദൈവത്തെ സ്വയം ഉള്ളിലറിഞ്ഞു എന്നതാണ് നസറായന്‍ ചെയ്ത ആദ്യ കുറ്റം. രണ്ടാമതായി പുരോഹിതന്റെ ചൂഷണത്തില്‍പ്പെട്ട ജനതയോട് കരുണ തോന്നി അവരെ രക്ഷിക്കാന്‍ അവന്‍ ഓരോ മനസുകളോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും തെരുകോണുകിലും നിന്നു പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടരുത്. നീയോ, അറയില്‍ കയറി വാതിലടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. വി. മത്തായി 6 ന്റെ 5 മുതല്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് ക്രിസ്തു എടുത്തു തന്നെങ്കിലും നാമിന്നുവരെ അത് പഠിച്ചില്ല, അവനെ അനുസരിച്ചുമില്ല. പകരം പാതിരിയും പാസ്റ്ററും പറഞ്ഞു തന്ന കപടതകളില്‍ വിശ്വസിച്ച് കുരുടന്മാരായ വഴികാട്ടികളെ പിന്‍പറ്റി കുഴിയില്‍ വീഴുന്ന തലമുറകളാണ് കാലാന്തരത്തോളം.
    പള്ളിയില്‍ പോകരുതെന്നു പറഞ്ഞ ക്രിസ്തു, പള്ളിയില്‍ ചമ്മട്ടിയെടുത്ത ക്രിസ്തു പള്ളികള്‍ സ്ഥാപിച്ചിട്ടില്ല, ഉണ്ടാക്കുവാന്‍ പറഞ്ഞിട്ടുമില്ല. കുര്‍ബാന സ്ഥാപിച്ചിട്ടില്ല, ചൊല്ലാന്‍ പറഞ്ഞുമില്ല. പക്ഷെ കുര്‍ബാന (ത്യാഗം) ചെയ്യാന്‍ പറഞ്ഞു, നല്ല ശമരായനെപ്പോലെ! നാമതു ചെയ്യുന്നുമില്ല. ത്രികാലജ്ഞാനിയായ യേശു താന്‍ കുരിശില്‍ മരിക്കും മുമ്പെ പെസഹപെരുന്നാളില്‍ നാളത്തെ ദുര്‍ദിനത്തെയോര്‍ത്ത് ഒരു കാവ്യബലി തലേന്ന് നടത്തിയതാണ് സെഹ്യയോന്റെ വന്‍ മാളികയില്‍! ലെബനാനി കുബൂസെടുത്ത് ഇത് എന്റെ ശരീരമെന്നും മുന്തിരി ചാറിന്റെ പാത്രമെടുത്ത് ഇത് എന്റെ രക്തമെന്നും നിങ്ങള്‍ ഇതു വാങ്ങി ഭക്ഷിപ്പീന്‍, എന്റെ ഓര്‍മ്മക്കായി നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍ എന്ന് തന്റെ വിലാപകാവ്യം സ്‌നേഹത്തിന്റെ രാഗത്തില്‍ ത്യാഗം സ്ഥാപിക്കുവാനായി ആ രാത്രി നസറായന്‍ പാടി! ഈ ത്യാഗകവിതയുടെ ആത്മാവ് കണ്ടെത്താതെ കുബുദ്ധികളായ പാതിരിമാര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഷിഫ്റ്റ് കുര്‍ബാനകള്‍ ചൊല്ലുന്നത് കണ്ട്, കുര്‍ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ ഓര്‍മ്മക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു എന്നു ഞാനും പാടി.
    നിത്യജീവനെ പ്രാപിക്കാന്‍ ഞാനെന്തു ചെയ്യേണം? എന്ന ചോദ്യവുമായി തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് നല്ല ശമര്യന്റെ കഥ പറഞ്ഞ ശേഷം അവനോട് നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇപ്രകാരം ത്യാഗം ചെയ്യൂ എന്നു പറഞ്ഞ് ത്യാഗത്തെ (കുര്‍ബാനയെ) സ്ഥാപിച്ച തിരുവചനം കാലം മറന്നു പോയി? ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പീന്‍ ഇതാണെന്റെ കല്‍പ്പന! ഈ തിരുവചനം കാറ്റില്‍പറത്തിയ പുരോഹിതരും വൃന്ദവും സഭാവഴക്കും വിശ്വാസ വഴക്കും പള്ളിക്കേസുമായി ക്രിസ്തീയത ഇല്ലാതെയാക്കുകയല്ലേ ചെയ്യുന്നത്? കത്തോലിക്കാസഭ തന്നെ വിശ്വാസത്തിന്റെ പേരില്‍ എത്ര ലക്ഷം അബ്രഹാമ്യ സന്തതികളുടെ ശ്വാസം നിലപ്പിച്ചു? ഈ ഒറ്റ കാരണത്താല്‍ കത്തോലിക്കാസഭയും തമ്മിലടിക്കുന്ന ഒരു സഭയും ക്രിസ്തുവിന്റെ മണവാട്ടിസഭകളല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവന്റെ സ്‌നേഹത്യാഗ സന്ദേശങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങാത്ത പ്രവര്‍ത്തിയിലൂടെ സ്വയം കുര്‍ബാന ചെയ്യുന്നവരല്ലാത്ത ഒരുവനും ക്രിസ്ത്യാനിയല്ല! മണ്ണിനെ നാറ്റാന്‍ വിണ്ണിനെ നാറ്റാന്‍ ഉണ്ടായ കോലാഹലക്കമ്മറ്റികളാണ് ഇന്നു കാണുന്ന സഭകളെല്ലാം. ക്രിസ്തുവിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുന്ന സഭ, നല്ലശമരായനാകാന്‍ വെമ്പുന്ന സഭ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അന്നെനിക്ക് ആ സഭയുടെ അംഗമാകാന്‍ ക്രിസ്തുവിനെ കര്‍മ്മങ്ങളിലൂടെ മഹത്വപ്പെടുത്താന്‍ അന്നു പുനര്‍ജനിക്കാന്‍ ആത്മദാഹമാണെനിക്ക്.

    ReplyDelete
  3. ശ്രീ. ചാക്കോ കളരിക്കലിന്റെ ചോദ്യം വീണ്ടും വീണ്ടും സ്വയം ചോദിക്കേണ്ടത്‌ തന്നെയാണ്. യേശുവിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞുണ്ടായ പൌരോഹിത്യം, ലക്‌ഷ്യം തെറ്റിയാണ് ഇവിടെ പ്രവര്ത്തിാച്ചു തുടങ്ങിയത് തന്നെ. ഇപ്പോള്‍ അതിന്റെയ ഉറയും കെട്ടിരിക്കുന്നു. പൌരോഹിത്യം സഭയുടെ വളര്ച്ചയക്കായിരുന്നെങ്കില്‍ പുരോഹിതര്‍ പ്രവര്ത്തിങക്കേണ്ടത് സഭയില്‍ തന്നെ ആകണമായിരുന്നു. പക്ഷേ, നല്ല ഒരു ശതമാനം ആളുകളും ഇപ്പോള്‍ ധനസമ്പാദന മാര്ഗ്ഗരങ്ങളില്‍ മുഴുകിയിരിക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മൊത്തം എടുത്താല്‍ ക്രിസ്ത്യാനികളുടെ സംഭാവന മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എല്ലാ മുക്കിലും മൂലയിലും അവര്‍ ചെല്ലുകയും ചെയ്യും. അതുകൊണ്ടാണ് ശ്രീ. നരേന്ദ്ര മോഡി ക്രിസ്ത്യാനികളെ തൊട്ടുപോകരുതെന്ന് പറഞ്ഞത് തന്നെ.
    ജൈനന്മാര്‍ ക്രിസ്ത്യാനികള്ക്ക് ഷേക്ക്‌ ഹാന്ഡ്ക പോലും കൊടുക്കില്ല. ഇത്രമേല്‍ പ്രകൃതിയെ ദ്രോഹിക്കുന്നവര്‍ വേറെയില്ലെന്നാണ് അവരുടെ വാദം. പുല്ലല്ലാത്തതെല്ലാത്തിനെയും നാം കൊല്ലും, തിന്നും. ഇത് പ്രകൃതിയിലെ സര്വ്വല ജീവികള്ക്കും അറിയാം. വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികള്ക്ക്ക പോലും ആഹാരം കൊടുക്കുന്നവരാണ് അവിടുള്ളവരില്‍ ഭൂരിഭാഗവും. അവിടെ പട്ടി കടിയേല്ക്കുുന്നത് ക്രിസ്ത്യാനികള്ക്കാ ണെന്ന് ഒരിക്കല്‍ ഒരാള്‍ പറയുന്നത് കേട്ടിട്ടുണ്ട്.
    സഭയെയും വിശ്വാസികളെയും പ്രപഞ്ചത്തിനും വചനത്തിനും ചേര്ന്നെ രീതിയില്‍ നയിക്കാന്‍ കെല്പ്പി ല്ലാത്ത പോരോഹിത്യം അനാവശ്യമെന്ന് മാത്രമല്ല ഒരു ഭാരവും കൂടിയാണെന്ന് പറയാതിരിക്കാന്‍ വയ്യ. യേശു പള്ളി സ്ഥാപിച്ചിട്ടില്ല, പക്ഷേ, തോമ്മാ സ്ലീഹയുടെ പേരില്‍ ഏഴര പള്ളികളുണ്ട്. ഈ പള്ളികളില്‍ എന്താണ് നടന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്. കുര്ബാിന അന്നുണ്ടായിരുന്നില്ല, മാമ്മോദിശയോ മറ്റു കൂദാശകളോ അന്ന് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല, സ്ലീഹ ആരുടേയും വിവാഹമോ മരിച്ചടക്കോ നടത്തിയിട്ടില്ല. ആളുകളെ വിളിച്ചു കൂട്ടി വചനം പ്രസംഗിക്കുകയായിരുന്നെങ്കില്‍ സ്ലീഹ സ്ഥാപിച്ചത് പാരിഷ് ഹോളുകള്‍ ആയിരുന്നിരിക്കണം. ഐതിഹ്യങ്ങളെ നിറം പിടിപ്പിച്ച് വചനത്തില്‍ മുക്കി വിശ്വാസികള്ക്ക്യ നുണയാന്‍ കൊടുക്കുന്ന ഇന്നത്തെ പോരോഹിത്യമാണ് യേശുവിന്റെക ഏറ്റവും വലിയ ശത്രു. കുറേക്കാലം മുമ്പ് പോട്ടക്കാരുടെ ധ്യാനം ബുക്ക് ചെയ്ത ഒരു വടക്കേ ഇന്ത്യന്‍ പുരോഹിതന്‍ അവര്ക്കാ വശ്യമായ ക്രമീകരണങ്ങളുടെ നീണ്ട ലിസ്റ്റ് വായിച്ചു പരിപാടി തന്നെ ക്യാന്സകല്‍ ചെയ്തു. അതല്ല വചനം എന്നറിയുന്ന പുരോഹിതരും ഇവിടെ ധാരാളം.
    യേശു, എന്നെ അനുഗമിക്കുകയെന്ന് ആരോട് പറഞ്ഞോ അയാള്‍ യേശുവിനെ അനുഗമിച്ചിട്ടുണ്ട്. യാതൊന്നും പ്രതീക്ഷിച്ചല്ല അവരൊക്കെ വള്ളവും വലയും, വീടും, കുടിയുമെല്ലാം ഉപേക്ഷിച്ച് യേശുവിന്റെള പിന്നാലെ പോയത്. ഇന്ന്, കേരളത്തിലെ ഒരു മെത്രാന്‍ വന്ന് എന്നെ അനുഗമിക്കുകയെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ എത്ര പേര്‍ ആ പിറകെ പോകും? ദാഹിക്കുന്ന ആത്മാവിന്റെ‍ ഉടമകള്ക്ക്ി നല്കാഎന്‍ നാം ഇവിടെ ഒന്നും സമ്പാദിച്ചിട്ടില്ല. അവിടെയാണ് പോരോഹിത്യത്തിന്റെി തകര്ച്ചഎ പൂര്ണ്ണ്മായതും.

    ReplyDelete
  4. കത്തോലിക്കാ സഭയിലെ പൌരോഹിത്യത്തെപ്പറ്റി നീണ്ട ചർച്ചകൾ ഈ സൈറ്റിൽ നടന്നിട്ടുണ്ട്. പൌരോഹിത്യത്തിന് പുതിയ നിയമത്തിൽ യാതോരടിസ്ഥാനവുമില്ല, യേശു ഒരിക്കലും പുരോഹിതനായി സ്വയം അവകാശം ഉന്നയിച്ചിട്ടില്ല, ആരെയും പുരോതിതരായി അഭിഷേകം ചെയ്തിട്ടില്ല എന്നൊക്കെ അതിലൂടെ ആധികാരികമായി തന്നെ പറഞ്ഞു വച്ച കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളവർക്ക് ഇപ്പോഴത്തെ ചോദ്യം അപ്രസക്തമാണ്. പൌരോഹിത്യമില്ലാതെ സഭക്കെങ്ങനെ മുന്നോട്ടു പോകാനാകും എന്നതിനെപ്പറ്റിയാണ് ഇനി ചിന്തിക്കേണ്ടത്.

    കത്തോലിക്കാ സയിൽ പൌരോഹിത്യം എന്തിന് എന്നതിന് പകരം എന്റെ ജീവിതത്തിൽ ഒരു പുരോഹിതന്റെ സേവനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ സംഗതി കൂടുതൽ വ്യക്തമാകും. ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോൾ ഇതുവരെയുള്ള ശീലങ്ങൾ മറക്കണം. എന്നിട്ട് സഭയെ മാറ്റിനിറുത്തിക്കൊണ്ട് ഈ ചോദ്യം സ്വയം ചോദിക്കണം. അപ്പോൾ കിട്ടുന്ന ഉത്തരം നമ്മെ സ്മയിപ്പിക്കും. ഏതായാലും ഞാൻ ഈ ചോദ്യം വളരെക്കാലം മുമ്പേ സ്വയം ചോദിച്ചിട്ടുള്ളതാണ്. ഒരു കാര്യത്തിനും ഒരു വൈദികന്റെ ആവശ്യം എനിക്കില്ല എന്നതാണ് ഞാൻ കണ്ടെത്തിയ ശരിയായ ഉത്തരം.

    ReplyDelete
  5. ഇന്ന് ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് പ്രതിബന്ധമായി നില്ക്കുന്നത് പുരോഹിത മേല്ക്കൊയ്മയും അധികാര ദുര്വിനിയോഗവും ആണ്. പുരോഹിതവർഗത്തിന് ക്രിസ്തവസഭയിൽ യാതൊരു അടിസ്ഥാനവും പ്രസക്തിയും ഇല്ലായെന്ന് ലേഖകൻ വ്യക്തമാക്കുന്നു. യഹൂദപൌരോഹിത്യതിന്റെയും, യൂറോപ്യൻ രാജത്വത്തിന്റെയും പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഹംഭാവം മാത്രമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. തെറ്റുകാർ നമ്മൾ ആടുകൾ മാത്രമാണ്. നാമിതെല്ലാം അന്ധമായി വിശ്വസിച്ചു. ഇതെല്ലാം തിരുത്തേണ്ട കാലം അതിക്രമിച്ച്ഃഇരിച്കുന്നുവെന്നതിനു ധാരാളം തെളിവുകൾ ഉണ്ട്.

    ReplyDelete